നിഗൂഢസ്വഭാവമുള്ള പ്ലാറ്റിപ്പസ്
ഓസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
ശാസ്ത്രജ്ഞന്മാർ ആദ്യമായി പ്ലാറ്റിപ്പസിനെ കണ്ടപ്പോൾ അതിനെ എങ്ങനെ വർഗീകരണം ചെയ്യണമെന്ന് അവർക്ക് ഒരെത്തുംപിടിയുമില്ലായിരുന്നു. അവരുടെ ചില ശാസ്ത്രവിശ്വാസങ്ങളെ തകിടംമറിച്ച, ഒരു കിലോഗ്രാം തൂക്കംവരുന്ന അത്, വൈരുധ്യാത്മക സ്വഭാവങ്ങളുള്ള ജീവിക്കുന്ന വിരോധാഭാസമായിരുന്നു. ഭംഗിയുള്ള, നാണംകുണുങ്ങിയായ, ഓമനത്വമുള്ള, അസാധാരണ സവിശേഷതകളുള്ള ഈ കൊച്ച് ഓസ്ട്രേലിയക്കാരനെ നേരിൽ കാണാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു. എങ്കിലും, നമുക്ക് ആദ്യം 1799 എന്ന വർഷത്തിലേക്കു പിന്തിരിഞ്ഞ്, പ്ലാറ്റിപ്പസിന്റെ രോമാവൃതമായ ചർമം ബ്രിട്ടീഷ് ശാസ്ത്രജ്ഞന്മാർ പരിശോധനാവിധേയമാക്കിയശേഷം നടന്ന കോലാഹലങ്ങൾ നോക്കാം.
“അക്ഷരീയമായിത്തന്നെ അദ്ദേഹത്തിനു [തന്റെ കണ്ണുകളെ] വിശ്വസിക്കാനായില്ല,” ബ്രിട്ടീഷ് മ്യൂസിയത്തിലെ പ്രകൃതിചരിത്രവിഭാഗത്തിന്റെ സഹായസൂക്ഷിപ്പുകാരനായ ഡോ. ഷായെക്കുറിച്ച് ഒരു എൻസൈക്ലോപീഡിയ പറയുന്നു. “ഒരു താറാവിന്റെ കൊക്ക് ഒരു [നാൽക്കാലിയുടെ] ശരീരത്തിൽ ആരോ ഒട്ടിച്ചുചേർത്തതാ”ണെന്ന് അദ്ദേഹം സംശയിച്ചു. അദ്ദേഹം കൊക്ക് [എടുത്തു] മാറ്റാൻ ശ്രമിച്ചു. ആ തനിചർമത്തിൽ അദ്ദേഹത്തിന്റെ കത്രികയുടെ പാട് ഇന്നും കാണാം.”
ആ തുകൽ ശരിക്കുള്ളതാണെന്നു തെളിഞ്ഞിട്ടുപോലും ശാസ്ത്രജ്ഞന്മാരുടെ അമ്പരപ്പു മാറിയില്ല. “പരന്ന പാദത്തോടുകൂടിയത്” എന്നർഥമുള്ള പ്ലാറ്റിപ്പസിന് ഏറെക്കുറെ ഒരു പക്ഷിയുടേതുപോലുള്ള ജനനേന്ദ്രിയ വ്യവസ്ഥയാണുള്ളത്. എന്നാൽ, അതിന് സ്തനഗ്രന്ഥികൾ അല്ലെങ്കിൽ ക്ഷീരഗ്രന്ഥികളുമുണ്ട്. വൈരുദ്ധ്യാത്മകമായി കാണപ്പെട്ട ഈ സംഗതി ഇപ്രകാരമുള്ള ചോദ്യമുയർത്തി: ഈ അസാധാരണ ജീവി മുട്ടയിട്ടിരുന്നോ ഇല്ലയോ?
