കോഴി—സുലഭം, പ്രിയങ്കരം
കെനിയയിലെ ഉണരുക! ലേഖകൻ
സാധ്യതയനുസരിച്ച്, ഭൂമിയിൽ ഏറ്റവുമധികം കാണപ്പെടുന്ന പക്ഷിയാണ് കോഴി. ചില കണക്കുകൾ പ്രകാരം അവയുടെ എണ്ണം 1,300 കോടിയിലും അധികം വരും! ഇതിന്റെ ഇറച്ചി ആളുകൾക്കു വളരെ പ്രിയങ്കരമാണ്, ഇപ്പോൾ 3,314 കോടിയിലധികം കിലോഗ്രാം ഇറച്ചിയാണ് ഓരോ വർഷവും ഉപയോഗിക്കുന്നത്. അതുപോലെ, ഗോളമെങ്ങുമുള്ള കോഴികളിൽനിന്ന് പ്രതിവർഷം ഏതാണ്ട് 60,000 കോടി മുട്ടകളും ലഭിക്കുന്നു.
പാശ്ചാത്യ നാടുകളിൽ കോഴി സുലഭമാണ്, അതുകൊണ്ടുതന്നെ അവയ്ക്കു വിലയും കുറവാണ്. ദശകങ്ങൾക്കു മുമ്പ് ഐക്യനാടുകളിൽ ഒരു സ്ഥാനാർഥി തന്നെ വിജയിപ്പിക്കുന്നതിനു നൽകിയ തിരഞ്ഞെടുപ്പു വാഗ്ദാനം ‘എല്ലാവരുടെയും ചട്ടിയിൽ ഒരു കോഴി’ എന്നതായിരുന്നു. എന്നാൽ കാലം മാറി, പണക്കാർക്കു മാത്രമല്ല സാധാരണക്കാർക്കു പോലും ഇപ്പോൾ കോഴിയിറച്ചി ഭക്ഷിക്കാൻ കഴിയും. വിശേഷതയാർന്ന ഈ പക്ഷി പ്രിയങ്കരവും സുലഭവും ആയിത്തീർന്നത് എങ്ങനെയാണ്? ദരിദ്ര രാജ്യങ്ങളിലെ അവസ്ഥ എന്താണ്? ഈ സമൃദ്ധിയിൽ അവർക്കും പങ്കുചേരാൻ കഴിയുമെന്ന പ്രതീക്ഷയ്ക്കു വകയുണ്ടോ?
ഈ പക്ഷിയെ സംബന്ധിച്ച വിവരങ്ങൾ
ഇന്നത്തെ വളർത്തു കോഴി ഏഷ്യയിലെ ചെമന്ന കാട്ടുകോഴിയുടെ പിൻഗാമിയാണ്. കോഴിയെ അനായാസം വീട്ടിൽ വളർത്താൻ കഴിയുമെന്ന് മനുഷ്യൻ പെട്ടെന്നുതന്നെ മനസ്സിലാക്കി. എന്തിന്, ഏതാണ്ട് 2,000 വർഷങ്ങൾക്കു മുമ്പ് യേശു, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുന്നതിനെ കുറിച്ചു പരാമർശിക്കുകയുണ്ടായി. (മത്തായി 23:37; 26:34) അത്തരമൊരു ദൃഷ്ടാന്തത്തിന്റെ ഉപയോഗം, അക്കാലത്ത് പൊതുവേ ആളുകൾക്ക് ഈ പക്ഷി പരിചിതമായിരുന്നുവെന്നു സൂചിപ്പിക്കുന്നു. എന്നാൽ വാണിജ്യ അടിസ്ഥാനത്തിൽ കോഴിയും മുട്ടയും വൻതോതിൽ ഉത്പാദിപ്പിക്കാൻ തുടങ്ങിയത് 19-ാം നൂറ്റാണ്ടിൽ മാത്രമാണ്.
