“അവന്റെ സ്നേഹദയ ശക്തമെന്നു തെളിഞ്ഞിരിക്കുന്നു”
ഹോസെ വെർഗാറാ ഓറോസ്ക്കോ പറഞ്ഞപ്രകാരം
എഴുപതാം വയസ്സിൽ നിങ്ങളുടെ ജീവിതം പുതിയ പ്രചോദനത്താൽ നിറഞ്ഞതായിരിക്കാൻ കഴിയുമെന്ന് നിങ്ങൾ വിചാരിക്കുന്നുവോ? എന്റേത് അങ്ങനെയായിരുന്നു. അത് 35-ൽപരം വർഷം മുമ്പായിരുന്നു.
യഹോവയുടെ സ്നേഹദയയാൽ 1962 മുതൽ ഞാൻ ഒരു നിരന്തര പയനിയറായി സേവിച്ചിരിക്കുന്നു, 1972 മുതൽ മെക്സിക്കോയിലെ ജാലിസ്ക്കോ സംസ്ഥാനത്തെ യഹോവയുടെ സാക്ഷികളുടെ കാരിസാൽ സഭയിലെ ഒരു മേൽവിചാരകനുമാണ്. എന്റെ പശ്ചാത്തലത്തിൽ കുറെ ഞാൻ നിങ്ങളോടു പറയട്ടെ.
ഞാൻ മെക്സിക്കോയിലെ മിക്കോക്കാൻ സംസ്ഥാനത്ത് 1886 ഓഗസ്ററ് 18ന് ആണ് ജനിച്ചത്. എന്റെ അപ്പൻ മെയ്സൻസഭാവിഭാഗത്തിൽപെട്ട ഒരാളായിരുന്നു. അതുകൊണ്ട് ഞങ്ങളുടെ കുടുംബം കത്തോലിക്കാപള്ളിയിൽ പോയില്ല. ഞങ്ങൾ കത്തോലിക്കരുടെ മതപരമായ ഏതെങ്കിലും ആഘോഷങ്ങളിലും പങ്കെടുത്തില്ല, ഞങ്ങളുടെ വീട്ടിൽ മതപരമായ യാതൊരു പ്രതിമയുമില്ലായിരുന്നു.
എനിക്ക് 16 വയസ്സായിരുന്നപ്പോൾ, എന്റെ പിതാവ് ഐക്യനാടുകളിൽ ജോലിചെയ്യാൻ പോയി. എന്നാൽ എന്നെ ഒരു തൊഴിൽ പഠിപ്പിക്കാൻ അദ്ദേഹം ഒരാളെ ഏർപ്പാടുചെയ്തു. ഏതായാലും രണ്ടുവർഷം കഴിഞ്ഞ് ഒരു മിലിറററി അക്കാദമിയിലെ പരിശീലനത്തിനായി അയാൾ എന്നെ മെക്സിക്കോ നഗരത്തിലേക്കു കൊണ്ടുപോയി. അതിനുശേഷം ഞാൻ മെക്സിക്കൻ സൈന്യത്തിൽ ഒരു ജീവിതവൃത്തി സ്വീകരിച്ചു.
സൈന്യത്തിലും, അതിനുശേഷവും
ഞാൻ, 1910-ൽ തുടങ്ങിയ മെക്സിക്കൻ വിപ്ലവത്തിൽ പൊരുതി. അക്കാദമിയിലെ ചെറുപ്പക്കാരായിരുന്ന ഞങ്ങളെല്ലാം പോർഫീറിയോ ഡയസിന്റെ ഏകാധിപത്യത്തെ എതിർത്ത ഒരു വിപ്ലവകാരിയായിരുന്ന ഫ്രാൻസിസ്ക്കോ ഐ. മഡേറോയെ പിന്താങ്ങി. മഡേറോയുടെ 1913-ലെ മരണം വരെ ഞങ്ങൾ അദ്ദേഹത്തെ പിന്താങ്ങി. അതിനുശേഷം ഞങ്ങൾ ബാനുസ്ററ്യാനോ കരാൻസായെ പിന്താങ്ങി, അദ്ദേഹം 1915 മുതൽ 1920 വരെ റിപ്പബ്ലിക്കിന്റെ പ്രസിഡണ്ടായി സേവിച്ചിരുന്നു. ഞങ്ങൾ കരാൻസെസ്ററസ് എന്നു വിളിക്കപ്പെട്ടിരുന്നു.
