ആത്മാർപ്പണത്തിന്റെ മാതൃകകൾ ന്യൂയോർക്കിൽ
ഏതാനും വർഷം മുമ്പുവരെ, കാലിഫോർണിയയിലെ സ്വന്തം വീട്ടിൽ സുഖമായിട്ട് കഴിഞ്ഞുപോന്നവരായിരുന്നു സേസാറും ഭാര്യ റോസിയോയും. ശുദ്ധവായു-താപ-നിയന്ത്രണ സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്ന ജോലിയായിരുന്നു സേസാറിന്. ഭാര്യക്കാകട്ടെ ഒരു ഡോക്ടറുടെ ഓഫീസിൽ പാർട്ട്-ടൈം ജോലിയും. അവർക്ക് മക്കളുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ, അവരുടെ ജീവിതത്തിന്റെ ഗതി തിരിച്ചുവിട്ട ഒരു കാര്യം സംഭവിച്ചു. എന്തായിരുന്നു അത്?
തൊഴിൽവൈദഗ്ധ്യമുള്ള സന്നദ്ധസേവകർ താത്കാലിക ബെഥേൽ സേവനത്തിനായി അപേക്ഷിക്കാൻ 2009 ഒക്ടോബറിൽ ഐക്യനാടുകളിലെ ബ്രാഞ്ചോഫീസ് രാജ്യത്തെ എല്ലാ സഭകൾക്കും ഒരു കത്ത് അയച്ചു. ന്യൂയോർക്കിലെ വാൾക്കിലിലുള്ള ബ്രാഞ്ച് സൗകര്യങ്ങൾ വിപുലപ്പെടുത്തുന്ന വേലയിൽ സഹായിക്കാനായിരുന്നു അത്. ബെഥേൽ സേവനത്തിനുള്ള സാധാരണ പ്രായപരിധി കഴിഞ്ഞവർക്കും അപേക്ഷിക്കാനാകുമായിരുന്നു. സേസാറും റോസിയോയും അതെക്കുറിച്ച് ഇങ്ങനെ പറയുന്നു: “പ്രായം കടന്നുപോയിരുന്നതിനാൽ, ഞങ്ങളെ സംബന്ധിച്ചിടത്തോളം ബെഥേലിൽ സേവിക്കാൻ ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമായിരുന്നു ഇത്. ഈ സുവർണാവസരം ഒരു കാരണവശാലും പാഴാക്കാൻ ഞങ്ങൾ ആഗ്രഹിച്ചില്ല.” തത്ക്ഷണം അവർ അപേക്ഷ പൂരിപ്പിച്ച് അയച്ചു.
വോർവിക്കിൽ നിർമാണപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ചില സന്നദ്ധസേവകർ
ഒരു വർഷം കടന്നുപോയി. പക്ഷേ, സേസാറിനും റോസിയോയ്ക്കും ബെഥേലിലേക്ക് ക്ഷണം ലഭിച്ചില്ല. എങ്കിലും, ജീവിതം ലളിതമാക്കിക്കൊണ്ട്, തങ്ങളുടെ ലാക്കിൽ എത്തിച്ചേരാൻ സഹായിക്കുന്ന കൂടുതലായ ചില പടികൾ അവർ സ്വീകരിച്ചു. സേസാർ പറയുന്നു: “വണ്ടിയിട്ടിരുന്ന സ്ഥലം താമസിക്കാൻ പറ്റുന്ന ഒരു ഒറ്റമുറിപ്പുരയായി ഞങ്ങൾ മാറ്റിയെടുത്തു. എന്നിട്ട് വലിയ വീട് വാടകയ്ക്കു കൊടുത്തു. രണ്ടു വർഷം മുമ്പ് പണികഴിപ്പിച്ച, 200 ചതുരശ്രമീറ്റർ വിസ്തീർണമുള്ള ഞങ്ങളുടെ സ്വപ്നഭവനം വിട്ട് വെറും 25 ചതുരശ്രമീറ്റർ മാത്രമുള്ള കൂരയിലേക്ക് ഞങ്ങൾ താമസംമാറ്റി. ഞങ്ങൾ വരുത്തിയ ഈ മാറ്റങ്ങൾ, ബെഥേലിലേക്ക് ക്ഷണം ലഭിക്കുന്നപക്ഷം അതു സ്വീകരിക്കുക ഞങ്ങൾക്ക് ഏറെ എളുപ്പമാക്കിത്തീർത്തു.” എന്താണ് അടുത്തതായി സംഭവിച്ചത്? റോസിയോ ഇങ്ങനെ വിവരിക്കുന്നു: “ഞങ്ങൾ കൊച്ചുവീട്ടിലേക്ക് മാറി ഒരു മാസത്തിനു ശേഷം, അതാ വരുന്നു ബെഥേലിൽനിന്നുള്ള ക്ഷണം, വാൾക്കിലിൽ താത്കാലിക സന്നദ്ധസേവകരായി സേവിക്കാൻ! ജീവിതം ലളിതമാക്കുകവഴി, യഹോവയ്ക്ക് ഞങ്ങളുടെമേൽ അനുഗ്രഹം ചൊരിയാനുള്ള ഒരു അവസരം ഞങ്ങൾ ഉണ്ടാക്കുകയായിരുന്നെന്ന് വ്യക്തം!”
