വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • be പാഠം 26 പേ. 170-പേ. 173 ഖ. 5
  • വിവരങ്ങൾ യുക്തിസഹമായി വികസിപ്പിക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വിവരങ്ങൾ യുക്തിസഹമായി വികസിപ്പിക്കൽ
  • ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • സമാനമായ വിവരം
  • ബാഹ്യരേഖ തയ്യാറാക്കൽ
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • മുഖ്യ പോയിന്റുകൾ എടുത്തുകാട്ടൽ
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • ഒരു പ്രസംഗത്തിന്റെ പരസ്‌പരബന്ധമുളള വികസിപ്പിക്കൽ
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • വിജ്ഞാനപരമായ വിവരങ്ങൾ, വ്യക്തമായി അവതരിപ്പിക്കുന്നു
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
കൂടുതൽ കാണുക
ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
be പാഠം 26 പേ. 170-പേ. 173 ഖ. 5

പാഠം 26

വിവരങ്ങൾ യുക്തിസഹമായി വികസിപ്പിക്കൽ

നിങ്ങൾ എന്താണു ചെയ്യേണ്ടത്‌?

ആശയങ്ങൾ പരസ്‌പരവും നിങ്ങൾ എത്തിച്ചേരുന്ന നിഗമനങ്ങളോടും അല്ലെങ്കിൽ കൈവരിക്കാൻ ശ്രമിക്കുന്ന ലക്ഷ്യത്തോടും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു വ്യക്തമാക്കുന്ന വിധത്തിൽ നിങ്ങളുടെ വിവരങ്ങൾ ക്രമീകരിക്കുക.

അത്‌ എന്തുകൊണ്ട്‌ പ്രധാനം?

വിവരങ്ങൾ യുക്തിസഹമായി അവതരിപ്പിക്കപ്പെടുമ്പോൾ അതു മനസ്സിലാക്കാനും അംഗീകരിക്കാനും ഓർത്തിരിക്കാനും സദസ്യർക്കു കൂടുതൽ എളുപ്പമായിരിക്കും.

വിവരങ്ങൾ യുക്തിസഹമായി ക്രമീകരിക്കാൻ കഴിയുന്നതിനു മുമ്പ്‌, നിങ്ങളുടെ മനസ്സിൽ ഒരു ലക്ഷ്യം ഉണ്ടായിരിക്കേണ്ടതുണ്ട്‌. നിങ്ങളുടെ ലക്ഷ്യം ഒരു പ്രത്യേക വിഷയത്തെ കുറിച്ച്‌​—ഒരു വിശ്വാസം, മനോഭാവം, ഗുണം, പ്രത്യേക തരം നടത്ത, ജീവിതരീതി ഇവയിൽ ഏതിനെയെങ്കിലും കുറിച്ച്‌​—മറ്റുള്ളവർക്കു കേവലം അറിവു പകർന്നു കൊടുക്കുകയാണോ? ഒരു പ്രത്യേക ആശയം ശരിയാണ്‌ അല്ലെങ്കിൽ തെറ്റാണ്‌ എന്നു തെളിയിക്കുകയാണോ? ഒരു സംഗതിയോടു വിലമതിപ്പു കെട്ടുപണി ചെയ്യുക അല്ലെങ്കിൽ ഒരു നടപടിയെടുക്കാൻ തക്കവണ്ണം പ്രേരിപ്പിക്കുകയാണോ? നിങ്ങൾ വിവരങ്ങൾ അവതരിപ്പിക്കാൻ പോകുന്നത്‌ ഒരു വ്യക്തിയുടെ മുമ്പാകെ ആയിരുന്നാലും വലിയ ഒരു സദസ്സിനു മുമ്പാകെ ആയിരുന്നാലും അതു ഫലകരമായി ചെയ്യുന്നതിന്‌, ആ വിഷയത്തെ കുറിച്ച്‌ അവർക്ക്‌ ഇപ്പോൾത്തന്നെ എന്തൊക്കെ അറിയാമെന്നും അതിനോടുള്ള അവരുടെ മനോഭാവം എന്താണെന്നും നിങ്ങൾ പരിചിന്തിക്കേണ്ടതുണ്ട്‌. അതിനുശേഷം, നിങ്ങളുടെ ലക്ഷ്യം കൈവരിക്കാൻ സഹായകമായ ഒരു വിധത്തിൽ വിവരങ്ങൾ വികസിപ്പിക്കുക.

അവൻ “യേശു തന്നേ ക്രിസ്‌തു എന്നു തെളിയിച്ചു [“യുക്തിപൂർവം തെളിയിച്ചു,” NW] ദമസ്‌കൊസിൽ പാർക്കുന്ന യെഹൂദന്മാരെ മിണ്ടാതാക്കി” എന്ന്‌ ദമസ്‌കൊസിലെ ശൌലിന്റെ (പൗലൊസിന്റെ) ശുശ്രൂഷയെ കുറിച്ച്‌ പ്രവൃത്തികൾ 9:22 പറയുന്നു. യുക്തിസഹമായ ആ തെളിവുകളിൽ എന്താണ്‌ ഉൾപ്പെട്ടിരുന്നത്‌? അന്ത്യോക്യയിലെയും തെസ്സലൊനീക്യയിലെയും പൗലൊസിന്റെ പിൽക്കാല ശുശ്രൂഷയെ കുറിച്ചുള്ള രേഖ സൂചിപ്പിക്കുന്നപ്രകാരം, ആദ്യം അവൻ യഹൂദർ എബ്രായ തിരുവെഴുത്തുകൾ അംഗീകരിച്ചെന്നും അവ മിശിഹായെ കുറിച്ചു പറയുന്ന കാര്യങ്ങൾ വിശ്വസിക്കുന്നതായി അവർ തുറന്നു സമ്മതിച്ചിരുന്നെന്നും ഉള്ള വസ്‌തുതയെ അടിസ്ഥാനപ്പെടുത്തി സംസാരിച്ചു. തുടർന്ന്‌, ആ തിരുവെഴുത്തുകളിൽനിന്ന്‌ മിശിഹായുടെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ചു പറയുന്ന ഭാഗങ്ങൾ പൗലൊസ്‌ തിരഞ്ഞെടുത്തു. അവൻ അവ ഉദ്ധരിക്കുകയും യേശുവിനോടു ബന്ധപ്പെട്ട്‌ യഥാർഥത്തിൽ സംഭവിച്ച കാര്യങ്ങളുമായി അവയെ താരതമ്യപ്പെടുത്തുകയും ചെയ്‌തു. ഒടുവിൽ, ഈ സംഗതികളെല്ലാം യേശു ആണ്‌ ക്രിസ്‌തു അഥവാ മിശിഹാ എന്നു സ്‌പഷ്ടമായി തെളിയിക്കുന്നുവെന്ന്‌ അവൻ വ്യക്തമാക്കി. (പ്രവൃ. 13:​16-41; 17:​2, 3, NW) നിങ്ങളും യുക്തിസഹമായ രീതിയിൽ ബൈബിൾ സത്യം അവതരിപ്പിക്കുന്ന പക്ഷം മറ്റുള്ളവർക്കു കാര്യങ്ങൾ ബോധ്യമായേക്കാം.

വിവരങ്ങൾ ചിട്ടപ്പെടുത്തൽ. യുക്തിസഹമായ പല വിധങ്ങളിൽ വിവരങ്ങൾ ക്രമീകരിക്കാൻ കഴിയും. പ്രയോജനകരമെന്നു കാണുന്നപക്ഷം, ഒന്നിലധികം മാർഗങ്ങൾ ഒരുമിച്ച്‌ ഉപയോഗിക്കാവുന്നതാണ്‌. ഏതാനും ചില സാധ്യതകൾ പരിചിന്തിക്കുക.

