നിങ്ങളുടെ കുട്ടി ബോർഡിങ് സ്കൂളിൽ പോകണമോ?
വികസ്വര രാജ്യങ്ങളിലൊന്നിലുള്ള ഒരു ചെറിയ പട്ടണത്തിലാണു നിങ്ങൾ താമസിക്കുന്നതെന്നു സങ്കൽപ്പിക്കുക. പ്രൈമറി സ്കൂളിൽ പഠിക്കുന്ന പല കുട്ടികൾ നിങ്ങൾക്കുണ്ട്. എന്നാൽ 12-ാം വയസ്സിൽ അവർ സെക്കൻഡറി സ്കൂളിലേക്കു കടക്കും. നിങ്ങളുടെ പ്രദേശത്തുള്ള സെക്കൻഡറി സ്കൂളിൽ ഇടമില്ല. വേണ്ടത്ര സൗകര്യമില്ല. കഴിവുള്ള അധ്യാപകരും കുറവാണ്. സമരങ്ങൾ മൂലം ചിലപ്പോൾ സ്കൂളുകൾ ആഴ്ചകളോളം, മാസങ്ങളോളം അടച്ചിടും.
നഗരത്തിലുള്ള ഒരു ബോർഡിങ് സ്കൂളിനെക്കുറിച്ചു വിവരിക്കുന്ന ആകർഷകമായ ഒരു ലഘുപത്രിക ഒരാൾ നിങ്ങളെ ഏൽപ്പിക്കുന്നു. സന്തോഷമുള്ള, നന്നായി വസ്ത്രധാരണം ചെയ്ത കുട്ടികൾ സുസജ്ജമായ ക്ലാസ്സ് മുറികളിലും പരീക്ഷണശാലകളിലും ലൈബ്രറികളിലുമിരുന്നു പഠിക്കുന്ന ചിത്രങ്ങൾ നിങ്ങൾ കാണുന്നു. വിദ്യാർഥികൾ കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്നു. വൃത്തിയുള്ള, ആകർഷകമായ ഡോർമിറ്ററി മുറികളിൽ അവർ വിശ്രമിക്കുന്നു. “തങ്ങളാൽ കഴിയുന്നത്ര ഉയർന്ന വിദ്യാഭ്യാസ നിലവാരം നേടിയെടുക്കു”ന്നതിനു വിദ്യാർഥികളെ സഹായിക്കുകയാണു സ്കൂളിന്റെ ലക്ഷ്യങ്ങളിലൊന്ന് എന്നു നിങ്ങൾ വായിക്കുന്നു. “സാധാരണഗതിയിൽ വിനയം, മര്യാദ, മാതാപിതാക്കളോടും മുതിർന്നവരോടുമുള്ള ആദരവ്, സഹകരണം, സഹിഷ്ണുത, ദയ, സത്യസന്ധത, സ്വഭാവദാർഢ്യം എന്നീ ഗുണങ്ങൾക്ക് ഊന്നൽ നൽകുന്ന കുടുംബത്തിലേതിനോടു സമാനമായ ഒരു പെരുമാറ്റ ചട്ടത്തോട് ഓരോ വിദ്യാർഥിയും പറ്റിനിൽക്കേണ്ടതുണ്ട്” എന്നും നിങ്ങൾ വായിക്കുന്നു.
“എന്റെ മാതാപിതാക്കൾ എന്നെ ഏറ്റവും നല്ല സ്കൂളിൽ പഠിക്കാൻ വിട്ടതു ജീവിതത്തിലേക്കും വെച്ച് ഏറ്റവും വലിയ പദവിയാണ്” എന്നു സുസ്മേരവദനനായ ഒരു കുട്ടി പറയുന്നതായി ഉദ്ധരിച്ചിരിക്കുന്നു. “സ്കൂൾ വെല്ലുവിളി നിറഞ്ഞതും ആവേശം പകരുന്നതുമാണ്. ഇവിടം പഠനത്തിനു പറ്റിയതാണ്” എന്ന് ഒരു പെൺകുട്ടി പറയുന്നു. അത്തരമൊരു ബോർഡിങ് സ്കൂളിൽ മകനെയോ മകളെയോ നിങ്ങൾ അയയ്ക്കുമോ?
