നിങ്ങൾ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു എങ്ങനെ?
ജപ്പാനിലെ ഉണരുക! ലേഖകൻ
ഏതാണ്ട് ജനങ്ങളുടെ അത്രയുംതന്നെ ടെലിഫോണുകൾ ഉള്ള ജപ്പാനിൽ ദിവസവും 30 കോടിയിലധികം ഫോൺ വിളികൾ നടക്കുന്നു. കൂടാതെ, ജപ്പാനിലേക്ക് ദിവസവും 10 ലക്ഷം വിദേശ ഫോൺ കോളുകൾ വരാറുണ്ട്, വിദേശത്തേക്ക് അത്രതന്നെ കോളുകൾ പോകുന്നുമുണ്ട്.
ഒരുപക്ഷേ നിങ്ങളും ദിവസവും ടെലിഫോൺ ഉപയോഗിക്കുന്നുണ്ടാകാം. അതു സാധാരണ ഫോൺ ആകാം, അല്ലെങ്കിൽ മൊബൈൽ ഫോൺ ആകാം. ലോകം കൂടുതൽ പരിഷ്കൃതമായിത്തീർന്നുകൊണ്ടിരിക്കെ, അനേകരെ സംബന്ധിച്ചിടത്തോളം മറ്റേതെങ്കിലും ഭൂഖണ്ഡത്തിലുള്ള ഒരാളെ വിളിക്കുന്നത് വളരെ സാധാരണം ആയിത്തീർന്നിരിക്കുന്നു. എന്നാൽ നിങ്ങൾ ഉപയോഗിക്കുന്ന ടെലിഫോൺ നിങ്ങൾ വിളിക്കുന്ന ആളുടെ ടെലിഫോണുമായി എങ്ങനെയാണ് ബന്ധിക്കപ്പെട്ടിരിക്കുന്നത് എന്നു നിങ്ങൾക്ക് അറിയാമോ?
ടെലിഫോൺ ശൃംഖലവഴി ബന്ധിക്കപ്പെട്ടിരിക്കുന്നു
ഒന്നാമതായി, നിങ്ങളുടെ ഫോൺ ഒരു ടെലിഫോൺ ശൃംഖലയുമായി ബന്ധിപ്പിക്കേണ്ടിയിരിക്കുന്നു. ഒരു സാധാരണ ടെലിഫോണുമായി ബന്ധിച്ചിരിക്കുന്ന വയർ പോകുന്ന വഴി നോക്കിയാൽ, അത് ജങ്ഷൻ ബോക്സിലേക്ക് അഥവാ ഒരു മോഡുലാർ സോക്കറ്റിലേക്കു പോയിരിക്കുന്നതായും ആ സോക്കറ്റ് നിങ്ങളുടെ വീടിന്റെ വയറിങ്ങുമായി ബന്ധിച്ചിരിക്കുന്നതായും കാണാം.a വീണ്ടും അത് ഒരു പോസ്റ്റിലൂടെയോ മണ്ണിനടിയിലൂടെയോ നിങ്ങളുടെ പ്രദേശത്തെ ടെലിഫോൺ ഓഫീസിലുള്ള ടെലിഫോൺ എക്സ്ചേഞ്ചിലേക്കു പോകുന്ന കേബിളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നതായി കാണും. ഈ എക്സ്ചേഞ്ച് അതിനെക്കാൾ വലിയ ഒരു എക്സ്ചേഞ്ചുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെ ഒരു ടെലിഫോൺ ശൃംഖല ഉണ്ടാകുന്നു. നിങ്ങൾ സ്വന്തം പട്ടണത്തിലുള്ള ഒരു സുഹൃത്തിനു ഫോൺ ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ ടെലിഫോണും നിങ്ങളുടെ സുഹൃത്തിന്റെ ടെലിഫോണും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ശൃംഖലയിൽ ശബ്ദരൂപത്തിലുള്ള ഒരു സർക്കിട്ട് രൂപം കൊള്ളുന്നു.
