സകലരും മനുഷ്യാവകാശങ്ങൾ ആസ്വദിക്കുന്ന കാലം—ഒരു ലോകവ്യാപക യാഥാർഥ്യം!
“മനുഷ്യാവകാശ ലംഘനങ്ങളുടെ മൂല കാരണം എന്താണ്?” അനുഭവജ്ഞാനമുള്ള ഒരു മനുഷ്യാവകാശ അഭിഭാഷകയോട് ഉന്നയിച്ച ചോദ്യമാണ് അത്. “അത്യാഗ്രഹം” എന്ന് അവർ അതിന് ഉത്തരം നൽകി. “രാഷ്ട്രീയ-സാമ്പത്തിക അധികാരത്തിനു വേണ്ടിയുള്ള അത്യാഗ്രഹം.” അത്യാഗ്രഹം ഉത്ഭവിക്കുന്നത് മനുഷ്യ മനസ്സിൽനിന്ന് ആയതുകൊണ്ട്, മനുഷ്യാവകാശ ലംഘനങ്ങൾ അടിസ്ഥാനപരമായി പ്രതിഫലിപ്പിക്കുന്നത് മനസ്സിന്റെ അവസ്ഥയെ ആണ്. മറ്റൊരു കാരണം ദേശീയത ആണ്. ‘എന്റെ രാജ്യം ഒന്നാമത്’ എന്ന മനോഭാവം മനുഷ്യാവകാശ ലംഘനങ്ങൾക്കു വഴിമരുന്നിടുന്നു. തന്മൂലം, ‘പ്രാബല്യത്തിൽ വരുത്താൻ കഴിയുന്ന നടപടികൾ സ്വീകരിക്കാൻ പ്രാപ്തമായ സ്ഥാനത്തായിരിക്കുന്ന ഒരു ലോക ഗവൺമെന്റ് ഉണ്ടായാൽ’ മാത്രമേ മനുഷ്യാവകാശങ്ങൾ സാക്ഷാത്കരിക്കപ്പെടുകയുള്ളൂ എന്ന് നിയമ-സാമ്പത്തിക പ്രൊഫസറും ഡച്ചുകാരനുമായ യാൻ ബെർക്കൗർ പറയുന്നു.
മറ്റു വാക്കുകളിൽ പറഞ്ഞാൽ, മനുഷ്യാവകാശ ലംഘനങ്ങൾ ഇല്ലാത്ത കാലം ഒരു ആഗോള യാഥാർഥ്യം ആയിത്തീരുന്നതിന് ചുരുങ്ങിയപക്ഷം രണ്ടു സംഗതികളെങ്കിലും നടക്കേണ്ടതുണ്ട്: മനസ്സിന്റെ മാറ്റവും ഭരണത്തിന്റെ മാറ്റവും. ഇവ രണ്ടും സംഭവിക്കുമെന്നു പ്രതീക്ഷിക്കുന്നത് വാസ്തവികമാണോ?
മാറ്റത്തിനുള്ള ഒരു ഇരട്ട കാരണം
ഐക്യരാഷ്ട്രങ്ങളുടെ മനുഷ്യാവകാശ വിദ്യാഭ്യാസ ദശകം അതിന്റെ അഞ്ചാം വർഷത്തിലേക്കു കടക്കവേ, ഗവൺമെന്റ് പങ്കാളിത്തമില്ലാത്ത ഒരു അന്താരാഷ്ട്ര വിദ്യാഭ്യാസ പരിപാടി ദശലക്ഷക്കണക്കിന് ആളുകളുടെ മനസ്സിനു മാറ്റം വരുത്തുന്നതിൽ പല ദശകങ്ങളായി വിജയം വരിച്ചുകൊണ്ടിരിക്കുകയാണ്. തത്ഫലമായി, അവർ ഇപ്പോൾ തങ്ങളുടെ സഹമനുഷ്യരോട് മാന്യമായി ഇടപെടുന്നു. യഹോവയുടെ സാക്ഷികൾ നടത്തുന്ന ഈ പരിപാടി 230-ലധികം രാജ്യങ്ങളിൽ പ്രവർത്തനത്തിലിരിക്കുന്നു. അതു വിജയിക്കുന്നത് എന്തുകൊണ്ടാണ്?