വിദ്യാഭ്യാസവും ആത്മീയതയും
കരുതലുള്ള എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടികളുടെ ജീവിതത്തിൽ ഉറച്ച അസ്തിവാരമിടാൻ ആഗ്രഹിക്കുന്നു. ആ ഉദ്ദേശ്യസാക്ഷാത്കാരത്തിനു സമ്പൂർണമായ, സമനിലയുള്ള വിദ്യാഭ്യാസം പ്രധാനമാണ്. ലൗകിക വിദ്യാഭ്യാസം ഒട്ടുമിക്കപ്പോഴും, ഭാവിയിൽ തൊഴിലവസരങ്ങൾക്കുള്ള വാതായനങ്ങൾ തുറന്നുതരുന്നു. മാത്രമല്ല, സ്വന്തം കാര്യങ്ങൾ നോക്കി നടത്താനും തങ്ങളുടെ ഭാവി കുടുംബങ്ങൾക്കായി കരുതാനും കഴിവുള്ള മുതിർന്നവരായി വളർന്നുവരാൻ അതു യുവജനങ്ങളെ സഹായിക്കുകയും ചെയ്യുന്നു.
‘ഒരു ബോർഡിങ് സ്കൂൾ ചില ധാർമിക മാർഗനിർദേശങ്ങൾ സഹിതം നല്ല വിദ്യാഭ്യാസം നൽകുന്നെങ്കിൽ അതു പ്രയോജനപ്പെടുത്തരുതോ?’ എന്നു നിങ്ങൾ ചോദിച്ചേക്കാം. ആ ചോദ്യത്തിന് ഉത്തരം നൽകുമ്പോൾ ക്രിസ്തീയ മാതാപിതാക്കൾ പ്രാർഥനാപൂർവം, കുട്ടികളുടെ ആത്മീയ ക്ഷേമം എന്ന മർമപ്രധാനമായ ഘടകത്തെക്കുറിച്ചു പരിചിന്തിക്കേണ്ടതാണ്. “ഒരു മനുഷ്യൻ സർവ്വലോകവും നേടുകയും തന്റെ ജീവനെ കളകയും ചെയ്താൽ അവന്നു എന്തു പ്രയോജനം?” എന്ന് യേശുക്രിസ്തു ചോദിച്ചു. (മർക്കൊസ് 8:36) തീർച്ചയായും അതുകൊണ്ടൊരു പ്രയോജനവുമില്ല. തന്നിമിത്തം, കുട്ടികളെ ബോർഡിങ് സ്കൂളിൽ അയയ്ക്കാൻ തീരുമാനിക്കുന്നതിനുമുമ്പ്, അത് അവരുടെ നിത്യജീവന്റെ പ്രത്യാശയെ എങ്ങനെ ബാധിക്കുമെന്നു ക്രിസ്തീയ മാതാപിതാക്കൾ പരിചിന്തിക്കേണ്ടതാണ്.
മറ്റു വിദ്യാർഥികളുടെ സ്വാധീനം
ചില ബോർഡിങ് സ്കൂളുകളിൽ മതിപ്പുളവാക്കുന്ന വിദ്യാഭ്യാസ നിലവാരം ഉണ്ടായിരുന്നേക്കാം. എന്നാൽ, അത്തരം സ്കൂളുകളിൽ പഠിക്കുന്നവരുടെ അല്ലെങ്കിൽ ഒരുപക്ഷേ അവയുടെ നടത്തിപ്പുകാരിൽ ചിലരുടെതന്നെയും ധാർമിക നിലവാരങ്ങൾ സംബന്ധിച്ചെന്ത്? ഈ “അന്ത്യകാലത്തു” ജീവിക്കുന്ന ആളുകൾ ഏതു തരക്കാരായിരിക്കും എന്നതിനെക്കുറിച്ച് പൗലൊസ് അപ്പോസ്തലൻ ഇങ്ങനെ എഴുതി: “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക.”—2 തിമൊഥെയൊസ് 3:1-5.
ധാർമികവും ആത്മീയവുമായ ഈ അധഃപതനം ആഗോളമാണ്. ബൈബിൾ തത്ത്വങ്ങളനുസരിച്ചു ജീവിക്കുന്ന കാര്യത്തിൽ അതു യഹോവയുടെ സാക്ഷികൾക്കു വെല്ലുവിളിയുയർത്തുന്നു. സ്കൂളിലെ ലൗകിക സുഹൃത്തുക്കളോടൊപ്പമുള്ള പരിമിതമായ സഹവാസംപോലും തങ്ങളുടെ ആത്മീയതയിൽ ശക്തമായ പ്രതികൂല സ്വാധീനം ചെലുത്തുന്നതായി ദിവസേന വീട്ടിൽനിന്നു സ്കൂളിൽ പോയി വരുന്ന കുട്ടികൾ കണ്ടെത്തുന്നു. മാതാപിതാക്കളിൽനിന്നുള്ള അനുദിന പിന്തുണയും ബുദ്ധ്യുപദേശവും പ്രോത്സാഹനവും ലഭിക്കുന്നെങ്കിലും അത്തരം സ്വാധീനത്തെ ചെറുത്തുനിൽക്കുന്നതിനു സാക്ഷിക്കുട്ടികൾ പെടാപ്പാടുപെടുന്നു എന്നുവരാം.
