അർത്ഥവത്തായ കുടുംബ ബൈബിളദ്ധ്യയനങ്ങൾ നടത്തൽ
1 മാതാപിതാക്കൾ നടത്തുന്ന അതിപ്രധാന പ്രവർത്തനങ്ങളിലൊന്ന് അവരുടെ കുട്ടികളെ സത്യം പഠിപ്പിക്കുന്നതാണ്. അത് യഹോവയിൽനിന്നുളള ഒരു കടപ്പാടാണ്. (ആവർത്തനം 6:6, 7) ഒരു ഭക്തികെട്ട ലോകത്തിൽ നേരായി നടക്കാൻ കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശവും വഴികാട്ടലും ആവശ്യമാണ്. അവർ യഹോവയെയും സത്യത്തെയും സ്നേഹിക്കാൻ പഠിക്കുകയും അതിനോടു പററിനിൽക്കാൻ ദൃഢനിശ്ചയം ചെയ്യുകയും വേണം. 1988 ഓഗസ്ററ് 1-ലെ വാച്ച്ററവർ 11-ാം പേജിൽ ഇങ്ങനെ പ്രസ്താവിച്ചു: “നിങ്ങൾക്ക് മറെറന്തെല്ലാം കടപ്പാടുകളുണ്ടായിരുന്നാലും, അല്ലെങ്കിൽ നിങ്ങൾ എന്തെല്ലാം കുഴപ്പങ്ങളെ അഭിമുഖീകരിച്ചാലും നിങ്ങളുടെ കുട്ടികളുമായി സമയംചെലവഴിക്കുന്നതിന് മുൻഗണന കൊടുക്കേണ്ടതുണ്ട്. ഒരുമിച്ചു ചെലവഴിക്കുന്ന സമയം നിങ്ങളുടെ കുട്ടികളുടെ ഹൃദയങ്ങളെ കാത്തുസൂക്ഷിക്കുകയും അവരെ ശരിയായ മാർഗ്ഗത്തിലാക്കിവെക്കുകയും ചെയ്യുന്ന ആത്മീയമൂല്യങ്ങൾ അവരെ ഉദ്ബോധിപ്പിക്കുന്നതിന് നിങ്ങളെ അനുവദിക്കും.”
2 കുടുംബങ്ങൾ ബൈബിളിൽ നൽകപ്പെട്ടിരിക്കുന്ന മാർഗ്ഗരേഖകൾ അനുസരിക്കുകയാണെങ്കിൽ, കുടുംബാദ്ധ്യയനത്തിന് ക്രമമായി സമയം വേർതിരിക്കേണ്ടതുണ്ട്. കുടുംബത്തിന്റെ ആത്മീയതക്കുവേണ്ടി കരുതുന്നതിന് കുടുംബാംഗങ്ങൾ മുൻഗണന കൊടുക്കണം. കുടുംബത്തിന്റെ ആവശ്യങ്ങൾക്ക് ഇപ്പോൾ ഉചിതമായ ശ്രദ്ധ കൊടുക്കുന്നില്ലെങ്കിൽ, ഭാവിയിൽ മാതാപിതാക്കൾ ഗുരുതരമായ പ്രശ്നങ്ങൾ കൈകാര്യംചെയ്യേണ്ടിവന്നേക്കാം.
