രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
ഇൻഡ്യയിൽ അവരുടെ വെളിച്ചം പ്രകാശിപ്പിക്കൽ
രാജ്യത്തിന്റെ ഈ സുവാർത്ത ഇൻഡ്യയിൽ സന്തോഷമുള്ള 11,524 സാക്ഷികൾ പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്. (മത്തായി 24:14) ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറെറാന്നിലെ സേവനവർഷത്തിൽ സ്നാപനമേററ 11066 പേർ മററുള്ളവർക്കു തങ്ങളുടെ വെളിച്ചം പ്രകാശിപ്പിക്കുന്ന രാജ്യപ്രഘോഷകരാണ്. ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകാഘോഷത്തിനു 28,866 പേർ ഹാജരായതു കണ്ടതിൽ എല്ലാവർക്കും എന്തു സന്തോഷമായിരുന്നു!
◻ അനേകരും ആദ്യം രാജ്യപ്രത്യാശയെക്കുറിച്ചു മനസ്സിലാക്കുന്നതു അനൗപചാരികസാക്ഷീകരണം മുഖേനയാണ്. ദൃഷ്ടാന്തത്തിന്, ഒരു സാക്ഷി രാജ്യത്തെക്കുറിച്ചു തന്റെ കൂട്ടുജോലിക്കാരോടു സംസാരിച്ചു, അവരും മരപ്പണിക്കാരാണ്. ഒരു കൂട്ടുജോലിക്കാരൻ ചെവികൊടുക്കുകയും തന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും വെളിച്ചം പ്രകാശിപ്പിച്ചുതുടങ്ങുകയും ചെയ്തു. അവർ സന്തോഷപൂർവം മററുള്ളവർക്ക് ഈ അത്ഭുതകരമായ രാജ്യസന്ദേശം കൈമാറി. റിപ്പോർട്ടുകളനുസരിച്ച്, ചുരുക്കംചില വർഷങ്ങൾകൊണ്ടു ‘30-ൽപരമാളുകൾ സത്യം സ്വീകരിച്ചിരുന്നു.’ യഹോവ അയാളെയും അയാളുടെ പുതിയ ആത്മീയ സഹോദരൻമാരെയും തങ്ങളുടെ വെളിച്ചം പ്രകാശിപ്പിച്ചതിന് അനുഗ്രഹിച്ചു.
◻ മറെറാരു സഭയിലെ ഒരു യുവ സഹോദരൻ സ്കൂളിലെ സഹപാഠികളോടു അനൗപചാരികമായി സാക്ഷീകരിച്ചുകൊണ്ടു തന്റെ വെളിച്ചം പ്രകാശിപ്പിച്ചു. അവരിൽ ചിലർ രാജ്യപ്രത്യാശയിൽ തത്പരരായിരുന്നു, അവൻ മിക്കപ്പോഴും അർദ്ധരാത്രി കഴിയുന്നതുവരെ അവർക്കു ബൈബിൾ വിശദീകരിച്ചുകൊടുത്തിരുന്നു. സാക്ഷികളോടു തുടർന്നു സഹവസിച്ചാൽ ഗുരുതരമായ പരിണതഫലങ്ങളുണ്ടാകുമെന്നു പുരോഹിതൻ മുന്നറിയിപ്പുകൊടുത്തിട്ടും കത്തോലിക്കാവിശ്വാസിയായിരുന്ന ഒരു വിദ്യാർത്ഥി സത്യത്തിനുവേണ്ടി ഉറച്ച നില സ്വീകരിച്ചു. ആ വിദ്യാർത്ഥിക്ക് താൻ സാക്ഷികളിൽനിന്നു ബൈബിൾസത്യമാണു പഠിക്കുന്നതെന്ന ബോധ്യമുണ്ടായിരുന്നു, അവൻ അറിവ് ഉൾക്കൊള്ളുന്നതിൽ തുടർന്നു. കാലക്രമത്തിൽ അവൻ സ്നാപനമേററു, ഇപ്പോൾ ഒരു ശുശ്രൂഷാദാസനായി സേവിക്കുകയും ചെയ്യുന്നു. അവൻ അത്ഭുതകരമായ സത്യത്തിന്റെ വെളിച്ചത്തിലൂടെ കൈവരുന്ന പ്രത്യാശയിൽ സന്തോഷിക്കുന്നു!—റോമർ 12:12.