ആ സ്ഥിതിക്ക്, വീട്ടിൽനിന്നകലെ, ബോർഡിങ് സ്കൂളിൽ അയയ്ക്കുന്ന കുട്ടികളുടെ അവസ്ഥയെന്താണ്? സ്നേഹനിധികളായ മാതാപിതാക്കളുടെ ക്രമമായ ആത്മീയ പിന്തുണ ലഭിക്കാതെ അവർ ഒറ്റപ്പെടുന്നു. 24 മണിക്കൂറും സഹപാഠികളോടൊത്തു കഴിയുന്നതുകൊണ്ട്, മറ്റു കുട്ടികളോട് അനുരൂപപ്പെടുന്നതിനുള്ള സമ്മർദം അവരുടെ കൊച്ചു മനസ്സുകളിലും ഹൃദയങ്ങളിലും ശക്തമായ സ്വാധീനം ചെലുത്താനുള്ള സാധ്യത വീട്ടിൽ താമസിക്കുന്ന കുട്ടികൾക്കുള്ളതിനെക്കാൾ ഏറെയാണ്. “ഒരു ബോർഡിങ് സ്കൂൾ വിദ്യാർഥി ധാർമികമായി പ്രഭാതംമുതൽ പ്രദോഷംവരെ അപകടത്തിലാണു കഴിയുന്നത്” എന്ന് ഒരു വിദ്യാർഥി പറയുന്നു.
“വഴിതെററിക്കപ്പെടരുത്. മോശമായ സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു” എന്ന് പൗലൊസ് എഴുതി. (1 കൊരിന്ത്യർ 15:33, NW) ദൈവത്തെ സേവിക്കാത്ത കുട്ടികളോടൊപ്പം തങ്ങളുടെ കുട്ടികൾ സദാ സഹവസിക്കുന്നെങ്കിലും അവർക്കത് ആത്മീയമായി യാതൊരു ഹാനിയും വരുത്തുകയില്ലെന്നു ചിന്തിക്കത്തക്കവണ്ണം ക്രിസ്തീയ മാതാപിതാക്കൾ വഴിതെറ്റിക്കപ്പെടരുത്. കാലാന്തരത്തിൽ, ദൈവഭക്തിയുള്ള കുട്ടികൾ ക്രിസ്തീയ മൂല്യങ്ങളിലുള്ള പ്രിയം നഷ്ടപ്പെട്ട് ആത്മീയ കാര്യങ്ങളോടുള്ള വിലമതിപ്പെല്ലാം കളഞ്ഞുകുളിച്ചേക്കാം. കുട്ടികൾ ബോർഡിങ് സ്കൂളിൽനിന്നു പോന്നുകഴിഞ്ഞേ ചിലപ്പോഴൊക്കെ മാതാപിതാക്കൾക്ക് അതു വ്യക്തമാകുകയുള്ളൂ. അപ്പോഴേക്കും കാര്യങ്ങൾ നേരേയാക്കാനാവാത്തവിധം വളരെ വൈകിയിരിക്കും.
അതിനു പറ്റിയ ഉദാഹരണമാണു ക്ലെമൻറിന്റേത്. അവൻ വിവരിക്കുന്നു: “ബോർഡിങ് സ്കൂളിൽ പോകുന്നതിനു മുമ്പ് എനിക്കു സത്യത്തോടു പ്രതിപത്തിയുണ്ടായിരുന്നു, സഹോദരങ്ങളോടൊപ്പം വയൽസേവനത്തിനും പോയിരുന്നു. ഞങ്ങളുടെ കുടുംബ ബൈബിളധ്യയനത്തിലും സഭാപുസ്തകാധ്യയനത്തിലും പങ്കെടുക്കുന്നതു ഞാൻ പ്രത്യേകിച്ചും ആസ്വദിച്ചിരുന്നു. എന്നാൽ, 14-ാം വയസ്സിൽ ബോർഡിങ് സ്കൂളിൽ പോയതോടെ ഞാൻ സത്യം പൂർണമായി കൈവെടിഞ്ഞു. ബോർഡിങ് സ്കൂളിൽ താമസിച്ച അഞ്ചു വർഷക്കാലത്ത് ഒരിക്കൽപ്പോലും ഞാൻ യോഗങ്ങളിൽ ഹാജരായില്ല. മോശമായ കൂട്ടുകെട്ടു നിമിത്തം ഞാൻ മയക്കുമരുന്നിലും പുകവലിയിലും അമിത മദ്യപാനത്തിലും ഏർപ്പെട്ടു.”
