ഒരു “നീണ്ട ജോലി പൂർത്തിയായിരിക്കുന്നു”
അമ്പതു വർഷം മുമ്പ്, ഒരു മുത്തശ്ശിയെപ്പോലെ തോന്നിക്കുന്ന ആ വനിത തുറന്നു സംസാരിച്ചപ്പോൾ ലോകം ശ്രദ്ധിച്ചു കേട്ടു. 1948 ഡിസംബർ 10-ന് പാരീസിൽ വെച്ചായിരുന്നു ആ സംഭവം. പുതുതായി നിർമിച്ച ‘പേലെയ് ഷൈയോ’യിൽ ഐക്യരാഷ്ട്ര പൊതുസഭ കൂടിവന്നപ്പോൾ ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്റെ അധ്യക്ഷയായ അവർ പ്രസംഗിക്കാൻ എഴുന്നേറ്റു. ഐക്യനാടുകളുടെ മുൻ പ്രസിഡന്റായ ഫ്രാങ്ക്ളിൻ ഡി. റൂസ്വെൽറ്റിന്റെ വിധവയായ ഉയരം കൂടിയ ആ സ്ത്രീ, എലനോർ റൂസ്വെൽറ്റ്, ദൃഢസ്വരത്തിൽ സമ്മേളിതരോട് ഇങ്ങനെ പ്രസ്താവിച്ചു: “ഐക്യരാഷ്ട്രങ്ങളുടെയും മാനവരാശിയുടെയും ചരിത്രത്തിലെ മഹത്തായ ഒരു സംഭവത്തിന്റെ പടിവാതിൽക്കലാണ് നാം ഇന്ന് എത്തിനിൽക്കുന്നത്, സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിനു പൊതുസഭ നൽകുന്ന അംഗീകാരമാണ് അത്.”
മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ആമുഖത്തിലെ സ്പഷ്ടമായ വാക്കുകളും അതിലെ 30 വകുപ്പുകളും അവർ വായിച്ചുകഴിഞ്ഞപ്പോൾ പൊതുസഭ ആ പ്രമാണം അംഗീകരിച്ചു.a അപ്പോൾ, “ലോകത്തിന്റെ പ്രഥമ വനിത” എന്ന് ആളുകൾ പ്രിയത്തോടെ വിളിച്ചിരുന്ന ശ്രീമതി റൂസ്വെൽറ്റിന്റെ അസാധാരണ നേതൃത്വ ഗുണങ്ങളെ ആദരിച്ചുകൊണ്ട് ഐക്യരാഷ്ട്ര സഭാംഗങ്ങൾ ദീർഘനേരം കരഘോഷം മുഴക്കി. ഒരു “നീണ്ട ജോലി പൂർത്തിയായിരിക്കുന്നു” എന്ന് ആ ദിനാന്ത്യത്തിൽ ശ്രീമതി റൂസ്വെൽറ്റ് കുറിച്ചിട്ടു.
ആദ്യം അനേകം അഭിപ്രായങ്ങൾ, ഒടുവിൽ ഒരു പ്രഖ്യാപനം
ആ സംഭവത്തിനു രണ്ട് വർഷം മുമ്പ്, അതായത് 1947 ജനുവരിയിൽ ഐക്യരാഷ്ട്ര കമ്മീഷൻ പ്രവർത്തനം തുടങ്ങിയ ഉടനെ ഒരു കാര്യം വ്യക്തമായി—എല്ലാ ഐക്യരാഷ്ട്ര സഭാംഗങ്ങൾക്കും സമ്മതമായ ഒരു മനുഷ്യാവകാശ പ്രമാണം എഴുതിയുണ്ടാക്കുക എന്നതു ദുഷ്കരമായ ഒരു ദൗത്യമാണ്. തുടക്കം മുതലേ കടുത്ത വിയോജിപ്പുകൾ 18-അംഗ കമ്മീഷനെ എങ്ങുമെത്താത്ത തർക്കങ്ങളിൽ ആഴ്ത്തിക്കളഞ്ഞു. മനുഷ്യാവകാശ പ്രമാണത്തിൽ കൺഫ്യുഷ്യസിന്റെ തത്ത്വശാസ്ത്രം ഉൾപ്പെടുത്തണമെന്ന് ചൈനീസ് പ്രതിനിധി ആവശ്യപ്പെട്ടപ്പോൾ, കമ്മീഷനിലെ ഒരു കത്തോലിക്കാ അംഗം തോമസ് അക്വിനാസിന്റെ ഉപദേശങ്ങൾ അതിൽ വേണമെന്നു ശഠിച്ചു, ഐക്യനാടുകൾ ആകട്ടെ അമേരിക്കൻ അവകാശ ബിൽ ഉയർത്തിപ്പിടിച്ചു, സോവിയറ്റുകാരുടെ ആഗ്രഹമാണെങ്കിലോ കാൾ മാർക്സിന്റെ ആശയങ്ങൾ ഉൾപ്പെടുത്തണം എന്നായിരുന്നു—ഇവ ഉയർന്നുവന്ന ശക്തമായ അഭിപ്രായങ്ങളിൽ ചിലതു മാത്രം!