അപ്പോൾ മൊബൈൽ ഫോണുകളോ? അവയെ എങ്ങനെയാണു ബന്ധിപ്പിച്ചിരിക്കുന്നത്? സാധാരണ ടെലിഫോണിന്റെ കാര്യത്തിൽ എന്നപോലെ ഇവിടെയും തത്ത്വം ഒന്നുതന്നെ ആണ്. ഒരു അദൃശ്യമായ “വയർ,” അതായത് ഒരു റേഡിയോ തരംഗം, നിങ്ങളുടെ സെല്ലുലാർ ഫോണിനെ അടുത്തുള്ള ഒരു മൊബൈൽ ടെലിഫോൺ എക്സ്ചേഞ്ചുമായി ബന്ധിപ്പിക്കുന്നു. തുടർന്ന് അത് ഒരു ടെലിഫോൺ ശൃംഖലയുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. എന്നാൽ മറ്റേതെങ്കിലും ഭൂഖണ്ഡത്തിലുള്ള ഒരാളുമായി നിങ്ങൾ സംസാരിക്കുകയാണെങ്കിലോ?
സമുദ്രാന്തര കേബിളുകൾ
ഒരു സമുദ്രത്താൽ വേർതിരിക്കപ്പെട്ടിരിക്കുന്ന രണ്ട് ഭൂഖണ്ഡങ്ങളെ തമ്മിൽ കേബിൾവഴി ബന്ധിപ്പിക്കുന്നത് ബൃഹത്തായ ഒരു സംരംഭമാണ്. അതിന്, സമുദ്രത്തിന് അടിയിൽ ആയിരക്കണക്കിനു കിലോമീറ്റർ ദൂരത്തിൽ സമുദ്രാന്തര കിടങ്ങുകൾക്കും പർവതങ്ങൾക്കും കുറുകേ കേബിളുകൾ സ്ഥാപിക്കേണ്ടതുണ്ട്. എന്നാൽ അങ്ങനെ ആയിരുന്നു ഭൂഖണ്ഡാന്തര ആശയവിനിമയ ബന്ധങ്ങളുടെ തുടക്കം. ഭൂഖണ്ഡങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സമുദ്രാന്തര ടെലിഫോൺ കേബിൾ ആദ്യമായി സ്ഥാപിച്ചത് 1956-ൽ ആണ്.b 36 ടെലിഫോൺ സർക്കിട്ടുകൾ വഹിക്കാൻ കഴിയുമായിരുന്ന ആ കേബിൾ സ്കോട്ട്ലൻഡിനെയും ന്യൂഫൗണ്ട്ലാൻഡിനെയും തമ്മിൽ ബന്ധിപ്പിച്ചു. ജപ്പാനും ഹവായിക്കും ഇടയിൽ പസഫിക് സമുദ്രത്തിനു കുറുകെ ആദ്യമായി കേബിൾ സ്ഥാപിച്ചത് 1964-ൽ ആയിരുന്നു. ആ കേബിളിന് 128 ടെലിഫോൺ സർക്കിട്ടുകൾ ഉണ്ടായിരുന്നു. തുടർന്ന് ഭൂഖണ്ഡങ്ങളെയും ദ്വീപുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നിരവധി സമുദ്രാന്തര കേബിളുകൾ സ്ഥാപിക്കപ്പെട്ടു.
ടെലിഫോൺ കണക്ഷനുകൾക്കായി സമുദ്രത്തിലൂടെ എങ്ങനെയുള്ള കേബിളുകളാണ് ഇടുന്നത്? ചെമ്പ് ചാലക വയറായും ചെമ്പ് അല്ലെങ്കിൽ അലൂമിനിയം ചാലക ഷെല്ലായും ഉള്ള കോ-ആക്സിയൽ കേബിളുകളാണ് തുടക്കത്തിൽ സാധാരണമായി ഉപയോഗിച്ചിരുന്നത്. അവസാനത്തെ കോ-ആക്സിയൽ കേബിളുകളിൽ ഒന്ന് ഇട്ടത് 1976-ൽ ആണ്. അതിന് 4,200 ശബ്ദ സർക്കിട്ടുകൾ വഹിക്കാനുള്ള പ്രാപ്തി ഉണ്ടായിരുന്നു. എന്നിരുന്നാലും, 1980-കളിൽ ഫൈബർ ഓപ്റ്റിക് കേബിളുകൾ ലഭ്യമായി. ഭൂഖണ്ഡങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ കേബിൾ 1988-ലാണ് സ്ഥാപിക്കുന്നത്. ഇതിന് ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരേസമയം 40,000 ടെലിഫോൺ സംഭാഷണങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷി ഉണ്ടായിരുന്നു. അതിനുശേഷം കേബിളുകളുടെ ശേഷി വർധിപ്പിച്ചിട്ടുണ്ട്. അറ്റ്ലാന്റിക് സമുദ്രത്തിനു കുറുകെ സ്ഥാപിച്ചിരിക്കുന്ന ചില കേബിളുകൾക്ക് 20 കോടി ടെലിഫോൺ സർക്കിട്ടുകൾ വഹിക്കുന്നതിനുള്ള പ്രാപ്തിയുണ്ടത്രേ!
