29-ാം നിലയിൽ നിന്നുള്ള വീക്ഷണം
ന്യൂയോർക്ക് നഗരത്തിലെ ഐക്യരാഷ്ട്ര മന്ദിരത്തിന്റെ 29-ാം നിലയിലെത്തി ലിഫ്റ്റിൽനിന്ന് ഇറങ്ങുമ്പോൾ, മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസിലേക്കുള്ള വഴി വ്യക്തമാക്കുന്ന നീല നിറത്തിലുള്ള ഒരു ചെറിയ അടയാളം കാണാം. ഈ ഏകോപന ഓഫീസ് ഐക്യരാഷ്ട്ര മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ ശ്രദ്ധാകേന്ദ്രമായ, സ്വിറ്റ്സർലൻഡിലെ ജനീവയിലുള്ള, മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസിന്റെ ആസ്ഥാനത്തെ പ്രതിനിധാനം ചെയ്യുന്നു. ജനീവയിലെ ഹൈക്കമ്മീഷണറുടെ ഓഫീസിന്റെ തലപ്പത്തുള്ളത് മനുഷ്യാവകാശ ഹൈക്കമ്മീഷണറായ മേരി റോബിൻസൺ ആണ്. എന്നാൽ, ന്യൂയോർക്ക് ഓഫീസിലെ പ്രമുഖ സ്ഥാനം വഹിക്കുന്നത് ഗ്രീസ്സുകാരിയായ എൽസ സ്റ്റാമാറ്റൊപൂലൂ ആണ്. ഈ വർഷം ആദ്യം ഉണരുക!യുടെ ഒരു സ്റ്റാഫ് ലേഖകനെ സസന്തോഷം സ്വീകരിച്ച ശ്രീമതി സ്റ്റാമാറ്റൊപൂലൂ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടു കാലത്തെ മനുഷ്യാവകാശ പ്രവർത്തനങ്ങളെക്കുറിച്ചു പറയുകയുണ്ടായി. അവരുമായുള്ള അഭിമുഖത്തിന്റെ ചില പ്രസക്ത ഭാഗങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.
ചോ. മനുഷ്യാവകാശങ്ങൾ ഉന്നമിപ്പിക്കുന്നതിൽ എന്തെല്ലാം പുരോഗതി ഉണ്ടായിട്ടുണ്ടെന്നാണ് നിങ്ങൾ കരുതുന്നത്?
ഉ. പുരോഗതിയുടെ മൂന്ന് വശങ്ങൾ ഞാൻ പറയാം: ഒന്ന്, 50 വർഷം മുമ്പ് മനുഷ്യാവകാശങ്ങൾ എന്ന ആശയം പോലും അന്താരാഷ്ട്ര അജണ്ടയിൽ ഇല്ലായിരുന്നു; ഇന്ന് അത് എവിടെയും കാണാം, പ്രവർത്തന പഥത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലുമാണ്. ഏതാനും ദശകങ്ങൾക്കു മുമ്പ് മനുഷ്യാവകാശങ്ങളെ കുറിച്ച് കേട്ടിട്ടു പോലുമില്ലാഞ്ഞ ഗവൺമെന്റുകൾ ഇപ്പോൾ അവയെക്കുറിച്ചു സംസാരിക്കുന്നു. രണ്ട്, ഇപ്പോൾ ഞങ്ങൾക്ക് ഒരു അന്താരാഷ്ട്ര നിയമസംഹിത അഥവാ നിയമപുസ്തകം ഉണ്ട്. ഗവൺമെന്റുകൾക്കു ജനങ്ങളോടുള്ള കടമകൾ ലിഖിത രൂപത്തിൽ പ്രസ്താവിക്കുന്ന നിരവധി വ്യവസ്ഥകൾ അടങ്ങിയതാണ് അത്. [7-ാം പേജിലുള്ള “അന്താരാഷ്ട്ര മനുഷ്യാവകാശ ബിൽ” എന്ന ചതുരം കാണുക.] അനേക വർഷം കഠിന വേല ചെയ്താണ് ആ സംഹിത സമാഹരിച്ചെടുത്തത്. അതിൽ ഞങ്ങൾക്കു വലിയ അഭിമാനം ഉണ്ട്. മൂന്ന്, മുമ്പെന്നത്തെക്കാളും അധികം ആളുകൾ ഇന്നു മനുഷ്യാവകാശ പ്രസ്ഥാനങ്ങളിൽ പങ്കെടുക്കുന്നു. മനുഷ്യാവകാശ പ്രശ്നങ്ങൾ സംബന്ധിച്ച തങ്ങളുടെ അഭിപ്രായങ്ങൾ വ്യക്തമായി അവതരിപ്പിക്കാനും അവർക്കു കഴിയുന്നു.
