മസ്തിഷ്കാഘാതം അതിനിടയാക്കുന്നത്
“ശരീരത്തിലെ ഏറ്റവും ലോലമായ അവയവമാണ് മസ്തിഷ്കം,” പറയുന്നത് കാനഡയിലെ ലണ്ടനിലുള്ള യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഒൺടേറിയോയിലെ നാഡീരോഗവിദഗ്ധൻ ഡോ. വ്ളാഡീമിർ ഹച്ചിൻസ്കി. ശരീരത്തിന്റെ ആകെ തൂക്കത്തിന്റെ രണ്ടു ശതമാനം മാത്രം വരുന്ന മസ്തിഷ്കത്തിൽ 1,000 കോടിയിലധികം നാഡീകോശങ്ങളുണ്ട്. നമ്മുടെ ഓരോ ചിന്തയെയും ചലനത്തെയും സംവേദനീയതയെയും ഉളവാക്കാൻ തക്കവണ്ണം അവ നിരന്തര വിനിമയത്തിലേർപ്പെട്ടിരിക്കുന്നു. മസ്തിഷ്കത്തിന് ഊർജം ലഭിക്കുന്നത് ഓക്സിജനിൽനിന്നും ഗ്ലൂക്കോസിൽനിന്നുമാണ്. സങ്കീർണമായ ഒരു ധമനീവ്യൂഹമാണ് തുടർച്ചയായി ഇവ മസ്തിഷ്കത്തിലേക്ക് എത്തിച്ചുകൊടുക്കുന്നത്.
മസ്തിഷ്കത്തിലെ ഏതെങ്കിലും ചെറിയൊരു ഭാഗത്തിനായാലും ഏതാനും സെക്കൻഡ് നേരത്തേക്കുപോലും ഓക്സിജൻ ലഭിക്കാതിരുന്നാൽ ലോലമായ നാഡീകോശപ്രവർത്തനങ്ങൾ തകരാറിലാകുന്നു. ഏതാനും മിനിറ്റുകൾക്കുശേഷവും ആ നില തുടർന്നാൽ, മസ്തിഷ്കകോശങ്ങളും അവയുടെ പ്രവർത്തനങ്ങളും നശിക്കാൻ തുടങ്ങുന്നതിന്റെ ഫലമായി മസ്തിഷ്കത്തിനു കേടു സംഭവിക്കുന്നു. ഈ അവസ്ഥയ്ക്കു പറയുന്ന പേരാണ് ഇസ്ക്കീമിയ, മുഖ്യമായും ധമനികൾ അടഞ്ഞുപോകുന്നതു നിമിത്തം ഓക്സിജൻ ലഭിക്കാതെ വരുന്ന അവസ്ഥ. ഓക്സിജന്റെ അഭാവം മൂലമുണ്ടാകുന്ന തുടർച്ചയായ, വിനാശകമായ രാസപ്രവർത്തനങ്ങൾ മസ്തിഷ്കകലകൾക്കു ക്ഷതമേൽപ്പിക്കുന്നു. ഫലം മസ്തിഷ്കാഘാതമായിരിക്കും. രക്തക്കുഴലുകൾ പൊട്ടി മസ്തിഷ്കത്തിൽ രക്തസ്രാവമുണ്ടാകുന്നതിന്റെ ഫലമായി, പരസ്പര ബന്ധിത സഞ്ചാരപഥങ്ങൾ അടഞ്ഞുപോകുമ്പോഴും മസ്തിഷ്കാഘാതമുണ്ടാകുന്നു. ഇത് പേശികളിലേക്കുള്ള രാസ, വൈദ്യുത പ്രവാഹത്തിനു തടസ്സം സൃഷ്ടിച്ച് മസ്തിഷ്കകലകൾക്കു ക്ഷതമേൽപ്പിക്കുന്നു.
അതിന്റെ പ്രത്യാഘാതങ്ങൾ
ഓരോ മസ്തിഷ്കാഘാതവും വ്യത്യസ്തമാണ്. അവ അസംഖ്യം വിധങ്ങളിൽ വ്യക്തികളെ ബാധിച്ചേക്കാം. മസ്തിഷ്കാഘാതത്തിന്റെ എല്ലാ ദൂഷ്യഫലങ്ങളും ഒരു വ്യക്തി അനുഭവിക്കണമെന്നില്ല. അവയിൽ നേരിയതോതിലുള്ളതും തീരെ ദൃശ്യമല്ലാത്തതും തുടങ്ങി വേദനകരമാംവിധം ദൃശ്യമായതുവരെ ഉണ്ടായിരിക്കാം. ശരീരത്തിന്റെ ഏതു പ്രവർത്തനമാണ് തകരാറിലാകുക എന്നത് മസ്തിഷ്കത്തിന്റെ ഏതു ഭാഗത്തിനാണ് ആഘാതമേൽക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും.
