നിങ്ങളുടെ എല്ലാ നടത്തയിലും വിശുദ്ധരായിരിക്കുവിൻ
1 വിശുദ്ധ ദൈവമായ യഹോവയുടെ ദാസർ എന്ന നിലയിൽ, നമ്മുടെ എല്ലാ നടത്തയിലും വിശുദ്ധരായിരിക്കാൻ നാം ശ്രമിക്കുന്നു. (1 പത്രൊ. 1:15, 16) ഇതിന്റെ അർഥം നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും യഹോവയുടെ നിലവാരങ്ങൾ ഉയർത്തിപ്പിടിക്കാൻ നാം പരിശ്രമിക്കുന്നു എന്നാണ്. വിശുദ്ധ നടത്ത കാഴ്ചവെക്കാനുള്ള ഒരു പ്രത്യേക അവസരം ഈ വർഷത്തെ ഡിസ്ട്രിക്റ്റ് കൺവെൻഷൻ നമുക്കു നൽകും.
2 ഹോട്ടലുകളിൽ: കഴിഞ്ഞ വർഷം കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ ചിലർ താമസിച്ച ഒരു ഹോട്ടലിന്റെ മാനേജർ ഇങ്ങനെ പറഞ്ഞു: “യഹോവയുടെ സാക്ഷികൾ എത്ര നല്ല ആളുകളാണ്! . . . നിങ്ങളെ പോലുള്ളവരെ കിട്ടാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.” പിൻവരുന്ന ഓർമിപ്പിക്കലുകൾ അനുസരിക്കുന്നത് നമ്മുടെ സത്പേര് നിലനിറുത്താൻ സഹായകമായിരിക്കും: (1) ആവശ്യമുള്ളതിൽ കൂടുതൽ മുറികൾ ബുക്കുചെയ്യരുത്, അനുവദിക്കപ്പെട്ടിരിക്കുന്നതിൽ കൂടുതൽ ആളുകൾ മുറിയിൽ താമസിക്കാതിരിക്കാൻ ശ്രദ്ധിക്കുക. (2) ബുക്കുചെയ്ത മുറി വേണ്ട എന്നു തീർച്ചയായാൽ എത്രയും വേഗം ഹോട്ടൽ അധികൃതരെ അറിയിക്കുക. (3) പാചകം അനുവദനീയമല്ലെങ്കിൽ അങ്ങനെ ചെയ്യരുത്. (4) റൂംബോയിക്കും വെയ്റ്റർക്കും ടിപ്പ് കൊടുക്കുക. (5) ഹോട്ടലിൽ ആയിരിക്കുമ്പോൾ ഉപചാരാർഥം ലഭിക്കുന്ന പ്രഭാത ഭക്ഷണമോ പാനീയങ്ങളോ ഐസ് തുടങ്ങിയ സാധനങ്ങളോ ദുരുപയോഗം ചെയ്യരുത്. (6) ഹോട്ടൽ ജീവനക്കാരുമായി ഇടപെടുമ്പോൾ ആത്മാവിന്റെ ഫലം പ്രകടിപ്പിക്കുക, പ്രത്യേകിച്ച് മുറി എടുക്കുകയും മുറി ഒഴിയുകയും ചെയ്യുന്നതുപോലുള്ള തിരക്കുപിടിച്ച സമയങ്ങളിൽ.—ഗലാ. 5:22, 23.
