ദത്തെടുക്കൽ—എന്തിന്, എങ്ങനെ?
കഴിഞ്ഞ 20 വർഷക്കാലത്തു ബ്രിട്ടനിൽ ദത്തെടുക്കപ്പെടുന്ന കുട്ടികളുടെ സംഖ്യ ഇത്രമാത്രം കുറഞ്ഞത് എന്തുകൊണ്ടാണ്? രണ്ടു കാരണങ്ങൾ സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്—നിയമാനുസൃത ഗർഭച്ഛിദ്രം നടത്താനുള്ള സൗകര്യവും ഭർത്താവില്ലാതെതന്നെ ഒരമ്മ തന്റെ കുഞ്ഞിനെ വളർത്തിക്കൊണ്ടുവരുന്നതിനു ലഭിക്കുന്ന വർധിച്ച അംഗീകാരവും. മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബമായിരിക്കുന്നത്, ആധുനിക സമൂഹത്തിൽ വിജയപ്രദമായി നേരിടാനാവുന്ന ഒരു വെല്ലുവിളിയായിട്ടാണ് ഇപ്പോൾ കാണപ്പെടുന്നത്.
എന്നാൽ, വെറും 100 വർഷങ്ങൾക്കു മുമ്പു കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. ഇംഗ്ലീഷ് കുറ്റകൃത്യ-നോവലുകൾ എഴുതുന്ന എഡ്ഗർ വാലസിന്റെ അമ്മ പോളി, തന്റെ യജമാനപുത്രൻ മുഖാന്തരം ഗർഭിണിയായപ്പോൾ, ദൂരെപ്പോയി രഹസ്യമായി പ്രസവിച്ചു. എഡ്ഗറിന് ഒമ്പതു ദിവസം പ്രായമുണ്ടായിരുന്നപ്പോൾ, വയറ്റാട്ടി അവന്റെ സംരക്ഷണച്ചുമതല ലണ്ടനിലെ ബിലിങ്സ്ഗേറ്റ് മീൻചന്തയിലെ ചുമട്ടുകാരനായ ജോർജ് ഫ്രീമാന്റെ ഭാര്യയെ ഏൽപ്പിച്ചു. അപ്പോൾതന്നെ ഫ്രീമാൻ ദമ്പതികൾക്കു തങ്ങളുടേതായി പത്തു മക്കളുണ്ടായിരുന്നു. അങ്ങനെ എഡ്ഗർ, ഡിക്ക് ഫ്രീമാൻ എന്ന പേരിൽ വളർന്നുവന്നു. തന്റെ കുഞ്ഞിന്റെ പരിപാലനത്തിനായി പോളി ക്രമമായി പണം നൽകിയിരുന്നു. എന്നാൽ പിതാവു തന്റെ മകന്റെ അസ്തിത്വത്തെക്കുറിച്ച് ഒരിക്കലും അറിഞ്ഞുമില്ല.
ഇക്കാലത്ത്, ആർക്കും വേണ്ടാത്ത ശിശുക്കളുടെ ഉത്തരവാദിത്വം പലപ്പോഴും ദേശീയ അധികൃതർ ഏറ്റെടുക്കുന്നു. പല കുട്ടികളെയും ഏറ്റെടുക്കുന്നത്, അവർക്കു ദുഷ്പ്പെരുമാറ്റത്തിൽനിന്നു സംരക്ഷണമാവശ്യമായതിനാലാണ്, അല്ലെങ്കിൽ മാനസികമോ ശാരീരികമോ ആയ വൈകല്യങ്ങളുള്ളതിനാലാണ്. യുദ്ധത്തിന്റെ കൊടുംഭീകരതകൾമൂലം അനാഥരാക്കപ്പെട്ടവരും ബലാൽസംഗത്തിന്റെ ഫലമായി ജനിക്കുന്ന ശിശുക്കളുമുള്ളതുകൊണ്ട് മാതാപിതാക്കളുടെ വാത്സല്യത്തിനും സംരക്ഷണത്തിനുമായി—ഒറ്റവാക്കിൽ പറഞ്ഞാൽ ദത്തെടുക്കപ്പെടാനായി—കേഴുന്ന കുട്ടികളുടെ എണ്ണം നിരന്തരം വർധിക്കുന്നു.
ദത്തെടുക്കണമോ വേണ്ടയോ?
ഒരു കുട്ടിയെ ദത്തെടുക്കുക എന്നത് ഒരിക്കലും എളുപ്പമല്ല. മാത്രമല്ല അതേപ്പറ്റി ആലോചിക്കുമ്പോൾ തിടുക്കത്തിൽ ഒരു തീരുമാനമെടുക്കുന്നത് ഒരിക്കലും ബുദ്ധിപൂർവമായിരിക്കില്ല. നിങ്ങൾക്ക് ഒരു കുഞ്ഞു നഷ്ടമായിട്ടുണ്ടെങ്കിൽ, ദത്തെടുക്കുന്നതുസംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനു മുമ്പ്, ആ നടുക്കത്തിൽനിന്ന് അല്ലെങ്കിൽ ദുഃഖത്തിൽനിന്നു വിമുക്തമാവുന്നതുവരെ കാത്തിരിക്കുന്നതാണ് ഉത്തമം. വന്ധ്യരാണെന്നു പറയപ്പെട്ടിട്ടുള്ള ദമ്പതികളുടെ കാര്യത്തിലും ഇതു ബാധകമായിരിക്കാം.