സാധാരണഗതിയിൽ കൈകാലുകൾക്കു ബലക്ഷയമുണ്ടാകുകയോ അവ തളർന്നുപോകുകയോ ചെയ്യുന്നു. പൊതുവേ, ഇത് ശരീരത്തിന്റെ ഒരു വശത്തെ മാത്രമേ ബാധിക്കാറുള്ളൂ, അതായത് മസ്തിഷ്കത്തിൽ ആഘാതമേൽക്കുന്ന ഭാഗത്തിന്റെ മറുവശത്തെ. അതുകൊണ്ട് മസ്തിഷ്കത്തിന്റെ വലതുഭാഗത്തിനാണ് തകരാറു സംഭവിക്കുന്നതെങ്കിൽ ശരീരത്തിന്റെ ഇടതുവശവും, ഇടതുഭാഗത്തിനാണ് തകരാറു സംഭവിക്കുന്നതെങ്കിൽ വലതുവശവും തളർന്നുപോകുന്നു. ചില വ്യക്തികൾക്ക് കൈകാലുകളുടെ പ്രവർത്തനശേഷി വീണ്ടെടുക്കാൻ കഴിഞ്ഞേക്കുമെങ്കിലും പേശികൾക്കു വളരെയധികം ഇളക്കം തട്ടുന്നതുകൊണ്ട് കൈകാലുകൾ ഇച്ഛാനുസരണം വഴങ്ങാതെ വരുന്നു. മസ്തിഷ്കാഘാതമുണ്ടായ ആ വ്യക്തി, ബാലൻസ് നിലനിർത്താൻ പാടുപെടുന്ന കന്നിക്കാരനായ ഒരു സ്കേറ്ററെപ്പോലെ തോന്നിച്ചേക്കാം. ന്യൂയോർക്ക് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ ഡോ. ഡേവിഡ് ലെവൈൻ പറയുന്നു: “കൈകാലുകൾ ചലിക്കുന്നുണ്ടോ ഇല്ലയോ എന്നും അവ വായുവിൽ എവിടെയാണെന്നും മനസ്സിലാക്കാനുള്ള സംവേദകത്വം അവർക്കു നഷ്ടമായിരിക്കുന്നു.”
മസ്തിഷ്കാഘാതമുണ്ടായവരിൽ 15 ശതമാനത്തിലേറെ ആളുകൾക്ക് ഇടയ്ക്കിടെ ശക്തമായ കോച്ചിപ്പിടുത്തം അനുഭവപ്പെടുന്നു. തത്ഫലമായി അനിയന്ത്രിതമായ അംഗചലനങ്ങൾ ഉണ്ടാകുന്നു. സാധാരണഗതിയിൽ ബോധക്കേടുണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. കൂടാതെ, വേദനയും സംവേദനശേഷിയിലുള്ള വ്യതിയാനവും സാധാരണമാണ്. കൈപ്പത്തികളിലും പാദങ്ങളിലും നിരന്തരം മരവിപ്പ് അനുഭവപ്പെടുന്ന, മസ്തിഷ്കാഘാതമുണ്ടായ ഒരു വ്യക്തി പറയുന്നു: “ചില രാത്രികളിൽ എന്റെ കാലുകളിൽ എന്തെങ്കിലും സ്പർശിക്കുമ്പോൾ ഷോക്കടിക്കുന്നതുപോലെ അനുഭവപ്പെടുന്നതുകൊണ്ട് ഞാൻ ഞെട്ടിയുണരും.”
വസ്തുക്കൾ രണ്ടായി കാണൽ, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട് എന്നിവയും മസ്തിഷ്കാഘാതത്തിന്റെ പരിണതഫലങ്ങളിൽ ഉൾപ്പെട്ടേക്കാം. മസ്തിഷ്കാഘാതമുണ്ടായവരുടെ വായും തൊണ്ടയുമായി ബന്ധപ്പെട്ട സംവേദന കേന്ദ്രങ്ങൾക്കു തകരാറു സംഭവിച്ചാൽ, വായിൽനിന്നു തുപ്പലൊലിക്കുന്നതുപോലെ കൂടുതൽ നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ള കാര്യങ്ങളും സംഭവിച്ചേക്കാം. പഞ്ചേന്ദ്രിയങ്ങളിൽ ഏതെങ്കിലുമൊന്ന് ബാധിക്കപ്പെട്ടേക്കാം. ഇത് കാണാനും കേൾക്കാനും മണക്കാനും രുചിയറിയാനും സ്പർശിക്കാനും ഉള്ള പ്രാപ്തിക്ക് കുഴപ്പങ്ങൾ സൃഷ്ടിച്ചേക്കാം.