ജെയ്സണും സേസാറും വില്യമും
ആത്മത്യാഗ മനോഭാവം നിമിത്തം അനുഗ്രഹങ്ങൾ പ്രാപിക്കുന്നു!
സേസാറിനെയും റോസിയോയെയും പോലെ നൂറുകണക്കിന് സഹോദരീസഹോദരന്മാർ ന്യൂയോർക്ക് പ്രവിശ്യയിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ വേണ്ടി തങ്ങൾക്കുള്ള പലതും ബലികഴിച്ചിരിക്കുന്നു. അവരിൽ അനേകർ ഇപ്പോൾ വാൾക്കിലിലെ വിപുലീകരണവേലയിൽ ഏർപ്പെട്ടിരിക്കുകയാണ്. മറ്റനേകരാകട്ടെ വോർവിക്കിലെ ലോകാസ്ഥാനത്തിന്റെ നിർമാണപ്രവർത്തനങ്ങളിൽ പങ്കെടുത്തുകൊണ്ട് അതുല്യമായ ആനന്ദം ആസ്വദിക്കുന്നു.a പല ദമ്പതികളും യഹോവയെ ഏറെ തികവോടെ സേവിക്കാനായി തങ്ങളുടെ പ്രിയഭവനങ്ങളും വളർത്തുമൃഗങ്ങളും മികച്ച തൊഴിലുകളും എല്ലാം പിന്നിൽ വിട്ടുകളഞ്ഞിരിക്കുന്നു. അത്തരം ത്യാഗമനസ്ഥിതിയെ യഹോവ എങ്ങനെയാണ് വീക്ഷിച്ചിരിക്കുന്നത്? അവൻ അങ്ങനെയുള്ളവരെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു!
വേ
ദൃഷ്ടാന്തത്തിന്, 60-നോടടുത്ത് പ്രായമുള്ള വേ-ഡെബ്റാ ദമ്പതികളുടെ കാര്യമെടുക്കുക. വേ സഹോദരൻ ഒരു ഇലക്ട്രീഷ്യനാണ്. കൻസാസിലുള്ള വീടും ഒട്ടുമിക്ക വീട്ടുസാമാനങ്ങളും വിറ്റ് അവർ വാൾക്കിലിലേക്ക് താമസംമാറ്റി. അവിടെ, ദിവസവും പോയിവരുന്ന ബെഥേൽ അംഗങ്ങളായി സേവിക്കുകയാണ് അവർ ഇപ്പോൾ.b ഈ മാറ്റം അവരുടെ ജീവിതത്തിൽ വലിയ പൊരുത്തപ്പെടുത്തലുകൾ ആവശ്യമാക്കിത്തീർത്തു. എന്നാൽ ഈ ത്യാഗങ്ങളെല്ലാം ശ്രമത്തിനു തക്ക മൂല്യമുള്ളവതന്നെയായിരുന്നു. തന്റെ ബെഥേൽനിയമനത്തെക്കുറിച്ച് ഡെബ്റാ പറയുന്നു: “നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ പറുദീസയിലെ നിർമാണപ്രവർത്തനങ്ങളുടെ ചിത്രീകരണങ്ങൾ കണ്ടിട്ടില്ലേ, അങ്ങനെയൊരു ചിത്രത്തിലേക്ക് കയറിനിന്ന പ്രതീതിയാണ് എനിക്ക് ഇവിടെ!”