ആശയവിനിമയത്തിനുള്ള ഈ കേബിളുകൾ എങ്ങനെയാണ് സമുദ്രത്തിനടിയിൽ സ്ഥാപിക്കുന്നത്? അവ വാസ്തവത്തിൽ സമുദ്രത്തിന്റെ അടിത്തട്ടിലൂടെ വലിച്ചിരിക്കുകയാണ്. തീരത്തിനടുത്തായി ഈ കേബിൾ ഉറപ്പുള്ള ഒരു കെയ്സിങ്ങിൽ ഉറപ്പിച്ചിരിക്കുന്നു, ഒരു റിമോട്ട് ഉപകരണം വഴി പ്രവർത്തിപ്പിക്കുന്ന ഒരു യന്ത്രം ഉപയോഗിച്ച് ഉണ്ടാക്കിയ ഒരു കുഴിയിലാണ് ഈ കെയ്സിങ് സ്ഥാപിച്ചിരിക്കുന്നത്. അതിനാൽ നങ്കൂരമോ മീൻവലയോ മൂലം അവയ്ക്കു കേടുപാടുകൾ സംഭവിക്കുകയില്ല. മറ്റൊരു ഭൂഖണ്ഡത്തിലെ സുഹൃത്തിന് നിങ്ങൾ ഫോൺ ചെയ്യുമ്പോൾ, സമുദ്രത്തിന് അടിയിലെ ഇത്തരം കേബിളുകളിൽ ഒന്നിൽക്കൂടി ആയിരിക്കാം നിങ്ങളുടെ ശബ്ദം പോകുന്നത്.
വിദൂര സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അദൃശ്യ കേബിളുകൾ
ഭൂഖണ്ഡങ്ങളെയും ദ്വീപുകളെയും തമ്മിൽ ബന്ധിപ്പിക്കാൻ കഴിയുന്ന ഏക മാർഗം വെള്ളത്തിന് അടിയിലൂടെയുള്ള കേബിളല്ല. ഒരു അദൃശ്യ “വയർ”—റേഡിയോ തരംഗം—കൂടെ സാധാരണ ഉപയോഗിക്കാറുണ്ട്. മൈക്രോവേവ് എന്നും വിളിക്കപ്പെടുന്ന ഇത്തരത്തിലുള്ള തരംഗം അന്താരാഷ്ട്ര വാർത്താവിനിമയത്തിനായി വിദൂര സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു. മൈക്രോ തരംഗങ്ങൾ നേർത്ത ഒരു പ്രകാശവീചി കണക്കെ നേർരേഖയിൽ സഞ്ചരിക്കുന്നതിനാൽ, അതിന്റെ സഞ്ചാരപഥത്തിലുള്ള കേന്ദ്രങ്ങളുമായേ അവയ്ക്കു ബന്ധം സ്ഥാപിക്കാനാകൂ. ഭൗമോപരിതലത്തിന്റെ വളവ് നിമിത്തം ഗോളത്തിന്റെ എതിർഭാഗത്തുള്ള സ്ഥലങ്ങളുമായി ഇതിനെ നേരിട്ടു ബന്ധിപ്പിക്കാനാവില്ല. അത്തരം സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതിന് ഉപഗ്രഹ വാർത്താവിനിമയ സംവിധാനം ആവശ്യമാണ്.
