ഇന്ന് മനുഷ്യന്റെ അവകാശങ്ങളും അവകാശധ്വംസനങ്ങളും
മനുഷ്യാവകാശങ്ങൾക്കു വേണ്ടി വാദിക്കുന്നവർ അടുത്തയിടെ ഒരു വൻ നേട്ടം കൈവരിച്ചു. ആദ്യം, 60 രാജ്യങ്ങളിലെ 1,000-ത്തിലധികം സംഘടനകളെ ഉൾപ്പെടുത്തിക്കൊണ്ട് അന്താരാഷ്ട്ര കുഴിബോംബു നിരോധന യജ്ഞം എന്ന പ്രസ്ഥാനം അവർ രൂപീകരിച്ചു. പിന്നീട്, അവർ അത്തരം ആയുധങ്ങൾ നിരോധിക്കുന്ന ഒരു അന്താരാഷ്ട്ര ഉടമ്പടി നടപ്പിൽ വരുത്തിച്ചു. അതേത്തുടർന്ന്, ആ പ്രസ്ഥാനത്തിനും അതിന്റെ ഡയറക്ടറെന്ന നിലയിൽ അക്ഷീണം പ്രവർത്തിച്ച ജോഡി വില്യംസ് എന്ന അമേരിക്കക്കാരിക്കും 1997-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
എന്നാൽ, അത്തരം നേട്ടങ്ങൾ സ്ഥായിയായ പ്രയോജനങ്ങൾ കൈവരുത്തുന്നില്ല. മനുഷ്യാവകാശ നിരീക്ഷണ ലോക റിപ്പോർട്ട് 1998 (ഇംഗ്ലീഷ്) അഭിപ്രായപ്പെടുന്നതു പോലെ, മനുഷ്യാവകാശങ്ങളുടെ സാർവത്രികത ഇപ്പോഴും “നിരന്തര ആക്രമണത്തിൻ കീഴിൽ” ആണ്. അപ്രസക്ത ഭരണകൂടങ്ങളെ മാത്രമല്ല കുറ്റപ്പെടുത്തേണ്ടത്. “മനുഷ്യാവകാശങ്ങൾ തങ്ങളുടെ സാമ്പത്തികമോ തന്ത്രപരമോ ആയ താത്പര്യങ്ങൾക്ക് നിരക്കാത്തതാണെന്നു തെളിഞ്ഞപ്പോൾ അവ അവഗണിക്കാനുള്ള സ്പഷ്ടമായ പ്രവണത വൻശക്തികൾ കാട്ടി”യതായി ആ റിപ്പോർട്ട് പറയുന്നു. “യൂറോപ്പിനും ഐക്യനാടുകൾക്കും ഒരുപോലെ ഉള്ള ഒരു പ്രശ്നമാണ് ഇത്.”
ലോകത്തിനു ചുറ്റുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ സംബന്ധിച്ചിടത്തോളം, മനുഷ്യാവകാശ ലംഘനങ്ങൾ അവഗണിക്കുക അസാധ്യമാണ്. ദാരിദ്ര്യം, പട്ടിണി, പീഡനം, ബലാൽസംഗം, കുട്ടികളോടുള്ള ദുഷ്പെരുമാറ്റം, അടിമത്തം, അക്രമത്താലുള്ള മരണം തുടങ്ങിയവ ഒക്കെ അവർക്ക് ഇപ്പോഴും ദിവസേന അനുഭവിക്കേണ്ടി വരുന്നു. അവരെ സംബന്ധിച്ചിടത്തോളം, മനുഷ്യാവകാശങ്ങൾക്കായുള്ള എണ്ണമറ്റ ഉടമ്പടികളിൽ വാഗ്ദാനം ചെയ്തിരിക്കുന്ന മെച്ചപ്പെട്ട അവസ്ഥകൾ ബഹുദൂരം അകലെയാണ്. വാസ്തവത്തിൽ, ഭൂരിഭാഗം മനുഷ്യരെയും സംബന്ധിച്ചിടത്തോളം സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 30 വകുപ്പുകളിൽ പട്ടികപ്പെടുത്തിയിരിക്കുന്ന അടിസ്ഥാന അവകാശങ്ങൾ പോലും നിറവേറാത്ത ഒരു വാഗ്ദാനമായി അവശേഷിക്കുന്നു. ഉദാഹരണമായി, ആ പ്രഖ്യാപനത്തിലെ ശ്രേഷ്ഠമായ ചില അവകാശങ്ങൾക്കു പ്രായോഗിക ജീവിതത്തിൽ എന്തു സ്ഥാനമാണ് ഉള്ളതെന്നു ഹ്രസ്വമായി പരിചിന്തിക്കാം.