മെൽവിനും ഷറോണും ദക്ഷിണ ക്യാരൊലൈനയിലുള്ള തങ്ങളുടെ വീടും വീട്ടുപകരണങ്ങളും വിറ്റിട്ടാണ് വോർവിക്കിൽ സന്നദ്ധസേവകരായി പോയത്. അതൊന്നും അത്ര എളുപ്പമല്ലായിരുന്നെങ്കിലും ചരിത്രംകുറിക്കുന്ന ഇതുപോലൊരു നിർമാണപദ്ധതിയിൽ പങ്കുപറ്റാനാകുക എന്നത് സമാനതകളില്ലാത്ത ഒരു പദവിയായി ഈ ദമ്പതികൾ വീക്ഷിക്കുന്നു. അവരുടെ വാക്കുകൾ ശ്രദ്ധിക്കുക: “ലോകവ്യാപക സംഘടന ഒന്നാകെ പ്രയോജനം നേടാൻപോകുന്ന ഒരു വൻസംരംഭത്തിലാണ് നിങ്ങളുടെ കൈകൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവ് നൽകുന്ന സന്തോഷം, അതൊന്ന് വേറെതന്നെയാണ്!”
കെനെത്ത്
കെട്ടിടനിർമാണരംഗത്ത് പ്രവർത്തിച്ച് വിരമിച്ച, ഏതാണ്ട് 55 വയസ്സുള്ള കെനെത്തും ഭാര്യ മോറീനും വോർവിക്ക് നിർമാണപദ്ധതിയിൽ സേവിക്കുന്നതിനായി സ്വദേശമായ കാലിഫോർണിയ വിട്ടു. വീട് നോക്കാൻ സഭയിലുള്ള ഒരു സഹോദരിയെ അവർ പറഞ്ഞ് ഏൽപ്പിച്ചു. പ്രായമായ പിതാവിനെ പരിചരിച്ചുകൊള്ളാമെന്ന് കുടുംബാംഗങ്ങളും ഏറ്റു. ബെഥേലിൽ സേവിക്കാനായി ചെയ്ത ഈ ത്യാഗങ്ങളെ ഓർത്ത് അവർ ഖേദിക്കുന്നുണ്ടോ? ഒരിക്കലുമില്ല! “ഞങ്ങൾ ഒരുപാട് പ്രയോജനങ്ങൾ അനുഭവിക്കുന്നു. വെല്ലുവിളികൾ ഒന്നുമില്ല എന്നല്ല ഇതിനർഥം. വളരെ പ്രതിഫലദായകമായ ഒരു ജീവിതമാണ് ഞങ്ങൾ ആസ്വദിക്കുന്നത്. ഈ സേവനം ഞങ്ങൾ മറ്റുള്ളവർക്ക് നൂറു ശതമാനവും ശുപാർശചെയ്യുന്നു” എന്നാണ് കെൻ പറയുന്നത്.
പ്രതിബന്ധങ്ങളെ മറികടക്കുന്നു
സന്നദ്ധരായി മുന്നോട്ടുവന്ന ഒട്ടുമിക്ക സഹോദരങ്ങൾക്കും എന്തെങ്കിലുമൊക്കെ തടസ്സങ്ങളും വെല്ലുവിളികളും മറികടക്കേണ്ടതുണ്ടായിരുന്നു. മറ്റൊരു ദൃഷ്ടാന്തം നോക്കുക: 60-നുമേൽ പ്രായമുള്ള വില്യമും സാൻഡ്രയും പെൻസിൽവേനിയയിൽ സ്വസ്ഥജീവിതം നയിച്ചുവരികയായിരുന്നു. 17 തൊഴിലാളികളുള്ള ഒരു യന്ത്രഭാഗനിർമാണ കമ്പനി അവർ ലാഭകരമായി നടത്തിയിരുന്നു. ജനിച്ചുവളർന്ന അതേ സഭയിൽത്തന്നെയായിരുന്നു അവർ ഇക്കാലമത്രയും സഹവസിച്ചിരുന്നത്. ആ പ്രദേശത്തുതന്നെയാണ് അവരുടെ മിക്കവാറും എല്ലാ ബന്ധുക്കളും താമസിച്ചിരുന്നതും. അതുകൊണ്ടുതന്നെ വാൾക്കിലിൽ കമ്യൂട്ടർമാരായി സേവിക്കാനുള്ള അവസരം ലഭിച്ചപ്പോൾ, ജീവിതത്തിൽ ഇന്നോളം കണ്ടുംകേട്ടും പരിചയിച്ച എല്ലാറ്റിനോടും, എല്ലാവരോടും തങ്ങൾ വിടപറയേണ്ടിവരുമെന്ന് അവർക്ക് അറിയാമായിരുന്നു. “ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി, ഞങ്ങൾ ആസ്വദിച്ചുപോന്ന അല്ലലില്ലാത്ത ആ സുഖാന്തരീക്ഷം വിട്ടുപോരുക എന്നതായിരുന്നു,” വില്യം പറയുന്നു. എന്തായാലും, ആവർത്തിച്ചുള്ള പ്രാർഥനകൾക്ക് ശേഷം ‘വെച്ച കാൽ മുന്നോട്ടുതന്നെ’ എന്ന് അവർ ഒടുവിൽ തീരുമാനിച്ചു. അതിന്റെ പേരിൽ അവർക്ക് ഒരിക്കലും ദുഃഖിക്കേണ്ടിവരില്ലായിരുന്നു. “ബെഥേൽ കുടുംബത്തോട് നേരിട്ട് ഇടപഴകി തോളോടുതോൾചേർന്ന് പ്രവർത്തിക്കുന്നതിലെ സന്തോഷത്തിന് സമംവെക്കാൻ ലോകത്തിൽ മറ്റെന്താണുള്ളത്,” വില്യം ചോദിക്കുന്നു. “സാൻഡ്രയും ഞാനും ജീവിതത്തിൽ ഇത്രയധികം സന്തോഷിച്ച നാളുകളില്ല!”
വാൾക്കിലിൽ നിർമാണപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ചില ദമ്പതികൾ
നിർമാണപദ്ധതികൾക്ക് മേൽനോട്ടം നടത്തി പരിചയമുള്ള, ഹവായിയിൽനിന്നുള്ള റിക്കിക്ക് വോർവിക്ക് പദ്ധതിയിൽ സഹായിച്ചുകൊണ്ട് ഒരു കമ്യൂട്ടർ ബെഥേലൈറ്റായി സേവിക്കാൻ ക്ഷണം ലഭിച്ചു. ഭാര്യ കെൻഡ്ര പോകാനായിട്ട് അദ്ദേഹത്തെ ഉത്സാഹിപ്പിച്ചു. പക്ഷേ അവരുടെ ചിന്ത അർഹിച്ച, ന്യായമായ ഒരു കാര്യം അവർക്കുണ്ടായിരുന്നു: 11 വയസ്സുള്ള മകൻ ജേക്കബിന്റെ ക്ഷേമം. ന്യൂയോർക്ക് പ്രവിശ്യയിലേക്ക് താമസംമാറ്റുന്നത് ബുദ്ധിയായിരിക്കുമോ, മകന് ആ സാഹചര്യത്തോട് ഇണങ്ങിപ്പോകാൻ കഴിയുമോ എന്നൊക്കെയുള്ള ചിന്ത അവരെ അലട്ടി.
“ആത്മീയമായി നല്ല നിലയിൽ പ്രവർത്തിക്കുന്ന ചെറുപ്പക്കാരുള്ള ഒരു സഭ കണ്ടെത്തുക എന്നതായിരുന്നു ഞങ്ങളുടെ മുൻഗണന,” റിക്കി പറയുന്നു. “ജേക്കബിന് ധാരാളം നല്ല കൂട്ടുകാരും സഹവാസവും ഉണ്ടായിരിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു.” എങ്കിലും, ഒടുവിൽ അവർ ചെന്നുപെട്ടത് ചെറുപ്പക്കാർ അധികമൊന്നും ഇല്ലാത്ത ഒരു സഭയിലാണ്. പക്ഷേ, അവിടെ ധാരാളം ബെഥേലംഗങ്ങളുണ്ടായിരുന്നു! റിക്കി ഇങ്ങനെ തുടരുന്നു: “അവിടത്തെ ആദ്യത്തെ യോഗത്തിനുശേഷം ഞാൻ ജേക്കബിനോടു ചോദിച്ചു: ‘പുതിയ സഭ എങ്ങനുണ്ട്, നിന്റെ പ്രായത്തിലുള്ള കൂട്ടുകൂടാൻ പറ്റിയ പിള്ളേരൊന്നും അധികമില്ലല്ലേ?’ പക്ഷേ, ‘അതൊന്നും കുഴപ്പമില്ല ഡാഡീ, ചെറുപ്പക്കാരായ ബെഥേൽ സഹോദരന്മാരില്ലേ എനിക്ക് കൂട്ടൂകൂടാൻ,’ എന്നായിരുന്നു അവന്റെ മറുപടി.”