ഭാഗാനുക്രമത്തിൽ. വ്യത്യസ്‌ത വിഭാഗങ്ങളായി വിവരങ്ങൾ ചിട്ടപ്പെടുത്തുന്നത്‌ ഇതിൽ ഉൾപ്പെടുന്നു. നിങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവയാണ്‌ ഈ ഓരോ വിഭാഗവും. അവ നിങ്ങളുടെ വിഷയം ഗ്രഹിക്കുന്നതിന്‌ അനിവാര്യമായ മുഖ്യ പോയിന്റുകൾ ആയിരിക്കാം. അവ ഒരു സംഗതി തെറ്റാണെന്നോ ശരിയാണെന്നോ തെളിയിക്കുന്ന വ്യതിരിക്തമായ വാദഗതികളായിരിക്കാം. നിങ്ങളുടെ സദസ്സിനെയോ ലക്ഷ്യത്തെയോ കണക്കിലെടുത്തുകൊണ്ട്‌, വിഷയത്തോടു ബന്ധമുള്ള ചില പോയിന്റുകൾ കൂട്ടിച്ചേർക്കുകയോ നീക്കം ചെയ്യുകയോ ആകാം.

വിവരങ്ങൾ ഭാഗാനുക്രമത്തിൽ ക്രമീകരിക്കുന്നതിന്റെ ഒരു ഉദാഹരണം പരിചിന്തിക്കുക. ദൈവനാമത്തെ കുറിച്ചുള്ള ഹ്രസ്വമായ ഒരു അവതരണത്തിൽ പിൻവരുന്ന കാര്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്‌: (1) ദൈവത്തെ പേരിനാൽ അറിയുന്നതു പ്രധാനമായിരിക്കുന്നതിന്റെ കാരണം, (2) ദൈവത്തിന്റെ പേര്‌, (3) നമുക്ക്‌ ആ നാമം മഹത്ത്വപ്പെടുത്താൻ കഴിയുന്ന വിധം.

ഭവന ബൈബിളധ്യയനങ്ങളിൽ ഉപയോഗിക്കുന്നതിന്‌ “വിശ്വസ്‌തനും വിവേകിയുമായ അടിമ” രൂപകൽപ്പന ചെയ്‌തിരിക്കുന്ന പ്രസിദ്ധീകരണങ്ങൾ പരിശോധിക്കുന്നതിലൂടെ വിവരങ്ങൾ ഭാഗാനുക്രമത്തിൽ ക്രമീകരിക്കുന്നതിനെ കുറിച്ചു വളരെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും. (മത്താ. 24:​45, NW) സാധാരണഗതിയിൽ, അടിസ്ഥാന ബൈബിൾ സത്യങ്ങളെ കുറിച്ച്‌ ഒരു ആകമാന വീക്ഷണം ലഭിക്കാൻ വിദ്യാർഥികളെ സഹായിക്കുന്ന നിരവധി വിഷയങ്ങൾ അഥവാ ഭാഗങ്ങൾ ഈ പ്രസിദ്ധീകരണങ്ങളിൽ ഉൾക്കൊള്ളുന്നു. വലിപ്പമേറിയ പ്രസിദ്ധീകരണങ്ങളിൽ ഉപതലക്കെട്ടുകൾ ഉപയോഗിച്ച്‌ ഓരോ അധ്യായത്തെയും ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഓരോന്നും അതിനു താഴെ കൊടുത്തിരിക്കുന്ന വിവരങ്ങൾക്കായി വിദ്യാർഥിയെ ഒരുക്കുകയും ആകമാന ചിത്രം കിട്ടാൻ സഹായിക്കുകയും ചെയ്യുന്നു.

