പ്രത്യാഘാതങ്ങൾ നേരിടൽ
കൈകാലുകൾ തളർന്ന് ആശുപത്രിയിൽ കിടക്കവേ ഗിൽബർട്ട് ഡോക്ടറോടു ചോദിച്ചു: “എന്റെ കൈകാലുകളുടെ സ്വാധീനം വീണ്ടുകിട്ടുമോ ഡോക്ടർ?” വെല്ലുവിളി ഉയർത്തുന്ന ഒരു പ്രതികരണമാണ് ഗിൽബർട്ടിനു ലഭിച്ചത്: “എത്രയധികം ശ്രമം ചെയ്യുന്നോ കൈകാലുകളുടെ സ്വാധീനം അത്രയധികം നിങ്ങൾക്കു വീണ്ടെടുക്കാൻ സാധിക്കും, എത്രയും പെട്ടെന്ന്.” അദ്ദേഹം പ്രതിവചിച്ചു: “ഞാൻ തയ്യാറാണ്!” 65-ാം വയസ്സിൽ വ്യായാമ ചികിത്സയും ഒപ്പം ക്രിയാത്മകമായ വീക്ഷണവും അദ്ദേഹത്തെ ചക്രക്കസേരയിൽനിന്നു വാക്കറിലും വാക്കറിൽനിന്ന് ഒരു ഊന്നുവടിയിലും കൊണ്ടെത്തിച്ചു. ഒടുവിൽ അദ്ദേഹത്തിന് പഴയതുപോലെ ജോലി ചെയ്യാമെന്നായി.
“മസ്തിഷ്കത്തിന്റെ ഒരു ഭാഗത്തിനു തകരാറു സംഭവിച്ചാൽ ക്ഷതമേറ്റ മസ്തിഷ്കകലകളുടെ ധർമം മറ്റ് ഭാഗങ്ങൾ ഏറ്റെടുക്കുമെന്ന ആശയത്തെ ഇന്നത്തെ മസ്തിഷ്കാഘാതാനന്തര പുനരധിവാസ കേന്ദ്രങ്ങളിലധികവും പിന്തുണയ്ക്കുന്നു. തകരാറു സംഭവിക്കാത്ത ഭാഗങ്ങളുടെ കഴിവിനെ വികസിപ്പിച്ചെടുക്കുകയും മസ്തിഷ്കത്തിന് വീണ്ടും പ്രവർത്തിച്ചു തുടങ്ങാനും പൊരുത്തപ്പെടാനും ആവശ്യമായ ഉത്തേജനം പ്രദാനം ചെയ്യുകയുമാണ് ഈ ചികിത്സയുടെ ഉദ്ദേശ്യം,” വൈനർ, ലീ, ബെൽ എന്നീ ഗവേഷകർ പറയുന്നു. എങ്കിലും, മസ്തിഷ്കത്തിലെ ആഘാതമുണ്ടായ ഭാഗം, ആഘാതത്തിന്റെ കാഠിന്യം, വ്യക്തിയുടെ പൊതുവേയുള്ള ആരോഗ്യനില, വൈദ്യപരിപാലനത്തിന്റെ ഗുണമേന്മ, മറ്റുള്ളവരിൽനിന്നുള്ള പിന്തുണ തുടങ്ങി മറ്റു ഘടകങ്ങളും അസുഖം ഭേദമാകുന്നതിൽ പങ്കുവഹിക്കുന്നു.
കുടുംബത്തിൽനിന്നും സുഹൃത്തുക്കളിൽനിന്നുമുള്ള പിന്തുണ
മൂന്നു വർഷം എറിക്ക പൂർവസ്ഥിതി പ്രാപിക്കാനാവശ്യമായ വ്യായാമങ്ങൾ ചെയ്തു. നടക്കാനും തളർന്നുപോയ ഇടതുകൈയ്ക്കുപകരം വലതുകൈ ഉപയോഗിക്കാനും അവർ പഠിച്ചു. സാഹചര്യത്തെ നേരിടാൻ തന്നെ പ്രാപ്തയാക്കിയ സംഗതിയെക്കുറിച്ച് അവർ പറയുന്നു: “ഭർത്താവും സുഹൃത്തുക്കളും എന്നോടു വിശ്വസ്തരായി നിന്നുവെന്നതാണ് സുപ്രധാന സംഗതി. അവർ എന്നെ സ്നേഹിക്കുന്നുവെന്ന അറിവ് എനിക്കു ശക്തി പകർന്നു. തളർന്നു പിൻവാങ്ങരുതെന്ന അവരുടെ പ്രോത്സാഹനം എനിക്കു പ്രചോദനമേകി.”
പ്രിയപ്പെട്ടവർ സുഖം പ്രാപിക്കുന്നതിൽ കുടുംബാംഗങ്ങൾ ഒരു പങ്കുവഹിക്കുന്നു. അവർ ചികിത്സകരോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും അതിനോടകം കൈവരിച്ചിട്ടുള്ള പുരോഗതികൾ നഷ്ടമാകാതിരിക്കാൻ വീട്ടിൽവെച്ച് തുടർന്നും ചെയ്യേണ്ടതായ ചികിത്സാമുറകൾ പിൻപറ്റുന്നുവെന്നതിന് അടുത്ത ശ്രദ്ധ നൽകുകയും വേണം. കുടുംബാംഗങ്ങളും സുഹൃത്തുക്കളും കാണിക്കുന്ന ക്ഷമ, ദയ, സഹാനുഭൂതി, ആർദ്രത എന്നിവ സംസാര, വായനാപ്രാപ്തികളും ദൈനംദിന ജീവിതത്തിലെ മറ്റു കഴിവുകളും വീണ്ടും നേടിയെടുക്കാനുള്ള സുരക്ഷിതമായ ഒരു വൈകാരിക ചുറ്റുപാട് പ്രദാനം ചെയ്യും.
