മടക്കസന്ദർശനങ്ങളിൽ താത്പര്യം നട്ടുവളർത്തുക
1 ശുശ്രൂഷയെ കൃഷിയോടും മടക്കസന്ദർശനങ്ങൾ നടത്തുന്നതിനെ നട്ടുവളർത്തി നനയ്ക്കുന്നതിനോടും ഉചിതമായി സാദൃശ്യപ്പെടുത്തിയിരിക്കുന്നു. (മത്താ. 13:23; ലൂക്കൊ. 10:2; 2 കൊരി. 9:10) “ദൈവത്തിന്റെ കൂട്ടുവേലക്കാർ” എന്നനിലയിൽ, പുതുതായി മുളച്ചുവരുന്ന ഏതൊരു വിത്തിനെയും പൂർണവളർച്ചയെത്തി ഫലം പുറപ്പെടുവിക്കുന്നതുവരെ പരിചരിക്കുവാനുളള കടമ നമുക്കുണ്ട്. (1 കൊരി. 3:6, 9) ഇത് ഏററവും നന്നായി ചെയ്യാൻ നമുക്കെങ്ങനെ കഴിയും?
2 താത്പര്യം കാണിക്കുന്നിടങ്ങളിൽ ഒട്ടുംതന്നെ വൈകാതെ മടക്കസന്ദർശനങ്ങൾ നടത്തുക. നിങ്ങളുടെ വീടുതോറുമുളള രേഖ നോക്കി ആരെ സന്ദർശിക്കണമെന്നും എന്തു ചർച്ച ചെയ്യണമെന്നും തീരുമാനിക്കുക. സാധാരണഗതിയിൽ, നിങ്ങളുടെ അപ്പോഴത്തെ ചർച്ചാവിഷയം പ്രഥമ സന്ദർശനത്തിൽ എന്തു സംസാരിച്ചു എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. അവതരിപ്പിക്കാൻ കഴിഞ്ഞേക്കാവുന്ന തിരുവെഴുത്തുപരമായ മററ് ആശയങ്ങൾ മനസ്സിൽപ്പിടിച്ചുകൊണ്ട് വഴക്കമുളളവരായിരിക്കുക. ഹൃദയത്തെ സ്പർശിക്കാനുളള ബൈബിളിന്റെ ശക്തി മനസ്സിലാക്കി അത് ഉപയോഗിക്കുന്നത് എപ്പോഴും നന്നായിരിക്കും.—എബ്രാ. 4:12.
3 നമ്മുടെ പ്രശ്നങ്ങൾ എന്ന ലഘുപത്രിക എടുത്തിട്ടുളള വ്യക്തികൾക്കു ഫലപ്രദമായ മടക്കസന്ദർശനം നടത്താനുളള നിർദേശങ്ങൾക്ക് 1992 ആഗസ്ററിലെ നമ്മുടെ രാജ്യ ശുശ്രൂഷ, പേ. 4 കാണുക.
“ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?” എന്ന ലഘുപത്രികയാണ് നിങ്ങൾ കൊടുത്തിരിക്കുന്നതെങ്കിൽ, ഇതുപോലെ എന്തെങ്കിലും പറഞ്ഞുകൊണ്ട് നിങ്ങൾക്കു തുടക്കമിടാനാവും:
◼“ദൈവം ഭൂമിയെ നശിപ്പിക്കാൻ പോകയാണെന്ന് ആത്മാർഥതയുളള അനേകമാളുകൾ വിശ്വസിക്കുന്നു. അതേസമയം അതു മനുഷ്യൻതന്നെ ചെയ്യുമെന്ന് മററുളളവർ വിശ്വസിക്കുന്നു. നിങ്ങൾ എന്തു വിചാരിക്കുന്നു? [പ്രതികരണത്തിനു സമയം അനുവദിക്കുക.] ഭൂമിയെ നശിപ്പിക്കുന്നതിനുപകരം, ദൈവം അനീതി നീക്കി ശുദ്ധീകരിച്ച് അതിനെ സമാധാനവും സുരക്ഷിതത്വവും കളിയാടുന്ന ഒരു സ്ഥലമാക്കാൻ പോകയാണെന്ന് ബൈബിൾ നമ്മോടു പറയുന്നു.” പേജ് 22-ലേക്കു ശ്രദ്ധ തിരിച്ച് അവിടെ ഉദ്ധരിച്ചിട്ടുളള സദൃശവാക്യങ്ങൾ 2:21, 22 വായിക്കുക. താത്പര്യം കാട്ടുന്നെങ്കിൽ, ഭവന ബൈബിളധ്യയനത്തെക്കുറിച്ചു വിശദീകരിക്കുക അല്ലെങ്കിൽ ഏററവും പുതിയ മാസിക സമർപ്പിക്കുക. എന്നിട്ട്, ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയ ലോകത്തെക്കുറിച്ച് കൂടുതലായി സംസാരിക്കുന്നതിനുവേണ്ടി വീണ്ടും വരാൻ ഒരു സമയം ക്രമീകരിക്കുക.