ഒരു സംഗതി, ഈ ആഗോള ബൈബിൾ വിദ്യാഭ്യാസ പരിപാടി മനുഷ്യാവകാശങ്ങളുടെ ഉറവിനെക്കുറിച്ചുള്ള ആളുകളുടെ ഗ്രാഹ്യം വിപുലമാക്കുന്നു എന്നതാണ്. ന്യായബോധവും ധാർമികതയും ഉള്ളവൻ ആയതുകൊണ്ടാണ് മനുഷ്യന് അവകാശങ്ങൾ ഉള്ളതെന്നു സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം പ്രസ്താവിക്കുന്നു.
മനുഷ്യന് ന്യായബോധം, മനസ്സാക്ഷി എന്നീ പ്രാപ്തികൾ ഉയർന്ന ഒരു ഉറവിൽനിന്ന് ആയിരിക്കണം ലഭിച്ചിട്ടുള്ളത്. (13-ാം പേജിലെ “മനുഷ്യാവകാശങ്ങളുടെ ഉറവ്” എന്ന ചതുരം കാണുക.) ഈ ഉയർന്ന, ദിവ്യ ഉറവ് തിരിച്ചറിയുന്നത്, സഹമനുഷ്യനെ ആദരിക്കുന്നതിനുള്ള ശക്തമായ കാരണം പ്രദാനം ചെയ്യുന്നു. അപ്പോൾ, നിങ്ങൾ മറ്റുള്ളവരോടു മാന്യമായി ഇടപെടുന്നത് അപ്രകാരം ചെയ്യാൻ മനസ്സാക്ഷി പ്രേരിപ്പിക്കുന്നതു കൊണ്ടു മാത്രമല്ല, അതിലും പ്രധാനമായി സ്രഷ്ടാവിനോടുള്ള നിങ്ങളുടെ ആദരവും സ്നേഹവും അവന്റെ സൃഷ്ടിയോടു മാന്യമായി ഇടപെടാൻ നിങ്ങളെ പ്രേരിപ്പിക്കുന്നതുകൊണ്ടു കൂടിയാണ്. ഈ ഇരട്ട സമീപനം യേശുക്രിസ്തുവിന്റെ വാക്കുകളിൽ അധിഷ്ഠിതമാണ്: “നിന്റെ ദൈവമായ [യഹോവയെ] നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിക്കേണം.” കൂടാതെ, “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം.” (മത്തായി 22:37-39) സ്രഷ്ടാവിനെ ആഴമായി ആദരിക്കുന്ന ഒരു വ്യക്തി സഹമനുഷ്യന്റെ അവകാശങ്ങളെ ഒരിക്കലും ധ്വംസിക്കുകയില്ല. കാരണം, അവ ആ വ്യക്തിക്കു ദൈവത്തിൽനിന്നു ലഭിച്ചിരിക്കുന്ന സ്വത്താണ്. മനുഷ്യാവകാശങ്ങൾ ധ്വംസിക്കുന്ന ഒരുവൻ ആ സ്വത്ത് കവർന്നുകളയുന്നു.
വിജയപ്രദമായ വിദ്യാഭ്യാസം
മനുഷ്യാവകാശ ലംഘനങ്ങൾ കുറയ്ക്കുന്നതിൽ യഹോവയുടെ സാക്ഷികളുടെ ഈ ബൈബിൾ വിദ്യാഭ്യാസ പരിപാടി എത്രത്തോളം വിജയപ്രദമാണ്? അതു മനസ്സിലാക്കാനുള്ള ഏറ്റവും നല്ല മാർഗം ആ പരിപാടിയുടെ ഫലങ്ങൾ നോക്കുകയാണ്. കാരണം, “ജ്ഞാനമോ തന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു” എന്ന് യേശു പറഞ്ഞു.—മത്തായി 11:19.
