പുരോഗതി വരുത്താൻ പുതിയവരെ സഹായിക്കുക
1 ആയിരത്തിത്തൊളളായിരത്തിത്തൊണ്ണൂററിരണ്ട് ഏപ്രിൽ 17-ന് ഏതാണ്ട് ഒരു കോടി 15 ലക്ഷം ആളുകൾ ക്രിസ്തുവിന്റെ മരണത്തിന്റെ ഓർമ്മ ആഘോഷിക്കാൻ ലോകവ്യാപകമായി ഒരുമിച്ചുകൂടി. ഇതു യഹോവയുടെ സാക്ഷികളുടെ സഭകളോടൊത്തു സഹവസിച്ചിരുന്ന പ്രസാധകരുടെ മൊത്തം സംഖ്യയുടെ രണ്ടര ഇരട്ടിയിലധികമായിരുന്നു. അത്തരം ജനസമൂഹങ്ങൾ “യഹോവയുടെ പർവ്വത”ത്തിലേക്കു കൂടിച്ചേരുന്നതു കാണുന്നത് എത്ര സന്തോഷപ്രദമാണ്! (മീഖാ 4:2) സത്യാരാധനയിൽ ഒരളവുവരെ താത്പര്യം പ്രകടമാക്കുന്നവരും യഹോവയുടെ പരസ്യ സ്തുതിപാഠകരായിത്തീർന്നിട്ടില്ലാത്തവരുമായ ഏതാണ്ട് എഴുപതു ലക്ഷം ആളുകൾ ഇപ്പോൾ ഉണ്ട്. തീർച്ചയായും “കൊയ്ത്തു വളരെ ഉണ്ടു” എന്ന യേശുവിന്റെ വാക്കുകൾ ഒരിക്കലും ഇത്ര അർത്ഥവത്തായിരുന്നിട്ടില്ല!—മത്താ. 9:37,38.
2 വയൽശുശ്രൂഷയിൽ പങ്കെടുക്കാൻ യോഗ്യതയുളള എല്ലാവരെയും സഹായിക്കാൻ നാം ഏപ്രിൽ മാസത്തിൽ ഒരു പ്രത്യേക ശ്രമം നടത്തും. സഭാപുസ്തകാദ്ധ്യയന നിർവ്വാഹകൻ, തന്റെ ഗ്രൂപ്പിലെ പ്രാപ്തരായ മററു പ്രസാധകരുടെയും പയനിയർമാരുടെയും സഹായത്തോടെ ഇതിൽ ഒരു മുഖ്യപങ്കു വഹിക്കും. നമ്മുടെ മൂന്നുമടങ്ങായ ലക്ഷ്യം ഇവയാണ് (1) ഈ വർഷത്തെ പ്രത്യേകപ്രസംഗത്തിനും സ്മാരകത്തിനും ഹാജരാകുന്ന പുതിയവരുമായി ഒരു ഭവന ബൈബിളദ്ധ്യയനം ക്രമീകരണം ചെയ്യുക; (2) സ്നാപനമേൽക്കാത്ത പ്രസാധകരായിത്തീരുന്നതിനു യോഗ്യത നേടാൻ പഠിച്ചുകൊണ്ടിരിക്കുന്നവരെ പ്രോത്സാഹിപ്പിക്കുക; (3) വയൽ ശുശ്രൂഷയിലെ നമ്മുടെ വ്യക്തിപരമായ പങ്കുപററൽ വർദ്ധിപ്പിക്കുക.
3 നമ്മുടെ ഏതെങ്കിലും യോഗത്തിനു ഹാജരാകുന്ന പുതിയവരെ സ്വാഗതം ചെയ്യുന്നതിനും പരിചയപ്പെടുന്നതിനും നാമെല്ലാവരും ഒരു പ്രത്യേക ശ്രമം നടത്തണം. ഒരു ക്രമമായ ഭവന ബൈബിളദ്ധ്യയനം ഉണ്ടായിരിക്കാൻ ഈ പുതിയവരെ പ്രോത്സാഹിപ്പിക്കുന്നതിനു നമുക്കെന്തു ചെയ്യാൻ കഴിയും?
