ലോകത്തെ വീക്ഷിക്കൽ
സ്വവർഗരതിക്കാർ തമ്മിലുള്ള വിവാഹം യൂണിറ്റേറിയൻമാർ അംഗീകരിക്കുന്നു
ഒരേ ലിംഗവർഗത്തിൽപ്പെട്ടവർ തമ്മിലുള്ള വിവാഹത്തെ ഔദ്യോഗികമായി അംഗീകരിക്കുന്ന ആദ്യത്തെ യു.എസ്. മതവിഭാഗമായിത്തീർന്നിരിക്കുകയാണ് യൂണിറ്റേറിയൻ സഭയെന്ന് ക്രിസ്റ്റ്യൻ സെഞ്ചുറി റിപ്പോർട്ടു ചെയ്യുന്നു. “പ്രതിജ്ഞാബദ്ധരായ ഏതു രണ്ടു വ്യക്തികളും തമ്മിലുള്ള വിവാഹത്തിന്റെ സാധുത പ്രഖ്യാപിക്കാൻ” വേണ്ടി പ്രസ്തുത മതവിഭാഗത്തിന്റെ വാർഷിക കൺവെൻഷനിൽ പങ്കെടുത്ത ബഹൂഭൂരിപക്ഷം പ്രതിനിധികളും വോട്ടുചെയ്തു. സഭാ ചട്ടങ്ങൾ അനുസരിച്ച്, “സഭയുടെ 1,040 സഭാക്കൂട്ടങ്ങളിൽ ഓരോന്നിനും, അത് സ്വവർഗസംഭോഗികളായ ഇണകൾ തമ്മിലും സ്വവർഗസംഭോഗിനികളായ ഇണകൾ തമ്മിലും ഉള്ള വിവാഹം അംഗീകരിക്കണമോയെന്നും അത്തരം വിവാഹങ്ങൾക്ക് ആതിഥ്യമരുളണമോയെന്നും സ്വയം തീരുമാനിക്കാവുന്നതാണ്” എന്ന് അതേ മാസിക പറയുന്നു.
കുട്ടിയുടെ ലിംഗഭേദം മുൻകൂട്ടി നിശ്ചയിക്കൽ
പോപ്പുലർ സയൻസ് മാഗസിൻ പറയുന്നതനുസരിച്ച്, “ലിംഗഭേദം നിർണയിക്കുന്നത് ബീജത്തിന്റെ ഇനമായതിനാൽ, പിതാവിന്റെ ബീജത്തെ തരംതിരിച്ചുകൊണ്ട് കുട്ടിയുടെ ലിംഗഭേദം മുൻകൂട്ടി നിശ്ചയിക്കാൻ ഇപ്പോൾ സാധിക്കും.” ആദ്യമായി ബീജത്തിന് ഒരു ഫ്ളൂറസെൻറ് ചായം പൂശുന്നു. എന്നിട്ട് X (പെൺ) ബീജാണുവിനെയും Y (ആൺ) ബീജാണുവിനെയും തിരിച്ചറിയുന്നതിനു ലേസർ രശ്മി ഉപയോഗിക്കുന്നു. ഒരു കമ്പ്യൂട്ടർ വ്യത്യാസം തിരിച്ചറിയുന്നു. സാധാരണമായി, ‘രക്തപരിശോധനയ്ക്ക് ഉപയോഗിക്കുന്ന’ ഒരു ലബോറട്ടറി ഉപകരണം, ‘X ബീജാണുവിന് പോസിറ്റീവ് ഇലക്ട്രിക് ചാർജും Y ബീജാണുവിന് നെഗറ്റീവ് ചാർജും നൽകുന്നു. ബീജാണുവിനെ ആകർഷിക്കുന്നതിനായി വിപരീത ഇലക്ട്രിക് ചാർജുകളുടെ ടെർമിനലുകൾ ഉപയോഗിച്ചുകൊണ്ടു ബീജത്തെ തരംതിരിക്കുന്നു.’ മൃഗവളർത്തൽ വ്യവസായത്തിനായി ഈ സാങ്കേതികവിദ്യ ആദ്യമായി വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞൻമാരുടെ അഭിപ്രായത്തിൽ തരംതിരിക്കൽ ഏകദേശം 90 ശതമാനം കൃത്യതയുള്ളതാണ്. അതേത്തുടർന്ന്, തിരഞ്ഞെടുത്ത ബീജാണുക്കളെ അണ്ഡകോശങ്ങളുമായുള്ള ബീജസങ്കലനത്തിന് ഉപയോഗിക്കുന്നു. “എന്നിട്ട് ഇഷ്ടപ്പെട്ട ലിംഗഭേദത്തിലുള്ള ഭ്രൂണത്തെ ഗർഭാശയത്തിൽ നിക്ഷേപിക്കുന്നു.” എന്നാൽ ഇപ്പോൾവരെ, ഈ പ്രക്രിയയുടെ ഫലമായി ഒരു മാനുഷ ജനനം മാത്രമേ നടന്നിട്ടുള്ളൂ.