ന്യൂയോർക്ക് നഗരത്തിലെ ഐക്യരാഷ്ട്ര മന്ദിരത്തിന്റെ ചുവരിലുള്ള വിഖ്യാതമായ ഒരു ആലേഖനം ഇങ്ങനെയാണ്: “അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ കോതുകത്രികകളായും അടിച്ചുതീർക്കും; രാഷ്ട്രം രാഷ്ട്രത്തിനു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.” യെശയ്യാവ് എന്ന ബൈബിൾ പുസ്തകത്തിന്റെ 2-ാം അധ്യായത്തിന്റെ 4-ാം (ജയിംസ് രാജാവിന്റെ ഭാഷാന്തരം) വാക്യത്തിൽനിന്ന് ഉദ്ധരിക്കുന്നതിലൂടെ ഐക്യരാഷ്ട്രങ്ങൾ വൻ മനുഷ്യാവകാശ ലംഘനങ്ങൾ കുറയ്ക്കുന്നതിനുള്ള ഒരു പ്രമുഖ മാർഗം ചൂണ്ടിക്കാട്ടുകയാണ്—യുദ്ധം അവസാനിപ്പിക്കുക. വാസ്തവത്തിൽ, ഐക്യരാഷ്ട്രങ്ങളുടെ ഒരു പ്രസിദ്ധീകരണം ചൂണ്ടിക്കാട്ടുന്നതുപോലെ, ‘മനുഷ്യാവകാശങ്ങൾക്കു കടകവിരുദ്ധം’ ആണ് യുദ്ധം.
യെശയ്യാവിന്റെ വാക്കുകൾ കല്ലിൽ എഴുതുക എന്ന ആശയത്തെക്കാൾ ഒരു പടി കൂടി കടന്നതാണ് യഹോവയുടെ സാക്ഷികളുടെ വിദ്യാഭ്യാസ പരിപാടി. ആ പരിപാടിയിലൂടെ അവർ യെശയ്യാവിന്റെ വാക്കുകൾ മനുഷ്യഹൃദയങ്ങളിൽ “എഴുതുന്നു.” (എബ്രായർ 8:10 താരതമ്യം ചെയ്യുക.) എങ്ങനെ? വർഗം സംബന്ധിച്ച ബൈബിളിന്റെ വീക്ഷണം—ഒരേ ഒരു വർഗമേ ഉള്ളൂ, അതു മനുഷ്യവർഗമാണ് എന്ന വീക്ഷണം—പഠിപ്പിച്ചുകൊണ്ട് ആ പരിപാടി വർഗീയവും വംശീയവുമായ പ്രതിബന്ധങ്ങളെ ഇല്ലാതാക്കുകയും ദേശീയതയുടെ മതിലുകൾ ഭേദിക്കുകയും ചെയ്യുന്നു. (പ്രവൃത്തികൾ 17:26) ആ വിദ്യാഭ്യാസ പരിപാടിയിൽ ചേരുന്നവർ ‘ദൈവത്തിന്റെ അനുകാരികൾ’ ആയിത്തീരുന്നതിനുള്ള ആഗ്രഹം വളർത്തിയെടുക്കുന്നു. ആ ദൈവത്തെക്കുറിച്ചു ബൈബിൾ ഇങ്ങനെ പറയുന്നു: “[അവനു] മുഖപക്ഷമില്ല . . . ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു.”—എഫെസ്യർ 5:1; പ്രവൃത്തികൾ 10:34, 35.
ഈ ബൈബിളധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഫലമായി ഇന്നു ദശലക്ഷക്കണക്കിന് ആളുകൾ ‘മേലാൽ യുദ്ധം അഭ്യസിക്കുന്നില്ല.’ അവരുടെ മനസ്സിനും ഹൃദയത്തിനും മാറ്റം സംഭവിക്കുകതന്നെ ചെയ്തിരിക്കുന്നു. ആ മാറ്റം സ്ഥായിയാണ്. (14-ാം പേജിലെ “സമാധാനത്തിനായുള്ള വിദ്യാഭ്യാസം” എന്ന ചതുരം കാണുക.) ദിവസവും ശരാശരി 1,000-ത്തിലധികം പേരാണ് ഇപ്പോൾ യഹോവയുടെ സാക്ഷികൾ നടത്തുന്ന അടിസ്ഥാന പഠന പദ്ധതി പൂർത്തിയാക്കി ലോകവ്യാപക സമാധാന സേനയുടെ ഭാഗമായിത്തീരുന്നത്.