ചോ. പ്രതിബന്ധങ്ങൾ എന്തെല്ലാമാണ്?
ഉ. തീർച്ചയായും, ഞങ്ങൾ നിരാശാജനകമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട് എന്ന് ഐക്യരാഷ്ട്ര മനുഷ്യാവകാശ പരിപാടികളിൽ 17 വർഷം പ്രവർത്തിച്ച എനിക്ക് പറയാനാകും. അതിൽ ഏറ്റവും വലുത്, ഗവൺമെന്റുകൾ മിക്കപ്പോഴും മനുഷ്യാവകാശങ്ങളെ മനുഷ്യത്വപരമായ ഒരു വിഷയമായിട്ടല്ല, പിന്നെയോ രാഷ്ട്രീയ വിഷയമായിട്ടാണു വീക്ഷിക്കുന്നത് എന്നതാണ്. രാഷ്ട്രീയ ഭീഷണികൾ നേരിടുന്നതു നിമിത്തം മനുഷ്യാവകാശ കരാറുകൾ നടപ്പാക്കാൻ അവ മനസ്സൊരുക്കം കാണിക്കാതിരുന്നേക്കാം. അത്തരം സാഹചര്യങ്ങളിൽ, മനുഷ്യാവകാശ കരാറുകൾ കടലാസ്സിൽ മാത്രം ഒതുങ്ങുന്നു. മുൻ യൂഗോസ്ലാവിയയിലും റുവാണ്ടയിലും, കുറെക്കൂടി അടുത്ത കാലത്ത്, അൾജീറിയയിലും മറ്റും നടന്നതു പോലുള്ള കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ തടയുന്നതിൽ ഐക്യരാഷ്ട്രങ്ങൾക്കു സംഭവിച്ച പരാജയമാണ് മറ്റൊരു തിരിച്ചടി. ആ രാജ്യങ്ങളിൽ നടമാടിയ കൂട്ടക്കൊലകൾ തടയാൻ ഐക്യരാഷ്ട്രങ്ങൾക്കു കഴിയാതെ പോയത് ഒരു കനത്ത പരാജയം ആയിരുന്നു. മനുഷ്യാവകാശ സംരക്ഷണത്തിനുള്ള സംവിധാനം നിലവിലുണ്ട്. എന്നാൽ, അവയെ പ്രവൃത്തിപഥത്തിൽ കൊണ്ടുവരാൻ ഒരാൾ വേണം. ആ ഒരാൾ ആരായിരിക്കും? സ്വന്തം താത്പര്യങ്ങൾ അപകടത്തിൽ ആകാത്തപക്ഷം, സംരക്ഷണം നൽകാൻ കഴിവുള്ള രാഷ്ട്രങ്ങൾ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കുന്നതിന് ഇറങ്ങിത്തിരിക്കുന്നതിനുള്ള രാഷ്ട്രീയ മനസ്സൊരുക്കം മിക്കപ്പോഴും കാണിക്കുന്നില്ല.
ചോ. ഭാവിയിലേക്കു നോക്കുമ്പോൾ എന്തു പറയാൻ കഴിയും?