ഉപദ്രവകരമായ കൊഞ്ചൽ
സംസാരിക്കാനുള്ള കുട്ടികളുടെ ആദ്യശ്രമങ്ങൾ ഹൃദ്യമായി പരിഗണിക്കപ്പെടുകയും കൊഞ്ചിസംസാരിച്ചുകൊണ്ട് അനേക മാതാപിതാക്കൾ അതിനോടു വാത്സല്യപൂർവം പ്രതികരിക്കുകയും ചെയ്യുന്നു. എന്നാൽ ഇത് കുട്ടികളുടെ സംസാരവളർച്ചയെ അപകടപ്പെടുത്തിയേക്കാമെന്നു ബ്രസീലിലെ സംസാര വിദഗ്ധയായ എലിയനി റെജീനാ കാറാസ്ക്കൂ, വേഴ മാഗസിനിൽ എഴുതുന്നു. മാതാപിതാക്കൾ ഒരു കുട്ടിയുടെ തെറ്റായ ഉച്ചാരണങ്ങൾ ആവർത്തിക്കുമ്പോൾ അത് “തെറ്റായ ഒരു മാതൃകയെ പരിപോഷിപ്പിക്കുന്നു”വെന്ന് കാറാസ്ക്കൂ പ്രസ്താവിക്കുന്നു. അതു സംസാര പ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കാമെന്ന് അവർ പറയുന്നു. അതു കുട്ടിയുടെ സാമൂഹിക ബന്ധങ്ങളെയും ബാധിച്ചേക്കാവുന്നതാണെന്ന് അവർ കൂട്ടിച്ചേർക്കുന്നു. “മിക്കപ്പോഴും അത്തരം കുട്ടികൾ ഏകാന്തരും നാണംകുണുങ്ങികളും അരക്ഷിതരുമായിത്തീരുന്നു, [പരിഹാസത്തിന്] തങ്ങളെത്തന്നെ പാത്രീഭൂതരാക്കേണ്ട സാഹചര്യങ്ങളെ ഒഴിവാക്കിക്കൊണ്ടുതന്നെ.” വാക്കുകൾ തെറ്റായി ഉച്ചരിക്കുന്നതു കൊച്ചുകുട്ടികളെ സംബന്ധിച്ചിടത്തോളം സാധാരണമാണ്, അവരെ തുടർച്ചയായി തിരുത്തേണ്ട ആവശ്യവുമില്ല എന്ന് കാറാസ്ക്കൂ ചൂണ്ടിക്കാട്ടുന്നു. എന്നാൽ അവരോടു ശരിയായ വിധത്തിൽ സംസാരിക്കുന്നതും “അവർ ബുദ്ധിശക്തിയുള്ളവരും പഠിക്കാൻ പ്രാപ്തരുമാണെന്ന്” ഓർമിക്കുന്നതും പ്രധാനമാണ്.
ജലമലിനീകരണം കുറയ്ക്കാൻ ചൈന നടപടി സ്വീകരിക്കുന്നു
“ചൈനയിൽ ജലമലിനീകരണം ഒരു ഞെട്ടിക്കുന്ന പ്രശ്നമാണ്, അതു കുറയ്ക്കുന്നത് ഒരു അടിയന്തിര കർത്തവ്യവും,” ചൈനയിലെ ദേശീയ പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ ഒരു വക്താവു പറയുന്നു. ചൈനയിലെ ഏറ്റവും മലിനീകൃതമായ നദികളിലെയും തടാകങ്ങളിലെയും ജലമലിനീകരണം കുറയ്ക്കുന്നതിനു ചൈനീസ് ഗവൺമെൻറ് നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നുവെന്ന് ചൈനാ ടുഡേ മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. ദൃഷ്ടാന്തത്തിന്, രാജ്യത്ത് ഏറ്റവും ഗുരുതരമായി മലിനീകരിക്കപ്പെട്ടിരിക്കുന്ന നദികളിലൊന്നായ ഹുച്ചിയിൽ മാലിന്യം എത്തിച്ചേരുന്നതു നിയന്ത്രിക്കുന്നതിനുവേണ്ടി ഗവൺമെൻറ് “ഹുയാഹെ താഴ്വരയിലുള്ള 999 ചെറിയ പേപ്പർനിർമാണ ഫാക്ടറികൾ അടച്ചുപൂട്ടിയിരിക്കുന്നു.” ചൈനയിലെ പ്രമുഖ ധാന്യ-ഊർജ ഉത്പാദന മേഖലകളിൽ ഒന്നായ ഹുയാഹെ താഴ്വരയിൽ ഏകദേശം 154 ദശലക്ഷം ആളുകൾ വസിക്കുന്നു.