മനസ്സിന് ഉണ്ടാകുന്ന ഈ മാറ്റവും യുദ്ധത്തിൽ പങ്കെടുക്കാതിരുന്നുകൊണ്ട് മനുഷ്യാവകാശങ്ങളെ ആദരിക്കാനുള്ള തീരുമാനവും എത്ര ആഴത്തിലുള്ളതാണ്? തീർച്ചയായും വളരെ ആഴത്തിൽ വേരൂന്നിയതാണ് അത്. ഒരു ഉദാഹരണം പരിചിന്തിക്കുക: രണ്ടാം ലോക മഹായുദ്ധകാലത്ത് മനുഷ്യാവകാശങ്ങളോടുള്ള സാക്ഷികളുടെ ആദരവിന്റെ ആഴം അങ്ങേയറ്റം പരീക്ഷിക്കപ്പെട്ടു, പ്രത്യേകിച്ചും നാസി ജർമനിയിൽ. ചരിത്രകാരനായ ബ്രയൻ ഡൺ ഇങ്ങനെ പ്രസ്താവിച്ചു: “യഹോവയുടെ സാക്ഷികൾ നാസിസത്തോടു യോജിച്ചില്ല. അവരോടു നാസികൾക്ക് ഏറ്റവും എതിർപ്പു തോന്നാൻ കാരണം അവരുടെ രാഷ്ട്രീയ നിഷ്പക്ഷത ആയിരുന്നു. അതിന്റെ അർഥം, അവരിൽ ഒരു വിശ്വാസിയും ആയുധം ഏന്തുകയില്ല എന്നായിരുന്നു.” (കൂട്ടക്കൊലയോടുള്ള സഭകളുടെ പ്രതികരണം, [ഇംഗ്ലീഷ്]) “സൈനിക സേവനത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതു മൂലം പലരും മരണത്തിനു വിധിക്കപ്പെട്ടു . . . , അല്ലെങ്കിൽ അവരെ ഡാക്സൗവിൽ അഥവാ ഭ്രാന്താലയങ്ങളിൽ ആക്കി” എന്ന് ക്രിസ്ത്യാനിത്വ ചരിത്രം (ഇംഗ്ലീഷ്) എന്ന ഗ്രന്ഥത്തിൽ പോൾ ജോൺസൻ പറയുകയുണ്ടായി. അപ്പോഴും അവർ ഉറച്ചുനിന്നു. “ഭീഷണിപ്പെടുത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ മാറിടത്തിൽ സ്ഥിതി ചെയ്യുന്ന, ചെറുത്തുനിൽപ്പു ശേഷി ക്ഷയിക്കാത്ത ഒരു ചെറു ദ്വീപ്” എന്നാണ് സാമൂഹിക ശാസ്ത്രജ്ഞയായ അന്ന പവെൽഷിൻസ്ക ആ സാക്ഷികളെ വിശേഷിപ്പിച്ചത്.
സകല മനുഷ്യരും ഇന്ന് ഈ നിലപാടു സ്വീകരിക്കുകയും ‘മേലാൽ യുദ്ധം അഭ്യസിക്കാതിരിക്കുകയും’ ചെയ്താൽ ലോകമെമ്പാടും മനുഷ്യാവകാശ ലംഘനങ്ങളിൽ പെട്ടെന്ന് എത്ര ശ്രദ്ധേയമായ കുറവ് ഉണ്ടാകുമെന്ന് ഒന്നു വിഭാവന ചെയ്യുക!
ലോക ഗവൺമെന്റ്—‘ഒരു സ്വപ്നമോ’?
‘മനസ്സിനു മാറ്റം വരുത്തുക എന്നത് ഒരു വെല്ലുവിളിയാണ്. പക്ഷേ, ഒരു ലോക ഗവൺമെന്റ് ഉണ്ടാക്കുക എന്നത് ഒരു സ്വപ്നമാണ്’ എന്ന് ഒരു ഐക്യരാഷ്ട്ര പ്രവർത്തക അഭിപ്രായപ്പെട്ടു. തീർച്ചയായും, തങ്ങളുടെ പരമാധികാരം ഐക്യരാഷ്ട്രങ്ങൾക്കോ മറ്റേതെങ്കിലും സംഘടനകൾക്കോ കൊടുക്കാനുള്ള രാഷ്ട്രങ്ങളുടെ മനസ്സില്ലായ്മ ആ നിഗമനത്തിന് അടിവരയിടുന്നു. എന്നിരുന്നാലും, ഒരു ലോക ഗവൺമെന്റ് എന്ന ആശയം തള്ളിക്കളയുന്നവർക്ക് “ലോക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു മറ്റു മാർഗങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനുള്ള ധാർമിക കടമ ഉണ്ട്. എന്നാൽ, ബദൽ പരിഹാര മാർഗങ്ങൾ ഒന്നുമില്ല” എന്ന് പ്രൊഫസർ ബെർക്കൗർ അഭിപ്രായപ്പെടുന്നു. അതായത്, മനുഷ്യരുടെ പക്കൽ പരിഹാരം ഇല്ല, എന്നാൽ മനുഷ്യാതീതമായ ഒരു പരിഹാരമാർഗമുണ്ട്. എന്താണ് അത്?
