ഞങ്ങളുടെ വായനക്കാരിൽനിന്ന്
മസ്തിഷ്കാഘാതം “മസ്തിഷ്കാഘാതത്തെ നേരിടൽ” (ഫെബ്രുവരി 8, 1998) എന്ന ലേഖന പരമ്പര എന്റെ പ്രാർഥനയ്ക്കുള്ള ഉത്തരമായിരുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പ് ഞാനും ഭർത്താവും ഒരു ക്രിസ്തീയ കൺവെൻഷനിൽ സംബന്ധിക്കുക ആയിരുന്നു. അപ്പോൾ അദ്ദേഹത്തിനു മസ്തിഷ്കാഘാതം ഉണ്ടായി. എനിക്കു തരാനായി ഒരു കുറിപ്പെഴുതാൻ ശ്രമിച്ചപ്പോൾ, അദ്ദേഹത്തിന്റെ കൈ കടലാസ്സിന്റെ പുറത്തുകൂടി തെന്നിപ്പോയി. അദ്ദേഹത്തിന്റെ വലതുവശം മുഴുവൻ തളർന്നുപോയി. ആ ലേഖനത്തോടുള്ള വിലമതിപ്പു പ്രകടിപ്പിക്കാൻ എനിക്കു വാക്കുകളില്ല. യഹോവ നമ്മെ വിസ്മരിച്ചിട്ടില്ലെന്ന് അറിയുന്നത് അത്ഭുതകരമാണ്.
എഫ്. എസ്. എച്ച്., ഐക്യനാടുകൾ
ഈ മാസിക കിട്ടുന്നതിന് ഏതാനും മണിക്കൂറുകൾ മുമ്പ്, എന്റെ മനസ്സിൽ ഉണ്ടായിരുന്ന കാര്യങ്ങൾ ഭാര്യയോടു പറയാനായി ഞാൻ പാഴ്ശ്രമം നടത്തുകയായിരുന്നു. എനിക്കുണ്ടായ മസ്തിഷ്കാഘാതം നിമിത്തം മനസ്സിലുള്ളത് അതുപോലെ വിശദീകരിക്കാൻ സാധിച്ചില്ല. ഇതിനോടകം മൂന്നു തവണ ഞാൻ ഈ മാസിക വായിച്ചു. എന്റെ ഭാര്യയും അതു വായിച്ചു.
ആർ. സെഡ്., ഇറ്റലി
വർഷങ്ങളോളം യഹോവയുടെ ഒരു വിശ്വസ്ത സേവകൻ ആയിരുന്ന എന്റെ ഡാഡി മസ്തിഷ്കാഘാതത്തെ തുടർന്ന് കഴിഞ്ഞവർഷം മരണമടഞ്ഞു. മരണത്തിനു മുമ്പുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം മനസ്സിലാക്കാൻ ഈ ലേഖനം എന്നെ സഹായിച്ചു. വൈകാരിക മാറ്റങ്ങളെ കുറിച്ചും മസ്തിഷ്കാഘാതം ഉണ്ടായ ആൾക്ക് ആശയവിനിയമം നടത്താൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാവുന്നത് എന്തുകൊണ്ട് എന്നതിനെ കുറിച്ചുമുള്ള വിശദീകരണങ്ങൾ, ഡാഡി അനുഭവിച്ചത് മെച്ചമായി മനസ്സിലാക്കാൻ എന്നെ സഹായിച്ചു.
വി. സി., ഐക്യനാടുകൾ
ഒരു വർഷം മുമ്പ് എനിക്കു മസ്തിഷ്കാഘാതം ഉണ്ടായി. അതിന്റെ ഫലങ്ങൾ ശരീരത്തിന്റെ ഇടതു വശത്തായി ഞാൻ ഇപ്പോഴും അനുഭവിക്കുകയാണ്. മസ്തിഷ്കാഘാതവുമായി ബന്ധപ്പെട്ട പല നിഗൂഢതകളുടെയുംമേൽ ഈ ലേഖനങ്ങൾ വെളിച്ചം വീശും, അതുപോലെ അതിനോടുള്ള പേടി കുറയ്ക്കുകയും ചെയ്യും. പ്രായം ചെന്നവർക്കു മാത്രമേ മസ്തിഷ്കാഘാതം ഉണ്ടാവുകയുള്ളൂ എന്നത് ഒരു തെറ്റിദ്ധാരണയാണ്. വെറും 47 വയസ്സുള്ളപ്പോഴാണ് എനിക്ക് ആഘാതം ഉണ്ടായത്.
എ. എ., ഇംഗ്ലണ്ട്
രണ്ടു മാസം പ്രായമുള്ളപ്പോൾ ഒരു കാർ അപകടത്തിൽപ്പെട്ട് തലയ്ക്കു ഗുരുതരമായി പരുക്കേറ്റ എന്റെ ലൂസിയാ മോളുടെ സാഹചര്യം മനസ്സിലാക്കാൻ ഈ ലേഖനം എന്നെ വളരെ സഹായിച്ചു. തന്റെ വികാരങ്ങൾ പ്രകടിപ്പിക്കാൻ അവൾക്കു കഴിയില്ല. അതിന്റെ കാരണം മനസ്സിലാക്കാൻ ഈ ലേഖനം എന്നെ സഹായിച്ചു.
