ലോകത്തെ വീക്ഷിക്കൽ
പാപ്പാ പരിണാമത്തെ ആവർത്തിച്ചു സ്ഥിരീകരിക്കുന്നു
ജോൺ പോൾ രണ്ടാമൻ പാപ്പാ മനുഷ്യ പരിണാമത്തെക്കുറിച്ച് അടുത്തയിടെ ഒരു പ്രസ്താവനയിറക്കി. “ഈ സിദ്ധാന്തത്തിനനുകൂലമായ ഒരു സുപ്രധാന ന്യായവാദമായി” സ്വതന്ത്രമായ ഗവേഷണത്തിൽ നിന്നു “ശേഖരിച്ച വിവരങ്ങൾ” ഉദ്ധരിച്ചുകൊണ്ടായിരുന്നു അത്. ലൊസെർവാറ്റോറെ റൊമാനോ പറഞ്ഞപ്രകാരം ആ പഠിപ്പിക്കലിനെ പൂർണമായി അംഗീകരിക്കുന്നില്ലെങ്കിലും, “‘പരിണാമവാദം’ പരിശോധനാ വിധേയമാക്കേണ്ട ഒരു സുപ്രധാന സിദ്ധാന്തമാണെന്നു കണക്കാക്കിയ” പന്ത്രണ്ടാം പീയൂസ് പാപ്പായുടെ ചാക്രികലേഖനത്തെക്കുറിച്ച് ജോൺ പോൾ രണ്ടാമൻ ആവർത്തിച്ചു പറഞ്ഞു. ദൈവത്തിനും അതിലൊരു ഭാഗധേയം നൽകാൻ ശ്രമിച്ചുകൊണ്ട് പാപ്പാ മനുഷ്യർക്ക് ഒരു അമർത്ത്യദേഹിയുണ്ടെന്ന പ്ലേറ്റോയുടെ പഠിപ്പിക്കലിലേക്കു തിരിഞ്ഞു. വീണ്ടും പന്ത്രണ്ടാം പീയൂസിന്റെ ചാക്രികലേഖനത്തിൽനിന്ന് ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “മനുഷ്യ ശരീരം മുമ്പു സ്ഥിതിചെയ്തിരുന്ന ജീവവസ്തുവിൽ നിന്നു പരിണമിക്കുന്നതാണെങ്കിൽ അവന്റെ അമർത്ത്യദേഹി ദൈവം തത്ക്ഷണം സൃഷ്ടിക്കുന്നതാണ്.”
വിവാഹങ്ങളുടെ എണ്ണം കുറയുന്നു
“വിവാഹം ഒരു സുസ്ഥാപിത കീഴ്വഴക്കമെന്ന നിലയിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതിനു നാം സാക്ഷികളാകുകയാണ്” എന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയിലെ ജനസംഖ്യാശാസ്ത്ര അപഗ്രഥനത്തിന്റെ ഇപ്പോഴത്തെ ഭാരവാഹിയായ ഷാൻ ഡ്യൂമസ് പറയുന്നു. ദ ടൊറന്റോ സ്റ്റാർ പറയുന്നതനുസരിച്ച് കാനഡയിൽ, പ്രത്യേകിച്ചും ക്യൂബെക്കിൽ വിവാഹങ്ങളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വിവാഹം എന്ന ദീർഘകാല ഉടമ്പടിയിലേർപ്പെടാനുള്ള വൈമുഖ്യത്തിന്റെ ഒരു കാരണം ചില കേസുകളിൽ, തങ്ങളുടെ മാതാപിതാക്കളുടെ വിവാഹത്തെപ്പറ്റി ആളുകൾക്കുള്ള മോശമായ അഭിപ്രായമാണെന്ന് റിപ്പോർട്ടു പറയുന്നു. ഒരു 25-വർഷക്കാലയളവുകൊണ്ടു ശേഖരിക്കപ്പെട്ട രേഖകൾ വെളിപ്പെടുത്തുന്നതനുസരിച്ച്, 1969-ൽ വിവാഹിതരായ ദമ്പതികളിൽ 30 ശതമാനവും 1993 ആയപ്പോഴേക്കും വേർപിരിഞ്ഞു. സമീപകാലങ്ങളിൽ വിവാഹിതരായ ദമ്പതികളും വിവാഹമോചനം നേടുന്നതായി സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു. 1993-ൽ കാനഡയിൽ നടന്ന മൊത്തം വിവാഹമോചനങ്ങളുടെ മൂന്നിലൊന്ന് വിവാഹം കഴിഞ്ഞിട്ട് അഞ്ചു വർഷം പോലും തികയാത്തവരുടേതായിരുന്നു. 1980-ലെ നാലിലൊന്ന് എന്ന അനുപാതത്തെക്കാൾ കൂടുതലാണ് അത്. ഒണ്ടേറിയോയിലുള്ള ഗ്വെൽഫ് സർവകലാശാലയിലെ വൈവാഹിക-കുടുംബ വിദഗ്ധോപദേശ കേന്ദ്രത്തിന്റെ ഡയറക്ടറായ മാർഷൽ ഫൈൻ നിരീക്ഷിക്കുന്നു: “ഇന്നത്തെ ലോകം യുവജനങ്ങൾക്കു സുരക്ഷിതമാണെന്നു തോന്നുന്നില്ല.”
