ഉഗാറിത്ത്—ബാൽ ആരാധനയുടെ സങ്കേതമായിരുന്ന പുരാതന നഗരം
വർഷം 1928. സിറിയയിൽ വയൽ ഉഴുകയായിരുന്ന ഒരു കർഷകന്റെ കലപ്പ പെട്ടെന്ന് ഒരു കല്ലിൽ തട്ടി. ആ കല്ലിനു കീഴെ ഒരു ശവകുടീരമായിരുന്നു, അകത്ത് കളിമണ്ണുകൊണ്ട് ഉണ്ടാക്കിയ കുറെ പുരാതന വസ്തുക്കളും. തന്റെ ആകസ്മിക കണ്ടുപിടിത്തത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം മനസ്സിലാക്കിയിരിക്കാൻ ഇടയില്ല. ഈ കണ്ടെത്തലിനെ കുറിച്ച് കേട്ടതിനെ തുടർന്ന് പിറ്റേ വർഷം ക്ലോഡ് ഷാഫേറിന്റെ നേതൃത്വത്തിൽ ഒരു ഫ്രഞ്ച് പുരാവസ്തുശാസ്ത്ര സംഘം അങ്ങോട്ടു തിരിച്ചു.
കുഴിച്ചെടുക്കപ്പെടുന്ന നാശാവശിഷ്ടങ്ങൾ തിരിച്ചറിയാൻ സംഘത്തെ സഹായിക്കുന്ന ഒരു ആലേഖനം താമസിയാതെ കണ്ടെടുക്കപ്പെട്ടു. ഉഗാറിത്തിന്റെ—“സമീപ പൗരസ്ത്യദേശത്തെ അതിപ്രധാനമായ ഒരു പുരാതന നഗരത്തിന്റെ”—ശൂന്യശിഷ്ടങ്ങളായിരുന്നു അത്. എഴുത്തുകാരനായ ബാരി ഹോബർമാൻ ഇപ്രകാരം പറയുകപോലും ചെയ്തു: “പുരാവസ്തുശാസ്ത്രപരമായ ഒരു കണ്ടെത്തലും, ചാവുകടൽ ചുരുളുകൾ പോലും, ബൈബിൾ സംബന്ധിച്ച നമ്മുടെ ഗ്രാഹ്യത്തിന്മേൽ ഇത്രത്തോളം ശക്തമായ പ്രഭാവം ചെലുത്തിയിട്ടില്ല.”—ദി അറ്റ്ലാന്റിക് മന്ത്ലി.
പ്രധാന വാണിജ്യപാതകൾ സംഗമിക്കുന്നിടം
ഇന്ന് വടക്കൻ സിറിയ എന്നറിയപ്പെടുന്ന പ്രദേശത്തിന്റെ മെഡിറ്ററേനിയൻ തീരത്ത് രസ് ഷമ്റ എന്ന പീഠഭൂമിയിൽ സ്ഥിതിചെയ്തിരുന്ന ഉഗാറിത്ത്, പൊ.യു.മു. രണ്ടാം സഹസ്രാബ്ദത്തിലെ സമ്പദ്സമൃദ്ധമായ ഒരു വൻനഗരമായിരുന്നു. പല ദേശങ്ങളിൽനിന്നുള്ള, വ്യത്യസ്ത സംസ്കാരങ്ങളിൽപ്പെട്ട ആളുകൾ അവിടെ പാർത്തിരുന്നു. വടക്ക് കാസിയസ് പർവതം മുതൽ തെക്ക് ടെൽ സൂക്കാസ് വരെ ഏതാണ്ട് 60 കിലോമീറ്ററും പടിഞ്ഞാറ് മെഡിറ്ററേനിയൻ മുതൽ കിഴക്ക് ഓറോന്റിസ് താഴ്വര വരെ 30-50 കിലോമീറ്ററും വ്യാപിച്ചുകിടക്കുന്ന ഒരു രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഉഗാറിത്ത്.
മിതോഷ്ണ കാലാവസ്ഥ ഉണ്ടായിരുന്ന ഉഗാറിത്തിൽ മൃഗസമ്പത്ത് പെരുകി. ധാന്യങ്ങൾ, ഒലിവ് എണ്ണ, വീഞ്ഞ് എന്നിവയ്ക്കു പുറമേ മെസൊപ്പൊത്താമ്യയിലും ഈജിപ്തിലും വളരെ ദുർലഭമായിരുന്ന ഒരു ഉത്പന്നമായ തടിയും അവിടെ ലഭ്യമായിരുന്നു. കൂടാതെ, ആദ്യത്തെ വലിയ അന്താരാഷ്ട്ര തുറമുഖങ്ങളിൽ ഒന്ന് എന്ന ഖ്യാതി ഉഗാറിത്തിന് ഉണ്ടായിരുന്നു. കാരണം തന്ത്രപ്രധാനമായ വാണിജ്യപാതകൾ സംഗമിക്കുന്നിടത്താണ് ഈ നഗരം സ്ഥിതി ചെയ്തിരുന്നത്. ഈജിയൻ, ആനറ്റോലിയ, ബാബിലോൺ, ഈജിപ്ത് എന്നിവിടങ്ങളിൽനിന്നും മധ്യപൂർവദേശത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നുമുള്ള കച്ചവടക്കാർ ലോഹങ്ങളും കാർഷിക ഉത്പന്നങ്ങളും പ്രാദേശികമായി ഉത്പാദിപ്പിക്കപ്പെട്ടിരുന്ന അനവധി വസ്തുക്കളും ഉഗാറിത്തിൽ വ്യാപാരം ചെയ്തിരുന്നു.