ഉ. സകലർക്കും മനുഷ്യാവകാശങ്ങൾ എന്ന ലക്ഷ്യത്തിലേക്കു നയിക്കുന്ന പാതയിൽ ഭീഷണിയും വിജയസൂചനയും എനിക്കു കാണാം. എന്നെ ആകുലപ്പെടുത്തുന്നത് സമ്പദ്വ്യവസ്ഥയുടെ ആഗോളവത്കരണം ഉയർത്തുന്ന ഭീഷണിയാണ്. കുറഞ്ഞ തൊഴിൽ വേതനം കൊടുത്താൽ മതിയാകുന്ന രാജ്യങ്ങളിൽ തങ്ങളുടെ സംരംഭങ്ങൾ സ്ഥാപിക്കാൻ വലിയ കോർപ്പറേഷനുകളെ അതു പ്രേരിപ്പിക്കുന്നു. ഇന്ന്, മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ വേണമെങ്കിൽ ഗവൺമെന്റുകളെ കുറ്റപ്പെടുത്താനും അവയുടെമേൽ സമ്മർദം പ്രയോഗിക്കാനും ഞങ്ങൾക്കു കഴിയും. എന്നാൽ ബഹുകക്ഷി വാണിജ്യ കരാറുകൾ ഗവൺമെന്റുകളിൽനിന്നു കൂടുതൽ കൂടുതൽ അധികാരം ആഗോള സാമ്പത്തിക സ്വാധീന ഘടകങ്ങളിലേക്കു മാറ്റുമ്പോൾ, അത്തരം ലംഘനങ്ങൾക്ക് ആരെ കുറ്റപ്പെടുത്താനാകും? ഈ സാമ്പത്തിക സ്വാധീന ഘടകങ്ങളെ നിയന്ത്രിക്കുന്നത് ഞങ്ങൾ അല്ലാത്തതിനാൽ, ഐക്യരാഷ്ട്രങ്ങൾ പോലെ ബഹുരാഷ്ട്ര അംഗത്വമുള്ള സംഘടനകളുടെ സ്വാധീനം അതു ദുർബലമാക്കുന്നു. മനുഷ്യാവകാശങ്ങളെ സംബന്ധിച്ചിടത്തോളം ഈ പ്രവണത വിനാശകരമാണ്. മനുഷ്യാവകാശ പ്രസ്ഥാനമാകുന്ന കപ്പലിൽ സ്വകാര്യ മേഖലയെ കൂടി കയറ്റേണ്ടത് ഇപ്പോൾ വളരെ അനിവാര്യം ആയിത്തീർന്നിരിക്കുന്നു.
ചോ. വിജയസൂചനയുടെ കാര്യമോ?
ഉ. ആഗോള മനുഷ്യാവകാശ സംസ്കാരത്തിന്റെ ഉദയമാണ് അത്. വിദ്യാഭ്യാസത്തിലൂടെ മനുഷ്യാവകാശങ്ങൾ സംബന്ധിച്ച് നാം ആളുകളെ കൂടുതൽ ബോധവാന്മാരാക്കണം എന്നാണ് ഞാൻ അർഥമാക്കുന്നത്. തീർച്ചയായും അതൊരു കനത്ത വെല്ലുവിളിയാണ്. കാരണം, ആളുകളുടെ മനോഭാവത്തിനാണു മാറ്റം വരേണ്ടത്. അതുകൊണ്ടാണ്, ആളുകളെ തങ്ങളുടെ അവകാശങ്ങൾ സംബന്ധിച്ചും രാഷ്ട്രങ്ങളെ അവയുടെ ചുമതലകൾ സംബന്ധിച്ചും പഠിപ്പിക്കുന്നതിനുള്ള പൊതുജന വിജ്ഞാന പരിപാടിക്ക് പത്തു വർഷം മുമ്പ് ഐക്യരാഷ്ട്രങ്ങൾ ലോകവ്യാപകമായി തുടക്കമിട്ടത്. മാത്രമല്ല, 1995 മുതൽ 2004 വരെയുള്ള വർഷങ്ങളെ ഐക്യരാഷ്ട്രങ്ങൾ “മനുഷ്യാവകാശ വിദ്യാഭ്യാസ ദശകം” ആയി പ്രഖ്യാപിച്ചിരിക്കുകയുമാണ്. വിദ്യാഭ്യാസം ആളുകളുടെ മനസ്സിനും ഹൃദയത്തിനും മാറ്റം വരുത്തുമെന്നാണു പ്രതീക്ഷ. ഇതൊരു സുവിശേഷ പ്രസംഗം പോലെ തോന്നിയേക്കാം, എന്നാൽ മനുഷ്യാവകാശ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അതു വിജയിക്കുമെന്ന ശുഭാപ്തി വിശ്വാസം എനിക്കുണ്ട്. അടുത്ത നൂറ്റാണ്ടിൽ, ലോകം മനുഷ്യാവകാശ സംസ്കാരത്തെ അതിന്റെ പ്രത്യയശാസ്ത്രമായി സ്വീകരിക്കുമെന്നാണ് എന്റെ പ്രതീക്ഷ.
[7-ാം പേജിലെ ചതുരം]
അന്താരാഷ്ട്ര മനുഷ്യാവകാശ ബിൽ
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം കൂടാതെതന്നെ അന്താരാഷ്ട്ര മനുഷ്യാവകാശ ബില്ലും നിലവിലുണ്ട്. അവ എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു?