ഒരു ഉപഗ്രഹം ഭൂമധ്യരേഖയ്ക്കു മുകളിലായി 35,800 കിലോമീറ്റർ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണപഥത്തിൽ സ്ഥാപിക്കുന്നെങ്കിൽ, അതിന് ഭൂമിയെ ഒരു പ്രാവശ്യം ഭ്രമണം ചെയ്യാൻ ഏകദേശം 24 മണിക്കൂർ അതായത് ഭൂമി സ്വന്തം അച്ചുതണ്ടിൽ കറങ്ങാൻ എടുക്കുന്നതിന്റെ ഏതാണ്ട് അത്രയും സമയം വേണം. അതിനാൽ ഈ ഉപഗ്രഹം എല്ലായ്പോഴും ഭൂമിയുടെ ഒരേ പ്രദേശത്തിനു മുകളിലായിത്തന്നെ നിൽക്കുന്നു. ഇത്തരം ഉപഗ്രഹങ്ങളെ ഭൂസ്ഥിര ഉപഗ്രഹങ്ങൾ എന്നാണു വിളിക്കുന്നത്. ഭൂമിയുടെ മൂന്നിലൊന്നു ഭാഗം ഈ ഉപഗ്രഹത്തിന്റെ പരിധിയിൽ വരുന്നതിനാൽ ആ ഭൂഭാഗത്തുള്ള നിലയങ്ങൾക്ക്—മൈക്രോതരംഗങ്ങൾ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന കേന്ദ്രങ്ങൾ—ഈ ഉപഗ്രഹവുമായി ആശയവിനിമയം നടത്താൻ കഴിയും. അപ്പോൾ രണ്ടു വിദൂര സ്ഥലങ്ങളെ തമ്മിൽ എങ്ങനെയാണു ബന്ധിപ്പിക്കാൻ കഴിയുക?
ഒരു ഉപഗ്രഹത്തിന്റെ പരിധിയിൽ വരുന്ന ഒരു ഭൗമനിലയം ആ ഉപഗ്രഹത്തിലേക്ക് മൈക്രോവേവ് സിഗ്നൽ എത്തിക്കുന്നു. ഇതിനെയാണ് അപ്ലിങ്ക് എന്നു വിളിക്കുന്നത്. ഉപഗ്രഹത്തിൽ സ്ഥാപിച്ചിട്ടുള്ള ഒരു റേഡിയോ റിപ്പീറ്റർ അഥവാ ഒരു ട്രാൻസ്പോണ്ടർ ആ സിഗ്നൽ സ്വീകരിക്കുന്നു. എന്നിട്ട് അതിന്റെ ആവൃത്തി കുറച്ചശേഷം അത് മറ്റൊരു ഭൗമനിലയത്തിലേക്ക് അയയ്ക്കുന്നു. ഇതിനെ ഡൗൺലിങ്ക് എന്നു വിളിക്കുന്നു. ഈ വിധത്തിൽ, നേരിട്ട് പരസ്പരം ആശയവിനിമയം നടത്താൻ കഴിയാത്ത രണ്ടു ഭൗമനിലയങ്ങളെ അദൃശ്യ വയർ ഉപയോഗിച്ച് ഉപഗ്രഹം വഴി ബന്ധിപ്പിക്കാൻ കഴിയുന്നു.
വാണിജ്യ അടിസ്ഥാനത്തിലുള്ള ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹമായ ഇന്റൽസാറ്റ് 1 വിക്ഷേപിച്ചത് 1965-ൽ ആണ്. ഏർലി ബേർഡ് എന്നും അത് അറിയപ്പെട്ടിരുന്നു. ലോകമെങ്ങുമുള്ള പല സ്ഥലങ്ങളെയും ബന്ധിപ്പിക്കുന്ന 200-ഓളം ഉപഗ്രഹങ്ങൾ ഇപ്പോൾ നിലവിലുണ്ട്. ഇവയിൽ മിക്കതും ഭൂസ്ഥിര ഉപഗ്രഹങ്ങളാണ്. അന്താരാഷ്ട്ര ആശയവിനിമയത്തിനു മാത്രമല്ല, ടെലിവിഷൻ സംപ്രേക്ഷണത്തിനും കാലാവസ്ഥാ നിരീക്ഷണത്തിനും മറ്റ് ഉദ്ദേശ്യങ്ങൾക്കും ഇവ ഉപയോഗിക്കുന്നു. നിരവധി ട്രൻസ്പോണ്ടറുകളുള്ള അത്തരം ഉപഗ്രഹങ്ങൾക്ക് ബഹുചാനൽ സർക്കിട്ടുകൾ പ്രദാനം ചെയ്യാനാകും. ഉദാഹരണത്തിന്, ഏർലി ബേർഡിന് ഒരു ടെലിവിഷൻ സർക്കിട്ടോ ഒരേസമയം 240 ടെലിഫോൺ സർക്കിട്ടുകളോ റിലേ ചെയ്യാനുള്ള പ്രാപ്തി ഉണ്ടായിരുന്നു. 1997 മുതൽ പ്രവർത്തനത്തിലുള്ള ഇന്റൽസാറ്റ് 8 പരമ്പരയിൽ പെട്ട ഉപഗ്രഹങ്ങൾക്ക് ഒരേസമയം മൂന്ന് ടെലിവിഷൻ ചാനലുകളും പരമാവധി 1,12,500 ടെലിഫോൺ സർക്കിട്ടുകളും റിലേ ചെയ്യാൻ കഴിയും.