സമ്പദ്സമൃദ്ധമായ ദേശമായിരുന്നെങ്കിലും ഉഗാറിത്ത് എന്നും ഒരു സാമന്ത രാജ്യമായിരുന്നു. പൊ.യു.മു. 14-ാം നൂറ്റാണ്ടിൽ മതേതര ഹിത്യ സാമ്രാജ്യത്തോടു ചേർക്കപ്പെടുന്നതുവരെ ഈജിപ്ഷ്യൻ സാമ്രാജ്യത്തിന്റെ വടക്കേ അറ്റത്തെ സൈനിക നിരീക്ഷണകേന്ദ്രം ആയിരുന്നു ഈ നഗരം. ഉഗാറിത്ത് കപ്പം കൊടുക്കേണ്ടതുണ്ടായിരുന്നു. കൂടാതെ അത് ഏതു ഭരണകൂടത്തിന്റെ അധീനതയിൽ ആണോ ആ ഭരണകൂടത്തിന് സൈന്യത്തെയും പ്രദാനം ചെയ്യേണ്ടതുണ്ടായിരുന്നു. “കടലിലെ ആളുകൾ”a ആനറ്റോലിയയും (മധ്യ ടർക്കി) വടക്കൻ സിറിയയും ആക്രമിച്ചു തുടങ്ങിയപ്പോൾ ഉഗാറിത്തിന്റെ സൈന്യത്തെയും നാവികപ്പടയെയും വിട്ടുകൊടുക്കാൻ ഹിത്യർ ആവശ്യപ്പെട്ടു. അങ്ങനെ പ്രതിരോധശക്തി നഷ്ടപ്പെട്ട ഉഗാറിത്ത് പൊ.യു.മു. ഏകദേശം 1200-ൽ പൂർണമായി നശിപ്പിക്കപ്പെട്ടു.
ഗതകാലത്തിന്റെ ചുരുളഴിക്കുന്നു
ഉഗാറിത്തിന്റെ നാശത്തെ തുടർന്ന് അവിടെ ആകെ അവശേഷിച്ചത് ഏതാണ്ട് 20 മീറ്റർ ഉയരമുള്ള, 60 ഏക്കറിലധികം പ്രദേശത്തു വ്യാപിച്ചുകിടക്കുന്ന ഒരു വൻ കൽക്കൂമ്പാരമായിരുന്നു. ഈ പ്രദേശത്തിന്റെ ആറിൽ ഒരു ഭാഗം മാത്രമേ ഖനനം ചെയ്യപ്പെട്ടിട്ടുള്ളൂ. ഇവിടെ, പുരാവസ്തു ഗവേഷകർ 10,000-ത്തോളം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള, നൂറോളം മുറികളും മുറ്റങ്ങളുമുള്ള ഒരു കൂറ്റൻ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്. കൊട്ടാരത്തിൽ പൈപ്പുകളും കുളിമുറികളും മലിനജല നിർഗമന സംവിധാനവും ഉണ്ടായിരുന്നു. വീട്ടുസാമഗ്രികൾ സ്വർണം, ലാപിസ് ലാസുലി കല്ലുകൾ, ആനക്കൊമ്പ് എന്നിവകൊണ്ട് അലങ്കരിച്ചിരുന്നു. സങ്കീർണമായ കൊത്തുപണികളുള്ള ആനക്കൊമ്പിൽ തീർത്ത ഫലകങ്ങൾ ഇവിടെനിന്ന് കണ്ടെടുത്തിരിക്കുന്നു. മതിൽകെട്ടിയ ഒരു പൂങ്കാവനവും പടവുകളുള്ള കുളവും കൊട്ടാരത്തിന്റെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടി.
നഗരവും ചുറ്റുമുള്ള സമതല പ്രദേശവും ബാലിന്റെയും ദാഗോന്റെയുംb ക്ഷേത്രങ്ങൾകൊണ്ടു നിറഞ്ഞിരുന്നു. 20 മീറ്റർ ഉയരം കണ്ടേക്കാവുന്ന ഈ ക്ഷേത്ര ഗോപുരങ്ങളിൽ ദേവന്റെ രൂപം പ്രതിഷ്ഠിച്ചിട്ടുള്ള ഒരു ഉൾമുറിയും അവിടേക്കു നയിക്കുന്ന ഒരു ചെറിയ പ്രവേശന മുറിയും ഉണ്ടായിരുന്നു. മട്ടുപ്പാവിലേക്കു കയറാനായി ഗോവണി പണിതിരുന്നു. ഈ മട്ടുപ്പാവിൽവെച്ച് രാജാവ് പല ചടങ്ങുകൾക്കും ആധ്യക്ഷ്യം വഹിച്ചിട്ടുണ്ട്. രാത്രിയിലോ കൊടുങ്കാറ്റുള്ളപ്പോഴോ കപ്പലുകളെ സുരക്ഷിതമായി തുറമുഖത്തേക്കു നയിക്കാൻ ഈ ക്ഷേത്രങ്ങളുടെ മുകളിൽ ദീപങ്ങൾ തെളിക്കാറുണ്ടായിരുന്നിരിക്കണം. തങ്ങൾ സുരക്ഷിതരായി എത്തിയത് കൊടുങ്കാറ്റിന്റെ ദേവനായ ബാൽ ഹാദാദിന്റെ സഹായത്താലാണെന്നു വിശ്വസിച്ച കപ്പൽയാത്രക്കാർ നൽകിയ വഴിപാടുതന്നെയായിരിക്കണം ബാൽ-ഹാദാദിന്റെ ക്ഷേത്രത്തിൽനിന്നു കണ്ടെടുക്കപ്പെട്ട, കല്ലുകൊണ്ടുള്ള 17 നങ്കൂരങ്ങൾ.
