ലഘുപത്രിക സമർപ്പിച്ച എല്ലായിടത്തും മടക്കസന്ദർശനങ്ങൾ നടത്തുക
1 ഫിലിപ്യർ ‘പിന്നെയും തനിക്കുവേണ്ടി വിചാരിപ്പാൻ തുടങ്ങിയതിനാൽ’ അപ്പോസ്തലനായ പൗലോസ് അവരെ അഭിനന്ദിച്ചു. (ഫിലി. 4:10) അവരുടെ ദൃഷ്ടാന്തം വയൽശുശ്രൂഷക്ക് ഒരു മാതൃകയായി ഉപയോഗിക്കുന്നെങ്കിൽ, നാം സാക്ഷീകരിക്കുന്നവരെപ്പറ്റി ‘വിചാരിപ്പാൻ തുടങ്ങു’കയും മടക്കസന്ദർശനം നടത്തുന്നതിനു പ്രേരിതരായിത്തീരുകയും ചെയ്യും.
2 “നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?” എന്ന ലഘുപത്രിക സമർപ്പിച്ചെങ്കിൽ നിങ്ങൾ ഇപ്രകാരം എന്തെങ്കിലും പറഞ്ഞേക്കാം:
◼“കഴിഞ്ഞ ദിവസത്തെ നമ്മുടെ സംഭാഷണത്തെക്കുറിച്ചു ഞാൻ ചിന്തിക്കുകയായിരുന്നു. എന്റെ മനസ്സിൽ വന്ന രണ്ടു തിരുവെഴുത്തുകൾ നിങ്ങളുമായി പങ്കുവയ്ക്കാൻ ഞാനാഗ്രഹിക്കുന്നു. ഭൂമിയിലെ ഭരണാധിപത്യം ദൈവം ഏറ്റെടുക്കുന്നതിനെക്കുറിച്ചു നാം സംസാരിച്ചതു നിങ്ങൾ ഓർക്കുന്നുണ്ടായിരിക്കും. ഇതു സംഭവിക്കുമെന്നു ബൈബിളിൽ യഹോവയാം ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ട്. [ദാനീയേൽ 2:44 വായിക്കുക.] അതു വാസ്തവത്തിൽ സംഭവിക്കുമെന്നു നിങ്ങൾ വിശ്വസിക്കുന്നുവോ? [പ്രതികരിക്കാൻ അനുവദിക്കുക.] വാഗ്ദാനങ്ങൾ നിവൃത്തിക്കുന്നതിനുള്ള തന്റെ കഴിവിനെക്കുറിച്ചു ദൈവം പറയുന്നതു ശ്രദ്ധിക്കുക. [യെശയ്യാവു 55:11 വായിക്കുക.] ദൈവരാജ്യത്തിൽ നമ്മുടെ പ്രത്യാശ വയ്ക്കുന്നതിന് അതു നമ്മെ പ്രോത്സാഹിപ്പിക്കേണ്ടതല്ലേ? എന്നാൽ ദൈവം തന്റെ വാഗ്ദാനങ്ങൾ നിവൃത്തിക്കുന്നത് എപ്പോഴായിരിക്കും?” അടുത്ത സന്ദർശനത്തിൽ ആ ചോദ്യത്തിന് ഉത്തരം നൽകാമെന്നു വിശദീകരിക്കുക.
3 “നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ” എന്ന ലഘുപത്രിക സ്വീകരിച്ച ഒരാൾക്കു മടക്കസന്ദർശനം നടത്തുമ്പോൾ നിങ്ങൾ ഈ സമീപനം സ്വീകരിച്ചേക്കാം:
◼“മരണത്തിൽ ആരെയെങ്കിലും നഷ്ടപ്പെടുന്നതു സംബന്ധിച്ച നമ്മുടെ ചർച്ചയുടെ വീക്ഷണത്തിൽ മടങ്ങിവരുന്നതിനു ഞാൻ ഒരു പ്രത്യേക ശ്രമം നടത്തി.” ഇപ്രകാരം പറഞ്ഞുകൊണ്ട് 30-ാം പേജിലെ ചിത്രം കാണിക്കുക: “ആളുകൾ പുനരുത്ഥാനം പ്രാപിക്കുകയും തങ്ങളുടെ പ്രിയപ്പെട്ടവരുമായി കൂടിച്ചേരുകയും ചെയ്യുന്ന ഈ സന്തോഷകരമായ രംഗം ഓർക്കുന്നുണ്ടോ? ഇത് എവിടെ സംഭവിക്കുന്നതാണ്, സ്വർഗത്തിലോ അതോ ഭൂമിയിലോ എന്നൊരു ചോദ്യം ഞാൻ ചോദിച്ചിരുന്നു. ഒരുപക്ഷേ അതിനുള്ള ബൈബിളിന്റെ ഉത്തരം ഈ ലഘുപത്രികയുടെ 26-ാം പേജിൽ നിങ്ങൾ കണ്ടിരിക്കും.” മൂന്നു മുതൽ അഞ്ചു വരെയുള്ള ഖണ്ഡികകളിലെ മുഖ്യാശയങ്ങൾ ചർച്ച ചെയ്യുക. യോഹന്നാൻ 5:21, 28, 29 വായിക്കുക. സമയം അനുവദിക്കുന്നതനുസരിച്ച് ആ പേജിലെ ബാക്കിയുള്ള ചില വാക്യങ്ങളും വായിക്കുക.
