ലോകത്തെ വീക്ഷിക്കൽ
ഇന്ത്യയിലെ എച്ച്ഐവി ഇനം
ഇന്ത്യയിലെ പൂനെയിലുള്ള ദേശീയ എയ്ഡ്സ് ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻമാരും ഹാർവാർഡിലെ എയ്ഡ്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. മാക്സ് എസ്സെക്സിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘവും ചേർന്ന് ഇന്ത്യയിലെ ഏറ്റവും സാധാരണമായ എച്ച്ഐവി ഇനത്തെ വേർതിരിച്ചു കണ്ടുപിടിച്ചിരിക്കുന്നു. യൂറോപ്പിലും അമേരിക്കയിലും സാധാരണമായിരിക്കുന്ന എച്ച്ഐവി-1ബി-യെക്കാൾ അഞ്ചുമുതൽ പത്തുവരെ മടങ്ങു കൂടുതൽ ഫലപ്രദമായി സംക്രമിക്കുന്നുവെന്നു വിശ്വസിക്കപ്പെടുന്ന എച്ച്ഐവി-1സി-യാണ് അത്. സാധ്യതയനുസരിച്ച് ഇന്ത്യയിലെ എച്ച്ഐവി വ്യാപന നിരക്കു ലോകത്തിലെ മറ്റു പല ഭാഗങ്ങളിലേതിനെക്കാളും വളരെയധികമാണെന്നു ഡോ. എസ്സെക്സ് പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ടു ചെയ്തു. എയ്ഡ്സ് നിരോധക ഔഷധങ്ങൾ എന്ന നിലയിൽ പ്രതീക്ഷയുണർത്തുന്ന ഏതാനും ചില വാക്സിനുകളിൽ ഒരെണ്ണംപോലും എച്ച്ഐവി-1സി-ക്ക് ഫലപ്രദമല്ലെന്നു ശാസ്ത്രജ്ഞനായ ഡോ. വി. രാമലിംഗസ്വാമി അഭിപ്രായപ്പെട്ടു.
സിംബാബ്വേ വരൾച്ചാ ദുരിതാശ്വാസം
സമീപവർഷങ്ങളിൽ, വിപത്തു ബാധിച്ച പ്രദേശങ്ങളിൽ യഹോവയുടെ സാക്ഷികൾ പലപ്പോഴും ദുരിതാശ്വാസം പ്രദാനം ചെയ്തിട്ടുണ്ട്. സിംബാബ്വേ പോലെയുള്ള വികസ്വര രാജ്യങ്ങളിൽ അവരുടെ ക്രിസ്തീയ ആത്മാവു പ്രത്യേകാൽ ആവശ്യമാണ്. ആ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വൻതോതിൽ വരൾച്ച ബാധിച്ചിരിക്കുന്നു. ഈ ദുരിതാശ്വാസ ശ്രമത്തിൽ ആഹാരവും വസ്ത്രവും വലിയ അളവിൽ സ്നേഹപുരസ്സരം സംഭാവനചെയ്യപ്പെട്ടു. സിംബാബ്വേയിലെ വാച്ച് ടവർ സൊസൈറ്റിയുടെ ബ്രാഞ്ച് ഓഫീസ് രാജ്യത്തിന്റെ വിദൂര ഭാഗങ്ങളിലുള്ള സാക്ഷികൾക്കും അവരുടെ സുഹൃത്തുക്കൾക്കും ഈ സാധനങ്ങൾ വിജയകരമായി വിതരണം ചെയ്തു. ആഹാരത്തിനും വസ്ത്രത്തിനും പുറമേ സിംബാബ്വേയിലെ സാക്ഷികൾ 7,500 ഡോളർ (യു.എസ്.) സംഭാവന ചെയ്യുകയും ദുരിതാശ്വാസ ദൗത്യം നിറവേറ്റുന്നതിനുവേണ്ടി വാച്ച് ടവർ സൊസൈറ്റി വേറെ 20,500 ഡോളർ ചെലവഴിക്കുകയും ചെയ്തു. തങ്ങളുടെ ക്രിസ്തീയ സഹോദരങ്ങൾ പ്രകടിപ്പിച്ച ഉദാര സ്നേഹത്തിനു സൊസൈറ്റിയും ദുരിതബാധിതരായ സാക്ഷികളും ആഴമായ നന്ദി പ്രകടിപ്പിച്ചു.