കാരണ-ഫല ക്രമത്തിലും ഫല-കാരണ ക്രമത്തിലും. കാരണത്തിൽനിന്നു ഫലത്തിലേക്കു ന്യായവാദം ചെയ്യുന്നത്‌ വിവരങ്ങൾ യുക്തിസഹമായി അവതരിപ്പിക്കുന്നതിനുള്ള മറ്റൊരു വിധമാണ്‌.

ഒരു വ്യക്തിയോ ഒരു കൂട്ടം ആളുകളോ തങ്ങൾ ചെയ്‌തുകൊണ്ടിരിക്കുന്ന, അല്ലെങ്കിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന ഒരു സംഗതിയുടെ അനന്തരഫലത്തെ കുറിച്ചു കൂടുതൽ ശ്രദ്ധാപൂർവം വിലയിരുത്തേണ്ടതുണ്ട്‌ എന്നു കരുതുക. അവരോടു സംസാരിക്കുമ്പോൾ പ്രസ്‌തുത സമീപനം ഫലവത്തായിരുന്നേക്കാം. സദൃശവാക്യങ്ങൾ 7-ാം അധ്യായത്തിൽ ഇതിന്റെ ഒരു മികച്ച ഉദാഹരണം കാണാം. ഭോഷനും “ബുദ്ധിഹീന”നുമായ (കാരണം) ഒരു യുവാവ്‌ ഒരു വേശ്യയുമായി ബന്ധപ്പെടുന്നതും കയ്‌പേറിയ അനന്തരഫലങ്ങൾക്ക്‌ ഇരയാകുന്നതും (ഫലം) എങ്ങനെയെന്ന്‌ ആ അധ്യായം വ്യക്തമായി വരച്ചുകാട്ടുന്നു.​—സദൃ. 7:⁠7.

കൂടുതലായ ഊന്നൽ നൽകുന്നതിന്‌, യഹോവയുടെ വഴികളിൽ നടക്കാൻ പരാജയപ്പെടുന്നവർ ഏറ്റുവാങ്ങുന്ന ദാരുണ ഫലങ്ങളെ യഹോവയുടെ വാക്കു കേൾക്കുന്നവർ ആസ്വദിക്കുന്ന അനുഗ്രഹങ്ങളുമായി വിപരീത താരതമ്യം ചെയ്യാവുന്നതാണ്‌. ഇസ്രായേൽ ജനം വാഗ്‌ദത്ത ദേശത്തു പ്രവേശിക്കുന്നതിനു മുമ്പ്‌ അവരോടു സംസാരിച്ചപ്പോൾ മോശെ യഹോവയുടെ ആത്മാവിനാൽ പ്രേരിതനായി അത്തരമൊരു വിപരീത താരതമ്യം നടത്തി.​—ആവ. അധ്യാ. 28.

ചില സന്ദർഭങ്ങളിൽ, ഒരു സാഹചര്യത്തെ (ഫലം) കുറിച്ചു പറഞ്ഞുകൊണ്ടു ചർച്ച തുടങ്ങുന്നതും തുടർന്ന്‌ അതിന്‌ ഇടയാക്കുന്ന ഘടകങ്ങളിലേക്ക്‌ (കാരണം) വിരൽ ചൂണ്ടുന്ന തെളിവുകൾ അവതരിപ്പിക്കുന്നതും ആണ്‌ കൂടുതൽ നല്ലത്‌. ഇതിൽ പലപ്പോഴും പ്രശ്‌ന-പരിഹാര രീതിയിലുള്ള അവതരണം ഉൾപ്പെടുന്നു.

പ്രശ്‌ന-പരിഹാര ക്രമത്തിൽ. വയൽശുശ്രൂഷയിൽ ആയിരിക്കവേ ആളുകളെ ആകുലപ്പെടുത്തുന്ന ഒരു പ്രശ്‌നം അവതരിപ്പിച്ചിട്ട്‌ അതിനു തൃപ്‌തികരമായ ഒരു പരിഹാരം ഉണ്ടെന്നു കാണിച്ചുകൊടുക്കുമ്പോൾ, ശ്രദ്ധിച്ചു കേൾക്കുന്നതിന്‌ അത്‌ ഒരുവനെ പ്രോത്സാഹിപ്പിച്ചേക്കാം. പ്രശ്‌നം നിങ്ങൾ ഉന്നയിക്കുന്നതോ മറ്റേ വ്യക്തി ഉന്നയിക്കുന്നതോ ആകാം.

