വേനൽക്കാലത്തു ദിവ്യാധിപത്യ പ്രവർത്തനങ്ങൾ തുടർന്നും പിൻപററുക
1 വൈവിധ്യമാർന്നതരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുളള അവസരങ്ങൾ വേനൽക്കാലസമയം പ്രദാനം ചെയ്യുന്നു. നമ്മുടെ പതിവിൽനിന്നു വ്യത്യസ്തമായതും വിശ്രമദായകവുമായ എന്തെങ്കിലും ചെയ്തുകൊണ്ടു സ്കൂൾ അവധിക്കാലം പ്രയോജനപ്പെടുത്താൻ നമ്മിൽ മിക്കവരും ആഗ്രഹിക്കുന്നു. എന്നിരുന്നാലും, നമ്മുടെ ദിവ്യാധിപത്യ പതിവുപരിപാടികൾക്കു ഭംഗം വരാതിരിക്കാൻ നാം ജാഗ്രത പുലർത്തേണ്ടതുണ്ട്.—ഫിലി. 3:16.
2 സർക്കിട്ട് സമ്മേളനങ്ങൾക്കും പ്രത്യേക സമ്മേളനദിനങ്ങൾക്കും വേണ്ടി നാം ആകാംക്ഷാപൂർവം കാത്തിരിക്കുന്നവരാണല്ലോ. ഇവയിലൊന്നു വേനൽക്കാലത്താണു നടക്കുന്നതെങ്കിൽ അതിനു സംബന്ധിക്കുന്നതിന് ആവശ്യമായ യാത്രക്കും താമസസൗകര്യത്തിനുമുളള ക്രമീകരണം ചെയ്തുകൊണ്ടു നിങ്ങൾ സുനിശ്ചിതമായ ആസൂത്രണങ്ങൾ ചെയ്തിട്ടുണ്ടോ? നിങ്ങളുടെ സഭയിൽ വ്യക്തിഗതമായ സഹായമാവശ്യമുളള ആരെയെങ്കിലും ഉൾപ്പെടുത്തുന്നതിനെക്കുറിച്ചു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അത്തരമൊരു ദയാപ്രവൃത്തി രണ്ടുകൂട്ടർക്കും അനുഗ്രഹങ്ങൾ കൈവരുത്തും.
3 സ്കൂൾ അവധിദിവസങ്ങളിൽ സമയമുണ്ടെങ്കിൽ ശുശ്രൂഷയിൽ കൂടുതലായ ഒരു പങ്കുണ്ടായിരിക്കുന്നതിനെക്കുറിച്ചു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അവധിദിവസങ്ങൾ സഹായപയനിയർമാരായി പേർചാർത്തുന്നതിനുളള ഒരു നല്ല സമയമാണെന്ന് അനേകർ കണ്ടെത്തിയിരിക്കുന്നു. ഇതു മിക്കപ്പോഴും കൂടുതൽ വലിയ സേവനപദവികളിലേക്കുളള കവാടം തുറന്നിട്ടുണ്ട്. മുഴു ദിവസങ്ങളും ഒത്തൊരുമിച്ചു ശുശ്രൂഷയിൽ ചെലവഴിക്കുന്നതിനാൽ കുടുംബങ്ങൾക്കു യഥാർഥ സന്തോഷം അനുഭവിക്കാനാകും. അവസ്ഥ എന്തുതന്നെ ആയിരുന്നാലും സേവനത്തിൽ ചെലവഴിക്കുന്ന സമയം നിങ്ങൾക്കു വർധിപ്പിക്കാൻ കഴിയുമോ? പകൽസമയം ദൈർഘ്യമേറിയതായിരിക്കുന്നതുകൊണ്ടു സായാഹ്ന സാക്ഷീകരണത്തിൽ പങ്കുപററുന്നതിന്റെ പ്രയോജനങ്ങൾ കൊയ്യാൻ കൂടുതൽ ആളുകൾ പ്രാപ്തരായിരിക്കണം.
4 പ്രദേശം പ്രവർത്തിച്ചുതീർക്കുന്നതിൽ സഹായമാവശ്യമുളള ഒരു സഭയെ സഹായിക്കുന്ന കാര്യത്തിലോ? ആവശ്യം കൂടുതലുളളിടത്ത് ഒന്നോ രണ്ടോ ആഴ്ച സേവിക്കുന്നതിൽ നിങ്ങളോടൊപ്പം ചേരാൻ ആഗ്രഹിക്കുന്ന മററുളളവരും നിങ്ങളുടെ സഭയിൽ ഉണ്ടായിരുന്നേക്കാം. നിങ്ങളുടെ സംഘം ചെറുതാണെങ്കിൽ, ഒരുപക്ഷേ അയൽസഭയിലെ പ്രസാധകർ നിങ്ങളോടൊപ്പം പോരാൻ ആഗ്രഹിച്ചേക്കാം. വളരെ ദൂരേക്കു പോകാൻ നിങ്ങൾക്കു കഴിയില്ലെങ്കിൽ നിങ്ങളുടെ സഹായത്തെ വിലമതിക്കുന്ന അടുത്തുളള ഒരു സഭയെ ശുപാർശ ചെയ്യാൻ സർക്കിട്ട് മേൽവിചാരകനു കഴിഞ്ഞേക്കാം.
