വിജയകരമായ മടക്കസന്ദർശനങ്ങൾക്കു ഫലപ്രദമായ പഠിപ്പിക്കൽ ആവശ്യം
1 നമ്മുടെ വയൽ ശുശ്രൂഷയുടെ പ്രധാനപ്പെട്ടതും സന്തോഷപ്രദവുമായ ഭാഗമാണു മടക്കസന്ദർശനങ്ങൾ. താത്പര്യക്കാരെ സന്ദർശിക്കാൻ മടങ്ങിച്ചെല്ലുന്നതിനു നാം ഉത്സുകരായിരിക്കേണ്ടത് എന്തുകൊണ്ട്? ഈ ശിഷ്യരാക്കൽ വേലയിലൂടെ നാം യഹോവയുടെ നാമം അറിയിക്കുകയും മഹത്ത്വീകരിക്കയും ജീവനിലേക്കുള്ള വഴി കണ്ടെത്തുന്നതിനു ദൈവഭയമുള്ളവർക്കു സഹായമേകുകയുമാണു ചെയ്യുന്നത്. (2 കൊരി. 2:17–3:3) യഹോവയുടെ നാമത്തിന്റെ മഹത്ത്വീകരണവും മറ്റുള്ളവരുടെ ജീവനും അടങ്ങിയിരിക്കുന്നുവെന്നു തിരിച്ചറിയുന്നത് മടങ്ങിച്ചെല്ലുന്നതിനുമുമ്പു നന്നായി തയ്യാറാകാൻ നമുക്കു പ്രേരണയേകണം.
2 നേരത്തെതന്നെ സ്ഥാപിച്ചിരിക്കുന്ന അടിസ്ഥാനത്തിൻമേൽ പണിയുന്നതിന് ഒരു നല്ല അധ്യാപകൻ വിദ്യാർഥിയെ സഹായിക്കും. വിദ്യാർഥികൾ ദിവസേന നേടിയെടുക്കുന്ന അറിവിന്റെ അടിസ്ഥാനത്തിൽ ഒരു സ്കൂൾ അധ്യാപകൻ കൂടുതലായി പഠിപ്പിക്കുന്നതുപോലെ നാമും പഠിപ്പിച്ച അതേ വിഷയത്തെപ്പറ്റി കൂടുതൽ അഭിപ്രായങ്ങൾ തയ്യാറായിക്കൊണ്ടു മടക്കസന്ദർശനം നടത്തണം. ഇത് ഒരേ ആശയത്തെപ്പറ്റി തുടർന്ന്, പുരോഗമനാത്മകമായി ചിന്തിക്കുന്നതിന് ഇടയാക്കുന്നു.
3 “ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?” എന്ന ലഘുപത്രിക സമർപ്പിച്ചശേഷം മടങ്ങിച്ചെല്ലുമ്പോൾ ഇതു ഫലപ്രദമെന്നു നിങ്ങൾ കണ്ടെത്തിയേക്കാം:
◼ഞാൻ കഴിഞ്ഞ തവണ സന്ദർശിച്ചപ്പോൾ, ബൈബിളിൽ സൂചിപ്പിച്ചിരിക്കുന്ന “അന്ത്യകാല”ത്തെക്കുറിച്ചും അത് എന്ത് അർഥമാക്കുന്നുവെന്നതിനെക്കുറിച്ചു നമ്മൾ ചർച്ചചെയ്തിരുന്നു. നാം അന്ത്യകാലത്താണു ജീവിക്കുന്നതെന്നു നമുക്കെങ്ങനെ അറിയാൻ കഴിയുമെന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടാവാം. (2 തിമൊ. 3:1) ആ ചോദ്യത്തിന് ഉത്തരം ലഭിക്കാൻ യേശുവിന്റെ ശിഷ്യന്മാർ ജിജ്ഞാസുക്കളായിരുന്നു. [മത്തായി 24:3 വായിക്കുക.] തന്റെ മറുപടിയിൽ യേശു ഇന്നു നാം നമുക്കു ചുറ്റും കാണുന്ന അവസ്ഥകളെപ്പറ്റി വിശദീകരിച്ചു. മുമ്പെങ്ങും കണ്ടിട്ടില്ലാത്തപോലുള്ള ദുരിതവും അക്രമവും ഇതിൽ ഉൾപ്പെടുന്നു.” 19-ാം പേജിലുള്ള 3-ഉം 4-ഉം ഖണ്ഡികകളിൽ ചർച്ചചെയ്തിരിക്കുന്ന വിശേഷാശയങ്ങൾ ചൂണ്ടിക്കാട്ടുക. പ്രതികരണം അനുകൂലമാണെങ്കിൽ 20-ാം പേജിൽ 5 മുതൽ 8 വരെ ഖണ്ഡികകളിൽ കൊടുത്തിരിക്കുന്ന ചിഹ്നത്തെപ്പറ്റിയുള്ള മറ്റു വിശേഷാശയങ്ങൾ ചൂണ്ടിക്കാട്ടുക. മടങ്ങിച്ചെന്നു ലഘുപത്രികയുടെ പുറംതാളിൽ ഉന്നയിച്ചിരിക്കുന്ന ചോദ്യം പരിചിന്തിക്കാമെന്നു വാഗ്ദാനം ചെയ്യുക.
