ഞങ്ങളുടെ വായനക്കാരിൽനിന്ന്
ദത്തെടുക്കൽ “ദത്തെടുക്കൽ—സന്തോഷങ്ങൾ, വെല്ലുവിളികൾ” (മേയ് 8, 1996) എന്ന ലേഖനപരമ്പരയ്ക്കു നന്ദി. ഞാൻ ദത്തെടുക്കപ്പെട്ട ഒരു കുട്ടിയാണ്. എന്നെ ദത്തെടുത്ത മാതാപിതാക്കളുമായി ഈ വിഷയം എങ്ങനെ ചർച്ച ചെയ്യണമെന്ന് എനിക്കൊട്ടും അറിയില്ലായിരുന്നു. അതുകൊണ്ട്, ഉണരുക!യുടെ ഈ ലക്കം ലഭിച്ചപ്പോൾ എനിക്കെന്ത് സന്തോഷമായിരുന്നെന്നോ! ഒരു ലേഖനവും എന്റെ ഹൃദയത്തെ ഇത്രമാത്രം സ്പർശിച്ചിട്ടില്ല.
എഫ്. ആർ. എം., ബ്രസീൽ
ഞാൻ ദത്തെടുക്കപ്പെട്ട ഒരാളാണ്. എനിക്കു ജന്മം നൽകിയ മാതാപിതാക്കളെക്കുറിച്ചുള്ള ലഭിക്കാവുന്ന വിവരങ്ങളെല്ലാം കണ്ടെത്താൻ ഞാൻ അടുത്തകാലത്തു തീരുമാനിച്ചു. എന്റെ മാതാപിതാക്കളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ലഭിച്ചെങ്കിലും മൂന്നു മാസം പ്രായമാകുന്നതുവരെ വളർത്തിയശേഷമാണ് അമ്മ എന്നെ ദത്തുനൽകിയത് എന്നു മനസ്സിലാക്കിയപ്പോൾ അതെന്നെ വല്ലാതെ മുറിപ്പെടുത്തി! ‘അവർക്കിത് എങ്ങനെ ചെയ്യാൻ കഴിഞ്ഞു?’ ഞാൻ സ്വയം ചോദിച്ചു. “എന്റെ മകൻ എന്നെ അന്വേഷിക്കുമോ?” എന്ന ചതുരം ഒരമ്മയുടെ വീക്ഷണഗതി എനിക്കു മനസ്സിലാക്കിത്തന്നു. പ്രയാസം തരണം ചെയ്യാൻ ആ കൊച്ചു ലേഖനം എന്നെ എത്രമാത്രം സഹായിച്ചെന്നോ!
സി. എസ്., ഐക്യനാടുകൾ
ആ ലേഖനങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം കയ്പ്പും മധുരവും കലർന്നതായിരുന്നു. 23 വർഷംമുമ്പ് എന്റെ മകനെ ഞാൻ ഉപേക്ഷിച്ചു. എനിക്കവനെ വളർത്തിക്കൊണ്ടുവരാൻ സാധിക്കുകയില്ലെന്ന് അറിയാമായിരുന്നതുകൊണ്ടാണ് ഞാൻ അങ്ങനെ ചെയ്തത്. ‘അവനു സുഖമാണോ? അവന്റെ ജീവിതം എങ്ങനെയുള്ളതാണ്? വീണ്ടുമെന്നെങ്കിലും ഞാൻ അവനെ കാണുമോ?’ എന്നെല്ലാം ഓരോ ദിവസവും ഞാൻ ചിന്തിക്കാറുണ്ട്. കുറ്റബോധം ചിലപ്പോൾ താങ്ങാനാവാതെയാകും. എന്നാൽ, യഹോവയുടെ സ്നേഹത്തിനും കരുണയ്ക്കുമായി ഞാൻ അവനു വാസ്തവമായും നന്ദി പറയുന്നു.
എസ്. എഫ്., ഐക്യനാടുകൾ
ഞങ്ങൾക്ക് ഒരു മകനുണ്ടെങ്കിലും ഞാനും ഭർത്താവും ഒരു കൊച്ചു പെൺകുട്ടിയെ ദത്തെടുക്കുന്നതിനെപ്പറ്റി ആലോചിക്കുകയായിരുന്നു. ലേഖനം, ഗുണങ്ങളും ദോഷങ്ങളും കാണാൻ സഹായിച്ചു. മാത്രമല്ല, തീരുമാനമെടുക്കുന്നതിലും അതു ഞങ്ങളെ സഹായിക്കും.
ജെ. ജി., ഐക്യനാടുകൾ
കുഴപ്പക്കാരായ കുട്ടികളെ ദത്തെടുക്കുന്നതിനെതിരെ നിങ്ങൾ ഉപദേശിക്കുന്നതായിട്ടുള്ള ഒരു ധാരണയാണ് എനിക്കു ലഭിച്ചത്. എന്നാൽ, അത്തരം കുട്ടികളെ അവഗണിച്ചാലുള്ള സ്ഥിതിയെന്താകും? ഇന്ന് ഞങ്ങളുടെ ദത്തുപുത്രൻ നിമിത്തം ഞങ്ങൾക്കു ചില പ്രശ്നങ്ങളുണ്ടെന്നുള്ളതു വാസ്തവമാണ്. എന്നാൽ, ഒരു കുടുംബത്തിന്റേതായ സ്നേഹവും സുരക്ഷിതത്വവും ലഭിച്ചില്ലെങ്കിൽ അത്തരം കുട്ടികൾ സമൂഹത്തിന് എന്തെല്ലാം തരത്തിലുള്ള പ്രശ്നങ്ങളായിരിക്കും സൃഷ്ടിക്കുക?
