ഭാഗം 11—ആമുഖം
ഈ ഭാഗംമുതൽ അങ്ങോട്ട് ഗ്രീക്ക് തിരുവെഴുത്തുകളിലെ വിവരണങ്ങളാണ്. ഒരു ചെറിയ പട്ടണത്തിലുള്ള ഒരു പാവപ്പെട്ട കുടുംബത്തിലാണു യേശു ജനിച്ചത്. യേശു മരപ്പണിക്കാരനായ അപ്പനോടൊപ്പം പണിയെടുത്തു. മനുഷ്യവർഗത്തെ രക്ഷിക്കാൻപോകുന്നത് യേശുവാണ്. സ്വർഗരാജ്യത്തിന്റെ രാജാവായി യഹോവ യേശുവിനെ തിരഞ്ഞെടുത്തു. നിങ്ങൾ ഒരു അച്ഛനോ അമ്മയോ ആണെങ്കിൽ, യേശു ദൈവഭക്തിയുള്ള ഒരു നല്ല കുടുംബത്തിൽ ജനിച്ച് വളർന്നുവരാൻ യഹോവ കാര്യങ്ങൾ ശ്രദ്ധാപൂർവം ക്രമീകരിച്ചത് എങ്ങനെയെന്നു മനസ്സിലാക്കാൻ മക്കളെ സഹായിക്കുക. ഹെരോദ് കൊല്ലാൻ ശ്രമിച്ചപ്പോൾ യഹോവ യേശുവിനെ സംരക്ഷിച്ച വിധം പറഞ്ഞുകൊടുക്കുക. അങ്ങനെ, യഹോവയുടെ ഉദ്ദേശ്യങ്ങൾക്കു തടയിടാൻ ഒന്നിനുമാകില്ല എന്നതു വിശദീകരിക്കുക. യേശുവിനു വഴിയൊരുക്കാൻ യഹോവ യോഹന്നാനെ നിയമിച്ചത് എങ്ങനെയെന്നു കാണുക. യഹോവയിൽനിന്നുള്ള ജ്ഞാനപൂർവകമായ നിർദേശങ്ങൾ താൻ പ്രിയപ്പെടുന്നെന്നു യേശു ചെറുപ്പംമുതലേ തെളിയിച്ചത് എങ്ങനെയെന്ന് ഊന്നിപ്പറയുക.