ആളുകൾ വാർധക്യം പ്രാപിച്ചു മരിക്കുന്നതോ കുറ്റകൃത്യത്തിന്റെ വ്യാപനമോ അനീതി പരക്കെ വ്യാപകമായിരിക്കുന്നതോ പോലുള്ള ഒരു വസ്‌തുത ആകാം പ്രശ്‌നമായി അവതരിപ്പിക്കപ്പെടുക. അത്തരം ഒരു പ്രശ്‌നമുണ്ടെന്നു കാണിച്ചു കൊടുക്കാൻ വിപുലമായ ഒരു ചർച്ചയുടെ ആവശ്യമില്ല. കാരണം അത്‌ ഉണ്ടെന്നുള്ളതു വ്യക്തമാണ്‌. പ്രശ്‌നത്തെ കുറിച്ചു കേവലമൊന്നു പരാമർശിച്ചശേഷം ബൈബിൾ ചൂണ്ടിക്കാണിക്കുന്ന പരിഹാരം അവതരിപ്പിക്കുക.

അതേസമയം, പ്രശ്‌നം തികച്ചും വ്യക്തിപരമായ ഒന്നായിരിക്കാവുന്നതാണ്‌. ഒറ്റയ്‌ക്കുള്ള ഒരു മാതാവോ പിതാവോ നേരിടുന്ന വെല്ലുവിളികൾ, ഗുരുതരമായ രോഗം നിമിത്തമുള്ള നിരുത്സാഹം, മറ്റൊരാളുടെ സ്‌നേഹശൂന്യമായ പെരുമാറ്റം നിമിത്തം ഒരു വ്യക്തിക്കുണ്ടാകുന്ന വിഷമതകൾ ഇവയൊക്കെ അത്തരം പ്രശ്‌നങ്ങൾക്കുള്ള ഉദാഹരണങ്ങളാണ്‌. ചർച്ച ഏറ്റവും പ്രയോജനകരമായിത്തീരുന്നതിന്‌ ആദ്യംതന്നെ നിങ്ങൾ നല്ലൊരു ശ്രോതാവ്‌ ആയിരിക്കേണ്ടതുണ്ട്‌. ഈ പ്രശ്‌നങ്ങളെ എല്ലാം സംബന്ധിക്കുന്ന മൂല്യവത്തായ വിവരങ്ങൾ ബൈബിൾ പ്രദാനം ചെയ്യുന്നു. എന്നാൽ അവ വിവേകപൂർവം ഉപയോഗിക്കേണ്ടതുണ്ട്‌. നിങ്ങളുടെ ചർച്ചകൊണ്ടു മറ്റേ വ്യക്തിക്കു ശരിക്കും പ്രയോജനം ഉണ്ടാകണമെങ്കിൽ നിങ്ങൾ യാഥാർഥ്യബോധത്തോടെ വിവരങ്ങൾ അവതരിപ്പിക്കേണ്ടതുണ്ട്‌. നിങ്ങൾ ചർച്ച ചെയ്യുന്നതു സ്ഥായിയായ പരിഹാരത്തെ കുറിച്ചാണോ ഹ്രസ്വകാല ആശ്വാസത്തെ കുറിച്ചാണോ അതോ ഈ വ്യവസ്ഥിതിയിൽ മാറ്റം വരുകയില്ലാത്ത ഒരു സാഹചര്യത്തെ വിജയകരമായി എങ്ങനെ കൈകാര്യം ചെയ്യാമെന്നു മാത്രമാണോ എന്നു വ്യക്തമാക്കുക. മറ്റു വാക്കുകളിൽ പറഞ്ഞാൽ, നിങ്ങൾ അവതരിപ്പിക്കുന്ന തിരുവെഴുത്തു ന്യായവാദം, അതിൽനിന്നു നിങ്ങൾ എത്തിച്ചേരുന്ന നിഗമനത്തെ പിന്തുണയ്‌ക്കാൻ പോന്നതാണെന്ന്‌ ഉറപ്പു വരുത്തുക. അല്ലാത്തപക്ഷം, നിങ്ങൾ ചൂണ്ടിക്കാണിക്കുന്ന പരിഹാരം മറ്റേ വ്യക്തിക്ക്‌ ഒട്ടും യുക്തിസഹമായി തോന്നുകയില്ല.