അധ്യാപകരുടെ സ്വാധീനം
ധാർമികച്യുതിയുള്ള, അധികാരസ്ഥാനങ്ങൾ ദുരുപയോഗം ചെയ്യുന്ന അധ്യാപകർ ഏതു സ്കൂളിലും ഉണ്ടായിരുന്നേക്കാം. ചിലർ ക്രൂരരും നിർദയരുമാണ്. മറ്റു ചിലർ വിദ്യാർഥികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നു. ബോർഡിങ് സ്കൂളുകളിൽ അത്തരം അധ്യാപകരുടെ നടപടികൾ റിപ്പോർട്ടു ചെയ്യപ്പെടാതെ പോകാനാണു സാധ്യത.
എങ്കിലും, മിക്ക അധ്യാപകരും വിദ്യാർഥികളെ സമൂഹത്തിലെ ഫലപ്രദരായ അംഗങ്ങളായിത്തീരാൻ, ചുറ്റുമുള്ള ലോകവുമായി പൊരുത്തപ്പെടാൻ, അനുരൂപപ്പെടാൻ പരിശീലിപ്പിക്കുന്നു. എന്നാൽ സാക്ഷിക്കുട്ടികളെ സംബന്ധിച്ചിടത്തോളം ഇവിടെയും പ്രശ്നം ഒളിഞ്ഞുകിടക്കുന്നു. ലൗകിക മൂല്യങ്ങൾ ക്രിസ്തീയ തത്ത്വങ്ങളുമായി എല്ലായ്പോഴും ഒത്തുപോകുന്നില്ല. അധ്യാപകർ വിദ്യാർഥികളെ ലോകത്തോടു പൊരുത്തപ്പെടാൻ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ, തന്റെ അനുഗാമികൾ ‘ലോകത്തിന്റെ ഭാഗമല്ലാ’തിരിക്കുമെന്നാണ് യേശു പറഞ്ഞത്.—യോഹന്നാൻ 17:16, NW.
കുട്ടികൾ ബൈബിൾ തത്ത്വങ്ങൾ പിൻപറ്റുമ്പോൾ പ്രശ്നങ്ങൾ പൊന്തിവരുന്നെങ്കിലോ? കുട്ടികൾ സ്കൂളിൽ ദിവസവും പോയി വരുകയാണെങ്കിൽ അവർക്ക് അത്തരം കാര്യങ്ങൾ മാതാപിതാക്കളുമായി ചർച്ചചെയ്യാം. പടിപടിയായി, കുട്ടികൾക്കു മാർഗനിർദേശം നൽകാനോ അധ്യാപകരോടു സംസാരിക്കാനോ മാതാപിതാക്കൾക്കു കഴിയും. തന്നിമിത്തം, പ്രശ്നങ്ങളും തെറ്റിദ്ധാരണകളും പെട്ടെന്നുതന്നെ പരിഹരിക്കപ്പെടുന്നു.
ബോർഡിങ് സ്കൂളിൽ സംഗതി അതല്ല. അത്തരം കുട്ടികൾ സദാ അധ്യാപകരുടെ നിയന്ത്രണത്തിലാണ്. ക്രിസ്തീയ തത്ത്വങ്ങൾക്കുവേണ്ടി കുട്ടികൾ ഒരു നിലപാടു സ്വീകരിക്കുന്നുവെങ്കിൽ മാതാപിതാക്കളിൽനിന്നുള്ള അനുദിന പിന്തുണ കൂടാതെ അവർ അതു ചെയ്യേണ്ടതുണ്ട്. ചിലപ്പോഴൊക്കെ അത്തരം സാഹചര്യങ്ങളിൽ ദൈവത്തോടു വിശ്വസ്തത പുലർത്താൻ കുട്ടികൾക്കു കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഒട്ടുമിക്കപ്പോഴും അവർക്കതിനു കഴിയുന്നില്ല. ഒരു കുട്ടി അധ്യാപകന്റെ ഇഷ്ടത്തിനു വഴങ്ങാനുള്ള സാധ്യതയുണ്ട്.
