ചലച്ചിത്രങ്ങളുടെ 100 വർഷം
ഫ്രാൻസിലെ ഉണരുക! ലേഖകൻ
സിനിമ ഒരു പ്രത്യേക കണ്ടുപിടിത്തത്തിന്റെ ഉത്പന്നമായിരിക്കുന്നതിനെക്കാളധികം 75 വർഷത്തോളം നടത്തിയ അന്തർദേശീയ ഗവേഷണത്തിന്റെയും പരീക്ഷണത്തിന്റെയും പരിസമാപ്തിയാണ്. 1832-ൽ ബൽജിയൻ ജോസഫ് പ്ലാറ്റോ കണ്ടുപിടിച്ച ഫിനകിസ്റ്റോസ്കോപ്പ് ചിത്രങ്ങളുടെ ഒരു പരമ്പരയിൽനിന്നു വിജയകരമായി ചലനം പുനരാവിഷ്കരിച്ചു. ഫ്രാൻസിൽ ജോസഫ് ന്യെപ്പ്സിന്റെയും ലൂയി ഡാഗ്യെറിയുടെയും സഹായത്താൽ വാസ്തവിക സംഗതികളെ പ്രതിരൂപങ്ങളാക്കി മാറ്റുന്ന ഒരു ഛായാഗ്രഹണ പ്രക്രിയ 1839 ആയതോടെ സാധ്യമായിത്തീർന്നു. ചലിക്കുന്ന സുതാര്യ ചിത്രങ്ങൾ തിരയിൽ വീഴ്ത്തിക്കൊണ്ട് ഫ്രഞ്ചുകാരനായ ഏമിൽ റെയ്നോഡ് ഈ ആശയം കൂടുതലായി വികസിപ്പിച്ചു. 1892-നും 1900-ത്തിനും ഇടയ്ക്കു ലക്ഷക്കണക്കിന് ആളുകൾ അവ കണ്ടു.
ചലച്ചിത്രങ്ങൾക്കു ശ്രദ്ധേയമായ മുന്നേറ്റം സംഭവിച്ചിട്ട് 100-ലധികം വർഷമേ ആയിട്ടുള്ളൂ. 1890-ൽ പ്രസിദ്ധ അമേരിക്കൻ ഉപജ്ഞാതാവായ തോമസ് എഡിസണും അദ്ദേഹത്തിന്റെ ഇംഗ്ലീഷുകാരനായ സഹകാരി വില്യം ഡിക്ക്സണും, കുത്തനെയുള്ള ഒരു പിയാനോയുടെയത്രയും വലിപ്പവും ഭാരവുമുള്ള ഒരു ക്യാമറ രൂപകൽപ്പന ചെയ്തു. ഒരാൾക്കു വീക്ഷിക്കാൻ കഴിയുന്ന, കൈനറ്റോസ്കോപ്പിന്റെ നിർമാണാവകാശത്തിനുവേണ്ടി പിറ്റേ വർഷം എഡിസൺ അപേക്ഷിച്ചു. 35 മില്ലിമീറ്റർ നീളമുള്ളതും സുഷിരങ്ങളോടുകൂടിയതുമായ സെല്ലുലോയ്ഡ് നാടകളിൽ ആലേഖനം ചെയ്ത ചലച്ചിത്രങ്ങൾ ലോകത്തിലെ ആദ്യത്തെ ചലച്ചിത്ര സ്റ്റുഡിയോയായ ന്യൂ ജേഴ്സിയിലെ വെസ്റ്റ് ഓറഞ്ചിലുള്ള ബ്ലാക്ക് മരിയയിലാണ് ഷൂട്ട് ചെയ്തത്. ഈ ചലച്ചിത്രങ്ങൾ വ്യത്യസ്ത കലാപരിപാടികൾ, സർക്കസ്സ്, കോമാളി രംഗങ്ങൾ, വിജയകരമായ ന്യൂയോർക്ക് നാടകങ്ങളിലെ രംഗങ്ങൾ എന്നിവ വിശേഷവത്കരിച്ചു. ആദ്യത്തെ കൈനറ്റോസ്കോപ്പ് പാർലർ 1894-ൽ ന്യൂയോർക്കിൽ തുറന്നു. അതേവർഷംതന്നെ അനേകം യന്ത്രങ്ങൾ യൂറോപ്പിലേക്കു കയറ്റുമതിചെയ്യുകയും ചെയ്തു.
