ഞങ്ങളുടെ വായനക്കാരിൽ നിന്ന്
പണം ഫലപ്രദമായി കൈകാര്യം ചെയ്യൽ “നിങ്ങൾക്ക് എങ്ങനെ പണം ഫലപ്രദമായി കൈകാര്യം ചെയ്യാനാവും?” (ഡിസംബർ 22, 1996)എന്ന പരമ്പരയ്ക്ക് വളരെ നന്ദി. പണം ചെലവഴിക്കുന്ന കാര്യത്തിൽ എനിക്കു യാതൊരു നിയന്ത്രണവുമില്ലായിരുന്നു. എന്നാൽ ആ ലേഖനങ്ങൾ വായിച്ചശേഷം ഞാൻ എന്റെ ചെലവുകൾ നിയന്ത്രിക്കാൻ തുടങ്ങി. ഇപ്പോൾ എന്തെങ്കിലും വസ്തു വാങ്ങാൻ തോന്നുമ്പോൾ ശരിക്കും അതിന്റെ ആവശ്യമുണ്ടോ എന്നു ഞാൻ സ്വയം ചോദിക്കുന്നു.
ജെ. ബി., ബ്രസീൽ
എന്റെ ഭർത്താവിന് ജോലിയില്ലാതായിട്ട് അഞ്ചു മാസമായി. ഞങ്ങൾക്കു മൂന്നു മക്കളുണ്ട്. അതുകൊണ്ട് ഞാൻ ആ ലേഖനത്തിൽ നൽകിയിരുന്ന ചില നിർദേശങ്ങൾ ബാധകമാക്കാൻ തുടങ്ങി. ഒരു നോട്ട്ബുക്ക് വാങ്ങി, അതിൽ ചില കള്ളികൾ വരച്ച് ഒരു ബജറ്റ് തയ്യാറാക്കി. ഈ വിധത്തിൽ കഴിഞ്ഞ മൂന്നു മാസമായി ഞങ്ങൾക്കു പണം ഫലപ്രദമായി കൈകാര്യം ചെയ്യാൻ സാധിച്ചിരിക്കുന്നെന്നു മാത്രമല്ല, നിനച്ചിരിക്കാത്ത സമയത്ത് എന്തെങ്കിലും ആവശ്യം വന്നാൽ എടുക്കാനായി അൽപ്പം പണം മിച്ചവുമുണ്ട്. വരവുചെലവു കണക്കു തയ്യാറാക്കൽ ശരിക്കും ഫലപ്രദമാണ്!
എൽ. എസ്., ചെക്ക് റിപ്പബ്ലിക്ക്
പരിശോധനകളെ നേരിടൽ “മുമ്പിലുള്ള പരിശോധനകളെ നേരിടാൻ ശക്തീകരിക്കപ്പെട്ടു” (ഡിസംബർ 22, 1996) എന്ന ലേഖനത്തെക്കുറിച്ച് അഭിപ്രായം എഴുതാതിരിക്കാൻ എനിക്കാവില്ല. ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിലൂടെപോലും എഡ്വാർഡ് മിഹാലെകിന് കടന്നുപോകേണ്ടിവന്നത് എന്നെ വളരെയധികം സ്പർശിച്ചു. യഹോവയോടും സഹമനുഷ്യരോടും സത്യത്തോടുമുള്ള സ്നേഹം അദ്ദേഹത്തിന്റെ വിശ്വസ്തമായ നടത്തയാലും ക്ഷമാപൂർവമുള്ള സഹിഷ്ണുതയാലും വ്യക്തമായി വെളിവാക്കപ്പെടുന്നു.
കെ. ബി., ഐക്യനാടുകൾ
മാഗിയുടെ യാതന “മാഗിയുടെ യാതനകളും എന്റെ അനുഗ്രഹവും” (ഡിസംബർ 22, 1996) എന്ന ലേഖനം പ്രസിദ്ധീകരിച്ചതിനു നന്ദി. മകൾ ആരോഗ്യവതിയായി ജനിക്കേണ്ടതിന് ആ അമ്മ തന്റെ അവസാന നാളുകളിൽ ചെയ്ത ത്യാഗങ്ങളെക്കുറിച്ചു വായിച്ചപ്പോൾ എനിക്കു കരച്ചിലടക്കാൻ കഴിഞ്ഞില്ല. ഭാര്യയുടെ മരണത്തെക്കുറിച്ചു സംസാരിക്കവേ തന്റെ വേദന ക്രമേണ കുറഞ്ഞുവന്നെന്ന് അവരുടെ ഭർത്താവു പറഞ്ഞതും ഞാൻ വിലമതിക്കുന്നു. മരിച്ചവരുടെ ബന്ധുക്കളുമായി സംസാരിക്കുമ്പോൾ ഈ വിഷയം ഒഴിവാക്കാനാണല്ലോ നമ്മുടെ ചായ്വ്. മാഗി പുനരുത്ഥാനം ചെയ്തു വരുമ്പോൾ അവരെ പരിചയപ്പെടാനാകുമെന്നു ഞാൻ പ്രത്യാശിക്കുന്നു.