3 നാം കാഴ്ചവെക്കുന്ന നല്ല പെരുമാറ്റം ശക്തമായ സാക്ഷ്യമായി ഉതകും. കഴിഞ്ഞ വർഷം ഒരു യുവസാക്ഷി ഹോട്ടലിലെ ക്ലാർക്കിനോട് എഴുതാനുള്ള ചില സാമഗ്രികൾ ആവശ്യപ്പെട്ടപ്പോൾ വളരെ മര്യാദ കാണിക്കുകയും അവരോടു നന്ദി പറയുകയും ചെയ്തു. അത് അവരിൽ മതിപ്പുളവാക്കി. ആ സ്ത്രീ ഇങ്ങനെ പ്രതികരിച്ചു: “മര്യാദയോടെ പെരുമാറുന്ന അത്തരം ചെറുപ്പക്കാർ വിരളമാണ്.” എന്നിരുന്നാലും, മുതിർന്നവരുടെ മേൽനോട്ടമില്ലാതെ ചില കുട്ടികൾ നീന്തൽക്കുളങ്ങൾ ഉപയോഗിക്കുകയോ ലിഫ്റ്റിൽ കയറി കളിക്കുകയോ ഉച്ചത്തിൽ സംസാരിക്കുകയോ ഇടനാഴികളിലൂടെ ബഹളമുണ്ടാക്കി ഓടുകയോ ഒക്കെ ചെയ്യുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. ആ വിധത്തിൽ അനിയന്ത്രിതമായി പെരുമാറാൻ അനുവദിക്കാതെ, അവരുടെ പെരുമാറ്റം യഹോവയ്ക്കു മഹത്ത്വം കരേറ്റുന്നു എന്ന് ഉറപ്പുവരുത്തുംവിധം മാതാപിതാക്കൾ അവരെ നിയന്ത്രിക്കണം.—സദൃ. 29:15.
4 റെസ്റ്ററന്റുകളിൽ: കൺവെൻഷൻ സ്ഥലത്തിനു സമീപമുള്ള റെസ്റ്ററന്റിലെ ഒരു വെയ്റ്റർ ഇങ്ങനെ പറഞ്ഞു: “സാക്ഷികൾ വ്യത്യസ്തരാണ്. അവർ മറ്റുള്ളവരോട് ആദരവു കാട്ടുന്നു.” നല്ല നടത്തയിൽ, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന മറ്റാളുകൾക്കു ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ ഉച്ചത്തിൽ സംസാരിക്കുകയും ചിരിക്കുകയും ചെയ്യാതിരിക്കുന്നത് ഉൾപ്പെടുന്നു. പല സ്ഥലങ്ങളിലും സേവനത്തിന്റെ മൂല്യം അനുസരിച്ച് 15-20 ശതമാനം ടിപ്പ് കൊടുക്കുന്ന രീതിയുണ്ട് എന്നതു മറക്കാതിരിക്കുക. തിന്നുകയോ കുടിക്കുകയോ എന്തു ചെയ്താലും എല്ലാം ദൈവമഹത്ത്വത്തിനായി ചെയ്യാൻ നാം ശ്രമിക്കുന്നു.—1 കൊരി. 10:31.
5 കൺവെൻഷൻ സ്ഥലത്ത്: നാം വിശേഷിച്ച് നല്ല നടത്ത ഉള്ളവരായിരിക്കേണ്ടത് കൺവെൻഷൻ സ്ഥലത്ത് ആയിരിക്കുമ്പോഴാണ്. പാർക്കിങ് സ്ഥലത്തും ഓഡിറ്റോറിയത്തിനുള്ളിലും അറ്റൻഡന്റുമാരോടു സഹകരിക്കുക. (എബ്രാ. 