വിശ്വാസമില്ലാത്തവരെ സഹായിക്കുക
1 ഈ ആധുനിക നാളിൽ അഭ്യസ്തവിദ്യരും പുരോഗമന ചിന്താഗതിക്കാരുമായി വീക്ഷിക്കപ്പെടുന്നതു സർവസാധാരണമാണ്. മാനവ തത്ത്വശാസ്ത്രങ്ങളും നിറംപിടിപ്പിച്ച കഥകളും കീർത്തിക്കപ്പെടുമ്പോൾ ആത്മീയ മൂല്യങ്ങൾ അവഗണിക്കപ്പെടുകയാണ്. ലളിതമായ വസ്തുതകളിലും മനസ്സിലാക്കാവുന്ന സത്യങ്ങളിലും താത്പര്യമുള്ള ആളുകൾ ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? (ഇംഗ്ലീഷ്) എന്ന പുസ്തകം പരിശോധിക്കുന്നതിനുള്ള അവസരത്തെ സ്വാഗതം ചെയ്യും. വിശ്വാസമില്ലാത്തവരെ ഈ പുസ്തകം സഹായിക്കും. (റോമ. 1:19, 20) താത്പര്യം കാണിക്കുന്ന സകലർക്കും മടക്കസന്ദർശനം നടത്താൻ ഉറപ്പുള്ളവരായിരിക്കുക.
2 നിങ്ങൾ ചർച്ച ഈ വിധത്തിൽ തുടങ്ങിയേക്കാം:
◼“മാനവകുടുംബം പരിണാമത്താലാണ് ഇവിടെ വന്നിരിക്കുന്നത് എന്ന വിശ്വാസത്തെ അനേകം പ്രബോധകരും പിന്തുണയ്ക്കുന്നു എന്ന കാര്യത്തെപ്പറ്റി നിങ്ങൾക്കറിയാമെന്ന് എനിക്കു തീർച്ചയുണ്ട്. സകലതും ആകസ്മികമായി നിലവിൽവന്നുവെന്ന് അതു പഠിപ്പിക്കുന്നു. നിങ്ങൾക്ക് അതേപ്പറ്റി എന്തു തോന്നുന്നു? [പ്രതികരിക്കാൻ അനുവദിക്കുക.] ഈ ആശയം ഇപ്പോഴും ഒരു സിദ്ധാന്തമായാണു പരാമർശിക്കപ്പെടുന്നത്. ഒരു സിദ്ധാന്തമെന്നു പറയുന്നത് ‘ഒരു ഊഹാപോഹം’ അല്ലെങ്കിൽ ‘തെളിയിക്കപ്പെടാത്ത അനുമാനം’ ആണ്. ഭൂമി പരന്നതാണെന്നു നൂറ്റാണ്ടുകളോളം മനുഷ്യർ വിചാരിച്ചിരുന്നു; അത് വസ്തുതയിൽ അടിസ്ഥാനമില്ലാത്ത മൗഢ്യമായ ഒരു അനുമാനമായിരുന്നു എന്ന് ഇപ്പോൾ നമുക്കറിയാം. പരിണാമ സിദ്ധാന്തത്തിന്റെ കാര്യത്തിലും വസ്തുത ഇതു തന്നെ ആയിരിക്കുമോ?” 4-ാം പേജിലെ ആമുഖക്കുറിപ്പുകൾ വായിക്കുക, എന്നിട്ട് യെശയ്യാവു 42:5 ചർച്ച ചെയ്യുക.
3 അതല്ലെങ്കിൽ മടക്കസന്ദർശനത്തിൽ നിങ്ങൾ ഈ സമീപനം സ്വീകരിച്ചേക്കാം:
◼“ദൈവത്തിൽ വിശ്വസിക്കാത്ത ആളുകളെ കണ്ടെത്തുക സാധാരണമാണ്. വർഷങ്ങൾക്കുമുമ്പ് അത് വളരെ വിരളമായിരുന്നു. അനേകർക്കും ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെടാൻ കാരണമെന്താണെന്നാണു നിങ്ങൾ വിചാരിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] നമ്മുടെ ലോകത്തിൽ അക്രമത്തിനും ദുരിതത്തിനും ഉണ്ടായ ഭീതിദമായ വർധനവാണ് അനേകരും തങ്ങളുടെ വിശ്വാസനഷ്ടത്തിനു കാരണമായി പറയുന്നത്. സർവശക്തനായ ഒരു ദൈവമുണ്ടെങ്കിൽ അവൻ ഈ കഷ്ടപ്പാടുകളെല്ലാം എന്തുകൊണ്ട് അവസാനിപ്പിക്കുന്നില്ല?, അവർ ന്യായവാദം ചെയ്യുന്നു. ആ ചോദ്യത്തിന് തൃപ്തികരമായ ഉത്തരം കണ്ടെത്താൻ കഴിയാത്തവർ, മിക്കപ്പോഴും നിരീശ്വരവാദികളായിത്തീരുന്നു. എന്നാൽ ദൈവമുണ്ടെന്നും അവൻ പെട്ടെന്നുതന്നെ ഭൂമിയെ സന്തുഷ്ടിയുടെയും സമാധാനത്തിന്റെയും ഒരു സ്ഥലമാക്കിത്തീർക്കുമെന്നും തെളിയിക്കുന്നതിന് ശക്തമായ തെളിവുണ്ട്.” 196-ാം പേജിലെ 19-ാം ഖണ്ഡികയിൽ കൊടുത്തിരിക്കുന്ന തിരുവെഴുത്ത് ആശയങ്ങൾ ഉപയോഗിച്ചുകൊണ്ടു ചർച്ച തുടരുക.