ആശയവിനിമയ പ്രശ്നങ്ങൾ
അരണ്ട വെളിച്ചമുള്ള ഒരു തെരുവിലൂടെ നിങ്ങൾ നടക്കുന്നതായി സങ്കൽപ്പിക്കുക. ആജാനുബാഹുക്കളായ രണ്ട് അപരിചിതർ നിങ്ങളെ പിന്തുടരുന്നു. തിരിഞ്ഞുനോക്കുമ്പോൾ അവർ നിങ്ങളുടെ അടുക്കലേക്കു പാഞ്ഞുവരുന്നതാണു കാണുന്നത്. നിങ്ങൾ സഹായത്തിനായി നിലവിളിക്കാൻ ശ്രമിക്കുന്നു. എന്നാൽ ശബ്ദം പുറത്തേക്കു വരുന്നില്ല! അത്തരമൊരു സാഹചര്യത്തിൽ അനുഭവപ്പെടുന്ന നിരാശ നിങ്ങൾക്കു സങ്കൽപ്പിക്കാനാകുമോ? മസ്തിഷ്കാഘാതമുണ്ടായ പലർക്കും, തങ്ങളുടെ സംസാരശേഷി നഷ്ടപ്പെടുമ്പോൾ അനുഭവപ്പെടുന്നത് അതാണ്.
വികാരവിചാരങ്ങളും ആശകളും ആശങ്കകളും കൈമാറാനാകാതെ വരുന്നത്—ആലങ്കാരിക അർഥത്തിൽ സുഹൃത്തുക്കളിൽനിന്നും കുടുംബത്തിൽനിന്നും ഒറ്റപ്പെടുന്നത്—മസ്തിഷ്കാഘാതത്തിന്റെ ഏറ്റവും വിനാശകമായ ഫലങ്ങളിലൊന്നാണ്. മസ്തിഷ്കാഘാതമുണ്ടായ ഒരു വ്യക്തി അത് ഇപ്രകാരം വിവരിക്കുന്നു: “എന്തെങ്കിലും പറയാൻ ശ്രമിക്കുമ്പോൾ വാക്കുകൾ പുറത്തുവരില്ല. വായ് മൂടിക്കെട്ടിയ അവസ്ഥ. വാക്കാലോ എഴുത്താലോ ഉള്ള നിർദേശങ്ങളൊന്നും എനിക്കു മനസ്സിലാകില്ല. ചുറ്റുമുള്ള ആളുകൾ ഏതോ വിദേശ ഭാഷ സംസാരിക്കുന്നതുപോലെയാണ് . . . എനിക്കു തോന്നിയത്. എനിക്ക് ഭാഷ മനസ്സിലാക്കാനോ ഉപയോഗിക്കാനോ സാധിച്ചില്ല.”
ചാൾസിനാകട്ടെ കേൾക്കുന്ന കാര്യങ്ങളെല്ലാം മനസ്സിലാകുമായിരുന്നു. എന്നാൽ മറുപടി പറയുന്നതു സംബന്ധിച്ച് അദ്ദേഹം എഴുതുന്നു: “പറയാനുള്ളതെല്ലാം ഞാൻ മനസ്സിൽ കണ്ടിട്ടുണ്ടാകും, പക്ഷേ പുറത്തുവരുമ്പോൾ അവയെല്ലാം ആകെ കുഴഞ്ഞുമറിഞ്ഞിരിക്കും. ഞാൻ എന്നിൽത്തന്നെ കുരുങ്ങിപ്പോയതുപോലെയാണ് എനിക്കപ്പോൾ തോന്നുക.” മസ്തിഷ്കാഘാതം: ഒരു അനുഭവസ്ഥന്റെ മാർഗനിർദേശ പുസ്തകം (ഇംഗ്ലീഷ്) എന്ന തന്റെ ഗ്രന്ഥത്തിൽ ആർതർ ജോസഫ്സ് വിവരിക്കുന്നു: “സംസാരിക്കുമ്പോൾ നൂറിലേറെ വ്യത്യസ്ത പേശികൾ നിയന്ത്രിക്കപ്പെടുകയും ഏകോപിപ്പിക്കപ്പെടുകയും ചെയ്യുന്നു. ശരാശരി നൂറിലധികം മോട്ടോർ യൂണിറ്റുകളാണ് ഈ പേശികളിലോരോന്നിനെയും നിയന്ത്രിക്കുന്നത്. . . . വിസ്മയാവഹമായി, സംസാരത്തിന്റെ ഓരോ സെക്കൻഡിലും 1,40,000 നാഡീ-പേശീ പ്രവർത്തനങ്ങൾ [ആവശ്യമാണ്]. ഈ പേശികളെ നിയന്ത്രിക്കുന്ന, മസ്തിഷ്കത്തിന്റെ ഒരു ഭാഗത്തിനു ക്ഷതമേറ്റാൽ സംസാരം കുഴഞ്ഞുപോയേക്കാമെന്നതിൽ അതിശയിക്കാനുണ്ടോ?”
സംസാരമേഖലയിലുണ്ടാകുന്ന കുഴപ്പിക്കുന്ന പല പ്രതിഭാസങ്ങൾക്കും മസ്തിഷ്കാഘാതം കാരണമാകുന്നു. ഉദാഹരണത്തിന്, സംസാരിക്കാനാകാത്ത ഒരു വ്യക്തിക്ക് പാടാൻ സാധിക്കുമായിരിക്കും. മറ്റൊരാൾക്ക് പെട്ടെന്നുള്ള ആവേശത്തിൽ എന്തെങ്കിലും പറയാൻ കഴിഞ്ഞേക്കാം. എന്നാൽ പറയാൻ ശ്രമിക്കുമ്പോൾ അതിനു കഴിഞ്ഞെന്നുവരില്ല, അല്ലെങ്കിൽ അയാൾ നിർത്താതെ സംസാരിച്ചേക്കാം. ചിലരാകട്ടെ പിന്നെയും പിന്നെയും ഒരേ വാക്കുകളോ പദപ്രയോഗങ്ങളോ ആവർത്തിച്ചേക്കാം. മറ്റു ചിലർ ചേരാത്ത വാക്കുകൾ ഉപയോഗിച്ചേക്കാം. അതായത്, വേണമെന്നുള്ളതിന് വേണ്ട എന്നോ മറിച്ചോ പറഞ്ഞേക്കാം. ഇനിയും ചിലർക്ക് ഉപയോഗിക്കേണ്ട പദങ്ങൾ അറിയാമെങ്കിലും മസ്തിഷ്കത്തിന് വായ്, ചുണ്ടുകൾ, നാക്ക് എന്നിവ ചലിപ്പിക്കാൻ കഴിയാതെ പോകുന്നു. അല്ലെങ്കിൽ പേശികൾക്കുണ്ടാകുന്ന ബലക്ഷയം നിമിത്തം അവരുടെ സംസാരം കുഴഞ്ഞുപോകുന്നു. ചിലർ സംസാരിക്കുമ്പോൾ ഇടയ്ക്കിടെ ശബ്ദം ക്രമാതീതമായി ഉയർന്നേക്കാം.
വൈകാരിക ഭാവത്തെ നിയന്ത്രിക്കുന്ന, മസ്തിഷ്കത്തിലെ ഭാഗത്തിനായിരിക്കാം ചിലപ്പോൾ മസ്തിഷ്കാഘാതം മൂലം തകരാറു സംഭവിക്കുന്നത്. വിരസതയുളവാക്കുന്ന സംസാരമോ മറ്റുള്ളവരുടെ വൈകാരികഭാവത്തെ ഉൾക്കൊള്ളുന്നതിലുള്ള ബുദ്ധിമുട്ടോ ആയിരിക്കാം ഫലം. ഇത്തരത്തിലുള്ളതും മേൽവിവരിച്ചതുപോലുള്ളതുമായ ആശയവിനിമയ തടസ്സങ്ങൾ കുടുംബാംഗങ്ങൾക്കിടയിൽ—ഭാര്യയ്ക്കും ഭർത്താവിനുമിടയിൽ—വിടവു സൃഷ്ടിച്ചേക്കാം. ഗേയൊർഗ് വിവരിക്കുന്നു: “മസ്തിഷ്കാഘാതം മുഖഭാവങ്ങളെയും ആംഗ്യങ്ങളെയും മുഴുവ്യക്തിത്വത്തെയുംതന്നെ ബാധിക്കുന്നു. അതുകൊണ്ട് ഞങ്ങൾക്ക് മുമ്പത്തെപ്പോലെ പരസ്പരം ഇടപെടാൻ സാധിച്ചില്ല. അത് എന്റെ ഭാര്യയല്ല മറ്റൊരു സ്ത്രീയാണെന്നും അവളെ ആദ്യംമുതൽ അറിയേണ്ടതുണ്ടെന്നും എനിക്കു തോന്നി.”
വൈകാരിക, വ്യക്തിത്വ മാറ്റങ്ങൾ
അനുചിതമായ പെട്ടെന്നുള്ള വികാരവ്യതിയാനങ്ങൾ, പൊട്ടിച്ചിരി അല്ലെങ്കിൽ പൊട്ടിക്കരച്ചിൽ, കടുത്ത കോപം, ദുശ്ശങ്ക, തീവ്രദുഃഖം എന്നിവയെല്ലാം മസ്തിഷ്കാഘാതമുണ്ടായവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും നേരിടേണ്ടിവരുന്ന വൈകാരിക വ്യക്തിത്വ പ്രശ്നങ്ങളിൽ ചിലതു മാത്രം.
