ദത്തെടുക്കൽ—അതു നിങ്ങൾക്കുള്ളതോ?
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
“ദത്തെടുക്കൽ കുട്ടികൾക്കു വേണ്ടിയുള്ള ഒരു ഏർപ്പാടാണ്, അല്ലാതെ കുട്ടികളില്ലാത്ത ദമ്പതികൾക്ക് കുഞ്ഞിനെ നൽകാനുള്ള ഒന്നല്ല,” ഒരു ബ്രിട്ടീഷ് സാമൂഹിക പ്രവർത്തക അപ്പോൾപോലും തറപ്പിച്ചു പറയുന്നു. തന്റെ ദത്തെടുക്കലിൽ ഒരു കുട്ടിക്കു സാധാരണ എന്തു സ്വാധീനമാണുള്ളത്?
ഒരു കുട്ടിയെ ദത്തെടുക്കുന്നതിനെപ്പറ്റി നിങ്ങൾ പരിചിന്തിക്കുന്നുവോ? എങ്കിൽ നിങ്ങൾ വൈകാരികമായ ഒരു തീരുമാനത്തെ മാത്രമല്ല, മാറ്റം വരുത്താനാവാത്ത ഒന്നിനെക്കൂടിയാണ് നേരിടുന്നത്. നിങ്ങളുടെ കുടുംബവുമായി ഇഴുകിച്ചേരുന്നതിൽ കുട്ടി എത്രത്തോളം വിജയിക്കും?
നിങ്ങൾ ദത്തെടുക്കപ്പെട്ട ഒരു കുട്ടിയാണെങ്കിൽ, നിങ്ങളുടെ യഥാർഥ മാതാപിതാക്കളാരാണെന്നു നിങ്ങൾക്കറിയാമോ? ഇല്ലെങ്കിൽ, അറിയുന്നപക്ഷം അത് എന്തു വ്യത്യാസം ഉളവാക്കുമെന്നാണു നിങ്ങൾ കരുതുന്നത്?
നിങ്ങളുടെ കുട്ടിയെ ദത്തു നൽകുന്നതിനെപ്പറ്റി പരിചിന്തിക്കുന്ന ഒരമ്മയാണോ നിങ്ങൾ? നിങ്ങളുടെ കുട്ടിയുടെ മികച്ച ക്ഷേമത്തിന്, കുട്ടിയെ ദത്തു നൽകുന്നതു മാത്രമാണോ ഏകപരിഹാരം?
1995-ൽ ഐക്യനാടുകളിൽ 50,000-ത്തിലേറെ കുട്ടികൾ ദത്തെടുക്കപ്പെട്ടു. അവരിൽ 8,000-ത്തോളം വിദേശികളായിരുന്നു. ആളുകൾ വിദേശരാജ്യങ്ങളിൽനിന്നു കുട്ടികളെ ദത്തെടുക്കുന്ന രീതി കൂടിവരുന്നു. ടൈം മാഗസിൻ പറയുന്നതനുസരിച്ച്, കഴിഞ്ഞ 25 വർഷംകൊണ്ട് ഐക്യനാടുകളിലെ കുടുംബങ്ങൾ വിദേശികളായ 1,40,000-ത്തിലേറെ കുട്ടികളെ ദത്തെടുത്തിട്ടുണ്ട്. യൂറോപ്പിലെ സമാനമായ സംഖ്യ, സ്വീഡനിൽ 32,000-ഉം ഹോളണ്ടിൽ 18,000-ഉം ജർമനിയിൽ 15,000-ഉം ഡെൻമാർക്കിൽ 11,000-ഉം ആണ്.
ഈ സാഹചര്യത്തിലേതെങ്കിലും ഒന്നിനോടു നിങ്ങളുടേതു യോജിക്കുന്നുണ്ടോ? ദത്തെടുക്കുക എന്നത് നിങ്ങളുടെ ജീവിതവും—കുട്ടിയുടെ ജീവിതം മാത്രമല്ല—മുമ്പത്തേതുപോലെയായിരിക്കില്ല എന്നതിനെ അർഥമാക്കുന്നു. ദത്തെടുക്കുന്ന മാതാപിതാക്കൾക്ക് ഒത്തിരിയൊത്തിരി ഉല്ലാസങ്ങൾ പ്രതീക്ഷിക്കാൻ മതിയായ കാരണമുണ്ട്. എന്നാൽ, പലതരത്തിലുള്ള പ്രശ്നങ്ങളും ഇച്ഛാഭംഗങ്ങളും നേരിടാനും അവർ തയ്യാറാവണം. അതുപോലെതന്നെ, തന്റെ കുഞ്ഞിനെ ദത്തുനൽകുമ്പോൾ ഒരമ്മയ്ക്ക് അനുഭവപ്പെടുന്ന ഹൃദയനൊമ്പരം, ഒരുപക്ഷേ, ഒരിക്കലും പൂർണമായി ശമിക്കുകയില്ല.
ഒരു കുരുന്നു ജീവൻ സ്നേഹപൂർവം കെട്ടിപ്പടുക്കേണ്ടതിന്റെ അല്ലെങ്കിൽ പുനഃനിർമാണം ചെയ്യേണ്ടതിന്റെ വെല്ലുവിളിയാണ് ഓരോ സാഹചര്യവും ആനയിക്കുന്നത്. പിൻവരുന്ന ലേഖനങ്ങൾ, കുട്ടിയെ ദത്തെടുക്കുന്നതിന്റെ സന്തോഷങ്ങളെയും—വെല്ലുവിളികളെയും കുറിച്ചു പറയും.