ആലേഖനങ്ങൾ—മൂല്യവത്തായ കണ്ടെത്തലുകൾ
ഉഗാറിത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ആയിരക്കണക്കിനു കളിമൺ ഫലകങ്ങൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. എട്ടു ഭാഷകളിലായി അഞ്ച് വ്യത്യസ്ത ലിപികൾ ഉപയോഗിച്ച് എഴുതപ്പെട്ട, സാമ്പത്തികവും നിയമപരവും നയതന്ത്രപരവും ഭരണസംബന്ധവുമായ ലിഖിതങ്ങൾ ഇവിടെനിന്നു ലഭിച്ചിരിക്കുന്നു. ഉഗാറിത്തിക് എന്നു വിളിക്കപ്പെടുന്ന ഒരു അജ്ഞാത ഭാഷയിലുള്ള ആലേഖനങ്ങളും ഷാഫേറിന്റെ സംഘം കണ്ടെടുത്തു. 30 ക്യൂനിഫോം ചിഹ്നങ്ങൾ ഉപയോഗിച്ചാണ് അത് എഴുതിയിരിക്കുന്നത്. ഇവ കണ്ടെടുക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും പ്രാചീനമായ അക്ഷരങ്ങളിൽ പെടുന്നു.
നിത്യജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു പുറമേ ഉഗാറിത്തിക് രേഖകളിൽ സാഹിത്യപരമായ വിവരങ്ങളും അടങ്ങിയിട്ടുണ്ടായിരുന്നു. അത് അക്കാലത്തെ മതപരമായ സങ്കൽപ്പങ്ങളും ആചാരങ്ങളും സംബന്ധിച്ച് പുതിയ ഉൾക്കാഴ്ച പ്രദാനം ചെയ്തു. ഉഗാറിത്തിലെ മതത്തിന് സമീപവാസികളായ കനാന്യരുടേതുമായി വലിയ സമാനതകൾ ഉണ്ടായിരുന്നതായി കാണപ്പെടുന്നു. റോളാൻ ഡെ വോയുടെ അഭിപ്രായത്തിൽ, ഈ വിവരങ്ങൾ “ഇസ്രായേല്യർ കനാൻ ദേശം പിടിച്ചടക്കുന്നതിനു തൊട്ടു മുമ്പ് അവിടെ നിലനിന്നിരുന്ന സംസ്കാരത്തെ ഏറെക്കുറെ കൃത്യമായി പ്രതിഫലിപ്പിക്കുന്നു.”
ബാലിന്റെ നഗരത്തിലെ മതം
രസ് ഷമ്റ ലിഖിതങ്ങളിൽ 200-ലധികം ദേവീദേവന്മാരെ കുറിച്ചുള്ള പരാമർശങ്ങളുണ്ട്. ദൈവങ്ങളുടെയും മനുഷ്യരുടെയും പിതാവ് എന്ന് വിളിക്കപ്പെട്ടിരുന്ന ഏൽ ആയിരുന്നു പ്രധാന ദേവൻ. കൊടുങ്കാറ്റിന്റെ ദേവനായ ബാൽ-ഹാദാദ് “മേഘങ്ങളിന്മേൽ സവാരി ചെയ്യുന്നവനും” “ഭൂമിയുടെ നാഥനും” ആയിട്ടാണ് അറിയപ്പെട്ടിരുന്നത്. ഏൽ, വെളുത്ത താടിയുള്ള, മനുഷ്യരിൽനിന്ന് അകന്ന് സ്ഥിതി ചെയ്യുന്ന ജ്ഞാനിയായ ഒരു വൃദ്ധനായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ബാൽ, ദൈവങ്ങളുടെയും മനുഷ്യരുടെയും മേൽ ഭരണം നടത്താൻ ആഗ്രഹിക്കുന്ന ശക്തനും അധികാരമോഹിയുമായ ഒരു ദേവനായിട്ടാണു വീക്ഷിക്കപ്പെട്ടിരുന്നത്.