സ്വാതന്ത്ര്യത്തിന്മേലുള്ള വിലക്കുകൾ
വിദ്യാർഥികളുടെ ഇഷ്ടപ്രകാരം വരാനും പോകാനും കഴിയുന്ന കോളെജുകളിൽനിന്നു വ്യത്യസ്തമായി, ബോർഡിങ് സ്കൂൾ കുട്ടികളുടെ സ്വാതന്ത്ര്യത്തിന്മേൽ വിലക്കുകൾ ഏർപ്പെടുത്തുന്നു. ഞായറാഴ്ച ഒഴികെ സ്കൂൾ വളപ്പിനു വെളിയിൽ പോകാൻ മിക്ക സ്കൂളുകളിലും വിദ്യാർഥികൾക്ക് അനുവാദമില്ല, ചില സ്കൂളുകൾ അതുപോലും അനുവദിക്കുന്നില്ല. ബോർഡിങ് സ്കൂൾ വിദ്യാർഥിനിയായ 11 വയസ്സുള്ള ഏറൂ ഇങ്ങനെ പറയുന്നു: “സ്കൂൾ അധികാരികൾ ഞങ്ങളെ ഒരിക്കലും യോഗങ്ങൾക്കു പോകാൻ അനുവദിക്കുകയില്ല, വയൽസേവനത്തിന്റെ കാര്യം ഒട്ടു പറയുകയും വേണ്ട. സ്കൂളിനുള്ളിൽ കത്തോലിക്കർക്കും മുസ്ലീംകൾക്കും മാത്രം മതശുശ്രൂഷകളുണ്ട്. മുഴു കുട്ടികളും ഒന്നുകിൽ ആ രണ്ടു മതങ്ങളിലൊന്നു സ്വീകരിക്കണം അല്ലെങ്കിൽ അധ്യാപകരുടെയും വിദ്യാർഥികളുടെയും ശക്തമായ എതിർപ്പിനെ നേരിടണം. വിദ്യാർഥികൾ ദേശീയഗാനവും പള്ളികളിലെ സ്തോത്രഗീതവും പാടാൻ നിർബന്ധിതരാകുന്നു.”
അത്തരമൊരു സ്കൂളിൽ മാതാപിതാക്കൾ കുട്ടികളെ ചേർക്കുമ്പോൾ അവർ കുട്ടികൾക്ക് എന്തു സന്ദേശമാണു കൈമാറുന്നത്? ആരാധനയ്ക്കായി കൂടിവരുക, ശിഷ്യരാക്കൽ വേലയിൽ പങ്കുപറ്റുക എന്നിവയെക്കാൾ—ദൈവത്തോടുള്ള നിർമലത കാത്തുകൊള്ളുന്നതിനെക്കാളും—ഏറെ പ്രധാനമാണു ലൗകിക വിദ്യാഭ്യാസം എന്നായിരിക്കും ആ സന്ദേശം.—മത്തായി 24:14; 28:19, 20; 2 കൊരിന്ത്യർ 6:14-18; എബ്രായർ 10:24, 25.
ചില ബോർഡിങ് സ്കൂളുകളിൽ സാക്ഷികളായ വിദ്യാർഥികൾക്ക് ഒരു വിധത്തിൽ ബൈബിൾ ഒരുമിച്ച് പഠിക്കാൻ കഴിയുന്നു. എന്നാൽ മിക്കപ്പോഴും ഇതും ദുഷ്കരമാണ്. 16 വയസ്സുള്ള ബ്ലസ്സിങ്, താൻ താമസിക്കുന്ന ബോർഡിങ് സ്കൂളിനെക്കുറിച്ച് ഇങ്ങനെ പറയുന്നു: “ദിവസേന ക്രിസ്ത്യാനികൾ എന്നു പറയപ്പെടുന്നവർ പ്രാർഥിക്കാൻ കൂടിവരും. അധ്യയനം നടത്താൻ അനുവദിക്കണമെന്നു ഞങ്ങൾ അവരോടു കേണപേക്ഷിക്കും. എന്നാൽ ഞങ്ങളുടെ സ്ഥാപനം നിയമാംഗീകാരമുള്ളതല്ലെന്നു മുതിർന്ന വിദ്യാർഥികൾ ഞങ്ങളോടു പറയും. എന്നിട്ട്, അവരോടൊപ്പം പ്രാർഥിക്കാൻ ഞങ്ങളുടെമേൽ അവർ സമ്മർദം ചെലുത്തും. നിരസിക്കുന്നപക്ഷം ഞങ്ങളെ ശിക്ഷിക്കുകയായി. അധ്യാപകരോടു പരാതി പറയുന്നതു പ്രശ്നങ്ങളെ വീണ്ടും വഷളാക്കുകയേ ഉള്ളൂ. വായിൽ വരുന്നപോലെ അവർ ഞങ്ങളെ ചീത്തവിളിക്കും, എന്നിട്ട് മുതിർന്ന കുട്ടികളോടു ഞങ്ങളെ ശിക്ഷിക്കാൻ പറയും.”