ഇന്ന്, വളർത്തു പക്ഷികളുടെ ഇറച്ചിയുടെ കൂട്ടത്തിൽ ഏറ്റവുമധികം ജനപ്രീതിയുള്ളത് കോഴിയിറച്ചിക്കാണ് എന്നതിൽ സംശയമില്ല. ദശലക്ഷക്കണക്കിനു കുടുംബങ്ങൾ—പട്ടണങ്ങളിൽ പോലും—വീട്ടാവശ്യങ്ങൾക്കും വാണിജ്യ ആവശ്യത്തിനുമായി കോഴികളെ വളർത്തുന്നു. കോഴികളെ പോലെ വ്യത്യസ്ത ഭൂപ്രദേശങ്ങളിൽ വളരാൻ കഴിവുള്ള വളർത്തു പക്ഷികളും മൃഗങ്ങളും നന്നേ ചുരുക്കമാണ്. പല രാജ്യങ്ങളും അവിടത്തെ പ്രത്യേക കാലാവസ്ഥയ്ക്കും ആവശ്യങ്ങൾക്കും ഇണങ്ങുന്ന ഇനം കോഴികളെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഓസ്ട്രേലിയയിലെ ഓസ്ട്രാലോർപ്; മെഡിറ്ററേനിയൻ സ്വദേശിയെങ്കിലും ഐക്യനാടുകളിലുള്ളവർക്ക് പ്രിയങ്കരമായിത്തീർന്ന പ്രശസ്തമായ ലെഗോൺ; ഐക്യനാടുകളിൽ പ്രജനനം ചെയ്തെടുത്ത ന്യൂ ഹാംപ്ഷയർ, പ്ലൈമൗത്ത് റോക്ക്, റോഡ് ഐലൻഡ് റെഡ്, വൈയൻഡോട്ട്; ഇംഗ്ലണ്ടിലെ കോർണിഷ്, ഓർപിങ്ടൺ, സസെക്സ് തുടങ്ങിയവ അതിൽ പെടുന്നു.
മൃഗസംരക്ഷണത്തിനായുള്ള ആധുനിക ശാസ്ത്രീയ രീതികൾ അവലംബിച്ചതിന്റെ ഫലമായി കോഴിവളർത്തൽ ഇന്ന് ഏറ്റവും വിജയപ്രദമായ കാർഷിക വ്യവസായങ്ങളിൽ ഒന്നായിത്തീർന്നിരിക്കുന്നു. ഐക്യനാടുകളിലെ കൃഷിക്കാർ കോഴികളുടെ തീറ്റയുടെയും കൂടുകളുടെയും കാര്യത്തിൽ വളരെയധികം ശ്രദ്ധ പുലർത്തുന്നു. കൂടാതെ, ശാസ്ത്രീയമായ രോഗനിയന്ത്രണ രീതികളും അവർ ഉപയോഗിക്കുന്നു. കോഴികളെ വൻതോതിൽ ഉത്പാദിപ്പിക്കാനായി സ്വീകരിക്കുന്ന ഇത്തരം മാർഗങ്ങൾ വളരെ ക്രൂരമാണെന്നാണു ചിലരുടെ പക്ഷം. എന്നാൽ ഈ പക്ഷികളെ പ്രജനനം ചെയ്യുന്നതിനുള്ള കൂടുതൽ ഫലപ്രദമായ രീതികൾ വികസിപ്പിച്ചെടുക്കുന്നതിൽനിന്ന് ഇതു കർഷകരെ പിന്തിരിപ്പിച്ചിട്ടില്ല. ആധുനിക രീതികളുടെ സഹായത്തോടെ, ഇന്ന് ഒരൊറ്റ ആൾക്ക് 25,000 മുതൽ 50,000 വരെ കോഴികളെ വളർത്താൻ കഴിയും. വെറും മൂന്നു മാസം കൊണ്ട് പക്ഷികൾക്ക് വിപണനത്തിനു വേണ്ട തൂക്കം വെക്കും.a
ഇറച്ചിയുടെ ഒരു ഉറവ്
നഗരങ്ങളിലായാലും കൊച്ചു ഗ്രാമങ്ങളിലായാലും ഈ വളർത്തു പക്ഷിയുടെ ഇറച്ചി ലഭിക്കാത്ത ഒരു ഹോട്ടലോ റെസ്റ്ററന്റോ കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കും. ലോകത്തിലെ മിക്ക ഫാസ്റ്റ്-ഫുഡ് റെസ്റ്ററന്റുകളിലും കോഴിയിറച്ചി ലഭിക്കുന്നു. ഇപ്പോഴും വിശേഷാവസരങ്ങളിൽ കോഴി വിഭവങ്ങൾ വിളമ്പാൻ ഇഷ്ടപ്പെടുന്നവർ ഉണ്ട്. ഇന്ത്യ പോലുള്ള ചില രാജ്യങ്ങളിൽ വളരെ രുചികരമായി കോഴിയിറച്ചി പാകം ചെയ്യുന്നതിനുള്ള വ്യത്യസ്തമായ അനേകം രീതികൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ചുവന്ന മുളക് ഉപയോഗിച്ചു തയ്യാറാക്കുന്ന ലാൽ മുർഗി; ഇറച്ചി ചെറുതായി പിച്ചിക്കീറി തയ്യാറാക്കുന്ന കുർഗി മുർഗി; ഇഞ്ചി ധാരാളം ഉപയോഗിക്കുന്ന അദ്രക് മുർഗി എന്നിങ്ങനെയുള്ള വിഭവങ്ങൾ എത്ര രുചികരമാണെന്നോ!
