മാഗിയുടെ യാതനകളും എന്റെ അനുഗ്രഹവും
എന്റെ മകൾ ജനിച്ചതും ഭാര്യ മരിച്ചതും 1995 മേയ് 2-നായിരുന്നു. ദുഃഖകരമെന്നുപറയട്ടെ മാഗിക്ക് ഒരിക്കൽപ്പോലും തന്റെ കുഞ്ഞിന്റെ മുഖം കാണാനായില്ല. ഇപ്പോൾ എന്റെ പ്രത്യാശ അവൾ പുനരുത്ഥാനം പ്രാപിക്കുമ്പോൾ തമാരയെ അവളുടെ അമ്മയ്ക്കു പരിചയപ്പെടുത്തുകയാണ്.
പതിനാറു വർഷത്തെ വിവാഹജീവിതത്തിനു ശേഷം എന്റെ ഭാര്യ മാഗിയോട് അവളുടെ ഡോക്ടർ അവൾക്കു സ്തനാർബുദം ഉണ്ടെന്നും ഇനി ഏതാനും മാസങ്ങളേ ജീവിച്ചിരിക്കുകയുള്ളുവെന്നും പറഞ്ഞു. അഞ്ചു വർഷം മുമ്പായിരുന്നു അത്. സന്തോഷകരമെന്നുപറയട്ടെ, ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ മാഗിക്ക് സാധാരണനിലയിലുള്ള ജീവിതം നയിക്കാൻ സാധിച്ചു. മരണത്തോടടുത്തപ്പോൾ മാത്രമേ വേദന മിക്കവാറും അസഹ്യമായിത്തീർന്നുള്ളൂ.
അവൾക്കുണ്ടായ അർബുദത്തിന്റെ വ്യാപ്തി നിമിത്തം, അവൾ ഗർഭിണിയാകാനുള്ള സാധ്യത വളരെ കുറവാണെന്നാണു ഡോക്ടർമാർ പറഞ്ഞിരുന്നത്. അപ്പോൾ, അർബുദ ബാധിത മുഴകളുടെ വളർച്ച പരിശോധിക്കുന്നതിനുള്ള ഒരു പതിവ് അൾട്രാസൗണ്ട് പരിശോധനയിൽ അവർ അവളുടെ ഗർഭാശയത്തിൽ ഒരു ശിശുവിനെ കണ്ടെത്തിയപ്പോൾ അതു ഞങ്ങളിലുണ്ടാക്കിയ നടുക്കം നിങ്ങൾക്കൂഹിക്കാനാകും. അതൊരു പെൺകുട്ടിയായിരുന്നു. മാഗി നാലര മാസം ഗർഭവതിയായിരുന്നു. ആദ്യമായി അമ്മയാകാൻ പോകുന്നു എന്ന പ്രതീക്ഷ അവളെ ആനന്ദപുളകിതയാക്കി.
കുഞ്ഞ് ആരോഗ്യവതിയായി ജനിക്കുമെന്ന് ഉറപ്പുവരുത്തുന്നതിനു തന്നെക്കൊണ്ടാകുന്നതെല്ലാം മാഗി ചെയ്തു. അവൾ പഥ്യം നോക്കുന്നതിൽ ശ്രദ്ധിച്ചു. എന്നുതന്നെയല്ല, അതികഠിനമായ വേദനയുണ്ടായിരുന്ന അവളുടെ ജീവിതത്തിന്റെ അവസാനത്തെ രണ്ട് ആഴ്ചകളിൽ പോലും, ഒട്ടും സഹിക്കാൻ വയ്യാ എന്ന സ്ഥിതിയിലായപ്പോൾ മാത്രമേ അവൾ വേദനാസംഹാരികൾ ഉപയോഗിച്ചുള്ളൂ.
ആരോഗ്യവതിയായ ഒരു ശിശുവിനാൽ അനുഗൃഹീതൻ
ഏപ്രിൽ 29 ശനിയാഴ്ച മാഗിയുടെ ഹൃദയമിടിപ്പുകൾ ക്രമാതീതമായി വർധിച്ചു. “ഞാൻ മരിക്കാൻ പോവുകയാണെന്നു തോന്നുന്നു,” അവൾ പറഞ്ഞു. വാരാന്തം മുഴുവൻ ഞാൻ അവളോടൊപ്പം ചെലവഴിച്ചു. തിങ്കളാഴ്ച, ഡോക്ടർക്കു ഫോൺ ചെയ്ത ശേഷം, ഞാൻ പെട്ടെന്നുതന്നെ അവളെ സെൻറ് ഷെറോമിലെ ഞങ്ങളുടെ വീട്ടിൽനിന്ന് അധികം അകലമില്ലാത്ത കാനഡയിലെ മോൺട്രിയലിലുള്ള ആശുപത്രിയിലേക്കു കൊണ്ടുപോയി.