നിർബന്ധിച്ചു കാര്യങ്ങൾ ചെയ്യിക്കുന്നതോടൊപ്പം ആർദ്രതയോടെ പരിപാലിക്കുന്നതിലും ശ്രദ്ധ നൽകിക്കൊണ്ട് വ്യായാമം ചെയ്യാനും ചികിത്സ പിൻപറ്റാനും ഭാര്യ എലനെ സഹായിക്കാൻ ജോൺ കഠിനമായി ശ്രമിച്ചു. തന്റെ കുടുംബത്തിന്റെ പ്രയത്നത്തെ അദ്ദേഹം വിവരിക്കുന്നു: “സ്വാനുതാപത്തിന്റെ കയത്തിൽ മുങ്ങിപ്പോകാൻ ഞങ്ങൾ അവളെ അനുവദിച്ചില്ല. ചിലപ്പോൾ ഞങ്ങൾ കർശനമായി അവളെക്കൊണ്ട് കാര്യങ്ങൾ ചെയ്യിച്ചു. എന്നാൽ എപ്പോഴും ഞങ്ങൾ അവളുടെ പരിമിതികളെ നിരീക്ഷിച്ച് വേണ്ട സഹായം നൽകി. അവൾ പെട്ടെന്ന് വികാരാധീനയാകുന്നതുകൊണ്ട് അവൾക്കു പിരിമുറുക്കമുണ്ടാകാതെ നോക്കാൻ ഞാൻ ശ്രമിച്ചു.”
ഒരു സംസാരവൈകല്യ ചികിത്സകന്റെ സഹായത്തോടെ എലൻ വീണ്ടും സംസാരിക്കാൻ പഠിക്കവേ ജോൺ അവളെ പിന്തുണച്ചു. “കാര്യങ്ങൾ ഒത്തൊരുമിച്ചു ചെയ്യുന്നത് പ്രോത്സാഹജനകമായിരുന്നു. അതുകൊണ്ട് ഞങ്ങൾ പരസ്പരം ബൈബിൾ ഉറക്കെ വായിച്ചുകേൾപ്പിക്കുമായിരുന്നു. അതവളുടെ സംസാരം മെച്ചപ്പെടാൻ സഹായിച്ചു. മാത്രമല്ല, ഞങ്ങൾ യഹോവയുടെ സാക്ഷികളായതുകൊണ്ട് അൽപ്പാൽപ്പമായിട്ടാണെങ്കിലും വയൽശുശ്രൂഷയിലും പങ്കെടുത്തു. ഇത്തരത്തിൽ ഭാവിയെ സംബന്ധിച്ച് ഞങ്ങൾക്കുള്ള പ്രതീക്ഷ മറ്റുള്ളവരുമായി പങ്കുവെക്കാൻ എലനു കഴിഞ്ഞു. എലനെ സംബന്ധിച്ചിടത്തോളം ഇതുതന്നെ ഒരു ചികിത്സയായിരുന്നു.” മൂന്നു വർഷം കഴിഞ്ഞതോടെ എലന്റെ സ്ഥിതി വളരെ മെച്ചപ്പെട്ടു.
സുഹൃത്തുക്കൾക്ക് നൽകാൻ കഴിയുന്ന പ്രോത്സാഹനത്തെയും ശക്തിയെയും ഒരിക്കലും കുറച്ചുകാണരുത്. കാരണം മസ്തിഷ്കാഘാതത്തെ അതിജീവിച്ച ഒരു വ്യക്തിയുടെ സുഖപ്പെടലിൽ അവയ്ക്ക് വലിയ പങ്കുണ്ട്. ‘കടുത്ത മസ്തിഷ്കാഘാതം ഉണ്ടായവരാണെങ്കിൽപ്പോലും, വർധിച്ച അളവിൽ സാമൂഹിക പിന്തുണ ലഭിക്കുന്നുവെങ്കിൽ കൂടുതൽ വേഗത്തിൽ സുഖംപ്രാപിക്കുകയും കൂടുതൽ അഭിവൃദ്ധി കൈവരിക്കുകയും ചെയ്യുന്നതായി’ മസ്തിഷ്കാഘാതം (ഇംഗ്ലീഷ്) എന്ന വൈദ്യശാസ്ത്ര പത്രിക പറയുന്നു.
സുഹൃത്തുക്കൾ നൽകിയ പിന്തുണയെ ബേർണി വളരെ വിലമതിച്ചു. അദ്ദേഹം നമ്മെ ഓർമിപ്പിക്കുന്നു: “സുഹൃത്തുക്കളുടെ സന്ദർശനം രോഗത്തെ നേരിടുന്നതിനു മർമപ്രധാനമാണ്. അനുകമ്പ മുറ്റിനിൽക്കുന്ന സ്വരവും പരിഗണനാമനോഭാവവും മനോവീര്യം വർധിപ്പിക്കും. വ്യക്തിയുടെ പ്രാപ്തിക്കുറവിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതില്ലെങ്കിലും എന്തെങ്കിലും അഭിവൃദ്ധി കൈവരിച്ചിട്ടുണ്ടെങ്കിൽ അതിനെ പ്രശംസിക്കുന്നത് വളരെ പ്രോത്സാഹജനകമാണ്.” മസ്തിഷ്കാഘാതത്തിന്റെ പ്രത്യാഘാതങ്ങളെ നേരിടുന്നവർക്ക് പിന്തുണയേകാൻ നമുക്കേവർക്കും എന്തു ചെയ്യാൻ കഴിയും? “പൂക്കൾ കൊണ്ടുപോയി കൊടുക്കുക,” ബേർണി നിർദേശിക്കുന്നു. “അല്ലെങ്കിൽ ഒരു തിരുവെഴുത്ത് ആശയമോ അനുഭവമോ പങ്കുവെക്കുക. എനിക്കവ വളരെ പ്രോത്സാഹനമേകി.”