ചിത്രങ്ങൾ തിരയിൽ വീഴ്ത്തുന്നതിൽ തുടക്കത്തിൽ താത്പര്യമില്ലായിരുന്നെങ്കിലും മത്സരം ഒഴിവാക്കാനായി ഒരു പ്രൊജക്ടർ ഉത്പാദിപ്പിക്കാൻ എഡിസൺ നിർബന്ധിതനായിത്തീർന്നു. 1896 ഏപ്രിലിലാണ് അദ്ദേഹത്തിന്റെ വൈറ്റാസ്കോപ്പ് ന്യൂയോർക്കിൽ ആദ്യമായി രംഗപ്രവേശം ചെയ്തത്. അദ്ദേഹം തുടർന്ന് ആരംഭിച്ച നിർമാണാവകാശ പോരാട്ടം വ്യവസായത്തിന്മേൽ സമ്പൂർണ കുത്തക നേടുന്നതിനുള്ള ഒരു ട്രസ്റ്റിന്റെ രൂപീകരണത്തിൽ കലാശിച്ചു.
ഛായാഗ്രഹണം നടത്താനും ചലച്ചിത്രങ്ങൾ തിരയിൽ വീഴ്ത്താനും കഴിവുള്ള കൈകൊണ്ടു തിരിക്കാവുന്ന ഒരു ക്യാമറ കണ്ടുപിടിക്കാൻ ഫ്രാൻസിലെ ല്യോൺസിലുള്ള വ്യവസായികളായ ഓഗ്യൂസ്റ്റിനെയും ലൂയി ല്യൂമ്യറിനെയും പ്രേരിപ്പിച്ചത് എഡിസന്റെ കൈനറ്റോസ്കോപ്പിന്റെ ഒരു പകർപ്പാണ്. അവരുടെ സിനിമാട്ടോഗ്രാഫിന് (“ചലനം” എന്നർഥമുള്ള കിനെമ എന്ന ഗ്രീക്ക് പദത്തിൽനിന്നും “ചിത്രീകരിക്കുക” എന്നർഥമുള്ള ഗ്രാഫീനിൽനിന്നും) 1895 ഫെബ്രുവരിയിൽ നിർമാണാവകാശം ലഭിക്കുകയും ഡിസംബർ 28-ന് “സിനിമയുടെ പ്രഥമ ഔദ്യോഗിക ലോകപ്രദർശനം” പാരീസിലെ 14 ബൂൾവാർ ദെ കാപുസിനിലെ ഗ്രാൻ കഫേയിൽവച്ച് “നടക്കുകയും ചെയ്തു.” പിറ്റേന്ന്, പാരീസിലെ 2,000 ആളുകൾ ശാസ്ത്രത്തിന്റെ ഈ അത്യാധുനിക അത്ഭുതം കാണാൻ ഗ്രാൻ കാഫേയിൽ തടിച്ചുകൂടി.
താമസിയാതെ ലൂമിയർ സഹോദരൻമാർ സിനിമാ തിയേറ്ററുകൾ തുറക്കുകയും ലോകമെമ്പാടും ഛായാഗ്രാഹികളെ അയയ്ക്കുകയും ചെയ്തു. ഏതാനും ചില വർഷങ്ങൾക്കൊണ്ട് അവർ ലോകപ്രസിദ്ധ സ്ഥലങ്ങളുടെയോ റഷ്യയിലെ സാർ നിക്കോളാസ് II-ന്റെ കിരീടധാരണം പോലെയുള്ള സംഭവങ്ങളുടെയോ 1,500-ഓളം ചലച്ചിത്രങ്ങൾ നിർമിച്ചു.
