നിങ്ങൾ താത്പര്യം കണ്ടിടത്തു മടങ്ങിച്ചെല്ലുക
1 വരിസംഖ്യ സമർപ്പിക്കുന്നതിലും മാസികകളും ലഘുപത്രികകളും വിതരണം ചെയ്യുന്നതിലും നമ്മിൽ പലരും വിജയിച്ചിട്ടുണ്ട്. നാം മടങ്ങിച്ചെന്നു താത്പര്യത്തെ കൂടുതൽ ഉത്തേജിപ്പിക്കുന്നതു പ്രധാനമാണ്. അങ്ങനെ ചെയ്യുന്നതിലെ നമ്മുടെ വിജയം മടക്കസന്ദർശനം നടത്തുന്നതിനു മുമ്പു നാം തയ്യാറാകുന്ന വിധത്തെ ആശ്രയിച്ചിരുന്നേക്കാം.
2 മുതിർന്നവരെ ആകുലരാക്കുന്ന അതേ കാര്യങ്ങൾ സംബന്ധിച്ചു മിക്ക യുവജനങ്ങളും ഉത്കണ്ഠാകുലരാണെന്നോർക്കുക. ഈ അടുത്ത കാലത്തെ പ്രശ്നങ്ങളെ യുവജനങ്ങളുടെ വീക്ഷണഗതിയോടെ പരിശോധിക്കുന്ന ലേഖനങ്ങളാണ് ഉണരുക!യുടെ മേയ് ലക്കങ്ങളിലുളളത്. യഥാർഥത്തിൽ ജീവിതത്തിൽ പ്രാധാന്യമർഹിക്കുന്നത് എന്തെന്നു വിലമതിക്കാൻ യുവാക്കളെയും അതുപോലെതന്നെ മാതാപിതാക്കളെയും സഹായിക്കാൻ കഴിയുന്നതരം ഉൾക്കാഴ്ച ഈ ലേഖനങ്ങൾ പ്രദാനം ചെയ്യുന്നു.
3 നിങ്ങൾ (അർധമാസപതിപ്പിന്റെ) മേയ് 8 “ഉണരുക!” സമർപ്പിച്ചെങ്കിൽ തുടർന്നു മേയ് 22 ലക്കവും സമർപ്പിക്കാൻ ആസൂത്രണം ചെയ്യാവുന്നതാണ്. നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും:
◼“ഞാൻ നിങ്ങൾക്കു തന്ന കഴിഞ്ഞ ലക്കം കുട്ടികൾക്കുളള പ്രത്യാശ എന്ന വിഷയത്തെക്കുറിച്ചുളള ലേഖനങ്ങൾ വിശേഷവത്കരിച്ചു. ഭാവി സംബന്ധിച്ച് അത്രയൊന്നും പ്രത്യാശ വെച്ചുനീട്ടാത്ത ഒരു ലോകത്തിലാണു നമ്മുടെ യുവജനങ്ങൾ വളർന്നുവരുന്നത്. മത്സരപൂർവകമായ നടത്തയിലൂടെ അവരിലനേകരും തങ്ങളുടെ നീരസം പുറത്തുകാട്ടുന്നു. എന്നാൽ തങ്ങളുടെ സമനില കാത്തുസൂക്ഷിക്കുകയും ഉന്നത മൂല്യങ്ങൾ നിലനിർത്തിപ്പോരുകയും ചെയ്യുന്ന ചിലരുണ്ട്. ഏററവും പുതിയ ഉണരുക!യിലെ ഈ ലേഖനം ഒരു കൗമാരപ്രായക്കാരന്റെ നിലപാടിനെ ഒരു കോടതി മാനിക്കുന്നതെങ്ങനെയെന്നു വിശദമാക്കുന്നു. ഇതിനു പറയാനുളളതു നിങ്ങൾ വിലമതിക്കുമെന്നു ഞാൻ കരുതുന്നു.”
