ശാസ്ത്രം, മതം,സത്യാന്വേഷണം
“പല വ്യാജമതങ്ങളുടെയും വ്യാപനം . . . എന്നിൽ ഗണ്യമായ സ്വാധീനംചെലുത്തി എന്നതാണു വാസ്തവം.”—ചാൾസ് ഡാർവിൻ
പത്തൊമ്പതാം നൂററാണ്ടിന്റെ പ്രാരംഭത്തിൽ ശാസ്ത്രവും മതവും ഉററബന്ധം ആസ്വദിച്ചു. “ശാസ്ത്രീയ ലേഖനങ്ങളിൽപ്പോലും സ്വാഭാവികവും യഥാർഥവുമായ രീതിയിൽ ദൈവത്തെക്കുറിച്ചു പരാമർശിക്കുന്നതിന് എഴുത്തുകാർക്കു മടി തോന്നിയില്ല” എന്ന് ഡാർവിൻ: മുമ്പും പിമ്പും (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു.
ഒറിജിൻ ഓഫ് സ്പീഷീസ് എന്ന ഡാർവിന്റെ പുസ്തകം അതിനു മാററം വരുത്തി. ശാസ്ത്രവും പരിണാമവും തമ്മിൽ ബന്ധം വളർന്നുവന്നു. അത് മതത്തെ—ദൈവത്തെയും—അവഗണിക്കുകയുണ്ടായി. “പരിണാമസിദ്ധാന്തപ്രകാരം അമാനുഷികമായ എന്തിന്റെയെങ്കിലും ആവശ്യമോ അവസരമോ മേലാൽ ഉണ്ടായിരിക്കുന്നില്ല” എന്ന് സർ ജൂലിയൻ ഹക്സ്ലി പറയുന്നു.
ഇന്ന് പരിണാമസിദ്ധാന്തം ശാസ്ത്രത്തിന്റെ അനുപേക്ഷണീയ അസ്ഥിവാരമാണെന്നാണ് അവകാശപ്പെടുന്നത്. ഈ ബന്ധത്തിനുള്ള മുഖ്യ കാരണം ഭൗതികശാസ്ത്രജ്ഞനായ ഫ്രെഡ് ഹോയ്ൽ വെളിപ്പെടുത്തുന്നു: “യാഥാസ്ഥിതികരായ ശാസ്ത്രജ്ഞൻമാർക്ക് കൂടുതൽ ശ്രദ്ധയുള്ളത് പഴയകാലത്തെ അതിരു കവിഞ്ഞ മതപരമായ വീക്ഷണങ്ങളിലേക്കുള്ള തിരിച്ചുവരവിനെ തടയുക എന്നതിലാണ്. അല്ലാതെ സത്യം ആരാഞ്ഞു കണ്ടുപിടിക്കുന്നതിലല്ല.” അതിരു കവിഞ്ഞ ഏതുതരം വീക്ഷണം നിമിത്തമാണു മതം ശാസ്ത്രത്തിന് ഇത്രമാത്രം അരുചികരമായത്?
മതം സൃഷ്ടിപ്പിനു ചീത്തപ്പേര് ഉണ്ടാക്കുന്നു
ബൈബിളിനെ ഉയർത്തിപ്പിടിക്കാനുള്ള ഉദ്യമത്തിനിടയിൽ “സൃഷ്ടിവാദികൾ”—കൂടുതലും മൗലികവാദികളായ പ്രൊട്ടസ്ററൻറുകാരുമായി ഒത്തുചേർന്ന്—ഭൂമിക്കും പ്രപഞ്ചത്തിനും 10,000 വർഷത്തിൽ താഴെ കാലപ്പഴക്കമേ ഉള്ളൂവെന്നു തറപ്പിച്ചു പറഞ്ഞു. അതിരു കടന്ന ഈ വീക്ഷണം ഭൂതത്ത്വശാസ്ത്രജ്ഞൻമാർ, ജ്യോതിശ്ശാസ്ത്രജ്ഞൻമാർ, ഭൗതികശാസ്ത്രജ്ഞൻമാർ എന്നിവരുടെ പരിഹാസത്തിന് ഇടവരുത്തി. കാരണം അത് അവരുടെ കണ്ടുപിടിത്തങ്ങളുമായി വിയോജിപ്പിലായിരുന്നു.