നിശ്ശബ്ദ യുഗം
ഒരു കൺകെട്ടുവിദ്യക്കാരനും പാരീസ് തിയേറ്ററിന്റെ ഉടമയുമായ ഷോർഷെ മേൽയെസ് താൻ കണ്ട കാര്യങ്ങളാൽ ആകൃഷ്ടനായിത്തീർന്നു. അദ്ദേഹം സിനിമാട്ടോഗ്രാഫ് വാങ്ങാമെന്ന് വാഗ്ദാനം ചെയ്തു. പ്രത്യക്ഷത്തിൽ മറുപടി ഇപ്രകാരമായിരുന്നു: “ഇല്ല, സിനിമാട്ടോഗ്രാഫ് വിൽക്കാനില്ല. യുവാവായ നിങ്ങൾ എന്നോട് നന്ദി പറയുക; ഈ കണ്ടുപിടിത്തത്തിന് ഭാവിയില്ല.” എന്നിരുന്നാലും, മേൽയെസ് ഭയപ്പെടാതെ ഇംഗ്ലണ്ടിൽനിന്നു വാങ്ങിയ സജ്ജീകരണമുപയോഗിച്ച് ചലച്ചിത്രനിർമാണം തുടങ്ങി. തന്റെ ദൃശ്യ-ശ്രവണ ഫലങ്ങളും തിരക്കഥയും ഉപയോഗിച്ച് മേൽയെസ് സിനിമാട്ടോഗ്രാഫിയെ ഒരു കലാരൂപമാക്കി മാറ്റി. അദ്ദേഹത്തിന്റെ ചലച്ചിത്രമായ ലെ വായാഷ് ഡാൻ ലാ ല്യൂൻ (ചന്ദ്രനിലേക്കുള്ള യാത്ര) 1902-ൽ അന്തർദേശീയ വിജയം നേടി. പാരീസിന്റെ പ്രാന്തപ്രദേശത്തുള്ള മോൺട്രിയുവിലെ അദ്ദേഹത്തിന്റെ സ്റ്റുഡിയോയിൽ അദ്ദേഹം 500-ലേറെ ചലച്ചിത്രങ്ങൾ നിർമിച്ചു—അവയിൽ പലതും കൈകൊണ്ടു നിറംപിടിപ്പിച്ചവയായിരുന്നു.
ഏതാണ്ട് 1910 ആയപ്പോഴേക്കും, ലോകവ്യാപകമായി കയറ്റുമതിചെയ്യപ്പെട്ട ചലച്ചിത്രങ്ങളുടെ 70 ശതമാനം ഫ്രഞ്ച് ഉത്ഭവം ഉള്ളവയായിരുന്നു. ഇത് മുഖ്യമായും പാറ്റേ സഹോദരൻമാരാലുള്ള സിനിമയുടെ വ്യവസായവത്കരണം നിമിത്തമായിരുന്നു. സിനിമ “നാളെയുടെ തിയേറ്ററും പത്രവും സ്കൂളും” ആയിത്തീരണമെന്നായിരുന്നു അവരുടെ ലക്ഷ്യം.
1919-ൽ ചാർലി ചാപ്ളിൻ, ഡഗ്ളസ് ഫെയർബാങ്ക്സ്, ഡേവിഡ് ഡബ്ലിയു. ഗ്രിഫിത്ത്, മേരി പിക്ഫോർഡ് എന്നിവർ ട്രസ്റ്റിന്റെ വാണിജ്യാധിപത്യം അവസാനിപ്പിക്കാനായി യുണൈറ്റഡ് ആർട്ടിസ്റ്റ്സ് സ്ഥാപിച്ചു. ഗ്രിഫിത്തിന്റെ 1915-ലെ ബെർത്ത് ഓഫ് എ നേഷൻ ഹോളിവുഡിന്റെ ആദ്യത്തെ മഹത്തായ ചിത്രമായിരുന്നു. അമേരിക്കയിലെ ആഭ്യന്തര യുദ്ധത്തെക്കുറിച്ചുള്ള അത്യന്തം വിവാദപരമായ ഈ ചലച്ചിത്രത്തിന്റെ വർഗീയ ഉള്ളടക്കം നിമിത്തം അതു പുറത്തിറങ്ങിയപ്പോൾ കലാപങ്ങളും ചില മരണങ്ങൾ പോലും സംഭവിച്ചു. എന്നിരുന്നാലും, പത്തു കോടിയിലധികം കാണികൾ ദർശിച്ച ആ ചലച്ചിത്രം ഒരു വൻ വിജയമായിരുന്നു, അങ്ങനെ അത് ചരിത്രത്തിലെ ഏറ്റവും ലാഭകരമായ ചലച്ചിത്രങ്ങളിലൊന്നായിത്തീർന്നു.