വർഷങ്ങൾ നീണ്ടുനിന്ന തർക്കത്തിനുശേഷം ഉത്തരം ലഭിച്ചത്, പ്ലാറ്റിപ്പസ് മുട്ടയിടുകതന്നെ ചെയ്യുന്നുവെന്ന് കണ്ടെത്തിയപ്പോഴായിരുന്നു. എന്നാൽ, ഓരോ കണ്ടുപിടിത്തവും അമ്പരപ്പു വർധിപ്പിച്ചതേയുള്ളൂ. (1) മുട്ടയിടുന്ന, എന്നാൽ സ്തനഗ്രന്ഥികളുള്ള; (2) രോമാവൃതമായ ചർമമുള്ള, എന്നാൽ താറാവിന്റേതുപോലുള്ള കൊക്കോടുകൂടിയ; (3) ശീതരക്ത ഉരഗത്തിന്റെ സവിശേഷതകളോടുകൂടിയ അസ്ഥികൂടമുള്ള, എന്നാൽ ഉഷ്ണരക്തജീവിയായ ഒരു മൃഗത്തെ നിങ്ങൾ എങ്ങനെ വർഗീകരണം ചെയ്യും?
കാലക്രമത്തിൽ, പ്ലാറ്റിപ്പസ് മോണോട്രിമേറ്റ എന്ന വിഭാഗത്തിൽപെട്ട ഒരു സസ്തനമാണെന്നു ശാസ്ത്രജ്ഞന്മാർ സമ്മതിച്ചു. ഒരു മോണോട്രിമിന്, മുട്ടയിടാനും ബീജം സ്രവിപ്പിക്കാനും മലമൂത്രവിസർജനം നടത്താനുമായി ഉരഗത്തെപ്പോലെ ആകെ ഒരു ദ്വാരം അല്ലെങ്കിൽ സുഷിരം മാത്രമേയുള്ളൂ. ജീവിച്ചിരിക്കുന്ന, ആകെയുള്ള മറ്റൊരു മോണോട്രിം എക്കിഡ്നയാണ്. പ്ലാറ്റിപ്പസിനു നൽകിയിരിക്കുന്ന ശാസ്ത്രനാമം, ഓർണിത്തോറിങ്കസ് അനാററിനസ് എന്നാണ്. “പക്ഷിയുടേതുപോലെ കൂർത്ത മുഖത്തോടുകൂടിയ, താറാവിനെപ്പോലെയുള്ള ജീവി” എന്നാണ് ഇതിന്റെ അർഥം.
നമുക്ക് ഒരു പ്ലാറ്റിപ്പസിനെ സന്ദർശിക്കാം
വേണമെങ്കിൽ നമുക്ക് ഒരു മൃഗശാലയിൽ പോകാം. എന്നാൽ, അത് നിഗൂഢസ്വഭാവമുള്ള പ്ലാറ്റിപ്പസിനെ ഒരു വനത്തിൽവെച്ചു കണ്ടെത്തുന്നതിനോളം വരില്ല—അതിനു കഴിഞ്ഞിട്ടുള്ള ഓസ്ട്രേലിയക്കാർപോലും നന്നേ ചുരുങ്ങും. ഓസ്ട്രേലിയയിലെ കിഴക്കുഭാഗത്തുള്ള ശുദ്ധജല നദികളിലും അരുവികളിലും തടാകങ്ങളിലും പ്ലാറ്റിപ്പസിനെ കണ്ടെത്താനാകുമെങ്കിലും കിഴക്കൻ ഓസ്ട്രേലിയയിൽ സിഡ്നിക്കു പടിഞ്ഞാറുള്ള നീലഗിരികളിലാണു നമ്മൾ അന്വേഷണം തുടങ്ങാൻ പോകുന്നത്.
ഓരങ്ങളിൽ യൂക്കാലിപ്റ്റസ് വൃക്ഷങ്ങൾ വളർന്നുനിൽക്കുന്ന കണ്ണാടിപോലെ തെളിഞ്ഞ നദിക്കു കുറുകെ ഒരു പഴയ തടിപ്പാലത്തിൽ സൂര്യോദയത്തിനുമുമ്പായി നാം എത്തിച്ചേരുന്നു. ക്ഷമയോടെ എന്നാൽ നിശബ്ദമായി, ജലോപരിതലത്തിൽ അൽപ്പമായി നിഴൽരൂപം പ്രത്യക്ഷപ്പെടുന്നതും കാത്ത് നാം വെള്ളത്തിലേക്കുനോക്കി നിൽക്കുന്നു, താമസിയാതെ നമ്മുടെ കാത്തിരിപ്പിനു ഫലം ലഭിക്കുന്നു. ഒഴുക്കിനെതിരായി 50 മീറ്റർ അകലെ ഒരു രൂപം പ്രത്യക്ഷപ്പെട്ട് നമ്മുടെ സമീപത്തേക്കു നീന്തുന്നു. നമ്മൾ തീർത്തും നിശ്ചലമായി നിൽക്കണം.