ഓരോ കുട്ടിയും തനതായ ജനിതക സ്വഭാവവിശേഷങ്ങൾ അവകാശമാക്കുന്നു. മാതാപിതാക്കൾ സ്വന്തം കുട്ടികളുടെ പ്രവണതകളിൽ വിസ്മയം കൊള്ളാറുണ്ട്. എന്നാൽ ഒരു കുഞ്ഞിന്റെ മാതാപിതാക്കൾ ആരെന്നത് അറിയില്ലെങ്കിൽ അതിന്റെ മാനസികവും വൈകാരികവുമായ കഴിവുകൾ വിലയിരുത്താൻ ബുദ്ധിമുട്ടാണ്.
വിദ്യാലയ നേട്ടങ്ങൾക്കു നിങ്ങൾ ഏറെ മൂല്യം കൽപ്പിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ നിങ്ങൾ ദത്തെടുത്ത കുട്ടി, നിങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുന്നില്ലെങ്കിൽ നിങ്ങൾക്കെന്തു തോന്നും? നിങ്ങൾ കൈകാര്യം ചെയ്തേക്കാവുന്ന ഒരു വെല്ലുവിളിയായി, മാനസികമായോ ശാരീരികമായോ വൈകല്യങ്ങളുള്ള ഒരു കുട്ടിയെ നിങ്ങൾ കാണുമോ?
ദത്തെടുക്കൽ ഏജൻസികളിലെ പരിശീലിത വ്യക്തികളോ ഗവൺമെൻറ് സാമൂഹിക പ്രവർത്തകരിൽപ്പെട്ടവരോ ദത്തെടുപ്പിനു മുമ്പായി നിങ്ങളോട് ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കും. അവരുടെ അതിരുകടന്ന ഉത്കണ്ഠ, കുട്ടിയുടെ സുരക്ഷിതത്വത്തെയും സന്തോഷത്തെയും പ്രതിയായിരിക്കണം.
നിങ്ങൾ ദത്തെടുക്കാൻ തീരുമാനിക്കുന്നുവെങ്കിൽ . . .
ഓരോ രാജ്യത്തിനും അതിന്റേതായ ദത്തെടുക്കൽ നിയമങ്ങളും ചട്ടങ്ങളും ഉണ്ട്. ഇവ പഠിക്കേണ്ടത് ആവശ്യമാണ്. ബ്രിട്ടനിൽ നൂറുകണക്കിനു ദത്തെടുക്കൽ സൊസൈറ്റികളുണ്ട്. സാധാരണമായി അവ സ്ഥലത്തെ ഗവൺമെൻറ് അധികൃതരുമായി സഹകരിച്ചാണു പ്രവർത്തിക്കുന്നത്. എല്ലാ സൊസൈറ്റികൾക്കും അവയുടേതായ നിയമങ്ങളുണ്ട്.
പ്രത്യേകിച്ചും ബ്രിട്ടനിൽ പ്രചാരത്തിലുള്ളതാണ് ദത്തെടുക്കൽ പാർട്ടികൾ. ഇവിടെ അസംഖ്യം ഭാവിമാതാപിതാക്കൾക്ക്, ഒറ്റയ്ക്കൊറ്റയ്ക്കുള്ള കൂടിക്കാഴ്ചയിൽനിന്നുളവാകുന്ന വൈകാരിക സംഘർഷമില്ലാതെതന്നെ ദത്തെടുക്കലിനുള്ള കുട്ടികളുമായി ഇടപഴകാവുന്നതാണ്. ആയാസരഹിതമായ അന്തരീക്ഷം, ഭാവിമാതാപിതാക്കൾക്കു വേണ്ടെന്നു തീരുമാനിക്കുന്നതു കൂടുതൽ എളുപ്പമാക്കിത്തീർക്കുന്നു. മാത്രമല്ല, ഏവരുടേയും ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിധം കുട്ടികളെ വ്യക്തിഗതമായി മാറ്റിനിർത്തുന്നില്ലാത്തതിനാൽ അവർ നിരാശരാകാനുള്ള സാധ്യതയും കുറവാണ്.
ദത്തെടുക്കാനാഗ്രഹിക്കുന്നവർക്കു പ്രായപരിധി വയ്ക്കാറുണ്ട്, അതായത് മുപ്പത്തഞ്ചിനോ നാൽപ്പതിനോ അടുത്ത പ്രായം. എന്നാൽ ഇതു പലപ്പോഴും ശിശുക്കളെ ദത്തെടുക്കുന്ന കാര്യത്തിൽ മാത്രമേ ബാധകമാകുന്നുള്ളൂ, മുതിർന്ന കുട്ടികളുടെ കാര്യത്തിൽ ഇത് ആവശ്യമല്ല. ഭാവിമാതാപിതാക്കളുടെ ആയുർപ്രതീക്ഷ കണക്കിലെടുത്താണു പ്രായപരിധി നിശ്ചയിക്കുന്നതെന്നു ദത്തെടുക്കൽ സൊസൈറ്റികൾ പറയുന്നു. എങ്കിലും, പ്രായമേറുന്തോറും വിലയേറിയ അനുഭവപരിചയങ്ങളും ഏറുമെന്ന് അവർക്കറിയാം.