മനുഷ്യാവകാശങ്ങൾക്ക് അടിസ്ഥാനമായ ഗുണങ്ങളുടെ ഉറവ് സ്രഷ്ടാവ് ആണെന്നു ബൈബിൾ വ്യക്തമാക്കുന്നതുപോലെ, ആ അവകാശങ്ങൾ ഉറപ്പു വരുത്തുന്ന ഒരു ലോക ഗവൺമെന്റിന്റെ ഉറവും അവൻതന്നെ ആണെന്ന് അതു നമ്മെ അറിയിക്കുന്നു. ആ സ്വർഗീയ ഗവൺമെന്റ് കാണാൻ കഴിയില്ലെങ്കിലും യഥാർഥമാണ്. വാസ്തവത്തിൽ, കർത്താവിന്റെ പ്രാർഥന എന്നു പൊതുവേ വിളിക്കപ്പെടുന്ന “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്ന പ്രാർഥന ഉരുവിടുമ്പോൾ ദശലക്ഷക്കണക്കിന് ആളുകൾ, ഒരുപക്ഷേ അറിയാതെതന്നെ, ആ ലോക ഗവൺമെന്റിനു വേണ്ടിയാണു പ്രാർഥിക്കുന്നത്. (മത്തായി 6:10) ആ രാജ്യ ഗവൺമെന്റിന്റെ ദൈവനിയുക്ത ഭരണാധിപൻ സമാധാനപ്രഭുവായ യേശുക്രിസ്തു ആണ്.—യെശയ്യാവു 9:6.
എന്നേക്കും യുദ്ധം അവസാനിപ്പിക്കുന്നതു പോലുള്ള കാര്യങ്ങൾ ചെയ്തുകൊണ്ട്, ആ ലോക ഗവൺമെന്റ് തീർച്ചയായും നിലനിൽക്കുന്ന ഒരു ആഗോള മനുഷ്യാവകാശ സംസ്കാരം ഉളവാക്കിയെടുക്കുന്നതിൽ വിജയിക്കും. ബൈബിൾ ഇങ്ങനെ പ്രവചിക്കുന്നു: “അവൻ [സ്രഷ്ടാവ്] ഭൂമിയുടെ അററംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു; അവൻ വില്ലൊടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയുന്നു.”—സങ്കീർത്തനം 46:9.
ഒരു ആഗോള അടിസ്ഥാനത്തിൽ ഇത് എത്ര പെട്ടെന്നായിരിക്കും സംഭവിക്കുക? യഹോവയുടെ സാക്ഷികളുടെ ബൈബിൾ അധ്യയന പരിപാടി ഈ ചോദ്യത്തിനുള്ള തൃപ്തികരമായ ഉത്തരം നൽകുന്നു. ആ പരിപാടിയുമായി പരിചയത്തിലാകാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. മനുഷ്യാവകാശങ്ങളിൽ നിങ്ങൾക്കു താത്പര്യം ഉണ്ടെങ്കിൽ, നിങ്ങൾ നിരാശനാവുകയില്ല.
[അടിക്കുറിപ്പ്]
ഈ ബൈബിൾ വിദ്യാഭ്യാസ പരിപാടി സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, ഈ മാസികയുടെ പ്രസാധകരുമായോ നിങ്ങളുടെ പ്രദേശത്തെ യഹോവയുടെ സാക്ഷികളുമായോ ബന്ധപ്പെടുക. ഈ പരിപാടി നടത്തപ്പെടുന്നത് സൗജന്യമായാണ്.