സകലർക്കും സമത്വം?
സ്വതന്ത്രരും അതുപോലെ മാന്യതയിലും അവകാശങ്ങളിലും തുല്യരുമായാണ് സകല മനുഷ്യരും ജനിക്കുന്നത്.—1-ാം വകുപ്പ്.
സാർവത്രിക പ്രഖ്യാപനത്തിന്റെ കരടുരേഖാ കമ്മീഷനിലെ വനിതാ അംഗങ്ങൾ അതിൽ ഉപയോഗിക്കുന്ന ഭാഷാപ്രയോഗം സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ബാധകമാകുന്നത് ആയിരിക്കണം എന്നു വാദിച്ചു. എന്നാൽ ഈ വകുപ്പിന്റെ ഭാഷയിൽ വരുത്തിയ മാറ്റം സ്ത്രീകളുടെ അവസ്ഥയ്ക്കു മാറ്റം വരുത്തിയോ?
ലോകം ഇപ്പോഴും “സ്ത്രീകളെ രണ്ടാംകിട പൗരത്വം ഉള്ളവരായാണ് വീക്ഷിക്കുന്നത്” എന്ന് ഐക്യനാടുകളുടെ പ്രഥമ വനിതയായ ഹിലാരി ക്ലിന്റൺ മനുഷ്യാവകാശ ദിനമായ 1997 ഡിസംബർ 10-ന് ഐക്യരാഷ്ട്രങ്ങളോടു പറഞ്ഞു. ചില ഉദാഹരണങ്ങളും അവർ നിരത്തി: ലോകത്തിലുള്ള ദരിദ്രരിൽ 70 ശതമാനവും സ്ത്രീകളാണ്. ലോകത്തിൽ സ്കൂളിൽ പോകാൻ കഴിയാത്ത 13 കോടി കുട്ടികളിൽ മൂന്നിൽ രണ്ടും പെൺകുട്ടികളാണ്. ലോകത്തിലെ 9.6 കോടി നിരക്ഷരരിൽ മൂന്നിൽ രണ്ടും സ്ത്രീകളാണ്. ഗാർഹികവും ലൈംഗികവുമായ വളരെയധികം അക്രമവും സ്ത്രീകൾക്കു സഹിക്കേണ്ടിവരുന്നു. “ലോകത്തിൽ ഏറ്റവും കുറച്ച് റിപ്പോർട്ടു ചെയ്യപ്പെടുന്നതും എന്നാൽ ഏറ്റവും വ്യാപകവുമായ മനുഷ്യാവകാശ ധ്വംസനങ്ങളിൽ ഒന്ന്” ആയി അത് തുടരുന്നു എന്ന് ശ്രീമതി ക്ലിന്റൺ കൂട്ടിച്ചേർത്തു.