വർഷങ്ങൾക്കു മുമ്പ്, വിവാഹിതരായ ദമ്പതികളുമായി മാത്രമേ ദത്തെടുക്കലിനുള്ള ക്രമീകരണം ചെയ്യാനാകുമായിരുന്നുള്ളൂ. ഇക്കാലത്ത് അവിവാഹിതരായവർക്കും ചില കുട്ടികളെ ദത്തെടുക്കുന്നതിനു വിജയപ്രദമായി അപേക്ഷിക്കാം. കൂടാതെ, തൊഴിലില്ലായ്മയോ വൈകല്യമോ ഭാവിമാതാപിതാക്കളെ പിന്തള്ളാനുള്ള കാരണങ്ങളായിരിക്കണമെന്നില്ല. ഈ ക്രമീകരണം കുട്ടിക്ക് എന്തു വാഗ്ദാനം ചെയ്യുമെന്നതാണ് അടിസ്ഥാന ചോദ്യം.
ഒടുവിൽ ഒരു ദത്തെടുക്കൽ തീരുമാനിച്ചുറപ്പിച്ചെങ്കിൽപോലും, കാര്യങ്ങൾ നന്നായി പോകുന്നുവെന്ന് ഉറപ്പുവരുത്താൻ മാതാപിതാക്കളെ കൂടെക്കൂടെ നിരീക്ഷിക്കാവുന്നതാണ്.
മറ്റൊരു വർഗത്തിൽനിന്നോ?
മുപ്പതു വർഷങ്ങൾക്കു മുമ്പ്, ബ്രിട്ടനിലെ കറുത്തവംശജരായ കുട്ടികളെ കറുത്തവംശത്തിൽപെട്ട കുടുംബങ്ങൾക്കു ദത്തു നൽകുക പ്രയാസകരമായിരുന്നതിനാൽ ഒട്ടുമിക്കവരെയും വെള്ളക്കാരായ മാതാപിതാക്കളാണു ദത്തെടുത്തത്. 1989 മുതൽ കുട്ടികളെ ഒരേ വർഗീയ പശ്ചാത്തലത്തിൽനിന്നുള്ള മാതാപിതാക്കൾക്കു ദത്തു നൽകുന്നതു ബ്രിട്ടനിൽ ഒരു ദേശീയനയമായിത്തീർന്നിരിക്കുന്നു. ഇപ്രകാരം ഒരു കുട്ടി തന്റെ വംശവുമായും സംസ്ക്കാരവുമായും കൂടുതൽ നന്നായി പൊരുത്തപ്പെടുമെന്നു കരുതുന്നു. എങ്കിലും ഇതു വിരോധാഭാസപരമായ ചില സാഹചര്യങ്ങളിലേക്കു നയിച്ചിട്ടുണ്ട്.
ഒരു കറുത്ത കുട്ടിയെ ദത്തെടുക്കാൻ പ്രാപ്തരാക്കുന്നതിനു വെള്ളക്കാരായ ചില മാതാപിതാക്കളെ “‘കറുത്തവംശജരാ’യി പുനഃവർഗീകരണം ചെയ്തു”വെന്നു ദ സൺഡെ ടൈംസ് ഈയിടെ റിപ്പോർട്ടു ചെയ്തു. വെള്ളക്കാരായ മാതാപിതാക്കൾ ഒരു കറുത്ത കുട്ടിയെ പരിപാലിക്കന്നത് അസാധാരണമല്ല, ഒരു താത്കാലിക അടിസ്ഥാനത്തിലാണ് അവർ കുട്ടിയെ സംരക്ഷിക്കുന്നതെന്നർഥം. എന്നാൽ, പിന്നീട് ആ കുട്ടിയെ സ്ഥിരമായി ദത്തെടുക്കുന്നതിനുള്ള അവകാശം നിഷേധിക്കപ്പെടുമ്പോഴുള്ള പരിണതഫലം കുട്ടിക്കും മാതാപിതാക്കൾക്കും ഒരുപോലെ ഉണ്ടാകുന്ന വൈകാരിക ക്ഷതമാണ്.