സൈന്യത്തിൽനിന്ന് വിമോചിതനാകാൻ ഞാൻ നാല് വ്യത്യസ്ത അവസരങ്ങളിൽ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഞാൻ ഓടിപ്പോകുകയും ഒരു അഭയാർത്ഥിയാവുകയും ചെയ്തു. തദ്ഫലമായി മെക്സിക്കോയിലേക്കു മടങ്ങിവന്ന എന്റെ പിതാവ് അറസ്ററ്ചെയ്യപ്പെട്ടു. ഒരു ദിവസം അപ്പന്റെ അനന്തരവനായി നടിച്ചുകൊണ്ട് ഞാൻ തടവിൽ കിടന്ന അദ്ദേഹത്തെ സന്ദർശിച്ചു. കാവൽഭടൻമാർക്ക് ഞങ്ങളെ കേൾക്കാൻ കഴിയാത്ത വിധം ചെറിയ കടലാസുകഷണങ്ങളിൻമേൽ എഴുതി ഞങ്ങൾ ആശയവിനിയമം നടത്തി. ഞാൻ ആരാണെന്ന് ആരും കണ്ടുപിടിക്കാതിരിക്കാൻ ഞാൻ കടലാസ് തിന്നു.
എന്റെ പിതാവ് തടവിൽനിന്ന് വിമോചിതനായ ശേഷം, അദ്ദേഹം എന്നെ സന്ദർശിക്കുകയും അധികാരികൾക്ക് കീഴടങ്ങാൻ എന്നോടു അപേക്ഷിക്കുകയും ചെയ്തു. ഞാൻ അതു ചെയ്തു. ഞാൻ അതിശയിച്ചുപോകുമാറ് ജനറൽ എന്നെ അറസ്ററുചെയ്തില്ല. പകരം ഐക്യനാടുകളിലേക്ക് പൊയ്ക്കൊള്ളാൻ അദ്ദേഹം നിർദ്ദേശിച്ചു. ഞാൻ അദ്ദേഹത്തിന്റെ നിർദ്ദേശം അനുസരിക്കുകയും 1916 മുതൽ 1926 വരെ അവിടെ പാർക്കുകയും ചെയ്തു.
ഐക്യനാടുകളിൽതന്നെ ജീവിച്ചിരുന്ന ഒരു മെക്സിക്കൻ സ്ത്രീയെ 1923-ൽ ഞാൻ വിവാഹംകഴിച്ചു. ഞാൻ കെട്ടിടനിർമ്മാണത്തിൽ ഒരു തൊഴിൽ പഠിക്കുകയും ഒരു കൊച്ചു പെൺകുഞ്ഞിനെ ദത്തെടുക്കുകയും ചെയ്തു. അവൾക്ക് 17 മാസം പ്രായമായപ്പോൾ ഞങ്ങൾ മെക്സിക്കോയിലേക്കു മടങ്ങുകയും ററബാസ്ക്കോയിലെ ഹാൽപ്പയിൽ പാർപ്പുറപ്പിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ ‘ക്രിസ്റററോ വിപ്ലവം’ തുടങ്ങി, അത് 1926 മുതൽ 1929 വരെ തുടർന്നു.
ക്രിസ്റററോകളോടു ചേരാൻ അവർ എന്നോടാവശ്യപ്പെട്ടു. ഏതായാലും എന്റെ കുടുംബവും ഞാനും അഗ്വാസ്കല്യന്റെസ് സംസ്ഥാനത്തേക്ക് ഓടിപ്പോകാനാണ് ഇഷ്ടപ്പെട്ടത്. മെക്സിക്കൻ റിപ്പബ്ലിക്കിൽ വിവിധ സ്ഥലങ്ങളിൽ താമസിച്ച ശേഷം 1956-ൽ ഞങ്ങൾ ററാമോളിപസിലെ മാററാമൊറോസിൽ പാർപ്പുറപ്പിച്ചു. അവിടെ ഞാൻ നിർമ്മാണവേലകളുടെ മേൽനോട്ടം വഹിച്ചുതുടങ്ങി.