5 നിങ്ങളുടെ അവധിക്കാലം വീട്ടിൽനിന്ന് അകലെ ചെലവഴിക്കാനാണോ നിങ്ങൾ ആസൂത്രണം ചെയ്യുന്നത്? അങ്ങനെയെങ്കിൽ സന്ദർശിക്കുന്ന സ്ഥലത്തു യോഗങ്ങൾക്കു സംബന്ധിക്കാൻ നിങ്ങൾ ആസൂത്രണങ്ങൾ ചെയ്യുന്നുവോ? അവിടെയുളള സഹോദരങ്ങളുമൊത്തു വയൽസേവനത്തിൽ പങ്കെടുക്കുന്നതു സംബന്ധിച്ചോ? നിങ്ങളുടെ അവധിക്കാല പരിപാടിയിൽ ഇത് ഉൾപ്പെടുത്തുന്നത് നിങ്ങൾക്കും മററുളളവർക്കും വളരെ പ്രതിഫലദായകമായിരിക്കാൻ കഴിയും. (റോമ. 1:11, 12) കൂടാതെ, നിങ്ങൾ യാത്ര ചെയ്യുമ്പോൾ അനൗപചാരിക സാക്ഷീകരണം നടത്താൻ കഴിയുമോ? നിങ്ങളോടൊപ്പം ബൈബിളും കുറെ സാഹിത്യശേഖരവും കരുതാൻ മറക്കാതിരിക്കുക. നിങ്ങളുടെ ബൈബിൾ വായനയിലും പഠനത്തിലും വന്ന കുറവു നികത്താൻ അതിനു വേണ്ടി കുറെ സമയം ചെലവഴിക്കുക. ലൗകികമായ കാര്യങ്ങളിൽനിന്നു വല്ലപ്പോഴുമൊക്കെ ഒഴിവു കണ്ടെത്തുന്നത് ആവശ്യമാണെങ്കിലും യഹോവയെ സേവിക്കുന്നതിൽനിന്ന് ഒഴിഞ്ഞിരിക്കാൻ നാം ആഗ്രഹിക്കുന്നില്ല എന്നോർക്കുക.
6 സഭാപ്രവർത്തനങ്ങൾ നല്ലവണ്ണം സംഘടിതമായി നിലനിർത്താൻ മൂപ്പൻമാർ ജാഗരൂകരായിരിക്കണം. ഏതെങ്കിലും മൂപ്പൻമാരോ ശുശ്രൂഷാദാസൻമാരോ കുറെ കാലത്തേക്കു സ്ഥലത്ത് ഉണ്ടാവില്ലെങ്കിൽ മററാരെങ്കിലും അവരുടെ ഉത്തരവാദിത്വങ്ങൾ വഹിക്കാൻ ക്രമീകരണങ്ങൾ ചെയ്യണം. ഈ സഹോദരങ്ങൾ സ്ഥലത്തില്ലാതിരിക്കുന്ന തീയതികൾ മുന്നമേതന്നെ അധ്യക്ഷമേൽവിചാരകനെ അറിയിക്കുന്നത് ഉചിതമായ ക്രമീകരണങ്ങൾ ചെയ്യപ്പെടുന്നുവെന്ന് ഉറപ്പുവരുത്താൻ അദ്ദേഹത്തെ സഹായിക്കും.
7 അതേ, വേനൽക്കാലം വളരെ തിരക്കുളള ഒരു സമയമായിരിക്കാവുന്നതാണ്. രാജ്യസേവനത്തിൽ നിങ്ങൾക്കുളള നല്ല പതിവുപരിപാടികളെ വിഘ്നപ്പെടുത്താൻ ശ്രദ്ധാശൈഥില്യങ്ങൾക്ക് എളുപ്പം സാധിക്കും. നിങ്ങളുടെ വേനൽക്കാല സമയം ഏററവും നന്നായി ഉപയോഗപ്പെടുത്തുക. ആരോഗ്യാവഹവും ആത്മീയ പ്രാധാന്യവുമുളള കാര്യങ്ങൾ ഏവയെന്നു തിട്ടപ്പെടുത്തി അവയോടു പററിനിൽക്കുക.—ഫിലി. 1:10.