[13-ാം പേജിലെ ചതുരം]
മനുഷ്യാവകാശങ്ങളുടെ ഉറവ്
“സ്വതന്ത്രരും അതുപോലെ മാന്യതയിലും അവകാശങ്ങളിലും തുല്യരുമായാണ് സകല മനുഷ്യരും ജനിക്കുന്നത്” എന്ന് സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 1-ാം വകുപ്പ് പറയുന്നു. അതിനാൽ, ഒരു നദി അതിന്റെ കരയിൽ വസിക്കുന്നവർക്കു വെള്ളം എത്തിക്കുന്നതു പോലെ, മാതാപിതാക്കളിൽനിന്നു കുട്ടികളിലേക്കു പ്രവഹിക്കുന്ന ജന്മാവകാശമാണ് മനുഷ്യാവകാശങ്ങൾ എന്നു വർണിക്കപ്പെട്ടിരിക്കുന്നു. മനുഷ്യാവകാശങ്ങളുടെ ആ നദി എവിടെനിന്നാണ് ഉത്ഭവിച്ചത്?
സാർവത്രിക പ്രഖ്യാപനം അനുസരിച്ചു മനുഷ്യർക്ക് അവകാശങ്ങൾ ഉള്ളത് അവർക്ക് “ന്യായബോധവും മനസ്സാക്ഷിയും ഉള്ള”തുകൊണ്ടാണ്. ഐക്യരാഷ്ട്രങ്ങളുടെ ഒരു പ്രസിദ്ധീകരണം ഇങ്ങനെ വിശദീകരിക്കുന്നു: “മനുഷ്യൻ ന്യായബോധവും ധാർമികതയും ഉള്ളവൻ ആയതിനാൽ, അവൻ ഭൂമിയിലെ മറ്റു ജീവികളിൽനിന്നു വ്യത്യസ്തനാണ്, തന്മൂലം അവയ്ക്ക് ഇല്ലാത്ത ചില അവകാശങ്ങൾക്കും സ്വാതന്ത്ര്യങ്ങൾക്കും അവൻ അർഹനുമാണ്.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) അതിനാൽ, മനുഷ്യാവകാശങ്ങൾ ഉണ്ടായിരിക്കുന്നതിന്റെ അടിസ്ഥാനം ന്യായബോധവും മനസ്സാക്ഷിയും ആണെന്നു പറയപ്പെടുന്നു. അതാണു വാസ്തവം എന്നതിനാൽ, മനുഷ്യന്റെ ന്യായബോധത്തിന്റെയും മനസ്സാക്ഷിയുടെയും ഉറവുതന്നെ ആയിരിക്കണം മനുഷ്യാവകാശങ്ങളുടെയും ഉറവ്.
മനുഷ്യാവകാശങ്ങൾ ബന്ധപ്പെട്ടിരിക്കുന്നത് ന്യായബോധത്തോടും മനസ്സാക്ഷിയോടും ആണ് എന്ന പ്രസ്താവന ജീവപരിണാമത്തിൽ വിശ്വസിക്കുന്ന മനുഷ്യാവകാശ പ്രവർത്തകർക്ക് ഒരു പ്രശ്നമാണ്. പരിണാമത്തെ അനുകൂലിക്കുന്ന ജീവാരോഹണം (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ സമ്മതിക്കുന്നു: “സൗന്ദര്യത്തോടും സത്യത്തോടുമുള്ള പ്രിയം, അനുകമ്പ, സ്വാതന്ത്ര്യം, സർവോപരി മനുഷ്യവീക്ഷണത്തിന്റെ വിശാലത എന്നിങ്ങനെയുള്ള ഗുണങ്ങൾ . . . ഒരു [പരിണാമ] പ്രക്രിയയ്ക്ക് എങ്ങനെ ഉളവാക്കാൻ കഴിയും എന്നു പരിശോധിക്കുമ്പോൾ ഞങ്ങൾ കുഴഞ്ഞുപോകുന്നു.” അതു ശരിയാണുതാനും. ന്യായബോധവും മനസ്സാക്ഷിയും ഇല്ലാത്ത, മനുഷ്യരെക്കാൾ താഴ്ന്ന പൂർവികരിൽനിന്നാണു മനുഷ്യന്റെ ന്യായബോധം, മനസ്സാക്ഷി എന്നീ ഗുണങ്ങൾ വന്നിരിക്കുന്നത് എന്ന് അവകാശവാദം ചെയ്യുന്നത്, വെള്ളമില്ലാത്ത കിണറ്റിൽനിന്ന് ഒരു നദി പുറപ്പെടുന്നു എന്നു പ്രസ്താവിക്കുന്നതിനു തുല്യമായിരിക്കും.
