കാരേറ്റുകാരും അവരുടെ സത്യാന്വേഷണവും
“കൂലങ്കഷമായി [തിരുവെഴുത്തുകളിൽ] അന്വേഷിക്കുകയും എന്റെ അഭിപ്രായത്തിൽ ആശ്രയിക്കാതിരിക്കുകയും ചെയ്യുക.” പൊ.യു. (പൊതുയുഗം) എട്ടാം നൂറ്റാണ്ടിലെ ഒരു കാരേറ്റു നേതാവു പറഞ്ഞതാണ് ആ വാക്കുകൾ. ആരായിരുന്നു കാരേറ്റുകാർ? അവരുടെ മാതൃകയിൽനിന്നും മൂല്യവത്തായ എന്തെങ്കിലും നമുക്കു പഠിക്കാനാവുമോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ നാം ചരിത്രത്തിൽ പിന്നോട്ട്, കാരേറ്റു പ്രസ്ഥാനത്തിനിടയാക്കിയ ദീർഘനാൾ നീണ്ടുനിന്ന ഒരു വിവാദത്തിലേക്ക്, പോകണം.
വിവാദം ആരംഭിച്ചതെങ്ങനെ?
പൊതുയുഗത്തിനു മുമ്പുള്ള അവസാന യുഗങ്ങളിൽ, യഹൂദമതത്തിനകത്ത് ഒരു പുതിയ തത്ത്വശാസ്ത്രം വികാസം പ്രാപിച്ചു. സീനായ് പർവതത്തിൽവെച്ച് ദൈവം ലിഖിതവും വാചികവുമായa രണ്ടു ന്യായപ്രമാണങ്ങൾ കൊടുത്തുവെന്ന ആശയമായിരുന്നു അത്. പൊ.യു. ഒന്നാം നൂറ്റാണ്ടായപ്പോഴേക്കും, പുതിയ പഠിപ്പിക്കൽ ഉയർത്തിപ്പിടിച്ചവരും അതിനെ നിരാകരിച്ചവരും തമ്മിൽ ചൂടുപിടിച്ച വാദപ്രതിവാദങ്ങൾ നടന്നു. പരീശന്മാർ അതിനെ പിന്താങ്ങുന്നവരും സദൂക്യരും എസ്സീനുകളും അതിനെ എതിർക്കുന്നവരുമായിരുന്നു.
ഈ വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോഴാണു നസ്രത്തിലെ യേശു വാഗ്ദത്ത മിശിഹായായി പ്രത്യക്ഷപ്പെടുന്നത്. (ദാനീയേൽ 9:24, 25; മത്തായി 2:1-6, 22, 23) യഹൂദന്മാരിലെ പരസ്പരവിരുദ്ധ ആശയഗതികളുള്ള അത്തരം സകല കൂട്ടങ്ങളുമായും യേശു ഏറ്റുമുട്ടി. അവരുമായി ന്യായവാദം നടത്തവേ, തങ്ങളുടെ പാരമ്പര്യംനിമിത്തം ദൈവവചനത്തെ അസാധുവാക്കുന്നതിനെതിരെ അവൻ സംസാരിച്ചു. (മത്തായി 15:3-9) മിശിഹായ്ക്കു മാത്രം സാധിക്കുന്നവിധത്തിൽ യേശു ആത്മീയ സത്യങ്ങൾ പഠിപ്പിക്കുകയും ചെയ്തു. (യോഹന്നാൻ 7:45, 46) മാത്രമല്ല, തങ്ങൾക്കു ദിവ്യപിന്തുണയുണ്ടെന്നുള്ളതിന്റെ തെളിവു നൽകിയത് യേശുവിന്റെ അനുഗാമികൾ മാത്രമാണ്. അവർ ക്രിസ്ത്യാനികൾ എന്ന് അറിയപ്പെടുന്നവരായിത്തീർന്നു.—പ്രവൃത്തികൾ 11:26.