ഇന്ത്യാക്കാരായ രണ്ടു കുട്ടികളെ ആറു വർഷത്തോളം വളർത്തിക്കൊണ്ടുവന്ന ഒരു സ്ക്കോട്ടിഷ് ദമ്പതികൾക്ക് ഇത്തരത്തിലുള്ള സമ്മിശ്രവർഗ ദത്തെടുക്കലിന്റെ പ്രശ്നം നേരിടേണ്ടി വന്നു. മാതാപിതാക്കൾ “കുട്ടികളെ തങ്ങളുടെ [വംശീയ] താദാത്മ്യത്തെപ്പറ്റി ബോധമുള്ളവരാക്കുമെന്നും അവരുടെ വംശീയ ഉത്പത്തിയെയും പാരമ്പര്യങ്ങളെയും സംബന്ധിച്ച ധാരണയോടെ വളർത്തിക്കൊണ്ടുവരാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നു”മുള്ള ധാരണയിന്മേൽ കോടതി ദത്തെടുപ്പ് അനുവദിച്ചതായി ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ഈ സംഗതിയിൽ ദത്തെടുത്ത മാതാപിതാക്കൾ മുമ്പുതന്നെ അപ്രകാരം ചെയ്യുന്നുണ്ടായിരുന്നു. കുട്ടികളെ പഞ്ചാബി പഠിപ്പിച്ചിരുന്നതിനുപുറമേ ചിലപ്പോൾ അവരെ തങ്ങളുടെ ദേശീയ വേഷഭൂഷാദികൾ അണിയിച്ചിരുന്നു.
സമ്മിശ്രവർഗ ദത്തെടുക്കൽ കൂടുതൽ ഉദാരമായി അനുവദിക്കണമെന്നു പറഞ്ഞ ഒരു ബ്രിട്ടീഷ് സാമൂഹിക സേവനവിഭാഗത്തിന്റെ വനിതാ വക്താവിന്റെ വീക്ഷണഗതികളോടു പലരും യോജിക്കും. “നമ്മൾ ബഹുമുഖസംസ്ക്കാരമുള്ള ഒരു സമൂഹത്തിലാണു ജീവിക്കുന്നത്, ദത്തെടുക്കലും പരിപാലനവും അതു പ്രതിഫലിപ്പിക്കണം,” അവർ പറഞ്ഞു.
വിദേശത്തുനിന്നോ?
ദി ഇൻഡിപ്പെന്റൻറ് പത്രം പറയുന്നതനുസരിച്ച്, വിദേശരാജ്യങ്ങളിൽനിന്നുള്ള കുട്ടികളുടെ ദത്തെടുക്കൽ, തഴച്ചുവളരുന്ന ഒരു വാണിജ്യമാണ്. ചില ഇടപാടുകൾ നിയമാനുസൃതമല്ലാത്തവയായിരിക്കാമെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും, കിഴക്കൻ യൂറോപ്പിൽനിന്നാണ് ബ്രിട്ടൻ കൂടുതലായും കുട്ടികളെ ദത്തെടുക്കുന്നത്.
ദൃഷ്ടാന്തത്തിന്, മുൻ യുഗോസ്ലാവ്യയുടെ തകർച്ചയുടെ സമയത്തു ബലാൽസംഗത്തിന്റെ ഫലമായി ജനിച്ച ശിശുക്കൾ ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്. മാസം തികഞ്ഞു കുട്ടിയെ പ്രസവിക്കുന്നപക്ഷം ദത്തെടുക്കൽ വാഗ്ദാനം ചെയ്യുന്ന ഒരു “ശിശു ദല്ലാളി”ന്റെ ഇടപെടലില്ലായിരുന്നെങ്കിൽ മറ്റുചില ശിശുക്കൾ ഗർഭച്ഛിദ്രത്തിന് ഇരയാകുമായിരുന്നു എന്ന് അവകാശപ്പെടുന്നു. എന്നാൽ പാശ്ചാത്യരാജ്യങ്ങളിലെ ഗവൺമെൻറുകൾക്ക്, ഇവയിൽ ചില ദത്തെടുക്കലുകൾ ശരിയാക്കുന്നതിനു നൽകുന്ന പണത്തെ സംബന്ധിച്ചാണ് ഉത്കണ്ഠ.
കൂടുതൽ ഉത്കണ്ഠയ്ക്കു വകനൽകുന്ന മറ്റൊരു സംഗതി, ജനനസമയത്തു ഡോക്ടർമാർ നടത്തുന്ന വ്യാജപ്രസ്താവനകളാണ്. ഉക്രെയിനിലെ ചില അമ്മമാരോട്, അവർ പ്രസവിച്ചതു ചാപിള്ളകളായിരുന്നുവെന്നു പറഞ്ഞതായുള്ള ആരോപണങ്ങളെക്കുറിച്ച് ദി യൂറോപ്യൻ എന്ന വർത്തമാനപത്രം റിപ്പോർട്ടു ചെയ്തു. ഈ ശിശുക്കളെ പിന്നീടു വിറ്റതായും പറയപ്പെടുന്നു. മറ്റു ചില അമ്മമാരോടു പറഞ്ഞത് അവരുടെ കുട്ടികൾ മാനസിക വൈകല്യമുള്ളവരായിരുന്നുവെന്നായിരിക്കാം. ഇത്തരത്തിലുള്ള സമ്മർദത്തിൻകീഴിൽ, പരിഭ്രാന്തരായ അമ്മമാർ തങ്ങളുടെ മക്കളെ ഒപ്പിട്ടു ദത്തു നൽകാൻ സ്വാധീനിക്കപ്പെടുന്നു. ഇനിയും മറ്റുചില കുട്ടികളാകട്ടെ, തങ്ങൾ അയയ്ക്കപ്പെട്ട അനാഥാലയങ്ങളിൽ എത്തുന്നതിനുപകരം വിദേശരാജ്യങ്ങളിലായിരിക്കാം എത്തിപ്പെടുന്നത്.