സഭയിൽ ബെഥേലംഗങ്ങളുമായി സൗഹൃദം പങ്കിടുന്ന ജേക്കബും മാതാപിതാക്കളും
ചെറുപ്പക്കാരായ ബെഥേലംഗങ്ങൾ ജേക്കബിന്റെ ഉറ്റ ചങ്ങാതികളായി മാറി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അത് ജേക്കബിനെ എങ്ങനെയാണ് സ്വാധീനിച്ചത്? “ഒരുനാൾ, രാത്രി വൈകിയും ജേക്കബിന്റെ മുറിയിൽ ലൈറ്റ് കത്തിക്കിടക്കുന്നതു കണ്ട് ഞാൻ അങ്ങോട്ടു ചെന്നു,” റിക്കി വിവരിക്കുന്നു. “അവൻ ഇലക്ട്രോണിക്ക് ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരിക്കും, കൈയോടെ പിടിക്കാം എന്നു കരുതിയാണ് ഞാൻ ചെന്നത്, പക്ഷേ ബൈബിൾ വായിച്ചുകൊണ്ടിരിക്കുന്ന ജേക്കബിനെയാണ് ഞാൻ കണ്ടത്! നീ എന്തു ചെയ്തുകൊണ്ടിരിക്കുകയാണ് എന്നു ചോദിച്ചപ്പോൾ, ‘ഞാൻ ഒരു കുഞ്ഞു ബെഥേലംഗമാണ്, ഒരു വർഷംകൊണ്ട് ഞങ്ങൾക്ക് ബൈബിൾ വായിച്ചുതീർക്കേണ്ടതുണ്ട്!’ എന്നായിരുന്നു ജേക്കബിന്റെ മറുപടി.” എന്തിനധികം, റിക്കിയും കെൻഡ്രയും ഇപ്പോൾ ശരിക്കും ത്രില്ലടിച്ചിരിക്കുകയാണ്. വോർവിക്കിലെ നിർമാണപ്രവർത്തനത്തിൽ റിക്കിക്ക് പങ്കെടുക്കാനാകുന്നു; മാറിപ്പാർക്കാൻ തീരുമാനിച്ചത് മകന്റെ ആത്മീയ പുരോഗതിക്ക് അപ്രതീക്ഷിതമായി ആക്കവും കൂട്ടിയിരിക്കുന്നു, സന്തോഷത്തിന് പിന്നെന്തുവേണം!—സദൃ. 22:6.
ഭാവിയെക്കുറിച്ച് തെല്ലും ഉത്കണ്ഠയില്ല!
ലൂയിസും ഡേയ്ലും
വാൾക്കിലിലെയും വോർവിക്കിലെയും നിർമാണപദ്ധതികൾ ഒരുനാൾ പൂർത്തിയാകും. അതുകൊണ്ടുതന്നെ തങ്ങളുടെ ബെഥേൽസേവനം താത്കാലികമാണെന്ന് വന്നിട്ടുള്ള എല്ലാവർക്കും അറിയാം. അതുകഴിഞ്ഞാൽപ്പിന്നെ തങ്ങൾ എവിടെപ്പോകും, എന്തുചെയ്യും എന്നൊക്കെ ചിന്തിച്ച് ഈ സഹോദരീസഹോദരന്മാർ അമിതമായി ഉത്കണ്ഠപ്പെടുന്നുണ്ടോ? ഒരിക്കലുമില്ല! ഫ്ളോറിഡയിൽനിന്നുള്ള മധ്യവയസ്കരായ രണ്ടു ദമ്പതികളുടെ വികാരമാണ് അവരിൽ അനേകർക്കും. നിർമാണ മേൽനോട്ടത്തിൽ പരിചയമുള്ള ജോണും ഭാര്യ കാർമെനും വോർവിക്കിൽ സന്നദ്ധസേവകരായി പ്രവർത്തിക്കുന്നു. അവർ ഇങ്ങനെ പറയുന്നു: “ഈ നിമിഷംവരെ ഞങ്ങളുടെ ഓരോ ആവശ്യവും യഹോവ എങ്ങനെ നടത്തിത്തന്നിരിക്കുന്നു എന്ന് ഞങ്ങൾക്കറിയാം. പിന്നീട് ഉപേക്ഷിക്കാനുള്ള ഉദ്ദേശ്യത്തിലല്ല യഹോവ ഞങ്ങളെ ഇപ്പോൾ ഇവിടെ കൊണ്ടുവന്നിരിക്കുന്നതെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട്.” (സങ്കീ. 119:116) അഗ്നിശമന സംവിധാനങ്ങൾ രൂപകല്പന ചെയ്യുന്ന ലൂയിസും ഭാര്യ കെന്യായും വാൾക്കിലിലാണ് സേവിക്കുന്നത്. അവരുടെ വിശ്വാസം തുളുമ്പുന്ന വാക്കുകൾ ശ്രദ്ധിക്കുക: “ഭൗതികമായി ഞങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ഉദാരമായി പ്രദാനം ചെയ്യുന്നതിൽ യഹോവയുടെ കരങ്ങൾ ഇന്നോളം കുറുകിയിട്ടില്ല എന്ന് ഞങ്ങൾക്ക് അറിയാം. എങ്ങനെ, എപ്പോൾ, എവിടെ എന്നൊന്നും ഞങ്ങൾക്കറിയില്ല, പക്ഷേ ഒന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്: അവൻ ഞങ്ങൾക്കായി തുടർന്നും കരുതുകതന്നെചെയ്യും.”—സങ്കീ. 34:10; 37:25.
‘സ്ഥലം പോരാതെവരുവോളം അനുഗ്രഹം ചൊരിയുന്നു’
ജോണും മെൽവിനും
ന്യൂയോർക്കിലെ നിർമാണപദ്ധതികളെ പിന്തുണച്ചിരിക്കുന്ന അനേകർക്ക് സന്നദ്ധസേവനത്തിന് പോകാതിരിക്കാൻ വേണമെങ്കിൽ ഓരോരോ കാരണങ്ങൾ പറയാമായിരുന്നു. എന്നാൽ യഹോവയെ ‘പരീക്ഷിക്കാൻതന്നെയാണ്’ അവരെല്ലാം തീരുമാനിച്ചത്. നമ്മോടുള്ള യഹോവയുടെ ആഹ്വാനവും അതുതന്നെയാണ്: “ഞാൻ നിങ്ങൾക്കു ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങൾ ഇതിനാൽ എന്നെ പരീക്ഷിപ്പിൻ.”—മലാ. 3:10.
നിങ്ങളും യഹോവയെ ‘പരീക്ഷിച്ച്’ അവന്റെ സമൃദ്ധമായ അനുഗ്രഹങ്ങൾ ആസ്വദിക്കുമോ? ന്യൂയോർക്കിലായാലും മറ്റ് ദിവ്യാധിപത്യ നിർമാണപദ്ധതികളിലായാലും സദാ മുന്നേറിക്കൊണ്ടിരിക്കുന്ന ആവേശോജ്വലമായ വേലയിൽ എങ്ങനെ നിങ്ങൾക്ക് ഒരു കൈ സഹായിക്കാനാകും എന്ന് പ്രാർഥനാപൂർവം വിചിന്തനം ചെയ്യുക. അങ്ങനെ യഹോവ നൽകുന്ന പ്രതിഫലം നേരിട്ട് രുചിച്ചറിയുക.—മർക്കോ. 10:29, 30.