◻ ഈ യുവസാക്ഷിയെ ശ്രദ്ധിച്ച മറെറാരാൾ ഒരു സുപ്രസിദ്ധ വിദ്യാർത്ഥിയായിരുന്നു, ഒരു നിരീശ്വരൻ. അയാൾ ദൈവത്തിൽ വിശ്വസിക്കുന്നതായി അവകാശപ്പെടുന്നവരെ പരിഹസിക്കുക പതിവായിരുന്നു. എന്നാൽ ഒരു ദിവസം അയാൾ ചർച്ചയിൽ പങ്കുചേരുകയും അനേകം ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. തന്റെ സകല ചോദ്യങ്ങൾക്കും യുക്തിപൂർവകമായ ഉത്തരങ്ങൾ ലഭിച്ചപ്പോൾ അയാൾ അതിശയിച്ചുപോകുകയും ബൈബിൾ ദൈവവചനമാണെന്നുള്ള നിഗമനത്തിലെത്തുകയും ചെയ്തു. അയാൾ ബൈബിൾപരിജ്ഞാനത്തിൽ പുരോഗമിക്കുകയും ഒടുവിൽ സ്നാപനമേൽക്കുകയും ചെയ്തു. അയാളുടെ ഹൈന്ദവപിതാവ് അയാളെ വീട്ടിൽനിന്നു പുറന്തള്ളുന്ന ഘട്ടംവരെ അയാളോടു എതിർത്തു. എന്നിരുന്നാലും, ജഡികസഹോദരൻമാരിൽ രണ്ടുപേരും സുഹൃത്തുക്കളിൽ രണ്ടുപേരും സത്യം സ്വീകരിക്കുകയും സ്നാപനമേൽക്കുകയും ചെയ്തപ്പോൾ സത്യത്തിനുവേണ്ടിയുള്ള ഈ ചെറുപ്പക്കാരന്റെ ഉറച്ച നിലപാടിനു പ്രതിഫലം ലഭിച്ചു. അയാളുടെ സഹോദരൻമാരിലൊരാൾ ഇപ്പോൾ ഇൻഡ്യയിലെ ബ്രാഞ്ചാഫീസിൽ സേവിക്കുന്നു.
◻ ഒരു വിദ്യാർത്ഥിനേതാവും ഈ യുവസാക്ഷിയുമായുള്ള ചർച്ചകളിൽ പങ്കുചേർന്നു. അയാൾ ഒരു സ്ഥിരം പുകവലിക്കാരനും കനത്ത കുടിയനുമായിരുന്നു. ഒരു സമയത്ത്, സാക്ഷിയിൽനിന്നു സത്യം പഠിച്ച രണ്ടു സഹപാഠികൾക്കിട്ടു തല്ലാൻ അയാൾ ആഗ്രഹിച്ചു. സത്യം സ്വീകരിച്ചതുനിമിത്തം ഒരു കോളജ് സമരത്തിൽ ചേരാൻ അവർ വിസമ്മതിക്കുകയും വിദ്യാർത്ഥിനേതാവ് നേതൃത്വം വഹിച്ച ഒരു രക്തശേഖരണപ്രസ്ഥാനത്തിൽ രക്തദാനം നടത്താതിരിക്കുകയും ചെയ്തു. ഈ ചെറുപ്പക്കാരൻ ഇപ്പോൾ യഹോവയുടെ പ്രകാശവാഹകനായ ഒരു സാക്ഷിയായിരിക്കുന്നതിൽ സന്തുഷ്ടനാണ്.
◻ ആദ്യം തന്റെ വെളിച്ചം പ്രകാശിപ്പിച്ച വിദ്യാർത്ഥി അനൗപചാരികമായി സാക്ഷീകരിച്ചുകൊണ്ടു തന്റെ സമപ്രായക്കാരിൽ മൊത്തം 15 പേരെ സമർപ്പണത്തിനും സ്നാപനത്തിനും സഹായിക്കുന്നതിനു കാരണക്കാരനായി.
ഈ വിസ്തൃതമായ രാജ്യത്ത് ദൈവത്തിന്റെ പുതിയ ലോകത്തെക്കുറിച്ചുള്ള ബൈബിൾപ്രത്യാശ അനേകർ സ്വീകരിക്കുന്നതും തന്റെ രാജ്യത്തിൽ എന്നേക്കും ജീവിക്കുന്നതിനു യഹോവയാം ദൈവം കൂട്ടിച്ചേർത്തുകൊണ്ടിരിക്കുന്ന ലോകവ്യാപക സഹോദരവർഗ്ഗത്തോടു ചേരുന്നതും കാണുന്നത് ഒരു സന്തോഷമാണ്.