വികസ്വരരാഷ്ട്രങ്ങളിൽ അമർഷം നുരഞ്ഞുപൊങ്ങുന്നു. സമ്പത്സമൃദ്ധമായ പടിഞ്ഞാറ്, ദത്തെടുത്ത് കുട്ടികളെ ഒരു വിദേശസംസ്ക്കാരത്തിലേക്കു കൊണ്ടുപോകുന്നതിനുപകരം അവരെ സ്വരാജ്യത്തെ പരിസ്ഥിതിയിൽതന്നെ സംരക്ഷിക്കുന്നതിനായി തദ്ദേശ കുടുംബങ്ങളെ കൂടുതൽ സഹായിക്കുകയാണു വേണ്ടതെന്ന അവകാശവാദം അവർ ഉന്നയിക്കുന്നു.
ഒട്ടുമിക്ക സംസ്ക്കാരങ്ങളിലും, സമുദായത്തിന്റെ നട്ടെല്ലായ വിസ്തൃതകുടുംബമെന്ന യുഗങ്ങളോളം പഴക്കമുള്ള സമ്പ്രദായവും പാശ്ചാത്യരാജ്യങ്ങൾ മനസ്സിലാക്കണം. മാതാപിതാക്കൾ മരിച്ചാലും സ്വജാതിക്കാർക്കിടയിൽ ജീവിക്കുമ്പോൾ, സാധാരണനിലയിൽ കുട്ടി ഒരിക്കലും സംരക്ഷിക്കപ്പെടാതിരിക്കില്ല. അടുത്ത കുടുംബാംഗങ്ങളായ അപ്പൂപ്പനും അമ്മൂമ്മയ്ക്കുംപുറമെ, അമ്മായിമാരും അമ്മാവൻമാരും ഉൾപ്പെട്ട വലിയ കുടുംബം കുട്ടിയെ തങ്ങളുടേതായി കരുതും. മാത്രമല്ല, ദത്തെടുക്കലിനായുള്ള എന്തെങ്കിലും അഭ്യർഥനകൾ തെറ്റിദ്ധരിക്കപ്പെടാനും ഒരു അനാവശ്യ ഇടപെടലായി വീക്ഷിക്കപ്പെടാനും ഇടയുണ്ട്.a
ഒരു ദത്തെടുക്കൽ ക്രമീകരിക്കുന്നത് എളുപ്പമല്ല. അതു തീരുമാനിച്ചുറപ്പിച്ചെങ്കിൽപോലും, അതു വിജയപ്രദമാക്കാൻ കഠിനാധ്വാനം ആവശ്യമാണ്. എന്നാൽ നമ്മൾ കാണാൻപോകുന്നതുപോലെ ഏറെ സന്തോഷങ്ങളും അതിലുണ്ട്.
[അടിക്കുറിപ്പ്]
a കുട്ടികളെ മറ്റു കുടുംബാംഗങ്ങൾക്കു വളർത്താൻ നൽകുന്ന സമ്പ്രദായത്തെസംബന്ധിച്ച ഒരു സമ്പൂർണ ചർച്ചക്കു വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച 1988 സെപ്റ്റംബർ 1-ലെ വീക്ഷാഗോപുരത്തിന്റെ [ഇംഗ്ലീഷ്] 28-30 പേജുകൾ കാണുക.
[5-ാം പേജിലെ ചതുരം]
എന്റെ മകൻ എന്നെ അന്വേഷിക്കുമോ?
എനിക്കു 11 വയസ്സുണ്ടായിരുന്നപ്പോൾ എന്റെ മാതാപിതാക്കൾ വിവാഹമോചനം നേടി. സ്നേഹത്തിനായി ഞാൻ ഉഴന്നു. കോളേജിലായിരുന്നപ്പോൾ ഞാൻ ഒരു പ്രണയബന്ധത്തിലേർപ്പെട്ടു; സ്നേഹം സമ്പാദിക്കാനുള്ള എന്റെ മാർഗമായിരുന്നു അത്. എന്റെ മനോവ്യഥക്ക് ആക്കംകൂട്ടുന്നവിധം ഞാൻ ഗർഭിണിയാണെന്നു കണ്ടെത്തി. അത് ഏറെ ആക്ഷേപകരമായിരുന്നു. ഞാനും എന്റെ സഹവിദ്യാർഥിയും പക്വതയെത്താത്തവരായിരുന്നു. ഞാൻ ഒരിക്കലും മയക്കുമരുന്നോ മദ്യമോ പുകയിലയോ ഉപയോഗിച്ചിരുന്നില്ല. എന്നാൽ എന്റെ കാമുകൻ എൽഎസ്ഡി ഉപയോഗിച്ചനാൾമുതൽ വഷളായിത്തീർന്നിരുന്നു.
ഗർഭച്ഛിദ്രം നടത്താനുള്ള ഉപദേശം എനിക്കു ലഭിച്ചു. എന്നാൽ എന്റെ പിതാവ് അതിൽനിന്നും എന്നെ പറഞ്ഞു പിന്തിരിപ്പിച്ചു. ഗർഭവതിയാകാൻ എനിക്ക് ഇഷ്ടമില്ലായിരുന്നു, ഒപ്പം ഒരു ജീവൻ നശിപ്പിക്കാനും. 1978-ൽ എന്റെ മകൻ ജനിച്ചപ്പോൾ, അവന്റെ ജനനസർട്ടിഫിക്കറ്റിൽ പിതാവിന്റെ പേരു നൽകില്ലെന്നു ഞാൻ തീർച്ചയാക്കി. പിതാവിന് അവനുമായി ബന്ധമുണ്ടായിരിക്കരുതെന്ന് ഉറപ്പുവരുത്താനായിരുന്നു അത്. യഥാർഥത്തിൽ, ജനിച്ചയുടൻ കുട്ടിയെ ദത്തുനൽകാമെന്നു ഞാൻ സമ്മതിച്ചു. അതുകൊണ്ട് അവനെ ഉടൻതന്നെ എന്റെയടുക്കൽനിന്നുമാറ്റി നേരെ ഒരു താത്കാലികസംരക്ഷണകേന്ദ്രത്തിൽ ഏൽപ്പിച്ചു. ഞാൻ അവനെ കണ്ടതുപോലുമില്ല. പിന്നെ ഞാൻ എന്റെ മനസ്സുമാറ്റി. എന്റെ കുഞ്ഞിനെ സംരക്ഷണകേന്ദ്രത്തിൽനിന്നും കൊണ്ടുവന്ന് സ്വയം അവനെ വളർത്തിക്കൊണ്ടുവരാൻ ഞാൻ കഠിനമായി ശ്രമിച്ചു. എന്നാൽ എനിക്കതിനായില്ല. ഞാൻ വൈകാരികമായി തകരുമെന്ന ഘട്ടത്തോളമെത്തി.
ദത്തെടുക്കലിന് ഉത്തരവിട്ടപ്പോൾ എന്റെ മകന് ആറു മാസത്തോടടുത്തു പ്രായമാണുണ്ടായിരുന്നത്. അങ്ങനെ എനിക്ക് അവനെ വിട്ടുകൊടുക്കേണ്ടി വന്നു. ആരോ എന്നെ ഒരു കഠാരകൊണ്ടു കുത്തിയതുപോലെ അനുഭവപ്പെട്ടതായി ഞാനോർക്കുന്നു. വൈകാരികമായി ഞാൻ മരിച്ചു. വിദഗ്ധ ബുദ്ധ്യുപദേശം ലഭിച്ചതിനുശേഷം മാത്രമേ, കഴിഞ്ഞ രണ്ടുവർഷത്തോളമായി എനിക്ക് അർഥപൂർണമായ ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ സാധിച്ചുള്ളൂ. എനിക്കു ദുഃഖിക്കാനാകുമായിരുന്നില്ല, കാരണം എന്റെ മകൻ മരിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ അവനെക്കുറിച്ചോർക്കാനും എനിക്കാകുമായിരുന്നില്ല—അങ്ങനെ ചെയ്യാൻ ഞാൻ സ്വയം വിസമ്മതിച്ചു. അതു വല്ലാത്ത ഒന്നായിരുന്നു.
“നിങ്ങളുടെ കുഞ്ഞിനെ ദത്തുനൽകുകയാണെങ്കിൽ, നിങ്ങൾ കുഞ്ഞിനെ സ്നേഹിക്കുന്നില്ലെന്നാണ് അർഥം” എന്നൊക്കെ ആളുകൾ പറയുന്നതാണ് ഏറ്റവും മുറിപ്പെടുത്തുന്നത്. എന്നാൽ എന്റെ കാര്യത്തിൽ അതു സത്യമായിരുന്നില്ല! എന്റെ മകനെ സ്നേഹിച്ചിരുന്നതുകൊണ്ടാണ് ഞാൻ അവനെ വിട്ടുകൊടുത്തത്! ‘ഞാൻ ഇനി എന്തുചെയ്യും? എനിക്കെന്തുചെയ്യാൻ കഴിയും?’ എന്ന് അവസാനനിമിഷംവരെ ഞാൻ സ്വയം ചോദിച്ചുകൊണ്ടിരുന്നു. വേറൊരു മാർഗവുമില്ലായിരുന്നു. എനിക്കു പോരാടി ജയിക്കാനാവില്ലെന്നും ഞാൻ അവനെ വെച്ചുകൊണ്ടിരിക്കാൻ ശ്രമിച്ചാൽ എന്റെ കുഞ്ഞ് കഷ്ടപ്പെടേണ്ടിവരുമെന്നും എനിക്കറിയാമായിരുന്നു.
ഇംഗ്ലണ്ടിലെ സമൂഹം ഇപ്പോൾ മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളെ സ്വീകരിക്കുന്നു—എന്നാൽ ഞാൻ കുട്ടിക്കു ജന്മം നൽകിയ കാലത്ത് അങ്ങനെയല്ലായിരുന്നു. എന്റെ മകനെ ശരിയായവിധം സംരക്ഷിക്കാനായിരുന്നെങ്കിൽ എന്നു ഞാൻ ആശിക്കുന്നു. ഈയിടെ എനിക്കു ലഭിച്ച ബുദ്ധ്യുപദേശം സഹായകരമായേനെ എന്നു ഞാൻ വിചാരിക്കുന്നു, എന്നാൽ ഇപ്പോൾ അതു വളരെ വൈകിയിരിക്കുന്നു. എന്റെ മകൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടായിരിക്കുമോ? അവൻ വളർന്ന് ഇപ്പോൾ ഏതുതരക്കാരനായിരിക്കും? 18 വയസ്സായാൽ കുട്ടികൾക്കു തങ്ങളുടെ മാതാപിതാക്കളെ അന്വേഷിക്കാൻ നിയമപരമായി അവകാശമുണ്ട്. എന്റെ മകൻ എന്നെ അന്വേഷിക്കുമോയെന്നു പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്.—സംഭാവന ചെയ്യപ്പെട്ടത്.
[8-ാം പേജിലെ ചതുരം/ചിത്രം]
അതു ഞങ്ങളുടെ കാര്യത്തിൽ വിജയിച്ചു
കൗമാരപ്രായക്കാരായ രണ്ട് ആൺമക്കളുള്ള, സംതൃപ്തവും ഒരുമയുള്ളതുമായ ഒരു ഇംഗ്ലീഷ് കുടുംബമായിരുന്നു ഞങ്ങളുടേത്. ഒരു മകൾ—അതും ഒരു വ്യത്യസ്ത വംശത്തിൽപെട്ടവൾ—ഉണ്ടായിരിക്കുകയെന്ന ആശയം ഒരിക്കലും ഞങ്ങളുടെ മനസ്സിലുദിച്ചിരുന്നില്ല. പിന്നീടു കേത്തി ഞങ്ങളുടെ ജീവിതത്തിലേക്കു കടന്നുവന്നു. ഇംഗ്ലണ്ടിൽ ലണ്ടനിലാണു കേത്തി ജനിച്ചത്. ഒരു റോമൻ കത്തോലിക്കയായാണ് അവളെ വളർത്തിക്കൊണ്ടുവന്നത്. എന്നാൽ ഒരു ചെറിയകുട്ടിയായിരിക്കുമ്പോൾതന്നെ തന്റെ അമ്മയോടൊപ്പം യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിൽ അവൾ ഏതാനും യോഗങ്ങളിൽ സംബന്ധിച്ചിട്ടുണ്ട്. 10 വയസ്സുള്ളപ്പോൾ അവളെ കുട്ടികൾക്കായുള്ള ഒരു പരിപാലനകേന്ദ്രത്തിലാക്കി.
അവിടെ കാര്യങ്ങൾ ഏറെ പ്രയാസകരമായിരുന്നെങ്കിലും, തനിച്ച് രാജ്യഹാളിലെ യോഗങ്ങളിൽ സംബന്ധിക്കാൻ എങ്ങനെയോ അവൾക്കു സാധിച്ചിരുന്നു. അവിടെവെച്ചാണു ഞങ്ങൾ അവളെ കണ്ടുമുട്ടുന്നതും. കേത്തി നല്ല വിവേകമുള്ള ഒരു പെൺകുട്ടിയായിരുന്നു. ഞാനും എന്റെ ഭാര്യയും കുട്ടികൾക്കുള്ള പരിപാലനകേന്ദ്രത്തിൽ അവളെ സന്ദർശിച്ചപ്പോൾ, മറ്റു പെൺകുട്ടികൾ ഒട്ടിച്ചുവെച്ചിട്ടുള്ള പോപ്താരങ്ങളുടെ പോസ്റ്ററുകളിൽനിന്നു വ്യത്യസ്തമായി അവളുടെ കിടക്കയ്ക്കരികിലുള്ള ചുവർ, മൃഗങ്ങളുടെ പടങ്ങളും ഗ്രാമീണ ദൃശ്യങ്ങളുംകൊണ്ടു നിറഞ്ഞിരുന്നതായി ഞങ്ങൾ ശ്രദ്ധിച്ചു.