പൊ.യു. 70-ൽ യെരുശലേം ദേവാലയം നശിപ്പിക്കപ്പെട്ടപ്പോൾ, കുഴപ്പം കൂടാതെ അതിജീവിച്ച ഒരേ ഒരു മതവിഭാഗം പരീശന്മാരായിരുന്നു. ഇപ്പോൾ പൗരോഹിത്യം, ബലികൾ, ആലയം എന്നിവയില്ലാതെ പരീശ യഹൂദമതത്തിന് അവയ്ക്കെല്ലാം പകരം മറ്റെന്തെങ്കിലും കണ്ടുപിടിക്കണമായിരുന്നു. ലിഖിത ന്യായപ്രമാണത്തെ മറികടക്കാൻ പാരമ്പര്യത്തെയും വ്യാഖ്യാനത്തെയും അനുവദിച്ചുകൊണ്ട് അവർ അതു ചെയ്തു. ഇതു പുതിയ “വിശുദ്ധ ഗ്രന്ഥങ്ങൾ” എഴുതപ്പെടുന്നതിനു വഴിതെളിച്ചു. അങ്ങനെ അതിന്റെ ആദ്യഫലമായിരുന്നു മിഷ്ന. അവരുടെ വാചിക ന്യായപ്രമാണത്തോടു കൂട്ടിച്ചേർക്കാനുള്ള സംഗതികളും അതിന്റെ വ്യാഖ്യാനങ്ങളുമടങ്ങുന്ന ഒന്നായിരുന്നു അത്. പിന്നീട്, മറ്റ് എഴുത്തു ശേഖരങ്ങൾ കൂട്ടിച്ചേർക്കപ്പെടുകയും അവ തൽമൂദ് എന്നു വിളിക്കപ്പെടുകയും ചെയ്തു. അതേസമയം, വിശ്വാസത്യാഗികളായ ക്രിസ്ത്യാനികൾ യേശുവിന്റെ പഠിപ്പിക്കലുകൾക്കു വിപരീതം പ്രവർത്തിക്കാൻ തുടങ്ങി. രണ്ടു ഭിന്ന വിഭാഗങ്ങളും ശക്തമായ മതവ്യവസ്ഥിതിക്കു കാരണമായി—ഒരു വശത്തു സഭാധികാരവും മറ്റേ വശത്തു റബ്ബിമാരുടെ അധികാരവും.
പുറജാതീയ റോമായോടും പിന്നീട് “ക്രിസ്തീയ” റോമായോടുമുള്ള യഹൂദ പോരാട്ടങ്ങൾനിമിത്തം, യഹൂദമതത്തിന്റെ പ്രവർത്തന കേന്ദ്രം അവസാനം ബാബിലോനിലേക്കു മാറ്റി. അവിടെവെച്ചായിരുന്നു തൽമൂദ് എഴുത്തുകൾ അവയുടെ ഏതാണ്ടു പൂർണരൂപത്തിൽ എഡിറ്റു ചെയ്യപ്പെട്ടത്. ദൈവേഷ്ടം കൂടുതൽ പൂർണമായി വെളിപ്പെടുത്തുന്നതായിരുന്നു തൽമൂദ് എന്നു റബ്ബിമാർ അവകാശപ്പെട്ടിരുന്നെങ്കിലും, അനേകം യഹൂദന്മാർക്കും റബ്ബിമാരുടെ കൂടിക്കൂടിവരുന്ന സ്വാധീനം അനുഭവപ്പെടുകയും തങ്ങൾക്കു മോശയിലൂടെയും പ്രവാചകന്മാരിലൂടെയും നൽകപ്പെട്ട ദൈവവചനത്തിനായി അതിയായി ആഗ്രഹിക്കുകയും ചെയ്തു.
പൊ.യു. എട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ, റബ്ബിമാരുടെ അധികാരത്തെയും വാചിക ന്യായപ്രമാണത്തിലുള്ള അവരുടെ വിശ്വാസത്തെയും എതിർത്ത ബാബിലോനിലെ യഹൂദന്മാർ അനൻ ബെൻ ദാവീദ് എന്ന ഒരു പണ്ഡിത നേതാവിനോട് അനുകൂല മനോഭാവം പ്രകടമാക്കി. റബ്ബിമാരുടെ വ്യാഖ്യാനമോ തൽമൂദോ എന്തു പറയുന്നുവെന്നു നോക്കാതെ, സത്യമതത്തിന്റെ ഏക ഉറവ് എന്നനിലയിൽ എബ്രായ തിരുവെഴുത്തുകൾ മറ്റാരുടെയും നിയന്ത്രണമില്ലാതെ പഠിക്കാൻ ഓരോ യഹൂദനും അവകാശമുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അനൻ ഇങ്ങനെ പഠിപ്പിച്ചു: “തോറയിൽ [ദൈവത്തിന്റെ ലിഖിത ന്യായപ്രമാണം] കൂലങ്കഷമായി അന്വേഷിക്കുകയും എന്റെ അഭിപ്രായത്തിൽ ആശ്രയിക്കാതിരിക്കുകയും ചെയ്യുക.” തിരുവെഴുത്തിന്മേലുള്ള ഈ ഊന്നൽനിമിത്തം, അനന്റെ അനുഗാമികൾ ഖ്വരായിം എന്ന് അറിയപ്പെടുന്നവരായിത്തീർന്നു, “വായനക്കാർ” എന്ന അർഥമുള്ള ഒരു എബ്രായ പേരാണത്.
