ബന്ധുക്കൾക്കു സാക്ഷ്യം നൽകുന്നതു നല്ല ഫലങ്ങൾ കൈവരുത്തുന്നു
തയ്വാനിലെ റ്റായ്നാനിൽ ഒരു യുവ കുടുംബിനി ബൈബിൾ പഠിക്കാൻ തുടങ്ങി. ഒരു വലിയ കുടുംബത്തോടൊപ്പമാണ് അവൾ താമസിക്കുന്നത്, അവരിൽ മിക്കവരും പ്രസ്ബിറ്റേറിയൻ സഭയിലെ പ്രമുഖ അംഗങ്ങളായിരുന്നു. സാക്ഷികൾ ‘മറ്റു മതങ്ങളെ ആക്രമിക്കുന്നു’ എന്നു പറഞ്ഞുകൊണ്ട് അവളുടെ സഭ മിക്കപ്പോഴും അവരെ വിമർശിച്ചിരുന്നതിനാൽ അപ്രകാരം ചെയ്യുന്നതിൽനിന്ന് അവൾ ശ്രദ്ധാപൂർവം ഒഴിഞ്ഞുനിന്നു, അതേസമയം ക്രിസ്തീയ ഗുണങ്ങൾ പ്രകടിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. യോഗങ്ങൾക്കു ഹാജരാകുന്നതിനു പതിനാറു കിലോമീറ്റർ മോട്ടോർ സൈക്കിളിൽ യാത്രചെയ്യേണ്ടതുണ്ടായിരുന്നെങ്കിലും അവൾ അതിൽ ക്രമമായി ഹാജരായി. അവൾ തന്റെ വ്യക്തിത്വത്തിൽ വരുത്തിക്കൊണ്ടിരുന്ന മാറ്റങ്ങൾ പെട്ടെന്നുതന്നെ കുടുംബാംഗങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. അതുകൊണ്ടും നയപൂർവമായ അവളുടെ സാക്ഷീകരണം നിമിത്തവും അവളുടെ നാത്തൂൻ പഠിക്കാൻ തുടങ്ങി. പിന്നീട്, അവൾ പഠിക്കുന്നതെന്താണെന്നു പരിശോധിക്കാൻ ഭർത്താവും സമ്മതിച്ചു. അടുത്തതായി, അദ്ദേഹത്തിന്റെ സഹോദരനും ഒരു മച്ചുനനും അധ്യയനം തുടങ്ങി. പിന്നീട്, കുടുംബത്തിലെ വ്യത്യസ്ത അംഗങ്ങൾ പഠിക്കുന്ന വിഷയത്തിൽ അമ്മായിയമ്മ താത്പര്യം കാണിച്ചു. അടുത്തതായി ഈ യുവതി 322 കിലോമീറ്റർ ദൂരെ താമസിക്കുന്ന സ്വന്തം മാതാപിതാക്കൾക്കു സാക്ഷ്യം നൽകി. അവരും പഠിക്കാൻ തുടങ്ങി. ഈ യുവതിയും ഭർത്താവും രണ്ടു ബന്ധുക്കളും ഇപ്പോൾ സ്നാപനമേറ്റിരിക്കുന്നു. ബന്ധുക്കളിൽ പലരും സത്യം പഠിക്കുന്നതിൽ നല്ലവണ്ണം പുരോഗമിക്കുന്നുണ്ട്, കൂടാതെ അതേ സഭയിൽപ്പെട്ട വേറൊരു ദമ്പതികൾ പ്രസംഗവേലയിൽ പങ്കെടുക്കുന്നതിന് ഇപ്പോൾ സഭയിൽനിന്നു രാജിവെച്ചിരിക്കുന്നു. വാക്കിലൂടെയും നല്ല നടത്തയിലൂടെയും മറ്റുള്ളവർക്കു സത്യം പകർന്നുകൊടുത്തതിനു യഹോവയിൽനിന്നുള്ള എന്തോരനുഗ്രഹം!