പൊതുവായ ഉത്ഭവങ്ങളോ?
“മുസ്ലീം ഖുർആൻ, ഹിന്ദു വേദങ്ങൾ, ഭഗവദ്ഗീത, ചൈനയിലെ താവോ മതത്തിന്റെയും ജപ്പാനിലെ ഷിന്റോ മതത്തിന്റെയും വിശുദ്ധ ഗ്രന്ഥങ്ങൾ എന്നിങ്ങനെയുള്ള വിവിധ ഗ്രന്ഥങ്ങളിലൂടെ ദൈവം സംസാരിച്ചിരിക്കാൻ ഇടയുണ്ട്” എന്ന് ലാ ചിവിൽറ്റാ കാറ്റോലിക്കാ എന്ന ജനസ്വാധീനമുള്ള ജെസ്യൂട്ട് ആനുകാലിക പ്രസിദ്ധീകരണത്തിലെ ഒരു ലേഖനം ഉറപ്പിച്ചു പറയുന്നതായി പാരീസിലെ ഇന്റർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ പ്രസ്താവിക്കുന്നു. ഇവയും മറ്റു മത ലിഖിതങ്ങളും “കേവലം സാഹിത്യത്തെയോ തത്ത്വചിന്തയെയോ മാത്രമല്ല, പിന്നെയോ ‘വെളിപാടി’നെ—മനുഷ്യനിലൂടെയുള്ള ദൈവത്തിന്റെ സംസാരത്തെ—പ്രതിനിധീകരിക്കുന്നുവെന്ന്” ലേഖനം അഭിപ്രായപ്പെടുന്നു. ജേർണലിന്റെ ലേഖനങ്ങൾ വത്തിക്കാൻ സെൻസർമാർ അനൗപചാരികമായി പരിശോധിക്കുന്നതുകൊണ്ട് ഈ വീക്ഷണങ്ങൾ ഈ വിഷയത്തെക്കുറിച്ചുള്ള പാപ്പായുടെ സ്വന്തം വീക്ഷണഗതിയെ തന്നെയാണോ പ്രതിനിധീകരിക്കുന്നത് എന്നതു സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. സഭയുടെ പഠിപ്പിക്കലുകളുമായി ഒരുതരം പൊതുവായ ഉത്ഭവമുള്ള ഒന്നിനുവേണ്ടി സഭ മറ്റു മതങ്ങളിൽ അന്വേഷണം നടത്തുകയാണെന്നു ജോൺ പോൾ II-ാമൻ പ്രത്യാശയുടെ കവാടം കടക്കൽ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ അഭിപ്രായപ്പെട്ടതായി ട്രിബ്യൂൺ പ്രസ്താവിച്ചു.
നൂറു വർഷം നീണ്ടുനിന്ന തീ അണഞ്ഞു
നൂറിലേറെ വർഷം മുമ്പു ചൈനയിലെ ഉപയോഗിച്ചു തുടങ്ങാത്ത ഒരു കൽക്കരി നിക്ഷേപത്തിനു തീ പിടിച്ചു, അടുത്തയിടവരെ അതു കത്തിക്കൊണ്ടേയിരിക്കുകയായിരുന്നു. ആറു ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ച തീ വർഷംതോറും 3,00,000 ടൺ കൽക്കരി ഉപയോഗിച്ചുതീർത്തു. ഈ വലിയ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ അനേകം വർഷങ്ങളായി പരാജയപ്പെട്ടിരുന്നു. എന്നിരുന്നാലും, അഗ്നിശമന ജോലിക്കാർ ഒടുവിൽ തീ കെടുത്തുന്നതിൽ വിജയിച്ചിരിക്കുന്നതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു. അഗ്നിജ്ജ്വാല അണയ്ക്കുന്നതിനുവേണ്ടി അഗ്നിശമന ജോലിക്കാർ സ്ഫോടന വസ്തുക്കൾ ഉപയോഗിച്ചു ദ്വാരങ്ങളുണ്ടാക്കുകയും ജ്വാലകളിലേക്കു മണലും കല്ലും വെള്ളവും വർഷിക്കുകയും ചെയ്തു.
