ഞങ്ങളുടെ വായനക്കാരിൽനിന്ന്
പുകയില വ്യവസായം “ലക്ഷങ്ങളുണ്ടാക്കാൻ ലക്ഷങ്ങളെ കൊല്ലുന്നു” (മേയ് 22, 1995) എന്ന ലേഖന പരമ്പര വിജ്ഞാനപ്രദവും പ്രതിഭാസമ്പന്നവും ആയിരുന്നു. വിൻസെൻറ് വാൻ ഗോഫ് വരച്ച പുറംപേജിലെ ചായച്ചിത്രം (തലയോട്ടി ഒരു സിഗരറ്റുമായി) ഭയാനകംതന്നെ! ചിലർക്കു പുകവലി നിർത്തുന്നതിന് അല്ലെങ്കിൽ അതു തുടങ്ങുന്നതിൽനിന്നു ചിലരെ തടയുന്നതിന് ഒരുപക്ഷേ ഈ ചിത്രം മാത്രം മതിയാകും.
എം. ബി., ഐക്യനാടുകൾ
ഞാൻ അമേരിക്കൻ കാൻസർ സൊസൈറ്റിക്കു വേണ്ടി പ്രവർത്തിക്കുന്നതിനാൽ ഈ ലേഖനങ്ങൾ വായിക്കുവാൻ പ്രത്യേകിച്ചും ഉത്സാഹമുള്ളവളായിരുന്നു. പുകയില-വിമുക്ത സമാജത്തിന്റെ പ്രാദേശിക ശാഖയിൽ അധ്യക്ഷസ്ഥാനം വഹിക്കുന്ന സ്ത്രീക്ക് ഒരു പ്രതി ഞാൻ അയച്ചു കൊടുത്തു. രചനയുടെയും ഗവേഷണത്തിന്റെയും ഗുണമേന്മയിൽ അവർക്കു മതിപ്പുളവാകുകയും തന്റെ സഹപ്രവർത്തകർക്കു വേണ്ടി 35 പ്രതികൾ ആവശ്യപ്പെടുകയും ചെയ്തു.
ജെ. ഒ., ഐക്യനാടുകൾ
ഞാനും ഭർത്താവും പുകവലി ഉപേക്ഷിച്ചിട്ടു മൂന്നു മാസത്തോളമായെങ്കിലും ഇപ്പോഴും എനിക്കു സിഗരറ്റിനുവേണ്ടിയുള്ള അതിയായ വാഞ്ഛയുണ്ട്. അങ്ങനെയിരിക്കെയാണ് ഞാൻ ഈ ലേഖനം വായിക്കുന്നത്. സിഗരറ്റിലെ ചില ഘടകങ്ങൾ വളരെ വിഷമുള്ളതായതുകൊണ്ടു മണ്ണു നികത്തിയെടുക്കുമ്പോൾ പോലും അവ മണ്ണിനടിയിൽ തള്ളുന്നത് നിയമവിരുദ്ധമാണെന്ന് അത് എനിക്കു മനസ്സിലാക്കിത്തന്നു! ചീത്തയായതിനെ വെറുക്കുന്നതിന് ഇത് എന്നെ ശക്തീകരിച്ചു.
എൽ. റ്റി., ദക്ഷിണ ആഫ്രിക്ക
ലൂപ്പസ് ക്ലേശിത “ഇനി മിയയും യഹോവയും മാത്രം” (ഫെബ്രുവരി 22, 1995) എന്ന ലേഖനത്തിലെ ലൂപ്പസ് രോഗത്തെ കുറിച്ചുള്ള വിവരത്തിനു വളരെ നന്ദി. എനിക്കു 18 വയസ്സുണ്ട്, രണ്ടു വർഷമായി ഞാൻ ഈ രോഗത്താൽ കഷ്ടപ്പെടുകയാണ്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള സഹോദരീ സഹോദരൻമാർ കഷ്ടപ്പാട് എങ്ങനെ സഹിക്കുന്നു എന്ന് അറിയുന്നതും നമ്മുടെ സ്രഷ്ടാവ് എപ്രകാരം നമ്മെ എല്ലായ്പോഴും സ്നേഹപൂർവം പിന്താങ്ങുന്നു എന്ന് അറിയുന്നതും പ്രോത്സാഹജനകമാണ്.
ജെ. എ. വൈ., ഇറ്റലി
പ്രശ്നക്കാരായ മാതാപിതാക്കൾ “യുവജനങ്ങൾ ചോദിക്കുന്നു . . . എന്റെ മാതാപിതാക്കൾ അപര്യാപ്തരാകുന്നെങ്കിലോ?” (മേയ് 22, 1995) എന്നതുപോലുള്ള ഒരു ലേഖനത്തിനു വേണ്ടി ഞാൻ പ്രാർഥിച്ചിട്ടുണ്ട്. എന്റെ മാതാവു ക്രിസ്തീയ സഭയിൽനിന്നു പുറത്താക്കപ്പെട്ടപ്പോൾ ഞാൻ എത്ര ദുഃഖിതയും വ്രണിതയും ആയിരുന്നെന്നോ! ഞാൻ മുഴുസമയ സുവിശേഷവേലയായ പയനിയറിങ് ഏതാണ്ടു നിർത്തിയതുപോലെയായി. യഹോവയുമായുള്ള മമ്മിയുടെ ബന്ധത്തെ സംബന്ധിച്ച് അമിതമായി ഉത്കണ്ഠപ്പെടുന്നതിനു പകരം ‘എന്റെ സ്വന്തം രക്ഷക്കായി ഭയത്തോടും വിറയലോടും കൂടെ’ പ്രവർത്തിക്കുവാൻ പ്രസ്തുത ലേഖനം എന്നെ ശക്തീകരിച്ചു. (ഫിലിപ്പിയർ 2:12) വളരെ നന്ദി.