ഡി. എം., ജർമനി
സ്നേഹസമ്പന്നരായ മാതാപിതാക്കളിൽനിന്നുള്ള പരിചരണം ലഭിക്കാത്ത കുട്ടികളോടു ഞങ്ങൾക്ക് അനുകമ്പ തോന്നുന്നു. “കുഴപ്പക്കാരായ” കുട്ടികളെ ദത്തെടുക്കുന്നതിനെ നിരുത്സാഹപ്പെടുത്താനല്ല ആ ലേഖനങ്ങൾ എഴുതിയത്, പിന്നെയോ വാസ്തവികമായ വിധത്തിൽ അതു ചെയ്യാൻ ‘വക ഉണ്ടോ എന്നു കണക്കു നോക്കാൻ’ ദമ്പതികളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ്. (ലൂക്കൊസ് 14:28 താരതമ്യം ചെയ്യുക.) ദത്തെടുക്കാൻ പോകുന്ന മാതാപിതാക്കൾ, അത്തരം കുട്ടികളുടെ ആവശ്യങ്ങൾ നിർവഹിക്കുന്നതിനാവശ്യമായ വൈകാരികവും ആത്മീയവും അല്ലെങ്കിൽ സാമ്പത്തികവുമായ ശേഷി തങ്ങൾക്കുണ്ടോ എന്നു പരിചിന്തിക്കേണ്ടതാണ്. ഭവനത്തിലുള്ള മറ്റു കുട്ടികളുടെമേൽ അത് ഉളവാക്കിയേക്കാവുന്ന അനന്തരഫലങ്ങളും അവർ തൂക്കിനോക്കേണ്ടതാണ്.—പത്രാധിപർ.
മൂന്നു മക്കൾക്കുപുറമേ ദത്തെടുത്ത അഞ്ചു കുട്ടികളും ഞങ്ങൾക്കുണ്ട്. നിങ്ങൾ എഴുതിയതുപോലെ അങ്ങേയറ്റത്തെ ആനന്ദവും ഒപ്പം ഹൃദയനൊമ്പരവും ഞങ്ങൾ അനുഭവിച്ചിട്ടുണ്ട്. ഞങ്ങളുടെ മകനൊഴികെ മറ്റു മക്കളെല്ലാം യഹോവയുടെ സ്തുതിപാഠകരാണ്. 16-ാം വയസ്സിൽ ദത്തെടുക്കപ്പെട്ടശേഷം അവൻ ഞങ്ങളുടെ മൂന്നു പെൺമക്കളെ ഉപദ്രവിച്ചിട്ടുണ്ട്. ദത്തെടുപ്പ് ഏജൻസി അവന്റെ പശ്ചാത്തലത്തെക്കുറിച്ചു ഞങ്ങളെ അറിയിച്ചില്ല. അതുകൊണ്ട്, ദത്തെടുപ്പിനെക്കുറിച്ചു പരിചിന്തിക്കുമ്പോൾ ഒരു വ്യക്തി സാധ്യമാകുന്നിടത്തോളം വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കണം—പ്രത്യേകിച്ച് മുതിർന്ന ഒരു കുട്ടിയെ ദത്തെടുക്കുന്നതിനെക്കുറിച്ചു ചിന്തിക്കുകയാണെങ്കിൽ. നിങ്ങൾ എഴുതിയ ലേഖനങ്ങൾ അതിവിശിഷ്ടമായിരുന്നുവെന്നു മാത്രമല്ല, പ്രശ്നത്തിന്റെ ഇരുവശങ്ങളും അതു വ്യക്തമായി അവതരിപ്പിക്കുകയും ചെയ്തു.
പി. ബി., ഐക്യനാടുകൾ
കുട്ടികളെ ദത്തെടുത്ത ചില മാതാപിതാക്കൾക്ക് അത്തരം മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുള്ളതായി മനസ്സിലാക്കിയത് എന്നെ വളരെ ദുഃഖിതയാക്കി. ഞാനും ഭർത്താവും സൗന്ദര്യമുള്ള രണ്ടു കുട്ടികളെ ദത്തെടുത്തു. അവർ ഞങ്ങളുടെ ജീവിതത്തിൽ ആനന്ദം മാത്രമേ നൽകിയിട്ടുള്ളൂ. അവരെ ദത്തെടുത്തതിനെക്കുറിച്ച് ഞങ്ങൾ എപ്പോഴും അവരോടു തുറന്നു സംസാരിക്കാറുണ്ട്. അവരെ പ്രസവിച്ച അമ്മമാർ ‘അവരെ ഉപേക്ഷിച്ച’തായിരുന്നില്ല. മറിച്ച്, ഒരു കുട്ടിയെ വളർത്തിക്കൊണ്ടുവരാനുള്ള ശേഷി ആ സമയത്ത് അവർക്കില്ലാതിരുന്നതുകൊണ്ടാണ് അവരെ പരിപാലിക്കാൻ ഞങ്ങളെ ഏർപ്പാടാക്കിയതെന്നു മനസ്സിലാക്കാൻ അവരെ ഇരുവരെയും ഞങ്ങൾ സഹായിച്ചു. ഞങ്ങൾ ദത്തെടുത്തതുകൊണ്ട് ഞങ്ങളുടെ കുട്ടികൾ എത്ര അനുഗൃഹീതരാണെന്ന് ആളുകൾ മിക്കപ്പോഴും ഞങ്ങളോടു പറയാറുണ്ട്. എന്നാൽ അനുഗൃഹീതർ ഞങ്ങളാണെന്നതാണ് സത്യം.
ബി. എം., ഐക്യനാടുകൾ