പിറ്റേന്നു വെളുപ്പിന് ഏകദേശം 5:30-ന്, മാഗിയുടെ മുറിക്കടുത്തുകൂടി കടന്നുപോകവേ ഒരു നേഴ്സ് അവൾ കഠിനവേദന അനുഭവിക്കുകയാണെന്നു കണ്ടു. പ്രത്യക്ഷത്തിൽ അവൾക്ക് ഒരു ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. പെട്ടെന്നുതന്നെ അടുത്ത മുറിയിൽനിന്നും ഒരു ഡോക്ടറെ വിളിച്ചുകൊണ്ടുവന്നു. മാഗിയുടെ മരണം തടുക്കാനായില്ലെങ്കിലും, ചികിത്സാ സംഘത്തിനു ഞങ്ങളുടെ കുഞ്ഞിനെ രക്ഷിക്കാനായി. അങ്ങനെ രണ്ടര മാസം നേരത്തേ തമാര ജനിച്ചു, അവളുടെ തൂക്കമാകട്ടെ 1.1 കിലോഗ്രാം മാത്രം.
തമാരയുടെ രക്തത്തിൽ രക്താണുക്കളുടെ അളവു കുറവായിരുന്നതിനാൽ ഡോക്ടർമാർക്ക് ഒരു രക്തപ്പകർച്ച നടത്തണമെന്നുണ്ടായിരുന്നു. എന്നിരുന്നാലും അതിനു പകരം കൃത്രിമ ഹോർമോൺ എറിത്രോപോയിറ്റിൻ ഉപയോഗിക്കാൻ അവർ പ്രോത്സാഹിപ്പിക്കപ്പെട്ടു. അവർ അങ്ങനെ ചെയ്യുകയും ഈ ഉത്പന്നം അവളുടെ രക്തത്തിന്റെ അളവു വർധിപ്പിക്കുന്നതിൽ വിജയിച്ചു എന്നു തെളിയുകയും ചെയ്തപ്പോൾ ഒരു നേഴ്സ് ഇങ്ങനെ പറഞ്ഞു: “എന്തുകൊണ്ട് ഇവർക്കിത് എല്ലാ കുഞ്ഞുങ്ങളിലും ഉപയോഗിച്ചുകൂടാ?”
മാസം തികയാതെ പിറന്നതു നിമിത്തം തമാരയ്ക്കു മറ്റു ചില പ്രശ്നങ്ങളും ഉണ്ടായി. പക്ഷേ അവയെല്ലാം പരിഹരിക്കപ്പെട്ടു. വാസ്തവത്തിൽ, പിന്നീട് അവളെ പരിശോധിച്ച ഒരു നാഡീവിദഗ്ധനായ ഡോ. വാട്ടെഴ്സ് നേഴ്സിനോടു പറഞ്ഞത്, “എനിക്കു പരിശോധിക്കാൻ തന്ന ശിശു മാറിപ്പോയെന്നാണു തോന്നുന്നത്. ഇവൾക്ക് യാതൊരു കുഴപ്പവുമില്ലല്ലോ,” എന്നാണ്.