4 “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു”വിൽനിന്നു നിങ്ങൾ ഒരധ്യയനം ആരംഭിച്ചോ? മടക്കസന്ദർശനത്തിൽ നിങ്ങൾക്ക് ഇപ്രകാരം ചെയ്യാം:
◼30-ാം പേജ് വീണ്ടും പരാമർശിച്ചിട്ട്, “ബൈബിൾ ഏതു വിധങ്ങളിൽ മുന്തിനിൽക്കുന്നു?” എന്ന ചോദ്യത്തിലേക്കു ശ്രദ്ധ ക്ഷണിക്കുക. 3-ഉം 4-ഉം പേജുകളിൽ നിന്ന് 1-4 വരെയുള്ള ഖണ്ഡികകളും ലഘുപത്രികയുടെ പുറംപേജിലെ ചിത്രവും പുനരവലോകനം ചെയ്യുക. 4-ാം ഖണ്ഡികയുടെ അടിക്കുറിപ്പിൽ കൊടുത്തിരിക്കുന്ന ഒന്നോ രണ്ടോ തിരുവെഴുത്തുകൾ വായിക്കുക. ഇത്ര മഹത്തായ പ്രത്യാശ പ്രദാനം ചെയ്യുന്ന ഏക ഗ്രന്ഥം ബൈബിളാണെന്നു വിശദമാക്കുക. നിങ്ങളുടെ അടുത്ത സന്ദർശനത്തിനുള്ള ക്രമീകരണങ്ങൾ ചെയ്യുക. മൂന്നാമത്തെ സന്ദർശനത്തിനു ശേഷം അധ്യയനം തുടരുമെന്നു തോന്നുന്നെങ്കിൽ നിങ്ങൾക്ക് ഒരു പുതിയ അധ്യയനം റിപ്പോർട്ടു ചെയ്തു തുടങ്ങാവുന്നതാണ്!
5 “എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം” എന്നതിന്റെ ചർച്ച നിങ്ങൾ ഇപ്രകാരം തുടർന്നേക്കാം:
◼“നേരത്തെ, ബൈബിളിൽനിന്നു ദൈവനാമം നിങ്ങളെ കാണിക്കാൻ എനിക്കു കഴിഞ്ഞു. യഹോവ എന്ന നാമം അറിയുന്നതും ഉപയോഗിക്കുന്നതും നമ്മുടെ ആരാധനയുടെ മർമപ്രധാനമായ ഭാഗമാണ്.” 31-ാം പേജിൽനിന്നും അവസാന നാലു ഖണ്ഡികകളിലെ മുഖ്യാശയങ്ങൾ പുനരവലോകനം ചെയ്യുക. യോഹന്നാൻ 17:3-ഉം മീഖാ 4:5-ഉം വായിക്കുക. ദൈവത്തിന്റെ നാമം ഉചിതമായ ഒരു വിധത്തിൽ എങ്ങനെ മഹത്ത്വീകരിക്കപ്പെടുമെന്നും ഒരു പറുദീസാ ഭൂമിയിലെ അനുഗ്രഹങ്ങൾ നമുക്കെങ്ങനെ ആസ്വദിക്കാൻ കഴിയുമെന്നും പ്രകടമാക്കുന്ന ഒരു ബൈബിളധ്യയന പരിപാടി നാം പ്രദാനം ചെയ്യുന്നുവെന്നു വിശദമാക്കുക.
6 അതുകൊണ്ട്, നിങ്ങൾ കണ്ടുമുട്ടിയ ആളുകളെക്കുറിച്ചു വിചാരിക്കാൻ തുടങ്ങുക. മടങ്ങിച്ചെല്ലുന്നതിനു സ്ഥിരോത്സാഹം കാണിക്കുക. പങ്കുവയ്ക്കാൻ പ്രയോജനകരമായ എന്തെങ്കിലും തയ്യാറാകുക. പുതിയ ശിഷ്യരെ ഉളവാക്കുന്നതിൽ “യഥാർഥത്തിൽ ഫലം ഉളവാക്കുന്ന” ഒരുവനായിരിക്കാൻ നിങ്ങൾക്കു കഴിയും.—മത്താ. 13:23, NW.