കാരേറ്റുകാരും റബ്ബിമാരും ഏറ്റുമുട്ടുന്നു
റബ്ബി വൃത്തങ്ങളിൽ അമ്പരപ്പിനിടയാക്കിയ ചില കാരേറ്റു പഠിപ്പിക്കലുകൾ എന്തെല്ലാമാണ്? ഇറച്ചിയും പാലും ഒരുമിച്ചു കഴിക്കുന്നതു റബ്ബിമാർ വിലക്കിയിരുന്നു. അവർ ഇത് അവതരിപ്പിച്ചത് “ആട്ടിൻകുട്ടിയെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്” എന്നു പറയുന്ന പുറപ്പാടു 23:19 സംബന്ധിച്ച വാചിക ന്യായപ്രമാണത്തിന്റെ വിശദീകരണം എന്നനിലയിലായിരുന്നു. എന്നാൽ അതേസമയം, ഈ വാക്യം അത് എന്തു പറയുന്നുവോ അത്രയേ അർഥമാക്കുന്നുള്ളു—കൂടുതലുമല്ല, കുറച്ചുമല്ല—എന്നായിരുന്നു കാരേറ്റുകാർ പഠിപ്പിച്ചത്. റബ്ബിമാരുടെ നിബന്ധനകൾ മനുഷ്യരുടെ കണ്ടുപിടിത്തങ്ങളായിരുന്നുവെന്ന് അവർ വാദിച്ചു.
ആവർത്തനപുസ്തകം 6:8, 9 സംബന്ധിച്ചുള്ള അവരുടെ വ്യാഖ്യാനപ്രകാരം, തിരുവെഴുത്ത് പതിച്ചിട്ടുള്ള നെറ്റിപ്പട്ട (Tefillin) ധരിച്ചുകൊണ്ടുവേണം യഹൂദ പുരുഷന്മാർ പ്രാർഥിക്കേണ്ടതെന്നും ഒരു ചെറിയ തുകൽച്ചുരുൾ (mezuzah) ഓരോ കട്ടിളയിലും വെക്കണമെന്നുമുള്ള കാഴ്ചപ്പാടു റബ്ബിമാർ വെച്ചുപുലർത്തി.b ആലങ്കാരികവും പ്രതീകാത്മകവുമായ അർഥമുള്ള വാക്യങ്ങളായി മാത്രമേ കാരേറ്റുകാർ ഈ വാക്യങ്ങളെ കണ്ടുള്ളൂ, അതുകൊണ്ട് അവർ റബ്ബിമാരുടെ അത്തരം നിബന്ധനകളെ തള്ളിക്കളഞ്ഞു.
മറ്റു സംഗതികളിൽ കാരേറ്റുകാർ റബ്ബിമാരെക്കാൾ കൂടുതൽ നിബന്ധനകൾ ഉള്ളവരായിരുന്നു. ഉദാഹരണത്തിന്, “ശബ്ബത്തുനാളിൽ നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും തീ കത്തിക്കരുതു” എന്നു പറയുന്ന പുറപ്പാടു 35:3 സംബന്ധിച്ച അവരുടെ കാഴ്ചപ്പാടു പരിചിന്തിക്കുക. ശബത്തിനു മുമ്പു കത്തിച്ചതാണെങ്കിൽപ്പോലും ഒരു വിളക്കോ പ്രകാശമോ എരിഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയിൽ നിറുത്തുന്നത് കാരേറ്റുകാർ വിലക്കി.