കമ്മീഷൻ അംഗങ്ങളുടെ തുടർന്നുപോന്ന ശണ്ഠ ശ്രീമതി റൂസ്വെൽറ്റിന്റെ ക്ഷമയെ പരീക്ഷിച്ചു. ഒരു വലിയ കുടുംബത്തിന്റെ കാര്യങ്ങൾ നോക്കിനടത്തിയത് തന്നെ പരമാവധി ക്ഷമ പഠിപ്പിച്ചുവെന്നു താൻ വിചാരിച്ചിരുന്നതായി 1948-ൽ പാരീസിലെ സോർബോണിൽ നടത്തിയ ഒരു പ്രസംഗത്തിൽ അവർ സൂചിപ്പിച്ചു. എന്നാൽ, “മനുഷ്യാവകാശ കമ്മീഷന്റെ ആധ്യക്ഷം വഹിക്കാൻ അതിനെക്കാൾ സഹനം വേണ്ടിവന്നു” എന്ന് അവർ പറഞ്ഞതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു. ആ പ്രസ്താവം സദസ്സിനെ സന്തോഷിപ്പിച്ചു.
എങ്കിലും, ഒരു മാതാവ് എന്ന നിലയിലുള്ള അവരുടെ അനുഭവജ്ഞാനം ഗുണകരമെന്നു തെളിഞ്ഞു. കമ്മീഷൻ അംഗങ്ങളോടു ശ്രീമതി റൂസ്വെൽറ്റ് ഇടപെട്ട വിധം, “ബഹളം വെക്കുന്ന, ചിലപ്പോഴൊക്കെ കുസൃതിത്തരം കാണിക്കുന്ന, എങ്കിലും നല്ലവരായ, ഇടയ്ക്കിടയ്ക്കു ബലമായി ശാസിച്ച് ഇരുത്തേണ്ടിവരുന്ന ആൺമക്കൾ അടങ്ങുന്ന ഒരു വലിയ കുടുംബത്തിന്റെ കാര്യം നോക്കുന്ന” ഒരു മാതാവിനെയാണ് അനുസ്മരിപ്പിച്ചതെന്ന് അന്നത്തെ ഒരു റിപ്പോർട്ടർ എഴുതി. (എലനോർ റൂസ്വെൽറ്റ്—സ്വകാര്യവും പരസ്യവുമായ ജീവിതം, ഇംഗ്ലീഷ്) ദൃഢതയും അതുപോലെതന്നെ ആർദ്രതയും കാട്ടിയ അവർക്ക്, തന്നോട് എതിർക്കുന്നവരെ ശത്രുക്കളാക്കാതെതന്നെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞു.
തത്ഫലമായി, രണ്ടു വർഷക്കാലത്തെ യോഗങ്ങൾ, നൂറു കണക്കിനു ഭേദഗതികൾ, ആയിരക്കണക്കിനു പ്രസ്താവനകൾ, 1,400 പ്രാവശ്യം ഫലത്തിൽ ഓരോ വാക്കിനെയും വാക്യാംശത്തെയും കുറിച്ച് നടത്തിയ വോട്ടെടുപ്പുകൾ എന്നിവയ്ക്കെല്ലാം ശേഷം, ലോകത്തിൽ എവിടെയുമുള്ള ഏതൊരു പുരുഷനും സ്ത്രീക്കും അർഹതപ്പെട്ടതെന്ന് കമ്മീഷൻ വിശ്വസിച്ച മനുഷ്യാവകാശങ്ങൾ പട്ടികപ്പെടുത്തുന്ന ഒരു പ്രമാണം ഉണ്ടാക്കിയെടുക്കാൻ അതിനു സാധിച്ചു. സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം എന്ന് അതിനു പേരും നൽകി. അങ്ങനെ, ഒരിക്കൽ അസാധ്യം എന്നു തോന്നിയ ഒരു ദൗത്യം സഫലമായി.