13:17) കഴിഞ്ഞ വർഷം കേരളത്തിൽ നടന്ന ഒരു കൺവെൻഷനിൽ പങ്കെടുത്ത താത്പര്യക്കാരനായ ഒരു വ്യക്തി ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഇവിടെ എല്ലാവരും സന്തുഷ്ടരാണ്. ഇങ്ങനെയുള്ളവരുടെ ഇടയിൽ ആയിരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.” മറ്റൊരാൾ ഇങ്ങനെയാണു പറഞ്ഞത്: “ഇത്തരത്തിൽ സുസംഘടിതമായ ഒരു കൂടിവരവ് ഞാൻ ഒരിക്കലും കണ്ടിട്ടില്ല.” കൗമാരപ്രായക്കാർ ഉൾപ്പെടെയുള്ള മക്കളെ മറ്റു യുവപ്രായക്കാരോടൊപ്പം ഇരിക്കാൻ വിടാതെ, കുടുംബാംഗങ്ങൾ ഒരുമിച്ച് ഇരിക്കണം. ഒരു തരത്തിലുള്ള റെക്കോർഡിങ് ഉപകരണവും കൺവെൻഷൻ സ്ഥലത്തെ വൈദ്യുത, ശബ്ദ സംവിധാനങ്ങളുമായി ഘടിപ്പിക്കരുത്. മറ്റുള്ളവർക്കു ശല്യമുണ്ടാകാത്ത വിധത്തിൽ മാത്രമേ റെക്കോർഡിങ് ചെയ്യാവൂ. സെഷൻ നടന്നുകൊണ്ടിരിക്കെ ഫോട്ടോ എടുക്കുന്നുണ്ടെങ്കിൽ ഫ്ളാഷ് ഉപയോഗിക്കരുത്. പേജറും മൊബൈൽ ഫോണും ഉപയോഗിക്കുന്നവർ മറ്റുള്ളവർക്കു ശ്രദ്ധാശൈഥില്യം ഉണ്ടാകാത്ത വിധത്തിൽ അവ ക്രമീകരിക്കണം. കൺവെൻഷൻ സ്ഥലത്ത് ഒരു അപകടം നടക്കുന്നത് നിങ്ങൾ കാണാനിടയായാൽ ഒരു അറ്റൻഡന്റിനെയോ പ്രഥമ ശുശ്രൂഷാ ഡിപ്പാർട്ടുമെന്റിലോ ദയവായി വിവരം അറിയിക്കുക. ആശ്രയയോഗ്യമായ വൈദ്യസഹായം കൺവെൻഷൻ സ്ഥലത്തു ലഭ്യമാണ്.
6 നമ്മുടെ നടത്ത നമ്മെ മറ്റുള്ളവരിൽനിന്നു വേർതിരിച്ചു കാണിക്കുകയും ദൈവത്തെ മഹത്ത്വപ്പെടുത്തുകയും ചെയ്യുന്നു. (1 പത്രൊ. 2:12) കൺവെൻഷൻ സ്ഥലത്ത് യഹോവയുടെ സാക്ഷികൾ എങ്ങനെ പെരുമാറുന്നു എന്ന് ആളുകൾ നിരീക്ഷിക്കും. അതുകൊണ്ട് നിങ്ങളുടെ എല്ലാ നടത്തയിലും വിശുദ്ധരായിരിക്കാൻ ദൃഢനിശ്ചയം ഉള്ളവരായിരിക്കുക.
[അധ്യയന ചോദ്യങ്ങൾ]
1. നമ്മുടെ എല്ലാ നടത്തയിലും വിശുദ്ധരായിരിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
2. ഹോട്ടലുകളിൽ നമുക്ക് എങ്ങനെ നല്ല നടത്ത പ്രകടമാക്കാം?
3. ചെറുപ്പക്കാരായ സാക്ഷികളുടെ നടത്ത മറ്റുള്ളവരിൽ മതിപ്പ് ഉളവാക്കിയേക്കാവുന്നത് എങ്ങനെ?
4. റെസ്റ്ററന്റുകളിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ നമുക്ക് ആളുകളോട് പരിഗണന പ്രകടിപ്പിക്കാൻ കഴിയുന്നത് എങ്ങനെ?
5. കൺവെൻഷൻ സ്ഥലത്തു നല്ല നടത്ത പ്രകടിപ്പിക്കുന്നതിൽ എന്തെല്ലാം ഉൾപ്പെടുന്നു?
6. കൺവെൻഷൻ സ്ഥലത്തെ നമ്മുടെ നടത്ത ദൈവത്തെ മഹത്ത്വപ്പെടുത്തുന്നത് എങ്ങനെ?
[5-ാം പേജിലെ ചതുരം]
വിശുദ്ധ നടത്ത പ്രകടിപ്പിക്കുക
◼ ഹോട്ടലിലെ എല്ലാ നിയമങ്ങളും അനുസരിക്കുക
◼ കുട്ടികളുടെ മേൽ എപ്പോഴും ഒരു കണ്ണുണ്ടായിരിക്കുക
◼ മറ്റുള്ളവരോടു പരിഗണന കാണിക്കുക