ലോകത്തെ വീക്ഷിക്കൽ
കുട്ടികൾ മയക്കുമരുന്നുകൾക്ക് അടിപ്പെടുന്നതിന്റെ കാരണം
“മയക്കുമരുന്നുകളുടെ ഉപയോഗത്തിലും മദ്യപാനത്തിലും ഉൾപ്പെട്ടുപോകുന്നതിൽനിന്ന് നമുക്കു നമ്മുടെ കുട്ടികളെ എങ്ങനെ സംരക്ഷിക്കാനാവും, ‘കേവലം വേണ്ട എന്നു പറയാൻ’ ചില കുട്ടികൾക്ക് മറ്റുള്ളവരെക്കാൾ എളുപ്പമായിരിക്കുന്നതെന്തുകൊണ്ട്?” അടുത്തകാലത്ത് ഈ ചോദ്യങ്ങൾ പേരെൻറ്സ് മാസികയിൽ ഉന്നയിക്കപ്പെട്ടിരുന്നു. യു.എസ്.എ.-യിലെ അരിസോണ യൂണിവേഴ്സിറ്റിയിലുള്ള ഗവേഷകർ നടത്തിയ ഒരു പഠനത്തിൽ അത് ഒരുപക്ഷേ സത്യമായിരുന്നേക്കാവുന്ന ചില ഉത്തരങ്ങൾ കണ്ടെത്തി. ആ പഠനം ആറാം ക്ലാസ്സിലും ഏഴാം ക്ലാസ്സിലും പഠിക്കുന്ന 1,200-ഓളം കുട്ടികളെ പരിശോധിക്കുകയും മദ്യ-മയക്കുമരുന്നു ദുരുപയോഗത്തിലേക്കു കുട്ടികളെ സ്വാധീനിക്കുന്നതായി സംശയിക്കപ്പെടുന്ന പത്തു വ്യത്യസ്ത അപകട ഘടകങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു. “സമപ്രായക്കാരിൽനിന്നുള്ള സമ്മർദത്തിനു വിധേയമാകുന്നതും മദ്യവും മയക്കുമരുന്നുകളും ഉപയോഗിക്കുന്ന കൂട്ടുകാർ ഉണ്ടായിരിക്കുന്നതും” ആയിരുന്നു സാധ്യതയുള്ള രണ്ടു മുഖ്യ ഘടകങ്ങൾ. അതേസമയം, വിദ്യാഭ്യാസ നേട്ടത്തിനു പ്രതിരോധാത്മകമായ ഒരു പങ്കുവഹിക്കാൻ കഴിയുമെന്നു പഠനം കണ്ടെത്തി—ഒരുപക്ഷേ അത് ആത്മാഭിമാനം വർധിപ്പിക്കുകയും പദാർഥ ദുരുപയോഗക്കാരുമായുള്ള സൗഹൃദങ്ങളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നതുകൊണ്ടായിരിക്കും ഇത്.