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ചലച്ചിത്രങ്ങൾ “നിശാക്ലബ്ബുകൾ, നഗരപ്രാന്ത ക്ലബ്ബുകൾ, നിയമവിരുദ്ധ മദ്യവിൽപ്പന സ്ഥലങ്ങൾ, ഇവയ്ക്കെല്ലാമൊപ്പമുണ്ടായിരുന്ന ധാർമിക ചാപല്യം ഇവയടങ്ങിയ ഒരു ലോകത്തെ മുഴു അമേരിക്കയ്ക്കും പരിചയപ്പെടുത്തിക്കൊടുത്തു.” ലോകത്തിന്റെ മറ്റുഭാഗങ്ങളിലെ പരിപാടികളുടെ 60 മുതൽ 90 ശതമാനം അമേരിക്കൻ ചലച്ചിത്രങ്ങൾ ആയിരുന്നപ്പോൾ, അമേരിക്കയുടെ ചലച്ചിത്ര യവനികകളിൽനിന്ന് വിദേശ ചലച്ചിത്രങ്ങൾ മിക്കവാറും അപ്രത്യക്ഷമായി. സിനിമ അമേരിക്കൻ ജീവിതരീതിയെയും അമേരിക്കൻ ഉത്പന്നങ്ങളെയും മഹത്ത്വപ്പെടുത്താനുള്ള ഒരു മാർഗമായി ഉപയോഗിക്കപ്പെട്ടു. അതേസമയംതന്നെ, പുതുതായി സൃഷ്ടിക്കപ്പെട്ട “താര സമ്പ്രദായം” റൂഡോൾഫ് വലെൻറിനോ, മേരി പിക്ഫോർഡ്, ഡഗ്ലസ് ഫെയർബാങ്ക്സ് എന്നിവരെപ്പോലെയുള്ളവരെ ഫലത്തിൽ ദൈവങ്ങളാക്കിമാറ്റി.
ശബ്ദവും വർണവും
“ഹേ, മമ്മീ, ഇതു കേൾക്കൂ!” ഈ വാക്കുകളിലൂടെ, അൽ ജോൾസൺ 1927-ലെ ദ ജാസ്സ് സിങ്ങർ എന്ന ചലച്ചിത്രത്തിൽ നിശബ്ദ ചലച്ചിത്രങ്ങളുടെ സുവർണ യുഗത്തിനു വിരാമമിടുകയും സംസാരിക്കുന്ന ചലച്ചിത്രങ്ങൾ ലോകത്തിനു പരിചയപ്പെടുത്തുകയും ചെയ്തു. ദൃശ്യാനുസൃതമായി ശബ്ദം പുറപ്പെടുവിക്കുന്ന ഫോണോഗ്രാഫ് റെക്കാർഡുകൾക്കൊണ്ടുള്ള പരീക്ഷണങ്ങൾ സിനിമയുടെ തുടക്കംമുതൽത്തന്നെ നടത്തിയിരുന്നു. എന്നാൽ ’20-കളിൽ വൈദ്യുത റെക്കാർഡിങ്ങും വാൽവ് ആപ്ലിഫയറുകളും കണ്ടുപിടിക്കുന്നതുവരെ ശബ്ദം പ്രായോഗികമായില്ല. അതിന്റെ അവതരണം പ്രശ്നവിമുക്തമായിരുന്നില്ല.
കൈകൊണ്ടു നിറംപിടിപ്പിച്ച ചലച്ചിത്രങ്ങളിലൂടെയാണ് വർണം ആദ്യമായി സിനിമയിൽ പ്രവേശിച്ചത്. പിന്നീട്, സ്റ്റെൻസിലുകൾ ഉപയോഗിച്ചു തുടങ്ങി. ഒരു ഫലപ്രദമായ കളർ-ഫിലിം സമ്പ്രദായത്തിന്റെ അഭാവം നിമിത്തമാണ് ചലച്ചിത്രങ്ങൾക്ക് നിറംപിടിപ്പിക്കേണ്ടി വന്നത്. ത്രിവർണ സമ്പ്രദായത്തോടുകൂടിയ ടെക്നിക്കളർ 1935-ൽ വിജയിക്കുന്നതുവരെ വിവിധ രീതികൾ ഉപയോഗപ്പെടുത്തി നോക്കി. എന്നിരുന്നാലും, 1939-ൽ ഗോൺ വിത്ത് ദ വിൻഡ് വൻ ജനപ്രീതിയാർജിച്ചതിനുശേഷം മാത്രമാണ് ടിക്കറ്റ് വാങ്ങുന്നവരെ ആകർഷിക്കാനുള്ള ഒരു പ്രമുഖ മാർഗമായി വർണത്തെ വീക്ഷിക്കാൻ തുടങ്ങിയത്.