കാലാനുക്രമത്തിൽ. ചില വിവരങ്ങൾ കാലാനുക്രമത്തിൽ അവതരിപ്പിക്കുന്നതാണ്‌ ഏറ്റവും സ്വാഭാവികം. ഉദാഹരണത്തിന്‌, പുറപ്പാടു പുസ്‌തകത്തിൽ പത്തു ബാധകളെ കുറിച്ചു പറഞ്ഞിരിക്കുന്നത്‌ അവ ഉണ്ടായ ക്രമത്തിലാണ്‌. എബ്രായർ 11-ാം അധ്യായത്തിൽ, മാതൃകാപരമായ വിശ്വാസം പ്രകടമാക്കിയ സ്‌ത്രീപുരുഷന്മാരെ അപ്പൊസ്‌തലനായ പൗലൊസ്‌ പട്ടികപ്പെടുത്തിയിരിക്കുന്നത്‌ കാലാനുക്രമത്തിലാണ്‌.

നിങ്ങൾ കഴിഞ്ഞകാല സംഭവങ്ങൾ കാലാനുക്രമത്തിൽ അവതരിപ്പിക്കുന്ന പക്ഷം, ചില സാഹചര്യങ്ങൾ ഉടലെടുത്തത്‌ എങ്ങനെ എന്നു മനസ്സിലാക്കാൻ അതു സദസ്സിനെ സഹായിച്ചേക്കാം. ആധുനികകാല ചരിത്രത്തിന്റെ കാര്യത്തിലും ബൈബിൾകാല സംഭവങ്ങളുടെ കാര്യത്തിലും ഇതു സത്യമാണ്‌. അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ കാലാനുക്രമത്തിലുള്ള അവതരണരീതിയും കാരണ-ഫല ക്രമത്തിലുള്ള വാദഗതിയും ഒരുമിച്ച്‌ ഉപയോഗിക്കുകയായിരിക്കാം. ഭാവിയിൽ നടക്കാനിരിക്കുന്നതായി ബൈബിൾ ചൂണ്ടിക്കാണിക്കുന്ന സംഭവങ്ങൾ വിവരിക്കാൻ നിങ്ങൾ ഉദ്ദേശിക്കുന്നെങ്കിൽ സദസ്സിനു മനസ്സിലാക്കാനും ഓർത്തിരിക്കാനും സാധ്യതയനുസരിച്ച്‌ ഏറ്റവും എളുപ്പം കാലാനുക്രമത്തിലുള്ള അവതരണരീതി ആയിരിക്കും.