മസ്തിഷ്കാഘാതമുണ്ടായ, പ്രായമായ ഒരു സഹോദരിയാണ് മെൽവ. ആത്മീയ സഹോദരന്മാരിലാരെങ്കിലും തന്നോടൊപ്പം പ്രാർഥിക്കുന്നതു സഹായകമാണെന്ന് ഈ സഹോദരി കണ്ടെത്തി. ഗിൽബർട്ടും ശുപാർശ ചെയ്യുന്നത് ഇതുതന്നെയാണ്. അദ്ദേഹം വിശദമാക്കുന്നു: “രോഗിയായിരിക്കുന്ന ആരെങ്കിലുമൊത്തു പ്രാർഥിക്കുമ്പോൾ നിങ്ങൾ യഥാർഥ കരുതൽ പ്രകടമാക്കുകയാണു ചെയ്യുന്നത്.” മസ്തിഷ്കാഘാതം മൂലം കാഴ്ചശക്തി ക്ഷയിച്ച പീറ്റർ, മറ്റുള്ളവർ തന്റെ പരിമിതികൾ മനസ്സിലാക്കി തന്നെ പുസ്തകങ്ങൾ വായിച്ചുകേൾപ്പിക്കുന്നതു വിലമതിക്കുന്നു.
ചികിത്സാ കേന്ദ്രത്തിലേക്കും തിരിച്ചും യാത്ര ചെയ്യാൻ സഹായിക്കുന്നതും ഒരു സ്നേഹപ്രകടനമാണ്. മസ്തിഷ്കാഘാതമുണ്ടായ വ്യക്തിയുടെ വീട് സുരക്ഷിതത്വമുള്ളതാണെന്ന് ഉറപ്പുവരുത്തുന്നതും പ്രധാനമാണ്. ബാലൻസ് നിലനിർത്തുന്നതിൽ പ്രശ്നമുണ്ടെങ്കിൽ കൂടെക്കൂടെ വീഴാനുള്ള സാധ്യതയുണ്ട്. ഉദാഹരണത്തിന്, മറ്റു സഹായങ്ങൾക്കുപുറമേ സുഹൃത്തുക്കൾ സുരക്ഷിതത്വത്തിനായി കുളിമുറിയിൽ വീഴാതെ പിടിച്ചുനിൽക്കാൻ ഒരു താങ്ങുകമ്പി പിടിപ്പിച്ചുകൊടുത്തപ്പോൾ ഗിൽബർട്ട് അവരുടെ ദയാപുരസ്സരമായ സഹായത്തെ വിലമതിച്ചു.
പിന്തുണയേകാൻ പഠിക്കൽ
പെട്ടെന്നുള്ള വികാരവ്യതിയാനങ്ങളും കരയാനുള്ള വർധിച്ച പ്രവണതയും മസ്തിഷ്കാഘാതത്തിന് ഇരയായവർക്കു പ്രശ്നം സൃഷ്ടിച്ചേക്കാം. തന്നെയുമല്ല, കണ്ടുനിൽക്കുന്നവരും എന്തു ചെയ്യണമെന്നറിയാതെ പരിഭ്രാന്തരായേക്കാം. എങ്കിലും പിന്തുണയേകാൻ പഠിക്കുന്നതുവഴി സുഹൃത്തുക്കൾക്ക് മസ്തിഷ്കാഘാതമുണ്ടായ വ്യക്തിയെ ഏകാന്തതയിൽനിന്നു കരകയറ്റാനാകും. സാധാരണഗതിയിൽ കരയാനുള്ള പ്രവണത കുറഞ്ഞുവരുന്നു. അയാൾ കരയുമ്പോൾ ശാന്തനായി അരികിൽ നിൽക്കുക. ചെയ്യുന്ന സഹായങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ എന്നു ചോദിക്കുക.
ഇതിലും പ്രധാനമായ ഒരു സംഗതിയുണ്ട്. സംഭവിച്ച ആഘാതം നിമിത്തം, നിങ്ങൾക്ക് ഒരിക്കൽ പരിചിതരായിരുന്ന വ്യക്തികളുടെ വ്യക്തിത്വത്തിനു മാറ്റം സംഭവിച്ചിരിക്കാമെങ്കിലും അവരോട് ദൈവിക സ്നേഹം നട്ടുവളർത്തുക. നിങ്ങളുടെ മനോഭാവം അവർക്കു മനസ്സിലാകും. അത് നിങ്ങളോട് അവർ പ്രതികരിക്കുന്ന വിധത്തെ ബാധിക്കും. എറിക്ക അഭിപ്രായപ്പെടുന്നു: “ഞാൻ ഒരിക്കലും ആ പഴയ വ്യക്തിയാകില്ലായിരിക്കാം. മസ്തിഷ്കാഘാതത്തിനിരയായ ഒരു വ്യക്തിയിൽനിന്ന് ആരും ഒരിക്കലും അതു പ്രതീക്ഷിക്കരുത്. ആ വ്യക്തി ആയിരിക്കുന്ന വിധത്തിൽ അയാളെ സ്നേഹിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും പഠിക്കണം. അവർ ആ വ്യക്തിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെങ്കിൽ കഴിഞ്ഞകാലത്തെ ആകർഷകമായ ഗുണങ്ങൾ ഇപ്പോഴും അയാളിലുണ്ടെന്നു കണ്ടെത്തും.”