വിശേഷിച്ചും അനന്റെ മരണശേഷം, കാരേറ്റു നേതാക്കന്മാർ ചില നിബന്ധനകളുടെ കാഠിന്യത്തെയും സ്വഭാവത്തെയും സംബന്ധിച്ചു കൂടെക്കൂടെ വിയോജിപ്പു പ്രകടിപ്പിച്ചു. തന്നെയുമല്ല, അവയുടെ സന്ദേശം എല്ലായ്പോഴും വ്യക്തമായിരുന്നുമില്ല. കാരേറ്റുകാർക്ക് ഐക്യമുണ്ടായിരുന്നില്ല, കാരണം അവർ ഏതെങ്കിലും ഒരു ഒറ്റ നേതാവിനെ അംഗീകരിച്ചിരുന്നില്ല. എന്തുകൊണ്ടെന്നാൽ റബ്ബിമാരുടെ അധികാരശൈലിയിൽനിന്നു വിപരീതമായി, തിരുവെഴുത്തുകളുടെ വ്യക്തിപരമായ വായനയ്ക്കും വ്യാഖ്യാനത്തിനും അവർ ഊന്നൽ കൊടുത്തു. എന്നിട്ടും, കാരേറ്റു പ്രസ്ഥാനത്തിനു ജനപ്രീതി ലഭിച്ചുകൊണ്ടിരുന്നു. ബാബിലോന്യ യഹൂദ സമുദായത്തിനപ്പുറത്തേക്ക് അതിന്റെ സ്വാധീനം വളരുകയും മധ്യപൂർവദേശത്തുടനീളം അതു വ്യാപിക്കുകയും ചെയ്തു. യെരുശലേമിൽ ഒരു വൻകിട കാരേറ്റു കേന്ദ്രം സ്ഥാപിക്കപ്പെടുകപോലുമുണ്ടായി.
പൊ.യു. ഒമ്പതും പത്തും നൂറ്റാണ്ടുകളിൽ, കാരേറ്റു പണ്ഡിതന്മാർ എബ്രായ ഭാഷയുടെ പുതുക്കിയ പഠനത്തിൽ കാര്യമായ അവഗാഹം നേടുകയും ഒരുതരം സുവർണയുഗം ആസ്വദിക്കുകയും ചെയ്തിരുന്നു. ലിഖിത എബ്രായ തിരുവെഴുത്തു പാഠത്തെയാണ് അവർ വിശുദ്ധമായി കരുതിയത്, അല്ലാതെ വാചികമായി ലഭിച്ച പാരമ്പര്യത്തെയല്ല. ചില കാരേറ്റുകാർ എബ്രായ തിരുവെഴുത്തുകളുടെ വിദഗ്ധ പകർപ്പെഴുത്തുകാർ ആയിത്തീർന്നു. വാസ്തവത്തിൽ, പ്രസ്തുത വിഷയത്തിൽ കാരേറ്റുകാർ കാട്ടിയ താത്പര്യമായിരുന്നു എല്ലാ യഹൂദന്മാരുടെയിടയിലും തിരുവെഴുത്തു സംബന്ധിച്ച മാസരെറ്റിക് പഠനത്തിനു കാരണമായത്. അതുമുഖാന്തരം ലഭ്യമായതോ, കൂടുതൽ കൃത്യതയുള്ളതായി സൂക്ഷിക്കപ്പെട്ട ഇന്നത്തെ ഒരു ബൈബിൾ പാഠവും.
ശീഘ്ര വളർച്ചയുടെ ഈ കാലഘട്ടത്തിൽ, കാരേറ്റു യഹൂദമതം മറ്റു യഹൂദർക്കിടയിൽ പരസ്യമായ മിഷനറിവേലയിൽ ഏർപ്പെട്ടു. ഇതു റബ്ബിമാരുടെ യഹൂദമതത്തിനു നേരേ വ്യക്തമായ വെല്ലുവിളി ഉയർത്തി.
റബ്ബിമാർ പ്രതികരിച്ചതെങ്ങനെ?
തന്ത്രപരമായി വളച്ചുപറയലും സാഹചര്യാധിഷ്ഠിത പഠിപ്പിക്കലും സഹിതം ഒരു ഉഗ്രവാഗ്പോരാട്ടമായിരുന്നു റബ്ബിമാരുടെ പ്രത്യാക്രമണം. അനന്റെ ആക്രമണത്തെത്തുടർന്നുള്ള നൂറ്റാണ്ടിൽ, റബ്ബിമാരുടെ യഹൂദമതം കാരേറ്റുകാരുടെ പല രീതികളും സ്വീകരിച്ചു. തിരുവെഴുത്തുകൾ ഉദ്ധരിക്കുന്നതിലും അവരുടെ പ്രഭാഷണകലയിലെ കാരേറ്റു ശൈലിയും രീതിയും കൂട്ടിയിണക്കുന്നതിലും റബ്ബിമാർ കൂടുതൽ പ്രാവീണ്യമുള്ളവരായിത്തീർന്നു.