വൻ പ്രതീക്ഷകൾ
തീർച്ചയായും, ഈ ആദ്യ കാഹള ഭേരിയിൽത്തന്നെ എതിർപ്പിന്റെ മതിൽക്കെട്ടുകൾ തകർന്നുവീഴുമെന്ന പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും, സാർവത്രിക പ്രഖ്യാപനം വലിയ പ്രതീക്ഷകൾ ഉണർത്തി. “ലോകത്തിൽ എങ്ങുമുള്ള ദശലക്ഷക്കണക്കിനു സ്ത്രീപുരുഷന്മാരും കുട്ടികളും—അവർ പാരീസിൽനിന്നും ന്യൂയോർക്കിൽനിന്നും അനേകം മൈലുകൾ അകലെയാണ് കഴിയുന്നതെങ്കിലും—സഹായത്തിനും മാർഗദർശനത്തിനും പ്രചോദനത്തിനുമായി ഈ പ്രമാണത്തിലേക്കു തിരിയും” എന്ന് ഐക്യരാഷ്ട്ര പൊതുസഭയുടെ അന്നത്തെ പ്രസിഡന്റായ ഓസ്ട്രേലിയയിലെ ഡോ. ഹെർബെർട്ട് വി. എവറ്റ് പ്രവചിച്ചു.
ഡോ. എവറ്റ് ആ പ്രസ്താവന നടത്തിയത് 50 വർഷം മുമ്പാണ്. ഈ 50 വർഷക്കാലത്ത്, തീർച്ചയായും ഒരു വഴികാട്ടിയെന്ന നിലയിൽ പലരും ആ പ്രഖ്യാപനത്തിലേക്കു നോക്കുകയും ലോകമെമ്പാടും മനുഷ്യാവകാശങ്ങൾ എത്രമാത്രം ആദരിക്കപ്പെടുന്നുണ്ട് എന്ന് അറിയുന്നതിനുള്ള ഒരു അളവുകോലായി അതിനെ ഉപയോഗിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ, അങ്ങനെ ചെയ്തപ്പോൾ അവർ എന്താണു കണ്ടെത്തിയത്? ഐക്യരാഷ്ട്ര അംഗരാഷ്ട്രങ്ങൾ ആ അളവുകോൽ അനുസരിച്ചാണോ പ്രവർത്തിക്കുന്നത്? ഇന്നു ലോകത്തിൽ മനുഷ്യാവകാശങ്ങളുടെ അവസ്ഥ എന്താണ്?
[അടിക്കുറിപ്പ്]
a 48 രാഷ്ട്രങ്ങൾ അനുകൂലിച്ച് വോട്ടു ചെയ്തു. ഒരു രാഷ്ട്രം പോലും എതിർത്തു വോട്ടു ചെയ്തില്ല. ഇന്ന്, 1948-ൽ വിട്ടുനിന്നവ ഉൾപ്പെടെ, ഐക്യരാഷ്ട്ര സഭയിൽ അംഗത്വമുള്ള 185 രാഷ്ട്രങ്ങളും ആ പ്രഖ്യാപനം അംഗീകരിച്ചിട്ടുണ്ട്.
[4-ാം പേജിലെ ചതുരം]
മനുഷ്യാവകാശങ്ങൾ എന്താണ്?
“സഹജമായി നമ്മുടെ ഭാഗമായിരിക്കുന്നതും മനുഷ്യരായി ജീവിക്കാൻ അത്യന്താപേക്ഷിതവുമായ അവകാശങ്ങൾ” എന്നാണ് ഐക്യരാഷ്ട്രങ്ങൾ മനുഷ്യാവകാശങ്ങളെ നിർവചിക്കുന്നത്. മനുഷ്യാവകാശങ്ങൾ ഉചിതമായിത്തന്നെ “മാനവരാശിയുടെ പൊതുഭാഷ” എന്നും വർണിക്കപ്പെട്ടിരിക്കുന്നു. ഒരു ഭാഷ സംസാരിക്കാൻ പഠിക്കുന്നതിനുള്ള കഴിവ് മനുഷ്യരെ വ്യത്യസ്തരാക്കി നിർത്തുന്ന ഒരു സഹജ ഗുണമാണ്. അതുപോലെ, ഭൂമിയിലെ മറ്റു ജീവികളിൽനിന്നു നമ്മെ വ്യത്യസ്തരാക്കുന്ന അനേകം സഹജമായ ആവശ്യങ്ങളും ഗുണങ്ങളും ഉണ്ട്. ഉദാഹരണത്തിന്, മനുഷ്യർക്ക് അറിവിന്റെ ആവശ്യമുണ്ട്, കലാവാസനകൾ പ്രകടമാക്കേണ്ടതിന്റെ ആവശ്യമുണ്ട്, ആത്മീയതയുടെ ആവശ്യമുണ്ട്. ഇത്തരം അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കപ്പെടുന്ന ഒരാൾ മനുഷ്യരെക്കാൾ അധമമായ അവസ്ഥയിൽ കഴിയാൻ നിർബന്ധിതനാകുന്നു. അങ്ങനെ അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കപ്പെടുന്നതിൽനിന്നു മനുഷ്യരെ സംരക്ഷിക്കാൻ “‘മനുഷ്യാവശ്യങ്ങൾ’ എന്നതിനു പകരം ‘മനുഷ്യാവകാശങ്ങൾ’ എന്ന പദം നാം ഉപയോഗിക്കുന്നു. കാരണം, നിയമപരമായി പറഞ്ഞാൽ ‘ആവശ്യം’ എന്നത് ‘അവകാശം’ എന്ന വാക്കിനോളം ശക്തമല്ല. ആവശ്യത്തെ ‘അവകാശം’ എന്നു വിളിക്കുന്നതിനാൽ, മനുഷ്യാവശ്യങ്ങളുടെ സാക്ഷാത്കരണത്തെ ധാർമികവും നിയമപരവുമായി ഏതൊരു മനുഷ്യനും അർഹതപ്പെട്ട ഒന്നിന്റെ തലത്തിലേക്കു നാം ഉയർത്തുകയാണ്” എന്ന് ഒരു മനുഷ്യാവകാശ അഭിഭാഷക വിശദീകരിക്കുന്നു.
[5-ാം പേജിലെ ചതുരം/ചിത്രം]
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം
എഴുത്തുകാരനും നോബൽ സമ്മാന ജേതാവുമായ അല്യിക്സാണ്ടർ സോൾഷനിറ്റ്സൺ സാർവത്രിക പ്രഖ്യാപനത്തെ വിളിച്ചത് ഐക്യരാഷ്ട്രങ്ങൾ എഴുതിയിട്ടുള്ളതിൽ വെച്ച് “ഏറ്റവും മികച്ച പ്രമാണം” എന്നാണ്. അതിനോടു പലരും യോജിക്കുന്നതിന്റെ കാരണം ആ പ്രഖ്യാപനത്തിന്റെ ഉള്ളടക്കം പരിശോധിച്ചാൽ വ്യക്തമാകും.
മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ അടിസ്ഥാന തത്ത്വസംഹിത അതിന്റെ 1-ാം വകുപ്പിൽ ഉൾക്കൊണ്ടിരിക്കുന്നു: “സ്വതന്ത്രരും അതുപോലെ മാന്യതയിലും അവകാശങ്ങളിലും തുല്യരും ആയാണ് സകല മനുഷ്യരും ജനിക്കുന്നത്. ന്യായബോധവും മനസ്സാക്ഷിയും ഉള്ള അവർ സാഹോദര്യ മനോഭാവത്തോടെ അന്യോന്യം ഇടപെടേണ്ടതുണ്ട്.”
സാർവത്രിക പ്രഖ്യാപനം എഴുതിയുണ്ടാക്കിയവർ ഈ അടിസ്ഥാനത്തിന്മേൽ രണ്ടു കൂട്ടം മനുഷ്യാവകാശങ്ങൾ ഉറപ്പാക്കി. ആദ്യ വിഭാഗത്തിൽ പെടുന്ന മനുഷ്യാവകാശങ്ങൾ 3-ാം വകുപ്പിൽ വിവരിച്ചിരിക്കുന്നു: “ജീവിക്കാനും അതുപോലെ വ്യക്തിസ്വാതന്ത്ര്യവും സുരക്ഷിതത്വവും ആസ്വദിക്കാനുമുള്ള അവകാശം ഏതൊരു വ്യക്തിക്കുമുണ്ട്.” ഈ വകുപ്പ് 4 മുതൽ 21 വരെയുള്ള വകുപ്പുകളിൽ പട്ടികപ്പെടുത്തിയിരിക്കുന്ന മനുഷ്യന്റെ പൗരസംബന്ധവും രാഷ്ട്രീയവുമായ അവകാശങ്ങൾക്ക് അടിത്തറയായി വർത്തിക്കുന്നു. രണ്ടാമത്തെ വിഭാഗത്തിൽപ്പെട്ട അവകാശങ്ങൾ അടിസ്ഥാനപ്പെട്ടിരിക്കുന്നത് 22-ാം വകുപ്പിലാണ്. “സ്വന്തം മാന്യതയ്ക്കും സ്വതന്ത്ര വ്യക്തിത്വ വികാസത്തിനും അനുപേക്ഷണീയമായ” അവകാശങ്ങളുടെ സാക്ഷാത്കാരത്തിന് ഏതൊരാളും അർഹനാണ് എന്ന് ആ വകുപ്പ് ഭാഗികമായി പ്രസ്താവിക്കുന്നു. മനുഷ്യന്റെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങൾ വ്യക്തമാക്കുന്ന 23 മുതൽ 27 വരെയുള്ള വകുപ്പുകളെ അതു പിന്താങ്ങുന്നു. മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളിൽ രണ്ടാമത്തെ വിഭാഗത്തിൽപ്പെട്ട അവകാശങ്ങളും ഉൾപ്പെടുന്നുവെന്ന് അംഗീകരിച്ച ആദ്യത്തെ അന്താരാഷ്ട്ര പ്രമാണം സാർവത്രിക പ്രഖ്യാപനം ആണ്. “മനുഷ്യാവകാശങ്ങൾ” എന്ന പ്രയോഗം ഉപയോഗിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര പ്രമാണവും അതുതന്നെ.