4 നിങ്ങൾ ആദ്യം ചെന്നപ്പോൾ വീട്ടുകാരൻ മാസികകളുടെ ഒററപ്രതികൾ മാത്രമേ എടുത്തുളളൂവെങ്കിൽ, മടങ്ങിച്ചെല്ലുമ്പോൾ ഈ സമീപനം ഉപയോഗിച്ചുകൊണ്ട് ഒരു വരിസംഖ്യ സമർപ്പിക്കാൻ നിങ്ങൾ തീരുമാനിച്ചേക്കാം:
◼“ഈ ഭൂമിയുടെ ഭാവിയെ സംബന്ധിച്ചു നാം കഴിഞ്ഞ തവണ നടത്തിയ ഹ്രസ്വമായ ചർച്ച എനിക്ക് ഇഷ്ടമായി. ദൈവം ദുഷ്ടതക്കും കഷ്ടപ്പാടിനും അറുതി വരുത്തുമ്പോൾ ഇവിടെ ജീവിതം എങ്ങനെയായിരിക്കുമെന്നു വിഭാവന ചെയ്യാൻ നിങ്ങൾക്കു കഴിയുമോ? ദൈവരാജ്യം കൈവരുത്താൻ പോകുന്ന അനുഗ്രഹങ്ങളിലേക്ക് വീക്ഷാഗോപുരം (അല്ലെങ്കിൽ ഉണരുക!) നിരന്തരം ശ്രദ്ധയാകർഷിക്കുകയും അവയെ വർണിക്കുകയും ചെയ്യുന്നുവെന്നു നിങ്ങൾ അറിഞ്ഞിരുന്നോ? [നിങ്ങൾ കൊടുത്ത അല്ലെങ്കിൽ നിങ്ങളുടെ കൈവശമുളള മാസികയിൽനിന്ന് ഒരാശയം തിരഞ്ഞെടുക്കുക.] നിങ്ങൾ ഈ മാസികകളിലൊന്ന് (അല്ലെങ്കിൽ രണ്ടും) ക്രമമായി സ്വീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”
5 നിങ്ങൾ തിരിച്ചു ചെല്ലുമ്പോൾ, ഒരുപക്ഷേ വീട്ടുകാരൻ സ്വന്തം മതത്തെ സംബന്ധിച്ചുളള സാഹിത്യങ്ങൾ വാങ്ങുകയും തനിക്ക് അതു മതി എന്നു വിചാരിക്കുകയും ചെയ്യുന്നതായി മനസ്സിലാക്കിയേക്കാം. നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼“നമ്മുടെ മതം എന്തുതന്നെയായിരുന്നാലും നമ്മെയെല്ലാം ബാധിക്കുന്ന പൊതുവായ ചില ഉത്കണ്ഠകൾ ഉണ്ട്—കുററകൃത്യം, ഗുരുതരമായ രോഗം, പരിസ്ഥിതി സംബന്ധമായ ഉത്കണ്ഠകൾ തുടങ്ങിയവ—ഇല്ലേ? [അഭിപ്രായം പറയാൻ അനുവദിക്കുക.] ഈ പ്രശ്നങ്ങൾക്കു യഥാർഥമായ എന്തെങ്കിലും പരിഹാരമുണ്ടെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? [2 പത്രൊസ് 3:13 വായിക്കുക.] ഞങ്ങളുടെ സാഹിത്യങ്ങളുടെ ഉദ്ദേശ്യം വീക്ഷാഗോപുരത്തിന്റെ 2-ാം പേജിൽ പ്രസ്താവിച്ചിരിക്കുന്നു. [തിരഞ്ഞെടുത്ത ഒന്നോ രണ്ടോ വാചകങ്ങൾ വായിക്കുക.] യഹോവയുടെ സാക്ഷികളല്ലാത്ത അനേകമാളുകൾ ഞങ്ങളുടെ പ്രസിദ്ധീകരണങ്ങൾ വായിക്കാൻ ഇഷ്ടമുളളവരാണ്. കാരണം ബൈബിൾ ആസ്പദമായുളള പ്രത്യാശാനിർഭരമായ സന്ദേശമാണ് അവയിൽ അടങ്ങിയിരിക്കുന്നത്.” വീട്ടുകാരന്റെ പ്രതികരണം അനുകൂലമാണെങ്കിൽ നമ്മുടെ ബൈബിൾ പഠനപരിപാടിയെക്കുറിച്ചു വിശദീകരിക്കുക.
6 നിങ്ങൾ ഈ സമീപനം സ്വീകരിച്ചേക്കാം:
◼“കഴിഞ്ഞ പ്രാവശ്യം ഞാനിവിടെ വന്നപ്പോൾ നമ്മുടെ ലോകത്തിന്റെ ഭാവി പ്രതീക്ഷകളെക്കുറിച്ചു നാം സംസാരിച്ചു. ഈ റിപ്പോർട്ടിനെക്കുറിച്ചു നിങ്ങൾക്ക് എന്തു തോന്നുന്നു? [ഉത്കണ്ഠാജനകമായ ചില സമീപകാല വാർത്താസംഭവങ്ങൾ പരാമർശിക്കുക.] അതുപോലുളള കാര്യങ്ങൾ ആളുകൾ കേൾക്കുമ്പോൾ ഈ ലോകം എന്തായിത്തീരുകയാണെന്നു അമ്പരക്കാൻ അതിടയാക്കുന്നു, അല്ലേ? 2 തിമൊഥെയൊസ് 3:1-5-ൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന ‘അന്ത്യകാല’ത്താണു നാം ജീവിച്ചിരിക്കുന്നതെന്ന് അത്തരം കാര്യങ്ങൾ സൂചിപ്പിക്കുന്നതായി ഞങ്ങൾ വിശ്വസിക്കുന്നു.” പ്രസക്തഭാഗങ്ങൾ വായിച്ചശേഷം ആ വർണനയോടു ചേരുന്ന ആളുകളെ താങ്കൾ കണ്ടിട്ടുണ്ടോ എന്ന് അയാളോടു ചോദിക്കാവുന്നതാണ്. ന്യായവാദം പുസ്തകത്തിന്റെ 234-8 പേജുകളിലെ ഉപശീർഷകത്തിലൊന്നിന്റെ ചർച്ച തുടരുക.
7 നാം നന്നായി തയ്യാറാകുകയും സഹായിക്കാനുളള യഥാർഥമായ ഒരു ആഗ്രഹം പ്രകടമാക്കുകയും ചെയ്യുന്നപക്ഷം ആത്മാർഥഹൃദയരായവർ ശ്രദ്ധിക്കുമെന്നു നമുക്കുറപ്പുണ്ടായിരിക്കാൻ കഴിയും.—യോഹ. 10:27, 28.