ഭീതിയോടുള്ള വശീകരണം
“കൗമാരപ്രായക്കാർക്കു ഭീതിയോട് ആസക്തിയാണ്” എന്ന് കാനഡയിലെ ദ ഗ്ലോബ് ആൻഡ് മെയിൽ റിപ്പോർട്ടു ചെയ്യുന്നു. “ഭീതി ചിത്രീകരിക്കുന്ന കൈമാറ്റ കാർഡുകളും കോമിക്ക് പുസ്തകങ്ങളും കലാവേലയും ചലച്ചിത്രങ്ങളും സംഗീതം പോലും ഉണ്ട്. ഇവയെല്ലാം കൗമാരപ്രായക്കാരുടെയിടയിൽ ചൂടപ്പം പോലെയാണ്” എന്നു പത്രം പ്രസ്താവിക്കുന്നു. വായന സാമഗ്രികളിലുള്ള ഞെട്ടിപ്പിക്കുന്ന അത്തരം വാസനയെ തൃപ്തിപ്പെടുത്തുന്നതിനായി ഒരു പുസ്തക പ്രസാധകൻ കൗമാരപ്രായക്കാർക്കുള്ള ഭീതിദമായ പുസ്തകങ്ങളുടെ ഉത്പാദനം വർഷത്തിൽ നാലെണ്ണമായിരുന്നതിൽനിന്ന് മാസത്തിൽ ഒന്നായി വർധിപ്പിച്ചു. മറ്റുചിലർ ഒരു മാസം ഭീതിദമായ രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നു. ഭീതിയോട് ഇത്രയധികം വശീകരണം എന്തുകൊണ്ടാണ്? ലേഖകനായ ഷോൺ റിയാൻ പറയുന്നതനുസരിച്ച് “ചരിത്രപരമായ ഒരു വീക്ഷണകോണിൽനിന്നു നോക്കുമ്പോൾ, അസ്വാസ്ഥ്യവും അസന്തുഷ്ടിയും ഉള്ളപ്പോൾ ഭീതി ജനപ്രീതിയാർജിച്ചിട്ടുള്ളതായി കാണാം.” ശ്രീ. റിയാൻ ഇപ്രകാരം പറഞ്ഞതായി ദ ഗ്ലോബ് പറയുന്നു: “തൊണ്ണൂറുകളിൽ സ്പഷ്ടമായും നമുക്കു ഗവൺമെൻറിനെക്കുറിച്ച് അതൃപ്തിയും കുറ്റകൃത്യത്തെക്കുറിച്ച് അസന്തുഷ്ടിയും ഭയവുമുണ്ട്. ഭീതി ജനപ്രീതിയാർജിക്കുന്ന സമയങ്ങൾ ഇവയാണ്.”
ശരിയായ കൈകഴുകൽ
“ജലദോഷം, ഫ്ളൂ, സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയ ഉണ്ടാക്കുന്ന തൊണ്ടവീക്കം, ഉദരാശയ രോഗങ്ങൾ എന്നിവയ്ക്കും കൂടുതൽ ഗുരുതരമായ അസുഖങ്ങൾക്കും ഇടയാക്കുന്ന സൂക്ഷ്മാണുക്കളെയും വൈറസുകളെയും നീക്കംചെയ്യാൻ” ക്രമമായി കൈകൾ കഴുകുക എന്ന ലളിതമായ നടപടി “സഹായിക്കുന്നു”വെന്ന് ഡോക്ടർമാർ പറയുന്നതായി ദ ടൊറൊന്റൊ സ്റ്റാർ പ്രസ്താവിക്കുന്നു. പത്രം ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “ശരിയായി കൈകൾ കഴുകുന്നത് വൈറസ്, ബാക്ടീരിയാ തുടങ്ങിയവയുണ്ടാക്കുന്ന സാംക്രമിക രോഗങ്ങളുടെ വ്യാപനത്തെ നാടകീയമായി—അതായത് ശ്വസനവ്യവസ്ഥയുടെ മുകൾഭാഗത്തെ ബാധിക്കുന്ന രോഗങ്ങൾ 54 ശതമാനത്തോളവും അതിസാര രോഗങ്ങൾ 72 ശതമാനവും—കുറയ്ക്കുന്നതായി മോൺട്രിയലിലെ സാംക്രമികരോഗ ശാസ്ത്രജ്ഞനായ ഡോ. ജൂലിയോ സോട്ടോ നടത്തിയ ഒരു . . . പഠനം കാണിക്കുന്നു.” ശരിയായ കൈകഴുകലിൽ പൈപ്പു വെള്ളത്തിൽ കൈകൾ നനയ്ക്കുന്നതും 30 വരെ എണ്ണുന്ന സമയം സോപ്പുപയോഗിച്ച് കൈകൾ തിരുമ്മുന്നതും 5 വരെ എണ്ണുന്ന സമയം അവ പൈപ്പു വെള്ളത്തിൽ കഴുകുന്നതും ഒടുവിൽ, മറ്റാരും ഉപയോഗിക്കാത്ത വൃത്തിയുള്ള ടൗവ്വലോ പേപ്പർ ടൗവ്വലോ കൈ ഉണക്കുന്നതിനുള്ള ഓട്ടോമാറ്റിക്ക് ഡ്രയറോ ഉപയോഗിച്ച് കൈകൾ ഉണക്കുന്നതും ഉൾപ്പെടണമെന്ന് കാനഡയിലെ ശിശുരോഗചികിത്സാ സൊസൈറ്റി നിർദേശിക്കുന്നു. റെസ്റ്ററന്റുകൾ, ഹോട്ട് ഡോഗ് വിൽക്കുന്ന സ്ഥലങ്ങൾ, നിരത്തുകടകളുടെ കൂട്ടത്തിലുള്ള ഭക്ഷ്യവിൽപ്പന ഭാഗങ്ങൾ എന്നിവിടങ്ങളിൽ ആഹാരസാധനങ്ങൾ കൈകാര്യം ചെയ്യുന്നവർ കൈകഴുകലിന് പ്രത്യേകിച്ചു സൂക്ഷ്മമായ ശ്രദ്ധ നൽകേണ്ടതുണ്ട്.
നിർധനരുടെ ദുഃസ്ഥിതി
ഡെൻമാർക്കിലെ കോപ്പെൻഹേഗനിൽ അടുത്തകാലത്തുനടന്ന യുഎൻ സമ്മേളനമായ സാമൂഹിക വികസനത്തിനുള്ള ലോക ഉച്ചകോടി സമ്മേളനത്തിൽ പറഞ്ഞതനുസരിച്ച് ലോകത്തിനു ചുറ്റുമുള്ള ഗ്രാമീണ നിർധനർ അങ്ങേയറ്റം ഞെരുക്കത്തിലാണ്. 100 കോടിയിലധികം ആളുകൾ ഹീനമായ ദാരിദ്ര്യത്തിൽ കഴിയുന്നുവെന്നും അവരിൽ പകുതിയിലധികം എല്ലാദിവസവും പട്ടിണികിടക്കുന്നുവെന്നും ഉച്ചകോടിസമ്മേളനത്തിൽ റിപ്പോർട്ടു ചെയ്യപ്പെട്ടു. തൊഴിലില്ലായ്മ ഈ പ്രശ്നത്തിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു. തൊഴിലില്ലാത്തവരോ വേണ്ടത്ര ജോലിയില്ലാത്തവരോ ആയ ആളുകളുടെ മൊത്തം എണ്ണം 80 കോടിയോളം എത്തുന്നതായി കണക്കാക്കപ്പെടുന്നു. എല്ലാം കണക്കിലെടുത്താൽ, ലോകത്തിലെ തൊഴിലർഹരായ ജോലിക്കാരുടെ ഏതാണ്ട് 30 ശതമാനം ഫലപ്രദമായി നിയമിക്കപ്പെട്ടവരല്ല. 110 കോടിമുതൽ 113 കോടിവരെ ആളുകൾ ദിവസവും ഒരു (യു.എസ്.) ഡോളറിൽ താഴെ വരുമാനംകൊണ്ടാണു കഴിയുന്നത്. തീർച്ചയായും പ്രശ്നത്തെ കൂടുതൽ വഷളാക്കുന്ന നിരക്ഷരത ഇപ്പോൾ ഏതാണ്ട് 90.5 കോടി ആളുകളെ ബാധിക്കുന്നു. അവരുടെ എണ്ണം പെട്ടെന്നു കുറയുന്നില്ല; സ്കൂളിൽ പോകാൻ യോഗ്യതയുള്ളവരെങ്കിലും 13 കോടി കുട്ടികൾ സ്കൂളിൽ പോകുന്നില്ല, 2000-ാമാണ്ടാകുന്നതോടുകൂടി അവരുടെ എണ്ണം 14.4 കോടിയായി വർധിക്കുമെന്നു കരുതപ്പെടുന്നു.
കാമ്പസിലെ അമിത കുടി വിലയൊടുക്കുന്നു
കോളെജ് വിദ്യാർഥികളുടെ അമിത കുടി—അമിതമായി കുടിക്കാത്തവരുടെയിടയിൽപ്പോലും—ഈ നാളുകളിൽ ഉയർന്ന വിലയാണ് ഒടുക്കുന്നതെന്ന് യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് പറയുന്നു. സർവേ നടത്തപ്പെട്ട കോളെജ് വിദ്യാർഥികളുടെ 44 ശതമാനം അമിത മദ്യപാനികളായിരുന്നു—അതായത് സർവേക്കു മുമ്പത്തെ രണ്ടാഴ്ചയിൽ ഒരു സമയത്ത് പുരുഷൻമാർ ഒറ്റയിരിപ്പിന് അഞ്ചു കുപ്പികളും സ്ത്രീകൾ നാലു കുപ്പികളും അകത്താക്കിയിരുന്നു—എന്ന് ദ ജേർണൽ ഓഫ് ദ അമേരിക്കൻ മെഡിക്കൽ അസോസിയേഷനിൽ പ്രസിദ്ധീകരിച്ച 140 കോളെജ് കാമ്പസുകളുടെ ഒരു പഠനത്തിന്റെ ഫലങ്ങൾ സംക്ഷേപിച്ചുകൊണ്ട് ആ മാസിക റിപ്പോർട്ടു ചെയ്തു. പത്തൊൻപതു ശതമാനം കൂടെക്കൂടെ അമിതമായി മദ്യപിക്കുന്നവരായിരുന്നു; അവർ അതേ കാലയളവിൽത്തന്നെ കുറഞ്ഞതു മൂന്നു തവണ കുടിച്ചു മത്തരായിത്തീർന്നു. അമിത മദ്യപാനികളുടെ ഉയർന്ന ശതമാനം ഒരുവൻ പ്രതീക്ഷിച്ചേക്കാവുന്നതുപോലെയുള്ള ഫലങ്ങൾ അനുഭവിച്ചു. അതായത്, ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുക, ആസൂത്രിതമല്ലാതെ ലൈംഗികതയിൽ ഏർപ്പെടുക, ക്ലാസുകൾ നഷ്ടമാകുക, പരിക്കേൽക്കുക, വസ്തുക്കൾക്കു കേടുസംഭവിക്കുക തുടങ്ങിയ കാര്യങ്ങൾ അവർക്കു സംഭവിച്ചു. എന്നാൽ മറ്റു കുട്ടികളും കഷ്ടമനുഭവിച്ചു. ഭയങ്കരമായ അമിത മദ്യപാനം ഉള്ള സ്കൂളുകളിലെ 10 വിദ്യാർഥികളിൽ 9 പേർക്ക് മറ്റുള്ളവരുടെ കുടിമൂലം ചില പ്രശ്നങ്ങൾ സംബന്ധിച്ച് നടപടിയെടുക്കേണ്ടിവന്നു. ആഗ്രഹിക്കാത്ത ലൈംഗിക മുന്നേറ്റങ്ങൾ, വസ്തുവകകൾക്കുണ്ടായ നാശം, ഉറക്ക തടസ്സം, അപമാനകരമായ നിന്ദകൾ എന്നിവ അവയിൽപ്പെടുന്നു.