ജനിക്കുന്നതിനു മുമ്പുപോലും ചില പെൺകുഞ്ഞുങ്ങൾ അക്രമത്തിന് ഇരകളാകുന്നു. പ്രത്യേകിച്ചും ചില ഏഷ്യൻ രാജ്യങ്ങളിൽ, ഗർഭസ്ഥ ശിശു പെൺകുഞ്ഞ് ആണെന്ന് അറിയുമ്പോൾ ചില അമ്മമാർ ഗർഭച്ഛിദ്രം നടത്തുന്നു. എന്തുകൊണ്ടെന്നാൽ, അവർക്കു പെൺകുഞ്ഞുങ്ങളെ അല്ല, ആൺകുഞ്ഞുങ്ങളെ ആണ് ഇഷ്ടം. ആൺകുട്ടികളോടുള്ള ഈ ആഭിമുഖ്യം നിമിത്തം ചില പ്രദേശങ്ങളിൽ ഗർഭസ്ഥ ശിശുവിന്റെ ജനിതക ലിംഗനിർണയ പരിശോധന തഴച്ചുവളരുന്ന ഒരു ബിസിനസ്സ് ആയിത്തീർന്നിരിക്കുന്നു. ഒരു പെൺകുഞ്ഞ് വളർന്നുവരുമ്പോൾ സ്ത്രീധനമായി 3,800 ഡോളർ കൊടുക്കുന്നതിലും നല്ലത് 38 ഡോളർ മുടക്കി ഗർഭാവസ്ഥയിൽതന്നെ അതിനെ നശിപ്പിക്കുന്നതാണ് എന്നു പ്രസ്താവിച്ചുകൊണ്ട് ഒരു ലിംഗനിർണയ ആശുപത്രി അതിന്റെ സേവനങ്ങൾ പരസ്യപ്പെടുത്തി. അത്തരം പരസ്യങ്ങൾ ആളുകളെ ആകർഷിക്കുന്നു. ഗർഭസ്ഥ ശിശു പെൺകുഞ്ഞാണെന്നു മനസ്സിലാക്കിയ 95.5 ശതമാനം കേസുകളിലും അവയെ ഗർഭച്ഛിദ്രം നടത്തിയതായി ഏഷ്യയിലെ ഒരു വലിയ ആശുപത്രിയിൽ നടത്തിയ പഠനം വെളിപ്പെടുത്തി. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ആൺകുഞ്ഞുങ്ങളോടുള്ള ആഭിമുഖ്യം കാണാം. താൻ എത്ര കുട്ടികളെ ജനിപ്പിച്ചു എന്നു ചോദിച്ചപ്പോൾ ഐക്യനാടുകളിലെ ഒരു മുൻ ബോക്സിങ് ചാമ്പ്യൻ നൽകിയ മറുപടി, “ഒരു ആൺകുട്ടിയെയും ഏഴ് അബദ്ധങ്ങളെയും” എന്നായിരുന്നു. “സ്ത്രീകളെ സംബന്ധിച്ച ആളുകളുടെ ചിന്താഗതിക്കും മനോഭാവത്തിനും മാറ്റം വരാൻ വളരെ കാലമെടുക്കും—ചുരുങ്ങിയത് ഒരു തലമുറയെങ്കിലും വേണ്ടിവരുമെന്നു ചിലർ വിശ്വസിക്കുന്നു, ഒരുപക്ഷേ അതിലുമധികം കാലമെടുത്തേക്കാം” എന്ന് സ്ത്രീകളും അക്രമവും (ഇംഗ്ലീഷ്) എന്ന ഐക്യരാഷ്ട്ര പ്രസിദ്ധീകരണം പറയുന്നു.
കുട്ടിക്കാലം നഷ്ടപ്പെട്ട കുട്ടികൾ
ആരെയും അടിമത്തത്തിൽ വെക്കുകയോ ദാസ്യവേലയ്ക്കു നിർത്തുകയോ ചെയ്യാൻ പാടില്ല; എല്ലാത്തരം അടിമത്തവും അടിമക്കച്ചവടവും നിരോധിക്കപ്പെടണം.—4-ാം വകുപ്പ്.
കടലാസിൽ മാത്രമാണ് അടിമത്തം ഇല്ലാത്തത്. അടിമത്തത്തെ നിയമവിരുദ്ധമാക്കുന്ന അനവധി കരാറുകൾ ഗവൺമെന്റുകൾ ഒപ്പു വെച്ചിട്ടുണ്ട്. എന്നിരുന്നാലും, ലോകത്തിലെ ഏറ്റവും പഴക്കമുള്ള മനുഷ്യാവകാശ സംഘടന എന്ന് അറിയപ്പെടുന്ന ബ്രിട്ടനിലെ അടിമത്ത-വിരുദ്ധ സൊസൈറ്റി പറയുന്നതനുസരിച്ച്, “മുമ്പെന്നത്തെക്കാളും കൂടുതൽ അടിമകൾ ഉള്ളത് ഇന്നാണ്.” ആധുനികകാല അടിമത്തത്തിൽ നാനാതരം മനുഷ്യാവകാശ ലംഘനങ്ങൾ അടങ്ങിയിരിക്കുന്നു. കുട്ടികളെക്കൊണ്ടു നിർബന്ധിച്ചു പണിയെടുപ്പിക്കുന്നതു സമകാലിക അടിമത്തത്തിന്റെ ഒരു രൂപമാണെന്നു പറയപ്പെടുന്നു.