മസ്തിഷ്കാഘാതമുണ്ടായ ഗിൽബർട്ട് വിവരിക്കുന്നു: “ചിലപ്പോഴെല്ലാം ഞാൻ വികാരാധീനനാകും. നിസ്സാര കാര്യങ്ങൾക്കുപോലും ഞാൻ ചിരിക്കുകയോ കരയുകയോ ചെയ്യും. ഇടയ്ക്കൊക്കെ ഞാൻ ചിരിക്കുമ്പോൾ ആരെങ്കിലും ചോദിക്കും, ‘നിങ്ങളെന്തിനാ ചിരിക്കുന്നത്?’ പക്ഷേ എന്തിനാണെന്ന് എനിക്കവരോടു പറയാൻ കഴിയാറില്ല.” ഇതും ശരീരത്തിന്റെ ബാലൻസ് സംബന്ധിച്ച പ്രശ്നങ്ങളും അൽപ്പം മുടന്തും ഉള്ള ഗിൽബർട്ട് ഇങ്ങനെ പറയാൻ പ്രേരിതനായി: “ഈ ശരീരം എന്റേതല്ലെന്നും ഞാൻ മറ്റാരോ ആണെന്നും എനിക്കു തോന്നുന്നു. മസ്തിഷ്കാഘാതമുണ്ടാകുന്നതിനു മുമ്പത്തെ അതേ വ്യക്തിയല്ല ഞാൻ എന്ന തോന്നലാണെനിക്ക്.”
ശാരീരിക-മാനസിക മാറ്റങ്ങൾ ഏൽപ്പിക്കുന്ന ക്ഷതങ്ങളുമായി കഴിഞ്ഞുകൂടുന്ന പലരും വൈകാരിക പ്രക്ഷുബ്ധത അനുഭവിക്കുന്നവരാണ്. മസ്തിഷ്കാഘാതമുണ്ടായശേഷം ഹീറൊയൂക്കിക്ക് സംസാര വൈകല്യമുണ്ട്. ശരീരത്തിന്റെ ഒരു വശം തളർന്നുപോകുകയും ചെയ്തു. അദ്ദേഹം പറയുന്നു: “കാലമേറെ കഴിഞ്ഞിട്ടും ഞാൻ സുഖംപ്രാപിച്ചിട്ടില്ല. പഴയപോലെ ജോലി ചെയ്യാനാവില്ലെന്നു മനസ്സിലായപ്പോൾ ഞാൻ നിരാശനായി. തൊട്ടതിനും പിടിച്ചതിനുമൊക്കെ ഞാൻ മറ്റുള്ളവരെ കുറ്റപ്പെടുത്താൻ തുടങ്ങി. എന്റെ വികാരങ്ങളെല്ലാം അണമുറിഞ്ഞൊഴുകുമെന്ന് എനിക്കു തോന്നി. ഞാൻ ഒരു മനുഷ്യനല്ലാതായി മാറി.”
ഭയവും ഉത്കണ്ഠയും മസ്തിഷ്കാഘാതമുണ്ടായവർക്കിടയിൽ സാധാരണമാണ്. എലൻ അഭിപ്രായപ്പെടുന്നു: “തലയ്ക്കകത്ത് പെരുപ്പുണ്ടാകുമ്പോൾ അത് മസ്തിഷ്കാഘാതമുണ്ടാകാനുള്ള സൂചനയായിരിക്കുമെന്ന് അറിയാവുന്നതുകൊണ്ട് അപ്പോൾ എനിക്ക് ഒരുതരം അരക്ഷിതാവസ്ഥ അനുഭവപ്പെടും. നിഷേധാത്മകമായി ചിന്തിക്കുമ്പോൾ എനിക്കു ശരിക്കും പേടി തോന്നും.” താൻ അനുഭവിക്കുന്ന ഉത്കണ്ഠയെപ്പറ്റി റോൺ വിവരിക്കുന്നത് ഇങ്ങനെയാണ്: “ശരിയായ നിഗമനങ്ങളിലെത്താൻ ചിലപ്പോൾ കഴിയാറില്ലെന്നുതന്നെ പറയാം. ചെറിയ പ്രശ്നങ്ങളാണെങ്കിലും രണ്ടോ മൂന്നോ എണ്ണം ഒരേ സമയത്ത് കൈകാര്യം ചെയ്യേണ്ടി വരുന്നത് എന്നെ നിരാശപ്പെടുത്തുന്നു. എനിക്ക് വല്ലാത്ത മറവിയാണ്. ഏതാനും മിനിറ്റ് മുമ്പെടുത്ത തീരുമാനംപോലും ചിലപ്പോൾ എനിക്ക് ഓർമിക്കാൻ കഴിയാറില്ല. അതുകൊണ്ട് ഞാൻ ഗുരുതരമായ വീഴ്ചകൾ വരുത്തുന്നു. എനിക്കും മറ്റുള്ളവർക്കും അത് ബുദ്ധിമുട്ടുളവാക്കുന്നു. കുറച്ചു കാലംകൂടെ കഴിഞ്ഞാൽ എന്തായിരിക്കും എന്റെ അവസ്ഥ? ശരിയായ രീതിയിൽ സംസാരിക്കാനോ ഒരു കാറോടിക്കാനോ എനിക്കു കഴിയാതെ വരുമോ? ഞാൻ എന്റെ ഭാര്യയ്ക്ക് ഒരു ഭാരമായിത്തീരുമോ?”