4 “ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?” എന്ന ലഘുപത്രിക നൽകിയിടത്തു മടക്കസന്ദർശനം നടത്തുമ്പോൾ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼“ജീവിതത്തിന്റെ ഉദ്ദേശ്യം സംബന്ധിച്ചുള്ള നമ്മുടെ സംഭാഷണം പുനരാരംഭിക്കുന്നതിനു ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഇന്നു നമ്മൾ അനുഭവിക്കുന്ന കുഴപ്പങ്ങൾക്കു പകരം നാം ഈ ഭൂമിയിൽ സന്തോഷവും സമാധാനവുമുള്ള അവസ്ഥയിൽ ജീവിക്കാനാണു ദൈവം ഉദ്ദേശിച്ചിരുന്നത് എന്നതു നമ്മൾ രണ്ടാളും സമ്മതിക്കുന്നു, ഇല്ലേ? അവൻ തന്റെ വാഗ്ദത്തം നിറവേറ്റുമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?” പ്രതികരിക്കാൻ അനുവദിക്കുക. യെശയ്യാവു 55:11 വായിച്ചിട്ട് 30-ാം പേജിൽ 25-27 ഖണ്ഡികകളിലുള്ള ആശയങ്ങൾ ചർച്ചചെയ്യുക. ജീവിതത്തിൽ അർഥപൂർണമായ ഉദ്ദേശ്യം കണ്ടെത്തുന്നതിനുള്ള ഏറ്റവും മെച്ചമായ മാർഗം വ്യക്തിപരമായ ഒരു ബൈബിളധ്യയനമാണെന്നു ശുപാർശചെയ്യുക.
5 “ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!” എന്ന ലഘുപത്രികയിൽ നേരത്തെ കാണിച്ച താത്പര്യത്തെ പിന്തുടരുന്നതിന് അതു വീണ്ടും കാണിച്ചുകൊണ്ട് ഇങ്ങനെ പറയാവുന്നതാണ്:
◼“ഈ ലഘുപത്രികയുടെ പുറംതാളിൽ കൊടുത്തിരിക്കുന്ന മനോഹരമായ ലോകത്തെക്കുറിച്ചു നാം സംസാരിച്ചിരുന്നു; അവിടെ ജീവിക്കാനാഗ്രഹിക്കുന്നവർക്ക് യേശുക്രിസ്തുവിലുള്ള വിശ്വാസം ഇത്രമാത്രം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു.” 41-ാം ചിത്രത്തിലേക്കു തിരിഞ്ഞു യെശയ്യാവു 9:6 വായിക്കുക. 62-ാം ചിത്രം പരാമർശിച്ചിട്ട് അനുസരണയുടെ ആവശ്യം ഊന്നിപ്പറഞ്ഞുകൊണ്ട് യോഹന്നാൻ 3:16 വായിക്കുക. ബൈബിൾ പഠിക്കുകയും അതിലെ ബുദ്ധ്യുപദേശത്തിനു ചേർച്ചയിൽ ജീവിക്കാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടു വിശ്വാസം പ്രകടമാക്കാൻ ജനങ്ങളെ യഹോവയുടെ സാക്ഷികൾ എങ്ങനെ സഹായിക്കുന്നുവെന്നു വിശദീകരിക്കുക.
6 ഓരോ മടക്കസന്ദർശനത്തിനും ശേഷം, പുരോഗമിക്കുന്നതിനുള്ള വീക്ഷണത്തിൽ നിങ്ങളുടെ ഫലപ്രദത്വം വിശകലനം ചെയ്യുക. ഇങ്ങനെ സ്വയം ചോദിക്കുക: പറയാൻ കൃത്യമായ എന്തെങ്കിലും ആശയം എന്റെ മനസ്സിലുണ്ടായിരുന്നോ? ഞാൻ ബൈബിളിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നോ? പ്രാരംഭ സന്ദർശനത്തിൽ സ്ഥാപിച്ച അടിസ്ഥാനത്തിന്മേലാണോ ഞാൻ കെട്ടുപണിചെയ്തത്? എന്റെ അവതരണം ഒരു ബൈബിളധ്യയനത്തിലേക്കു നയിക്കാൻ രൂപകൽപ്പന ചെയ്തതായിരുന്നോ? ക്രിയാത്മകമായ ഉത്തരങ്ങൾ നിങ്ങൾ ദൈവവചനത്തിന്റെ ഒരു നല്ല അധ്യാപകനാകാൻ കഠിനമായി ശ്രമിക്കുന്നുവെന്നതിന് ഉറപ്പേകുന്നു.