സഭായോഗങ്ങൾക്കായി തയ്യാറാകുക, അവ ആസ്വദിക്കുക
1 സഹോദരൻമാരുടെ ഒരു സമൂഹമെന്ന നിലയിൽ, നാം ജ്ഞാനപൂർവം വാരംതോറുമുള്ള യോഗങ്ങൾക്കു പതിവായി കൂടിവരുന്നു. (1 തിമൊ. 4:15, 16) നമുക്ക് അവയിൽനിന്നു പരമാവധി പ്രയോജനം ആസ്വദിക്കുന്നതിനും ആർജിക്കുന്നതിനും എങ്ങനെ കഴിയും?
2 യോഗങ്ങൾക്കുവേണ്ടി തയ്യാറാകുന്നതിന് ക്രമമായ അടിസ്ഥാനത്തിൽ സമയം മാറ്റിവയ്ക്കണം. ചിലർക്കു മറ്റുള്ളവരെ അപേക്ഷിച്ചു കൂടുതൽ സമയം തയ്യാറാകലിനുവേണ്ടി ചെലവഴിക്കാൻ കഴിഞ്ഞേക്കും. എങ്ങനെയായാലും, നാം എത്രതന്നെ തിരക്കുള്ളവരായിരുന്നാലും, യോഗങ്ങൾക്കു തയ്യാറാകുന്നതിനു കുറച്ചുസമയം കണ്ടെത്തുന്നതു ജ്ഞാനമാണ്. ഒരു കുടുംബമെന്ന നിലയിൽ ഒരുമിച്ചു തയ്യാറാകുന്നതു വിശേഷാൽ പ്രയോജനപ്രദമാണ്.—എഫെ. 5:15, 16.
3 ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിനുവേണ്ടി: പ്രതിവാര ബൈബിൾവായനാ പട്ടികയോടു പറ്റിനിൽക്കാൻ ശ്രമിക്കുക. (യോശു. 1:8) കൈകാര്യം ചെയ്യപ്പെടുന്ന ഭാഗങ്ങൾ പുനരവലോകനം ചെയ്യുക. പ്രസംഗകരോടൊപ്പം നിങ്ങൾക്കും ഒത്തുനോക്കാൻ തക്കവണ്ണം ആവശ്യമായ പ്രസിദ്ധീകരണങ്ങൾ കൊണ്ടുവരിക. ശുശ്രൂഷയിൽ ഈ വിവരങ്ങൾ ഉപയോഗിക്കാവുന്ന വിധങ്ങൾ പരിചിന്തിക്കുക.
4 സേവനയോഗത്തിനു വേണ്ടി: നമ്മുടെ രാജ്യ ശുശ്രൂഷയിൽ നൽകിയിരിക്കുന്ന പരിപാടി നോക്കുക. ചർച്ചചെയ്യപ്പെടുന്ന ലേഖനങ്ങൾ വായിക്കുക. വീക്ഷാഗോപുര ലേഖനത്തിൽനിന്നോ മറ്റു പ്രസിദ്ധീകരണങ്ങളിൽനിന്നോ ഉള്ള വിവരങ്ങൾ പരിചിന്തിക്കപ്പെടുമെങ്കിൽ അവയും കണ്ടുപിടിച്ച് വായിക്കുക. വയൽസേവന അവതരണങ്ങൾ പ്രകടിപ്പിക്കപ്പെടുമെങ്കിൽ അവ മുൻകൂട്ടി പുനരവലോകനം ചെയ്യുക. അപ്പോൾ ശുശ്രൂഷയിൽ അവ ഉപയോഗിക്കാൻ നിങ്ങൾ തയ്യാറായിരിക്കും.
5 വീക്ഷാഗോപുര അധ്യയനത്തിനുവേണ്ടി: ചോദ്യങ്ങളുടെ ഉത്തരങ്ങൾ കണ്ടുപിടിച്ചുകൊണ്ട് പഠനഭാഗം മുൻകൂട്ടി വായിക്കുക. പരാമർശിത വാക്യങ്ങൾ എടുത്തു നോക്കുന്നത് ഒരു മെച്ചമായ ഗ്രാഹ്യം സമ്പാദിക്കാൻ നിങ്ങളെ സഹായിക്കും. നിങ്ങൾക്ക് അറിയാവുന്നവയുമായി വിവരങ്ങൾ എങ്ങനെ യോജിക്കുന്നുവെന്നു ധ്യാനിക്കുന്നത് നിങ്ങളുടെ അറിവു വിശാലമാക്കും. ചുരുങ്ങിയത് ഒന്നോ രണ്ടോ ഖണ്ഡികകളിൽനിന്നെങ്കിലും ഹ്രസ്വ അഭിപ്രായങ്ങൾ തയ്യാറായിക്കൊണ്ട് അധ്യയനവേളയിൽ പങ്കുപറ്റുന്നതിന് ആസൂത്രണം ചെയ്യുക. “നമ്മുടെ പ്രത്യാശയുടെ പരസ്യപ്രഖ്യാപനം” നടത്തുന്നതിനുള്ള ഒരു സുപ്രധാന വിധമാണിത്.—എബ്രാ. 10:23, NW.
