പാഠം 7
മുഖ്യ ആശയങ്ങൾ ഊന്നിപ്പറയൽ
ഒരു നല്ല വായനക്കാരൻ ഒരു വാചകത്തിന്, അത് അടങ്ങിയിരിക്കുന്ന ഖണ്ഡികയ്‌ക്കു പോലും, അതീതമായി നോക്കുന്നു. വായിക്കുന്ന സമയത്ത്, താൻ വായിക്കുന്ന മുഴുവൻ ഭാഗത്തെയും മുഖ്യ ആശയങ്ങൾ അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരിക്കും. ഇത് അദ്ദേഹം എവിടെയൊക്കെ ഊന്നൽ കൊടുക്കുന്നു എന്നതിന്മേൽ സ്വാധീനം ചെലുത്തുന്നു.
ഈ രീതി പിന്തുടരാത്ത പക്ഷം, അവതരണം ആദിമുതൽ അവസാനംവരെ ഒരേപോലെ ആയിരിക്കും. വ്യക്തമായി മുന്തിനിൽക്കുന്ന യാതൊന്നും അതിൽ ഉണ്ടായിരിക്കില്ല. പരിപാടി കഴിയുമ്പോൾ, ശ്രദ്ധേയമായ എന്തെങ്കിലും ആശയം കേട്ടതായി ഓർമിച്ചെടുക്കുക ബുദ്ധിമുട്ടായിരുന്നേക്കാം.
ഒരു ബൈബിൾ വിവരണം വായിക്കുന്ന സമയത്ത് മുഖ്യ ആശയങ്ങൾക്കു ശരിയായ രീതിയിൽ ഊന്നൽ നൽകുന്നതു പലപ്പോഴും വായനയെ വളരെയേറെ മെച്ചപ്പെടുത്തും. ഭവന ബൈബിളധ്യയന വേളയിലോ സഭായോഗത്തിലോ ഖണ്ഡികകൾ വായിക്കുമ്പോൾ മുഖ്യ ആശയങ്ങൾക്കു ശരിയായ ഊന്നൽ നൽകുന്നതു വായനയ്‌ക്കു കൂടുതൽ അർഥം പകരും. കൺവെൻഷനുകളിൽ നടത്താറുള്ളതുപോലുള്ള വായനാപ്രസംഗത്തിന്റെ കാര്യത്തിൽ ഇതു വിശേഷാൽ പ്രധാനമാണ്.
അതു ചെയ്യേണ്ട വിധം. സ്‌കൂളിൽ ഒരു ബൈബിൾ ഭാഗം വായിക്കാൻ നിങ്ങൾക്കു നിയമനം ലഭിച്ചേക്കാം. എവിടെയാണ് ഊന്നൽ നൽകേണ്ടത്? നിങ്ങൾ വായിക്കാൻ പോകുന്ന വാക്യങ്ങൾ ഏതെങ്കിലും കേന്ദ്ര ആശയത്തെയോ ഒരു പ്രധാന സംഭവത്തെയോ ചുറ്റിപ്പറ്റിയുള്ളതാണെങ്കിൽ അത് എടുത്തുകാട്ടുന്നത് ഉചിതമായിരിക്കും.
നിങ്ങൾക്കു വായിക്കേണ്ട ഭാഗം ഗീതമായാലും ഗദ്യമായാലും, പഴമൊഴിയായാലും വിവരണമായാലും അതു നന്നായി വായിക്കുന്ന പക്ഷം സദസ്യർക്കു പ്രയോജനമുണ്ടാകും. (2 തിമൊ. 3:16, 17) നന്നായി വായിക്കുന്നതിനു നിങ്ങൾ രണ്ടു സംഗതികൾ കണക്കിലെടുക്കേണ്ടതുണ്ട്. ഒന്ന്, വായിക്കാൻ പോകുന്ന ഭാഗം. രണ്ട്, നിങ്ങളുടെ സദസ്സ്.
ബൈബിൾ അധ്യയന വേളയിലോ സഭായോഗത്തിലോ നിങ്ങൾക്ക് ഒരു പ്രസിദ്ധീകരണത്തിൽനിന്ന് ഉറക്കെ വായിക്കേണ്ടിവരുന്ന പക്ഷം, ഊന്നൽ കൊടുക്കേണ്ട മുഖ്യ ആശയങ്ങൾ ഏതൊക്കെയാണെന്ന് എങ്ങനെ നിർണയിക്കാൻ കഴിയും? അച്ചടിച്ചിരിക്കുന്ന അധ്യയന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളെ മുഖ്യ ആശയങ്ങളായി കണക്കാക്കുക. കൂടാതെ, വായിക്കുന്ന വിവരങ്ങൾ ഏത് ഉപശീർഷകത്തിന് അടിയിൽ വരുന്നുവോ തടിച്ച അക്ഷരത്തിലുള്ള ആ ഉപശീർഷകവുമായി ബന്ധപ്പെട്ട ആശയങ്ങൾക്കും ഊന്നൽ നൽകുക.