എന്നാൽ ബൈബിൾ യഥാർഥത്തിൽ എന്താണു പറയുന്നത്? “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” (ഉല്പത്തി 1:1) അതിൽ ഉൾപ്പെട്ടിരിക്കുന്ന സമയം കൃത്യമായി പ്രതിപാദിച്ചിട്ടില്ല. സൃഷ്ടിപ്പിന്റെ “ഒന്നാം ദിവസ”ത്തെക്കുറിച്ച് ഉല്പത്തി 1:3-5-നു മുമ്പു പരാമർശിക്കുന്നുപോലുമില്ല. “ആകാശവും ഭൂമിയും” ഒന്നാം “ദിവസം” തുടങ്ങുന്നതിനു മുമ്പേ സ്ഥിതിചെയ്തിരുന്നു. അതുകൊണ്ട്, ശാസ്ത്രജ്ഞൻമാർ അവകാശപ്പെടുന്നതുപോലെ ആകാശവും ഭൂമിയും കോടിക്കണക്കിനു വർഷങ്ങൾ പഴക്കമുള്ളതായിരിക്കാൻ വഴിയുണ്ടോ? അതിന് ഏറെ സാധ്യതകളുണ്ട്. ചെലവഴിച്ചിരിക്കുന്ന സമയം സംബന്ധിച്ച് ബൈബിൾ ഒന്നും വ്യക്തമാക്കുന്നില്ല.
ആറ് സൃഷ്ടിപ്പിൻ ‘ദിവസങ്ങൾ’ സംബന്ധിച്ചുള്ള ചിലരുടെ വ്യാഖ്യാനമാണ് മതം വച്ചുപുലർത്തുന്ന അതിരു കടന്ന മറെറാരു വീക്ഷണം. ഇത് 144 മണിക്കൂർ നീണ്ടുനിന്ന അക്ഷരീയ ദിവസങ്ങളാണെന്ന് ചില മതമൗലികവാദികൾ തറപ്പിച്ചു പറയുന്നു. ഭൗമിക സൃഷ്ടി ഈ കാലയളവിൽ നടന്നുവെന്നാണ് അവർ അവകാശപ്പെടുന്നത്. ഈ അവകാശവാദം സ്പഷ്ടമായ ശാസ്ത്രീയ നിരീക്ഷണങ്ങളുമായി ഒത്തുപോകുന്നില്ല എന്ന് ശാസ്ത്രജ്ഞൻമാർക്കു തോന്നുന്നു. അതുകൊണ്ട് ഇത് അവരിൽ സംശയം ജനിപ്പിച്ചു.
എന്നിരുന്നാലും, ശാസ്ത്രവുമായി വിയോജിപ്പിലായിരിക്കുന്നത് ബൈബിളിനെപ്പററിയുള്ള മതമൗലികവാദികളുടെ വ്യാഖ്യാനമാണ് അല്ലാതെ ബൈബിൾ അല്ല. ഓരോ സൃഷ്ടിപ്പിൻ “ദിവസ”വും 24 മണിക്കൂർ ദൈർഘ്യമുള്ളതാണ് എന്നു ബൈബിൾ പറയുന്നില്ല. വാസ്തവത്തിൽ, ഈ ‘ദിവസങ്ങ’ളെയെല്ലാം സുദീർഘമായ, “യഹോവയാം ദൈവം ഭൂമിയും ആകാശവും സൃഷ്ടിച്ച നാളിൽ” ഉൾപ്പെടുത്തിയിരിക്കുന്നു. ബൈബിളിലെ എല്ലാ ‘ദിവസങ്ങ’ളും വെറും 24 മണിക്കൂറിൽ ഒതുങ്ങിയതല്ല എന്ന് ഇതു കാണിക്കുന്നു. (ഉല്പത്തി 2:4) ചിലത് ആയിരക്കണക്കിനു വർഷങ്ങൾ ദൈർഘ്യമുള്ളവ ആയിരുന്നേക്കാം.a
അങ്ങനെ സൃഷ്ടിവാദികളും മതമൗലികവാദികളും ചേർന്ന് സൃഷ്ടി സംബന്ധിച്ച ആശയത്തിനു ചീത്തപ്പേരുണ്ടാക്കി. പ്രപഞ്ചത്തിന്റെ ആയുസ്സും സൃഷ്ടി ‘ദിവസങ്ങളുടെ’ ദൈർഘ്യവും സംബന്ധിച്ചുള്ള അവരുടെ പഠിപ്പിക്കലുകൾ യുക്തിസഹമായ ശാസ്ത്രവും ബൈബിളുമായി പൊരുത്തത്തിലല്ല. ശാസ്ത്രജ്ഞൻമാർക്കു മതത്തിൽ വെറുപ്പുണ്ടാക്കിത്തീർത്ത അതിർകടന്ന വേറെയും ചില വീക്ഷണഗതികളുണ്ട്.