കോഴിയിറച്ചി ആളുകൾ ഇത്ര ഇഷ്ടപ്പെടാൻ കാരണം എന്താണ്? വ്യത്യസ്ത ചേരുവകൾ ചേർത്ത് വ്യത്യസ്ത രീതികളിൽ സ്വാദിഷ്ഠമായി അതു തയ്യാറാക്കാനാകും. അങ്ങനെ തയ്യാറാക്കാനാകുന്ന മറ്റ് ആഹാരസാധനങ്ങൾ വളരെ ചുരുക്കമാണ്. കോഴിയിറച്ചി എങ്ങനെ കഴിക്കാനാണ് നിങ്ങൾക്ക് ഇഷ്ടം? പൊരിച്ചോ, ചുട്ടോ, അതോ കറിവെച്ചോ? ഏത് പാചകപുസ്തകം നോക്കിയാലും, വളരെ രുചികരമായ രീതിയിൽ കോഴിയിറച്ചി പാകം ചെയ്യാനുള്ള ഡസൻ കണക്കിനു പാചകവിധികൾ നിങ്ങൾ കണ്ടെത്തും എന്നതിൽ സംശയമില്ല.
ധാരാളമായി ലഭിക്കുന്നതിനാൽ പല രാജ്യങ്ങളിലും കോഴിക്ക് വിലയും താരതമ്യേന കുറവാണ്. കൂടാതെ പോഷകാഹാര വിദഗ്ധരുടെ മിത്രവുമാണിത്. കാരണം മനുഷ്യ ശരീരത്തിന് അനിവാര്യമായ മാംസ്യം, ജീവകങ്ങൾ, ധാതുക്കൾ എന്നിവ കോഴിയിറച്ചിയിൽ സമൃദ്ധമായുണ്ട്. എങ്കിലും ഇതിൽ കലോറി, പൂരിത കൊഴുപ്പ്, മറ്റു കൊഴുപ്പുകൾ എന്നിവ കുറവാണ്.
വികസ്വര രാജ്യങ്ങളുടെ ഭക്ഷ്യാവശ്യങ്ങൾ നിറവേറ്റൽ
എന്നാൽ കോഴിയും കോഴിമുട്ടയും എല്ലാ രാജ്യങ്ങളിലും അത്ര സുലഭമല്ല എന്നതാണു വസ്തുത. ‘കാർഷിക വിജ്ഞാനത്തിനും സാങ്കേതിക വിദ്യക്കുമായുള്ള സമിതി’ നിയമിച്ച ഒരു ദൗത്യസംഘത്തിന്റെ പിൻവരുന്ന റിപ്പോർട്ടിന്റെ വീക്ഷണത്തിൽ ഇതു പ്രാധാന്യം അർഹിക്കുന്നു: “2020-ാം ആണ്ട് ആകുമ്പോഴേക്കും ലോക ജനസംഖ്യ 770 കോടി ആയി വർധിക്കുമെന്നു കണക്കാക്കപ്പെടുന്നു. . . . എന്നാൽ ഈ ജനസംഖ്യാ വർധനവിൽ അധികവും (95%) വിക്വസര രാജ്യങ്ങളിൽ സംഭവിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.” ഇപ്പോൾത്തന്നെ 80 കോടിയോളം ആളുകൾ വികലപോഷണം അനുഭവിക്കുന്നവരാണ് എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ ഈ പ്രസ്താവന കൂടുതൽ ഗൗരവമുള്ളതാണ്!