മനുഷ്യന്റെ ന്യായബോധം, മനസ്സാക്ഷി എന്നീ ഗുണങ്ങൾ മനുഷ്യരെക്കാൾ താഴ്ന്ന ഒരു ഉറവിൽനിന്നു വരുക സാധ്യമല്ലാത്തതിനാൽ, ആ ഗുണങ്ങൾ മനുഷ്യാതീത ഉറവിൽനിന്ന് വേണം വരാൻ. മനുഷ്യാവകാശങ്ങളോടു ബന്ധപ്പെട്ട ഗുണങ്ങൾ—ന്യായബോധവും മനസ്സാക്ഷിയും—മനുഷ്യർക്കു മാത്രമേ ഉള്ളൂ. കാരണം, മൃഗങ്ങളിൽനിന്നു വ്യത്യസ്തരായി, മനുഷ്യർ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ദൈവത്തിന്റെ “പ്രതിച്ഛായയിൽ” ആണെന്നു ബൈബിൾ വിശദമാക്കുന്നു. (ഉല്പത്തി 1:27, NW) അതുകൊണ്ട്, മനുഷ്യാവകാശങ്ങൾ—നീതീകരണവും പ്രയുക്തതകളും സംബന്ധിച്ച ഉപന്യാസങ്ങൾ (ഇംഗ്ലീഷ്) എന്ന പുസ്തകം അഭിപ്രായപ്പെടുന്നതു പോലെ, മനുഷ്യർക്കു ധാർമിക അവകാശങ്ങൾ ഉള്ളത് എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള യുക്തിസഹമായ ഉത്തരം “അവർക്കു സഹജമായ മൂല്യമോ മാന്യതയോ ഉണ്ട്, അല്ലെങ്കിൽ അവർ . . . ദൈവത്തിന്റെ മക്കൾ ആണ്” എന്നതാണ്.
[14-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
സമാധാനത്തിനായുള്ള വിദ്യാഭ്യാസം
കുറെ വർഷങ്ങൾക്കു മുമ്പ്, ബാൾക്കൻ രാജ്യങ്ങളെ യുദ്ധം പിച്ചിച്ചീന്തിയ സമയത്ത് ബോസ്നിയയുടെ ക്രൊയേഷ്യൻ പ്രദേശത്തുള്ള ഒരു ആശുപത്രിയിൽ ഒരു സായുധ കാവൽക്കാരനായി ബ്രാങ്കോ ജോലി ചെയ്യുകയായിരുന്നു. അവിടുത്തെ ഒരു ഡോക്ടർ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം രാത്രി താൻ പഠിച്ച കാര്യങ്ങളെക്കുറിച്ച് ആ ഡോക്ടർ ബ്രാങ്കോയോടു സംസാരിച്ചു. താൻ കേട്ട കാര്യങ്ങൾ ആയുധങ്ങൾ ഉപേക്ഷിക്കാൻ ബ്രാങ്കോയെ പ്രേരിപ്പിച്ചു. കുറെ കാലത്തിനു ശേഷം, മറ്റൊരു യൂറോപ്യൻ രാജ്യത്തേക്കു താമസം മാറ്റിയ ബ്രാങ്കോ യഹോവയുടെ സാക്ഷികളുടെ ഒരു യോഗത്തിൽ സംബന്ധിച്ചു. അവിടെവെച്ച് അദ്ദേഹം സ്ലൊബൊദാൻ എന്ന ആളെ കണ്ടുമുട്ടി.