എന്റെ ജീവിതത്തിനു മാററംഭവിക്കുന്നു
ഈ സമയത്താണ് എന്റെ ജീവിതത്തിന് മാററംഭവിക്കാൻ തുടങ്ങിയത്. ഇപ്പോഴേക്കും വിവാഹംചെയ്ത് യു.എസ്.എ. റെറക്സാസിലെ ബ്രൗൺസിൽവില്ലിന്റെ അതിർത്തിക്കപ്പുറത്തു ജീവിച്ചിരുന്ന എന്റെ പുത്രി ഞങ്ങളെ കൂടെക്കൂടെ സന്ദർശിക്കുമായിരുന്നു. ഒരു ദിവസം അവൾ എന്നോടു പറഞ്ഞു: “ഡാഡ്, നിരവധി കുടുംബങ്ങൾ യൂണിയൻ ഹാളിൽ ഇപ്പോൾത്തന്നെ കൂടിവരുന്നുണ്ട്. അത് എന്തുസംബന്ധിച്ചാണെന്ന് കാണാൻ നമുക്കൊന്നു പോകാം.” അത് യഹോവയുടെ സാക്ഷികളുടെ ഒരു സമ്മേളനമായിരുന്നു. എന്റെ പുത്രിയും മരുമകനും പൗത്രനും ഭാര്യയും ഞാനും സമ്മേളനത്തിന്റെ നാലു ദിവസങ്ങളിലും സംബന്ധിച്ചു.
ആ വർഷംമുതൽ ഞങ്ങൾ യഹോവയുടെ സാക്ഷികളുടെ ക്രിസ്തീയ യോഗങ്ങൾക്ക് ഹാജരായി. മെക്സിക്കോയിൽ ഞാൻ ആത്മീയമായി പുരോഗമിച്ചു, അതേ സമയം എന്റെ പുത്രി ഐക്യനാടുകളിൽ അങ്ങനെ പുരോഗമിച്ചു. പെട്ടെന്നുതന്നെ ഞാൻ പഠിച്ചുകൊണ്ടിരുന്ന ബൈബിൾ സത്യങ്ങൾ എന്റെ കൂട്ടുജോലിക്കാരോടു ഞാൻ പറഞ്ഞുകൊണ്ടിരുന്നു. എനിക്ക് വീക്ഷാഗോപുരം, ഉണരുക! എന്നീ മാസികകളുടെ പത്തു പ്രതികൾ കിട്ടിക്കൊണ്ടിരുന്നു. ഞാൻ അവ കൂട്ടുജോലിക്കാർക്ക് വിതരണംചെയ്തു. ഓഫീസിലെ അഞ്ചുപേരും എൻജിനിയർമാരിൽ മൂന്നുപേരും മററു ജോലിക്കാരിൽ ചിലരും സാക്ഷികളായിത്തീർന്നു.
ഹാ, 1959 ഡിസംബർ 19ന് ഞാൻ നദിയിൽ സ്നാപനമേററപ്പോൾ തണുപ്പായിരുന്നോ? വെള്ളം അത്യധികം തണുത്തതായിരുന്നതിനാൽ അന്ന് സ്നാപനമേററ എല്ലാവർക്കും അസുഖം ബാധിച്ചു. എന്റെ പുത്രി എന്നെക്കാൾ മുമ്പ് സ്നാപനമേററു. എന്റെ ഭാര്യ ഒരിക്കലും സ്നാപനമേററില്ലെങ്കിലും ബൈബിൾ സത്യങ്ങളറിയാവുന്ന ഘട്ടംവരെ എത്തിയിരുന്നു, അവൾ വളരെ സഹകരണമുള്ളവളുമായിരുന്നു.
മുഴുസമയശുശ്രൂഷ
ദൈവത്തിന്റെ സകല സ്നേഹദയയും നിമിത്തം എനിക്ക് അവനോടു കടപ്പാടുതോന്നി. അതുകൊണ്ട് 1962 ഫെബ്രുവരിയിൽ എനിക്ക് 75 വയസ്സായിരുന്നപ്പോൾ ഞാൻ ഒരു പയനിയറെന്ന നിലയിൽ മുഴുസമയശുശ്രൂഷ തുടങ്ങി. ഏതാനും വർഷങ്ങൾക്കുശേഷം 1968-ൽ എന്റെ ഭാര്യ മരിച്ചു. അപ്പോൾ ഞാൻ മറെറാരു രാജ്യത്ത് സേവിക്കാനാഗ്രഹിച്ചു. എന്നാൽ എന്റെ പ്രായം നിമിത്തം അത് ബുദ്ധിപൂർവകമാണെന്ന് സഹോദരൻമാർ വിചാരിച്ചില്ല. എന്നിരുന്നാലും, 1970-ൽ ഞാൻ ജാലിസ്ക്കോ സംസ്ഥാനത്തെ കോലോട്ട്ലാനിൽ ഒരു പയനിയറായി നിയോഗിക്കപ്പെട്ടു, അവിടെ ഒരു ചെറിയ സഭ ഉണ്ടായിരുന്നു.
ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിരണ്ടു സെപ്ററംബറിൽ കോലോട്ട്ലാനു സമീപമുള്ള എൽ കാരിസാൽ എന്ന ചെറിയ പട്ടണത്തിലേക്ക് മാറാൻ സർക്കിട്ട് മേൽവിചാരകൻ നിർദ്ദേശിച്ചു. ആ വർഷത്തിലെ നവംബറിൽ അവിടെ ഒരു സഭ സ്ഥാപിക്കപ്പെട്ടു, എന്നെ ഒരു മൂപ്പനായി നിയമിക്കുകയും ചെയ്തു. അത് വളരെ ഒററപ്പെട്ട ഒരു പട്ടണമാണെങ്കിലും 31പേർ സഭാമീററിംഗുകൾക്ക് ഹാജരാകുന്നുണ്ട്.
എന്റെ പ്രായം ഗണ്യമാക്കാതെ ഞാൻ ഇപ്പോഴും ശുശ്രൂഷയിൽ പ്രവർത്തനനിരതനാണ്, തങ്ങളുടെ വിശ്വാസംസംബന്ധിച്ച് ന്യായവാദംചെയ്യാൻ ആളുകളെ സഹായിക്കുന്നതിന് കഠിനമായി ശ്രമിച്ചുകൊണ്ടുതന്നെ. ഉദാഹരണത്തിന് ആത്മാർത്ഥതയുള്ള കത്തോലിക്കർ കൊന്തനമസ്ക്കാരത്തിൽ നൻമനിറഞ്ഞ മറിയം ആവർത്തിക്കുന്നു: ‘നൻമനിറഞ്ഞ മറിയമേ, കൃപ നിറഞ്ഞവളേ, കർത്താവു നിന്നോടുകൂടെ.’ ആ പ്രാർത്ഥന ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: ‘നൻമ നിറഞ്ഞ മറിയമേ, ദൈവമാതാവേ.’ ‘അത് എങ്ങനെ സത്യമായിരിക്കാൻ കഴിയും? മറിയയെ രക്ഷിക്കുന്നത് ദൈവമാണെങ്കിൽ അവന് അതേസമയം അവളുടെ പുത്രനായിരിക്കാൻ എങ്ങനെ കഴിയും?’ എന്നു ഞാൻ അവരോടു ചോദിക്കുന്നു.
എനിക്കിപ്പോൾ 105 വയസ്സുണ്ട്. ജാലിസ്ക്കോയിലെ എൽ കാരിസാലിൽ ഒരു മൂപ്പനായും നിരന്തര പയനിയറായും ഞാൻ 20 വർഷത്തോടടുത്ത് സേവിച്ചിരിക്കുന്നു. ഞാൻ ഇത്രയേറെ വർഷം ജീവിച്ചിരിക്കുന്നത് യഹോവയുടെ ഇഷ്ടമാണെന്ന് ഞാൻ വിചാരിക്കുന്നു, കാരണം ഞാൻ അവനെ സേവിക്കാതെ നഷ്ടപ്പെടുത്തിയ സമയത്തിന് പരിഹാരം കാണാൻ ഈ വിധത്തിൽ എനിക്കു കഴിയുന്നു.
ഞാൻ പഠിച്ചിരിക്കുന്ന ഒരു സംഗതി, നമ്മുടെ പരമോന്നത ന്യായാധിപൻ തന്റെ നീതിയുള്ള സിംഹാസനത്തിൽനിന്ന് നമ്മെ വീക്ഷിക്കുന്നുണ്ടെന്നും നമ്മുടെ ആവശ്യങ്ങൾ സാധിച്ചുതരുന്നുവെന്നും നമുക്ക് എല്ലായ്പ്പോഴും ആത്മവിശ്വാസമുണ്ടായിരിക്കണമെന്നുള്ളതാണ്. സങ്കീർത്തനം 117: 2 (NW) പ്രസ്താവിക്കുന്നതുപോലെ, “നമ്മോട് അവന്റെ സ്നേഹദയ ശക്തമെന്നു തെളിഞ്ഞിരിക്കുന്നു.” (w92 2⁄1)