എന്നാൽ വർധിച്ചുവരുന്ന ഈ ജനസമൂഹങ്ങളുടെ വിശപ്പ് അടക്കുന്നതിലും കർഷകർക്കു വളരെ ആവശ്യമായ വരുമാനം പ്രദാനം ചെയ്യുന്നതിലും കോഴിക്ക് വളരെ വലിയ പങ്കുവഹിക്കാനാകുമെന്നു വിദഗ്ധർ കരുതുന്നു. എന്നാൽ കോഴികളെ വൻതോതിൽ ഉത്പാദിപ്പിക്കുക എന്നത് പാവപ്പെട്ട കർഷകരെ സംബന്ധിച്ചിടത്തോളം ഒരു യഥാർഥ വെല്ലുവിളിയാണ്. ഒന്നാമതായി, ദരിദ്ര രാജ്യങ്ങളിൽ കോഴികളെ വളർത്തുന്നത് മുഖ്യമായും ഉൾപ്രദേശങ്ങളിലെ ചെറിയ കൃഷിയിടങ്ങളിലോ വീടിന്റെ പിന്മുറ്റത്തോ ഒക്കെയാണ്. ഇത്തരം രാജ്യങ്ങളിൽ വളരെ ചുരുക്കമായിട്ടേ കോഴികളെ സംരക്ഷിത ചുറ്റുപാടുകളിൽ വളർത്താറുള്ളൂ. ദിവസം മുഴുവനും ഭക്ഷണത്തിനായി തിരഞ്ഞുകൊണ്ടും മറ്റും അവ യഥേഷ്ടം ചുറ്റിനടക്കുന്നു. സന്ധ്യക്കു തിരിച്ചെത്തുന്ന കോഴികൾ മരക്കൊമ്പുകളിലോ ലോഹനിർമിത കൂടുകളിലോ രാപാർക്കുന്നു.
ഇത്തരം സാഹചര്യങ്ങളിൽ വളരുന്ന കോഴികളിൽ അനേകവും ചത്തൊടുങ്ങുന്നതിൽ അതിശയമില്ല—മാരകമായ ന്യൂകാസിൽ രോഗം പിടിപെട്ട് ചിലതും മനുഷ്യരും മൃഗങ്ങളുമായ ഇരപിടിയന്മാരുടെ കൈയിൽ അകപ്പെട്ട് മറ്റുള്ളവയും. മിക്ക കർഷകർക്കും കോഴികളെ ശരിയായ രീതിയിൽ വളർത്തുന്നതിന് ആവശ്യമായ അറിവോ ആസ്തിയോ ഇല്ല. അതുകൊണ്ട് അവയ്ക്ക് ആവശ്യമായ തീറ്റയും ഉചിതമായ കൂടുമൊക്കെ നൽകുന്നതിലും അവയെ രോഗങ്ങളിൽ നിന്നു സംരക്ഷിക്കുന്നതിലും അവർ പരാജയപ്പെടുന്നു. തന്മൂലം ഇപ്പോൾ വികസ്വര രാജ്യങ്ങളിലെ കർഷകർക്ക് ഈ മണ്ഡലത്തിൽ ആവശ്യമായ അറിവു പകർന്നു കൊടുക്കാനുള്ള പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഐക്യരാഷ്ട്ര ഭക്ഷ്യ-കാർഷിക സംഘടന അടുത്തകാലത്ത് “കോഴികളുടെ ഉത്പാദനം വർധിപ്പിച്ചുകൊണ്ട് ആഫ്രിക്കൻ ഉൾപ്രദേശങ്ങളിലെ പാവങ്ങളെ സഹായിക്കുന്നതിനുള്ള” ഒരു പഞ്ചവത്സര പദ്ധതിക്കു രൂപംകൊടുത്തു.
