ചുമതലകൾ ഇല്ലാതെ അവകാശങ്ങളോ?
“മനുഷ്യ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും സഹജമായ ആത്മാഭിമാനവും തുല്യമായ, അടിയറവെക്കാൻ ആവാത്ത അവകാശങ്ങളും തിരിച്ചറിയുന്നതാണ് ലോകത്തിൽ സ്വാതന്ത്ര്യത്തിനും നീതിക്കും സമാധാനത്തിനുമുള്ള അടിസ്ഥാനം” എന്ന് 1998 ഡിസംബറിൽ സുവർണ ജൂബിലി കൊണ്ടാടിയ സാർവലൗകിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ആമുഖത്തിൽ പ്രസ്താവിക്കുന്നു. എന്നാൽ അടുത്തകാലത്ത്, ഈ പ്രഖ്യാപനത്തിനു പുറമേ, മനുഷ്യ ചുമതലകളുടെ ഒരു സാർവലൗകിക പ്രഖ്യാപനം കൂടി ഐക്യരാഷ്ട്രങ്ങൾ അംഗീകരിക്കണമെന്ന് എല്ലാ വൻകരകളെയും പ്രതിനിധീകരിച്ച 24 മുൻ രാഷ്ട്രപതിമാരും പ്രധാന മന്ത്രിമാരും നിർദേശിച്ചു. അത്തരമൊരു പദ്ധതി ആവശ്യമുള്ളതായി പലരും കരുതുന്നത് എന്തുകൊണ്ട്?
“അവകാശങ്ങളും ചുമതലകളും സയാമീസ് ഇരട്ടകളാണ്. ദുഃഖകരമെന്നു പറയട്ടെ, അരനൂറ്റാണ്ടു മുമ്പ് ഈ യാഥാർഥ്യം മറന്നുകളയുകയോ പഴഞ്ചനാകുകയോ ചെയ്തു. തങ്ങളുടെ ചുമതലകൾ നിറവേറ്റണമെന്ന യാതൊരു ചിന്തയുമില്ലാതെ പലരും അവകാശങ്ങൾക്കായി കടിപിടി കൂട്ടുന്നു” എന്ന് യൂറോപ്യൻ മനുഷ്യാവകാശ സമിതിയിൽ അംഗമായ പ്രൊഫസർ ഷാൻ ക്ലോഡ് സ്വായാ വിവരിക്കുന്നു. ഉത്തരവാദിത്വങ്ങൾ അവഗണിക്കുന്നതു പലരെയും ബാധിക്കുന്നു. “ശ്രദ്ധേയമായ ഒരു വാഞ്ഛ നിലവിലുണ്ട്, വിശേഷിച്ചും യുവജനങ്ങൾക്കിടയിൽ. ലോകത്തെ അടക്കി വാഴുന്ന അത്യാഗ്രഹം, സ്വാർഥത, സഹവർത്തിത്വം ഇല്ലായ്മ എന്നീ ശക്തികളെ ഇല്ലായ്മ ചെയ്യാനോ വരുതിയിൽ നിർത്താനോ ഉള്ള ഒരു ഏകീകരണ പരിപാടിക്ക്, ഒരു കൂട്ടം അംഗീകൃത ആദർശങ്ങൾക്കായുള്ള വാഞ്ഛതന്നെ. . . . ഗോളവ്യാപകമായ ഒരു സദാചാര സംഹിതയ്ക്കുള്ള കൂലങ്കഷമായ ചർച്ച എന്തിന്റെയോ അഭാവം ഉള്ളതായി വിളിച്ചോതുന്നു” എന്ന് പാരീസ് ദിനപ്പത്രമായ ഇന്റർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ പ്രസ്താവിക്കുന്നു. അതുകൊണ്ട്, ആ അഭാവം നികത്താനും മനുഷ്യ ചുമതലകൾ ഏവയാണെന്നു നിർണയിക്കാനുമായി രാഷ്ട്രീയക്കാരും ദൈവശാസ്ത്രജ്ഞന്മാരും തത്ത്വചിന്തകരും ചർച്ച തുടരുകയാണ്. അതിനെ ഐക്യരാഷ്ട്ര വിദ്യാഭ്യാസ-ശാസ്ത്ര-സാംസ്കാരിക സംഘടന ഒരു “സാർവ ലൗകിക നീതിശാസ്ത്രം” എന്നു വിളിക്കുന്നു. എന്നാൽ അവർ ചില വൈഷമ്യങ്ങളെ നേരിടുന്നു.
ഏതെല്ലാം മനുഷ്യാവകാശങ്ങളാണ് സംരക്ഷിക്കപ്പെടേണ്ടത് എന്നു നിർണയിക്കുക താരതമ്യേന എളുപ്പമാണ്. അതേസമയം ഏതെല്ലാം മനുഷ്യ ചുമതലകളാണ് സാർവലൗകികമായി അംഗീകരിക്കേണ്ടത് എന്നു നിർണയിക്കുക എല്ലായ്പോഴും അത്ര എളുപ്പമല്ല. എന്നുവരികിലും, ‘മനുഷ്യ ചുമതലകളുടെ പ്രഖ്യാപന’ത്തിലെ ചില ആശയങ്ങൾ ഏതാണ്ടു രണ്ടായിരം വർഷം മുമ്പു യേശു പ്രഖ്യാപിച്ച, കാലാതീതവും സാർവലൗകികവുമായ സുവർണ നിയമത്തിന്റെ തത്ത്വത്തിൽ കാണാവുന്നതാണ്: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്വിൻ.”—മത്തായി 7:12.
ഒട്ടുമിക്കപ്പോഴും, മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്ന നിയമങ്ങളുടെ പിന്നിലെ പ്രേരകശക്തി ആയിരുന്നിട്ടുള്ള ബൈബിൾ, വ്യക്തിഗത ഉത്തരവാദിത്വത്തിന്റെ ആശയത്തിനും ഊന്നൽ കൊടുക്കുന്നു. “ശരി അറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നവൻ പാപം ചെയ്യുന്നു” എന്ന് ശിഷ്യനായ യാക്കോബ് പ്രഖ്യാപിച്ചു. (യാക്കോബ് 4:17, ഓശാന ബൈബിൾ.) മറ്റുള്ളവർക്കു നന്മ ചെയ്യാൻ യേശു അവസരങ്ങൾ തേടി. അതുപോലെ സത്യ ക്രിസ്ത്യാനികളും തങ്ങളുടെ സഹമനുഷ്യർക്കു നല്ല കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നു. കേവലം തങ്ങളുടെ അവകാശങ്ങളിൽ തൃപ്തിയടയുന്നതിൽ ഉപരിയായി അവകാശങ്ങളോടൊപ്പം ചുമതലകളും ഉണ്ടെന്നും ഓരോ വ്യക്തിയും തന്റെ ചെയ്തികൾക്കു ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടതുണ്ടെന്നും അവർ മനസ്സിലാക്കുന്നു.