അതിന്റെ കൊക്കിന്റെ ഭാഗത്തു ചുറ്റും വ്യാപിക്കുന്ന കൊച്ചോളങ്ങൾ, ഒരു പ്ലാറ്റിപ്പസ്തന്നെയാണ് അതെന്നു സ്ഥിരീകരിക്കുന്നു. നദിയുടെ അടിവശം ചികഞ്ഞ് കവിൾസഞ്ചികളിൽ ശേഖരിച്ചുവെച്ചിരിക്കുന്ന ആഹാരം ചവച്ചരയ്ക്കുമ്പോഴാണ് ബാഹ്യാടയാളമായ ആ കൊച്ചോളങ്ങൾ ഉണ്ടാകുന്നത്. ഋതുഭേദങ്ങൾക്കനുസരിച്ച് മാറുമെങ്കിലും പ്രധാനമായും വിരകൾ, ലാർവകൾ, ശുദ്ധജലത്തിൽ ജീവിക്കുന്ന ചെമ്മീൻ എന്നിവയാണ് അവയുടെ ആഹാരക്രമത്തിൽ ഉൾപ്പെടുന്നത്.
പ്ലാറ്റിപ്പസ് നന്നേ ചെറുതാണെന്നതു നിങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ടോ? മിക്ക ആളുകളെയും അത് അത്ഭുതപ്പെടുത്തുന്നു. പ്ലാറ്റിപ്പസിന് ഒരു ബീവറിന്റെയോ നീർനായയുടെയോ വലുപ്പമുണ്ടായിരിക്കുമെന്ന് അവർ സങ്കൽപ്പിക്കുന്നു. എന്നാൽ, നിങ്ങൾ കാണുന്നതുപോലെ, അത് ഒരു സാധാരണ പൂച്ചയെക്കാൾ ചെറുതാണ്. ആൺപ്ലാറ്റിപ്പസുകൾക്ക്, 45 മുതൽ 60 വരെ സെൻറിമീറ്ററോളം നീളവും ഒന്നുമുതൽ രണ്ടരവരെ കിലോഗ്രാം തൂക്കവും കാണും. പെൺപ്ലാറ്റിപ്പസുകൾ കുറച്ചുകൂടെ ചെറുതാണ്.
മുന്നോട്ടു നീങ്ങത്തക്കവിധം, ചർമബന്ധിത മുൻപാദങ്ങൾ ഇടവിട്ടിടവിട്ടടിച്ച് ചലിക്കുന്ന അത്, പാലത്തിനടിയിലൂടെ മുമ്പോട്ടു നീങ്ങവേ ഒന്നുരണ്ടു മിനിറ്റ് വെള്ളത്തിനടിയിൽ മുങ്ങിക്കിടക്കുന്നു. ഭാഗികമായി ചർമബന്ധിതമായ അതിന്റെ പിൻപാദങ്ങൾ മുമ്പോട്ടു നീങ്ങാൻ ഉപയോഗിക്കുന്നില്ല. എന്നാൽ, അതു ചുക്കാൻപോലെ പ്രവർത്തിക്കുന്നു, നീന്തുമ്പോൾ വാലിനോടൊപ്പം പ്രവർത്തിക്കുകയും ചെയ്യുന്നു. കൂടാതെ മാളമുണ്ടാക്കുമ്പോൾ അവയുടെ ശരീരത്തെ അതു ദൃഢമായി ഉറപ്പിച്ചുനിർത്തുകയും ചെയ്യുന്നു.
ശല്യമുണ്ടാക്കിയാൽ പ്ലാറ്റിപ്പസ് ശബ്ദത്തോടെ വെള്ളത്തിനടിയിലേക്ക് ഊളിയിട്ടിറങ്ങുന്നു. അതായത്, നാം ഇനിയൊരിക്കലും അവനെ കാണുകയില്ലെന്നർഥം! അതുകൊണ്ട് അതു വെള്ളത്തിൽ മുങ്ങിക്കിടക്കുമ്പോൾ മാത്രമേ നമ്മൾ സംസാരിക്കുന്നുള്ളൂ. “ഇത്ര ചെറിയ ഒരു ജീവി ശരീരം ചൂടുള്ളതായി നിലനിർത്തുന്നത് എങ്ങനെയാണ്, അതും ശൈത്യകാലത്തെ ഈ തണുത്തുറഞ്ഞ ജലത്തിൽ?” എന്നു നിങ്ങൾ മന്ത്രിക്കുന്നു. പ്ലാറ്റിപ്പസിന് അതിനു നല്ല കഴിവുണ്ട്. രണ്ടുതരം സഹായം അതിനുണ്ട്: വേഗത്തിൽ ഊർജം ഉത്പാദിപ്പിക്കുന്നതും അങ്ങനെ അതിനു ശരീരത്തിനകത്തു ചൂടു നൽകുന്നതുമായ ഉപാപചയപ്രക്രിയ. ചൂടു പുറത്തു പോകാതെ സൂക്ഷിക്കുന്ന ഇടതൂർന്ന രോമങ്ങൾ.