എൽ. എസ്. സി., സ്പെയിൻ
സഭയ്ക്കുള്ളിൽ നമുക്കു പരസ്പരം എങ്ങനെ യഥാർഥ താത്പര്യം പ്രകടിപ്പിക്കാനാകുമെന്ന് ആ ലേഖനം കാട്ടിത്തരുന്നു. സഹക്രിസ്ത്യാനികൾ മാഗിയുടെ ഭർത്താവിന് മാസങ്ങളോളം ഭക്ഷണവും അദ്ദേഹത്തിന്റെ കുഞ്ഞിന് ഉടുപ്പുകളും നൽകി. വെറുമൊരു കാർഡ് അയയ്ക്കുകയോ ഫോൺ വിളിക്കുകയോ ചെയ്യുന്നതിനു പകരം ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നതിന് എത്ര നല്ലൊരു പാഠം!
പി. എൽ., ഐക്യനാടുകൾ
ഈ ലേഖനത്തിന് നിങ്ങളോടു ഹൃദയംഗമമായ നന്ദി പറയാൻ ഞാനാഗ്രഹിക്കുന്നു. മാഗി മരിച്ച് മൂന്നാഴ്ചയ്ക്കുശേഷം എട്ടു മക്കളെ നോക്കാൻ വിട്ടിട്ട് എന്റെ ഭാര്യയും ഒരു വാഹനാപകടത്തിൽ മരണമടഞ്ഞു. ലോൺ വിൽകിൻസ് അനുഭവിച്ച, ഇപ്പോഴും അനുഭവിക്കുന്ന വേദന എനിക്കു മനസ്സിലാകുന്നു. ഞങ്ങൾക്കുവേണ്ടി അത്തരം അനുഭവങ്ങൾ പ്രസിദ്ധീകരിക്കുന്നതിനു നന്ദി. ഇത്തരം യാതനകളിലൂടെ കടന്നുപോകുന്നവർക്ക് ഇതു ശരിക്കും ഒരു സഹായവും പ്രോത്സാഹനവുമാണ്.
ബി. ബി., ഫ്രാൻസ്
ഉത്തമ സഹൃത്ത് താമസം മാറ്റുന്നു “യുവജനങ്ങൾ ചോദിക്കുന്നു . . . എന്റെ ഉത്തമസുഹൃത്ത് താമസം മാറ്റിയത് എന്തുകൊണ്ട്?” (ഡിസംബർ 22, 1996) എന്ന ലേഖനത്തോടുള്ള എന്റെ ആഴമായ വിലമതിപ്പ് പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അത് തക്ക സമയത്തുതന്നെ വന്നെത്തി. എന്റെ കൂട്ടുകാരികളിൽ ഒരാൾ അടുത്തുതന്നെ താമസം മാറ്റും. അവളും ഭർത്താവും പ്രസംഗകരെ കൂടുതൽ ആവശ്യമായ ഒരു സഭയിൽ സേവിക്കാൻ പോകുകയാണ്. അവളോടൊത്തു സന്തോഷിക്കുന്നുണ്ടെങ്കിലും എനിക്ക് അവളുടെ അഭാവം വളരെയധികം അനുഭവപ്പെടും. നിങ്ങളുടെ വിശിഷ്ട ഉപദേശത്തിനു നന്ദി.
ആർ. എ., ഇറ്റലി
ഞങ്ങളുടെ സർക്കിട്ട് മേൽവിചാരകൻ പുതിയ ഒരു പ്രദേശത്ത് സേവിക്കാൻ ഞങ്ങളെ വിട്ടു പോയപ്പോൾ ഈ ലേഖനം എന്നെ എത്രമാത്രം സ്പർശിക്കുകയുണ്ടായി എന്നുള്ളത് നിങ്ങൾക്കു സങ്കൽപ്പിക്കാനാകില്ല. എന്റെ ആത്മീയ, വൈകാരിക ആവശ്യങ്ങൾക്കായി അദ്ദേഹം വളരെ കരുതിയിരുന്നു. ആ ലേഖനത്തിലെ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ തമ്മിൽ പിരിയുന്നത് വേദനാജനകമായ ഒരനുഭവംതന്നെയായിരുന്നു. ഏകാന്തതയെ തരണം ചെയ്യാൻ സഹായിക്കുന്നതിൽ നിങ്ങളുടെ നിർദേശങ്ങൾ എത്ര സമയോചിതമായിരുന്നു.
ജെ. ഡി., നൈജീരിയ