ഇതിന്റെ സങ്കടകരമായ ഒരു ഉദാഹരണമാണ് തെക്കേ അമേരിക്കയിലെ ഡെറിവാൻ എന്ന ബാലൻ. ‘സൈസൽ എന്ന സസ്യത്തിന്റെ പരുപരുത്ത ഇലകൾ—ഇവയിൽ നിന്നാണ് കിടക്ക നിർമിക്കാനുള്ള നാരുകൾ എടുക്കുന്നത്—എടുത്ത് അവന്റെ കൊച്ചു കൈകൾ തഴമ്പിച്ചിരിക്കുന്നു. ഡെറിവാന്റെ ജോലി, സംഭരണ മുറിയിൽനിന്ന് ഇലകളെടുത്ത് 90 മീറ്റർ അകലെയുള്ള, സംസ്കരിച്ച് നാരെടുക്കുന്ന, ഒരു യന്ത്രത്തിന്റെ അടുത്ത് എത്തിക്കുക എന്നതാണ്. ഓരോ ദിവസത്തെയും 12 മണിക്കൂർ ജോലിസമയം കൊണ്ട് അവൻ ഒരു ടൺ ഇലകൾ ഇങ്ങനെ കൊണ്ടുപോയികഴിഞ്ഞിരിക്കും. അഞ്ചു വയസ്സ് ഉള്ളപ്പോഴാണ് ഡെറിവാൻ ഈ ജോലി തുടങ്ങിയത്. ഇപ്പോൾ അവന് 11 വയസ്സുണ്ട്.’—വേൾഡ് പ്രസ്സ് റിവ്യൂ.
5-നും 14-നും ഇടയ്ക്കു പ്രായമുള്ള 25 കോടി ബാല തൊഴിലാളികൾ ഇന്ന് ഉണ്ടെന്നാണ് അന്താരാഷ്ട്ര തൊഴിൽ കാര്യാലയത്തിന്റെ കണക്ക്—ബ്രസീലിലെയും മെക്സിക്കോയിലെയും ജനസംഖ്യ കൂട്ടിച്ചേർത്താലുള്ള സംഖ്യയ്ക്ക് ഏകദേശം തുല്യം! കുട്ടിക്കാലം നഷ്ടപ്പെട്ട ഈ കുട്ടികളിൽ പലരും, ഖനികളിൽ കൽക്കരിയടങ്ങിയ പാട്ടകൾ പാടുപെട്ട് വലിച്ചിഴയ്ക്കുകയോ വിളവെടുക്കാൻ ചെളിയിലൂടെ ഏന്തിനടക്കുകയോ കൂനിയിരുന്ന് തറികളിൽ തുണി നെയ്യുകയോ ചെയ്യുന്നു. കൊച്ചുകുഞ്ഞുങ്ങളെ—മൂന്നും നാലും അഞ്ചും വയസ്സുള്ളവരെ—പോലും കൂട്ടം ചേർത്ത് അവരെക്കൊണ്ട് പ്രഭാതം മുതൽ സന്ധ്യവരെ നിലം ഉഴുവിക്കുകയും വിത്തു നടീക്കുകയും പാടങ്ങളിൽ കാലാ പെറുക്കിക്കുകയുമൊക്കെ ചെയ്യുന്നു. “കുട്ടികൾക്കാണെങ്കിൽ ട്രാക്ടറുകളെക്കാൾ ചെലവു കുറവാണ്, അവർ കാളകളെക്കാൾ മിടുക്കരുമാണ്” എന്ന് ഒരു ഏഷ്യൻ രാജ്യത്തെ ഭൂവുടമ പറയുന്നു.
