അവരുടെ മനസ്സിൽ പതിഞ്ഞ ഒരു ഗീതം
“‘മഹാനാം യഹോവ തന്റെ മഹത്ത്വത്തിൽ സിംഹാസനാരൂഢനായിരിക്കുന്നു’ എന്ന വാക്കുകളോടെയുള്ള ഒരു കീർത്തനം ഞാൻ സ്കൂളിൽവെച്ച് ആലപിച്ചു. ഞാൻ മിക്കപ്പോഴും ചിന്തിക്കുമായിരുന്നു, ‘ആരാണ് ഈ യഹോവ?’”
ഒരു യഹോവയുടെ സാക്ഷിയായിത്തീർന്ന ഗ്വെൻ ഗൂച്ചിന്റേതാണ് ആ വാക്കുകൾ. അവരുടെ ജീവിതകഥ വീക്ഷാഗോപുരത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.a അതു വായിക്കാനിടയായ, യു.എസ്.എ-യിലെ വാഷിങ്ടണിലുള്ള സിയാറ്റ്ലിൽ താമസിക്കുന്ന വിറാ എന്നൊരു സ്ത്രീ തനിക്കും സമാനമായ ഒരു അനുഭവം ഉണ്ടായതായി അനുസ്മരിക്കുന്നു.
ഒരു ഗീതം കേട്ടശേഷം ഗ്വെന്നിനെ പോലെതന്നെ വിറായ്ക്കും യഹോവ ആരായിരിക്കും എന്ന് അറിയാൻ അതിയായ ആകാംക്ഷ തോന്നി. 1949-ൽ വിറായുടെ സഹോദരൻ യഹോവയെ കുറിച്ച്, ബൈബിളിലെ ദൈവത്തിന്റെ വ്യക്തിപരമായ പേരിനെ കുറിച്ച് പറഞ്ഞപ്പോൾ അവർക്കു സംതൃപ്തിയായി.
വിറാ ഒരു യഹോവയുടെ സാക്ഷിയായിട്ട് ഇപ്പോൾ ഏതാണ്ട് അര നൂറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. എന്നാൽ ഹൈസ്കൂളിൽ പഠിക്കുമ്പോൾ കേട്ട ആ സ്തുതിഗീതം ഇപ്പോഴും അവരുടെ ഓർമയിലുണ്ട്. “ആ ഗീതത്തിന്റെ രചയിതാവ് ആരെന്നു കണ്ടുപിടിക്കാൻ ഞാൻ വർഷങ്ങളോളം ശ്രമിച്ചു,” അവർ പറയുന്നു. ഒടുവിൽ ഒരു സംഗീത സ്റ്റോറിന്റെ സഹായത്തോടെ അവർക്ക് അതിനു കഴിഞ്ഞു. 1825-ൽ ഫ്രാന്റ്സ് ഷൂബർട്ട് രചിച്ചതാണ് ആ ഗീതം. ഗീതത്തിന്റെ വരികൾ യഹോവയെ സ്തുതിച്ചുകൊണ്ടുള്ളവയാണ്. ആ വരികളിൽ ചിലത് ഇവയാണ്:
“കർത്താവാം യഹോവ, ശ്രേഷ്ഠൻ! ഭൂവാനങ്ങൾ ഘോഷിപ്പൂ തൻ മഹാ ശക്തിയെ. . . . കേൾപ്പതുണ്ടത്, ഉഗ്രമായെത്തുന്ന വന്യമാം കാറ്റിലും ഊറ്റമാം പ്രവാഹ ഹുങ്കാരധ്വനിയിലും . . . പച്ചമേലാപ്പണിഞ്ഞൊരാ കാനനത്തിൻ മർമരത്തിലും. കാണ്മതുണ്ടത് ഇളംതെന്നൽ അലകൾ തീർക്കും പൊന്നണിപ്പാടങ്ങളിലും സുഗന്ധസൂനങ്ങൾ നൃത്തമാടിടും വാടികകളിലും നക്ഷത്ര വിഭൂഷിതയാം നിശാനഭസ്സിലും . . . പ്രതിധ്വനിപ്പതുണ്ടത് മേഘങ്ങൾ തൻ ഗർജനത്തിലും വിളങ്ങുവതുണ്ടത് വിണ്ണിൽ പുളയും കൊള്ളിയാൻ ജ്വാലയിലും. എങ്കിലും ഹാ, അതിലും എത്രയോ ശ്രേഷ്ഠം നിൻ ഹൃത്തിൻ സ്പന്ദനങ്ങൾ ചൊല്ലും നിത്യനാഥനാം ദൈവമീ യാഹിന്റെ ശക്തിയെ. കൺകളുയർത്തുവിൻ അവങ്കലേക്ക്, ആശിക്കുവിൻ തൻ കൃപയും കരുണാ കടാക്ഷങ്ങളും. . . . മഹനീയൻ യഹോവ, നാഥൻ!”
വിറാ ഇങ്ങനെ പറയുന്നു: “ദൈവത്തിന്റെ നാമം അറിയുകയും അവനെ സ്തുതിക്കുകയും ചെയ്തിരുന്നവർ 1800-കളിലും ഉണ്ടായിരുന്നു എന്ന് ആളുകൾക്കു കാട്ടിക്കൊടുക്കാൻ ഞാൻ ഈ ഗീതത്തിന്റെ വരികൾ ചിലപ്പോഴൊക്കെ ഉപയോഗിച്ചിട്ടുണ്ട്.” ആദിമ കാലം മുതലേ ഗീതങ്ങളിലൂടെ യഹോവയെ സ്തുതിക്കാൻ വിശ്വസ്ത സ്ത്രീപുരുഷന്മാർ പ്രചോദിതരായിരുന്നിട്ടുണ്ട് എന്നതാണു വാസ്തവം. അത് എന്നെന്നും തുടരുകയും ചെയ്യും, കാരണം ഭൂവാനങ്ങളുടെ സ്രഷ്ടാവിനെ സ്തുതിക്കാനുള്ള കാരണങ്ങൾ അസംഖ്യമാണ്.
[അടിക്കുറിപ്പുകൾ]
a 1998 മാർച്ച് 1-ലെ വീക്ഷാഗോപുരം കാണുക.
[25-ാം പേജിലെ ചിത്രം]
വിറാ