ഏതെന്നു പറയാൻ കഴിയുമോ?
ഈ മാറ്റങ്ങളെല്ലാം കാര്യമായ പണച്ചെലവില്ലാതെ അന്താരാഷ്ട്ര ടെലിഫോൺ കോളുകൾ നടത്തുക സാധ്യമാക്കിത്തീർത്തിരിക്കുന്നു. ഒരുപക്ഷേ മറ്റേതെങ്കിലും ഭൂഖണ്ഡത്തിലുള്ള നിങ്ങളുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും കൂടെക്കൂടെ സംസാരിക്കാൻ ഇപ്പോൾ നിങ്ങൾക്കു കഴിയുന്നുണ്ടാകാം. സമുദ്രത്തിന് അടിയിലൂടെയുള്ള കേബിൾ വഴിയാണോ അതോ ഒരു ഉപഗ്രഹം വഴിയാണോ നിങ്ങളുടെ ഫോൺ കോളുകൾ പോകുന്നതെന്ന് എങ്ങനെ അറിയാൻ കഴിയും?
ഉപഗ്രഹം വഴിയാണെങ്കിൽ, അദൃശ്യ വയറിന്റെ (അതിൽ അപ്ലിങ്കും ഡൗൺലിങ്കും ഉൾപ്പെടുന്നു) നീളം ഏകദേശം 70,000 കിലോമീറ്റർ വരും. അതു ഭൂമിയുടെ ചുറ്റളവിന്റെ ഏകദേശം ഇരട്ടിയാണ്. മൈക്രോതരംഗങ്ങൾ പ്രകാശവേഗത്തിലാണ് സഞ്ചരിക്കുന്നതെങ്കിലും, ഒരു ഉപഗ്രഹം വഴി ഒരു ഭൗമനിലയത്തിൽനിന്ന് മറ്റൊന്നിലേക്ക് എത്താനുള്ള സമയം ഏകദേശം ഒരു സെക്കൻഡിന്റെ നാലിലൊന്നാണ്. അതിന്റെ അർഥം നിങ്ങളുടെ ശബ്ദം മറ്റേ വ്യക്തിയുടെ അടുക്കൽ എത്തിച്ചേരാൻ ഒരു സെക്കൻഡിന്റെ നാലിലൊന്ന് സമയം എടുക്കുമെന്നാണ്. മറ്റേ വ്യക്തിയുടെ ശബ്ദം സഞ്ചരിക്കുന്ന കാര്യത്തിലും ഇതു സത്യമാണ്. രണ്ടും കൂടിയുള്ള സമയവ്യത്യാസം അര സെക്കൻഡാണ്. അനുദിന സംഭാഷണങ്ങളിൽ ഈ സമയവ്യത്യാസവുമായി പരിചിതരാകാത്തതിനാൽ, നാം മറ്റേ വ്യക്തി സംസാരിക്കുന്ന അതേ സമയത്തുതന്നെ ഫോണിൽ സംസാരിക്കുന്നതായി കണ്ടെത്തിയേക്കാം. നിങ്ങൾക്ക് ഈ സമയവ്യത്യാസം അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ, അതിന്റെ അർഥം നിങ്ങളുടെ സംസാരം ഒരു ഉപഗ്രഹം വഴിയാണ് പോകുന്നതെന്നാണ്. എന്നാൽ നിങ്ങൾ മറ്റൊരു സമയത്താണ് വിളിക്കുന്നതെങ്കിൽ, ഈ സമയവ്യത്യാസം നിങ്ങൾക്ക് അനുഭവപ്പെടാതിരുന്നേക്കാം. കാരണം, നിങ്ങൾ അപ്പോൾ ബന്ധിക്കപ്പെട്ടിരിക്കുന്നത് സമുദ്രത്തിന് അടിയിലൂടെയുള്ള ഫൈബർ ഓപ്റ്റിക് കേബിൾ വഴിയാകാം. ഏതു മാർഗത്തിലൂടെ നിങ്ങളെ മറ്റേ വ്യക്തിയുമായി ബന്ധിപ്പിക്കണം എന്നു നിർണയിക്കുന്നത് ഇതിന്റെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന സങ്കീർണമായ ടെലിഫോൺ ശൃംഖലയാണ്.
സമുദ്രാന്തര കേബിളുകളും ഭൗമനിലയങ്ങളും ഉപഗ്രഹങ്ങളും ഉൾപ്പെട്ട, സൗകര്യപ്രദമായി ആശയവിനിമയം നടത്താൻ നമ്മെ സഹായിക്കുന്ന സങ്കീർണമായ ടെലിഫോൺ ശൃംഖലയുടെ വിവിധ പ്രവർത്തനങ്ങൾ നോക്കിനടത്താൻ അനേകരുടെ വൈദഗ്ധ്യവും ശ്രമവും ആവശ്യമാണ്. അടുത്ത തവണ നിങ്ങൾ ഒരു സുഹൃത്തിന് ഫോൺ ചെയ്യുമ്പോൾ, നിങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ ചെയ്തിരിക്കുന്ന കാര്യങ്ങളെ കുറിച്ചു ചിന്തിക്കരുതോ? (g01 5/22)
[അടിക്കുറിപ്പുകൾ]
a ടെലിഫോൺ വയറുകളിൽ സദാ ഒരു നിശ്ചിത വോൾട്ടേജിലുള്ള വൈദ്യുതി ഉണ്ട്. ഫോൺ അടിക്കുമ്പോൾ ഈ വോൾട്ടേജ് വർധിക്കും. അതിനാൽ, ജങ്ഷൻ ബോക്സിന്റെ ഉൾഭാഗത്തോ അതുമായി ബന്ധിച്ചിരിക്കുന്ന ലോഹഭാഗത്തോ സ്പർശിക്കുന്നത് അപകടകരമാണ്.
b 1866-ൽ, അറ്റ്ലാന്റിക് സമുദ്രത്തിനു കുറുകെ, അയർലണ്ടിനെയും ന്യൂഫൗണ്ട്ലാൻഡിനെയും ബന്ധിപ്പിക്കുന്ന ഒരു ടെലഗ്രാഫ് കേബിൾ വിജയപ്രദമായി സ്ഥാപിക്കുകയുണ്ടായി.
[20, 21 പേജുകളിലെ രേഖാചിത്രം/ചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
റേഡിയോ തരംഗങ്ങൾ
അപ്ലിങ്ക്
ഡൗൺലിങ്ക്
[20, 21 പേജുകളിലെ രേഖാചിത്രം/ചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
സമുദ്രാന്തര കേബിളുകൾ
മൊബൈൽ ഫോൺ
ആധുനിക ഫൈബർ ഓപ്റ്റിക് കേബിളുകൾക്ക് 20 കോടി ടെലിഫോൺ സർക്കിട്ടുകൾ വഹിക്കാൻ കഴിയും
[21-ാം പേജിലെ ചിത്രങ്ങൾ]
സ്പേസ് ഷട്ടിലിലെ അംഗങ്ങൾ ഇന്റൽസാറ്റ് 6-ന്റെ കേടുപാടുകൾ നീക്കുന്നു
NASA photo
[21-ാം പേജിലെ ചിത്രങ്ങൾ]
കപ്പലുകൾ കേബിളുകൾ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു
[കടപ്പാട്]
Courtesy TyCom Ltd.