4 ഇൻഡ്യയിൽ 1992 സേവനവർഷത്തിന്റെ ഓരോ മാസവും ശരാശരി 9,594 ബൈബിളദ്ധ്യയനങ്ങൾ ഇൻഡ്യയിൽ നടത്തിയിരുന്നു. വിദ്യാർത്ഥികളുമായി പരിചയത്തിലാകുന്നതിനു പ്രസാധകർ അവരുടെ പുസ്തകാദ്ധ്യയന നിർവ്വാഹകനെ ബൈബിളദ്ധ്യനങ്ങൾക്കു കൂട്ടികൊണ്ടുപോകുന്നതിനു ക്ഷണിച്ചേക്കാം. (രാ.ശു. 4⁄81 പേ. 4) ഈ ബൈബിളദ്ധ്യയന വിദ്യാർത്ഥികളിൽ ചിലർ ഇപ്പോൾ യോഗങ്ങൾക്കു ഹാജരാകുന്നവരും വീടുതോറുമുളള വേലയിൽ പങ്കെടുക്കാൻ യോഗ്യതയുളളവരും ആയിരിക്കാം. പുതിയവർ ഏറെക്കുറെ ക്രമമായി അനൗപചാരികമായി സാക്ഷീകരിക്കുന്നുവോ? സ്നാപനമേൽക്കാത്ത പ്രസാധകർ ആയിത്തീരുന്നതിനു നമ്മുടെ ശുശ്രൂഷ പുസ്തകം 101-103 പേജുകളിൽ വിവരിച്ചിരിക്കുന്ന യോഗ്യതകളിൽ അവർ എത്തുന്നുവോ? അങ്ങനെയെങ്കിൽ, സ്നാപനമേൽക്കാത്ത പ്രസാധകനെന്നനിലയിൽ അംഗീകരിക്കപ്പെട്ടതിനുശേഷം വീടുതോറുമുളള വേലയിൽ അവർക്ക് എങ്ങനെ തുടക്കമിടാൻ കഴിയുമെന്ന് അവരോടു വിശദീകരിക്കുക.
5 നമ്മുടെ ക്രിസ്തീയ സഹവാസത്തിൽ പരസ്പരം പ്രോത്സാഹിപ്പിക്കുന്നതിനെ നാം അവഗണിക്കരുത്. (എബ്രാ. 10:24, 25) ആരെങ്കിലും തങ്ങളുടെ ശുശ്രൂഷയിൽ മന്ദീഭവിച്ചിട്ടുണ്ടെങ്കിൽ സഹായവും പ്രോത്സാഹനവും പ്രദാനം ചെയ്യാൻ പുസ്തകാദ്ധ്യയന നിർവ്വാഹകർ സുനിശ്ചിത ക്രമീകരണങ്ങൾ ചെയ്യണം. ചിലപ്പോൾ വയൽസേവനത്തിൽ നമ്മോടൊപ്പം ചേരുന്നതിനുളള ഒരു ഊഷ്മളമായ ക്ഷണം മാത്രമായിരിക്കും ആവശ്യമായിരിക്കുന്നത്.
6 ഏപ്രിൽ വയൽസേവന പ്രവർത്തനത്തിന്റെ ഒരു ശ്രദ്ധേയമായ മാസമാക്കുന്നതിന് എല്ലാവരുടെയും സഹകരണം വേണം. തന്റെ കൂട്ടത്തിലെ ഓരോ അംഗത്തെയും ശുശ്രൂഷയിൽ ഒരു പൂർണ്ണ പങ്കുണ്ടായിരിക്കാൻ സഹായിക്കുമ്പോൾ പുസ്തകാദ്ധ്യയന നിർവ്വാഹകന്റെ ഉത്സാഹഭരിതമായ നേതൃത്വത്തിന് ഈ വ്യത്യാസം ഉളവാക്കാൻ കഴിയും. സേവനത്തിനുളള കൂടുതലായ യോഗങ്ങൾ ക്രമീകരിച്ചേക്കാം. പ്രായമുളളവർക്കു പ്രത്യേക ശ്രദ്ധയും ചെറുപ്പക്കാർക്കു പ്രായോഗിക രീതികളിൽ സഹായവും കൊടുക്കാൻ കഴിയും. ഏപ്രിലിൽ മുഴുകുടുംബവും ശുശ്രൂഷയിൽ പങ്കെടുക്കുന്നുണ്ടെന്നു മാതാപിതാക്കൾ ഉറപ്പുവരുത്തണം. കൊയ്ത്തിന്റെ ഈ സമയത്തു നാമെല്ലാവരും യഹോവയ്ക്കു നമ്മുടെ ഏററവും നല്ലതു കൊടുക്കുന്നുവെങ്കിൽ, അവിടത്തെ സമൃദ്ധമായ അനുഗ്രഹം നമ്മുടേതായിരിക്കും.