4 “നോക്കൂ!” ലഘുപത്രികയാണ് സമർപ്പിച്ചിരിക്കുന്നതെങ്കിൽ, നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼“കഴിഞ്ഞ സന്ദർശന സമയത്ത്, ഭൂമിയെ ഒരു പറുദീസയാക്കി മാററാനുളള ദൈവത്തിന്റെ വാഗ്ദാനത്തെക്കുറിച്ച് നാം വായിക്കുകയുണ്ടായി. അത് എങ്ങനെയിരിക്കുമെന്ന് ഞാൻ നിങ്ങൾക്കു തന്ന ലഘുപത്രികയുടെ കവർചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു. ദൈവേഷ്ടത്തെയും അതു നമ്മെ എങ്ങനെ ബാധിക്കുന്നു എന്നതിനെയും കുറിച്ചു കൂടുതലായി പഠിച്ചുകൊണ്ട് നമുക്ക് ഈ അനുഗ്രഹങ്ങൾ ആസ്വദിക്കാനാവും.” യോഹന്നാൻ 17:3 വായിച്ചിട്ട് 27-ാം പേജിലെ 52, 53 ഖണ്ഡികകളിലേക്കു തിരിയുക. ദൈവവചനത്തിന്റെ സൂക്ഷ്മ പരിജ്ഞാനം നേടേണ്ടതിന്റെ കാരണമെന്തെന്ന് ചുരുക്കമായി ചർച്ച ചെയ്യുക.
5 “ജീവിതത്തിന്റെ ഉദ്ദേശ്യം” എന്ന ലഘുപത്രിക കൊടുത്ത, ക്രൈസ്തവ പശ്ചാത്തലമുളള ഒരാളുടെ അടുത്തേക്കാണു നിങ്ങൾ മടങ്ങിച്ചെല്ലുന്നതെങ്കിൽ ഇങ്ങനെ പറയുന്നത് ഉചിതമായിരുന്നേക്കാം:
◼“കർത്താവിന്റെ പ്രാർഥന നിങ്ങൾ പലയാവർത്തി ചൊല്ലിയിട്ടുണ്ടാവുമല്ലോ. ദൈവരാജ്യം വരണമേയെന്ന് യാചിക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്കു വരുന്നത് എന്താണ്?” വീട്ടുകാരൻ മറുപടി പറഞ്ഞശേഷം, 26-ാം പേജിലെ 8, 9 ഖണ്ഡികൾ പരാമർശിക്കുക. തുടർന്ന് ദാനീയേൽ 2:44 വായിക്കുക. ദൈവരാജ്യത്തിന്റെ വരവ് ദുഷ്ടതയ്ക്കും ദുരിതത്തിനും അറുതിവരുത്തുമെന്നാണ് അർഥമാക്കുന്നതെന്ന് വിശദമാക്കിക്കൊണ്ട് ഒരുപക്ഷേ നിങ്ങൾക്കു സംഭാഷണം തുടരാനായേക്കും. നാം ദൈവദൃഷ്ടിയിൽ നീതിയുളളവരാണെങ്കിൽ ഈ ഭൂമിയിലെ പറുദീസയിൽ നമുക്കു നിത്യജീവൻ ആസ്വദിക്കാനാവുമെന്ന് സൂചിപ്പിക്കുക.
6 സാഹിത്യം കൊടുത്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, ശ്രദ്ധിക്കാൻ മനസ്സുളള ആർക്കും മടക്കസന്ദർശനം നടത്താനാവുമെന്ന കാര്യം ഓർക്കുക. ഓരോ ആഴ്ചയും മടക്കസന്ദർശനങ്ങൾ നടത്തുന്നതിനു സമയം പട്ടികപ്പെടുത്തുക. കണ്ടെത്തുന്ന താത്പര്യം നട്ടുവളർത്തുന്നതിനു നിങ്ങൾ ശുഷ്കാന്തിയോടെ ചെയ്യുന്ന ശ്രമത്തെ യഹോവ അനുഗ്രഹിക്കും. അത് ഫലം കായിച്ച് അവനു പുകഴ്ച വരുത്തുമാറാകട്ടെ.—യോഹ. 15:8.