4 ഉചിതമായിടത്ത് ബൈബിൾ കയ്യിൽ പിടിച്ച്, ഇങ്ങനെ പറഞ്ഞുകൊണ്ടു നിങ്ങൾ സംഭാഷണം തുടങ്ങിയേക്കാം:
◼“നമ്മുടെ നാളുകളിൽ ഒരു ബൈബിളധ്യയനം എന്തുകൊണ്ടു പ്രായോഗികമാണെന്നു ചൂണ്ടിക്കാട്ടുന്നതിനാണു ഞങ്ങൾ വീണ്ടും സന്ദർശിക്കുന്നത്. അനേകരുടെ പക്കലും ബൈബിളുണ്ട്, എന്നാൽ വളരെ ചുരുക്കം പേരേ അതു വായിക്കാൻ സമയം കണ്ടെത്തുന്നുള്ളൂ. തങ്ങൾക്ക് മതത്തിൽ മേലാൽ അത്രയൊന്നും വിശ്വാസമില്ലെന്നു ചിലർ ഞങ്ങളോടു തുറന്നു പറയാറുണ്ട്. നിങ്ങൾക്ക് അതേപ്പറ്റി എന്തു തോന്നുന്നു? [പ്രതികരിക്കാൻ അനുവദിക്കുക.] ബൈബിൾ ദൈവത്തിന്റെ നിശ്വസ്ത വചനമാണെന്നു ഞങ്ങളെ ബോധ്യപ്പെടുത്തുന്ന കാര്യങ്ങളിലൊന്ന് അതിലെ പ്രവചനങ്ങളുടെ നിവൃത്തിയാണ്.” 234-ാം പേജിലെ 6-ാം ഖണ്ഡികയിൽ കൊടുത്തിരിക്കുന്ന തിരുവെഴുത്തു ഭാഗങ്ങൾ പരാമർശിക്കുക.
5 ഈ ആശയത്തിന് അനുകൂല പ്രതികരണം ലഭിച്ചേക്കാം:
◼“ഈ ഭൂമിയിൽ നമുക്കു ചുറ്റുമുള്ള സംഗതികളിൽ അഴകും ജ്ഞാനത്തിന്റെ മഹനീയമായ തെളിവും നമുക്കു കാണാൻ കഴിയും. സൂര്യാസ്തമയത്തിന്റെ ഈ ചിത്രം അതിനു യോജിച്ച ഒരുദാഹരണമാണ്.” 12-ഉം 13-ഉം പേജുകളിലുള്ള ചിത്രം കാണിക്കുക. “ചിന്തിക്കാൻ ചില കാര്യങ്ങൾ” എന്നതിൽനിന്നുള്ള ആശയങ്ങൾ സൂചിപ്പിക്കുക. കൂടാതെ, നമ്മുടെ ലോകത്തെപ്പറ്റിയുള്ള മർമപ്രധാനമായ ചോദ്യങ്ങൾക്ക് ഈ പുസ്തകം സംതൃപ്തികരമായ ഉത്തരം പ്രദാനം ചെയ്യുന്നത് എങ്ങനെയെന്നു വിശദീകരിക്കുക.
6 തങ്ങളുടെ സ്രഷ്ടാവിൽ വിശ്വാസം പ്രകടിപ്പിക്കുന്നതിനു ശക്തമായ അടിസ്ഥാനം കണ്ടെത്താൻ ആളുകളെ സഹായിക്കുന്നതിന് ഈ പുസ്തകം ഉപയോഗിക്കാം, അങ്ങനെ അവർക്കൊരനുഗ്രഹമായിരിക്കാൻ നമുക്കു കഴിയും.