“വിശുദ്ധ” ഭീകരപ്രവർത്തകർ
റൊമേനിയൻ ഓർത്തഡോക്സ് ചർച്ച് “ദേശീയ സഭയായി അതിനെത്തന്നെ പുനഃസ്ഥാപിക്കാനുള്ള” ഒരു ശ്രമത്തിൽ “മറ്റു സഭാവിഭാഗങ്ങൾക്കെതിരെ വഞ്ചകമായൊരു കരിതേച്ചുകാണിക്കൽ പ്രസ്ഥാനം ആരംഭിച്ചിരി”ക്കുന്നുവെന്ന് കോംപസ്സ് ഡയറക്റ്റ് ജേർണലിലെ, വില്ലി ഫോട്രായുടെ ഒരു ലേഖനം റിപ്പോർട്ടു ചെയ്യുന്നു. ഫോട്രാ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ന്യൂനപക്ഷ മതവിഭാഗങ്ങളെ ഭീതിപ്പെടുത്തുന്നതിനും അവർക്കു മതപരമായ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുന്നതിനും വേണ്ടി റൊമേനിയയിലെ ഓർത്തഡോക്സ് ചർച്ചിന്റെ ഉന്നത നേതാക്കൻമാരും പ്രാദേശിക പുരോഹിതൻമാരും” അനവധി സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. റേഡിയോയിലൂടെ സുവിശേഷം പ്രക്ഷേപണം ചെയ്യുന്നവരെ “നമ്മുടെ പൂർവപിതാക്കൻമാരുടെ വിശ്വാസത്തെ ദുഷിപ്പിക്കുന്നവർ” എന്നു വിളിച്ചുകൊണ്ട് സുച്ചവായിലെയും റാഡൗറ്റ്സിലെയും ആർച്ചുബിഷപ്പ്, റൊമേനിയയിലെ റേഡിയോ-ടെലിവിഷൻ പ്രക്ഷേപണത്തിന്റെ മേൽനോട്ടം വഹിക്കുന്ന സംഘത്തിന്റെ പ്രസിഡൻറിന് എഴുതി: “അവരെ തടയുകയോ പരിധികൾ വെക്കുയോ ചെയ്യാൻ ഞങ്ങൾ നിങ്ങളോട് അപേക്ഷിക്കുകയാണ്, കാരണം, തികച്ചും നിർലജ്ജരായ അവർ നമ്മുടെ മാതൃദേശത്തുതന്നെ പരസ്യമായി മതപരിവർത്തിതരെ ഉളവാക്കാൻ തുടങ്ങിയിരിക്കുകയാണ്.”