കണ്ടെടുക്കപ്പെട്ട ലിഖിതങ്ങൾ പുതുവർഷപ്പിറവിയോ വിളവെടുപ്പോ പോലുള്ള മതപരമായ ഉത്സവങ്ങളിൽ പാരായണം ചെയ്തിരിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഇവയുടെ അർഥം ഇപ്പോഴും അവ്യക്തമാണ്. ഭരണപരമായ ഒരു തർക്കത്തെ വിവരിക്കുന്ന ഒരു പദ്യം ഇക്കൂട്ടത്തിലുണ്ട്. ഏലിന്റെ പ്രിയപുത്രനും കടൽ ദേവനുമായ യാമിനെ ബാൽ തോൽപ്പിക്കുന്നു. ഈ വിജയം ഒരുപക്ഷേ ഉഗാറിത്തിലെ കപ്പൽയാത്രികർക്ക് ധൈര്യം പകർന്നിരിക്കാം. കടലിൽ ആയിരിക്കുമ്പോൾ ബാൽ തങ്ങളെ സംരക്ഷിച്ചുകൊള്ളുമെന്ന് അവർ കരുതിയിരിക്കാം. ബാൽ ദേവനാകട്ടെ മോട്ടുമായുള്ള ഒരു ഏറ്റുമുട്ടലിൽ തോൽപ്പിക്കപ്പെട്ട് പാതാളത്തിലേക്കു പോകുന്നു. തത്ഫലമായി വരൾച്ച ഉണ്ടാവുകയും അത് മനുഷ്യജീവിതത്തെ ബാധിക്കുകയും ചെയ്യുന്നു. ബാലിന്റെ പത്നിയും സഹോദരിയുമായ ആനറ്റ്—സ്നേഹത്തിന്റെയും യുദ്ധത്തിന്റെയും ദേവി—മോട്ടിനെ വധിച്ച് ബാലിനെ ജീവനിലേക്ക് തിരികെകൊണ്ടുവരുന്നു. തുടർന്ന് ബാൽ, ഏലിന്റെ പത്നി ആഥിരാറ്റിന്റെ (അശേര) പുത്രന്മാരെ വധിച്ച് സിംഹാസനം തിരിച്ചുപിടിക്കുന്നു. എന്നാൽ ഏഴു വർഷം കഴിയുമ്പോൾ മോട്ട് തിരിച്ചുവരുന്നു.
വേനലിലെ കൊടുംചൂട് ജീവദായകമായ മഴയെ കീഴടക്കുകയും എന്നാൽ പിന്നീട് ശരത്കാലത്ത് മഴ തിരിച്ചെത്തുകയും ചെയ്യുന്ന വാർഷിക ഋതുപരിവൃത്തിയുടെ ഒരു പ്രതീകമായി ചിലർ ഈ പദ്യത്തെ വ്യാഖ്യാനിക്കുന്നു. സപ്തവത്സര പരിവൃത്തി ക്ഷാമത്തെയും വരൾച്ചയെയുമാണ് കുറിക്കുന്നത് എന്നു മറ്റുള്ളവർ കരുതുന്നു. അത് എങ്ങനെയായിരുന്നാലും, മനുഷ്യരുടെ ശ്രമങ്ങൾ വിജയിക്കാൻ ബാലിന്റെ ആധിപത്യം അനിവാര്യമാണെന്നു കരുതപ്പെട്ടിരുന്നു. പണ്ഡിതനായ പീറ്റർ ക്രേഗി ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ബാൽ മതത്തിന്റെ ലക്ഷ്യം ബാലിന്റെ പരമോന്നതാധികാരം ഉറപ്പുവരുത്തുകയായിരുന്നു. അവൻ പരമാധികാരിയായി തുടർന്നാൽ മാത്രമേ മനുഷ്യന്റെ അതിജീവനത്തിന് അത്യന്താപേക്ഷിതമായ വിളകളുടെയും കന്നുകാലികളുടെയും നിലനിൽപ്പ് സാധ്യമാകൂ എന്ന് അവന്റെ ആരാധകർ വിശ്വസിച്ചിരുന്നു.”
പുറജാതീയതയ്ക്കെതിരെയുള്ള കനത്ത സംരക്ഷണം
ഖനനം ചെയ്തെടുത്ത ലിഖിതങ്ങൾ ഉഗാറിത്തിക് മതത്തിന്റെ നികൃഷ്ടത വ്യക്തമാക്കുന്നു. സചിത്ര ബൈബിൾ നിഘണ്ടു (ഇംഗ്ലീഷ്) ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ഈ ദേവീദേവന്മാരെ ആരാധിച്ചതിന്റെ നീചമായ പരിണതഫലങ്ങൾ വ്യക്തമാക്കുന്നതാണ് ഈ ലിഖിതങ്ങൾ; യുദ്ധത്തിനും വിശുദ്ധ വ്യഭിചാരത്തിനും കാമത്തിനും അവർ നൽകിയ ഊന്നൽ സാമൂഹിക അധഃപതനത്തിലേക്കു നയിച്ചു.” ഡെ വോ ഇങ്ങനെ പറയുന്നു: “യഥാർഥ യാഹ്വേ വിശ്വാസികൾക്കും മഹാ പ്രവാചകന്മാർക്കും ഈ ആരാധനയോട് വെറുപ്പ് തോന്നിയതിന്റെ കാരണം ഈ പദ്യങ്ങൾ വായിച്ചാൽ മനസ്സിലാകും.” ദൈവം പുരാതന ഇസ്രായേൽ ജനതയ്ക്കു നൽകിയ ന്യായപ്രമാണം അത്തരം വ്യാജ മതത്തിനെതിരെയുള്ള ഒരു കനത്ത സംരക്ഷണം ആയിരുന്നു.