6 സഭാ പുസ്തകാധ്യയനത്തിനു വേണ്ടി: ആദ്യം പഠനഭാഗം അവലോകനം ചെയ്യുക; അധ്യായത്തിന്റെ തലക്കെട്ടും ഉപതലക്കെട്ടുകളും പരിചിന്തിക്കുക. എന്നിട്ട്, വായിക്കുമ്പോൾ മുഖ്യാശയങ്ങൾ ശ്രദ്ധിക്കുക. പിന്തുണക്കുന്ന ബൈബിൾ വാക്യങ്ങൾ പുനരവലോകനം ചെയ്യുക. ചോദ്യങ്ങൾക്കു സ്വന്തവാക്കുകളിൽ ഉത്തരം പറയാൻ ശ്രമിക്കുക. അധ്യയനഭാഗം തയ്യാറായശേഷം മനസ്സിൽ പുനരവലോകനം നടത്തുക. മുഖ്യാശയങ്ങളും വാദമുഖങ്ങളും ഓർമിക്കാൻ ശ്രമിക്കുക.—2 തിമൊ. 2:15.
7 യോഗങ്ങൾ ആസ്വദിക്കുക: യോഗങ്ങൾ പരമാവധി ആസ്വദിക്കുന്നതിന്, യഹോവയുടെ ആത്മാവിനുവേണ്ടി യാചിക്കുന്ന പ്രാരംഭപ്രാർഥനയിൽ പങ്കെടുക്കുവാൻതക്കവണ്ണം കൃത്യസമയത്തു ഹാജരാകുന്നതു പ്രധാനമാണ്. നവോൻമേഷപ്രദമായ രാജ്യഗീതങ്ങളിൽനിന്നും നിങ്ങൾ പ്രയോജനം അനുഭവിക്കുന്നു. നിങ്ങൾക്കു കൊച്ചു കുട്ടികളോ ഹാളിന്റെ പിൻഭാഗത്ത് ഇരിക്കുന്നതിന് മറ്റു കാരണങ്ങളോ ഇല്ലെങ്കിൽ, മുൻഭാഗത്തിരിക്കുന്നതിനാൽ അധികം ശ്രദ്ധാശൈഥില്യങ്ങൾ ഇല്ല എന്നും പരിപാടിയിൽനിന്നും പരമാവധി പ്രയോജനം അനുഭവിക്കുന്നുവെന്നും നിങ്ങൾ കണ്ടെത്തും. മീറ്റിംഗിനിടക്കു പുറത്തുകൊണ്ടുപോകേണ്ടതായ കൊച്ചു കുട്ടികളുള്ള മാതാപിതാക്കൾ ഇടനാഴിയോടുചേർന്നു പിൻഭാഗത്തായി ഇരിക്കുന്നതിനാൽ ശ്രദ്ധാശൈഥില്യം കുറക്കാൻ കഴിയും.
8 വായിക്കുന്ന തിരുവെഴുത്തുകൾ എടുത്തുനോക്കാൻ ശ്രമിക്കുക. കേൾക്കുന്ന കാര്യങ്ങൾ ഓർത്തിരിക്കാൻ ഇതു നിങ്ങളെ സഹായിക്കും. നിങ്ങൾ പഠിക്കുന്ന കാര്യങ്ങൾ കുടുംബത്തോടും സുഹൃത്തുക്കളോടും സംസാരിക്കുന്നത് വിവരങ്ങൾ മനസ്സിൽ പതിപ്പിക്കുന്നതിനു സഹായിക്കും. ഈ നിർദേശങ്ങൾ ബാധകമാക്കുന്നതു യോഗങ്ങളെ കൂടുതൽ അർഥവത്തും ആസ്വാദ്യവുമാക്കും. അവ വാസ്തവത്തിൽ “സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും [നമ്മുടെ] ഉത്സാഹം വർദ്ധിപ്പി”ക്കുകയും ചെയ്യും.—എബ്രാ. 10:24, 25.