യുദ്ധകാല പ്രചാരണം
’30-കളിലെ സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത് സിനിമ “സാധാരണ ജനങ്ങളുടെ കറുപ്പ്” ആയി സേവിച്ചു. എന്നാൽ ലോകം യുദ്ധത്തിലേക്ക് ക്രമേണ നീങ്ങിയപ്പോൾ സിനിമയുടെ ദൗത്യം കൃത്രിമോപായത്തിന്റെയും പ്രചാരണത്തിന്റെയും ഒന്നായിത്തീർന്നു. സിനിമ, ഹിറ്റ്ലറിന്റെ കീഴിൽ മുഖ്യമായും യുവജനങ്ങളെ സിദ്ധാന്തം പഠിപ്പിക്കുന്നതിനുള്ള ദേശീയ സോഷ്യലിസത്തിന്റെ വക്താവായിത്തീർന്നപ്പോൾ മുസ്സോളിനി അതിനെ “ലാർമാ പ്യൂ ഫോർട്ടെ” അല്ലെങ്കിൽ “ഏറ്റവും ശക്തിയേറിയ ആയുധം” എന്നു വിളിച്ചു. ഡെർ ട്രിയുംഫ് ഡെസ് വില്ലെൻസ് (ഇച്ഛാശക്തിയുടെ വിജയം), ഒളൂമ്പ്യാ തുടങ്ങിയ ചലച്ചിത്രങ്ങൾ നാസി നേതാക്കൻമാർക്ക് ഫലപ്രദമായ വിധത്തിൽ ദിവ്യത്വം കൽപ്പിച്ചു. അതേസമയം, യൂഡ് സ്യൂസ് (Jew Süss) ശേമ്യ വിരോധത്തെ പ്രോത്സാഹിപ്പിച്ചു. ബ്രിട്ടനിൽ, ലോറെൻസ് ഒളിവിയെറിന്റെ ഹെൻറി വി, ഡി ദിനത്തിനും അതിനെ തുടർന്നുണ്ടാകുന്ന അത്യാഹിതങ്ങൾക്കും തയ്യാറെടുക്കവേ മനോവീര്യം വർധിപ്പിക്കുന്ന ഒന്നായി ഉതകി.
പ്രതിസന്ധി
രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് ടെലിവിഷൻ സെറ്റുകൾ കൂടുതൽ വ്യാപകമായി ലഭ്യമായതോടെ ആളുകൾ സിനിമയ്ക്കു പോകാതെ വീട്ടിൽത്തന്നെ ഇരിപ്പായി. ഐക്യനാടുകളിലെ ഹാജരുകൾ കുത്തനെ താഴ്ന്നു, വെറും പത്തു വർഷംകൊണ്ട് അവ പകുതിയായിത്തീർന്നു. ’50-കളിൽ വിശാലമായ വെള്ളിത്തിരയിലുള്ള ചലച്ചിത്രങ്ങളും ദിശാത്മക സ്റ്റീരിയോ ശബ്ദവും അവതരിപ്പിക്കപ്പെട്ടിട്ടും ആയിരക്കണക്കിനു സിനിമാ തിയേറ്ററുകൾ അടയ്ക്കാൻ നിർബന്ധിതമാക്കപ്പെടുകയും ചലച്ചിത്ര നിർമാണം മൂന്നിലൊന്നായി കുറയുകയും ചെയ്തു. സെസിൽ ബി. ഡെ മില്ലിന്റെ പത്തു കൽപ്പനകൾ (ഇംഗ്ലീഷ്) (1956) പോലെയുള്ള, അനേക കോടി ഡോളറിന്റെ മഹത്തായ നിർമാണങ്ങൾ ഈ മത്സരത്തെ നേരിടാനുള്ള ശ്രമത്തിൽ നിർമിക്കപ്പെട്ടവയാണ്. യൂറോപ്പിലെ സിനിമയുടെ ഹാജരും ഭയങ്കരമായി താഴ്ന്നു.