സ്ലൊബൊദാനും ബോസ്നിയയിൽ നിന്നുള്ള ആളായിരുന്നു. ബ്രാങ്കോ പങ്കെടുത്ത അതേ യുദ്ധത്തിൽ അദ്ദേഹവും പങ്കെടുത്തിരുന്നു—എന്നാൽ എതിർ ചേരിയിൽ. സ്ലൊബൊദാൻ ക്രൊയേഷ്യക്കാർക്ക് എതിരെ സെർബിയക്കാർക്കു വേണ്ടി പോരാടിയിരുന്നു. രണ്ടു പേരും കണ്ടുമുട്ടിയ സമയം ആയപ്പോഴേക്കും, സ്ലൊബൊദാൻ ഒരു യഹോവയുടെ സാക്ഷി ആയിത്തീർന്നിരുന്നു. തന്റെ മുൻ ശത്രുവായ ബ്രാങ്കോയ്ക്കു ബൈബിൾ അധ്യയനം എടുക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. അധ്യയനം പുരോഗമിച്ചതോടെ, സ്രഷ്ടാവായ യഹോവയോടുള്ള ബ്രാങ്കോയുടെ സ്നേഹം വർധിച്ചു. താമസിയാതെ, ഒരു യഹോവയുടെ സാക്ഷി ആയിത്തീരാൻ അദ്ദേഹം തീരുമാനിച്ചു.#
സ്ലൊബൊദാൻ സാക്ഷി ആയിത്തീർന്നതും ഒരു മുൻ ശത്രുവിന്റെ സഹായത്താൽ ആയിരുന്നു. എങ്ങനെ? സ്ലൊബൊദാൻ ബോസ്നിയയിലെ യുദ്ധമേഖല വിട്ടുപോന്നപ്പോൾ ബോസ്നിയയിൽ നിന്നുതന്നെ ഉള്ള മൂയോ അദ്ദേഹത്തെ സന്ദർശിച്ചു. മൂയോ വളർന്നുവന്നത് സ്ലൊബൊദാന്റേതിൽനിന്നു വളരെ വ്യത്യസ്തമായ ഒരു മതത്തിലായിരുന്നു. എന്നാൽ മൂയോ ഒരു യഹോവയുടെ സാക്ഷി ആയിക്കഴിഞ്ഞിരുന്നു. ഒരിക്കൽ പരസ്പരം ശത്രുക്കൾ ആയിരുന്നെങ്കിലും, തന്നോടൊത്തു ബൈബിൾ പഠിക്കുന്നതിനു മൂയോയിൽനിന്നു ലഭിച്ച ക്ഷണം സ്വീകരിച്ച സ്ലൊബൊദാൻ ഒരു യഹോവയുടെ സാക്ഷി ആയിത്തീർന്നു.
തങ്ങളുടെ ആഴത്തിലുള്ള വർഗീയ വിദ്വേഷം മറികടന്ന് ശത്രുക്കളായിരിക്കാതെ സ്നേഹിതർ ആയി മാറാൻ അവരെ പ്രേരിപ്പിച്ചത് എന്താണ്? ബൈബിൾ അധ്യയനത്തിലൂടെ അവർ യഹോവയോടുള്ള സ്നേഹം വളർത്തിയെടുത്തു. അതിനുശേഷം, ‘പരസ്പരം സ്നേഹിക്കാൻ ദൈവത്താൽ പഠിപ്പിക്കപ്പെടുന്നതിന്’ അവർ മനസ്സൊരുക്കം കാട്ടി. (1 തെസ്സലൊനീക്യർ 4:9, പി.ഒ.സി. ബൈബിൾ) ഒരു കൂട്ടമെന്ന നിലയിൽ യഹോവയുടെ സാക്ഷികളെ കുറിച്ച് പ്രൊഫസർ വൊയിച്ചെച്ച് മൊജെലെസ്കി പറയുന്നതുപോലെ, “അവർക്കു സമാധാനപരമായ മനോഭാവം ഉണ്ടായിരിക്കുന്നത് മുഖ്യമായും, ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന തത്ത്വങ്ങൾ ഇപ്പോൾത്തന്നെ അവർ പിൻപറ്റുന്നതുകൊണ്ടാണ്.”
[അടിക്കുറിപ്പുകൾ]
ഈ ചതുരത്തിൽ ഉപയോഗിച്ചിരിക്കുന്നത് യഥാർഥ പേരുകളല്ല.
തന്നോട് ആദ്യം ബൈബിൾ സത്യം പറഞ്ഞ ആ ഡോക്ടറും ഒരു യഹോവയുടെ സാക്ഷി ആയിത്തീർന്നിരുന്നു എന്ന വാർത്ത ബ്രാങ്കോയെ സന്തോഷിപ്പിച്ചു.
[11-ാം പേജിലെ ചിത്രങ്ങൾ]
മനസ്സിനും ഭരണത്തിനുമുള്ള മാറ്റം—അത് എന്നെങ്കിലും സംഭവിക്കുമോ?
[കടപ്പാട്]
U.S. National Archives photo
[12, 13 പേജുകളിലെ ചിത്രങ്ങൾ]
ബൈബിൾ അധിഷ്ഠിത വിദ്യാഭ്യാസം മനസ്സിനു ക്രിയാത്മകമായ മാറ്റം വരുത്തുന്നു