ഉയർന്ന രക്തസമ്മർദവും ഓർമ നഷ്ടവും
“ഉയർന്ന രക്തസമ്മർദമുള്ള മധ്യവയസ്കരായ പുരുഷൻമാർക്ക് 70-കളുടെ ഒടുവിലെത്തുമ്പോൾ ഓർമ, വിവേചനാപ്രാപ്തി, ശ്രദ്ധാകേന്ദ്രീകരണം എന്നിവ സംബന്ധിച്ച കുഴപ്പങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഒരു പുതിയ പഠനം കാണിക്കുന്ന”തായി സൈക്കോളജി ടുഡേ റിപ്പോർട്ടു ചെയ്യുന്നു. ഹൃദയസങ്കോചം മൂലമുണ്ടാകുന്ന രക്തസമ്മർദം ഓരോ പത്തുപോയിൻറ് വർധിക്കുമ്പോഴും മസ്തിഷ്ക പ്രവർത്തന മാന്ദ്യത്തിനുള്ള സാധ്യത 9 ശതമാനം വർധിക്കുന്നുവെന്നു ഗവേഷകർ കണ്ടെത്തി. “ഉയർന്ന രക്തസമ്മർദം മസ്തിഷ്കാഘാതവും ഹൃദ്രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു ഞങ്ങൾക്കറിയാം” എന്ന് പഠനത്തിന്റെ ഡയറക്ടറായ ലേണൊർ ലൗനെർ, പിഎച്ച്.ഡി. പറയുന്നു. അവർ ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “അതു കുറയ്ക്കുന്നതിനുള്ള മറ്റൊരു കാരണം മാത്രമാണ് ഇത്.”
ആശയവിനിമയ വിടവ്
കൗമാരപ്രായക്കാരായ ഹൈസ്കൂൾ വിദ്യാർഥികൾ തങ്ങളുടെ പിതാക്കൻമാരോടു സംഭാഷിക്കുന്നെങ്കിൽത്തന്നെ വിരളമായേ ഗൗരവമായ സംഭാഷണങ്ങൾ നടത്തുന്നുണ്ടായിരുന്നുള്ളൂവെന്ന് അടുത്തകാലത്തെ ഒരു സർവേ കണ്ടെത്തിയതായി ഓസ്ട്രേലിയയിലെ ബ്രിസ്ബേനിലുള്ള ദ കുരിയർ-മെയിൽ പത്രം റിപ്പോർട്ടു ചെയ്യുന്നു. മിക്ക കൗമാരപ്രായക്കാരും പിതാക്കൻമാരോടൊത്ത് ദിവസവും 15 മിനിറ്റിൽ കുറവു സമയം ചെലവഴിക്കുന്നുവെന്നും എന്നാൽ മാതാക്കളോടു സംസാരിച്ചുകൊണ്ട് അവർ ദിവസവും ഒരു മണിക്കൂറോളം ചെലവഴിക്കുന്നുവെന്നും സർവേ കാണിച്ചു. മാതാപിതാക്കൾ ധാർമികമൂല്യങ്ങളെക്കുറിച്ചു കുട്ടികളോടു സംസാരിക്കുകയോ അവർ വീക്ഷിക്കുന്ന ടെലിവിഷൻ പരിപാടികളോ വീഡിയോകളോ പരിശോധിക്കുകയോ ചെയ്തതു വളരെ അപൂർവമായിട്ടായിരുന്നു. പുത്രൻമാരും പിതാക്കൻമാരും തമ്മിലുള്ള ഏതൊരു സംഭാഷണവും സാധ്യതയനുസരിച്ചു കാറുകളും സ്പോർട്സും പോലെയുള്ള ഉപരിപ്ലവമായ കാര്യങ്ങളെക്കുറിച്ചായിരുന്നു. മാതാക്കളുമായുള്ള ആശയവിനിമയത്തിന്റെ ഭൂരിപങ്കും സുഹൃത്തുക്കൾ, സ്കൂൾ, സാമൂഹ്യ പദ്ധതികൾ എന്നിവയെക്കുറിച്ചായിരുന്നു, എന്നാൽ ഗൗരവമേറിയ സംഗതികളെക്കുറിച്ചു വളരെ വിരളമായേ സംസാരിച്ചുള്ളൂ. പിതാവും പുത്രിയും തമ്മിലുള്ള ആശയവിനിയമം പല സന്ദർഭങ്ങളിലും കേവലം തമാശ പറച്ചിലിലോ അന്യോന്യം വെറുതെ കളിയാക്കുന്നതിലോ പരിമിതപ്പെട്ടിരുന്നു.