സംസാരിക്കാനോ മറ്റുള്ളവരാൽ മനസ്സിലാക്കപ്പെടാനോ ഒരു വ്യക്തിക്കു കഴിയുന്നില്ലെങ്കിൽ ആത്മാഭിമാനം തീരെ കുറഞ്ഞുപോയേക്കാം. സംസാരവൈകല്യം ബാധിച്ച വ്യക്തികളോടു സംസാരിക്കാൻ ശ്രമം നടത്തിക്കൊണ്ട് സുഹൃത്തുക്കൾക്ക് അവരുടെ മൂല്യത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞേക്കും. ടാകാഷി പറയുന്നു: “എന്റെ ചിന്തകൾക്കും തോന്നലുകൾക്കും മാറ്റം വന്നിട്ടില്ല. എന്നോടൊപ്പം സാധാരണ സംഭാഷണത്തിലേർപ്പെടാൻ കഴിയാത്തതു നിമിത്തം ആളുകൾ എന്നെ അവഗണിക്കാൻ ശ്രമിക്കുന്നു. ആളുകളെ സമീപിക്കാൻ എനിക്കു ബുദ്ധിമുട്ടാണ്. പക്ഷേ ആരെങ്കിലും എന്നോടു സംസാരിക്കാൻ വരുന്നത് വളരെ പ്രോത്സാഹജനകമാണ്. അതെന്നെ വളരെയേറെ സന്തോഷിപ്പിക്കുന്നു!”
സംസാരവൈകല്യമുള്ളവരെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും നമ്മെയേവരെയും സഹായിക്കുന്ന ഏതാനും മാർഗനിർദേശങ്ങളിതാ.
മിക്ക മസ്തിഷ്കാഘാതവും ബുദ്ധിപരമായ പ്രാപ്തിയെ ബാധിക്കുന്നില്ല. മസ്തിഷ്കാഘാതമുണ്ടായിട്ടുള്ള പലരുടെയും സംസാരം മനസ്സിലാക്കിയെടുക്കാൻ ബുദ്ധിമുട്ടായിരിക്കുമെങ്കിലും അവരിൽ മിക്കവരും മാനസികമായി ഉണർവുള്ളവരായിരിക്കും. താഴ്ത്തിക്കെട്ടിയോ ഒരു കൊച്ചുകുട്ടിയോടെന്നപോലെയോ അവരോടു സംസാരിക്കരുത്. മറിച്ച്, അവരോട് ആദരവോടെ പെരുമാറുക.
ക്ഷമയോടെ ശ്രദ്ധിക്കുക. ഒരാശയത്തിനു രൂപംനൽകാനോ ഒരു വാക്കോ പദമോ വാചകമോ പറഞ്ഞൊപ്പിക്കാനോ അവർ സമയമെടുത്തേക്കാം. ഓർക്കുക, കരുതലുള്ള ഒരു വ്യക്തി അക്ഷമനായ ശ്രോതാവായിരിക്കില്ല.
മനസ്സിലായില്ലെങ്കിൽ മനസ്സിലായെന്നപോലെ നടിക്കാതിരിക്കുക. “എനിക്കു മനസ്സിലായില്ല, നമുക്ക് കുറച്ചുകഴിഞ്ഞ് വീണ്ടും ശ്രമിക്കാം” എന്ന് സമ്മതിച്ചുപറയുക.
സാധാരണ ശബ്ദത്തിൽ സാവധാനം വ്യക്തമായി സംസാരിക്കുക.
ഹ്രസ്വ വാചകങ്ങളും പരിചിതമായ പദങ്ങളും ഉപയോഗിക്കുക.
അതേ അല്ലെങ്കിൽ അല്ല എന്നു മറുപടി പറയാവുന്ന ചോദ്യങ്ങൾ ചോദിക്കുക, പ്രതികരിക്കാൻ പ്രോത്സാഹിപ്പിക്കുക. അവർക്ക് നിങ്ങളുടെ വാക്കുകൾ ഗ്രഹിക്കാൻ സാധിച്ചേക്കില്ലെന്നു മനസ്സിൽ പിടിക്കുക.
ചുറ്റുപാടുമുള്ള ഒച്ചയും ബഹളവും കുറയ്ക്കുക.
യഹോവയുടെ സ്നേഹപൂർണമായ സഹായത്തോടെ നേരിടൽ
നിങ്ങൾക്ക് മസ്തിഷ്കാഘാതമുണ്ടാകാൻ ഇടയാക്കിയ കാരണം അറിയുന്നത് ആവശ്യമായ നടപടികളെടുക്കാനും ഭാവിയിൽ അതുണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും സഹായകമായതിനാൽ അത് അറിഞ്ഞിരിക്കേണ്ടതു പ്രധാനമാണ്. എന്നാൽ അതുപോലെതന്നെ പ്രധാനമാണ്, തുടർന്നുണ്ടാകുന്ന ഭയത്തെ നിയന്ത്രണാധീനമാക്കുന്നതും. എലൻ പറയുന്നു: “യെശയ്യാവു 41:10-ലെ ദൈവവചനം എന്നെ വിശേഷാൽ ആശ്വസിപ്പിക്കുന്നു. അവിടെ അവൻ ഇങ്ങനെ പറയുന്നു: ‘നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും.’ എന്നെ സംബന്ധിച്ചിടത്തോളം യഹോവ വളരെ യാഥാർഥ്യമായിത്തീർന്നിരിക്കുന്നു. അത് എന്നെ ഭയരഹിതയാക്കുന്നു.”