ഉറക്കം നഷ്ടപ്പെട്ട കൗമാരപ്രായക്കാർ
കൗമാരപ്രായക്കാർക്കു രാവിലെ കിടക്കവിട്ടെഴുന്നേൽക്കാനുള്ള ബുദ്ധിമുട്ടിനു കാരണം ടിവിയോ മത്സര മനോഭാവമോ മടിയോ മാത്രമല്ലെന്ന് ഓസ്ട്രേലിയയിലെയും ഐക്യനാടുകളിലെയും ചില നിദ്രാഗവേഷകർ വിശ്വസിക്കുന്നതായി ഏഷ്യാവീക്ക് മാസിക റിപ്പോർട്ടു ചെയ്യുന്നു. ഓസ്ട്രേലിയയിലെ ഒരു നിദ്രാഗവേഷകനായ ഡോ. ക്രിസ് സെറ്റൺ പറയുന്നതനുസരിച്ച് അനേകം കൗമാരപ്രായക്കാരുടെയും അമിത ഉറക്ക പ്രിയത്തിനു ഹോർമോൺ മാറ്റങ്ങളോടും പെട്ടെന്നുള്ള വളർച്ചയോടും ബന്ധമുണ്ടായിരിക്കാം. ഒമ്പതു വയസ്സുമുതൽ ഒരു കുട്ടിക്ക് ഉറക്കത്തിന്റെ ആവശ്യം വർധിക്കുന്നു. എന്നുവരികിലും, യു.എസ്.-ലെ 17-ഉം 19-ഉം വയസ്സിനിടയിലുള്ള 3,000 വിദ്യാർഥികളെക്കുറിച്ചു നടത്തിയ ഒരു പഠനം, 85 ശതമാനത്തിനും വേണ്ടത്ര ഉറക്കം കിട്ടുന്നില്ലെന്നു വെളിപ്പെടുത്തി. വിദ്യാർഥികൾ സ്ഥിരമായി, പ്രത്യേകിച്ചും അതിരാവിലെയുള്ള ക്ലാസ്സുകളിൽ, ഉറക്കം തൂങ്ങുന്നുവെന്നതാണു പരിണതഫലം എന്നു ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. “മതിയാകുവോളം ഉറങ്ങാൻ സാധിക്കാതെയാണ് ഈ കുട്ടികൾ ക്ലാസ്സിൽ വരുന്നത്,” കോർനെൽ സർവകലാശാലയിലെ പ്രൊഫസറായ ജെയിംസ് ബി. മാസ് കുറിക്കൊള്ളുന്നു, “അവർ ഏതാണ്ട് കിറുങ്ങിയിരിക്കുന്നതുപോലെ തോന്നും.” കൗമാരപ്രായക്കാർക്ക് രാത്രി ചുരുങ്ങിയത് എട്ടര മണിക്കൂർ ഉറക്കമെങ്കിലും വേണം എന്നു വിദഗ്ധർ വിശ്വസിക്കുന്നു.
