നിങ്ങൾ സംബന്ധിക്കേണ്ടതിന്റെ കാരണം
ലോകമെമ്പാടുമുള്ള നഗരങ്ങളിൽ ഇപ്പോൾത്തന്നെ ആരംഭിച്ചിരിക്കുന്ന “ദിവ്യ ബോധന” ഡിസ്ട്രിക്ററ് കൺവെൻഷനുകളിൽ ആത്മീയ പ്രബോധനത്തിന്റെ പ്രതിഫലദായകമായ നാലു ദിവസങ്ങൾ നിങ്ങൾക്കു ലഭിക്കുന്നതായിരിക്കും. ഇന്ത്യയിൽ മാത്രം ഈ വർഷത്തേക്കായി സെപ്ററംബർ അവസാന വാരംമുതൽ 1994 ജനുവരി ആദ്യ വാരംവരെ 17 സമ്മേളനങ്ങൾ ക്രമീകരിച്ചിരിക്കുന്നു. സാധാരണമായി, പരിപാടി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 1.20-ന് ആരംഭിച്ചു ഞായറാഴ്ച വൈകിട്ടു 4.15-ന് അവസാനിക്കും. ഈ സന്തോഷകരമായ അവസരത്തിനുവേണ്ടി തങ്ങളുടെ മാതൃരാജ്യത്തിലേക്കു മടക്കിവരുത്തപ്പെടുന്ന മിഷനറിമാർ കൊണ്ടുവരുന്ന റിപ്പോർട്ടുകൾ ലോകത്തിന്റെ മററു ഭാഗങ്ങളിലുള്ള ചില കൺവെൻഷനുകളിലെ സവിശേഷതയായിരിക്കും.
നിങ്ങൾ വൃദ്ധനോ യുവാവോ—ഒരു ഭർത്താവോ ഭാര്യയോ പിതാവോ മാതാവോ കൗമാരപ്രായക്കാരോ അല്ലെങ്കിൽ കുട്ടിയോ—ആയാലും നിങ്ങൾക്കു പ്രയോജനം ലഭിക്കുന്ന, വ്യക്തവും ആകർഷകവുമായ ഒരു വിധത്തിൽ അവതരിപ്പിക്കുന്ന പ്രബോധനം നിങ്ങൾക്കു ലഭിക്കും. ഉദാഹരണത്തിന്, അനേകർ ഇന്ന് ഇങ്ങനെ ചോദിക്കാറുണ്ട്, ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ്? വെള്ളിയാഴ്ച രാവിലെ ഈ പ്രശ്നത്തിന്റെ ചർച്ച കേൾക്കുന്നതു നിങ്ങൾ ആസ്വദിക്കുകയും ഈ വിഷയം മനസ്സിലാക്കാൻ മററുള്ളവരെ സഹായിക്കുന്നതിനു ലഭിക്കുന്ന ഉപകരണത്തിൽ സന്തോഷിക്കുകയും ചെയ്യും.
വെള്ളിയാഴ്ച ഉച്ചയ്ക്കു “വിവാഹത്തെ ഒരു നിലനിൽക്കുന്ന ബന്ധമാക്കൽ,” “നിങ്ങളുടെ കുടുംബത്തിന്റെ രക്ഷക്കായി കഠിനമായി പ്രയത്നിക്കുക,” “മാതാപിതാക്കളേ—നിങ്ങളുടെ കുട്ടികൾക്കു വിദഗ്ധ ശ്രദ്ധ ആവശ്യമാണ്” എന്നീ ഭാഗങ്ങൾ വിശേഷവത്ക്കരിക്കും. ഇവയ്ക്കു തൊട്ടുപിന്നാലെ യുവജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലും അവ കൈകാര്യം ചെയ്യുവാൻ അവർക്കെങ്ങനെ കഴിയുമെന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. ഇപ്പോൾ തങ്ങളുടെ സ്രഷ്ടാവിനെ ഓർമ്മിക്കുന്ന യുവാക്കൾ എന്ന ആധുനികകാല നാടകത്താൽ അവർ പ്രോത്സാഹിതരാകണം.
ശനിയാഴ്ചത്തെ പരിപാടി അന്ത്യനാളുകളെക്കുറിച്ചുള്ള യേശുവിന്റെ പ്രവചനവും വിശേഷിച്ച് “ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യൻ ഇരുണ്ടുപോകും” എന്ന അവിടുത്തെ വാക്കുകളും വിശേഷവത്ക്കരിക്കും. (മത്തായി 24:29) എപ്പോഴാണ് ആ കഷ്ടം ആരംഭിക്കുന്നത് എന്നതിനെക്കുറിച്ചുള്ള ഒരു ചർച്ച കേൾക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കും. ശനിയാഴ്ചത്തെ പരിപാടി ആധുനിക നാളിലെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം പുനരവലോകനം ചെയ്യുകയും അവർ എന്തു സാധിച്ചിരിക്കുന്നു എന്നു പ്രകടമാക്കുകയും ചെയ്യും.
ഞായറാഴ്ച അവതരിപ്പിക്കുന്ന വഴിതെററിക്കപ്പെടുകയോ ദൈവത്തെ പരിഹസിക്കുകയോ അരുത് എന്ന ശീർഷകത്തിലുള്ള മറെറാരു നാടകം ഇന്നത്തെ ജനപ്രീതിയാർജിച്ച വീഡിയോയും സംഗീതവും മുഖാന്തരം ക്രിസ്തീയ നിർമലത നേരിടുന്ന വെല്ലുവിളിയെ കൈകാര്യം ചെയ്യുന്നതായിരിക്കും. ഉച്ചകഴിഞ്ഞുള്ള പരസ്യപ്രസംഗം “നമ്മുടെ പ്രയാസമേറിയ സമയങ്ങൾക്കായുള്ള സഹായകമായ ബോധനം” എന്ന വിഷയത്തെ വിശേഷവത്ക്കരിക്കും. “ദിവ്യ ബോധനത്തോടു പററി നിൽക്കുക” എന്ന അനുശാസനത്തോടെ പരിപാടി ഉപസംഹരിക്കും.
നാലു ദിവസവും സന്നിഹിതരാവുന്നതിനാൽ നിശ്ചയമായും നിങ്ങൾ പ്രയോജനമനുഭവിക്കും! സംബന്ധിക്കാൻ ഞങ്ങൾ നിങ്ങളെ ഹാർദമായി ക്ഷണിക്കുന്നു. നിങ്ങളുടെ വീടിനോട് ഏററവും അടുത്തുള്ള സമ്മേളന സ്ഥലം കണ്ടുപിടിക്കുവാൻ യഹോവയുടെ സാക്ഷികളുടെ പ്രാദേശിക രാജ്യഹാളുമായി ബന്ധപ്പെടുകയോ ഈ മാസികയുടെ പ്രസാധകർക്ക് എഴുതുകയോ ചെയ്യുക.