യുദ്ധസ്മരണകൾക്കു മധ്യേ സമാധാന പ്രാർഥനകൾ
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റിനാല് നവംബറിൽ ജോൺ പോൾ രണ്ടാമൻ പാപ്പാ വത്തിക്കാനിൽ വിവിധ മതവിഭാഗങ്ങളുടെ ഒരു സമ്മേളനത്തിന് ആതിഥ്യമരുളി. ലോകസമാധാനത്തിനായുള്ള പ്രാർഥനകളായിരുന്നു ആ സന്ദർഭത്തിന്റെ മുഖമുദ്ര. തന്റെ പ്രാരംഭ പ്രസംഗത്തിൽ പാപ്പാ ഇങ്ങനെ പറഞ്ഞു: “കഴിഞ്ഞകാലത്തെയും ഇപ്പോഴത്തെതന്നെയും സംഘട്ടനങ്ങൾ എന്തൊക്കെയായിരുന്നാലും, മതവും സമാധാനവും തമ്മിലുള്ള ബന്ധം വ്യക്തമായി അറിയിക്കേണ്ടത് നമ്മുടെ പൊതുവായ ജോലിയും ധർമവും ആണ്.”
ഈ ലോകത്തിലെ മതങ്ങൾക്ക് ഈ കാര്യത്തിൽ മോശമായ പേരാണുള്ളത് എന്നതൊരൂ വിരോധാഭാസമാണ്. “ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മതങ്ങൾ സംഘട്ടനങ്ങളിൽ ആഴമായി ഉൾപ്പെട്ടിരിക്കുന്നു”വെന്ന് ആ സമ്മേളനത്തിന്റെ സെക്രട്ടറി-ജനറലായ വില്യം വെൻഡ്ലീ സമ്മതിച്ചു പറഞ്ഞു. ജനങ്ങളിൽ അധികപങ്കും റോമൻ കത്തോലിക്കരായ റുവാണ്ടയിലെ കൂട്ടക്കുരുതികളെക്കുറിച്ചു പരിചിന്തിക്കുക.
റുവാണ്ടൻ ദുരന്തം “യഥാർഥവും വാസ്തവികവുമായ ഒരു വർഗീയ കശാപ്പായിരുന്നു, നിർഭാഗ്യവശാൽ, അതിനു കത്തോലിക്കർപോലും ഉത്തരവാദികളായിരുന്നു” എന്ന് 1994 മേയിൽ ജോൺ പോൾ രണ്ടാമൻ പാപ്പാ സമ്മതിച്ചു പറഞ്ഞു. കത്തോലിക്കരുടെ പങ്കുചേരൽ സഭയിലെ ആളുകളുടെ വിശ്വാസത്തെ ബാധിച്ചിട്ടുണ്ടോ? “കൂട്ടക്കുരുതികൾ അനേകമാളുകളുടെ വിശ്വാസത്തെ പിടിച്ചുലച്ചു” എന്ന് ബെൽജിയംകാരനായ ജെസ്യൂട്ട് ആഡ്രെ ബൂയോ പറഞ്ഞു. അതിനു തക്ക കാരണമുണ്ട്.