ഭാവികഥനം, ജ്യോതിഷം, മന്ത്രവാദം എന്നിവ ഉഗാറിത്തിൽ വ്യാപകമായിരുന്നു. ആകാശ ഗോളങ്ങളിൽ മാത്രമല്ല, വികൃതമായ ഭ്രൂണങ്ങളിലും കൊല്ലപ്പെട്ട മൃഗങ്ങളുടെ ആന്തരികാവയവങ്ങളിലുമെല്ലാം ലക്ഷണം നോക്കിയിരുന്നു. “ഒരു ദേവന് ഒരു മൃഗത്തെ ബലി അർപ്പിച്ചാൽ ആ മൃഗം ദേവന്റെ ഭാഗമായിത്തീരുകയും ദേവന്റെ ആത്മാവ് മൃഗത്തിന്റെ ആത്മാവുമായി ഒന്നുചേരുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെട്ടിരുന്നു” എന്ന് ചരിത്രകാരനായ ഷാക്ലിൻ ഗാഷേ അഭിപ്രായപ്പെടുന്നു. “തത്ഫലമായി ഈ അവയവങ്ങളുടെ മേലുള്ള അടയാളങ്ങൾ വായിച്ചുകൊണ്ട്, ഭാവിസംഭവങ്ങൾ അല്ലെങ്കിൽ ഒരു പ്രത്യേക സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച ചോദ്യത്തിന് അനുകൂലമോ പ്രതികൂലമോ ആയ മറുപടി നൽകാൻ കഴിവുള്ള ദൈവങ്ങളുടെ ഹിതം വ്യക്തമായി നിർണയിക്കാൻ സാധിക്കുമായിരുന്നു.” (ലെ പേയി ഡൂഗാരിറ്റ് ഓറ്റൂർ ഡെ 1200 അവാൻ) എന്നാൽ ഇതിനു വിരുദ്ധമായി ഇസ്രായേല്യർ ഇത്തരം നടപടികളിൽനിന്ന് പാടേ ഒഴിഞ്ഞുനിൽക്കണമായിരുന്നു.—ആവർത്തനപുസ്തകം 18:9-14.
മോശൈക ന്യായപ്രമാണം മൃഗസംഭോഗത്തെ വ്യക്തമായി വിലക്കിയിരുന്നു. (ലേവ്യപുസ്തകം 18:23) ഉഗാറിത്തിൽ ഈ നടപടി എങ്ങനെയാണു വീക്ഷിക്കപ്പെട്ടിരുന്നത്? ബാൽ ഒരു പശുവുമായി സംഭോഗത്തിൽ ഏർപ്പെട്ടിരിക്കുന്നതിനെ കുറിച്ചു വർണിക്കുന്ന ലിഖിതങ്ങൾ കണ്ടെടുത്തിട്ടുണ്ട്. “സംഭോഗത്തിലേർപ്പെടാനായി ബാലിന് ഒരു കാളയുടെ രൂപം കൈവരിക്കാൻ കഴിയുമായിരുന്നെന്ന് വാദിക്കുകയാണെങ്കിൽത്തന്നെ ബാലിനെ കുറിച്ചുള്ള ഐതിഹ്യങ്ങൾ അവതരിപ്പിച്ചു കാണിക്കാറുണ്ടായിരുന്ന അവന്റെ പുരോഹിതന്മാർക്ക് അതിനു കഴിയുമായിരുന്നെന്ന് പറയാനാവില്ല” എന്ന് പുരാവസ്തുശാസ്ത്രജ്ഞനായ സൈറസ് ഗോർഡോൺ പറയുന്നു.
“മരിച്ചവന്നുവേണ്ടി ശരീരത്തിൽ മുറിവുണ്ടാക്കരുത്” എന്ന് ഇസ്രായേല്യരോടു കൽപ്പിക്കപ്പെട്ടിരുന്നു. (ലേവ്യപുസ്തകം 19:28) എന്നാൽ ബാലിന്റെ മരണത്തോടുള്ള പ്രതികരണമായി, ഏൽ “കത്തികൊണ്ട് തൊലിപ്പുറത്ത് മുറിവുണ്ടാക്കി, ക്ഷൗരക്കത്തികൊണ്ട് തന്റെ കവിളിലും താടിയിലും ആഴത്തിലുള്ള മുറിവുകൾ സൃഷ്ടിച്ചു.” ഇതുപോലുള്ള സന്ദർഭങ്ങളിലും മറ്റും ശരീരത്തിൽ മുറിവുണ്ടാക്കുന്നത് ബാൽ ആരാധകരുടെ ഒരു ആചാരമായിരുന്നതായി കാണപ്പെടുന്നു.—1 രാജാക്കന്മാർ 18:28.