മരണത്തെ അഭിമുഖീകരിക്കലും തുടർന്നുള്ള പൊരുത്തപ്പെടലുകളും
മാഗി മരിക്കുന്നതു കണ്ടുകൊണ്ടിരിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടായിരുന്നു. എനിക്ക് അങ്ങേയറ്റം നിസ്സഹായതയനുഭവപ്പെട്ടു. മാഗിയുടെ മരണത്തെക്കുറിച്ചു സംസാരിക്കുന്നതു വളരെ പ്രയാസമായിരുന്നു. എങ്കിലും, എന്റെ ക്രിസ്തീയ സഹോദരീസഹോദരന്മാർ ആശുപത്രിയിൽ വന്നപ്പോൾ ഞാനതു ചെയ്തു. അതേപ്പറ്റി എത്രമാത്രം സംസാരിച്ചുവോ അതിനനുസരിച്ചു വേദനയും ക്രമേണ അടങ്ങി. എനിക്കു പ്രത്യേകിച്ചു ബാധകമാകുന്ന വീക്ഷാഗോപുരത്തിലെയോ ഉണരുക!യിലെയോ ഏതെങ്കിലും ലേഖനങ്ങൾ കാണുമ്പോഴൊക്കെ ഞാൻ അവ എന്റെ ലൈബ്രറിയുടെ ഒരു ചെറിയ സ്വകാര്യ സ്ഥലത്തു മാറ്റിവെക്കുകയും ആവശ്യമെന്നു തോന്നുമ്പോഴൊക്കെ എടുത്തു വായിക്കുകയും ചെയ്യും.
ആളൊഴിഞ്ഞ ഒരു വീട്ടിലേക്കു മടങ്ങിവരുന്നതായിരുന്നു മറ്റൊരു വെല്ലുവിളി. ഏകാന്തതയുമായി പൊരുത്തപ്പെടുക വളരെ പ്രയാസമാണ്. കെട്ടുപണിചെയ്യുന്ന ക്രിസ്തീയ സഹവാസത്തിൽനിന്നു ഞാൻ പ്രയോജനമനുഭവിക്കുന്നുണ്ടെങ്കിലും, ഇപ്പോഴും ഈ വിചാരം ഉയർന്നുവരുന്നു. മാഗിയും ഞാനും ഒരുമിച്ചായിരുന്നു എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്. എനിക്ക് ഏകാന്തത നിമിത്തം ഉണ്ടാകാവുന്ന പ്രശ്നങ്ങളെപ്പറ്റിയും ഞങ്ങൾ സംസാരിച്ചിട്ടുണ്ടായിരുന്നു. ഞാൻ പുനർവിവാഹം ചെയ്യണമെന്നായിരുന്നു അവളുടെ ആഗ്രഹം. എങ്കിലും, കാര്യങ്ങൾ അത്ര എളുപ്പമല്ല.
സഹക്രിസ്ത്യാനികളുടെ പിന്തുണ
യഹോവയുടെ സാക്ഷികളുടെ ആശുപത്രി ഏകോപന സമിതിയുടെ (എച്ച്എൽസി) പിന്തുണയില്ലായിരുന്നെങ്കിൽ ഞാനെന്തു ചെയ്യുമായിരുന്നുവെന്ന് എനിക്കറിയില്ല. മാഗി മരിച്ച ദിവസം രാവിലെ, എച്ച്എൽസി-യിലെ നല്ല അറിവുള്ള ഒരു സാക്ഷി ആശുപത്രിയിൽ എന്റെ അടുക്കൽ ഉണ്ടായിരുന്നു. അദ്ദേഹം ആവശ്യമായിരുന്ന സഹായങ്ങൾ പ്രദാനം ചെയ്തു.
സെൻറ് ഷെറോമിലെ ഞങ്ങളുടെ ക്രിസ്തീയ സഭയിൽനിന്നും പ്രദേശത്തുള്ള മറ്റു സഭകളിൽനിന്നും എനിക്കു ലഭിച്ച സഹായസഹകരണങ്ങൾ ആശുപത്രി ജീവനക്കാരിൽ മതിപ്പുളവാക്കി. മാഗിയുടെ മരണം ഞങ്ങളുടെ ക്രിസ്തീയ യോഗത്തിൽ അറിയിച്ച രാത്രി, 20-ലധികം പ്രിയ സുഹൃത്തുക്കൾ സഹായം വാഗ്ദാനം ചെയ്തുകൊണ്ടു പ്രതികരിച്ചു. ആ പിന്തുണ തീർച്ചയായും വികാരതരളിതമാക്കുന്നതായിരുന്നു.
സുഹൃത്തുക്കൾ എനിക്കുവേണ്ടി ഭക്ഷണം തയ്യാറാക്കി; എന്റെ റെഫ്രിജെറേറ്ററിന്റെ ഫ്രീസർ മാസങ്ങളോളം നിറഞ്ഞിരുന്നു. എന്റെ കുടുംബാംഗങ്ങളും ക്രിസ്തീയ സഹോദരീസഹോദരന്മാരും എന്റെ മകൾക്കാവശ്യമായ വസ്ത്രങ്ങൾപോലും പ്രദാനം ചെയ്തു. എല്ലാം സൂക്ഷിക്കാൻ വേണ്ടത്ര സ്ഥലമില്ലാതാകുംവണ്ണം അത്രയധികം സാധനങ്ങൾ അവർ എനിക്കു കൊണ്ടുവന്നുതന്നു.