ദുഃഖം തരണം ചെയ്യാൻ ആനന്ദിനും ബൈബിൾ സഹായമേകുന്നു: “നിരന്തരം ഉണർവും ഉന്മേഷവും പകർന്നുകൊണ്ട് അതെന്നെ വളരെ പിന്തുണയ്ക്കുന്നു.” ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാത്തതുകൊണ്ട് തിരുവെഴുത്തുകളിൽനിന്ന് എങ്ങനെ പ്രയോജനം നേടാം എന്നതായിരുന്നു ഹിറോയൂക്കിയുടെ പ്രശ്നം. അദ്ദേഹം പറയുന്നു: “ബൈബിൾ പുസ്തകങ്ങൾ ഓഡിയോ കാസെറ്റുകളിലൂടെ ശ്രവിച്ചുകൊണ്ട് ഞാൻ ആശ്വാസം കണ്ടെത്തി.”
അപ്പോസ്തലനായ പൗലൊസ് പറയുന്നു: “ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു.” (2 കൊരിന്ത്യർ 12:10) സ്വന്തശക്തിയാൽ ചെയ്യാനാകാത്ത കാര്യം നിവർത്തിക്കാൻ പൗലൊസിനെ സഹായിച്ചത് യഹോവയുടെ ആത്മാവായിരുന്നു. മസ്തിഷ്കാഘാതമുണ്ടായവർക്കും ആത്മീയബലത്തിനായി യഹോവയിൽ ആശ്രയിക്കാനാകും. എറിക്ക വിവരിക്കുന്നു: “ആരോഗ്യമുള്ളപ്പോഴും എല്ലാം സ്വന്തശക്തിയാൽ ചെയ്യാൻ സാധിക്കുമ്പോഴും നമ്മെ സഹായിക്കാൻ നാം യഹോവയ്ക്ക് അധികം അവസരങ്ങൾ നൽകാറില്ലായിരിക്കാം. എന്നാൽ അവനുമായി ഒരു പ്രത്യേക ബന്ധമുണ്ടായിരിക്കാൻ എന്റെ വൈകല്യം എന്നെ സഹായിച്ചിരിക്കുന്നു.”
പരിചരണമേകുന്നവർ പിന്തുണ കണ്ടെത്തുന്നു
പരിചരണമേകുന്നവർക്ക് തങ്ങളുടെ നിർണായക ധർമങ്ങൾ നിറവേറ്റാൻ പിന്തുണ ആവശ്യമാണ്. പിന്തുണയ്ക്കായി അവർക്ക് എങ്ങോട്ടു തിരിയാനാകും? കുടുംബംതന്നെയാണ് ഒരു സ്ഥലം. ഓരോ കുടുംബാംഗത്തിനും പരിചരണമേകുന്നതിന്റെ ചുമടു പങ്കിടാവുന്നതാണ്. ആൺമക്കൾ തനിക്ക് എങ്ങനെയാണ് വൈകാരിക പിന്തുണ നൽകിയതെന്ന് യോഷിക്കോ പറയുന്നു: “എന്റെ പ്രശ്നങ്ങൾ സ്വന്തം പ്രശ്നങ്ങളാണെന്നപോലെ അവർ ശ്രദ്ധിച്ചുകേൾക്കും.” മസ്തിഷ്കാഘാതത്തിനിരയായ വ്യക്തിയെ എങ്ങനെ പരിചരിക്കണമെന്നും തങ്ങളുടെ പ്രിയപ്പെട്ട ആളിന്റെ വ്യക്തിത്വത്തിലുണ്ടായ മാറ്റങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നും പഠിക്കാനായി കുടുംബാംഗങ്ങൾ ലഭ്യമായ എല്ലാ വിവരങ്ങളും ശേഖരിക്കണം.
പരിചരണമേകുന്നവർക്ക് പിന്തുണ നൽകാൻ മറ്റാർക്കെല്ലാം കഴിയും? വിക്ടറിന്റെ കാര്യങ്ങൾ നോക്കാൻ സഹായത്തിനായി ഡേവിഡും കുടുംബവും യഹോവയുടെ സാക്ഷികളുടെ സഭയ്ക്കുള്ളിലെ തങ്ങളുടെ ആത്മീയ കുടുംബത്തിന്റെ സഹായം തേടി: “അവർ ഞങ്ങളുടെ ആവശ്യത്തോടു പ്രതികരിച്ചു. രാത്രി മുഴുവൻ വിക്ടറിന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ ചിലപ്പോൾ അവർ മാറി മാറി ഞങ്ങളുടെ വീട്ടിൽ വന്ന് കിടക്കുന്നു.”
പരിചരണമേകുന്നവർക്കെല്ലാം തങ്ങളുടെ ആത്മീയ കുടുംബത്തിന്റെ ഊഷ്മള സ്നേഹവും പിന്തുണയും അനുഭവിച്ചറിയാൻ സാധിക്കണം. എന്നാൽ ചിലർ സഹായം ആവശ്യപ്പെടാൻ മടിച്ചേക്കാം. ഹറൂക്കോ വിവരിക്കുന്നു: “‘എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ഞങ്ങളോടു പറയാൻ മടിക്കരുത്’ എന്ന് പലരും എന്നോടു പറയാറുണ്ട്. എന്നാൽ എല്ലാവർക്കും എത്രമാത്രം തിരക്കുണ്ടെന്ന് അറിയാവുന്നതിനാൽ സഹായം ചോദിക്കാൻ എനിക്കു മടിയാണ്. ‘വീടു വൃത്തിയാക്കുന്നതിൽ എനിക്ക് താങ്കളെ സഹായിക്കാൻ കഴിയും. ഏതു ദിവസമായിരിക്കും താങ്കൾക്ക് സൗകര്യപ്പെടുക?’ ‘ഞാൻ താങ്കൾക്കുവേണ്ടി കടയിൽ പോകാം, ഞാൻ വീട്ടിലേക്ക് ഇപ്പോൾത്തന്നെ വരട്ടെ?’ എന്നിങ്ങനെ ആളുകൾ കൃത്യമായ സഹായം വാഗ്ദാനം ചെയ്താൽ ഞാൻ വളരെ കൃതജ്ഞതയുള്ളവനായിരിക്കും.”