വ്യത്യസ്തരായി നിലകൊള്ളൽ
ബോർഡിങ് സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾ യഹോവയുടെ സാക്ഷികളാണെന്നു വ്യക്തമാകുമ്പോൾ അതുകൊണ്ടു പ്രയോജനമുണ്ടായേക്കാം. സാക്ഷികളുടെ വിശ്വാസത്തിനെതിരായ, നിർബന്ധിത വ്യാജമതപരിപാടികളിൽ പങ്കെടുക്കുന്നതിൽനിന്നു സ്കൂൾ അധികാരികൾ സാക്ഷികളെ ഒഴിച്ചുനിർത്തിയേക്കാം. ആരോഗ്യാവഹമല്ലാത്ത പരിപാടികളിലും സംഭാഷണങ്ങളിലും അവരെ ഉൾപ്പെടുത്താൻ ശ്രമിക്കുന്നതിൽനിന്നു സഹപാഠികൾ ഒഴിഞ്ഞുനിന്നേക്കാം. സഹപാഠികൾക്കും അധ്യാപകർക്കും സാക്ഷ്യം നൽകുന്നതിനുള്ള അവസരം ലഭിച്ചേക്കാം. കൂടാതെ, ക്രിസ്തീയ തത്ത്വങ്ങൾക്കനുസൃതമായി ജീവിക്കുന്നവർ കൊടിയ ദുഷ്പ്രവൃത്തിയിലേർപ്പെടുന്നുവെന്നു സംശയിക്കാനുള്ള സാധ്യതയും കുറവാണ്. ചിലപ്പോഴൊക്കെ അവർ അധ്യാപകരുടെയും സഹപാഠികളുടെയും ആദരവു നേടിയെടുക്കുന്നു.
എങ്കിലും, കാര്യങ്ങൾ എല്ലായ്പോഴും അങ്ങനെയായിരിക്കണമെന്നില്ല. വ്യത്യസ്തനായി നിലകൊള്ളുന്നതു മിക്കപ്പോഴും ഒരു ചെറുപ്പക്കാരനെ പീഡനത്തിനും വിദ്യാർഥികളുടെയും അധ്യാപകരുടെയും പരിഹാസത്തിനും പാത്രമാക്കുന്നു. ബോർഡിങ് സ്കൂളിൽ പഠിക്കുന്ന, 15 വയസ്സുള്ള യിങ്ക എന്ന ആൺകുട്ടി ഇങ്ങനെ പറയുന്നു: “സ്കൂളിൽ നിങ്ങൾ യഹോവയുടെ സാക്ഷികളിലൊരാളാണെന്ന് അറിയപ്പെടുന്നെങ്കിൽ അതോടെ നിങ്ങൾ പരിഹാസപാത്രമാകുന്നു. നമ്മുടെ ആത്മീയവും ധാർമികവുമായ നിലപാടിനെക്കുറിച്ച് അറിയാവുന്നതുകൊണ്ട് അവർ നമ്മെ കുടുക്കിലാക്കാൻ ശ്രമിക്കുന്നു.”
മാതാപിതാക്കളുടെ ഉത്തരവാദിത്വം
കുട്ടികളെ യഹോവയുടെ സമർപ്പിത ദാസരാക്കാനുള്ള വേല ഉചിതമായും ഒരധ്യാപകനോ സ്കൂളിനോ കോളെജിനോ ഏറ്റെടുക്കാൻ കഴിയുകയില്ല. അതവരുടെ ജോലിയുമല്ല ഉത്തരവാദിത്വവുമല്ല. കുട്ടികളുടെ ആത്മീയ ആവശ്യങ്ങൾക്കുവേണ്ട കരുതൽ ചെയ്യേണ്ടതു മാതാപിതാക്കളാണെന്നു ദൈവവചനം നിർദേശിക്കുന്നു. “പിതാക്കൻമാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോററി വളർത്തുവിൻ” എന്നു പൗലൊസ് എഴുതി. (എഫെസ്യർ 6:4) കുട്ടികൾ വീട്ടിൽനിന്നകലെ, മാസത്തിൽ ഒന്നോ രണ്ടോ തവണമാത്രം സന്ദർശിക്കാൻ അനുവാദമുള്ള ബോർഡിങ് സ്കൂളിലാണെങ്കിൽ മാതാപിതാക്കൾക്ക് ആ ദിവ്യ ബുദ്ധ്യുപദേശം എങ്ങനെ ബാധകമാക്കാൻ കഴിയും?
സാഹചര്യങ്ങൾ വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നെങ്കിലും ക്രിസ്തീയ മാതാപിതാക്കൾ ഈ നിശ്വസ്ത പ്രസ്താവനയ്ക്കു ചേർച്ചയിൽ കാര്യങ്ങൾ ചെയ്യാൻ കിണഞ്ഞു പരിശ്രമിക്കുന്നു: “തനിക്കുള്ളവർക്കും പ്രത്യേകം സ്വന്തകുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.”—1 തിമൊഥെയൊസ് 5:8.
മറ്റെന്തെങ്കിലും ഉപാധികളുണ്ടോ?