സസ്തനികൾ പക്ഷികളെക്കാൾ അപകടത്തിൽ
“സസ്തനികൾ പക്ഷികളെ അപേക്ഷിച്ച് വർധിച്ച വംശനാശ ഭീഷണിയിലാണെന്ന്” ന്യൂ സയൻറിസ്റ്റ് മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. പക്ഷിവർഗങ്ങളുടെ 11 ശതമാനം ആഗോള വംശനാശത്തെ അഭിമുഖീകരിക്കവെ, മൊത്തം സസ്തനിവർഗങ്ങളുടെ 25 ശതമാനം ഇപ്പോൾ ഭീഷണിയിലാണെന്ന് വേൾഡ് കൺസർവേഷൻ യൂണിയന്റെ റെഡ് ലിസ്റ്റ് പ്രസിദ്ധീകരിച്ച കണക്കുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ഈ കണ്ടെത്തലുകൾ വെളിപ്പെടുത്തുന്നു. സസ്തനികളിൽ ഏറ്റവും ഉയർന്ന ഗണത്തിൽപ്പെട്ട ജീവികളാണ് ഏറ്റവുമധികം അപകടത്തിലായിരിക്കുന്നത്, ഈ വർഗങ്ങളുടെ 46 ശതമാനം വംശനാശ ഭീഷണിയിലാണ്. അടുത്തതായി, ഷഡ്പദങ്ങളെ തിന്നുന്ന ജീവികളുടെ 36 ശതമാനവും കാട്ടുപന്നിയുടെയും ആൻറിലോപ് മാനിന്റെയും 33 ശതമാനവും അപകടഭീഷണിയിലാണ്. കൊക്കുകളാണു പക്ഷികളിൽവെച്ച് ഏറ്റവുമധികം ഭീഷണിയിലായിരിക്കുന്ന ഗണം, അവയുടെ 26 ശതമാനം വംശനാശത്തെ അഭിമുഖീകരിക്കുന്നു. പക്ഷികളിൽനിന്നു വ്യത്യസ്തമായി, സസ്തനികൾക്ക് അവയുടെ ആവാസവ്യവസ്ഥ തിരോഭവിക്കുമ്പോൾ മറ്റൊരു പ്രദേശത്തേക്ക് അനായാസം നീങ്ങാൻ സാധിക്കാത്തതാണ് അവയുടെ ഉയർന്ന അധഃപതന നിരക്കിന്റെ ഒരു കാരണം.
കുറ്റകൃത്യം കുറയ്ക്കാൻ വായനാ പരിപാടി സഹായിക്കുന്നു
ഇംഗ്ലണ്ടിലെ ബ്രാഡ്ഫോർഡിൽ, സ്കൂൾകുട്ടികളുടെ വായനാ പ്രാപ്തി മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചുള്ള, ഗവൺമെൻറ് ധനസഹായമുള്ള ഒരു പരിപാടിക്കു വിസ്മയാവഹമായ ഫലങ്ങളുള്ളതായി ബ്രിട്ടീഷ് പത്രമായ ദി ഇൻഡിപെൻഡൻറ് റിപ്പോർട്ടു ചെയ്യുന്നു. പ്രസ്തുത വായനാ പരിപാടി, വായനാ പ്രാപ്തികൾ മെച്ചപ്പെടുത്താൻ സഹായിച്ചതു കൂടാതെ കുറ്റകൃത്യം കുറയ്ക്കാൻ സഹായിക്കുന്നതിന്റെ ബഹുമതിയും നേടിയിരിക്കുന്നു! “ഭവനഭേദനം നടത്തുന്ന കുട്ടികളുടെ എണ്ണവും ക്ലാസ്സിൽ കയറാത്തവരുടെ എണ്ണവും തമ്മിൽ നേരിട്ടുള്ള ബന്ധം ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു” എന്ന് മെച്ചപ്പെട്ട വായനാ പങ്കാളിത്തത്തിന്റെ തലവനായ ജോൺ വാട്സൺ പറയുന്നു. “കുട്ടികൾ വായിക്കാൻ പ്രാപ്തരാണെങ്കിൽ സ്കൂളിലെ കാര്യങ്ങളിൽ അവർ താത്പര്യമുള്ളവരായിരിക്കാൻ കൂടുതൽ സാധ്യതയുണ്ട്, അതേസമയം ക്ലാസ്സിൽ കയറാതിരിക്കാനുള്ള സാധ്യത കുറവാണ്. അവർ തെരുവുകളിലല്ലെങ്കിൽ ഭവനഭേദനം നടത്താൻ കുറഞ്ഞ സാധ്യതയേ ഉള്ളൂ.”