കെഞ്ചിയുടെ ഭാര്യയ്ക്ക് മസ്തിഷ്കാഘാതമുണ്ടായി; എങ്കിലും ഭാര്യയ്ക്കാവശ്യമായ പരിചരണം നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞു. പ്രാർഥനയിലൂടെ തന്റെ ഭാരമെല്ലാം യഹോവയെ ഏൽപ്പിക്കാമെന്ന് അദ്ദേഹം മനസ്സിലാക്കി. ക്രമേണ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് സംസാരശേഷി നഷ്ടപ്പെട്ടു. അതോടെ കെഞ്ചിക്ക് സംസാരിക്കാനുള്ള പങ്കാളിയെ നഷ്ടമായി. എന്നാൽ അദ്ദേഹം ദിവസവും ബൈബിൾ വായിക്കും. അദ്ദേഹം പറയുന്നു: “മനസ്സു തകർന്നവരോടുള്ള യഹോവയുടെ ആർദ്രമായ കരുതലിനെക്കുറിച്ച് അതെന്നെ അനുസ്മരിപ്പിക്കുന്നു. വിഷാദത്തിനടിപ്പെടുന്നതിൽനിന്നും തനിച്ചാണെന്ന തോന്നലുണ്ടാകുന്നതിൽനിന്നും അതെന്നെ തടയുന്നു.”
വികാരാധീനരായേക്കാവുന്ന സാഹചര്യങ്ങളിൽ യഹോവയുടെ ആത്മാവിൽ ആശ്രയിക്കുന്നതു സഹായകമാണ്. മസ്തിഷ്കാഘാതത്തിനുശേഷം യോഷിക്കോയുടെ ഭർത്താവിന്റെ വ്യക്തിത്വത്തിനു പാടേ മാറ്റംവന്നു. ഇടയ്ക്കിടെ അദ്ദേഹം കോപംപൂണ്ട് പൊട്ടിത്തെറിക്കും. ഇതെല്ലാം കൈകാര്യം ചെയ്യുന്ന യോഷിക്കോ വിവരിക്കുന്നു: “ചിലപ്പോൾ എനിക്ക് അലറിക്കരയാൻ തോന്നും. അത്തരം സമയങ്ങളിൽ ഞാൻ എപ്പോഴും യഹോവയോടു പ്രാർഥിക്കും. അവന്റെ ആത്മാവ് എനിക്കു ശാന്തിയേകുന്നു.” യഹോവ തന്നോടു കാട്ടുന്ന വിശ്വസ്തതയെ വിലമതിക്കുന്നതുകൊണ്ട് തന്റെ ക്രിസ്തീയ ജീവിതത്തിനു വിലങ്ങുതടിയാകാൻ അവർ യാതൊന്നിനെയും അനുവദിക്കുന്നില്ല. അവർ ക്രമമായി യോഗങ്ങൾക്കു ഹാജരാകുകയും ശുശ്രൂഷയിൽ പങ്കെടുക്കുകയും വ്യക്തിപരമായി ബൈബിൾ പഠിക്കുകയും ചെയ്യുന്നു. “എന്റെ ഭാഗം ഞാൻ നന്നായി ചെയ്താൽ യഹോവ ഒരിക്കലും എന്നെ കൈവിടില്ലെന്ന് എനിക്കറിയാം,” യോഷിക്കോ പറയുന്നു.
ഉത്കണ്ഠകൾ തലപൊക്കുമ്പോഴെല്ലാം ശ്രദ്ധിക്കാൻ യഹോവയുണ്ട്. മിഡോരിയുടെ ഭർത്താവിനും മസ്തിഷ്കാഘാതമുണ്ടായിട്ടുണ്ട്. താൻ പൊഴിച്ച കണ്ണീരെല്ലാം ആലങ്കാരികമായ വിധത്തിൽ യഹോവ തന്റെ “തുരുത്തിയിൽ” ആക്കിവെച്ചിട്ടുണ്ടെന്ന വസ്തുതയിൽ അവർ ആശ്വാസം കണ്ടെത്തുന്നു. (സങ്കീർത്തനം 56:8) അവർ യേശുവിന്റെ ഈ വാക്കുകൾ അനുസ്മരിക്കുന്നു: “നാളെക്കായി വിചാരപ്പെടരുതു.” അവർ പറയുന്നു: “പുതിയ ലോകം വരുന്നതുവരെ ക്ഷമയോടെ കാത്തിരിക്കാൻ ഞാൻ തീരുമാനിച്ചുകഴിഞ്ഞു.”—മത്തായി 6:31-34.