ആട്ടിൻകുട്ടിയെ പാലിൽ പാകം ചെയ്യുന്നത് കനാന്യ മതത്തിൽ സാധാരണമായിരുന്ന ഒരു ഉർവരതാ ചടങ്ങിന്റെ ഭാഗമായിരുന്നു എന്ന് ഒരു ഉഗാറിത്ത് പദ്യം സൂചിപ്പിക്കുന്നു. എന്നാൽ മോശൈക ന്യായപ്രമാണത്തിൽ ഇസ്രായേല്യർക്ക് “ആട്ടിൻകുട്ടിയെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്” എന്ന കൽപ്പന നൽകിയിട്ടുണ്ടായിരുന്നു.—പുറപ്പാടു 23:19.
ബൈബിൾ പാഠങ്ങളെ ഉഗാറിത്തിക് പാഠങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ
തുടക്കത്തിൽ ഉഗാറിത്തിക് ലിഖിതങ്ങൾ മുഖ്യമായും എബ്രായ തിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്ന എബ്രായഭാഷയുടെ സഹായത്താലാണ് പരിഭാഷപ്പെടുത്തിയിരുന്നത്. പീറ്റർ ക്രെയ്ജി ഇങ്ങനെ അഭിപ്രായപ്പെടുന്നു: “അർഥം വ്യക്തമല്ലാത്തതോ അറിയില്ലാത്തതുപോലുമോ ആയ ഒട്ടേറെ പദങ്ങൾ എബ്രായ പാഠത്തിൽ ഉണ്ട്; 20-ാം നൂറ്റാണ്ടിനു മുമ്പുള്ള പരിഭാഷകർ അവയുടെ അർഥം പല മാർഗങ്ങളിലൂടെ ഊഹിച്ചെടുക്കുകയായിരുന്നു. എന്നാൽ അതേ വാക്കുകൾ ഉഗാറിത്തിക് പാഠത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ അവയുടെ അർഥം കുറേക്കൂടെ വ്യക്തമായേക്കാം.”
ഉദാഹരണത്തിന്, യെശയ്യാവു 3:19-ൽ ഉപയോഗിച്ചിരിക്കുന്ന എബ്രായപദം സാധാരണഗതിയിൽ “നെററിപ്പട്ടം” എന്നാണ് പരിഭാഷപ്പെടുത്തുന്നത്. സമാനമായ ഒരു ഉഗാറിത്തിക് മൂലപദം സൂര്യനെയും സൂര്യദേവതയെയും കുറിക്കുന്നു. അതുകൊണ്ട് യെശയ്യാ പ്രവചനത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന യെരൂശലേമിലെ സ്ത്രീകൾ കനാന്യ ദൈവങ്ങളെ ആദരിക്കുന്ന സൂര്യരൂപമുള്ള ചെറിയ ലോക്കറ്റുകളും “ചന്ദ്രക്കല”യുടെ ആകൃതിയിലുള്ള ആഭരണങ്ങളും അണിഞ്ഞിരുന്നിരിക്കാം.
മാസൊരിറ്റിക് പാഠം സദൃശവാക്യങ്ങൾ 26:23-ൽ ‘ജ്വലിക്കുന്ന അധരത്തെയും ദുഷ്ടഹൃദയത്തെയും’ “വെള്ളിക്കിട്ടം” പൊതിഞ്ഞ ഒരു മൺപാത്രത്തോട് ഉപമിച്ചിരിക്കുന്നു. ഒരു ഉഗാറിത്തിക് മൂലപദപ്രകാരം ഇതിനെ “മൺകലക്കഷണത്തിന്മേലുള്ള തിളക്കം പോലെ” എന്നു പരിഭാഷപ്പെടുത്താവുന്നതാണ്. പുതിയലോക ഭാഷാന്തരം ഈ സദൃശവാക്യത്തെ ഉചിതമായി ഇപ്രകാരം പരിഭാഷപ്പെടുത്തുന്നു: “ഒരു മൺപാത്രക്കഷണത്തിന്മേൽ പൂശിയിരിക്കുന്ന വെള്ളിത്തിളക്കം പോലെയാണ് ഒരു നീചഹൃദയന്റെ ഉത്സുകതയുള്ള അധരം.”
ബൈബിൾ എഴുത്തുകൾക്ക് ആധാരമോ?
ഉഗാറിത്തിക് പദ്യങ്ങൾക്കു രൂപഭേദം വരുത്തി തയ്യാറാക്കിയിരിക്കുന്നതാണ് ചില ബൈബിൾ ഭാഗങ്ങൾ എന്ന് രസ് ഷമ്റ ലിഖിതങ്ങൾ വിശകലനം ചെയ്തശേഷം ഏതാനും പണ്ഡിതന്മാർ നിഗമനം ചെയ്തിരിക്കുന്നു. ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ അംഗമായ ആൻഡ്രേ കക്കോ “ഇസ്രായേല്യ മതത്തിന്റെ അടിസ്ഥാനമായ കനാന്യ സംസ്കാര”ത്തെ കുറിച്ച് പറയുന്നു.