“വർഗീയ കശാപ്പു നടത്തിയതുമൂലം വിചാരണക്കായി കാത്തുകിടക്കുന്ന 40,000 ഹുട്ടു തടവുകാരിൽ പുരോഹിതന്മാരും പാസ്റ്റർമാരും കന്യാസ്ത്രീകളും ഉൾപ്പെടുന്നു” എന്ന് മിയാമി ഹെറാൾഡിൽ പ്രസിദ്ധീകരിക്കപ്പെട്ട റൊയ്റ്റെഴ്സ് ന്യൂസ് സർവിസിന്റെ ഒരു റിപ്പോർട്ടു പറയുന്നു. ദ ന്യൂയോർക്ക് ടൈംസ് ഇപ്രകാരം റിപ്പോർട്ടുചെയ്തു: “തങ്ങളുടെ ബിഷപ്പുമാരും ആർച്ചുബിഷപ്പുമാരും കൂട്ടക്കുരുതികളെ വേണ്ടത്ര വേഗത്തിലും ശക്തമായും അപലപിച്ചില്ലെന്നും ഘാതക സൈന്യത്തിന്റെ പരിശീലനത്തിനു സഹായിച്ച ഹാബ്യാരിമാന ഗവൺമെന്റുമായി അവർ ഉറ്റ സഖിത്വത്തിലായിരുന്നെന്നും പല റുവാണ്ടക്കാരും പറയുന്നു. കൂട്ടക്കുരുതികളിൽ പങ്കുണ്ടെന്ന കുറ്റം ചുമത്തി പുതിയ ടുട്സി ആധിപത്യ ഗവൺമെൻറ്, കുറഞ്ഞത് ഒരു പുരോഹിതനെയെങ്കിലും അറസ്റ്റു ചെയ്തിട്ടുണ്ട്.” ടൈംസ് കൂട്ടിച്ചേർക്കുന്നതനുസരിച്ച്, “കത്തോലിക്കാ സഭ മുമ്പത്തെപ്പോലെ ശക്തയായിരിക്കാൻ പുതിയ ഗവൺമെൻറ് ആഗ്രഹിക്കുന്നില്ലെന്നു പറയുന്നതിലും സൈനികർ, വെട്ടിത്തുറന്നു പറയുന്നവരും സ്വതന്ത്രരുമായ പുരോഹിതൻമാരെ ഉപദ്രവിക്കുകയും അറസ്റ്റു ചെയ്യുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകപോലും ചെയ്യുന്നതിലും” അതിശയമില്ല.
രക്തപാതകികളായ മതവിശ്വാസികൾ അർപ്പിക്കുന്ന സമാധാനത്തിനായുള്ള പ്രാർഥനകളെ യഹോവയാം ദൈവം എങ്ങനെയാണു വീക്ഷിക്കുന്നത്? യെശയ്യാവു 1:15 ഇപ്രകാരം ഉത്തരം നൽകുന്നു: “നിങ്ങൾ കൈമലർത്തുമ്പോൾ ഞാൻ എന്റെ കണ്ണു മറെച്ചുകളയും; നിങ്ങൾ എത്ര തന്നേ പ്രാർത്ഥനകഴിച്ചാലും ഞാൻ കേൾക്കയില്ല; നിങ്ങളുടെ കൈ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു.”
അതേസമയം, യഹോവയുടെ സത്യ ദാസന്മാർ “ലോകത്തിന്റെ”യും അതിന്റെ സംഘട്ടനങ്ങളുടെയും “ഭാഗ”മായിരിക്കാതെ നിലകൊള്ളുന്നു. റുവാണ്ടയിലെ കൂട്ടക്കുരുതികളുടെ സമയത്ത് ഓരോ വർഗത്തിലെയും യഹോവയുടെ സാക്ഷികൾ മറ്റു വർഗത്തിലെ, ഭീഷണിക്കിരയായ സാക്ഷികൾക്ക് തങ്ങളുടെ ഭവനങ്ങളിൽ അഭയം നൽകി. അങ്ങനെ അവർ തങ്ങളുടെ സ്വന്തം ജീവൻ അപകടപ്പെടുത്തിക്കൊണ്ട് അവരെ സംരക്ഷിച്ചു. ലോകവ്യാപകമായി എല്ലാ വർഗീയ പശ്ചാത്തലങ്ങളിൽനിന്നും വന്നിട്ടുള്ള, സാക്ഷികളുടെ “മഹാപുരുഷാരം” യഥാർഥ സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ഒരേ ഒരു പ്രത്യാശയെന്നനിലയിൽ ദൈവരാജ്യത്തിനുവേണ്ടി പ്രാർഥിക്കുകയും അതിനെ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു.—യോഹന്നാൻ 17:14, NW; വെളിപ്പാടു 7:9; മത്തായി 6:9, 10; 24:14.
[24-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Luc Delahaye/Sipa Press