കടുത്ത പരിമിതികളെ നേരിടൽ
പുനരധിവാസ പ്രവർത്തനങ്ങളുടെ ഫലമായി ചിലർ ഗണ്യമായ വിധത്തിൽ സുഖം പ്രാപിക്കുന്നുണ്ടെങ്കിലും മറ്റു ചിലർക്ക് മസ്തിഷ്കാഘാതത്തിനു മുമ്പുണ്ടായിരുന്ന പ്രാപ്തികളിൽ വളരെക്കുറച്ചേ വീണ്ടെടുക്കാൻ കഴിയുന്നുള്ളൂ. ഗുരുതരവും നീണ്ടുനിന്നേക്കാവുന്നതുമായ പ്രത്യാഘാതങ്ങളെ അംഗീകരിക്കുകയെന്ന വെല്ലുവിളിയെ നേരിടാൻ അത്തരക്കാരെ എന്തു സഹായിക്കും?
മസ്തിഷ്കാഘാതം മൂലം ചലനശേഷി ഏതാണ്ട് മുഴുവനുംതന്നെ നഷ്ടപ്പെട്ട ബേർണി പറയുന്നു: “വരാനിരിക്കുന്ന പറുദീസാഭൂമിയിലെ നിത്യജീവന്റെ പ്രത്യാശ നൽകുന്ന ആനന്ദവും എന്റെ സ്വർഗീയ പിതാവായ യഹോവയാം ദൈവത്തോടുള്ള പ്രാർഥനയും പരിമിതികളെ ശാന്തമായി നേരിടാൻ എന്നെ സഹായിച്ചു.”
തന്റെ പരിമിതികളെ മനസ്സിലാക്കിക്കൊണ്ടുതന്നെ ജീവിതം ആസ്വദിക്കാൻ ആ പ്രതീക്ഷ എറിക്കയെയും ഭർത്താവ് ഗെയൊർഗിനെയും സഹായിച്ചു. ഗെയൊർഗ് വിവരിക്കുന്നു: “ഒരിക്കൽ പൂർണമായി സുഖപ്പെടുത്തുമെന്ന യഹോവയുടെ വാഗ്ദാനം ഞങ്ങൾക്കുണ്ട്. അതുകൊണ്ട് ഞങ്ങൾ വൈകല്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. തീർച്ചയായും, എറിക്കയുടെ ആരോഗ്യത്തിനാവശ്യമായ എല്ലാം ഞങ്ങൾ ഇപ്പോഴും ചെയ്യുന്നുണ്ട്. പക്ഷേ പേശികളുടെ ഏകോപനത്തിലുള്ള വൈകല്യവും പേറി ജീവിക്കാനും കൂടുതൽ ക്രിയാത്മകമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നിങ്ങൾക്കു പഠിക്കാനാകും.”—യെശയ്യാവു 33:24; 35:5, 6; വെളിപ്പാടു 21:4.
കാര്യമായ സുഖം പ്രാപിക്കലൊന്നും നടക്കാത്ത സാഹചര്യങ്ങളിൽ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ കൂടുതൽ നിർണായകമാണ്. എല്ലാ രോഗങ്ങളും സുഖപ്പെടുത്താനുള്ള ദൈവത്തിന്റെ സമയം ആഗതമാകുന്നതുവരെ അവയെ കൈകാര്യം ചെയ്യാൻ അത് രോഗിയെ സഹായിക്കും.
മസ്തിഷ്കാഘാതത്തിനിരയായവർക്കും അവരുടെ കുടുംബങ്ങൾക്കും ഒരു ശോഭനമായ ഭാവിയുണ്ടെന്നും അപ്പോൾ ആരോഗ്യം പുനഃസ്ഥിതീകരിക്കപ്പെടുമെന്നുമുള്ള അറിവ് നാളെയെക്കുറിച്ചു വിചാരപ്പെടാതിരിക്കാൻ അവരെ പ്രാപ്തരാക്കുന്നു. അപ്രകാരം, വേഗത്തിൽ വരാനിരിക്കുന്ന ദൈവത്തിന്റെ പുതിയ രാജ്യത്തിൽ എല്ലാ കഷ്ടപ്പാടുകളിൽനിന്നുമുള്ള വിടുതലിനായി അവർക്ക് ക്ഷമയോടെ നോക്കിപ്പാർത്തിരിക്കാനാകും. (യിരെമ്യാവു 29:11; 2 പത്രൊസ് 3:13) യഹോവയിങ്കലേക്കു തിരിയുന്ന ഏവർക്കും, മസ്തിഷ്കാഘാതത്തിന്റെ വിനാശകമായ പരിണതഫലങ്ങളെ കൈകാര്യം ചെയ്യാൻ ഇപ്പോൾപ്പോലും അവൻ അവരെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ഉറപ്പുണ്ടായിരിക്കാൻ കഴിയും.—സങ്കീർത്തനം 33:22; 55:22.
[12-ാം പേജിലെ ആകർഷകവാക്യം]
എല്ലാവിധ ആരോഗ്യപ്രശ്നങ്ങളും പരിഹരിക്കാനുള്ള ദൈവത്തിന്റെ സമയമാകുന്നതുവരെ മസ്തിഷ്കാഘാതമുണ്ടായ വ്യക്തിയെ അതിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹായിക്കാനാകും
[10-ാം പേജിലെ ചതുരം/ചിത്രം]
മസ്തിഷ്കാഘാതത്തെ തടയൽ
“മസ്തിഷ്കാഘാതത്തെ കൈകാര്യം ചെയ്യാനുള്ള ഏറ്റവും നല്ല മാർഗം അത് തടയാൻ ശ്രമിക്കുന്നതാണ്,” ഡോ. ഡേവിഡ് ലെവിൻ പറയുന്നു. മിക്ക മസ്തിഷ്കാഘാതങ്ങൾക്കും കാരണമായ പ്രധാന ഘടകം രക്തസമ്മർദമാണ്.