രണ്ടിലൊരു തീരുമാനം—ബോർഡിങ് സ്കൂൾ അല്ലെങ്കിൽ സൗകര്യങ്ങൾ കുറവായ പ്രാദേശിക സ്കൂൾ—മാത്രമേ തങ്ങളുടെ മുന്നിലുള്ളൂ എങ്കിൽ മാതാപിതാക്കൾ എന്തു ചെയ്യണം? അത്തരം സാഹചര്യത്തിൽ ചിലർ, കുട്ടികളെ പ്രാദേശിക സ്കൂളിൽ വിടുന്നതിനൊപ്പം അവർക്കുവേണ്ടി ട്യൂഷനും ഏർപ്പാടു ചെയ്യുന്നു. മറ്റു ചിലർ സ്വയം കുട്ടികൾക്കു ട്യൂഷൻ കൊടുക്കാൻ സമയം നീക്കിവയ്ക്കുന്നു.
ചിലപ്പോഴെല്ലാം, സെക്കൻഡറി സ്കൂളിൽ പ്രവേശിക്കാൻ കുട്ടികൾക്കു പ്രായമാകുന്നതിനു വളരെ മുമ്പുതന്നെ മാതാപിതാക്കൾ അതിനുവേണ്ടി ആസൂത്രണം ചെയ്യുന്നു. നിങ്ങൾക്കു കൊച്ചു കുട്ടികളുണ്ടെങ്കിലോ ഒരു കുടുംബം വളർത്തിയെടുക്കാൻ ഉദ്ദേശ്യമുണ്ടെങ്കിലോ നിങ്ങളുടെ പ്രദേശത്തു സൗകര്യമുള്ള സെക്കൻഡറി സ്കൂൾ ഉണ്ടോ എന്നു പരിശോധിക്കാവുന്നതാണ്. ഇല്ലാത്തപക്ഷം, സ്കൂൾ ഉള്ള സ്ഥലത്തേക്കു മാറി താമസിക്കുന്നത് ഉചിതമായിരിക്കും.
മാതാപിതാക്കൾക്കു നന്നായി അറിവുള്ളതുപോലെ, ഒരു കുട്ടിയിൽ യഹോവയോടുള്ള സ്നേഹം നട്ടുവളർത്തുന്നതിനു വൈദഗ്ധ്യവും ക്ഷമയും വളരെയധികം സമയവും ആവശ്യമാണ്. ഒരു കുട്ടി വീട്ടിൽ താമസിക്കുമ്പോൾ അതു പ്രയാസകരമായിരിക്കെ വീട്ടിൽനിന്നകലെ താമസിക്കുന്നപക്ഷം അത് എത്രമാത്രം ദുഷ്കരമായിരിക്കും! കുട്ടിയുടെ നിത്യജീവൻ ഉൾപ്പെട്ടിരിക്കുന്നതുകൊണ്ട്, കുട്ടിയെ ഒരു ബോർഡിങ് സ്കൂളിൽ അയയ്ക്കുന്നതു തക്ക മൂല്യമുള്ള കാര്യമാണോ എന്നു മാതാപിതാക്കൾ സഗൗരവം, പ്രാർഥനാപൂർവം തീരുമാനിക്കേണ്ടതുണ്ട്. ബോർഡിങ് സ്കൂൾ വിദ്യാഭ്യാസത്തിനുവേണ്ടി ഒരു കുട്ടിയുടെ ആത്മീയ താത്പര്യങ്ങൾ ബലികഴിക്കുന്നത് എത്ര ദീർഘദൃഷ്ടിയില്ലായ്മയായിരിക്കും! വിലകുറഞ്ഞ ഒരു ആഭരണത്തിനുവേണ്ടി ആളിക്കത്തുന്ന വീട്ടിലേക്ക് ഓടിക്കയറുന്നതുപോലെയാണത്, അഗ്നിക്കിരയാകുകയായിരിക്കും ഫലം.
“വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചു കൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു” എന്നു ദൈവവചനം പറയുന്നു. (സദൃശവാക്യങ്ങൾ 22:3) മോശമായ ഒരു സാഹചര്യത്തെ പിന്നീടു തിരുത്തുന്നതിനു പകരം അതുണ്ടാകാതെ സൂക്ഷിക്കുന്നതാണ് ഏറെ മെച്ചം. അതുകൊണ്ട്, ‘എന്റെ കുട്ടി ബോർഡിങ് സ്കൂളിൽ പോകണമോ?’ എന്നു നിങ്ങൾ സ്വയം ചോദിക്കുന്നുണ്ടെങ്കിൽ അതേക്കുറിച്ചു ചിന്തിക്കുന്നതു ജ്ഞാനപൂർവകമായിരിക്കും.