കുടുംബാംഗങ്ങളെയും ബാധിക്കുന്നു
മസ്തിഷ്കാഘാതമുണ്ടായവർ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളും അതിന്റെ വിനാശകമായ അനന്തരഫലങ്ങളുമായി മല്ലിടേണ്ടി വരുന്നു. ഒരിക്കൽ ബുദ്ധിശാലിയും സമർഥനുമായിരുന്ന ഒരു വ്യക്തി ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലായിത്തീരുന്നത്, എന്തിനും ഏതിനും മറ്റൊരാളെ ആശ്രയിക്കേണ്ടിവരുന്ന ഒരു ശിശുവിനെപ്പോലെയായിത്തീരുന്നത്, അവർക്ക് കാണേണ്ടിവരുന്നു. കുടുംബാംഗങ്ങൾ പരിചിതമല്ലാത്ത ധർമങ്ങൾ ഏറ്റെടുക്കേണ്ടിവരുന്നത് ബന്ധങ്ങൾക്ക് ഉലച്ചിൽ തട്ടാനിടയാക്കിയേക്കാം.
ഹാറൂക്കോ ദുരന്ത ഫലങ്ങളെക്കുറിച്ചു വിവരിക്കുന്നത് ഇങ്ങനെയാണ്: “സുപ്രധാനമായ എല്ലാ കാര്യങ്ങളും എന്റെ ഭർത്താവ് മറന്നുപോയി. അദ്ദേഹം നോക്കിനടത്തിയിരുന്ന കമ്പനി ഞങ്ങൾക്ക് അടച്ചുപൂട്ടേണ്ടിവന്നു. വീടും കുടിയുമെല്ലാം നഷ്ടമായി. ഭർത്താവുമായി തുറന്നു സംസാരിക്കാനോ അദ്ദേഹത്തിന്റെ ഉപദേശം തേടാനോ സാധിക്കാത്തതായിരുന്നു എന്നെ ഏറ്റവും വേദനിപ്പിച്ചത്. രാത്രിയും പകലും തിരിച്ചറിയാൻ സാധിക്കാതെ അദ്ദേഹം മിക്കപ്പോഴും രാത്രിയിൽ ധരിക്കേണ്ട ഡയപ്പറുകൾ അഴിച്ചുകളയുകപോലും ചെയ്യും. അദ്ദേഹത്തിന്റെ ഈ അവസ്ഥ ഞങ്ങൾ മുന്നിൽ കണ്ടിരുന്നതാണെങ്കിലും അത് ഒരു യാഥാർഥ്യമായി അംഗീകരിക്കാൻ ഇപ്പോഴും ഞങ്ങൾക്ക് കഴിയുന്നില്ല. ഞങ്ങളുടെ ഉത്തരവാദിത്വം നേരെ തിരിഞ്ഞുപോയി. ഞാനും മോളുമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ രക്ഷിതാക്കൾ.”
“മസ്തിഷ്കാഘാതമുള്ള ഒരു വ്യക്തിയെ പരിചരിക്കുന്നത്—നിങ്ങൾ അവരെ എത്രതന്നെ സ്നേഹിക്കുന്നുണ്ടെങ്കിലും—ചിലപ്പോഴൊക്കെ വളരെ ബുദ്ധിമുട്ടുളവാക്കിയേക്കാം,” ഇലേൻ ഫാൻറൽ ഷിംബർഗ് മസ്തിഷ്കാഘാതം: കുടുംബങ്ങൾ അറിഞ്ഞിരിക്കേണ്ടത് (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ അഭിപ്രായപ്പെടുന്നു. “സമ്മർദവും ഉത്തരവാദിത്വവും ഒരിക്കലും കുറയുന്നില്ല.” ചില സാഹചര്യങ്ങളിൽ അതീവശ്രദ്ധയോടുകൂടി പരിചരണമേകേണ്ടിവരുന്നത് പരിചരിക്കുന്ന കുടുംബാംഗങ്ങളുടെ ആരോഗ്യത്തെയും വികാരങ്ങളെയും ആത്മീയതയെയും പ്രതികൂലമായി ബാധിച്ചേക്കാം. അമ്മയ്ക്കുണ്ടായ മസ്തിഷ്കാഘാതം തന്റെ ജീവിതത്തെ പിടിച്ചുലച്ചതെങ്ങനെയെന്ന് മരിയ വിവരിക്കുന്നു: “ഞാൻ അമ്മയെ ദിവസവും ചെന്നു കാണും. പുസ്തകങ്ങളും മറ്റും വായിച്ചുകൊടുത്തും അമ്മയോടൊപ്പം പ്രാർഥിച്ചുംകൊണ്ട് ഞാൻ അമ്മയെ ആത്മീയമായി കെട്ടുപണി ചെയ്യാൻ ശ്രമിക്കുന്നു. ഞാൻ സ്നേഹംകൊണ്ട് അമ്മയെ പൊതിയും. അമ്മയെ കെട്ടിപ്പിടിച്ച് തെരുതെരെ ഉമ്മവെക്കും. പക്ഷേ വീട്ടിലേക്കു വരുമ്പോൾ വൈകാരികമായി ഞാൻ തളർന്നുപോകും. ചില ദിവസങ്ങളിൽ ഞാൻ ഛർദിച്ചവശയാകും.”