ബ്രിട്ടനിലെ വിഷലിപ്തമായ പ്രദേശം
ഒരിക്കലും വസ്തു വിൽക്കാൻ കഴിയാത്തവണ്ണം ആയുധ സംബന്ധമായ മലിനീകരണത്താൽ അത്രയധികം ദുഷിപ്പിക്കപ്പെട്ടിരിക്കുന്ന അനേകം ഭൂഭാഗങ്ങൾ സ്വന്തമായുള്ളതായി ബ്രിട്ടനിലെ പ്രതിരോധമന്ത്രാലയം അടുത്തകാലത്തു സമ്മതിച്ചുവെന്ന് ന്യൂ സയൻറിസ്റ്റ് മാസിക പ്രസ്താവിച്ചു. മന്ത്രാലയത്തിനു സ്വന്തമായി 3,400 സ്ഥലങ്ങളുണ്ട്. ഇവയെല്ലാംകൂടി 5,98,000 ഏക്കർ ഉൾക്കൊള്ളുന്നു. സ്ഥലങ്ങളുടെ മൂന്നിൽ രണ്ടു ഭാഗം പരിശീലന നിലങ്ങളായും വെടിവെപ്പ് അഭ്യസന പ്രദേശങ്ങളായും ഉപയോഗിക്കുന്നു. സൈനിക ബജറ്റിലുണ്ടായ കിഴിവു നിമിത്തം ഈ പ്രദേശത്തിൽ കുറച്ചു വിൽക്കാൻ മന്ത്രാലയം നിർബന്ധിതമാണ്. എന്നാൽ തെളിവനുസരിച്ച് ഇവയിൽ എത്രയെണ്ണം മനുഷ്യവാസത്തിനു പറ്റാത്തവിധം മലിനമാണെന്ന് അറിഞ്ഞുകൂടാ. ഒരുകാലത്ത് സൈനിക കോമ്പസുകളിലും ഉപകരണങ്ങളുടെ നിയന്ത്രണഭാഗങ്ങൾ അടങ്ങിയ ബോർഡുകളിലും ഉപയോഗിച്ചിരുന്ന തിളക്കമാർന്ന പെയിൻറിൽനിന്നുള്ള വികിരണപ്രവർത്തനം (radioactivity) കൊണ്ട് കുറഞ്ഞത് എട്ടു സ്ഥലങ്ങളെങ്കിലും മലിനപ്പെട്ടിരിക്കുന്നതായി വിചാരിക്കപ്പെടുന്നു. വെടിവെപ്പ് അഭ്യസന പ്രദേശങ്ങളിൽ പലതിലും അപകടകരമായ, സ്ഫോടനം സംഭവിച്ചിട്ടില്ലാത്ത യുദ്ധസാമഗ്രികൾ ചിതറിക്കിടക്കുന്നു. 1-ാം ലോക മഹായുദ്ധത്തിൽ ഉപയോഗിച്ച, മസ്റ്റെർഡ് ഗ്യാസ് എന്നു പറയുന്ന യുദ്ധവാതകം നിറച്ച യുദ്ധസാമഗ്രികളാൽ കുറഞ്ഞത് ഒരു ഭൂഭാഗമെങ്കിലും ദുഷിപ്പിക്കപ്പെട്ടിരിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. 1918-ൽ അവ അനുചിതമായി അങ്ങോട്ടു തള്ളിയിരുന്നു.
മൃഗങ്ങൾക്കു ട്രാഫിക് ലൈറ്റുകളോ?