വിവരങ്ങൾ കാലാനുക്രമത്തിൽ അവതരിപ്പിക്കുമ്പോൾ എല്ലായ്‌പോഴും അവയുടെ ആരംഭം മുതൽതന്നെ പറഞ്ഞുതുടങ്ങണമെന്നില്ല. ചില സന്ദർഭങ്ങളിൽ, ഒരു വിവരണം അതിലെ നാടകീയമായ ഒരു ഘട്ടത്തിൽനിന്നു പറഞ്ഞുതുടങ്ങുന്നതായിരിക്കാം കൂടുതൽ ഫലകരം. ഉദാഹരണത്തിന്‌, ഒരു അനുഭവം വിവരിക്കുമ്പോൾ, ദൈവത്തോടുള്ള ഒരാളുടെ നിർമലത പരീക്ഷിക്കപ്പെട്ട സന്ദർഭത്തെ കുറിച്ചു പറഞ്ഞുതുടങ്ങാൻ നിങ്ങൾ തീരുമാനിച്ചേക്കാം. അതു പറഞ്ഞുകൊണ്ടു താത്‌പര്യം ഉണർത്തിയ ശേഷം അതിലേക്കു നയിച്ച വിശദാംശങ്ങൾ കാലാനുക്രമത്തിൽ നിങ്ങൾക്കു പ്രസ്‌താവിക്കാൻ കഴിയും.

പ്രസക്ത വിവരങ്ങൾ മാത്രം ഉപയോഗിക്കൽ. നിങ്ങൾ വിവരങ്ങൾ എങ്ങനെ ചിട്ടപ്പെടുത്തിയാലും, പ്രസക്ത വിവരങ്ങൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. വിവരങ്ങളുടെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കേണ്ട ഒരു ഘടകമാണ്‌ പ്രസംഗത്തിന്റെ പ്രതിപാദ്യവിഷയം. കൂടാതെ, സദസ്സിനെയും നിങ്ങൾ കണക്കിലെടുക്കേണ്ടതുണ്ട്‌. ഒരു സദസ്സിന്റെ കാര്യത്തിൽ മർമപ്രധാനം ആയിരുന്നേക്കാവുന്ന ഒരു പോയിന്റ്‌ മറ്റൊരു കൂട്ടത്തിനു തികച്ചും അപ്രസക്തമായിരുന്നേക്കാം. അവതരിപ്പിക്കുന്ന എല്ലാ വിവരങ്ങളും നിങ്ങളുടെ ലക്ഷ്യം സാധിക്കുന്നതിന്‌ ഉപകാരപ്പെടുന്നവയാണ്‌ എന്നും നിങ്ങൾ ഉറപ്പുവരുത്തേണ്ടതുണ്ട്‌. അല്ലാത്തപക്ഷം നിങ്ങളുടെ അവതരണം രസകരമായിരിക്കാമെങ്കിലും അതു ഫലകരമായിരിക്കില്ല.

ഗവേഷണം നടത്തുമ്പോൾ, നിങ്ങളുടെ വിഷയവുമായി ബന്ധപ്പെട്ട രസകരമായ ഒട്ടേറെ വിവരങ്ങൾ നിങ്ങൾ കണ്ടെത്തിയേക്കാം. അതിൽ എത്രത്തോളം നിങ്ങൾ ഉപയോഗിക്കണം? ഒട്ടേറെ വിവരങ്ങൾകൊണ്ടു നിങ്ങൾ സദസ്സിനെ വീർപ്പുമുട്ടിക്കുന്നെങ്കിൽ നിങ്ങളുടെ ഉദ്ദേശ്യം സഫലമാകാതെ പോയേക്കാം. ഏതാനും മുഖ്യ ആശയങ്ങൾ നന്നായി വികസിപ്പിക്കുന്നതായിരിക്കും വളരെയധികം ആശയങ്ങൾ ധൃതിയിൽ അവതരിപ്പിക്കുന്നതിനെക്കാൾ സദസ്യർക്ക്‌ ഓർത്തിരിക്കാൻ കൂടുതൽ എളുപ്പം. ഇതിന്റെ അർഥം ഒരു വിഷയത്തെ കുറിച്ചുള്ള രസകരമായ അനുബന്ധ വിവരങ്ങൾ ഒരിക്കലും ഉൾപ്പെടുത്താൻ പാടില്ല എന്നല്ല. എന്നാൽ അവ നിങ്ങളുടെ ലക്ഷ്യത്തെ മറയ്‌ക്കാൻ അനുവദിക്കരുത്‌. ബൈബിളിൽ മർക്കൊസ്‌ 7:​3, 4-ലും യോഹന്നാൻ 4:​1-3, 7-9-ലും അത്തരം വിശദാംശങ്ങൾ വിവേചനാപൂർവം ഉൾപ്പെടുത്തിയിരിക്കുന്നത്‌ എങ്ങനെയെന്നു ശ്രദ്ധിക്കുക.

