ദത്തെടുക്കൽ—ഞാൻ അതെങ്ങനെ വീക്ഷിക്കണം?
ദത്തെടുത്ത മാതാപിതാക്കൾ വിവാഹമോചനം നേടുകയോ അല്ലെങ്കിൽ പങ്കാളികളിലൊരാൾ മരിക്കുകയോ ചെയ്താൽ പ്രശ്നങ്ങൾ പൊന്തിവന്നേക്കാമെന്നത് എടുത്തുപറയേണ്ടതില്ലല്ലോ. എന്നാൽ സമ്മർദം കൂടുതൽ അനുഭവപ്പെടുന്നതു ദത്തെടുക്കപ്പെട്ട കുട്ടിക്കായിരിക്കും. എന്തുകൊണ്ട്?
നമ്മിൽ ഭൂരിപക്ഷം ആളുകൾക്കും നമ്മുടെ യഥാർഥ മാതാപിതാക്കൾ ആരെന്ന് അറിയാം. ജീവിതത്തിൽ നേരത്തെതന്നെ അവരെ നഷ്ടമായിട്ടുണ്ടെങ്കിലും, കണ്ണികൾ മുഴുമിപ്പിക്കാൻ ഓർമകളോ അല്ലെങ്കിൽ മിക്കവാറും ഏതാനും ഫോട്ടോകളോ നമുക്കുണ്ടായിരിക്കും. എന്നാൽ ജനിച്ചയുടൻ ദത്തെടുക്കപ്പെട്ട ഒരു കുഞ്ഞിനെ സംബന്ധിച്ചോ? അമ്മയെക്കുറിച്ചുള്ള വിവരങ്ങൾ ദത്തെടുപ്പു സൊസൈറ്റി സൂക്ഷിച്ചുവയ്ക്കുന്നുണ്ടെങ്കിലും, ആ വിവരങ്ങൾ കുട്ടി പ്രായപൂർത്തിയാകുന്നതുവരെ ലഭ്യമാക്കുന്നില്ല. മറ്റു ചില സാഹചര്യങ്ങളിൽ, ജനനസർട്ടിഫിക്കറ്റിൽ മാതാവു തന്റെ സ്വന്തം പേര് എഴുതുകയും പിതാവിന്റെ പേര് ഒഴിവാക്കുകയും ചെയ്യുന്നു. ചില ശിശുക്കൾ—അജ്ഞാതരായ തങ്ങളുടെ മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ടതിനുശേഷം കണ്ടെത്തപ്പെട്ട—അനാഥശിശുക്കളാണ്. ഈ സാഹചര്യങ്ങളിലുള്ള കുട്ടികളെല്ലാംതന്നെ ജഡികബന്ധങ്ങളില്ലാത്തവരാണ്—തങ്ങളുടെ പശ്ചാത്തലത്തിൽനിന്നോ ഉത്ഭവസ്ഥലത്തുനിന്നോ തങ്ങളെ വിച്ഛേദിച്ചതുപോലെ അവർക്കു തോന്നിയേക്കാം.
എത്രത്തോളം സ്ഥിരതയുള്ളത്?
ഉറപ്പോടെ നിൽക്കണമെങ്കിൽ മരങ്ങൾക്കു നല്ല ഒരു വേരുപടലം ആവശ്യമാണ്. മൂത്ത ഒരു തടിയിലേക്ക് ഒട്ടിച്ചുചേർത്ത ഒരു ഇളംകൊമ്പു നന്നായി തഴച്ചുവളർന്നേക്കാമെങ്കിലും ചിലപ്പോൾ അതു വാടിപ്പോവുകയോ ഫലം കായ്ക്കാതിരിക്കുകയോ ചെയ്തേക്കാം. അതുപോലെതന്നെ ദത്തെടുത്ത മാതാപിതാക്കൾ സാധ്യമാകുന്നിടത്തോളം ശ്രദ്ധയും സ്നേഹപൂർവമായ പരിചരണവും നൽകിയേക്കാമെങ്കിലും, തങ്ങളുടെ യഥാർഥ ജഡികബന്ധങ്ങളിൽനിന്ന് അടർത്തിമാറ്റിയതിന്റെ നടുക്കത്തിൽനിന്നു ചില കുട്ടികൾ ഒരിക്കലും വിമുക്തരാകുകയില്ല.
കെയ്റ്റിന്റെ കാര്യമെടുക്കുക.a വെസ്റ്റ് ഇന്ത്യൻ മാതാപിതാക്കളിൽനിന്നു ജനിച്ച കൊച്ചു കെയ്റ്റിനെ, സ്നേഹസമ്പന്നരും കരുതലുള്ളവരുമായ വെള്ളക്കാരായ ഒരു ദമ്പതികൾ ദത്തെടുത്തു. എന്നാൽ തന്റെ പുതിയ പരിതഃസ്ഥിതിയുമായി ഇഴുകിച്ചേരാൻ അവൾക്കായില്ല. 16-ാം വയസ്സിൽ അവൾ എന്നെന്നേക്കുമായി വീടുവിട്ടു. പാരുഷ്യം അപ്പോഴേക്കും അകാരണമായ വിദ്വേഷമായി മാറിയിരുന്നു. “എന്റെ അമ്മ എന്തിനാണ് എന്നെ നിങ്ങൾക്കു തന്നത്?” ധിക്കാരത്തോടെ അവൾ ചോദിച്ചു. ദുഃഖകരമെന്നു പറയട്ടെ, ഈ കുടുംബത്തിന് ആ വിടവു നികത്താനായില്ല.
മെർവിൻ, ജനനസമയത്തു പ്രാദേശിക അധികൃതരുടെ പക്കലും പിന്നീടു വളർത്തുമാതാപിതാക്കളുടെ പക്കലും ഏൽപ്പിക്കപ്പെട്ടു. ഒമ്പതു മാസം പ്രായമുള്ളപ്പോൾ അവൻ ദത്തെടുക്കപ്പെട്ടു. അരക്ഷിതമായ അവന്റെ ആദ്യ പശ്ചാത്തലവും അതോടൊപ്പം സമ്മിശ്രവർഗത്തിൽപെട്ടതിലുള്ള വിദ്വേഷവും, ഒരു മത്സര മനോഭാവമായി വികാസംകൊണ്ടു. ഇത് അവന്റെമേൽ ഏറെ വിനവരുത്തിവച്ചെന്നുമാത്രമല്ല, അവനുവേണ്ടി വളരെയധികം ചെയ്ത അവന്റെ വളർത്തുമാതാപിതാക്കൾക്ക് ഏറെ ദുഃഖവും കൈവരുത്തി. “ദത്തെടുക്കുന്നതിനെക്കുറിച്ച് ആരെങ്കിലും എന്നോട് ഉപദേശം ആരാഞ്ഞാൽ, ‘അതിനെക്കുറിച്ച് രണ്ടാംവട്ടം ചിന്തിക്കണമെന്ന്’ ഇപ്പോൾ ഞാൻ പറയും,” അവന്റെ അമ്മ പറഞ്ഞു.
ഇതിൽനിന്നു വ്യത്യസ്തമായി, റോബർട്ടിന്റെയും സിൽവിയയുടെയും കാര്യമെടുക്കുക. അവർക്ക് ഒരു മകൻ ഉണ്ടായിരുന്നെങ്കിലും പിന്നീടു കുട്ടികൾ ഉണ്ടാകാതെ വന്നു. “മറ്റൊരു രാജ്യത്തെ ഒരു കുട്ടിയുണ്ടായിരിക്കുന്നതിനെക്കുറിച്ചു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?,” അവരോടു ചോദിച്ചു. താമസിയാതെ അവർ ഹോങ്കോംഗിൽനിന്നു മക്ക് ചൈ എന്ന ഒമ്പതു മാസം പ്രായമുള്ള ഒരു കൊച്ചു പെൺകുട്ടിയെ ദത്തെടുക്കുകയായി. “ഞാൻ എന്തുകൊണ്ട് ഉപേക്ഷിക്കപ്പെട്ടെന്നും എനിക്ക് സഹോദരീസഹോദരന്മാരുണ്ടോയെന്നും ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്,” മക്ക് ചൈ പറയുന്നു. “എന്നാൽ ഒട്ടുമിക്ക കുട്ടികൾക്കും തങ്ങളുടെ യഥാർഥ മാതാപിതാക്കളോടുള്ളതിനേക്കാൾ ഏറെ അടുപ്പം എനിക്കെന്റെ വളർത്തുമാതാപിതാക്കളോടുണ്ടെന്നാണു ഞാൻ കരുതുന്നത്. എന്റെ യഥാർഥ മാതാപിതാക്കൾ ആരായിരുന്നെന്നു ഞാൻ അറിഞ്ഞിരുന്നെങ്കിൽതന്നെയും, എന്റെ ഏതാനും സ്വഭാവവിശേഷങ്ങൾ ഒരുപക്ഷേ എനിക്ക് അൽപ്പം നന്നായി മനസ്സിലാകുമായിരുന്നെന്നതൊഴിച്ചാൽ അത് ഏറെ വ്യത്യാസമൊന്നും ഉളവാക്കുമായിരുന്നില്ല.” അവളെ ദത്തെടുത്ത മാതാപിതാക്കൾ ദത്തെടുക്കൽ ശുപാർശ ചെയ്യുന്നുണ്ടോ? “ഉവ്വ്,” അവർ പറയുന്നു, “കാരണം, ഞങ്ങൾക്കത് ഏറെ വിശിഷ്ടമായ ഒരു അനുഭവമായിരുന്നു!”
ജാഗ്രതയുണ്ടായിരിക്കേണ്ടതിന്റെ കാരണങ്ങൾ
ഗ്രഹാമും രൂത്തും, തങ്ങളുടെ സ്വന്തം മകനോടും മകളോടും ഒപ്പം വളർത്താൻ, രണ്ടു കുഞ്ഞുങ്ങളെ, ഒരാൺകുട്ടിയെയും പെൺകുട്ടിയെയും, ദത്തെടുത്തു. നാലു കുട്ടികളെയും, ഒരു കുടുംബമെന്നപോലെ സന്തുഷ്ടമായ ഒരു അന്തരീക്ഷത്തിലാണു വളർത്തിക്കൊണ്ടുവന്നത്. “വർഷങ്ങൾക്കു മുമ്പ്, ഞങ്ങളുടെ നാലു മക്കളും വീടുവിട്ട് വേറെ താമസിക്കാൻ തുടങ്ങി. ഞങ്ങൾ അവരുമായി ക്രമമായ സമ്പർക്കം പുലർത്തുന്നു, അവർ നാലുപേരെയും ഞങ്ങൾ സ്നേഹിക്കുന്നു,” രൂത്ത് പറയുന്നു. എന്നാൽ ദുഃഖകരമെന്നു പറയട്ടെ ദത്തെടുക്കപ്പെട്ട രണ്ടു കുട്ടികൾക്കും ഗുരുതരമായ പ്രശ്നങ്ങളുണ്ടായിരുന്നു. എന്തുകൊണ്ട്?
“ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം സാഹചര്യമാണ് ഏറ്റവും മുഖ്യമെന്നു ഞങ്ങളുടെ ഡോക്ടർ പറഞ്ഞു,” ഗ്രഹാം പറയുന്നു. പാരമ്പര്യമായി ലഭിക്കുന്ന സ്വഭാവവിശേഷങ്ങൾ ഒരു മുഖ്യ ഘടകമാണെന്ന് അദ്ദേഹത്തിന് ഇപ്പോൾ തോന്നുന്നു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “മാത്രമല്ല, ഗർഭിണിയായിരുന്ന സമയത്തെ അമ്മയുടെ ആരോഗ്യത്തെ സംബന്ധിച്ചെന്ത്? മയക്കുമരുന്ന്, മദ്യം, പുകയില എന്നിവ അജാത ശിശുവിനെ ബാധിക്കുമെന്നു നമുക്കിപ്പോൾ അറിയാം. ദത്തെടുക്കുന്നതിനുമുമ്പ്, മാതാപിതാക്കളെയും സാധ്യമെങ്കിൽ അമ്മൂമ്മയപ്പൂപ്പന്മാരെയും ഒരു സമ്പൂർണ പരിശോധന നടത്തണമെന്നു ഞാൻ ശുപാർശ ചെയ്യുന്നു.”
പീറ്ററിന്റെ അമ്മ പുനർവിവാഹം ചെയ്തു. രണ്ടാനപ്പനിൽനിന്നു പീറ്ററിനു ശാരീരികവും മാനസികവുമായ ദുഷ്പെരുമാറ്റം സഹിക്കേണ്ടിവന്നു. മൂന്നാം വയസ്സിൽ അവനെ ദത്തു നൽകി. “കോടതിയുടെ പടിയിറങ്ങിയ ഉടനെ ദത്തെടുത്ത മാതാപിതാക്കളോടു ഞാൻ നിഷേധപൂർവം പെരുമാറി,” പീറ്റർ പറഞ്ഞു. അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “എന്റെ കൈയിൽകിട്ടിയതെല്ലാം ഞാൻ നശിപ്പിച്ചു. ഉറങ്ങുമ്പോൾ ഞാൻ പേടിപ്പെടുത്തുന്ന ദുഃസ്വപ്നങ്ങൾ കണ്ടു. ഇപ്പോൾ പുറകോട്ടു നോക്കുമ്പോൾ, ഞാൻ എത്രമാത്രം അസ്വസ്ഥനായിരുന്നെന്ന് എനിക്കു കാണാൻ കഴിയുന്നു. എന്നെ ദത്തെടുത്ത മാതാപിതാക്കളും വിവാഹമോചനം നേടിയപ്പോൾ—മയക്കുമരുന്നുകൾ, മോഷണം, റൗഡിത്തരം ദിവസേനയുള്ള ലഹരിക്കൂത്തുകൾ എന്നിങ്ങനെ—കാര്യങ്ങൾ ഒന്നുകൂടി വഷളായി.
27-ാം വയസ്സിൽ ജീവിതം തുടരാൻ ഒരു കാരണവും കാണാഞ്ഞതിനാൽ ഞാൻ ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം ഒരപരിചിതൻ, ഈ ഭൂമി മുഴുവൻ ഒരു പറുദീസയാകുമെന്നു പറയുന്ന ഒരു ബൈബിളധിഷ്ഠിത ലഘുലേഖ, എനിക്കു നൽകി. സന്ദേശം എനിക്കു ബോധിച്ചു. അതിനു സത്യത്തിന്റെ ധ്വനിയുണ്ടായിരുന്നു. ഞാൻ ബൈബിൾ വായിക്കാനും പഠിക്കാനും എന്റെ ജീവിതത്തിലും സ്വഭാവത്തിലും മാറ്റങ്ങൾ വരുത്താനും തുടങ്ങി. എന്നാൽ കൂടെക്കൂടെ എന്റെ പഴയ ജീവിതചര്യയിലേക്കു ഞാൻ വഴുതിവീണുകൊണ്ടിരുന്നു. ഏറെ പ്രോത്സാഹനത്തിനും സഹായകമായ ക്രിസ്തീയ സഹവാസത്തിനുംശേഷം, ഏതാനും വർഷങ്ങൾക്കുമുമ്പ് എനിക്കു സ്വപ്നം കാണാമായിരുന്നതിലധികം സന്തോഷവും സുരക്ഷിതത്വവും ഇപ്പോൾ ദൈവത്തെ സേവിക്കുന്നതിൽ ഞാൻ അനുഭവിക്കുന്നു. ഏറെ ആനന്ദം പകരുന്നവിധം എന്റെ അമ്മയുമായി സ്നേഹബന്ധം പുനഃസ്ഥാപിക്കാനും എനിക്കു കഴിഞ്ഞിട്ടുണ്ട്.”
യാഥാർഥ്യത്തെ അഭിമുഖീകരിക്കൽ
ദത്തെടുപ്പിന്റെ കാര്യത്തിൽ വികാരങ്ങൾ തീവ്രമാണ്. പാരുഷ്യത്തിന്റെയും കൃതഘ്നതയുടെയും കൂട്ടത്തിൽ അതീവ സ്നേഹവും കൃതജ്ഞതയും കാണപ്പെടുന്നു. ദൃഷ്ടാന്തത്തിന്, തന്നെ ഉപേക്ഷിച്ചതിന് എഡ്ഗർ വാലസ് തന്റെ അമ്മയ്ക്ക് ഒരിക്കലും മാപ്പുനൽകിയില്ല. അങ്ങനെയാണ് അദ്ദേഹം അവരുടെ പ്രവൃത്തിയെ വിലയിരുത്തിയത്. അവരുടെ അവസാന വർഷത്തിൽ സാമ്പത്തിക സഹായം തേടി അവർ മനസ്സില്ലാമനസ്സോടെ അദ്ദേഹത്തെ കാണാൻ ചെന്നു. അപ്പോഴേക്കും സമ്പന്നനായിത്തീർന്നിരുന്ന എഡ്ഗർ അവരെ പരുഷമായി തിരിച്ചയച്ചു. ചില സുഹൃത്തുക്കൾ ശവസംസ്ക്കാരത്തിനായി പണം നൽകിയില്ലായിരുന്നെങ്കിൽ, തന്റെ അമ്മയെ പൊതുശ്മശാനത്തിൽ അടക്കുമായിരുന്നെന്നു താമസിയാതെ അദ്ദേഹം അറിഞ്ഞപ്പോൾ, തന്റെ നിസ്സംഗതയെക്കുറിച്ചോർത്ത് അദ്ദേഹം ആഴമായി ദുഃഖിച്ചു.
ദത്തെടുപ്പിനെക്കുറിച്ചു ചിന്തിക്കുന്ന ആളുകൾ, ഉയർന്നുവന്നേക്കാവുന്ന പ്രശ്നങ്ങളും വെല്ലുവിളികളും അഭിമുഖീകരിക്കാൻ വാസ്തവികബോധത്തോടെ തയ്യാറായിരിക്കണം. തങ്ങളുടെ മാതാപിതാക്കൾ—ദത്തെടുത്തവരോ ജന്മം നൽകിയവരോ ആരായാലും—കഴിവിന്റെ പരമാവധി പോലും തങ്ങൾക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങളോടു കുട്ടികൾ എപ്പോഴും നന്ദിയുള്ളവരല്ല. യഥാർഥത്തിൽ, നമ്മുടെ നാളുകളിലെ വ്യക്തികളെ, “വാത്സല്യമില്ലാത്തവരും,” “നന്ദികെട്ടവരും,” “അവിശ്വസ്തരും” [NW] ആയി ബൈബിൾ പരാമർശിക്കുന്നു.—2 തിമൊഥെയൊസ് 3:1-5.
അതേസമയം, മാതാപിതാക്കളെ ആവശ്യമായ ഒരു കുട്ടിക്കു നിങ്ങളുടെ ഭവനവും—ഹൃദയവും—തുറന്നുകൊടുക്കുന്നത്, നല്ലതും ഫലദായകവുമായ ഒരനുഭവമായിരുന്നേക്കാം. ഉദാഹരണത്തിന്, തനിക്ക് ഒരു ക്രിസ്തീയ ഭവനം പ്രദാനം ചെയ്തതിനും തന്റെ ഭൗതികവും ആത്മീയവും ആയ ആവശ്യങ്ങൾക്കു കരുതൽ നൽകുന്നതിനും, കേത്തി തന്നെ ദത്തെടുത്ത മാതാപിതാക്കളോടു വളരെയേറെ കൃതജ്ഞതയുള്ളവളാണ്.—8-ാം പേജിലെ “അതു ഞങ്ങളുടെ കാര്യത്തിൽ വിജയിച്ചു,” എന്ന ചതുരം കാണുക.
തങ്ങൾ ദത്തെടുത്ത ആൺമക്കളെയും പെൺമക്കളെയുംകുറിച്ചു തങ്ങൾക്കെന്തു തോന്നുന്നു എന്നതു വിവരിക്കുമ്പോൾ, അത്തരത്തിലുള്ള കുട്ടികളുടെ മാതാപിതാക്കൾ സങ്കീർത്തനക്കാരന്റെ ഈ വാക്യങ്ങൾ ഓർമിച്ചേക്കാം: “മക്കൾ, യഹോവയിൽനിന്നുള്ള ഒരു ദാനമാണ്; അവർ യഥാർഥത്തിൽ ഒരു അനുഗ്രഹമാണ്.”—സങ്കീർത്തനം 127:3, റ്റുഡെയ്സ് ഇംഗ്ലീഷ് വേർഷൻ.
[അടിക്കുറിപ്പ്]
a ആളുകളെ തിരിച്ചറിയാതിരിക്കാൻ ചില പേരുകൾ മാറ്റിയിട്ടുണ്ട്.