മൃഗങ്ങൾ റോഡു കുറുകെ കടക്കുന്നത് ദീർഘനാളായി മോട്ടോർ യാത്രികർക്കും മൃഗങ്ങൾക്കും സാധ്യമായ ഒരു അപകടമായിരുന്നിട്ടുണ്ട്. മൃഗങ്ങൾ രാത്രിയിൽ വനപാതകൾ കുറുകെ കടക്കുന്നതിന്റെ ഫലമായുണ്ടാകുന്ന ഒട്ടനവധി അപകടങ്ങളുടെ ഫലമായി ഫ്രെഞ്ച് നാഷണൽ ഓഫീസ് ഓഫ് ഫോറസ്റ്റ്സിലെ സങ്കേതികവിദഗ്ധർ അതിശയകരമായ ഒരു കണ്ടുപിടിത്തം നടത്തിയതായി ഫ്രാൻസിലെ പ്രകൃതിമാസികയായ റ്റെർ സോവാഷ് റിപ്പോർട്ടു ചെയ്യുന്നു. ചുമന്ന ലൈറ്റുകൾ കാണുമ്പോൾ മൃഗങ്ങൾ നിൽക്കുന്നു! ചുമന്ന ലൈറ്റിന്റെ ആവൃത്തിക്ക് മൃഗങ്ങളെ താത്കാലികമായി തളർത്താൻ കഴിയുമെന്നു പരീക്ഷണങ്ങൾ കാണിച്ചിരിക്കുന്നു. അടുത്തുവരുന്ന വാഹനങ്ങളുടെ ഹെഡ്ലൈറ്റുകളിൽനിന്നുള്ള വെളിച്ചം പിടിച്ചെടുക്കുന്ന ചുമന്ന റിഫ്ളക്റ്ററുകൾ ഇപ്പോൾ ഫ്രാൻസിലെ വനപാതകളിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ലൈറ്റ് പുറകോട്ട് മോട്ടോർയാത്രികരുടെ നേർക്ക് പ്രതിഫലിപ്പിക്കുന്നതിനു പകരം ഇതു വനത്തിലേക്കാണു പ്രതിഫലിപ്പിക്കുന്നത്. വഴിയിലേക്ക് എടുത്തുചാടുന്നതിനു മുമ്പ് ഇപ്പോൾ മൃഗങ്ങൾ വെളിച്ചം അണയുന്നതുവരെ കാത്തുനിൽക്കുന്നു.
റൊമാനിയയിലെ എയ്ഡ്സ് അനാഥർ
റൊമാനിയയിൽ എയ്ഡ്സിലേക്കു നയിക്കുന്ന എല്ലാ എച്ച്ഐവി രോഗബാധകളുടെയും 93 ശതമാനം 12 വയസ്സിനു താഴെയുള്ള കുട്ടികളുടെയിടയിലാണെന്ന് റൂട്ടേഴ്സ് വാർത്താ സേവനത്തിന്റെ റിപ്പോർട്ടറായ റോക്സന ഡസ്കലു എഴുതുന്നു. യൂറോപ്പിൽ ഏറ്റവും കൂടുതൽ എച്ച്ഐവി ബാധിത കുട്ടികളുള്ളത് കോൺസ്റ്റാൻറ്സ തുറമുഖ നഗരത്തിലാണെന്ന് അവർ അഭിപ്രായപ്പെടുന്നു. അവിടെ അത്തരം 1,200 കുട്ടികളുണ്ടായിരുന്നതിൽ 420 പേർ ഇപ്പോൾത്തന്നെ മരിച്ചുകഴിഞ്ഞു. 1989-ൽ പഴയ ഭരണക്രമം തകരുന്നതിനുമുമ്പ്, രക്തപ്പകർച്ചകളിലൂടെയും അണുനശീകരണം നടത്താത്ത സിറിഞ്ചുകളിലൂടെയും ഈ കുട്ടികളിൽ പകുതിക്കും രോഗം ബാധിച്ചതായി റിപ്പോർട്ടു ചെയ്യപ്പെട്ടു. എയ്ഡ്സുകൊണ്ടു മലിനമായ രക്തത്തിന്റെ സിംഹഭാഗവും ദരിദ്രരായ നാവികർ വിറ്റതായിരുന്നു. അത് ആശുപത്രികളിലേക്കും അനാഥാലയങ്ങളിലേക്കും നേരിട്ടു ചെല്ലുകയും ചെയ്തു. എച്ച്ഐവി ബാധിതരായ കുട്ടികൾക്കു സംരക്ഷണം നൽകുന്ന ശുശ്രൂഷാകേന്ദ്രങ്ങളിൽ വിജയം “അളക്കുന്നത് അതിജീവന നിരക്കുകളുടെ അടിസ്ഥാനത്തിലല്ല, പിന്നെയോ കുട്ടികൾ തങ്ങളുടെ അവസാന ദിവസങ്ങൾ എങ്ങനെ ചെലവഴിക്കുന്നുവെന്നതിന്റെയും അവർ മരണത്തെ എങ്ങനെ നേരിടുന്നുവെന്നതിന്റെയും അടിസ്ഥാനത്തിലാണെ”ന്ന് ആ റിപ്പോർട്ട് അഭിപ്രായപ്പെടുന്നു. ശുശ്രൂഷാകേന്ദ്രത്തിലെ ഒരു ജോലിക്കാരി ഇപ്രകാരം പറയുന്നു: “കിടക്കയിൽ ഒറ്റയ്ക്കു കിടന്നു മരിക്കാൻ ഞങ്ങൾ കുട്ടികളെ അനുവദിക്കുന്നില്ല. ഒരു നേഴ്സ് അവരെ കൈകളിൽ എടുക്കുകയും ഒരു ആട്ടക്കസേരയിലിരുന്ന് അവരെ ആട്ടുകയും ചെയ്യുന്നു.”