അധികാര ദുർവിനിയോഗം
ചരിത്രത്തിലുടനീളം അനവധി അനീതികൾക്ക് മതം ഉത്തരവാദിയായിരുന്നിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, മധ്യയുഗങ്ങളിൽ യൂറോപ്പിലെ സ്വേച്ഛാധിപത്യത്തെ ന്യായീകരിക്കുന്നതിനു സൃഷ്ടി സംബന്ധിച്ച സിദ്ധാന്തം വളച്ചൊടിക്കുകയുണ്ടായി. മനുഷ്യരെ ധനവാൻ അല്ലെങ്കിൽ നിർധനൻ ആക്കിവച്ചിരിക്കുന്നതു ദിവ്യ കല്പനയാലാണ് എന്നായിരുന്നു അതിന്റെ അനുമാനം. ദ ഇൻറലിജൻറ് യൂണിവേഴ്സ് എന്ന പുസ്തകം വിശദീകരിക്കുന്നു: “കുടുംബ ഭൂസ്വത്തിൽനിന്ന് ലേശം ലഭിക്കുക അല്ലെങ്കിൽ ഒട്ടും ലഭിക്കാതിരിക്കുക എന്നത് ‘ദൈവത്തിന്റെ വ്യവസ്ഥ’പ്രകാരമാണ് എന്ന് ധനികരുടെ ഇളയ സന്താനങ്ങളോടു പറയുകയുണ്ടായി. ജോലിക്കാരനെ ‘ദൈവം അവനെ നിയോഗിച്ചിരിക്കുന്ന സ്ഥാനത്തിൽ’ സംതൃപ്തിയടയാൻ നിരന്തരം പ്രേരിപ്പിക്കുകയുണ്ടായി.”
“പഴയകാലത്തെ അതിരു കവിഞ്ഞ മതപരമായ വീക്ഷണങ്ങളി”ലേക്കു തിരികെ വരാൻ അനേകരും ഭയപ്പെടുന്നതിൽ അതിശയിക്കാനില്ല! മമനുഷ്യന്റെ ആത്മീയ ആവശ്യങ്ങൾ നിവർത്തിച്ചുകൊടുക്കുന്നതിനു പകരം മതം മിക്കപ്പോഴും അതിനെ ചൂഷണം ചെയ്യുകയാണു ചെയ്തിരിക്കുന്നത്. (യെഹെസ്കേൽ 34:2) ഇന്ത്യാ ടുഡേ മാഗസിനിലെ ഒരു പത്രാധിപലേഖനം ഇങ്ങനെ പറയുന്നു: “യുഗായുഗങ്ങളായി മതം സ്ഥാപിച്ചിരിക്കുന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിൽ അത് എന്തെങ്കിലും വിശ്വാസ്യത നേടിയിട്ടുണ്ടെങ്കിൽ അത് ഒരു അത്ഭുതം തന്നെയാണ്. . . . അത്യുന്നത സ്രഷ്ടാവിന്റെ നാമത്തിൽ . . . മനുഷ്യവർഗം സഹ മനുഷ്യർക്കെതിരെ അത്യന്തം നിന്ദ്യമായ ക്രൂരകൃത്യങ്ങൾ നടത്തിയിരിക്കുന്നു.”