അന്താരാഷ്ട്ര മനുഷ്യാവകാശ ബില്ലിനെ അഞ്ച് അധ്യായങ്ങൾ ഉള്ള ഒരു പുസ്തകത്തോടു താരതമ്യം ചെയ്യുകയാണെങ്കിൽ, സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തെ അതിലെ ആദ്യത്തെ അധ്യായത്തോട് ഉപമിക്കാവുന്നതാണ്. 2-ഉം 3-ഉം അധ്യായങ്ങൾ, അന്താരാഷ്ട്ര പൗര, രാഷ്ട്രീയ അവകാശ ഉടമ്പടിയും അന്താരാഷ്ട്ര സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശ ഉടമ്പടിയുമാണ്. 4-ഉം 5-ഉം അധ്യായങ്ങളിൽ അടങ്ങിയിരിക്കുന്നത് ഐച്ഛിക പെരുമാറ്റച്ചട്ടം (Optional Protocol) ആണ്.
രാഷ്ട്രങ്ങൾക്ക് എന്തു ചെയ്യാനുള്ള ബാധ്യസ്ഥത ഉണ്ട് എന്നു പറയുന്ന സാർവത്രിക പ്രഖ്യാപനത്തിനു ധാർമിക മൂല്യം ഉള്ളതായി കരുതപ്പെടുന്നു. എന്നാൽ, രാഷ്ട്രങ്ങൾ എന്തു ചെയ്യണമെന്നു പറയുന്ന കൂടുതലായ നാലു പ്രമാണങ്ങൾ നിയമപരമായ പ്രയുക്തത ഉള്ളവയാണ്. ആ പ്രമാണങ്ങൾ തയ്യാറാക്കാൻ തുടങ്ങിയത് 1949-ൽ ആണെങ്കിലും, അവ പ്രാബല്യത്തിൽ വരാൻ പല ദശകങ്ങൾ വേണ്ടിവന്നു. ഈ നാലു പ്രമാണങ്ങളും സാർവത്രിക പ്രഖ്യാപനവും ചേർന്നതാണ് ഇന്നത്തെ അന്താരാഷ്ട്ര മനുഷ്യാവകാശ ബിൽ.
ഈ അന്താരാഷ്ട്ര ബിൽ കൂടാതെ, വേറെ 80-തിലധികം മനുഷ്യാവകാശ ഉടമ്പടികൾ കൂടി ഐക്യരാഷ്ട്രങ്ങൾ അംഗീകരിച്ചിട്ടുണ്ട്. “അതിനാൽ, അന്താരാഷ്ട്ര ബില്ലിലെ മനുഷ്യാവകാശ ഉടമ്പടികളാണ് കൂടുതൽ പ്രധാനമെന്നു വിചാരിക്കുന്നതു ശരിയായിരിക്കില്ല” എന്ന് ഒരു മനുഷ്യാവകാശ വിദഗ്ധ അഭിപ്രായപ്പെടുന്നു. “ഉദാഹരണത്തിന്, 1990-ൽ ഉണ്ടാക്കിയ ബാലജന അവകാശ ഉടമ്പടി ആണ് ഐക്യരാഷ്ട്രങ്ങളുടെ ഏറ്റവും വ്യാപകമായി അംഗീകരിക്കപ്പെടുന്നതും സാർവത്രികവുമായ പ്രമാണം. എന്നിട്ടും, അത് അന്താരാഷ്ട്ര ബില്ലിന്റെ ഭാഗമല്ല. ‘അന്താരാഷ്ട്ര മനുഷ്യാവകാശ ബിൽ’ എന്ന പദപ്രയോഗം ഒരു ഔപചാരിക ആശയം എന്നതിലുപരി പൊതുജന ശ്രദ്ധയ്ക്കു വേണ്ടി ഉണ്ടാക്കിയ ഒന്നാണ്. അത് ആകർഷകമായ ഒരു പദപ്രയോഗം ആണ് എന്നതിനോടു നിങ്ങളും യോജിക്കും.”
[അടിക്കുറിപ്പ്]
ഈ ലേഖനം എഴുതുന്ന സമയത്ത് ബാലജന അവകാശ ഉടമ്പടി അംഗീകരിക്കുന്ന 191 രാഷ്ട്രങ്ങൾ ഉണ്ട് (ഐക്യരാഷ്ട്ര അംഗത്വമുള്ള 183 രാഷ്ട്രങ്ങളും അംഗത്വമില്ലാത്ത 8 രാഷ്ട്രങ്ങളും). രണ്ടു രാഷ്ട്രങ്ങൾ മാത്രമേ അത് അംഗീകരിക്കാത്തതായി ഉള്ളൂ: ഐക്യനാടുകളും സൊമാലിയയും.
[6-ാം പേജിലെ ചിത്രം]
എൽസ സ്റ്റാമാറ്റൊപൂലൂ
[കടപ്പാട്]
UN/DPI photo by J. Isaac