വിസ്മയമുളവാക്കുന്ന കൊക്കുകൾ
പ്ലാറ്റിപ്പസിന്റെ മൃദുലമായ റബർപോലെയുള്ള കൊക്കുകൾ വളരെ സങ്കീർണമാണ്. സ്പർശനത്തെയും വൈദ്യുതപ്രവർത്തനങ്ങളെയും പിടിച്ചെടുക്കുന്ന ഗ്രാഹികൾകൊണ്ട് അതു പൊതിഞ്ഞിരിക്കുന്നു. നദിയുടെ അടിത്തട്ടിൽ പരിശോധന നടത്തവേ, പ്ലാറ്റിപ്പസ് അതിന്റെ കൊക്കുകൾ പതുക്കെ അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിക്കുന്നു. ഇരയുടെ പേശീസങ്കോചം നിമിത്തം ഉളവാകുന്ന നേരിയ വൈദ്യുത മണ്ഡലംപോലും അതു പിടിച്ചെടുക്കുന്നു. വെള്ളത്തിനടിയിലായിരിക്കുമ്പോൾ കൊക്കുകൊണ്ടാണ് അതു ലോകവുമായി സമ്പർക്കം പുലർത്തുന്നത്. കാരണം അതിന്റെ കണ്ണുകൾ, കാതുകൾ, മൂക്ക് എന്നിവ അത് ഇറുക്കിയടച്ചിരിക്കും.
ആ മുള്ളുകൾ സൂക്ഷിക്കുക!
നമ്മുടെ കൊച്ചുസുഹൃത്ത് ഒരു ആൺപ്ലാറ്റിപ്പസാണെങ്കിൽ രണ്ടു നാളികൾവഴി തുടഭാഗത്തുള്ള രണ്ടു വിഷസഞ്ചികളുമായി ബന്ധിപ്പിച്ചിരിക്കുന്ന രണ്ട് മുള്ളുകൾ അവന്റെ പുറംകാൽമുട്ടുകളിൽ ഉണ്ടായിരിക്കും. ഒരു കുതിരക്കാരൻ തന്റെ കുതിരയെ കുതിമുള്ളുകൊണ്ടു കുത്തുന്നതുപോലെ അവൻ ആ രണ്ടു മുള്ളുകളും അക്രമിയുടെ മാംസത്തിലേക്കു ശക്തിയായി കുത്തിയിറക്കുന്നു. ആദ്യത്തെ ആഘാതത്തിനുശേഷം താമസിയാതെ ഇരയ്ക്കു കഠിനമായ വേദന അനുഭവപ്പെടുന്നു. കൂടാതെ, കുത്തിയ സ്ഥലത്തു നീരുവെക്കുകയും ചെയ്യുന്നു.
എങ്കിലും കൂട്ടിലടച്ചിട്ടു വളർത്തുന്ന പ്ലാറ്റിപ്പസ് ഒരു പട്ടിക്കുട്ടിയെപോലെ ഇണക്കമുള്ളതായിരിക്കും. വിക്ടോറിയയിലെ ഹീൽസ്വിൽ സംരക്ഷണകേന്ദ്രം ഈ മൃഗങ്ങളെ ദശകങ്ങളോളം വളർത്തിയിട്ടുണ്ട്. അവിടത്തെ ആദ്യകാല നിവാസിയായിരുന്ന ഒരു പ്ലാറ്റിപ്പസ് “വയറൊന്നു ചൊറിഞ്ഞുകിട്ടാൻ കളിച്ചുമറിഞ്ഞ്, സന്ദർശകരെ മണിക്കൂറുകളോളം രസിപ്പിക്കുമായിരുന്നു . . . അസാധാരണ സവിശേഷതകളുള്ള ഈ കൊച്ചു മൃഗത്തെ കാണാൻ ആയിരക്കണക്കിനു സന്ദർശകർ തടിച്ചുകൂടി” എന്ന് ആ സംരക്ഷണകേന്ദ്രം റിപ്പോർട്ടു ചെയ്യുന്നു.