കുറച്ചുനാൾ കഴിഞ്ഞപ്പോൾ കേത്തിക്ക് ഒരു കമ്മിറ്റിയുടെ മുമ്പാകെ ഹാജരാകേണ്ടിവന്നു. പരിപാലനകേന്ദ്രംവിട്ട് ഒരു കുടുംബത്തോടൊപ്പം കഴിയാൻ താത്പര്യമുണ്ടോ എന്ന് അവർ അവളോടു ചോദിച്ചു. “യഹോവയുടെ സാക്ഷികളുടെ ഒരു കുടുംബത്തോടൊപ്പംമാത്രം,” അവൾ മറുപടി നൽകി. കേത്തി ഇതേക്കുറിച്ചും അവൾ പറഞ്ഞതിനെക്കുറിച്ചും ഞങ്ങളെ അറിയിച്ചപ്പോൾ അതു ഞങ്ങൾക്കു ചിന്തിക്കാൻ വകനൽകി. ഞങ്ങൾക്ക് ഒരു കിടപ്പുമുറി അധികമുണ്ടായിരുന്നു. ഇത്തരത്തിലുള്ള ഒരു ചുമതല ഞങ്ങൾക്ക് ഏറ്റെടുക്കാനാവുമോ? കുടുംബം ഒത്തൊരുമിച്ചു ഞങ്ങൾ ഇതിനെക്കുറിച്ചു സംസാരിക്കുകയും പ്രാർഥിക്കുകയും ചെയ്തു. ഈ സമീപനം—കുട്ടിയുടെ അഭിപ്രായം ആരായുക എന്നത്—സാമൂഹിക സേവനവിഭാഗത്തിന്റെ പക്ഷത്തുനിന്നുള്ള ഒരു പുതിയ ശ്രമമായിരുന്നെന്ന് ഏറെക്കഴിഞ്ഞാണു ഞങ്ങൾക്കു മനസ്സിലായത്. അന്ന്, ഈ രീതി പരീക്ഷിച്ച് ഫലങ്ങൾ രേഖയിലാക്കിക്കൊണ്ടിരിക്കുകയായിരുന്നു.
സാമൂഹിക സേവനവിഭാഗം പോലീസിനോടും ഞങ്ങളുടെ ഡോക്ടറോടും ഞങ്ങളെക്കുറിച്ച് അന്വേഷിച്ച് വ്യക്തിഗത വിവരങ്ങൾ മനസ്സിലാക്കി. താമസിയാതെ, ഒരു കരാർ രൂപീകരിക്കപ്പെട്ടു. ഞങ്ങൾക്കു കേത്തിയെ ഒരു പരീക്ഷണാടിസ്ഥാനത്തിൽ കൊണ്ടുപോകാമെന്നും അവളെ ഇഷ്ടമില്ലാതെവരുന്നപക്ഷം തിരിച്ചയയ്ക്കാമെന്നും ഞങ്ങളോടു പറഞ്ഞു! ഇതു ഞങ്ങളെ സംഭ്രമിപ്പിച്ചു. ഞങ്ങൾ അതൊരിക്കലും ചെയ്യില്ലെന്നു തറപ്പിച്ചു പറഞ്ഞു. ഞങ്ങൾ ഔദ്യോഗികമായി കേത്തിയെ വീട്ടിലേക്കു കൊണ്ടുപോകുമ്പോൾ അവൾക്കു 13 വയസ്സായിരുന്നു.
ഞങ്ങൾക്കേവർക്കുമിടയിലുള്ള അതിവിശിഷ്ടമായ സ്നേഹബന്ധം ശക്തിപ്പെട്ടുകൊണ്ടേയിരിക്കുന്നു. കേത്തി ഇപ്പോൾ ലണ്ടന്റെ വടക്കുഭാഗത്തു യഹോവയുടെ സാക്ഷികളുടെ ഒരു ഫ്രഞ്ച് സഭയോടൊത്തു പയനിയറായി (ഒരു മുഴുസമയ സുവിശേഷകയായി) സേവനമനുഷ്ഠിക്കുന്നു. പയനിയറിങ്ങിനായി വീടു വിട്ടപ്പോൾ, അവൾ ഞങ്ങൾക്കു ഹൃദയസ്പർശിയായ ഒരു കുറിപ്പെഴുതി: “‘നിങ്ങളുടെ കുടുംബം നിങ്ങൾക്കു തിരഞ്ഞെടുക്കാനാവില്ല’ എന്ന ഒരു ചൊല്ലുണ്ട്. എങ്കിലും എന്നെ തിരഞ്ഞെടുത്തതിൽ ഹൃദയപൂർവം ഞാൻ നിങ്ങൾക്കു നന്ദി പറയുന്നു.”
കേത്തി വന്നുചേർന്നതിൽ ഞങ്ങൾ ഏറെ കൃതാർഥരാണ്! അവളെ ഞങ്ങളുടെ കുടുംബത്തിന്റെ ഒരു ഭാഗമാക്കിയത്, ഞങ്ങളുടെ ജീവിതത്തെ പരിപുഷ്ടിപ്പെടുത്തി. അതു ഞങ്ങളുടെ കാര്യത്തിൽ വിജയിച്ചു!—സംഭാവന ചെയ്യപ്പെട്ടത്.
[ചിത്രം]
കേത്തി അവളുടെ വളർത്തു മാതാപിതാക്കളോടും സഹോദരങ്ങളോടുമൊത്ത്
[7-ാം പേജിലെ ചിത്രം]
ഒട്ടേറെ കുട്ടികൾ മാതാപിതാക്കളിൽനിന്നുള്ള വാത്സല്യത്തിനും സംരക്ഷണത്തിനുമായി കേഴുന്നു