മതം തിരഞ്ഞെടുക്കലും മതം മാറലും
ചിന്താസ്വാതന്ത്ര്യത്തിനും മനസ്സാക്ഷി സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും ഉള്ള അവകാശം ഏതൊരു വ്യക്തിക്കും ഉണ്ട്; ഒരുവന്റെ മതം മാറാനുള്ള സ്വാതന്ത്ര്യവും ഈ അവകാശത്തിൽ ഉൾപ്പെടുന്നു.—18-ാം വകുപ്പ്.
“മതപരമായ എല്ലാത്തരം അസഹിഷ്ണുതയും നിർമാർജനം ചെയ്യുന്നതു സംബന്ധിച്ച ഇടക്കാല റിപ്പോർട്ട്” 1997 ഒക്ടോബർ 16-ന് ഐക്യരാഷ്ട്ര പൊതുസഭയ്ക്കു ലഭിച്ചു. മനുഷ്യാവകാശ കമ്മീഷന്റെ പ്രത്യേക റിപ്പോർട്ടറായ ആബ്ദെൽഫാത്ത ആമൊർ തയ്യാറാക്കിയ ആ റിപ്പോർട്ട്, 18-ാം വകുപ്പിന്റെ ഇപ്പോഴും തുടരുന്ന ധ്വംസനങ്ങൾ പട്ടികപ്പെടുത്തുന്നു. പ്രസ്തുത റിപ്പോർട്ട്, ‘ഉപദ്രവം, ഭീഷണി, ദുഷ്പെരുമാറ്റം, അറസ്റ്റുകൾ, തടഞ്ഞുവെക്കലുകൾ, തട്ടിക്കൊണ്ടു പോകലുകൾ, കൊലപാതകങ്ങൾ’ എന്നിവ അനവധി രാജ്യങ്ങളിൽ നടന്നതിന്റെ കേസുകൾ നിരത്തുന്നു.
സമാനമായി, “‘പുതു ഭക്തിപ്രസ്ഥാനങ്ങൾ’ എന്നു മുദ്ര കുത്തി വ്യത്യസ്ത മത ന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര്യങ്ങൾ വിലക്കാൻ” ദീർഘകാല ജനാധിപത്യ പാരമ്പര്യമുള്ള രാഷ്ട്രങ്ങൾ പോലും “ശ്രമിച്ചിട്ടു”ള്ളതായി ഐക്യനാടുകളിലെ ജനാധിപത്യ, മനുഷ്യാവകാശ, തൊഴിൽ ബ്യൂറോ സമാഹരിച്ച മനുഷ്യാവകാശ റിപ്പോർട്ടുകൾ 1997 (ഇംഗ്ലീഷ്) ചൂണ്ടിക്കാണിക്കുന്നു. അത്തരം പ്രവണതകൾ ഉത്കണ്ഠയ്ക്കു കാരണമാണ്. ബ്രസ്സൽസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ‘സീമകളില്ലാത്ത മനുഷ്യാവകാശങ്ങൾ’ എന്ന സംഘടനയുടെ പ്രസിഡന്റായ വില്ലി ഫോട്രേ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ഏതു സമൂഹത്തിലും പൊതുവേ എത്രത്തോളം മനുഷ്യ സ്വാതന്ത്ര്യം ഉണ്ട് എന്നുള്ളതിന്റെ ഏറ്റവും നല്ല സൂചനകളിൽ ഒന്നാണ് മതസ്വാതന്ത്ര്യം.”
കഠിന ജോലി, കാലി പേഴ്സ്
തൊഴിൽ ചെയ്യുന്ന ഏതൊരു വ്യക്തിക്കും, തനിക്കും തന്റെ കുടുംബത്തിനും മാന്യമായ ജീവിതം ഉറപ്പു നൽകുന്ന ന്യായമായ വേതനം ലഭിക്കുന്നതിനുള്ള അവകാശമുണ്ട്.—23-ാം വകുപ്പ്.