ഭക്ഷണക്രമം അർബുദ ഭീഷണി കുറയ്ക്കുന്നു
ഓരോ ദിവസവും അഞ്ചു തവണയെങ്കിലും പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതു ശ്വാസകോശം, വൻകുടൽ, ആമാശയം എന്നിവിടങ്ങളിലും മറ്റു ശരീരഭാഗങ്ങളിലും കാൻസർ ബാധിക്കാനുള്ള അപകടസാധ്യത കുറയ്ക്കുന്നുവെന്നു ദ വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ടു ചെയ്യുന്നു. ചുരുങ്ങിയതു 17 രാജ്യങ്ങളിലെങ്കിലും നടത്തിയ 200-ലേറെ പഠനങ്ങൾ ഇതിന്റെ പ്രയോജനങ്ങൾക്കു “ശക്തമായ തെളിവു” നൽകുന്നു. വളരെ കൂടിയ അളവാകണമെന്നൊന്നുമില്ല. ഒരു യു.എസ്. ദേശീയ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് പദ്ധതി പറയുന്നതനുസരിച്ച്, ആവശ്യമായ അളവിൽ “ഏതെങ്കിലുമൊരു പഴത്തിന്റെ ഇടത്തരം വലുപ്പമുള്ള ഒരു കഷണം, മുക്കാൽ കപ്പ് പഴച്ചാർ, അരക്കപ്പ് വേവിച്ച പച്ചക്കറികൾ, ഒരു കപ്പ് സാലഡ് രൂപത്തിലുള്ള പച്ച ഇലകൾ, കാൽക്കപ്പ് ഉണക്കിയെടുത്ത പഴങ്ങൾ” എന്നിവ ഉൾപ്പെടുന്നു. ഇൻസ്റ്റിറ്റ്യൂട്ട് അത്തരമൊരു ഭക്ഷണരീതി കഴിഞ്ഞ അഞ്ചു വർഷമായി പ്രോത്സാഹിപ്പിച്ചു വരുന്നു, പക്ഷേ ഇപ്പോഴത്തെ അവസ്ഥയിൽ ഐക്യനാടുകളിൽ മുതിർന്നവരിൽ 3-ൽ ഒരാളും കുട്ടികളിൽ 5-ൽ ഒരാളുമേ ഈ നിർദേശങ്ങൾ പിൻപറ്റുന്നുള്ളൂ. തത്ക്ഷണ ആഹാരത്തോടുള്ള (fast food) ആസക്തി അതിന്റെ വിജയത്തിനു തടസ്സം നിൽക്കുന്നതുപോലെ തോന്നുന്നു. ദ വാൾ സ്ട്രീറ്റ് ജേർണൽ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ഉരുളക്കിഴങ്ങു വറുത്തതും തക്കാളി സോസും പച്ചക്കറികൾ രണ്ടു തവണ കഴിക്കുന്നതിനു തുല്യമായി കണക്കാക്കാനാവില്ല.”
മാറ്റമില്ലാത്ത ജനസംഖ്യയോ?
വിയന്നയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അപ്ലൈഡ് സിസ്റ്റെംസ് അനാലിസിസിന്റെ (ഐഐഎഎസ്എ) അഭിപ്രായപ്രകാരം ഇപ്പോഴത്തെ ലോകജനസംഖ്യ ഇരട്ടിക്കാൻ സാധ്യതയില്ല. ജനസംഖ്യാനിരക്ക് “ഇപ്പോഴത്തെ 575 കോടിയിൽനിന്ന് 2050 ആകുമ്പോഴേക്ക് 1,000 കോടിയാകും. 2075 ആകുമ്പോഴേക്കും 1,100 കോടി എന്ന അത്യുച്ചത്തിലെത്തുകയും അതിനുശേഷം മിക്കവാറും ഒരേനിലയിൽ തുടരുകയോ അല്ലെങ്കിൽ 2100 ആകുമ്പോഴേക്കും നേരിയതോതിൽ കുറയുകയോ ചെയ്തേക്കാം” എന്ന് അവർ കണക്കാക്കുന്നതായി ന്യൂ സയൻറിസ്റ്റ് പറയുന്നു. ഐഐഎഎസ്എ-യുടെ അഭിപ്രായമനുസരിച്ച് ഇപ്പോഴത്തെ ആഗോള ജനസംഖ്യ ഒരിക്കലും ഇരട്ടിക്കാതിരിക്കാൻ 64 ശതമാനം സാധ്യതയുണ്ട്. 1995-ൽ ലോകത്തിന്റെ സമസ്ത ഭാഗങ്ങളിലും പ്രത്യക്ഷത്തിൽ ജനനനിരക്ക് കുറഞ്ഞിരിക്കുന്നുവെന്ന് അവരുടെ കണക്കുകൾ കാണിക്കുന്നു.