വ്യാജമതത്തിന്റെ ഞെട്ടിക്കുന്ന ചരിത്രം ഡാർവിന്റെ ചിന്താഗതിയിൽ കുറച്ചൊന്നുമല്ല സ്വാധീനം ചെലുത്തിയിട്ടുള്ളത്. “ക്രിസ്ത്യാനിത്വം ഒരു ദിവ്യ വെളിപാടാണ് എന്നതിൽ എനിക്കു ക്രമേണ വിശ്വാസമില്ലാതായിത്തീർന്നു” എന്ന് അദ്ദേഹം എഴുതി. “പല വ്യാജമതങ്ങളും ഭൂവ്യാപകമായി കാട്ടുതീപോലെ പടർന്നത് എന്നിൽ ഗണ്യമായ സ്വാധീനം ചെലുത്തിയെന്നതാണു വാസ്തവം.”
സത്യമതത്തിന്റെ വിജയം
മതപരമായ കാപട്യം ഈ ലോകത്തെ സംബന്ധിച്ചിടത്തോളം പുത്തരിയല്ല. യേശു തന്റെ നാളിലെ അധികാര മോഹികളായ മതനേതാക്കൻമാരോടു പറഞ്ഞു: “നിങ്ങൾ പുറമേ നല്ല മനുഷ്യരായി ചമയുന്നു—എന്നാൽ നിങ്ങൾ ഉള്ളിൽ കപടതയുടെയും ദുഷ്ടതയുടെയും സമുച്ചയമാണ്.”—മത്തായി 23:28, ഫിലിപ്സ്.
എന്നിരുന്നാലും, സത്യക്രിസ്ത്യാനിത്വം “ഈ ലോകത്തിന്റെ ഭാഗമല്ല.” (യോഹന്നാൻ 17:16, NW) അതിന്റെ അനുഗാമികൾ ദുഷിച്ച മതത്തിലോ രാഷ്ട്രീയത്തിലോ പങ്കെടുക്കുന്നില്ല. സ്രഷ്ടാവിന്റെ അസ്തിത്വത്തെ നിരാകരിക്കുന്ന തത്ത്വശാസ്ത്രങ്ങളാൽ അവർ വഴിതെററിക്കപ്പെടുന്നുമില്ല. “ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്വമത്രേ” എന്ന് അപ്പോസ്തലനായ പൗലോസ് എഴുതി.—1 കൊരിന്ത്യർ 3:19.
എങ്കിലും, സത്യക്രിസ്ത്യാനികൾ ശാസ്ത്രീയമായി പിടിപാടൊന്നുമില്ലാത്തവരാണ് എന്ന് അതിന് അർഥമില്ല. അതിനുവിപരീതമായി, സത്യമതത്തിന്റെ അനുഗാമികൾ ശാസ്ത്രത്തിൽ അത്ഭുതസ്തബ്ധരായിരിക്കുന്നു. പുരാതന നാളിലെ പ്രവാചകനായ യെശയ്യാവിനോട് ഇങ്ങനെ പറയുകയുണ്ടായി: “നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ?” (യെശയ്യാവു 40:26) സമാനമായി, സ്രഷ്ടാവിനെക്കുറിച്ചു കൂടുതലായി അറിയുന്നതിന് പ്രകൃതിയിലെയും പ്രപഞ്ചത്തിലെയും അത്ഭുത കൃത്യങ്ങൾ പരിവേഷണം ചെയ്യുന്നതിന് ഇയ്യോബ് ക്ഷണിക്കപ്പെടുകയുണ്ടായി.—ഇയ്യോബ്, 38-41 അധ്യായങ്ങൾ.