ഇപ്പോഴുള്ള സന്തോഷങ്ങളും ഭാവിപ്രതീക്ഷകളും
നഷ്ട സ്മരണകളിൽനിന്നും മനസ്സിനെ അകറ്റിനിർത്താൻ തമാര എന്നെ സഹായിക്കുന്നു. അവൾ പൂർണമായും എന്റെ ഹൃദയം കവർന്നിരിക്കുന്നു. ഓരോ ദിവസവും ഞാൻ അവളെ പ്രസന്നമായ ഒരു “ഗുഡ് മോർണിംഗ്” പറഞ്ഞുകൊണ്ട് അഭിവാദനം ചെയ്യുമ്പോൾ അവൾ എനിക്ക് തിരിച്ച് ഒരു വലിയ പുഞ്ചിരി സമ്മാനിക്കുകയും, ആവേശത്തോടെ കൈകാലുകളിളക്കി “വർത്തമാനം” തുടങ്ങുകയും ചെയ്യും.
ഒരു ജ്യോതിശ്ശാസ്ത്രകുതുകി എന്ന നിലയിൽ, തമാരയെ മടിയിലിരുത്തി അവളെ നമ്മുടെ മഹാസ്രഷ്ടാവായ യഹോവയുടെ ആകാശത്തിലെ അത്ഭുതങ്ങൾ എന്റെ ദൂരദർശിനിയിലൂടെ കാണിക്കുന്നതിനു ഞാൻ നോക്കിപ്പാർത്തിരിക്കുന്നു. പറുദീസാ ഭൂമിയിലെ അനന്തമായ ജീവിതത്തെക്കുറിച്ചു ധ്യാനിക്കുന്നത് ആശ്വാസത്തിന്റെ ഒരു യഥാർഥ ഉറവിടമാണ്. തമാരയുടെ മുമ്പാകെയും ഈ ഭാവിപ്രതീക്ഷയുണ്ടെന്നത് എനിക്കു വർധിച്ച സന്തോഷം കൈവരുത്തുന്നു.—സങ്കീർത്തനം 37:9-11, 29.
കഴിഞ്ഞ അഞ്ചു വർഷത്തെ സംഭവങ്ങളെക്കുറിച്ചു പറയുകയാണെങ്കിൽ, അവ ഒരുപോലെ മുറിപ്പെടുത്തുന്നതും സന്തോഷം പകരുന്നതുമായിരുന്നു എന്നു വിശദീകരിക്കുന്നതാവും മെച്ചം. ഞാൻ എന്നെക്കുറിച്ചും ജീവിതത്തെക്കുറിച്ചുതന്നെയും വളരെയേറെ പഠിച്ചു. “ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല,” എന്നു ബൈബിൾ വിവരിക്കുന്ന ഭാവിക്കായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.—വെളിപ്പാടു 21:5.
അപ്പോൾ, പുനരുത്ഥാനത്തിൽ മാഗിക്ക് വേദനയില്ലാതെ ദീർഘശ്വാസമെടുക്കാനാവും. സർവോപരി, എന്റെ ഏറ്റവും ദൃഢമായ പ്രത്യാശയും ആഗ്രഹവും, തമാരയെ മാഗിക്കു പരിചയപ്പെടുത്തുന്നതിനുവേണ്ടി അവിടെ ആയിരിക്കുക എന്നതാണ്. അങ്ങനെ അവൾക്ക്, താൻ ജന്മമേകുന്നതിനായി വളരെയധികം കഷ്ടപ്പാടുസഹിച്ച ആ കൊച്ചുപെൺകുട്ടിയെ കാണാൻ കഴിയും.—ലോർൺ വിൽകിൻസ് പറഞ്ഞപ്രകാരം.
[26-ാം പേജിലെ ചിത്രം]
ഭാര്യയോടൊത്ത്
[26-ാം പേജിലെ ചിത്രം]
ഞങ്ങളുടെ മകൾ തമാര