പഠനവിവരങ്ങളും രീതികളും
3 എന്താണ് പഠിക്കേണ്ടത്? കുടുംബത്തിന് എന്താണാവശ്യമായിരിക്കുന്നത് എന്ന് അറിയാനുളള ഏററം നല്ല സ്ഥാനത്തായിരിക്കുന്നത് കുടുംബത്തലവനാണ്. എന്തു പ്രയോജനകരമായിരിക്കുമെന്ന് മററുളളവർ വിചാരിക്കുന്നുവെന്ന് അയാൾക്ക് അന്വേഷിക്കാവുന്നതും അവരുടെ നിർദ്ദേശങ്ങൾ പരിഗണിക്കാവുന്നതുമാണ്. അയവ് കുടുംബാദ്ധ്യയനത്തെ പ്രായോഗികവും ഉത്തേജകവുമാക്കിത്തീർക്കും. അനേകം കുടുംബങ്ങൾ വീക്ഷാഗോപുരത്തിന്റെ വാരം തോറുമുളള അദ്ധ്യയനഭാഗം തയ്യാറാകാൻ ഇഷ്ടപ്പെടുന്നു. എന്നിരുന്നാലും, ചിലപ്പോൾ യുവജനങ്ങൾ സ്ക്കൂളിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ കൈകാര്യംചെയ്യുന്ന പ്രത്യേകവിഷയങ്ങൾ ചർച്ചചെയ്യേണ്ടതാവശ്യമായിരിക്കാം. ഡെയ്ററിംഗ്, പാഠ്യേതരപ്രവർത്തനങ്ങൾ, സ്പോർട്ട്സ്, അധാർമ്മികപ്രവണതകൾ എന്നിവ സംബന്ധിച്ച് പ്രസിദ്ധീകരിച്ചിട്ടുളള വിവരങ്ങൾ പരിപുഷ്ടിപ്പെടുത്തുന്നതും പ്രോൽസാഹകവുമായ ഒരു വിധത്തിൽ പരിചിന്തിക്കാൻ കഴിയും. കുടുംബത്തിന് ഏതു വിവരങ്ങൾ ആവശ്യമാണെന്നും അതുമായി അവരുടെ ഹൃദയത്തിലേക്ക് എങ്ങനെ ഏററം നന്നായി ഇറങ്ങിച്ചെല്ലാമെന്നും കുടുംബത്തലവൻ തുടർന്നു പുനഃപരിശോധന നടത്തുന്നത് പ്രധാനമാണ്.—1971 ഫെബ്രുവരി 15-ലെ വാച്ച്ററവർ കാണുക, പേജ് 105-6.
4 എങ്ങനെയാണ് ഒരു അദ്ധ്യയനം നടത്തേണ്ടത്? വിശ്രമദായകവും ആദരണീയവുമായ ഒരു അന്തരീക്ഷം നട്ടുവളർത്തുക. യാന്ത്രികവും അമിതമായി ഔപചാരികവുമായ ഒരു നടപടിക്രമം ഒഴിവാക്കുക. ചിന്തയെ ഉത്തേജിപ്പിക്കാനും എല്ലാവരെയും ഉൾപ്പെടുത്താനും കൂടുതലായ ചോദ്യങ്ങൾ ചോദിക്കുകയും ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുകയും ചെയ്യുക. വിവരത്തെ മൂല്യവത്താക്കാൻ ഭൂപടങ്ങളും ചാർട്ടുകളും പോലെയുളള ചാക്ഷുഷസഹായികളും ഉപയോഗിക്കാവുന്നതാണ്. കുട്ടികളുടെ പ്രായവും പ്രാപ്തിയുമനുസരിച്ച് ഇൻഡക്സിലോ ഉൾക്കാഴ്ചാ വാല്യങ്ങളിലോ വിവരങ്ങൾ കണ്ടുപിടിക്കാനുളള നിയമനങ്ങൾ കൊടുക്കാവുന്നതാണ്. പ്രതിവചിക്കാൻ പ്രാപ്തിയായാലുടനെ പ്രായംകുറഞ്ഞ കുട്ടികളെ ചർച്ചയിൽ ഉൾപ്പെടുത്തുക. ചുരുക്കം ചില വാക്കുകൾകൊണ്ടുമാത്രം ഉത്തരം പറയേണ്ട ലളിതമായ ചോദ്യങ്ങൾ അവരോടു ചോദിക്കാം. കുട്ടികളെ ശകാരിക്കാൻ അദ്ധ്യയന സമയത്തെ ഉപയോഗിക്കരുത്. പകരം അവരെ അഭിനന്ദിക്കുകയും അവരുടെ ശ്രമങ്ങൾക്ക് വിലമതിപ്പു പ്രകടമാക്കുകയും അവരുമായി ആത്മീയവീക്ഷണങ്ങൾ പങ്കുവെക്കുന്നതിൽ ഉത്സാഹമുളളവരായിരിക്കുകയും ചെയ്യുക.