വാഹനാപകടങ്ങൾ—എന്തുകൊണ്ട്?
വാഹനാപകടങ്ങളുടെ 90 ശതമാനത്തോളം സംഭവിക്കുന്നതു ഡ്രൈവറുടെ തെറ്റുകൊണ്ടോ അവഗണനകൊണ്ടോ ആണെന്നു ബ്രസീലിലെ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച ഒരു പഠനം കാണിക്കുന്നു. റിപ്പോർട്ടനുസരിച്ച്, നല്ല കാലാവസ്ഥയിലോ നേരെയുള്ള ഹൈവേകളിലൂടെയോ ഓടിക്കുമ്പോൾ ഡ്രൈവർമാർ മിക്കപ്പോഴും അമിത ശുഭാപ്തിവിശ്വാസമുള്ളവരായിത്തീരുന്നു. റോഡുകളുടെ മോശമായ അവസ്ഥകളും കാറിന്റെ കുഴപ്പങ്ങളും മൂലമുണ്ടാകുന്ന മോട്ടോർവാഹന അപകടങ്ങൾ ബ്രസീലിൽ ഓരോ വർഷവും 25,000 മരണങ്ങൾക്കും 3,50,000 പരിക്കുകൾക്കും ഇടയാക്കുന്നതായും റിപ്പോർട്ട് വെളിപ്പെടുത്തി.
സമുദ്രങ്ങൾ കൊള്ളയടിക്കൽ
“പുതിയതും സാധ്യതയനുസരിച്ച് ആദായകരവുമായ ഔഷധങ്ങൾ കണ്ടുപിടിക്കാനുള്ള ഭ്രാന്തമായ നെട്ടോട്ടത്തിൽ ഔഷധനിർമാണ കമ്പനികൾക്കുവേണ്ടി ജോലിചെയ്യുന്ന ‘ജൈവപര്യവേക്ഷകർ’ ഭവിഷ്യത്തുകൾ പരിഗണിക്കാതെ സമുദ്രങ്ങളിൽനിന്നു വളരെയധികം ജീവികളെ എടുത്തുകൊണ്ടിരിക്കുകയാണ്” എന്ന് ന്യൂ സയൻറിസ്റ്റ് പ്രസ്താവിക്കുന്നു. ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് ക്വീൻസ്ലൻഡിലെ ഒരു സാമുദ്രിക ജൈവരസതന്ത്രജ്ഞയായ മേരി ഗാർസൺ പറയുന്നതനുസരിച്ച്, ശേഖരിക്കപ്പെട്ട സാമ്പിളുകളുടെ 98 ശതമാനം വിശദമായ വിശകലനം കൂടാതെ ഉപേക്ഷിക്കപ്പെടുന്നു. ഉദാഹരണത്തിന്, 450 കിലോഗ്രാം എയിക്കോൺ പുഴുവിൽനിന്നും 2,400 കിലോഗ്രാം സ്പഞ്ചിൽനിന്നും കേവലം ഒരു മില്ലിഗ്രാം കാൻസർനിരോധക പദാർഥം വീതമാണു ലഭിച്ചത്, 1,600 കിലോഗ്രാം കടൽമുയൽ ഉത്പാദിപ്പിച്ചത് മെലനോമാ ചികിത്സയ്ക്കുപയോഗിക്കുന്ന പത്തു മില്ലിഗ്രാം പെപ്റ്റൈഡാണ്. കേവലം 0.35 മില്ലിഗ്രാം സിഗ്വാടോക്സിൻ പഠനത്തിനായി വേർതിരിക്കുന്നതിന് 847 കിലോഗ്രാം മൊറെ ഈൽ കരൾ വേണ്ടിവന്നു. “നാം ഒരു സമുദ്രജീവിയെ തുടച്ചുനീക്കുന്നില്ല എന്ന് തീർച്ചപ്പെടുത്താതെ—എത്ര ഉപയോഗപ്രദമായിരുന്നാലും—സമുദ്രത്തിൽനിന്നു വലിയ വ്യാപ്തങ്ങളിൽ അതിനെ നമുക്കു കേവലം എടുക്കാൻ കഴിയില്ല,” ഗാർസൺ പറഞ്ഞു.