വന്ധ്യരായ ദമ്പതികൾക്ക് ഒരു പുതു പ്രത്യാശ
തങ്ങളുടെ വന്ധ്യത തരണം ചെയ്യാൻ ഒരു പുതിയ വൈദ്യശാസ്ത്ര സാങ്കേതിക വിദ്യ വന്ധ്യരായ ദമ്പതികളെ സഹായിക്കുന്നുവെന്ന് ഫ്രഞ്ച് വാർത്താ ഏജൻസിയായ ഫ്രാൻസ്-പ്രസ്സ് റിപ്പോർട്ടു ചെയ്യുന്നു. ഡെൻമാർക്കിൽ കണ്ടുപിടിച്ച ഈ സാങ്കേതിക വിദ്യയിൽ, ഏറ്റവും നേർമയേറിയ ഒരു ഗ്ലാസ്സ് സൂചിയുപയോഗിച്ച് ആൺ ബീജത്തെ സ്ത്രീക്കുള്ളിലെ അണ്ഡത്തിൽ സ്ഥാപിക്കുന്നത് ഉൾപ്പെടുന്നു. ഈ സാങ്കേതികവിദ്യ അതിസൂക്ഷ്മവും വലിയ വൈദഗ്ധ്യം ആവശ്യമുള്ളതുമാണെങ്കിലും (ഒരു ബീജം ഒരു മില്ലിമീറ്ററിന്റെ വെറും രണ്ടായിരത്തിലൊന്നേയുള്ളൂ; ഒരു അണ്ഡം ഒരു മില്ലിമീറ്ററിന്റെ പത്തിലൊന്നും) ഈ രീതി വിജയപ്രദമെന്നു തെളിഞ്ഞിരിക്കുന്നു. സ്ത്രീ ശരീരത്തിനുള്ളിൽവച്ചു നടക്കുന്നുവെന്നത് ഇതിന്റെ കൂടുതലായ ഒരു നേട്ടമാണ്. കൂടാതെ ഒരജ്ഞാത ദാതാവിന്റെ ബീജത്തിനുപകരം അവളുടെ ഭർത്താവിന്റെ ബീജംതന്നെ ഉപയോഗിക്കുകയും ചെയ്യാം—അങ്ങനെ വികാരവിക്ഷുബ്ധമായ മത ധാർമിക പ്രശ്നങ്ങൾ ഒഴിവാക്കാം. വന്ധ്യരായ ദമ്പതികളിൽ മൂന്നിലൊന്നിന്റെയും വന്ധ്യതക്കു കാരണം ഗുണമേൻമയില്ലാത്ത ബീജമായതുകൊണ്ട് ഒരു കുടുംബത്തിനു തുടക്കമിടുന്നതു സംബന്ധിച്ച പല ദമ്പതികളുടെയും പ്രത്യാശകൾ ഇപ്പോൾ പുതുക്കപ്പെട്ടിരിക്കുന്നുവെന്ന് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഒരു ഡോക്ടർ വിചാരിക്കുന്നു.