ബാറ്ററി വേണ്ടാത്ത റേഡിയോ
മിക്ക ആഫ്രിക്കൻ ഉൾപ്രദേശങ്ങളിലുമുള്ള വൈദ്യുതി അഭാവത്തെയും ബാറ്ററി ക്ഷാമത്തെയും നേരിടുന്നതിന്, ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിനടുത്തുള്ള ഒരു ചെറിയ ഫാക്ടറി കൈകൊണ്ടു തിരിച്ചു പ്രവർത്തിപ്പിക്കാവുന്ന അന്തർനിർമിത ജനറേറ്ററുള്ള, കൂടെക്കൊണ്ടുനടക്കാവുന്ന റേഡിയോ ഉത്പാദിപ്പിക്കുന്നു. “പിടിയിൽ പിടിച്ച് ഏതാനും തവണ ദ്രുതഗതിയിൽ തിരിക്കുക, റേഡിയോ അരമണിക്കൂർ പ്രവർത്തിക്കാൻ അത്രയുംമതി,” ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. അതിന് ഒരു ചോറ്റുപാത്രത്തിന്റെ വലുപ്പവും മൂന്നു കിലോഗ്രാം തൂക്കവും ഉണ്ടെങ്കിലും പുതിയ മോഡൽ വിജയത്തിലേക്കു കുതിക്കുന്നു. ഫാക്ടറിയുടെ വിൽപ്പനവിഭാഗത്തിന്റെ മേധാവിയായ സിയാംഗാ മാലൂമാ പറയുന്നതനുസരിച്ച്, റേഡിയോ അഞ്ചുമുതൽ പത്തുവരെ മണിക്കൂറുകൾ ഒരു ദിവസം പ്രവർത്തിപ്പിക്കുമ്പോൾ അതു മൂന്നു വർഷംകൊണ്ടു ബാറ്ററിയിനത്തിൽ 500 ഡോളർമുതൽ 1,000 ഡോളർവരെ ലാഭിക്കും. സൈക്കിളിനോടും മോട്ടോർ സൈക്കിളിനോടുമൊപ്പം, “ആഫ്രിക്കക്കാരുടെ അന്തസ്സിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന മൂന്നു പ്രധാന വസ്തുക്കളിലൊന്നാണ് റേഡിയോയും” എന്നു മാലൂമാ പറയുന്നു. ഒരു റേഡിയോ സ്വന്തമായുള്ളതിന്റെ അടിസ്ഥാനത്തിൽ മാത്രം “നിങ്ങൾക്ക് ഒരു ഭാര്യയെ സ്വന്തമാക്കാൻ സാധിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട” എന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നു.
കൊലയാളി മഴ
സ്വീഡിഷ് ശാസ്ത്രജ്ഞനായ ഡോ. ആഡ്രിയൻ ഫ്രാങ്ക് പറയുന്നതനുസരിച്ച് അമ്ലമഴ വളരെയേറെ സ്കാൻഡിനേവിയൻ എൽക്ക് മാനുകൾ ചത്തുപോകാൻ ഇടയാക്കിയിരിക്കുന്നു. മലീമസമായ മഴ കൈവരുത്തുന്ന ദൂഷ്യഫലങ്ങൾ തടയുന്നതിന് വയലുകളിലും തടാകങ്ങളിലും ചുണ്ണാമ്പു കലക്കുന്നു. എന്നാൽ, ചുണ്ണാമ്പു കലർന്ന മണ്ണിൽ വളരുന്ന ചെടികളിൽ ചില പ്രത്യേക ഘടകങ്ങൾ കൂടുതലുള്ളതായി കാണപ്പെടുന്നു, പ്രത്യേകിച്ച് മോളിബ്ഡെനം. എൽക്ക് വളരെയേറെ മോളിബ്ഡെനം ഉള്ളിലാക്കുന്നത് അതിന്റെ ശരീരത്തിലെ ചെമ്പിന്റെ അളവു മാരകമാംവിധം