സാർവത്രിക പ്രഖ്യാപനം നമ്മോട് എന്താണു പറയുന്നതെന്നു ബ്രസീലിലെ സാമൂഹിക ശാസ്ത്രജ്ഞയായ റൂത്തി റോഷ വ്യക്തമായ ഭാഷയിൽ വിശദീകരിക്കുന്നു: “നിങ്ങൾ ഏതു വർഗക്കാരനാണ് എന്നതു പ്രശ്നമല്ല. നിങ്ങൾ പുരുഷനാണോ സ്ത്രീയാണോ എന്നതു പ്രശ്നമല്ല. നിങ്ങൾ സംസാരിക്കുന്ന ഭാഷ, നിങ്ങളുടെ മതം, രാഷ്ട്രീയ അഭിപ്രായങ്ങൾ, രാജ്യം, അല്ലെങ്കിൽ കുടുംബം ഏതാണ് എന്നതു പ്രശ്നമല്ല. നിങ്ങൾ ധനികനാണോ ദരിദ്രനാണോ എന്നതു പ്രശ്നമല്ല. നിങ്ങൾ ലോകത്തിൽ എവിടെ ജീവിക്കുന്നു എന്നതും നിങ്ങളുടെ രാഷ്ട്രത്തിൽ രാജവാഴ്ചയാണോ റിപ്പബ്ലിക് ഭരണമാണോ ഉള്ളത് എന്നതും പ്രശ്നമല്ല. ഈ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും എല്ലാവർക്കും വേണ്ടി ഉള്ളതാണ്.”
സാർവത്രിക പ്രഖ്യാപനം അംഗീകരിക്കപ്പെട്ടതു മുതൽ അത് 200-ലധികം ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്, അതു പല രാഷ്ട്രങ്ങളുടെയും ഭരണഘടനകളുടെ ഭാഗമായിത്തീരുകയും ചെയ്തിരിക്കുന്നു. എങ്കിലും ആ പ്രഖ്യാപനം തിരുത്തി എഴുതേണ്ടതാണെന്ന് ഇന്നു ചില നേതാക്കന്മാർ വിചാരിക്കുന്നു. എന്നാൽ ഐക്യരാഷ്ട്ര സെക്രട്ടറി ജനറലായ കോഫി ആന്നൻ അതിനോടു വിയോജിക്കുന്നു. “ബൈബിളോ ഖുർആനോ തിരുത്തി എഴുതേണ്ടതില്ലാത്തതു പോലെ, ഈ പ്രഖ്യാപനവും തിരുത്തി എഴുതേണ്ടതില്ല. മാറ്റം വരേണ്ടത് സാർവത്രിക പ്രഖ്യാപനത്തിന്റെ പാഠഭാഗത്തിനല്ല, പിന്നെയോ അത് അനുസരിക്കേണ്ടവരുടെ പെരുമാറ്റത്തിനാണ്” എന്ന് അദ്ദേഹം പറഞ്ഞതായി ഐക്യരാഷ്ട്രങ്ങളുടെ ഔദ്യോഗിക സ്ഥാനത്തുള്ള ഒരു വനിത ഉദ്ധരിക്കുന്നു.
ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ കോഫി ആന്നൻ
[കടപ്പാട്]
UN/DPI photo by Evan Schneider (Feb97)
[3-ാം പേജിലെ ചിത്രം]
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം പിടിച്ചുകൊണ്ടു നിൽക്കുന്ന ശ്രീമതി റൂസ്വെൽറ്റ്
[കടപ്പാട്]
ശ്രീമതി റൂസ്വെൽറ്റ്, 3, 5,7 പേജുകളിലെ ചിഹ്നം: UN photo