സാമൂഹിക സ്വാധീനം
സിനിമയെ സമൂഹത്തിന്റെ ദർപ്പണം എന്നു വിളിച്ചിരിക്കുന്നു. ’70-കളിലെ പല ചലച്ചിത്രങ്ങളും ഫലത്തിൽ അക്കാലത്തെ “അസ്വാസ്ഥ്യം, അതൃപ്തി, യാഥാർഥ്യബോധം, ഉത്കണ്ഠ, ചിത്തഭ്രമം” എന്നിവയെ പ്രതിഫലിപ്പിച്ചു, ഭീകര ചിത്രങ്ങളുടെ പുനരുദ്ധാരണത്തിലും “സാത്താനികതയോടും മന്ത്രവാദത്തോടുമുള്ള അഭൂതപൂർവമായ വശ്യത”യിലും ഈ വസ്തുത പ്രകടമാണ്. വിപത്തുകളെ വിശേഷവത്കരിക്കുന്ന ചലച്ചിത്രങ്ങൾ “യഥാർഥ ജീവിതത്തിലെ വിപത്തുകളിൽനിന്ന് ശ്രദ്ധ അകറ്റാൻ” സഹായിച്ചു. (ലോക സിനിമ—ഒരു ഹ്രസ്വ ചരിത്രം) അതേസമയം, ’80-കൾ “ലൈംഗികവൈകൃതത്തെ സാധാരണമാക്കാനുള്ള ഒരു മനഃപൂർവ ശ്രമം” എന്ന് ഒരു ഫ്രഞ്ച് എഴുത്തുകാരൻ വിളിച്ചതു ദർശിച്ചു. 1983-ലെ കാനെസ് ചലച്ചിത്രോത്സവത്തിലെ ചലച്ചിത്രങ്ങളിൽ പകുതിയുടെയും വിഷയം സ്വവർഗസംഭോഗമോ നിഷിദ്ധ ബന്ധുവേഴ്ചയോ ആയിരുന്നു. ആനുകാലിക ചലച്ചിത്രങ്ങളുടെ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്ന ആശയം അല്ലെങ്കിൽ ആവർത്തിക്കപ്പെടുന്ന വിഷയം അക്രമമായിത്തീർന്നിരിക്കുകയാണ്. 1992-ലെ ഹോളിവുഡ് ചലച്ചിത്രങ്ങളുടെ 66 ശതമാനത്തിൽ അക്രമ രംഗങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ കാലത്തെ അക്രമത്തിന് സാധാരണഗതിയിൽ ഒരു ഉദ്ദേശ്യമുണ്ടായിരുന്നപ്പോൾ ഇപ്പോൾ അത് തീർത്തും അനാവശ്യമാണ്.
അത്തരം പ്രദർശനത്തിന്റെ ഫലമെന്തായിരുന്നു? 1994 ഒക്ടോബറിൽ, മുമ്പ് യാതൊരു കുറ്റകൃത്യ പശ്ചാത്തലവുമില്ലാതിരുന്ന ഒരു യുവ ദമ്പതിമാർ 4 പേരെ കൊന്നുകൊണ്ട് പാരീസിൽ അക്രമാസക്തമായി പെരുമാറിയപ്പോൾ, ഒരു ദമ്പതിമാർ 52 പേരെ കൊല്ലുന്ന, നാച്ചുറൽ ബോൺ കില്ലേഴ്സ് എന്ന ചലച്ചിത്രത്തിന്മേൽ നേരിട്ടു കുറ്റമാരോപിക്കപ്പെട്ടു. അക്രമത്തിന്റെ—പ്രത്യേകിച്ച് അത്തരം രംഗങ്ങൾ സ്വഭാവ മാതൃകകളായിരിക്കുന്ന കുട്ടികളിലുള്ള അതിന്റെ—സ്വാധീനത്തെക്കുറിച്ച് സാമൂഹികശാസ്ത്രജ്ഞൻമാർ കൂടുതൽക്കൂടുതലായി ഉത്കണ്ഠ പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. തീർച്ചയായും, എല്ലാ ചലച്ചിത്രങ്ങളും അക്രമത്തെയോ അധാർമികതയെയോ മഹത്ത്വീകരിക്കുന്നില്ല. ദ ലയൺ കിംഗ് പോലെയുള്ള അടുത്തകാലത്തെ ചലച്ചിത്രങ്ങൾ ടിക്കറ്റ് വാങ്ങുന്നവരെ ആകർഷിക്കുന്നതിൽ സ്ഥാപിച്ച മുൻ റെക്കാർഡുകളെ കടത്തിവെട്ടി.