നമുക്കു കിഴക്കായി മലനിരകളിലൂടെ പ്രഭാതസൂര്യൻ എത്തിനോക്കവേ നമ്മുടെ ഈ പ്ലാറ്റിപ്പസ് ആ ദിവസത്തെ അവസാന ഊളിയിടൽ നടത്തുന്നു. ഒറ്റരാത്രികൊണ്ട് തന്റെ തൂക്കത്തിന്റെ അഞ്ചിലൊരു ഭാഗം ആഹാരം അവൻ അകത്താക്കിയിട്ടുണ്ട്. വെള്ളത്തിൽനിന്നു കരയിലേക്കു കയറുമ്പോൾ മുൻപാദങ്ങളിലെ ചർമം പുറകോട്ടുവലിഞ്ഞ് ബലിഷ്ഠമായ നഖങ്ങൾ പുറത്തേക്കു വരുന്നു. നിരവധി മാളങ്ങളുള്ളതിൽ ഒന്നിലേക്ക് അവൻ പോകുന്നു. ഒലിച്ചുപോകാതിരിക്കാനും ഇടിഞ്ഞുവീഴാതിരിക്കാനുമായി ബുദ്ധിപൂർവം അതു വൃക്ഷങ്ങളുടെ വേരുകൾക്കിടയിലാണു നിർമിച്ചിരിക്കുന്നത്. മുട്ടയിടാനുള്ള മാളം സാധാരണ ഏതാണ്ട് എട്ടു മീറ്റർ നീളം വരും. എന്നാൽ മറ്റു മാളങ്ങൾക്ക് ഒരു മീറ്ററിനും ഏതാണ്ട് മുപ്പതു മീറ്ററിനും ഇടയ്ക്കു നീളം വന്നേക്കാം. കൂടാതെ അതിനു നിരവധി ശാഖകളും ഉണ്ടായിരിക്കാം. പെൺപ്ലാറ്റിപ്പസിനു കുഞ്ഞുങ്ങളെ വളർത്താൻ തക്കവണ്ണം ഗുഹകൾ സുഖപ്രദമാക്കിത്തീർത്തുകൊണ്ട് തീവ്രമായ കാലാവസ്ഥയിൽനിന്നു മാളങ്ങൾ സംരക്ഷണവും പ്രദാനം ചെയ്യുന്നു.
മുട്ടയിടുന്ന സമയം
വസന്തത്തിൽ പെൺപ്ലാറ്റിപ്പസ്, ആഴമുള്ള മാളങ്ങളിലൊന്നിൽ സസ്യഭാഗങ്ങൾകൊണ്ട് ആവരണം ചെയ്ത അറയിൽ പോയി തള്ളവിരലിന്റെ നഖത്തിന്റെ വലുപ്പത്തിലുള്ള ഒന്നുമുതൽ മൂന്നുവരെ (പൊതുവെ രണ്ട്) മുട്ടകൾ ഇടുന്നു. ശരീരവും തടിച്ചവാലുംകൊണ്ട് പൊതിഞ്ഞ് അവൾ മുട്ടകൾക്ക് അടയിരിക്കുന്നു. ഏതാണ്ടു പത്തു ദിവസം കഴിയുമ്പോൾ ചർമപടംപോലുള്ള തോടുകൾപൊളിച്ചു കുഞ്ഞുങ്ങൾ പുറത്തുവരുന്നു. അമ്മയുടെ സ്തനഗ്രന്ഥികളിൽനിന്നു ലഭിക്കുന്ന പാൽ അവ കുടിക്കുന്നു. പെൺപ്ലാറ്റിപ്പസ് തന്റെ കുഞ്ഞുങ്ങളെ തനിച്ചാണു വളർത്തുന്നത്; ദീർഘനാൾ നീണ്ടുനിൽക്കുന്ന ഏക ഇണബന്ധം ഈ സസ്തനങ്ങൾ പ്രകടിപ്പിക്കുന്നില്ല.