പരിചരിക്കുന്ന ചിലർക്ക് നേരിടേണ്ടിവരുന്ന ഏറ്റവും ബുദ്ധിമുട്ടുളവാക്കുന്ന സംഗതിയാണ് സ്വഭാവത്തിലുണ്ടാകുന്ന മാറ്റം. ന്യൂറോസൈക്കോളജിസ്റ്റായ ഡോ. റൊണാൾഡ് കൽവാൻയോ ഉണരുക!യോടു പറയുന്നു: “സങ്കീർണമായ മസ്തിഷ്ക കോർട്ടെക്സ് പ്രവർത്തനങ്ങളെ—അതായത്, ഒരുവന്റെ ചിന്താരീതി, ജീവിതശൈലി, അയാളുടെ വൈകാരിക പ്രതികരണങ്ങൾ എന്നിവയെ—ബാധിക്കുന്ന ഒരു രോഗം ഉണ്ടെങ്കിൽ, നാം ആ വ്യക്തിയുടെ അന്തഃസത്തയെയായിരിക്കും കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട്, സംഭവിക്കുന്ന മാനസിക ക്ഷതങ്ങൾ വാസ്തവത്തിൽ ആ കുടുംബാന്തരീക്ഷത്തെ അപ്പാടെ മാറ്റിമറിച്ചേക്കാം.” യോഷീക്കോ വിവരിക്കുന്നു: “അസുഖത്തിനുശേഷം എന്റെ ഭർത്താവ് ആകെ മാറിപ്പോയി. നിസ്സാര കാര്യങ്ങൾക്കുപോലും അദ്ദേഹം ദേഷ്യപ്പെടും. അപ്പോൾ എനിക്ക് വല്ലാത്ത ദുഃഖം തോന്നും.”
മിക്കപ്പോഴും, കുടുംബത്തിനു പുറത്തുള്ളവർ ഈ വ്യക്തിത്വമാറ്റങ്ങൾ മനസ്സിലാക്കിയെന്നു വരില്ല. അതുകൊണ്ട് പരിചരണമേകുന്ന ചില വ്യക്തികൾക്ക് ഒറ്റപ്പെട്ടുവെന്ന തോന്നലുണ്ടാകുന്നു. തങ്ങളുടെ ചുമട് അവർ തനിയെ വഹിക്കേണ്ടിവരുന്നു. മീഡോരീ വിവരിക്കുന്നു: “മസ്തിഷ്കാഘാതം നിമിത്തം എന്റെ ഭർത്താവിന് മാനസികവും വൈകാരികവുമായ വൈകല്യങ്ങൾ സംഭവിച്ചിരിക്കുന്നു. അദ്ദേഹത്തിന് വളരെ പ്രോത്സാഹനം ആവശ്യമാണെങ്കിലും അതൊന്നും ആരോടും പറയാറില്ല. എല്ലാം തന്നിൽത്തന്നെ ഒതുക്കും. അതുകൊണ്ട് ഞാൻ കാര്യങ്ങളെല്ലാം കണ്ടറിഞ്ഞ് കൈകാര്യം ചെയ്യേണ്ടി വരുന്നു. ഭർത്താവിന്റെ മനോഭാവങ്ങൾ ഓരോ ദിവസവും നിരീക്ഷിക്കുമ്പോഴും എനിക്കു വേവലാതിയാണ്, ചിലപ്പോൾ പേടിപോലും തോന്നും.”
മസ്തിഷ്കാഘാതം ജീവിതത്തിലുളവാക്കുന്ന മാറ്റങ്ങളെ അതുണ്ടായ ചില ആളുകളും അവരുടെ കുടുംബാംഗങ്ങളും എങ്ങനെയാണു കൈകാര്യം ചെയ്തിരിക്കുന്നത്? മസ്തിഷ്കാഘാതത്തിന്റെ ദുർബലീകരിക്കുന്ന പരിണതഫലങ്ങൾ അനുഭവിക്കുന്നവരെ നമുക്കോരോരുത്തർക്കും എങ്ങനെ സഹായിക്കാനാകും? ഞങ്ങളുടെ അടുത്ത ലേഖനം അതു വിവരിക്കുന്നു.