യാദൃച്ഛികമായി കണ്ടുപിടിക്കപ്പെട്ട ഗ്രഹം
ഇംഗ്ലണ്ടിലെ ഒരു ഗ്രാമമായ ബ്രാഡ്ഫീൽഡിലുള്ള ജോർജ് സല്ലിറ്റ് എന്ന ജ്യോതിശ്ശാസ്ത്ര കുതുകി, തന്റെ പൂന്തോട്ടത്തിലെ ഷെഡ്ഡിൽ വെച്ചിരിക്കുന്ന ഒരു ദൂരദർശിനിയിലൂടെ അടുത്തയിടെ ഒരു ചെറിയ ഗ്രഹം കണ്ടുപിടിച്ചു. “അത് തീർത്തും യാദൃച്ഛികമായിരുന്നു,” അദ്ദേഹം സമ്മതിച്ചു. “ഞാൻ ഒരു പടം എടുത്തു, ഞാൻ അതിനെ അടുത്തു നോക്കിയപ്പോൾ പടത്തിനു കുറുകെ സാവധാനം നീങ്ങുന്ന ഒരു ഗ്രഹമാണ് അതെന്നു ഞാൻ തിരിച്ചറിഞ്ഞു.” സല്ലിറ്റ് വൺ എന്ന് ഇപ്പോൾ വിളിക്കപ്പെടുന്ന, ഏതാണ്ട് 30 കിലോമീറ്റർ മാത്രം വ്യാസമുള്ള ഈ പുതിയ ഗ്രഹം ഭൂമിയിൽനിന്ന് 60 കോടി കിലോമീറ്ററോളം അകലെയാണ്. അത് ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലായി ഭ്രമണം ചെയ്യുന്നു. ഉപയോഗിച്ച ദൂരദർശിനി 30 സെൻറിമീറ്ററുള്ളതും 7,000 ഡോളർ വിലവരുന്ന കമ്പ്യൂട്ടർ നിയന്ത്രിത മാതൃകയുമാണ്, എന്നാൽ ഹബിൾ ദൂരദർശിനിയിൽ ഉപയോഗിക്കാനായി രൂപകൽപ്പന ചെയ്ത സോഫ്റ്റ്വയർ സജ്ജീകരണം അതിലുണ്ട് എന്ന് ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. നമ്മുടെ സൗരയൂഥത്തിൽ അത്തരം ആയിരക്കണക്കിനു ചെറു ഗ്രഹങ്ങൾ അഥവാ ഛിന്നഗ്രഹങ്ങൾ ഉണ്ടായിരുന്നേക്കാം.