സദുദ്ദേശ്യപരമായ ഇത്തരം പദ്ധതികളുടെ ഫലം എന്തായിരിക്കുമെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. ഭൂമിയിലെ ഭൂരിഭാഗം ജനങ്ങൾക്കും ഒരു കോഴിക്കഷണം പോലും കഴിക്കാൻ വകയില്ല എന്ന അറിവ് സമ്പന്ന രാജ്യങ്ങളിലുള്ളവർക്ക് ചിന്തയ്ക്കു വക നൽകേണ്ടതാണ്. അത്തരം പാവങ്ങൾക്ക് ‘എല്ലാവരുടെയും ചട്ടിയിൽ ഒരു കോഴി’ എന്ന ആശയം ഒരു വിദൂര സ്വപ്നം പോലെ കാണപ്പെട്ടേക്കാം. (g01 10/8)
[അടിക്കുറിപ്പുകൾ]
a മുട്ടകൾക്കായി കോഴികളെ വളർത്താറുണ്ടെങ്കിലും, ഐക്യനാടുകളിൽ 90 ശതമാനം കോഴികളെയും വളർത്തുന്നത് ഇറച്ചിക്കു വേണ്ടിയാണ്.
[22-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
പാകം ചെയ്യാത്ത ഇറച്ചി സുരക്ഷിതമായി കൈകാര്യം ചെയ്യൽ
“പാകം ചെയ്യുന്നതിനു മുമ്പ് കോഴിയിറച്ചിയിൽ സാൽമോണെല്ല ബാക്ടീരിയ പോലെയുള്ള ഉപദ്രവകാരികളായ സൂക്ഷ്മാണുക്കൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് അതു കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതു പ്രധാനമാണ്. അതിനു മുമ്പും പിമ്പും എല്ലായ്പോഴും കൈ കഴുകുക. അതുപോലെ ഇറച്ചി വെട്ടുന്നതിന് ഉപയോഗിക്കുന്ന ബോർഡ്, കത്തി, കത്രിക എന്നിങ്ങനെയുള്ള ഉപകരണങ്ങൾ ചൂടുള്ള സോപ്പു വെള്ളത്തിൽ കഴുകാനും മറക്കരുത്. തിളച്ച വെള്ളത്തിൽ കഴുകാവുന്നതരം ബോർഡ് ഇറച്ചി വെട്ടാൻ ഉപയോഗിക്കുന്നതു നല്ലതായിരിക്കും . . . സാധ്യമെങ്കിൽ അത് ഈ ഉദ്ദേശ്യത്തിനു മാത്രമായി മാറ്റിവെക്കുക. ശീതീകരിച്ച ഇറച്ചി പാകം ചെയ്യുന്നതിനു മുമ്പ് പൂർണമായും മൃദുവാകാൻ അനുവദിക്കുക.”—പാചകക്കാരന്റെ അടുക്കള ബൈബിൾ (ഇംഗ്ലീഷ്).
[20-ാം പേജിലെ ചിത്രം]
വൈറ്റ് ലെഗോൺ, ഗ്രേ ജംഗിൾ ഫൗൾ, ഓർപിങ്ടൺ, പോളിഷ് സസെക്സ്, സ്പെക്കിൾഡ് സസെക്സ് എന്നിവ കോഴിയുടെ വിവിധ ഇനങ്ങളാണ്
[കടപ്പാട്]
വൈറ്റ് ലെഗോൺ ഒഴികെ എല്ലാം: © Barry Koffler/www.feathersite.com
[21-ാം പേജിലെ ചിത്രങ്ങൾ]
കോഴികളുടെ ഉത്പാദനം വർധിപ്പിക്കുന്നതിന് വികസ്വര രാജ്യങ്ങളിലെ കർഷകരെ സഹായിക്കാൻ ശ്രമങ്ങൾ നടന്നുവരുന്നു
[21-ാം പേജിലെ ചിത്രം]
ഐക്യനാടുകളിൽ 90 ശതമാനം കോഴികളെയും വളർത്തുന്നത് ഇറച്ചിക്കു വേണ്ടിയാണ്