കരീബിയൻ ദ്വീപുകളിൽ കരിമ്പു മുറിക്കുന്നവർക്കു ദിവസം മൂന്നു ഡോളർ വേതനം ലഭിച്ചേക്കാം. എന്നാൽ താമസത്തിനും ഉപകരണങ്ങൾക്കും കൊടുക്കേണ്ടിവരുന്ന തുക മൂലം അവർ പെട്ടെന്നുതന്നെ തോട്ടമുടമകളോട് കടത്തിലാകുന്നു. കൂടാതെ അവർക്കു വേതനം ലഭിക്കുന്നത് പണമായിട്ടല്ല, മുൻകൂർ പറ്റുചീട്ടിന്റെ രൂപത്തിലാണ്. കരിമ്പു മുറിക്കുന്നവർക്കു പ്രാപ്യമായ ഒരേയൊരു പീടിക, തോട്ടം കമ്പനിയുടെ വകയായതിനാൽ അവിടെനിന്ന് പാചക എണ്ണയും അരിയും പയറുമൊക്കെ വാങ്ങാൻ അവർ നിർബന്ധിതരാകുന്നു. എന്നാൽ, തൊഴിലാളികളുടെ മുൻകൂർ പറ്റുചീട്ട് സ്വീകരിക്കുന്നതിന്റെ സേവന ചാർജായി അതിന്റെ മൂല്യത്തിന്റെ 10 മുതൽ 20 വരെ ശതമാനം കടക്കാരൻ കിഴിക്കുന്നു. മനുഷ്യാവകാശ അഭിഭാഷക കമ്മിറ്റിയുടെ ഡെപ്യൂട്ടി ഡയറക്ടറായ ബിൽ ഓനിൽ ഒരു ഐക്യരാഷ്ട്ര റേഡിയോ പരിപാടിയിൽ ഇങ്ങനെ പറഞ്ഞു: “വാരങ്ങളും മാസങ്ങളും എടുക്കുന്ന കഠിനജോലിയുടെ [കരിമ്പു മുറിക്കൽ] സീസൺ അവസാനിക്കുമ്പോഴേക്കും, അവരുടെ കൈവശം പണം ഒന്നും കാണുകയില്ല. അവർക്ക് യാതൊരു സമ്പാദ്യവും ഉണ്ടാകില്ല, അവർ ആ സീസൺതന്നെ കഷ്ടിച്ചു തള്ളിനീക്കുകയാണു ചെയ്തത്.”
സകലർക്കും വൈദ്യ ശുശ്രൂഷ?
ഭക്ഷണം, വസ്ത്രം, പാർപ്പിടം, വൈദ്യശുശ്രൂഷ എന്നിവ ഉൾപ്പെടെ തന്റെയും കുടുംബത്തിന്റെയും ആരോഗ്യത്തിനും ക്ഷേമത്തിനും മതിയായ അടിസ്ഥാന ജീവിത സൗകര്യങ്ങൾ ഉണ്ടായിരിക്കാനുള്ള അവകാശം ഏതൊരു വ്യക്തിക്കും ഉണ്ട്.—25-ാം വകുപ്പ്.
‘ലാറ്റിൻ അമേരിക്കയിലെ ദരിദ്ര കർഷകരായ റിക്കാർഡോയും ഹൂസ്റ്റിനയും താമസിക്കുന്നത് അവരുടെ ഏറ്റവും അടുത്തുള്ള നഗരത്തിൽനിന്ന് 80 കിലോമീറ്ററോളം അകലെയാണ്. അവരുടെ പുത്രി ഹെമായ്ക്ക് അസുഖം പിടിപെട്ടപ്പോൾ അവർ അവളെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. എന്നാൽ, ആ ആശുപത്രിയിൽ കുട്ടിയെ ചികിത്സിക്കാൻ അധികൃതർ തയ്യാറായില്ല. കാരണം, റിക്കാർഡോയ്ക്കു ചെലവു വഹിക്കാനുള്ള കഴിവില്ല എന്നതു തന്നെ. പിറ്റേന്ന്, ഹൂസ്റ്റിന യാത്രച്ചെലവിനായി അയൽക്കാരിൽനിന്നു കുറെ പണം കടം വാങ്ങി അകലെയുള്ള നഗരത്തിലേക്കു പുറപ്പെട്ടു. ഹൂസ്റ്റിനയും കുട്ടിയും നഗരത്തിലെ ചെറിയ സർക്കാർ ആശുപത്രിയിൽ എത്തിച്ചേർന്നപ്പോൾ, ‘കിടക്കയൊന്നും ഒഴിവില്ല നാളെ രാവിലെ വരൂ’ എന്നാണ് അവിടെനിന്നും കിട്ടിയ മറുപടി. ഹൂസ്റ്റിനയ്ക്ക് ആ നഗരത്തിൽ ബന്ധുക്കൾ ആരുമില്ലായിരുന്നു, മുറി വാടകയ്ക്ക് എടുക്കാൻ പണവും ഇല്ലായിരുന്നു. അതിനാൽ, അവർ ചന്തയിലുള്ള ഒരു മേശയിലാണു രാത്രി കഴിച്ചുകൂട്ടിയത്. ആശ്വാസവും സംരക്ഷണവും നൽകാനായി ഹൂസ്റ്റിന കുട്ടിയെ തന്നോടു ചേർത്തു പിടിച്ചു, എങ്കിലും ഫലമുണ്ടായില്ല. അന്നു രാത്രി ഹെമാ മരിച്ചു.’—മനുഷ്യാവകാശങ്ങളും സാമൂഹിക പ്രവർത്തനവും (ഇംഗ്ലീഷ്).