ഗാരി
അലബാമയിൽനിന്നുള്ള ഒരു സിവിൽ എഞ്ചിനിയറായ ഡേയ്ലിനും ഭാര്യ കാത്തിക്കും ഇത്തരത്തിലുള്ള വേലയെക്കുറിച്ച് സംസാരിക്കുമ്പോൾ നൂറു നാവാണ്! ഇപ്പോൾ വാൾക്കിലിൽ സന്നദ്ധസേവകരായ അവർ ഇങ്ങനെ പറയുന്നു: “പരിചയിച്ചു പഴകിയ സ്വസ്ഥജീവിതത്തിന്റെ പുറന്തോടുപൊട്ടിച്ച് പുറത്തേക്ക് വരാനുള്ള ധൈര്യം നിങ്ങൾക്കുണ്ടെങ്കിൽ യഹോവയുടെ ആത്മാവ് പ്രവർത്തനത്തിലായിരിക്കുന്നത് സ്വന്തകണ്ണാൽ കാണാൻ നിങ്ങൾക്കാകും.” എന്നാൽ അതിന് ഇറങ്ങിപ്പുറപ്പെടാൻ എന്താണ് നിങ്ങളുടെ പക്ഷത്ത് ആവശ്യമായിട്ടുള്ളത്? ഡേയ്ൽ പറയുന്നു: “ജീവിതം ലളിതമാക്കുക, ലളിതമാക്കുക, പിന്നെയും കുറച്ചുകൂടി ലളിതമാക്കുക. ഒരിക്കലും ഖേദിക്കേണ്ടിവരില്ല, ഉറപ്പ്!” വടക്കൻ ക്യാരൊലൈനയിൽനിന്നുള്ള ഗാരിക്ക് നിർമാണ മേൽനോട്ടവേലയിൽ 30 വർഷത്തെ പ്രവൃത്തിപരിചയമുണ്ട്. “യഹോവയെ സേവിച്ചുകൊണ്ട് ജീവിതകാലം മുഴുവൻ ബെഥേലിൽ ചെലവഴിച്ച നമ്മുടെ പ്രിയപ്പെട്ട നിരവധി സഹോദരീസഹോദരന്മാരെ കാണാനും അവർക്കൊപ്പം പ്രവർത്തിക്കാനും” സാധിക്കുന്നു എന്നതാണ് വോർവിക്കിൽ തങ്ങൾ ആസ്വദിക്കുന്ന വലിയൊരു അനുഗ്രഹം എന്ന് അദ്ദേഹവും ഭാര്യ മോറീനും പറയുന്നു. “ബെഥേലിൽ സേവിക്കാൻ ജീവിതം ലളിതമാക്കിയേ തീരൂ, ഈ വ്യവസ്ഥിതിയിൽ ജീവിക്കാൻ ഏറ്റവും പറ്റിയ രീതി അതാണ്,” ഗാരി കൂട്ടിച്ചേർത്തു. ഒരു ഇലക്ട്രിക്കൽ കരാറുകാരനൊപ്പം പ്രവർത്തിച്ചിരുന്ന, ഇല്ലിനോയിസിൽനിന്നുള്ള ജെയ്സണും ജെനിഫറും പറയുന്നത് ഇങ്ങനെ: “പുതിയലോകത്തിൽ ജീവിക്കുന്നതുമായിട്ട് ഈ വ്യവസ്ഥിതിയിൽ എന്തെങ്കിലും സമാനത കാണാനാകുമെങ്കിൽ അത് വാൾക്കിലിലെ ബെഥേൽ പ്രോജക്ടിൽ പ്രവർത്തിക്കുമ്പോഴാണ്.” ജെനിഫർ തുടരുന്നു: “നിങ്ങൾ ചെയ്യുന്നതെല്ലാം യഹോവ വിലമതിക്കുന്നെന്നും അവൻ നമുക്കായി ഒരുക്കിക്കൊണ്ടിരിക്കുന്ന മഹത്തായ ഭാവിക്കായുള്ള ഒരു നിക്ഷേപമാണ് അവയെല്ലാം എന്നും തിരിച്ചറിഞ്ഞുകൊണ്ട് പ്രവർത്തിക്കാനാകുമ്പോൾ ലഭിക്കുന്നത് അനിർവചനീയമായ ആനന്ദമാണ്. യഹോവ നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും എന്നതിൽ ഒട്ടും സംശയംവേണ്ടാ.”
a വാർഷികപുസ്തകം 2014 (ഇംഗ്ലീഷ്) പേജ് 12-13 കാണുക.
b ദിവസവും പോയിവന്ന്, അംശകാല അടിസ്ഥാനത്തിൽ ആഴ്ചയിൽ ഒന്നോ അതിലധികമോ ദിവസം ബെഥേലിൽ സേവിക്കുന്ന പാർട്ട്-ടൈം കമ്യൂട്ടർ ബെഥേലൈറ്റ്സ് (Part-time commuter Bethelites) സ്വന്തം ചെലവിലാണ് തങ്ങളുടെ താമസത്തിനും ജീവിതാവശ്യങ്ങൾക്കും വേണ്ട ഏർപ്പാടുകൾ ചെയ്യുന്നത്.