കാരേറ്റുകാരുമായുള്ള ഈ വാഗ്പോരാട്ടത്തിന്റെ അനിഷേധ്യ നേതാവായിരുന്നു സഡിയാ ബെൻ ജോസഫ്. ഇദ്ദേഹം പൊ.യു. പത്താം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ബാബിലോനിൽ യഹൂദ സമുദായത്തിന്റെ തലവനായിത്തീർന്നു. സഡിയായുടെ മഹത്കൃതിയായ ദ ബുക്ക് ഓഫ് ബിലീഫ്സ് ആൻഡ് ഒപ്പീനിയൻസ് ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയ സാംയെൽ റോസൻബ്ലാറ്റ് അതിന്റെ ആമുഖത്തിൽ ഇങ്ങനെ പറഞ്ഞു: “അദ്ദേഹത്തിന്റെ നാളിൽ . . . തൽമൂദ് സംബന്ധിച്ച് അദ്ദേഹം പണ്ഡിതനായിരുന്നെങ്കിലും, യഹൂദ പാരമ്പര്യത്തിന്റെ ഈ ഉറവിനെ [സഡിയാ] താരതമ്യേന കാര്യമായി ഉപയോഗിക്കുന്നില്ല, ലിഖിത ന്യായപ്രമാണത്തെമാത്രം സാധുവായി കരുതിയിരുന്ന കാരേറ്റുകാരെ അവരുടെതന്നെ ആയുധംകൊണ്ട് തോൽപ്പിക്കുകയെന്ന അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു അതിനു കാരണമെന്നു വ്യക്തമാണ്.”
സഡിയായുടെ കാലടികൾ പിൻപറ്റിക്കൊണ്ട്, റബ്ബിമാരുടെ യഹൂദമതം അവസാനം സ്വാധീനം നേടിയെടുത്തു. കാരേറ്റുകാരുടെ വാദഗതികളെ നിർവീര്യമാക്കാനാവുംവിധം വേണ്ടവണ്ണം അനുരൂപപ്പെട്ടുകൊണ്ടാണ് അവർ ഇതു നേടിയത്. അവസാന പ്രഹരം ഏൽപ്പിച്ചത് 12-ാം നൂറ്റാണ്ടിലെ പ്രശസ്ത തൽമൂദ് പണ്ഡിതനായ മോസസ് മൈമോനിഡസ് ആയിരുന്നു. ഈജിപ്തിൽ തന്നോടൊപ്പം താമസിച്ചിരുന്ന കാരേറ്റുകാരോടുള്ള അദ്ദേഹത്തിന്റെ സഹിഷ്ണുതാ മനോഭാവവും തന്റെ കരുത്തുറ്റ പണ്ഡിതോചിത ശൈലിയും നിമിത്തം അദ്ദേഹം അവരുടെ പ്രശംസ പിടിച്ചുപറ്റുകയും അവരുടെതന്നെ നേതൃത്വസ്ഥാനത്തെ ദുർബലപ്പെടുത്തുകയും ചെയ്തു.
കാരേറ്റു പ്രസ്ഥാനത്തിനു ഗതിവേഗം നഷ്ടപ്പെടുന്നു
ഇപ്പോൾ ഐക്യവും ആസൂത്രിതമായ പ്രതിരോധവും ഇല്ലാതായതോടെ കാരേറ്റു പ്രസ്ഥാനത്തിനു ഗതിവേഗവും അനുഗാമികളും നഷ്ടമായി. കാലം കടന്നുപോയപ്പോൾ, കാരേറ്റുകാർ തങ്ങളുടെ കാഴ്ചപ്പാടുകളും തത്ത്വങ്ങളും അയവുള്ളതാക്കി. കാരേറ്റു പ്രസ്ഥാനത്തെക്കുറിച്ചു ഗ്രന്ഥം രചിച്ചിട്ടുള്ള ലീയാൻ നീമോയ് എഴുതുന്നു: “താത്ത്വികമായി തൽമൂദ് നിരോധനത്തിൻ കീഴിലായിരുന്നെങ്കിലും, കാരേറ്റുകാരുടെ നിയമത്തിന്റെയും ആചാരത്തിന്റെയും നടത്തിപ്പിൽ തൽമൂദിൽനിന്നുള്ള അനേകം വിവരങ്ങൾ രഹസ്യമായി ഉൾപ്പെടുത്തിയിരുന്നു.” അടിസ്ഥാനപരമായി, കാരേറ്റുകാർക്ക് ആരംഭത്തിലുണ്ടായിരുന്ന ഉദ്ദേശ്യം നഷ്ടമാവുകയും ഏതാണ്ടു റബ്ബിമാരുടെ യഹൂദമതംപോലെതന്നെ ആയിത്തീരുകയും ചെയ്തു.