ലോകത്തിൽ നാലിലൊന്നു പേർ ദിവസവും തുച്ഛമായ വരുമാനം കൊണ്ടാണ് കഴിഞ്ഞുകൂടുന്നത്. റിക്കാർഡോയും ഹൂസ്റ്റിനയും നേരിട്ട അതേ മാരകമായ പ്രതിസന്ധി അവരും അഭിമുഖീകരിക്കുന്നു: സ്വകാര്യ ചികിത്സ ലഭ്യമാണ്, പക്ഷേ താങ്ങാനാവില്ല. സർക്കാർ ചികിത്സ താങ്ങാനാവും, പക്ഷേ ലഭ്യമല്ല. ദുഃഖകരമെന്നു പറയട്ടെ, ലോകത്തിലെ നൂറു കോടിയിലധികം വരുന്ന ദരിദ്രർക്ക് ‘വൈദ്യശുശ്രൂഷയ്ക്കുള്ള അവകാശം’ ഉണ്ടെങ്കിലും, വൈദ്യശുശ്രൂഷയുടെ പ്രയോജനങ്ങൾ അവർക്കു ബഹുദൂരം അകലെയാണ്.
മനുഷ്യാവകാശ ലംഘനങ്ങളുടെ ഭീതിദമായ ഈ പട്ടിക നീണ്ടു നീണ്ടു പോകുന്നു. മുകളിൽ പറഞ്ഞതുപോലുള്ള സംഭവങ്ങൾ കോടിക്കണക്കിനാണ്. ലോകമെമ്പാടുമുള്ള സ്ത്രീപുരുഷന്മാരുടെയും കുട്ടികളുടെയും ജീവിതം മെച്ചപ്പെടുത്താൻ മനുഷ്യാവകാശ സംഘടനകൾ ഭഗീരഥ പ്രയത്നം നടത്തിയിട്ടും അക്ഷരാർഥത്തിൽ സ്വന്തം ജീവൻ തൃണവത്കരിക്കുന്ന വിധത്തിൽ ആയിരക്കണക്കിനു സജീവ പ്രവർത്തകർ അർപ്പണ മനോഭാവം കാട്ടിയിട്ടും, മനുഷ്യാവകാശ ലംഘനങ്ങൾ ഇല്ലാതിരിക്കുന്ന ഒരു കാലം വെറും സ്വപ്നമായി അവശേഷിക്കുന്നു. അത് എന്നെങ്കിലും ഒരു യാഥാർഥ്യമാകുമോ? തീർച്ചയായും! എന്നാൽ അനേകം മാറ്റങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു. അതിൽ രണ്ടെണ്ണം പിൻവരുന്ന ലേഖനത്തിൽ പരിചിന്തിക്കുന്നതായിരിക്കും.
[8-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Courtesy MgM Stiftung Menschen gegen Minen (www.mgm.org)
[9-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
UN PHOTO 148051/J. P. Laffont—SYGMA
WHO photo/PAHO by J. Vizcarra