സിനിമ കഴിഞ്ഞ 100-ലേറെ വർഷമായി സമൂഹത്തെ എങ്ങനെയാണു സ്വാധീനിച്ചിരിക്കുന്നതെന്ന് ലി മോൺഡ് എന്ന പാരീസ് പത്രം ചോദിച്ചപ്പോൾ, ചലച്ചിത്രനിർമാതാവും നടനുമായ ഒരു പ്രമുഖ വ്യക്തി ഉത്തരം പറഞ്ഞത്, അത് “യുദ്ധത്തെ മഹത്ത്വപ്പെടുത്തുകയും കൊള്ളസംഘങ്ങളെ വീരൻമാരായി ചിത്രീകരിക്കുകയും തീരെ ലളിതമായ പരിഹാരങ്ങളും ഭക്തിപ്രഭാഷണങ്ങളും നിർദേശിക്കുകയും തെറ്റായ പ്രതീക്ഷകൾ സൃഷ്ടിക്കുകയും ധനം, സ്വത്തുക്കൾ, വിരസമായ ശാരീരിക സൗന്ദര്യം, അയഥാർഥവും മൂല്യമില്ലാത്തതുമായ മറ്റനേകം ലക്ഷ്യങ്ങൾ ഇവയെ പ്രോത്സാഹിപ്പിക്കുകയും” ചെയ്തിട്ടുണ്ടെങ്കിലും കോടിക്കണക്കിനാളുകളെ ദൈനംദിന ജീവിതത്തിന്റെ ദാരുണ യാഥാർഥ്യങ്ങളിൽനിന്ന് സ്വാഗതാർഹമായി മോചിപ്പിച്ചിട്ടുണ്ട് എന്നാണ്.
ലൈറ്റുകൾ അണയുകയും വെള്ളിത്തിര പ്രവർത്തനോത്മുഖമാകുകയും ചെയ്യുമ്പോൾ 100-ലേറെ വർഷമായി ആളുകളെ വശീകരിച്ചുകൊണ്ടിരിക്കുന്ന ആ ഇന്ദ്രജാലം ചിലപ്പോൾ നമുക്കും അനുഭവവേദ്യമാകുന്നു.
[21-ാം പേജിലെ ചതുരം/ചിത്രം]
“സൃഷ്ടിപ്പിൻ ഫോട്ടോ നാടകം”
1914 ഒടുവിൽ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലുള്ള ഏതാണ്ട് 90 ലക്ഷം ആളുകൾ വാച്ച് ടവർ സൊസൈറ്റിയുടെ “സൃഷ്ടിപ്പിൻ ഫോട്ടോ നാടകം” എന്ന അവതരണം യാതൊരു പണച്ചെലവുമില്ലാതെ കണ്ടു. എട്ടു മണിക്കൂർ നീണ്ടുനിൽക്കുന്ന നാലു ഭാഗങ്ങളുള്ള ആ പരിപാടിയിൽ ചലച്ചിത്രങ്ങളും സ്ലൈഡുകളും അവയോടൊത്തു പോകുന്ന ശബ്ദവും സംഗീതവും ഉണ്ടായിരുന്നു. സ്ലൈഡുകളും ചലച്ചിത്രങ്ങളും കൈകൊണ്ടു നിറംപിടിപ്പിച്ചവയായിരുന്നു. “ഫോട്ടോ നാടകം”, “ബൈബിളിനോടും ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന ദൈവോദ്ദേശ്യത്തോടുമുള്ള വിലമതിപ്പു കെട്ടുപണിചെയ്യാൻ” സംവിധാനം ചെയ്തതായിരുന്നു. ഒരു പുഷ്പം വിരിഞ്ഞുവരുന്നതും പക്ഷിക്കുഞ്ഞ് മുട്ടവിരിഞ്ഞു പുറത്തുവരുന്നതും അതിലെ സവിശേഷ ചിത്രങ്ങളിൽ ഉൾപ്പെടുന്നു. ടൈം-ലാപ്സ് ഛായാഗ്രഹണം ഉപയോഗിച്ച് ഫിലിമിൽ പകർത്തിയതാണ് ഈ രംഗങ്ങൾ.
[19-ാം പേജിലെ ചിത്രം]
1895 ഫെബ്രുവരിയിൽ നിർമാണാവകാശം ലഭിച്ച “സിനിമാട്ടോഗ്രാഫ് ലൂമിയർ”
[കടപ്പാട്]
© Héritiers Lumière. Collection Institut Lumière-Lyon
[19-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
© Héritiers Lumière. Collection Institut Lumière-Lyon