ഒളിംപിക്സും ദാരിദ്ര്യവും
“ഒളിംപിക്സിൽ ചില രാജ്യങ്ങൾ നേടിയ മെഡലുകളുടെ എണ്ണവും സൗകര്യങ്ങൾക്കുവേണ്ടി ചെലവഴിച്ച തുകയും കളിയുടെ സംഘടിത സ്പോൺസർഷിപ്പും, ദാരിദ്ര്യം അവസാനിപ്പിക്കാനുള്ള ലോകത്തിന്റെ പ്രതിബദ്ധതയെക്കുറിച്ചു ചോദ്യങ്ങൾ ഉയർത്തുന്നു” എന്ന് സ്വിറ്റ്സർലൻഡിലെ ഇഎൻഐ ബുള്ളറ്റിൻ റിപ്പോർട്ടു ചെയ്യുന്നു. “ഇത്, നാം മികവിനെ പ്രശംസിക്കുകയോ മാനുഷ വൈദഗ്ധ്യത്തിന്റെയും സഹനപ്രാപ്തിയുടെയും അനിതരസാധാരണമായ പ്രവർത്തനങ്ങൾ കാണുമ്പോൾ കൈയടിക്കുകയോ ചെയ്യരുതെന്നു പറയാനല്ല” എന്ന് ഓസ്ട്രേലിയയിലെ വേൾഡ് വിഷൻ ഏജൻസിയിൽനിന്നുള്ള ഗെർഗ് ഫൂട്ട് പറയുന്നു. “എന്നാൽ,” അദ്ദേഹം കൂട്ടിച്ചേർക്കുന്നു, “നമ്മുടെ കോടിക്കണക്കിന് അയൽക്കാർക്ക് ഒന്നു നടക്കാൻ കഴിയുന്നതിന് ആവശ്യമായ ആഹാരം ഇല്ലാതിരിക്കെ, നമ്മുടെ ശ്രേഷ്ഠരായ കായികാഭ്യാസികളുടെ ആഹാരക്രമം പൂർണമാക്കാൻവേണ്ടി വളരെയേറെ ചെലവഴിക്കുമ്പേൾ ശരിയായ മുൻഗണനകൾ പാലിക്കുന്നുവോയെന്നു നാം ചോദിക്കുകതന്നെ ചെയ്യണം.” അറ്റ്ലാൻറായിൽ ഒളിംപിക്സ് നടന്ന രണ്ടാഴ്ചക്കാലത്ത് വിശപ്പിന്റെയും തടയാനാകുന്ന രോഗങ്ങളുടെയും ഫലമായി ലോകത്തെമ്പാടുമായി 4,90,000 കുട്ടികൾ മരിച്ചെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു.
കാപ്പികുടിക്കാൻ ദീർഘിച്ച ഇടവേളകൾ
ഉച്ചയ്ക്കുമുമ്പുള്ള ഒരു കപ്പു കാപ്പിക്കുവേണ്ടി ചില ജോലിക്കാർ ഒരു പ്രത്യേക യാത്രതന്നെ നടത്തുന്നു. വാസ്തവത്തിൽ, അനേകർ പൂർണമായും ജോലിസ്ഥലം വിട്ടുപോകുന്നു. തങ്ങൾക്കിഷ്ടപ്പെട്ട കാപ്പി വാങ്ങാനായി ഓഫീസിൽനിന്നു ജോലിക്കാർ മികച്ച കാപ്പി ലഭിക്കുന്ന കടകളിലേക്കു കുതിക്കുന്നു. തത്ഫലമായി “കാപ്പിക്കുള്ള ഇടവേള കാപ്പിക്കായുള്ള ഇറങ്ങിപ്പോക്കായിക്കൊണ്ടിരിക്കുന്നു” എന്ന് ദ വാൾസ്ട്രീറ്റ് ജേർണൽ പറയുന്നു. എന്നാൽ പ്രാദേശിക കാപ്പിക്കടകളിലേക്കുള്ള യാത്രയുടെ ദൈർഘ്യം സംബന്ധിച്ചു തൊഴിലുടമകൾ ഉത്കണ്ഠാകുലരാണ്. കാപ്പികുടിപ്രിയൻമാർ അപ്രത്യക്ഷരാകുന്നതു തടയാനുള്ള ഒരു ശ്രമത്തിൽ, കാപ്പിയുണ്ടാക്കാനുള്ള യന്ത്രങ്ങൾ സ്വന്തമായി സ്ഥാപിച്ചുകൊണ്ട് ചില വ്യവസായ സ്ഥാപനങ്ങൾ പ്രസ്തുത ശീലം നിയന്ത്രിക്കാൻ ശ്രമിക്കുന്നുവെന്ന് ജേർണൽ പറയുന്നു.