നിങ്ങൾ വിവരങ്ങൾ അവതരിപ്പിക്കുമ്പോൾ സദസ്സിനു ചിന്താധാര നഷ്ടമാകാൻ ഇടയാകുന്നത്ര വേഗത്തിൽ ഒരു പോയിന്റിൽനിന്ന്‌ അടുത്തതിലേക്കു കടക്കാതിരിക്കാൻ ശ്രദ്ധിക്കുക. ആശയങ്ങൾ പരസ്‌പരം ഫലപ്രദമായി ഇഴകോർത്തു നിൽക്കുന്നതിന്‌ നിങ്ങൾ ഒരു ആശയത്തെ മറ്റൊന്നുമായി ഒരു കണ്ണികൊണ്ടു ബന്ധിപ്പിക്കേണ്ടതുണ്ടായിരിക്കാം. ഈ കണ്ണി ആശയങ്ങൾ തമ്മിലുള്ള ബന്ധം കാണിക്കുന്ന ഒരു വാക്യമോ വാക്യാംശമോ ആകാം. പല ഭാഷകളിലും, ഒരു പുതിയ ആശയത്തിന്‌ മുമ്പു പറഞ്ഞ ആശയവുമായുള്ള ബന്ധം കാണിക്കുന്നതിന്‌ ലളിതമായ സംയോജക പദങ്ങളോ പദസമൂഹങ്ങളോ ഉപയോഗിക്കാൻ കഴിയും.

പ്രസക്ത വിവരങ്ങൾ മാത്രം ഉപയോഗിക്കുന്നതും അവ യുക്തിസഹമായി ക്രമീകരിക്കുന്നതും നിങ്ങളുടെ ലക്ഷ്യം കൈവരിക്കാൻ സഹായിക്കും.

സ്വയം ചോദിക്കുക . . .

  • എന്റെ ലക്ഷ്യം എന്താണ്‌?

  • മുഖ്യ പോയിന്റുകൾ ഓരോന്നും ആ ലക്ഷ്യവുമായി വ്യക്തമായി ബന്ധപ്പെട്ടിരിക്കുന്നുവോ?

  • വിവരങ്ങൾ തിരഞ്ഞെടുക്കവേ, സദസ്സിന്റെ ആവശ്യങ്ങൾ ഞാൻ കണക്കിലെടുത്തിരിക്കുന്നുവോ?

  • ഒരു ആശയത്തിൽനിന്നു മറ്റൊരു ആശയത്തിലേക്കു കടക്കുമ്പോൾ അവ തമ്മിലുള്ള ബന്ധം ശ്രോതാക്കൾക്ക്‌ എളുപ്പം മനസ്സിലാകുന്ന വിധത്തിലാണോ ഞാൻ വിവരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്‌?

അഭ്യാസം: ഈ പാഠം വായിച്ചു കഴിഞ്ഞ സ്ഥിതിക്ക്‌, ഓരോ ഖണ്ഡികയുടെയും രത്‌നച്ചുരുക്കം നിങ്ങളോടുതന്നെ പറഞ്ഞുകൊണ്ടു മിതമായ വേഗത്തിൽ വിവരങ്ങൾ പുനരവലോകനം ചെയ്യുക. ഓരോ ഖണ്ഡികയും മുഴു പാഠത്തിന്റെയും ലക്ഷ്യം കൈവരിക്കാൻ സഹായിക്കുന്നത്‌ എങ്ങനെയെന്നു ശ്രദ്ധിക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക