മസ്തിഷ്കാഘാതം!
പാശ്ചാത്യ വ്യവസായവത്കൃത ലോകത്തിൽ മരണത്തിനും സ്ഥായിയായ വൈകല്യത്തിനും ഇടയാക്കുന്നതിൽ മസ്തിഷ്കാഘാതം മുൻപന്തിയിൽ നിൽക്കുന്നു. “ആഘാതം” എന്ന വാക്കുതന്നെ “മസ്തിഷ്കസ്തംഭനം” ഉണ്ടാകുന്നതിന്റെ ആകസ്മികതയെ സൂചിപ്പിക്കുന്നു. നിങ്ങൾക്ക് യാതൊരു കുഴപ്പവുമില്ലാതിരിക്കുകയായിരിക്കും, അടുത്ത നിമിഷം ഒരു ഇടിമിന്നലേറ്റതുപോലെ നിങ്ങൾക്കു തോന്നുന്നു. കടുത്ത മസ്തിഷ്കാഘാതം, നിനച്ചിരിക്കാത്ത നേരത്ത് നിങ്ങളുടെ ജീവിതത്തെ അപ്പാടെ മാറ്റിമറിച്ചേക്കാം. ക്രൂരമായ വിധത്തിൽ അത് നിങ്ങൾക്ക് വൈകല്യം സൃഷ്ടിച്ചേക്കാം, നിങ്ങളുടെ സംസാരശേഷി നശിപ്പിച്ചേക്കാം, നിങ്ങൾക്ക് വൈകാരികക്ഷതമേൽപ്പിച്ചേക്കാം, നിങ്ങളുടെ വ്യക്തിത്വത്തിനും ഗ്രഹണപ്രാപ്തിക്കും മാറ്റംവരുത്തിയേക്കാം. നിങ്ങളും കുടുംബവും ഒരിക്കൽ നയിച്ചിരുന്ന സാധാരണ ജീവിതം വീണ്ടെടുക്കാനുള്ള, അന്തമില്ലെന്നു തോന്നിക്കുന്ന ഒരു പോരാട്ടത്തിലേക്ക് അതു നിങ്ങളെ വലിച്ചിഴച്ചേക്കാം.
എലൻ മോർഗന്റെ കാര്യംതന്നെയെടുക്കൂ.a 64 വയസ്സുള്ള എലൻ ബുധനാഴ്ചവരെ ആരോഗ്യവും ചുറുചുറുക്കുമുള്ള ഒരു സ്ത്രീയായിരുന്നു. വ്യാഴാഴ്ച ഭർത്താവിനോടൊപ്പം ഷോപ്പിങ് നടത്തുന്നതിനിടയിൽ എലന്‍ പെട്ടെന്ന് സംസാരശേഷി നഷ്ടമായി. അവരുടെ മുഖം കോടിപ്പോയി, ശരീരം തളർന്നു. മദ്യപിച്ച ഒരാളെപ്പോലെ അവർക്കു ചുവടുറയ്ക്കാതായി. എലന്‍ കടുത്ത മസ്തിഷ്കാഘാതമുണ്ടായതായിരുന്നു!
മസ്തിഷ്കാഘാതമുണ്ടായശേഷം അവർക്ക് നിസ്സാര കാര്യങ്ങൾപോലും ചെയ്യാൻ, കുളിക്കാനോ വസ്ത്രം മാറാനോപോലും, വയ്യെന്നായി. എഴുതാനോ നിറ്റു ചെയ്യാനോ തയ്ക്കാനോ സാധിക്കാതായി. അവർ അതേക്കുറിച്ച് ഓർത്തോർത്ത് പൊട്ടിക്കരഞ്ഞു. വല്ലാത്ത തളർച്ചയും അവർക്ക് അനുഭവപ്പെട്ടു. എന്നാൽ ഈ കാലമത്രയും എലന്റെ ചിന്താപ്രാപ്തിക്ക് യാതൊരു കുഴപ്പവുമില്ലായിരുന്നു; മറ്റുള്ളവർ തന്നെ ഒരു വിഡ്ഢിയെപോലെയാണു വീക്ഷിക്കുന്നത് എന്ന തോന്നൽ നിമിത്തം അവർക്കു ജാള്യം അനുഭവപ്പെട്ടു. എലൻ വിവരിച്ചു: “പെട്ടെന്നുള്ള ഈ മാറ്റം ഒരു വ്യക്തിയെ വൈകാരികവും മാനസികവുമായി എങ്ങനെയാണു ബാധിക്കുന്നതെന്ന് അധികമാർക്കും മനസ്സിലാകില്ല. ഒരു വ്യക്തിയെന്ന നിലയിലുള്ള എന്റെ അസ്തിത്വത്തിന്റെ അവസാനമാണതെന്ന് എനിക്കു തോന്നി.”
മസ്തിഷ്കാഘാതത്തിനിടയാക്കുന്നത് എന്താണ്? അതിന്റെ പ്രത്യാഘാതങ്ങൾ എല്ലാവരിലും ഒരേപോലെയായിരിക്കുമോ? ഈ അസുഖമുണ്ടായിട്ടുള്ളവർ അതിനെ എങ്ങനെയാണു കൈകാര്യം ചെയ്തത്? അവരുടെ കുടുംബങ്ങൾ സാഹചര്യത്തെ എങ്ങനെയാണു കൈകാര്യം ചെയ്യുന്നത്? പിന്തുണ നൽകാൻ നമുക്കെല്ലാവർക്കും എന്തു ചെയ്യാൻ കഴിയും? ഉണരുക! അത്തരം ചോദ്യങ്ങൾ പരിശോധിച്ച് മസ്തിഷ്കാഘാതമുണ്ടായിട്ടുള്ളവരുടെയും അവരുടെ പോരാട്ടത്തിൽ പങ്കുചേരുന്ന കുടുംബങ്ങളുടെയും ജീവിതം സംബന്ധിച്ച് ഉൾക്കാഴ്ച നൽകുന്നു.
[അടിക്കുറിപ്പ്]
a ഈ അസുഖം മൂലം ദുരിതമനുഭവിക്കുന്നവരോടും അവരുടെ കുടുംബങ്ങളോടുമുള്ള പരിഗണനയെന്നനിലയിൽ ചില പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്.