കുറയാനിടയാക്കുന്നു. ഇത് അതിന്റെ പ്രതിരോധവ്യവസ്ഥയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. സ്വീഡനിലെ 4,000 തടാകങ്ങളിൽ മത്സ്യങ്ങൾക്കു ജീവിക്കാൻ അസാധ്യമായിത്തീർന്നതും നോർവേയിലെ ട്രൗട്ട് മത്സ്യങ്ങളുടെ അളവു മുമ്പുണ്ടായിരുന്നതിന്റെ പകുതിയായി കുറഞ്ഞുപോയതും അമ്ലമഴയുടെ മറ്റു പ്രത്യാഘാതങ്ങളാണ്. മലിനീകരണം നിയന്ത്രണവിധേയമാക്കുന്നതിനു ബ്രിട്ടീഷ് ഗവൺമെൻറ് അതിനു കാരണമാകുന്ന ഊർജനിലയങ്ങളിൽനിന്നു വികിരണം ചെയ്യപ്പെടുന്ന സൾഫറിന്റെ അളവു കുറയ്ക്കുന്നുണ്ടെങ്കിലും, അമ്ലമഴ നിമിത്തമുളവായ തിക്തഫലങ്ങൾ വർഷങ്ങളോളം നിലനിൽക്കുമെന്നു ലണ്ടനിലെ ദ സൺഡേ ടെലഗ്രാഫ് അഭിപ്രായപ്പെടുന്നു.
ആഫ്രിക്കൻ ആനകളുടെ പരിശീലനം
യുഗങ്ങളായി ഏഷ്യൻ ആനകളെ ജോലിചെയ്യാൻ ഉപയോഗിച്ചിരുന്നു. എങ്കിലും, ആഫ്രിക്കയിലുള്ള അവയുടെ വലിയ മച്ചുനന്മാർ, മെരുക്കിയെടുക്കാൻ കഴിയാത്തവിധം ആക്രമണകാരികളാണെന്നു കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ ഒരു സംരംഭമെങ്കിലും പ്രത്യക്ഷത്തിൽ വിജയിച്ചിരിക്കുന്നു. സിംബാബ്വേയിലെ ഇമീറെ വന്യമൃഗ സംരക്ഷണകേന്ദ്രത്തിൽ വയലുകൾ ഉഴാനും എത്തിച്ചേരാൻ പ്രയാസമുള്ള സ്ഥലങ്ങളിലേക്കു വനപാലകന്മാരെ വഹിച്ചുകൊണ്ടുപോകാനും ആഫ്രിക്കൻ ആനകളെ ഉപയോഗിക്കുന്നു. പരിശീലന പരിപാടിയെ “സ്നേഹവും പ്രതിഫലവും” എന്നാണു വിളിക്കുന്നത്. ഒരു ആഫ്രിക്കൻ പത്രറിപ്പോർട്ടർ, ന്യാഷാ എന്നു പേരുള്ള ഒരു ആന അതിന്റെ പുറത്തിരുന്ന മുച്ചെമ്വാ എന്ന തൊഴിലാളിയോടൊത്തു വയൽ ഉഴുന്നതു നിരീക്ഷിച്ചു. “ഏതുനേരവും അവൻ തന്റെ തുമ്പിക്കൈ പുറകോട്ടു നീട്ടുകയും മുച്ചെമ്വാ ഉയർന്ന അളവിൽ മാംസ്യങ്ങളടങ്ങിയ ഒരു കഷണം ഭക്ഷണപദാർഥം പെട്ടെന്ന് അതിൽവെച്ചു കൊടുക്കുകയും ചെയ്യുന്നു” എന്നു റിപ്പോർട്ടർ വിശദീകരിച്ചു. റിപ്പോർട്ട് ഇങ്ങനെ തുടരുന്നു: “ഇമീറെയിലെ ന്യാഷായെയും വേറേ ആറു പരിശീലിത ആനകളെയും, അവയുടെയും വളർത്തുകേന്ദ്രത്തിലുള്ള മറ്റു മൃഗങ്ങളുടെയും തീറ്റയായ ചോളം പോലുള്ള വസ്തുക്കൾ കൃഷിചെയ്യുന്നതിനുവേണ്ടി അടുത്ത മഴയ്ക്കുമുമ്പായി നിലമൊരുക്കുന്നതിന് ഉപയോഗിക്കും.”