നെൽക്കൃഷിക്കാർക്ക് ഒരു അത്ഭുതവാർത്ത
നെല്ലോലകളുടെ നല്ലൊരു ഭാഗം നശിപ്പിച്ചിരുന്ന ഇലചുരുട്ടിപ്പുഴുക്കളുടെ ലാർവകളെ കൊല്ലുന്നതിനു വർഷങ്ങളായി ഏഷ്യയിലെ നെൽക്കൃഷിക്കാർ, കൃഷിയിറക്കി അധികം താമസിയാതെ തങ്ങളുടെ വിളകളിൽ വൻതോതിൽ മരുന്നു തളിച്ചിരുന്നു. എന്നാൽ, നെൽച്ചെടികളുടെ പകുതിയോളം ഇലകൾ പോയാലും അവ ഉത്പാദിപ്പിക്കുന്ന നെല്ലിന്റെ അളവിനു മാറ്റംവരുകയില്ലെന്ന് അടുത്തകാലത്തെ പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. ഈ സംഗതി ബോധ്യമായ വിയറ്റ്നാമിലെ ചില കർഷകർ പ്രാരംഭ മരുന്നുതളി—ഏഷ്യയിലെ കർഷകർ ഉപയോഗിക്കുന്ന മുഴു കീടനാശിനികളുടെയും 30 മുതൽ 50 വരെ ശതമാനം ഇതിനു വേണ്ടിവരുന്നു—നടത്താതിരിക്കുകയും വിളവെടുപ്പുകൾ ഒട്ടും പ്രതികൂലമായി ബാധിക്കപ്പെട്ടിട്ടില്ലെന്നു കണ്ടെത്തുകയും ചെയ്തു.
മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും മേൽ അംഗീകാരമില്ലായ്മ
ദി ഓസ്ട്രേലിയൻ എന്ന പത്രം പറയുന്നതനുസരിച്ച്, “ഓസ്ട്രേലിയയിലെ ഒരു സാധാരണ കൗമാരപ്രായക്കാരന്” രാഷ്ട്രീയത്തിലോ മതത്തിലോ യാതൊരു യഥാർഥ താത്പര്യവുമില്ല. യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിലെ ലെക്ചററായ ഡോ. ജെന്നിഫെർ ബോസ് സമാഹരിച്ച, 13-ഉം 16-ഉം വയസ്സുള്ള വിദ്യാർഥികളുടെ ഒരു സർവേയെ അടിസ്ഥാനമാക്കിയാണ് ഈ നിഗമനം. യുവജനങ്ങളുടെ മുൻഗണനകൾ പ്രാധാന്യമനുസരിച്ച് ഈ അവരോഹണ ക്രമത്തിലായിരുന്നു: “ഉറ്റ സുഹൃത്തുക്കൾ ഉണ്ടായിരിക്കൽ, നല്ല വിദ്യാഭ്യാസം ലഭിക്കൽ, സ്ഥിരമായ ഒരു ജോലി ഉണ്ടായിരിക്കൽ, എന്റെ കഴിവുകൾ വികസിപ്പിക്കൽ, എന്റെ കുടുംബത്തോട് അടുത്തായിരിക്കൽ, ഭാവി തലമുറകൾക്കായി ഭൂമിയെ കാത്തുസൂക്ഷിക്കൽ, മൃഗങ്ങളെ സംരക്ഷിക്കൽ, ഒരു നല്ല വീടുണ്ടായിരിക്കൽ, മറ്റു രാജ്യങ്ങളിലേക്കു സഞ്ചരിക്കൽ, വളരെയധികം പണം സമ്പാദിക്കൽ, മലിനീകരണം അവസാനിപ്പിക്കാനായി എന്തെങ്കിലും ചെയ്യൽ, വിവാഹം കഴിക്കൽ, പാവപ്പെട്ടവരെ സഹായിക്കൽ, എന്റെ രാജ്യത്തെ സഹായിക്കൽ, സമൂഹത്തിനു പ്രയോജനകരമായ എന്തെങ്കിലും ചെയ്യൽ, മറ്റാളുകളുടെമേൽ കുറച്ചു സ്വാധീനമുണ്ടായിരിക്കൽ.” പട്ടികപ്പെടുത്തിയ 18 മൂല്യങ്ങളിൽ ഏറ്റവും അപ്രധാനമായ രണ്ടെണ്ണം “എന്റെ മതത്തിന്റെ തത്ത്വങ്ങൾ അനുസരിക്കുന്ന”തും “രാഷ്ട്രീയത്തിൽ സജീവമായിരിക്കുന്ന”തും ആയിരുന്നു.