റോമിലെ പോണ്ടിഫിക്കൽ ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ മിചെൽ ദേഹൂദ് 29-ാം സങ്കീർത്തനത്തെ കുറിച്ച് ഇപ്രകാരം പറയുന്നു: “കൊടുങ്കാറ്റിന്റെ ദേവനായ ബാലിനുള്ള ഒരു പുരാതന കനാന്യ കീർത്തനത്തിന് രൂപഭേദം വരുത്തി തയ്യാറാക്കിയതാണ് യാഹ്വേയ്ക്കുള്ള ഈ സങ്കീർത്തനം. . . . സങ്കീർത്തനത്തിലെ മിക്കവാറും എല്ലാ പദങ്ങളുടെയും പകർപ്പുകൾ എന്നു പറയാവുന്ന വാക്കുകൾ പുരാതന കനാന്യ പാഠങ്ങളിൽ കാണാൻ കഴിയും.” അത്തരമൊരു നിഗമനം ന്യായയുക്തമാണോ? തീർച്ചയായും അല്ല!
സമാനതകളെ വാസ്തവത്തിൽ പെരുപ്പിച്ചു കാണിക്കുകയാണ് ചെയ്യുന്നത് എന്ന് കുറേക്കൂടെ മിതവാദികളായ പണ്ഡിതന്മാർ അംഗീകരിക്കുന്നു. “ഒരൊറ്റ ഉഗാറിത്തിക് പാഠം പോലും 29-ാം സങ്കീർത്തനവുമായി പൂർണമായും സമാനമാണെന്നു പറയാനാവില്ല” എന്ന് ദൈവശാസ്ത്രജ്ഞനായ ഗാരി ബ്രാന്റ്ലി പറയുന്നു. “29-ാം സങ്കീർത്തനം (അല്ലെങ്കിൽ മറ്റേതൊരു ബൈബിൾ പാഠവും) പുറജാതീയ ഐതിഹ്യത്തിന്റെ ഭേദഗതി വരുത്തിയ പകർപ്പാണെന്നു പറയുന്നതിന് യാതൊരു അടിസ്ഥാനവും ഇല്ല.”
അർഥാലങ്കാരങ്ങളിലും കവിതാപരമായ സാദൃശ്യങ്ങളിലും ശൈലികളിലും കാണുന്ന സമാനതകൾ ഉഗാറിത്തിക് പാഠങ്ങൾക്കു രൂപഭേദം വരുത്തി തയ്യാറാക്കിയിരിക്കുന്നതാണ് ബൈബിൾ പാഠങ്ങൾ എന്നതിന്റെ തെളിവാണോ? വാസ്തവത്തിൽ, അത്തരം സമാനതകൾ പ്രതീക്ഷിക്കേണ്ടതാണ്. ദി എൻസൈക്ലോപീഡിയ ഓഫ് റിലീജിയൻ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “രൂപത്തിന്റെയും ഉള്ളടക്കത്തിന്റെയും കാര്യത്തിലുള്ള ഈ സമാനതയുടെ കാരണം സാംസ്കാരികമാണ്: ഉഗാറിത്തും ഇസ്രായേലും തമ്മിൽ ഭൂമിശാസ്ത്രപരമായും കാലസംബന്ധിയായും ഗണ്യമായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും കവിതയുടെയും മതത്തിന്റെയും കാര്യത്തിൽ ഒരേ പദസമ്പത്ത് പങ്കിട്ടിരുന്ന ഒരൊറ്റ വലിയ സംസ്കാരത്തിന്റെ ഭാഗമായിരുന്നു അവർ.” ഗാരി ബ്രാന്റ്ലി ഇങ്ങനെ നിഗമനം ചെയ്യുന്നു: “ഭാഷാപരമായ സമാനതകൾ ഉണ്ട് എന്ന കാരണത്താൽ മാത്രം ബൈബിൾ പാഠത്തിന് ആധാരം പുറജാതീയ വിശ്വാസങ്ങൾ ആണെന്നു ശഠിക്കുന്നത് അനുചിതമാണ്.”
രസ് ഷമ്റ പാഠങ്ങളും ബൈബിളും തമ്മിൽ എന്തെങ്കിലും സമാനതകൾ ഉണ്ടെങ്കിൽത്തന്നെ അവ തികച്ചും സാഹിത്യപരമാണ്, ആത്മീയമല്ല. “ബൈബിളിലുള്ള നൈതികവും ധാർമികവുമായ ഉന്നത നിലവാരങ്ങൾ ഉഗാറിത്തിക് ലിഖിതങ്ങളിൽ കാണാൻ [കഴിയില്ല]” എന്ന് സൈറസ് ഗോർഡോൺ എന്ന പുരാവസ്തു ഗവേഷകൻ പറയുന്നു. അതേ, വ്യത്യാസങ്ങൾ സമാനതകളെ കടത്തിവെട്ടുന്നു.
ബൈബിൾ എഴുത്തുകാരുടെയും മൊത്തത്തിൽ എബ്രായ ജനതയുടെയും സാംസ്കാരികവും ചരിത്രപരവും മതപരവുമായ അന്തരീക്ഷത്തെ കുറിച്ചു മനസ്സിലാക്കാൻ ഉഗാറിത്തിക് പഠനങ്ങൾ ബൈബിൾ വിദ്യാർഥികളെ തുടർന്നും സഹായിച്ചേക്കും. രസ് ഷമ്റ പാഠങ്ങൾ കൂടുതലായി വിശകലനം ചെയ്യുന്നത് പുരാതന എബ്രായഭാഷയുടെമേൽ പുതിയ വെളിച്ചം വീശുകയും ചെയ്തേക്കാം. സർവോപരി, ഉഗാറിത്തിലെ പുരാവസ്തു കണ്ടെടുക്കലുകൾ യഹോവയുടെ സത്യാരാധനയും അധഃപതിച്ച ബാൽ ആരാധനയും തമ്മിലുള്ള വൈരുദ്ധ്യം വളരെ നന്നായി എടുത്തുകാട്ടുന്നു.