രക്തത്തിന്റെ ഇതര ഉത്പന്നങ്ങൾ
വടക്കുകിഴക്കൻ ബ്രസീലിൽ, വികലപോഷണം എന്ന പ്രശ്നത്തിനൊരു പരിഹാരമെന്നനിലയിൽ മാംസ്യത്തിനു പകരം പ്രോത്തെമോൾ എന്ന അനുബന്ധ ഉത്പന്നം പരീക്ഷണാർഥം ഉപയോഗിച്ചുവരുന്നു. അസോസിയേറ്റഡ് പ്രസ്സിന്റെ റിപ്പോർട്ടുപ്രകാരം ഈ ഉത്പന്നം മുഖ്യമായും അറവുശാലകളിൽ നിന്നു ശേഖരിക്കുന്ന, “മാംസത്തെക്കാൾ പോഷകപ്രദം” എന്നു പറയപ്പെടുന്ന പശുവിന്റെ രക്തത്തിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. 1990-ൽ “ആരിനാ ദെ സാങ്ഗ്രെ” (രക്തപ്പൊടി) എന്ന ഒരു ഉത്പന്നമുപയോഗിച്ച് ഗ്വാട്ടിമാലായിലും സമാന പരീക്ഷണങ്ങൾ നടത്തി. ബ്രസീലിൽ സർക്കാർ വീടുതോറും പ്രോത്തെമോൾ വിതരണം ചെയ്യാൻ ക്രമീകരണമേർപ്പെടുത്തി, “അനുബന്ധ ഉത്പന്നം കൊടുക്കുകയും, അതു കഴിച്ച കുട്ടികളെ നിരീക്ഷണത്തിൽ വെക്കുകയും ചെയ്തു.” മുമ്പൊക്കെ വടക്കുകിഴക്കൻ ബ്രസീലിലെ അറവുശാലകളിൽ രക്തം ബൈബിൾ നിർദേശമനുസരിച്ച് നശിപ്പിച്ചുകളയുകയായിരുന്നു ചെയ്തിരുന്നത്.—ലേവ്യപുസ്തകം 17:13, 14.
കുട്ടിപ്പട്ടാളങ്ങൾ
ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിലുള്ള ഗാർഡിയൻ വീക്ക്ലി പ്രസിദ്ധീകരിച്ച, 26 രാജ്യങ്ങളിൽ നടത്തിയ ഒരു ഗവേഷണ റിപ്പോർട്ടു പറയുന്നതനുസരിച്ച് ലോകമെമ്പാടുമായി രണ്ടര ലക്ഷം കുട്ടികൾ—അവരിൽ ചിലർക്ക് ഏഴു വയസ്സേയുള്ളു—സായുധ സേനകളിൽ സേവിക്കുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ ഒരു ദ്വിവർഷ പഠനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ആ റിപ്പോർട്ട്, കുട്ടികളുടെ നിയമനങ്ങൾതന്നെ ക്രൂരമാണെന്നു വെളിപ്പെടുത്തി. മിക്കപ്പോഴും ബന്ധുക്കളുടെ പീഡനവും മരണവും നേരിട്ടു കാണാൻ അവരെ നിർബന്ധിക്കുന്നു. പിന്നീട്, അവരെ വധനിർവാഹകരും കൊലപാതകികളും ചാരന്മാരുമായി ഉപയോഗിക്കുന്നു. ഒരു രാജ്യത്തിൽ, “മിക്ക കുട്ടിപ്പട്ടാളക്കാർക്കും രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ പീഡിപ്പിക്കുന്നതിനും അംഗഹീനരാക്കുന്നതിനും കുട്ടികളെയോ വലിയവരെയോ കൊല്ലുന്നതിനുമുള്ള ആജ്ഞകൾ നൽകിയിട്ടുണ്ട്.” മിക്കപ്പോഴും പോരാട്ടത്തിനു തൊട്ടുമുമ്പു മയക്കുമരുന്നുകളും മദ്യവും കൊടുക്കപ്പെടുന്ന കുട്ടികൾ, “അമരത്വമുള്ളതുപോലെയോ ഒരിക്കലും പരിക്കേൽക്കുകയില്ലാത്തതുപോലെയോ” യുദ്ധക്കളത്തിലേക്കു പായുന്നതുകാണാം.