5 നിങ്ങൾ ഹൃദയത്തിലേക്കിറങ്ങിച്ചെല്ലുന്നുണ്ടെന്ന് നിങ്ങൾക്ക് എങ്ങനെ നിശ്ചയപ്പെടുത്താൻ കഴിയും? സ്വന്തം വാക്കുകളിൽ ഉത്തരം പറയാൻ എല്ലാവരെയും പ്രോൽസാഹിപ്പിക്കുക. ഹൃദയഭാവങ്ങൾ തിട്ടപ്പെടുത്തുന്നതിന് നയപുരസ്സരം വീക്ഷണചോദ്യങ്ങൾ ഉപയോഗിക്കുക. നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാവുന്നതാണ്: “ഈ കാര്യങ്ങൾ സംബന്ധിച്ച് സ്ക്കൂളിലെ കുട്ടികൾ എന്തു വിചാരിക്കുന്നു? നിങ്ങൾക്ക് ഈ പോയിൻറു സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടോ?” കുട്ടികൾ വീക്ഷണചോദ്യങ്ങൾക്കു നൽകുന്ന ഉത്തരങ്ങളോട് അമിതപ്രതികരണം നടത്തരുത്. അതല്ലെങ്കിൽ അവർക്ക് സത്യസന്ധമായി ആശയപ്രകടനംനടത്താൻ സ്വാതന്ത്ര്യമില്ലെന്ന് അവർ വിചാരിച്ചേക്കാം. അവർക്കു സംസാരിക്കാൻ സമയം കൊടുക്കുക. നിങ്ങൾക്ക് അവരിലും അവരുടെ പ്രശ്നങ്ങളിലും താത്പര്യമുണ്ടെന്നുളള അവരുടെ അറിവ് നിങ്ങളുടെ പഠിപ്പിക്കൽശ്രമങ്ങളെ വളരെ എളുപ്പമാക്കും.—1986 നവംബർ 1-ലെ വാച്ച്ററവറിന്റെ 23-5വരെ പേജുകൾ കാണുക.
6 നിങ്ങളുടെ കുടുംബാദ്ധ്യയനത്തിന്റെ മുഖ്യലക്ഷ്യം ഒരു സഭാമീററിംഗിൽ ഉരുവിടാൻ ഒരു ഉത്തരം കണ്ടുപിടിക്കുകയല്ല, പിന്നെയോ യഹോവയുടെ ചിന്തകൾ ഉദ്ബോധിപ്പിക്കുകയാണ്. (എഫേ. 3:17-19) അതിന്റെ അർത്ഥം വിവരങ്ങൾ ഹൃദയത്തിൽ ആണ്ടിറങ്ങാനിടയാക്കുകയെന്നാണ്. തങ്ങൾ ദൈവേഷ്ടംചെയ്യാനാഗ്രഹിക്കേണ്ടതിനും അത് ജീവിതത്തിലെ ഏററം നല്ല ഗതിയായിരിക്കേണ്ടതിനും നിങ്ങളുടെ കുടുംബത്തിന് കാരണങ്ങൾ കൊടുക്കുക.
7 കുടുംബത്തിന്റെ ആത്മീയതയെ കെട്ടുപണിചെയ്യുന്നതിന് നിരന്തര കുടുംബ ബൈബിളദ്ധ്യയനം അത്യന്താപേക്ഷിതമാണ്. അത് ജീവിതപ്രശ്നങ്ങളെ നേരിടുന്നതിന് കുട്ടികളെ പരിശീലിപ്പിക്കുകയും സജ്ജരാക്കുകയും ചെയ്യുന്നു. മാതാപിതാക്കളായ നിങ്ങൾ നിങ്ങളുടെ കുട്ടികളെ സഹായിക്കാൻ കഴിയുന്ന ഏററം നല്ല സ്ഥാനത്താണ്. ഈ ദൈവദത്ത ഉത്തരവാദിത്വം കയ്യേൽക്കുക. നിങ്ങൾ അർത്ഥവത്തായ ഒരു കുടുംബ ബൈബിളദ്ധ്യയനം നടത്തുന്നതിൽ സ്ഥിരതയുളളവരായിരിക്കുന്നതിന് നിങ്ങൾ സകല ശ്രമവും ചെയ്യുന്നുവെങ്കിൽ തീർച്ചയായും യഹോവ നിങ്ങളെ അനുഗ്രഹിക്കും.