[28-ാം പേജിലെ ചിത്രം]
ബോർഡിങ് സ്കൂളിനെപ്പറ്റിയുള്ള സാക്ഷിക്കുട്ടികളുടെ അഭിപ്രായം
“ബോർഡിങ് സ്കൂളിൽ സാക്ഷിക്കുട്ടികൾക്ക് ആത്മീയ സഹവാസമില്ല. വളരെയധികം വിദ്വേഷംപൂണ്ട, തെറ്റു ചെയ്യാൻ വളരെയധികം സമ്മർദമുള്ള അന്തരീക്ഷമാണത്.”—11 വയസ്സുമുതൽ 14 വയസ്സുവരെ ബോർഡിങ് സ്കൂളിൽ താമസിച്ച റോട്ടിമി.
“ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകുക വളരെയധികം ദുഷ്കരമായിരുന്നു. ഞായറാഴ്ച മാത്രമേ എനിക്കു ഹാജരാകാൻ കഴിഞ്ഞിരുന്നുള്ളൂ. മറ്റു കുട്ടികൾ നിരനിരയായി പള്ളിയിലേക്കു പോകുമ്പോൾ പമ്മിപ്പമ്മി പുറത്തുകടക്കേണ്ടിയിരുന്നു. എനിക്ക് ഒരിക്കലും സന്തോഷം തോന്നിയില്ല. കാരണം വീട്ടിലായിരുന്നപ്പോൾ എല്ലാ സഭായോഗങ്ങൾക്കും ഞാൻ ഹാജരാകുക പതിവായിരുന്നു. മാത്രമല്ല, ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും ഞാൻ വയൽസേവനത്തിനും പോയിരുന്നു. ബോർഡിങ് സ്കൂളിലെ ജീവിതം പരിപുഷ്ടിപ്പെടുത്തുന്ന അനുഭവമായിരുന്നില്ല. എനിക്കു വളരെ കാര്യങ്ങൾ നഷ്ടമായി.”—സ്കൂളിലെ പള്ളിശുശ്രൂഷകളിൽ പങ്കെടുക്കാൻ വിസ്സമ്മതിച്ചതുകൊണ്ട് നിരന്തരം അധ്യാപകരുടെ അടി കൊണ്ടിരുന്ന എസ്ഥർ.
“സഹപാഠികളോടു സാക്ഷ്യം പറയുന്നതു ബോർഡിങ് സ്കൂളിൽ എളുപ്പമായിരുന്നില്ല. വ്യത്യസ്തയായി നിലകൊള്ളുക എളുപ്പമല്ല. കൂട്ടത്തോടു ചേരാൻ ഞാൻ ആഗ്രഹിച്ചു. യോഗങ്ങൾക്കു പോകുകയും വയൽസേവനത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നെങ്കിൽ ഞാൻ ഒരുപക്ഷേ കൂടുതൽ ധൈര്യശാലിയാകുമായിരുന്നു. എന്നാൽ അവധിക്കാലത്ത്, വർഷത്തിൽ വെറും മൂന്നു തവണ മാത്രമേ എനിക്കതിനു കഴിഞ്ഞുള്ളൂ. കരിന്തിരി പെട്ടെന്ന് അണഞ്ഞുപോകും. സ്കൂളിലെ കാര്യവും അതുതന്നെയായിരുന്നു.”—11 വയസ്സുമുതൽ 16 വയസ്സുവരെ ബോർഡിങ് സ്കൂളിൽ പഠിച്ച ലാറ.
“ഇപ്പോൾ ബോർഡിങ് സ്കൂളിൽ അല്ലാത്തതിനാൽ യോഗങ്ങൾക്കു ഹാജരാകാനും വയൽസേവനത്തിൽ പങ്കെടുക്കാനും കുടുംബത്തിലെ മറ്റംഗങ്ങളോടൊപ്പം ദിനവാക്യം ചർച്ചചെയ്യാനും എനിക്കു കഴിയുന്നുണ്ട്. അതിൽ ഞാൻ സന്തോഷവതിയാണ്. സ്കൂളിൽ താമസിക്കുന്നതുകൊണ്ടു ചില നേട്ടങ്ങൾ ഉണ്ടായിരുന്നെങ്കിലും യഹോവയുമായുള്ള എന്റെ ബന്ധത്തോളം പ്രാമുഖ്യമുള്ള മറ്റൊന്നുമില്ല.”—ബോർഡിങ് സ്കൂളിൽനിന്നു വീട്ടിലേക്കു തന്നെ കൊണ്ടുപോകേണ്ടതിന്റെ കാരണങ്ങൾ പിതാവിനെ ബോധ്യപ്പെടുത്തിയ നവോമി.