എൻ. കെ., സ്ലൊവാക്യ
രോഗികളെ പരിചരിക്കുന്നതിൽ സർട്ടിഫിക്കറ്റുള്ള ഒരു രജിസ്റ്റേഡ് നേഴ്സാണ് ഞാൻ. മസ്തിഷ്കാഘാതം ഉണ്ടായവരെയും പരിചരിക്കേണ്ടി വന്നിട്ടുള്ളതുകൊണ്ട് എനിക്കു നല്ല അനുഭവ പരിചയമുണ്ട്. അവരുടെ കുടുംബങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ വിവരിച്ചപ്പോൾ നിങ്ങൾ കൈക്കൊണ്ട തികച്ചും സമാനുഭാവത്തോടെയുള്ള സമീപനം ആണ് ഈ ലേഖനത്തിൽ ഞാൻ ഏറ്റവും വിലമതിച്ചത്.
എൽ. സി., ഐക്യനാടുകൾ
എന്റെ മമ്മിക്ക് ക്ഷണിക ഇസ്ക്കീമിയ സ്തംഭനം ഉണ്ടായിട്ടുണ്ട്. ഒരർഥത്തിൽ പറഞ്ഞാൽ, മമ്മി ഏതാണ്ട് പൂർണമായും സുഖം പ്രാപിച്ചു. എന്നാൽ മമ്മി ആഴമായ മാനസിക മുറിവുകൾ അനുഭവിക്കുകയാണ്. മമ്മിക്ക് നല്ല ആരോഗ്യവും ആത്മവിശ്വാസവും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മമ്മി വളരെ ക്ഷീണിതയാണ്. ഈ രോഗം വരുത്തിവെക്കുന്ന മാനസിക പ്രശ്നങ്ങളെക്കുറിച്ച് വിശേഷവത്കരിച്ചതിനു നന്ദി.
ആർ. സി., ഇറ്റലി
രണ്ടു വർഷം മുമ്പ് എന്റെ അമ്മയ്ക്കു രണ്ടു പ്രാവശ്യം മസ്തിഷ്കാഘാതം ഉണ്ടായി. ആദ്യത്തേതിന്റെ ഫലമായി അമ്മയ്ക്ക് ഓർമശക്തി നഷ്ടപ്പെട്ടു. രണ്ടാമത്തേതിന്റെ ഫലമായി വലതു വശം തളർന്നു പോകുകയും ചെയ്തു. എന്റെ ക്ഷമ നശിക്കുമ്പോൾ അമ്മയെ ദുഃഖിപ്പിക്കുന്ന കാര്യങ്ങൾ ഞാൻ പറയാറുണ്ട്. കൂടുതൽ സഹാനുഭൂതി കാട്ടാൻ നിങ്ങളുടെ ലേഖനം എന്നെ സഹായിച്ചു.
ആർ. റ്റി. എസ്., ബ്രസീൽ
ക്രിസ്തീയ വൈവിധ്യം “ബൈബിളിന്റെ വീക്ഷണം: ക്രിസ്തീയ ഐക്യം വൈവിധ്യത്തിന് അനുമതി നൽകുന്നുവോ?” (ഫെബ്രുവരി 8, 1998) എന്ന ലേഖനത്തിന് എന്റെ ആത്മാർഥമായ നന്ദി. യഹോവയെ കുറിച്ചുള്ള അറിവു വർധിക്കുംതോറും, ധാരാളം വ്യക്തിത്വ വൈവിധ്യങ്ങൾ ആസ്വദിക്കാൻ കഴിയുന്ന അവന്റെ സ്ഥാപനത്തിൽ ആയിരിക്കുന്നതിൽ ഞാൻ വളരെയേറെ സന്തുഷ്ടയാണ്.
ഐ. പി., സ്ലോവേനിയ
15 വയസ്സുകാരിയായ ഞാൻ ക്രമമായി ഉണരുക! വായിക്കുന്നുണ്ട്. ഈ ലേഖനം ഞാൻ വിശേഷിച്ചും വിലമതിച്ചു. ആ ലേഖനത്തിന്റെ ഒരു ഭാഗം പറുദീസയെക്കുറിച്ചും അത് എപ്രകാരം ആയിരിക്കും എന്നതിനെക്കുറിച്ചും ചർച്ചചെയ്തു. പൂർണ മനുഷ്യർ എങ്ങനെയിരിക്കുമെന്നും അവർ രൂപത്തിലും ഭാവത്തിലും ഒരുപോലെ ആയിരിക്കുമോ എന്നും ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു. എന്നാൽ മനുഷ്യരിലും മൃഗങ്ങളിലും കാര്യമായ വൈവിധ്യം പ്രകടമായിരിക്കും എന്ന് എനിക്കിപ്പോൾ മനസ്സിലായി.
ജെ. സി., ഐക്യനാടുകൾ