[7-ാം പേജിലെ ചതുരം/ചിത്രം]
മുന്നറിയിപ്പിൻ സൂചനകൾ
• മുഖത്തിനോ കൈകാലുകൾക്കോ ഉണ്ടാകുന്ന പെട്ടെന്നുള്ള ബലക്കുറവ്, മരവിപ്പ് അല്ലെങ്കിൽ തളർച്ച, വിശേഷിച്ച് ശരീരത്തിന്റെ ഒരു വശത്ത്
• കാഴ്ചയ്ക്ക്, പ്രത്യേകിച്ച് ഒരു കണ്ണിന്റെ കാഴ്ചയ്ക്ക്, പെട്ടെന്ന് മങ്ങലോ മൂടലോ അനുഭവപ്പെടുക; ഇടയ്ക്കിടെ വസ്തുക്കൾ രണ്ടായി കാണുക
• ലളിതമായ വാചകങ്ങൾപോലും പറയാനോ മനസ്സിലാക്കാനോ ബുദ്ധിമുട്ടനുഭവപ്പെടുക
• മറ്റു രോഗലക്ഷണങ്ങളോടൊപ്പം തലകറക്കമുണ്ടാകുകയോ ശരീരത്തിന്റെ ബാലൻസ് അല്ലെങ്കിൽ പേശികളുടെ ഏകോപനം നഷ്ടപ്പെടുകയോ ചെയ്യുക
അത്ര സാധാരണമല്ലാത്ത ലക്ഷണങ്ങൾ
• പെട്ടെന്നുള്ള, അകാരണമായ കടുത്ത തലവേദന—“ഒരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള തലവേദന” എന്ന് മിക്കപ്പോഴും വിശേഷിപ്പിക്കുന്ന വിധത്തിലുള്ളത്
• പെട്ടെന്നുണ്ടാകുന്ന മനംപിരട്ടലും പനിയും. രോഗം പിടിപെടുന്ന വേഗതയുടെ അടിസ്ഥാനത്തിൽ ഒരു വൈറസ് രോഗമാണോ അല്ലയോ എന്ന് തിരിച്ചറിയാനാകും (ദിവസങ്ങൾക്കു പകരം മിനിറ്റുകൾ അല്ലെങ്കിൽ മണിക്കൂറുകൾക്കകമായിരിക്കും അത് പിടികൂടുന്നത്)
• ഹ്രസ്വ നേരത്തേക്ക് ബോധം നഷ്ടപ്പെടുക അല്ലെങ്കിൽ സുബോധമില്ലാതാകുക(മോഹാലസ്യം, ആശയക്കുഴപ്പം, കോച്ചിപ്പിടുത്തം, ബോധക്ഷയം)
രോഗലക്ഷണങ്ങൾ അവഗണിക്കരുത്
രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ രോഗി “എത്രയും പെട്ടെന്ന് ആശുപത്രിയിലെ അടിയന്തിര വിഭാഗത്തിന്റെ സഹായം തേടണം. കാരണം മസ്തിഷ്കാഘാതമുണ്ടായി ആദ്യത്തെ ഏതാനും മണിക്കൂറുകൾക്കകം ചികിത്സിക്കുകയാണെങ്കിൽ ക്ഷതങ്ങൾ കുറയ്ക്കാനാകും” എന്ന് ഡോ. ഡേവിഡ് ലെവിൻ പ്രോത്സാഹിപ്പിക്കുന്നു.
ചിലപ്പോൾ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് അൽപ്പകാലത്തിനുള്ളിൽ അത് അപ്രത്യക്ഷമാകും. ഈ സംഭവവികാസത്തിന്റെ പേരാണ് ടിഐഎഎസ് അഥവാ ക്ഷണിക ഇസ്ക്കീമിയ സ്തംഭനം. അവയെ അവഗണിക്കരുത്. കാരണം അവ ഗുരുതരമായ മസ്തിഷ്കാഘാതമുണ്ടാകാമെന്നുള്ളതിന്റെ സൂചനയായിരിക്കാം. അധികം താമസിയാതെതന്നെ കടുത്ത മസ്തിഷ്കാഘാതമുണ്ടായേക്കാം. ഒരു ഡോക്ടർക്ക് രോഗകാരണങ്ങളെ ചികിത്സിച്ചു ഭേദമാക്കാനും ഭാവിയിൽ ഒരു മസ്തിഷ്കാഘാതമുണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനു സഹായിക്കാനും കഴിയും.
യു.എസ്.എ.-യിലെ കൊളറാഡോയിലുള്ള എങ്കൾവുഡിലെ ദേശീയ മസ്തിഷ്കാഘാത സമിതി പ്രദാനം ചെയ്ത മാർഗനിർദേശങ്ങൾക്കനുസൃതം തയ്യാറാക്കിയത്.