ഏതാണ്ട് മൂന്നര മാസത്തെ പെട്ടെന്നുള്ള വളർച്ചയ്ക്കുശേഷം ഫെബ്രുവരിയോടെ കുഞ്ഞുങ്ങൾ വെള്ളത്തിലേക്കുപോകാൻ പാകത്തിലാകുന്നു. എങ്കിലും ഒരു ജലാശയത്തിൽ ഒരു ക്ലിപ്ത സംഖ്യ മൃഗങ്ങൾക്കു മാത്രമേ ജീവിക്കാൻ സാധിക്കുകയുള്ളൂ എന്നതുകൊണ്ട് ക്രമേണ കുഞ്ഞുങ്ങൾ, ജീവികൾ കുറവുള്ള വെള്ളങ്ങൾ തേടിപ്പോയേക്കാം. ഇതിനായി ചിലപ്പോൾ അവ അപകടകരമായ സ്ഥലങ്ങൾപോലും താണ്ടിപ്പോകുന്നു.
കൂട്ടിലടച്ചിട്ട പ്ലാറ്റിപ്പസുകൾ 20-ലേറെ വർഷത്തോളം ജീവിച്ചിട്ടുണ്ട്. എന്നാൽ, മിക്ക പ്ലാറ്റിപ്പസുകളും വനത്തിൽ അത്രയേറെ കാലം ജീവിക്കില്ല. വരൾച്ചയും വെള്ളപ്പൊക്കവും നിമിത്തം ഒട്ടേറെ എണ്ണം ചത്തൊടുങ്ങുന്നു. കൂടാതെ, ഗൊയേനകൾ (വലിയ മോണിറ്റർ ഗൗളികൾ), കുറുക്കന്മാർ, റാഞ്ചൻപക്ഷികൾ എന്നിവയും ക്വീൻസ്ലാൻഡിന്റെ വിദൂരദക്ഷിണ ഭാഗങ്ങളിൽ മുതലകൾപോലും ഇവയെ പിടിച്ചുതിന്നുന്നു. എങ്കിലും, പ്ലാറ്റിപ്പസുകൾക്ക് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നതു മനുഷ്യനാണ്. അവയെ മനപ്പൂർവം കൊന്നുകൊണ്ടല്ല (പ്ലാറ്റിപ്പസുകളെ കൊല്ലുന്നതു കർശനമായി നിരോധിച്ചിരിക്കുന്നു), പിന്നെയോ അവയുടെ ആവാസം നിർദയം കൈയേറിക്കൊണ്ട്.
ഓസ്ട്രേലിയ സന്ദർശിക്കുകയാണെങ്കിൽ താറാവിന്റേതുപോലുള്ള കൊക്കുകളോടുകൂടിയ ഈ അസാധാരണ ജീവിയെ നിങ്ങൾക്കു നേരിൽ നിരീക്ഷിക്കാനാവും. കാരണം, ലോകത്തുള്ള മറ്റേതു വനത്തിലും നിങ്ങൾ ഇതിനെ കണ്ടെന്നുവരില്ല. സ്രഷ്ടാവിന്റെ അതിരില്ലാത്ത ഭാവനയുടെയും—അതുപോലെതന്നെ നർമബോധത്തിന്റെയും—മറ്റൊരു വശം പ്ലാറ്റിപ്പസിലൂടെ നിങ്ങൾക്ക് അനുഭവിച്ചറിയാനാകും.
[17-ാം പേജിലെ ചിത്രം]
ചർമബന്ധിത പാദങ്ങളുപയോഗിച്ച് പ്ലാറ്റിപ്പസ് മുമ്പോട്ടു നീങ്ങുന്നു
[കടപ്പാട്]
Courtesy of Taronga Zoo
[17-ാം പേജിലെ ചിത്രം]
ഒരു സാധാരണ പൂച്ചയെക്കാൾ ചെറുതായ പ്ലാറ്റിപ്പസിന് ഒന്നുമുതൽ രണ്ടരവരെ കിലോഗ്രാം തൂക്കംവരും
[കടപ്പാട്]
Courtesy of Dr. Tom Grant
[17-ാം പേജിലെ ചിത്രം]
ഉയർന്ന സംവേദനക്ഷമതയുള്ള കൊക്ക് ഉപയോഗിച്ച് വെള്ളത്തിനടിയിൽ അത് ഇരയെ കണ്ടെത്തുന്നു. (ഈ പ്ലാറ്റിപ്പസ് ഹീൽസ്വിൽ സംരക്ഷണകേന്ദ്രത്തിലുള്ളതാണ്)
[16-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Photo: Courtesy of Dr. Tom Grant