ജെ. പി., ഫിലിപ്പൈൻസ്
ഞാൻ സ്നാപനമേറ്റ ഒരു ക്രിസ്ത്യാനി ആണ്, എന്നാൽ ദിവസവും കുടിച്ചുമത്തനായി വീട്ടിൽ വരുന്ന എന്റെ പിതാവിനെ ബഹുമാനിക്കുന്നതു വളരെ ബുദ്ധിമുട്ടാണെന്ന് എനിക്കു മനസ്സിലായി. ഈ ലേഖനം വായിക്കുകയിൽ എനിക്കു കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. ഇതു വായിച്ചതിനാൽ ഇപ്പോൾ പിതാവിനോടുള്ള എന്റെ നിഷേധാത്മക വികാരങ്ങളും ചിന്തയും കാര്യമായി കുറഞ്ഞിരിക്കുന്നു, എനിക്കു കൂടുതൽ ആശ്വാസവും തോന്നുന്നു.
എൻ. എം., ജപ്പാൻ
കിസ്റ്റ്യൻ സയൻസ് “ഡോക്ടർമാരും യഹോവയുടെ സാക്ഷികളും തമ്മിലുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള സെമിനാറുകൾ” (മാർച്ച് 22, 1995) എന്ന ലേഖനത്തിൽ രോഗങ്ങളോടുള്ള ക്രിസ്റ്റ്യൻ സയൻസിന്റെ സമീപനം സംബന്ധിച്ച് ഒരു അഭിപ്രായപ്രകടനം ഉണ്ടായിരുന്നല്ലോ. നമ്മുടെ വിശ്വാസങ്ങൾ തമ്മിൽ പരസ്പര ധാരണ കെട്ടുപണി ചെയ്യുവാനുള്ള ഉദ്ദേശ്യത്തോടെ ഒരു കാര്യം സംബന്ധിച്ചു നിങ്ങളുടെ വായനക്കാർക്ക് ഉറപ്പുനൽകാൻ ഞാൻ ആഗ്രഹിക്കുന്നു. അതായത് ആത്മീയ രോഗശാന്തിയിൽ ആശ്രയിക്കുകവഴി ക്രിസ്റ്റ്യൻ സയൻറിസ്ററുകൾ ചെയ്യുന്നത് മനുഷ്യ ജീവനെ വിലമതിക്കുകയും സംരക്ഷിക്കുകയുമാണ്. ഇങ്ങനെ പ്രവർത്തിക്കാനാണു യേശു നമുക്കു കാണിച്ചുതന്നിരിക്കുന്നതെന്നാണു ഞങ്ങളുടെ വിശ്വാസം. ഞങ്ങളുടെ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ഒരു നൂററാണ്ടിൽപരമായി പ്രസിദ്ധീകരിച്ചിട്ടുള്ള രോഗശാന്തികളുടെ സ്ഥിരീകരിക്കപ്പെട്ട രേഖ ദൈവാരാധനയാണു ഞങ്ങളുടെ ആന്തരോദ്ദേശ്യം എന്നു വ്യക്തമാക്കുന്നു, അല്ലാതെ രക്തസാക്ഷിത്വമല്ല. ആത്മീകവും ധാർമീകവും ശാരീരികവും ആയ ക്ഷേമമാണു സ്ഥിരമായ ഫലം.
എം. വി. ഡബ്ലിയൂ., പ്രസിദ്ധീകരണ കമ്മിററികളുടെ മാനേജർ, ക്രിസ്തുവിന്റെ ആദിമ സഭ, സയൻറിസ്ററ്, ഐക്യനാടുകൾ
ഈ അഭിപ്രായപ്രകടനങ്ങൾക്കു നന്ദി. ഒരു വൈദ്യശാസ്ത്ര ഡോക്ടറുടെ വാക്കുകൾ ഉദ്ധരിച്ചതിൽ ഞങ്ങളുടെ ഉദ്ദേശ്യം യഹോവയുടെ സാക്ഷികൾ വൈദ്യ ചികിത്സ സ്വീകരിക്കും എന്ന യാഥാർഥ്യത്തെ വിശേഷവൽക്കരിക്കുക എന്നതായിരുന്നു. തങ്ങൾ ആഗ്രഹിക്കുന്നതുപോലെ വിശ്വസിക്കാനുള്ള മററുള്ളവരുടെ അവകാശത്തെ ഞങ്ങൾ ആദരിക്കുന്നു. എന്നാൽ “ദീനക്കാർക്കല്ലാതെ സൌഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല”ന്നു യേശുക്രിസ്തു പറയുകതന്നെ ചെയ്തു. (മത്തായി 9:12) കൂടാതെ തിമോത്തിയുടെ കൂടെക്കൂടെയുള്ള രോഗത്തെക്കുറിച്ചു ചർച്ചചെയ്തപ്പോൾ പൗലോസ് ആത്മീയ രോഗശാന്തിയല്ല മറിച്ച് ഒരു സാധാരണ വൈദ്യശാസ്ത്ര ചികിത്സയാണു ശുപാർശചെയ്തത്. (1 തിമൊഥെയൊസ് 5:23) തന്മൂലം വൈദ്യശാസ്ത്ര ചികിത്സ സംബന്ധിച്ച ബൈബിളിന്റെ വീക്ഷണം ക്രിസ്റ്റ്യൻ സയൻസിന്റെ പഠിപ്പിക്കലുകളുമായി വൈരുദ്ധ്യത്തിലാണ്.—പത്രാധിപർ.