അതേ, സ്രഷ്ടാവിൽ വിശ്വസിക്കുന്നവർ സൃഷ്ടിയെ ഭയാവഹമായ ആദരവോടെ വീക്ഷിക്കുന്നു. (സങ്കീർത്തനം 139:14) കൂടാതെ, സൃഷ്ടികർത്താവായ യഹോവ മഹത്തായ ഭാവിപ്രത്യാശയെക്കുറിച്ചു പറയുന്നതെല്ലാം അവർ വിശ്വസിക്കുന്നു. (വെളിപ്പാടു 21:1-4) മമനുഷ്യന്റെ ഉത്ഭവമോ അവന്റെ ഭാവിയോ അന്ധമായ ആകസ്മിക സംഭവത്തെ ആശ്രയിച്ചിരിക്കുന്നില്ല എന്ന് ലക്ഷങ്ങൾ ബൈബിളധ്യയനത്തിലൂടെ മനസ്സിലാക്കുന്നു. മനുഷ്യനെ സൃഷ്ടിച്ചതിൽ യഹോവക്ക് ഒരു ഉദ്ദേശ്യമുണ്ടായിരുന്നു. സകല മനുഷ്യവർഗത്തിനും അനുഗ്രഹം പകർന്നുകൊണ്ട് ആ ഉദ്ദേശ്യം നിവർത്തിയാകും. വസ്തുതകൾ സ്വയം പരിശോധിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.
[അടിക്കുറിപ്പ്]
a 1984 മാർച്ച് 8-ലെ ഉണരുക!, പേജ് 15-18-ഉം വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ചുള്ള ഉൾക്കാഴ്ച (ഇംഗ്ലീഷ്) വാല്യം 1, പേജ് 545-ഉം കാണുക. സൃഷ്ടിവാദവും ശാസ്ത്രം ബൈബിൾ എന്നിവയുമായുള്ള അതിന്റെ പൊരുത്തമില്ലായ്മയും സംബന്ധിച്ച് കൂടുതലായ വിവരത്തിനുവേണ്ടി 1983 മാർച്ച് 8-ലെ ഉണരുക! (ഇംഗ്ലീഷ്), പേജ് 12-15-ഉം 1983 മാർച്ച് 22-ലെ ഉണരുക! (ഇംഗ്ലീഷ്), പേജ് 12-15-ഉം കാണുക.
[6-ാം പേജിലെ ചതുരം]
തെളിവു സംബന്ധിച്ച് അറിവില്ലായ്മയോ?
“യഹോവയുടെ സാക്ഷികൾപോലും ജീവശാസ്ത്രം സംബന്ധിച്ചു നല്ല അറിവു നേടിയിട്ടുണ്ട്” എന്ന് നോർമൻ മാക്ബത്ത് എന്ന അഭിഭാഷകൻ 1971-ൽ എഴുതിയ ഡാർവിൻ വീണ്ടും വിചാരണ ചെയ്യപ്പെടുന്നു—യുക്തിയോട് ഒരഭ്യർഥന (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ പറഞ്ഞു. ഉണരുക! മാസികയിൽ പരിണാമം സംബന്ധിച്ച ഒരു ലേഖനം വായിച്ചശേഷം മാക്ബത്ത് അഭിപ്രായപ്പെട്ടു: “ഡാർവിൻവാദം സംബന്ധിച്ച ചില യുക്തിസഹമായ വിമർശനം അതിൽ അടങ്ങിയിരുന്നുവെന്നത് എന്നെ അതിശയപ്പെടുത്തി.” ഈ വിഷയം സംബന്ധിച്ചുള്ള ആഴമായ ഗവേഷണവും ആധികാരിക പ്രമാണങ്ങളിൽനിന്നുള്ള യുക്തിയുക്തമായ ഉദ്ധരണിയും ശ്രദ്ധിച്ചശേഷം ലേഖകൻ ഇങ്ങനെ ഉപസംഹരിച്ചു: “‘. . . അതിൽ [പരിണാമത്തിൽ] വിശ്വസിക്കുന്നില്ലാത്ത ഓരോരുത്തരും സ്പഷ്ടമായും ശാസ്ത്രീയ തെളിവുകൾ സംബന്ധിച്ച് അജ്ഞരാണ്’ എന്ന സിംസന്റെ അഭിപ്രായം മേലാൽ ശരിയായിരിക്കുന്നില്ല.”
[7-ാം പേജിലെ ചിത്രം]
മനുഷ്യവർഗത്തിന്റെ ഭാവി വെറും ആകസ്മിക സംഭവത്തിനു വിട്ടിരിക്കയല്ല