സഭയിൽ നടത്തുന്ന പ്രസംഗങ്ങൾ വായനാപ്രസംഗങ്ങളുടെ രീതിയിൽ നോട്ടിനെ പൂർണമായി ആശ്രയിച്ചു നടത്തുന്നത് ഒരു പതിവാക്കരുത്. എന്നിരുന്നാലും, ചില കൺവെൻഷൻ പ്രസംഗങ്ങൾക്കായി സൊസൈറ്റി വായനാപ്രസംഗ നോട്ടുകൾ പ്രദാനം ചെയ്യാറുണ്ട്. ഒരേ ആശയങ്ങൾ എല്ലാ കൺവെൻഷനുകളിലും ഒരേപോലെ അവതരിപ്പിക്കപ്പെടുന്നതിനു വേണ്ടിയാണ് ഇത്. അത്തരമൊരു നോട്ടിലെ മുഖ്യ ആശയങ്ങൾ ഊന്നിപ്പറയുന്നതിന് പ്രസംഗകൻ ആദ്യം നോട്ടിലുള്ള വിവരങ്ങൾ ശ്രദ്ധാപൂർവം വിശകലനം ചെയ്യണം. ഏതൊക്കെയാണു മുഖ്യ പോയിന്റുകൾ? അവ തിരിച്ചറിയാൻ അദ്ദേഹത്തിനു കഴിയണം. മുഖ്യ പോയിന്റുകൾ കേവലം അദ്ദേഹത്തിനു രസകരമായി തോന്നുന്ന ആശയങ്ങളല്ല. നോട്ടിലെ വിവരങ്ങൾ ഏത് ആശയങ്ങളെ ചുറ്റിപ്പറ്റിയാണോ വികസിപ്പിക്കപ്പെട്ടിരിക്കുന്നത് ആ കേന്ദ്ര ആശയങ്ങളാണ് അവ. ചിലപ്പോൾ വായനാപ്രസംഗ നോട്ടിലെ ഒരു മുഖ്യ ആശയത്തെ കുറിച്ചുള്ള ഒരു സംക്ഷിപ്‌ത പ്രസ്‌താവന ഒരു വിവരണത്തിനോ വാദഗതിക്കോ തൊട്ടു മുമ്പായി വരാറുണ്ട്. അതിലേറെ സാധാരണം ഉപോദ്‌ബലകമായ തെളിവുകൾ അവതരിപ്പിച്ചശേഷം ശക്തമായ ഒരു പ്രസ്‌താവന നടത്തുന്ന രീതിയാണ്. ഈ കേന്ദ്ര പോയിന്റുകൾ തിരിച്ചറിഞ്ഞു കഴിയുമ്പോൾ പ്രസംഗകൻ തന്റെ വായനാപ്രസംഗ നോട്ടിൽ അവ അടയാളപ്പെടുത്തണം. സാധാരണഗതിയിൽ ഏതാനും പോയിന്റുകളേ കാണൂ. നാലോ അഞ്ചോ എണ്ണത്തിൽ കൂടാനിടയില്ല. അടുത്തതായി, സദസ്സിന് അവ എളുപ്പം തിരിച്ചറിയാൻ കഴിയുന്ന വിധത്തിൽ അദ്ദേഹം തന്റെ പ്രസംഗം വായിച്ചു പരിശീലിക്കണം. ഇവയാണു പ്രസംഗത്തിൽ മുന്തിനിൽക്കുന്ന ഭാഗങ്ങൾ. വിവരങ്ങൾ ശരിയായ ഊന്നൽ നൽകിക്കൊണ്ട് അവതരിപ്പിക്കുന്ന പക്ഷം ഈ മുഖ്യ ആശയങ്ങൾ ഓർത്തിരിക്കാൻ കൂടുതൽ സാധ്യതയുണ്ട്. അതായിരിക്കണം പ്രസംഗകന്റെ ലക്ഷ്യം.
മുഖ്യ പോയിന്റുകൾ തിരിച്ചറിയാൻ സദസ്സിനെ സഹായിക്കുന്നതിന് ആവശ്യമായ ഊന്നൽ ഒരു പ്രസംഗകനു പല വിധങ്ങളിൽ ധ്വനിപ്പിക്കാൻ കഴിയും. വർധിച്ച ഉത്സാഹത്തോടെ പറയുക, പറയുന്നതിന്റെ വേഗത്തിനു മാറ്റം വരുത്തുക, വികാരതീവ്രതയോടെ പറയുക, അല്ലെങ്കിൽ അനുയോജ്യമായ ആംഗ്യങ്ങൾ ഉപയോഗിക്കുക ഇവയൊക്കെ അവയിൽ ഏതാനും ചിലതു മാത്രമാണ്.