ഇസ്രായേലിൽ ഏതാണ്ട് 25,000 കാരേറ്റുകാർ ഇപ്പോഴുമുണ്ട്. വേറെ ഏതാനും ആയിരങ്ങളെ മറ്റു സമുദായങ്ങളിലും കാണാവുന്നതാണ്, വിശേഷിച്ചും റഷ്യ, ഐക്യനാടുകൾ എന്നിവിടങ്ങളിൽ. എന്നിരുന്നാലും, അവർക്കെല്ലാം സ്വന്തം വാചിക പാരമ്പര്യങ്ങൾ ഉള്ളതിനാൽ, ആദിമ കാരേറ്റുകാരിൽനിന്ന് അവർക്കു വ്യത്യാസമുണ്ട്.
കാരേറ്റുകാരുടെ ചരിത്രത്തിൽനിന്നു നമുക്ക് എന്തു പഠിക്കാനാവും? ‘ദൈവവചനത്തെ പാരമ്പര്യത്താൽ അസാധുവാക്കു’ന്നതു ഗുരുതരമായ ഒരു തെറ്റാണ് എന്നതുതന്നെ. (മത്തായി 15:6, NW) മനുഷ്യരുടെ ഭാരമേറിയ പാരമ്പര്യങ്ങളിൽനിന്നു സ്വതന്ത്രമാകാൻ തിരുവെഴുത്തുകൾ സംബന്ധിച്ചുള്ള സൂക്ഷ്മ പരിജ്ഞാനം ആവശ്യമാണ്. (യോഹന്നാൻ 8:31, 32; 2 തിമൊഥെയൊസ് 3:16, 17) അതേ, ദൈവേഷ്ടം അറിയാനും പ്രവർത്തിക്കാനും ആഗ്രഹിക്കുന്നവർ മനുഷ്യ പാരമ്പര്യങ്ങളിൽ ആശ്രയിക്കുന്നില്ല. പകരം, അവർ ശുഷ്കാന്തിയോടെ ബൈബിളിൽ തിരയുകയും ദൈവത്തിന്റെ നിശ്വസ്ത വചനത്തിലെ പ്രയോജനപ്രദമായ പ്രബോധനം ബാധകമാക്കുകയും ചെയ്യുന്നു.
[അടിക്കുറിപ്പുകൾ]
a വാചിക ന്യായപ്രമാണം എന്നു വിളിക്കപ്പെടുന്നതിനെക്കുറിച്ചുള്ള ഒരു വിശദീകരണത്തിന്, വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച യുദ്ധം ഇല്ലാത്ത ഒരു ലോകം എന്നെങ്കിലും ഉണ്ടാകുമോ? (ഇംഗ്ലീഷ്) എന്ന ലഘുപത്രികയുടെ 8-11 പേജുകൾ കാണുക.
b തിരുവെഴുത്തു വാക്യങ്ങൾ പതിച്ച, ചതുരാകൃതിയിലുള്ള രണ്ടു തുകൽ കഷണങ്ങളാണു നെറ്റിപ്പട്ടം. പ്രവൃത്തി ദിവസങ്ങളിലെ പ്രഭാത പ്രാർഥനാ സമയത്ത് പരമ്പരാഗതമായി ഇടംകയ്യിലും ശിരസ്സിലും ഈ ചെറുകഷണങ്ങൾ ധരിച്ചിരുന്നു. ആവർത്തനപുസ്തകം 6:4-9; 11:13-21 എന്നീ വാക്യങ്ങൾ പതിച്ച് പെട്ടിയിലാക്കി കട്ടിളയിൽ പിടിപ്പിക്കുന്ന ഒന്നാണ് ഈ ചെറിയ തുകൽച്ചുരുൾ.
[30-ാം പേജിലെ ചിത്രം]
ഒരു കൂട്ടം കാരേറ്റുകാർ
[കടപ്പാട]
From the book The Jewish Encyclopedia, 1910