പല ആളുകളുടെയും കാര്യത്തിൽ, ധാരാളം പൊട്ടാസ്യം അടങ്ങിയതും എന്നാൽ ഉപ്പും പൂരിത കൊഴുപ്പും കൊളസ്ട്രോളും തീരെ കുറഞ്ഞതുമായ ആഹാരക്രമംകൊണ്ട് ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാവുന്നതാണ്. മദ്യപാനം കുറയ്ക്കുന്നതും പ്രധാനമായിരിക്കാം. പ്രായവും ആരോഗ്യവും കണക്കിലെടുത്തുകൊണ്ട് ക്രമമായി വ്യായാമം ചെയ്യുന്നത് അമിത തൂക്കം കുറയ്ക്കാൻ സഹായിക്കും. അത് രക്തസമ്മർദത്തെ കുറച്ചേക്കാം. ഒട്ടേറെ ഔഷധങ്ങൾ ലഭ്യമായതിനാൽ ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ മരുന്നു കഴിക്കേണ്ടതുണ്ട്.
കരോട്ടിഡ് ധമനീരോഗം മസ്തിഷ്കത്തിലേക്ക് രക്തം എത്തിക്കുന്ന പ്രധാന ധമനികളുടെ ഉൾവ്യാസം കുറയ്ക്കുന്നു. ഇത് മസ്തിഷ്കാഘാതത്തിനിടയാക്കുന്ന ഒരു പ്രധാന കാരണമാണ്. എത്രമാത്രം തടസ്സം ഉണ്ടെന്നതനുസരിച്ച് കരോട്ടിഡ് എൻഡർട്ടെറെക്ടാമി എന്നറിയപ്പെടുന്ന ശസ്ത്രക്രിയവഴി അടഞ്ഞ ധമനികൾ തുറക്കുന്നത് നന്നായിരിക്കും. രോഗലക്ഷണങ്ങളുണ്ടായിരുന്നവരും ധമനികൾ ഗുരുതരമായ വിധത്തിൽ അടഞ്ഞിരുന്നവരും ശസ്ത്രക്രിയയുടെയും വൈദ്യചികിത്സയുടെയും സഹായത്തിൽനിന്നു പ്രയോജനമനുഭവിച്ചിട്ടുള്ളതായി പഠനങ്ങൾ കാണിക്കുന്നു. എങ്കിലും ശസ്ത്രക്രിയയോടനുബന്ധിച്ച് പ്രശ്നങ്ങളുണ്ടായേക്കാമെന്നതുകൊണ്ട് അതിനെക്കുറിച്ച് ശ്രദ്ധാപൂർവം പരിചിന്തിക്കേണ്ടതുണ്ട്.
ഹൃദ്രോഗങ്ങൾ മസ്തിഷ്കാഘാതത്തിനുള്ള സാധ്യത വർധിപ്പിച്ചേക്കാം. രക്തക്കട്ടകൾ രൂപംകൊള്ളാനും അങ്ങനെ അവ മസ്തിഷ്കത്തിലേക്കു നീങ്ങാനും ഇടയാക്കുന്ന ആട്രിയൽ ഫൈബ്രില്ലേഷൻ (താളംതെറ്റിയ ഹൃദയസ്പന്ദനം), പ്രതികൊയാഗുലൻറുകൾ ഉപയോഗിച്ച് ചികിത്സിച്ചു ഭേദമാക്കാനാകും. മസ്തിഷ്കാഘാതമുണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ ഹൃദയസംബന്ധമായ മറ്റു പ്രശ്നങ്ങൾക്കും, ശസ്ത്രക്രിയയും മരുന്നും ആവശ്യമായേക്കാം. മസ്തിഷ്കാഘാതങ്ങളിൽ ഒരു വലിയ പങ്കിനു കാരണം പ്രമേഹമാണ്. അതുകൊണ്ട് അത് നിയന്ത്രിക്കുന്നതു മസ്തിഷ്കാഘാതത്തെ തടയാൻ സഹായിക്കും.
ക്ഷണിക ഇസ്ക്കീമിയ സ്തംഭനം അഥവാ ടിഐഎഎസ്, മസ്തിഷ്കാഘാതമുണ്ടാകുമെന്നുള്ളതിന്റെ വ്യക്തമായ സൂചനയാണ്. അത് യാതൊരു കാരണവശാലും അവഗണിക്കരുത്. നിങ്ങളുടെ ഡോക്ടറെ കാണുക. അടിസ്ഥാന കാരണത്തെ കൈകാര്യം ചെയ്യുക. കാരണം ടിഐഎഎസ് മസ്തിഷ്കാഘാതമുണ്ടാകാനുള്ള സാധ്യതയെ പതിന്മടങ്ങായി വർധിപ്പിക്കുന്നു.
ആരോഗ്യാവഹമായ, ലളിതമായ ജീവിതരീതി മസ്തിഷ്കാഘാതം തടയാൻ വളരെ സഹായകമാണ്. സമീകൃതാഹാരക്രമം, ക്രമമായ വ്യായാമം, മദ്യം ഉപയോഗിക്കുന്നതിലെ മിതത്വം, പുകവലി വർജനം എന്നിവ ധമനികളെ ബലവത്തായി നിലനിർത്താൻ സഹായിക്കും. ക്ഷതമേറ്റ ധമനികളുടെ കാര്യത്തിൽപ്പോലും അവ ആരോഗ്യാവഹമായ മാറ്റങ്ങൾ കൈവരുത്തിയേക്കാം. പഴകാത്ത പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ധാരാളം കഴിക്കുന്നത് മസ്തിഷ്കാഘാതത്തിനുള്ള സാധ്യത കുറയ്ക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നതായി വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.