താപോത്പാദക സസ്യങ്ങൾ
സ്വന്തം ഊഷ്മാവ് നിയന്ത്രിക്കാനുള്ള അത്ഭുതകരമായ കഴിവ് താമരപ്പൂക്കൾക്കുണ്ടെന്ന് രണ്ട് ഓസ്ട്രേലിയൻ ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ഉഷ്ണരക്തമുള്ള ജീവികൾക്കു മാത്രമേ ഈ കഴിവ് ഉള്ളുവെന്നായിരുന്നു മുമ്പ് കരുതപ്പെട്ടിരുന്നത്. അഡെലെയിഡെ ബൊട്ടാണിക് ഗാർഡൻസിൽ ജോലിചെയ്യുന്ന ഡോ. റോജെർ സിമൊയറും ഡോ. പോൾ ഷുൾട്ട്സ് മോട്ടെലും, വിടർന്നുവരുന്ന താമരപ്പൂക്കളിൽ അവയുടെ ഊഷ്മാവും മറ്റു ഭൗതിക പ്രത്യേകതകളും രേഖപ്പെടുത്തുന്നതിനു താപഗ്രാഹികൾ ഘടിപ്പിച്ചു. എന്താണ് അവർ കണ്ടെത്തിയത്? അന്തരീക്ഷ ഊഷ്മാവ് 50 ഡിഗ്രിയായി കുറഞ്ഞപ്പോൾപോലും താമരപ്പൂക്കളുടെ ഊഷ്മാവ് 86 ഡിഗ്രി ഫാരൻഹീറ്റിനും 95 ഡിഗ്രി ഫാരൻഹീറ്റിനുമിടയിൽ നിലനിന്നു. ഈ പ്രതിഭാസത്തിനു ഗവേഷകർ ഇതുവരെയും ഒരു വിശദീകരണം കണ്ടെത്തിയിട്ടില്ല. എന്നാൽ, ദ ന്യൂയോർക്ക് ടൈംസ് പ്രസ്താവിക്കുന്ന പ്രകാരം, വാഷിങ്ടൺ സർവകലാശാലയിലെ സസ്യ-ജൈവരസതന്ത്ര വിദഗ്ധയായ ഡോ. ഹന്നാ സ്കുബാറ്റ്സ് പറഞ്ഞു, “[സസ്യങ്ങൾക്കിടയിലെ] താപോത്പാദനം വാസ്തവത്തിൽ വ്യാപകമായിരിക്കാം, അതു കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണെന്നുമാത്രം.”
ഇവാഞ്ചലിക്കൽ സഭക്കാർ തെറ്റുകൾ സമ്മതിക്കുന്നു
“ഇവാഞ്ചലിക്കൽ ലോകത്തിന് ഇന്ന്, ബൈബിളിനോടുള്ള അതിന്റെ വിശ്വസ്തതയും ധാർമിക വഴിനടത്തിപ്പും മിഷനറി തീക്ഷ്ണതയും നഷ്ടപ്പെടുന്നുവെന്ന് ‘അനുതപിക്കുന്ന ഇവാഞ്ചലിക്കൽ സഖ്യത്തിന്റെ കേംബ്രിഡ്ജ് പ്രഖ്യാപനം’” പ്രസ്താവിക്കുന്നു. എവിടെനിന്നാണ് ഈ കടുത്ത വിമർശനം ഉണ്ടായത്? ഒരു വിരുദ്ധ സഭാക്കൂട്ടത്തിൽനിന്നായിരിക്കുമോ? അല്ല, ഇവാഞ്ചലിക്കൽ വിശ്വാസികളിൽനിന്നുതന്നെയാണ് അതുണ്ടായത്? മസാച്ചുസെറ്റ്സിലെ കേംബ്രിഡ്ജിൽ അടുത്തയിട സമ്മേളിച്ച 100-ലധികം ഇവാഞ്ചലിക്കൽ നേതാക്കളാണ് ആ പ്രമാണം പുറപ്പെടുവിച്ചത്. തങ്ങളും മതനേതാക്കളും, “ജനരഞ്ജക സംസ്കാരത്തിന്റെ മാതൃകയാൽ സ്വാധീനിക്കപ്പെടാനുള്ള മനസ്സൊരുക്കത്തെപ്രതി അനുതപി”ക്കേണ്ടതുണ്ടെന്ന് ആ പ്രമാണത്തിന്റെ എഴുത്തുകാർ സമ്മതിച്ചു. “സഭ എന്താഗ്രഹിക്കുന്നു, അത് എങ്ങനെ പ്രവർത്തിക്കണം, അത് എന്തു വാഗ്ദാനം ചെയ്യുന്നു എന്നീ കാര്യങ്ങളിൽ ദൈവവചനത്തെക്കാൾ സ്വാധീനമുള്ളത് ചികിത്സാ രീതികൾ, വ്യാപാര തന്ത്രങ്ങൾ, ഉല്ലാസലോകത്തിന്റെ പ്രേരകശക്തി എന്നിവയ്ക്കാ”ണെന്നും ആ പത്രിക സമ്മതിച്ചു.