[അടിക്കുറിപ്പുകൾ]
a “കടലിലെ ആളുകൾ” പൊതുവേ മെഡിറ്ററേനിയൻ ദ്വീപുകളിൽനിന്നും തീരപ്രദേശങ്ങളിൽനിന്നുമുള്ള സമുദ്ര സഞ്ചാരികളായി തിരിച്ചറിയിക്കപ്പെടുന്നു. അവരിൽ ഫെലിസ്ത്യർ ഉൾപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്.—ആമോസ് 9:7.
b ദാഗോന്റെ ക്ഷേത്രവും ഏലിന്റെ ക്ഷേത്രവും ഒന്നുതന്നെയാണെന്ന് ചിലർ പറയുന്നു. എങ്കിലും ഇക്കാര്യത്തിൽ പല അഭിപ്രായങ്ങൾ ഉണ്ട്. ദാഗോൻ—ന്യായാധിപന്മാർ 16:23-ലും 1 ശമൂവേൽ 5:1-5-ലും പരാമർശിക്കപ്പെട്ടിരിക്കുന്ന ദാഗോൻ—ഏലിന്റെ വ്യക്തിപരമായ പേരാണ് എന്ന് ഒരു ഫ്രഞ്ച് പണ്ഡിതനും ജറൂസലേം സ്കൂൾ ഓഫ് ബിബ്ലിക്കൽ സ്റ്റഡീസിലെ പ്രൊഫസറുമായ റോളാൻ ഡെ വോ അഭിപ്രായപ്പെടുന്നു. സാധ്യതയനുസരിച്ച് “ദാഗോനെ ഏതോ വിധത്തിൽ [ഏലുമായി] ബന്ധപ്പെടുത്തിയിരുന്നു അല്ലെങ്കിൽ [ഇരുവരെയും] ഒന്നായി വീക്ഷിച്ചിരുന്നു” എന്ന് ദി എൻസൈക്ലോപീഡിയ ഓഫ് റിലീജിയൻ പറയുന്നു. രസ് ഷമ്റ പാഠങ്ങളിൽ ബാലിനെ ദാഗോന്റെ മകൻ എന്നു വിളിച്ചിരിക്കുന്നു, എങ്കിലും “മകൻ” എന്ന പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ഏത് അർഥത്തിലാണെന്ന് നിശ്ചയമില്ല.
[25 -ാം പേജിലെ ആകർഷക വാക്യം]
ഉഗാറിത്തിലെ പുരാവസ്തുശാസ്ത്ര കണ്ടുപിടിത്തങ്ങൾ തിരുവെഴുത്തുകളെ കുറിച്ചുള്ള ഗ്രാഹ്യം വർധിപ്പിച്ചിരിക്കുന്നു
[24, 25 പേജുകളിലെ ഭൂപടം/ചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ഹിത്യ സാമ്രാജ്യം, പൊ.യു.മു. 14-ാം നൂറ്റാണ്ടിൽ
മെഡിറ്ററേനിയൻ കടൽ
യൂഫ്രട്ടിസ്
കാസിയസ് പർവതം (ജെബെൽ ഏൽ-ആഗ്ര)
ഉഗാറിത്ത് (രസ് ഷമ്റ)
ടെൽ സൂക്കാസ്
ഓറോന്റിസ്
സിറിയ
ഈജിപ്ത്
[കടപ്പാട്]
ബാലിന്റെ പ്രതിമയും മൃഗത്തിന്റെ തലയുടെ ആകൃതിയിലുള്ള പാനപാത്രവും: Musée du Louvre, Paris; രാജകൊട്ടാരത്തിന്റെ ചിത്രം: © D. Héron-Hugé pour “Le Monde de la Bible”
[25 -ാം പേജിലെ ചിത്രം]
കൊട്ടാരത്തിന്റെ പ്രവേശന കവാടത്തിന്റെ അവശിഷ്ടങ്ങൾ
[26 -ാം പേജിലെ ചിത്രം]
ഐതിഹ്യപരമായ ഒരു ഉഗാറിത്തിക് കവിത പുറപ്പാടു 23:19-നെ സംബന്ധിച്ച പശ്ചാത്തല വിവരങ്ങൾ പ്രദാനം ചെയ്തേക്കാം
[കടപ്പാട്]
Musée du Louvre, Paris
[27 -ാം പേജിലെ ചിത്രങ്ങൾ]
ബാലിന്റെ രൂപം കൊത്തിയ ശിലാഫലകം
നായാട്ടു രംഗം ചിത്രീകരിക്കുന്ന സുവർണ തളിക
ഉർവരതാദേവിയുടെ രൂപം കൊത്തിയ, ദന്തനിർമിത ചമയച്ചെപ്പിന്റെ മൂടി
[കടപ്പാട്]
എല്ലാ ചിത്രങ്ങളും: Musée du Louvre, Paris