ദൈവം ആവശ്യപ്പെടുന്നതു മറ്റുള്ളവരെ പഠിപ്പിക്കുക
1 “യഹോവയുടെ വചനങ്ങളെ കേൾ”ക്കാൻ കഴിയാതെ ആത്മീയമായി ദാരിദ്ര്യം അനുഭവിക്കുന്ന അനേകമാളുകളെ ഇപ്പോഴും കണ്ടെത്താവുന്നതാണ്. (ആമോ. 8:11) ദൈവം സ്ഥിതിചെയ്യുന്നുവെന്നു ചിലർ വിശ്വസിക്കുമ്പോൾത്തന്നെ അവന്റെ ഉദ്ദേശ്യവും അവൻ ആവശ്യപ്പെടുന്ന കാര്യങ്ങളും സംബന്ധിച്ച് അവർക്കറിവില്ല. അതുകൊണ്ട്, ജീവരക്ഷാകരമായ രാജ്യസത്യം നാം അവരെ പഠിപ്പിക്കേണ്ടയാവശ്യമുണ്ട്. എല്ലാ അവസരത്തിലും സാക്ഷീകരിക്കാൻ ഉചിതമായി സജ്ജരും ഒരുക്കമുള്ളവരും ആയിരിക്കുന്നതിനാൽ നമുക്ക് യഹോവ ആവശ്യപ്പെടുന്നതു പഠിക്കാൻ ആഗ്രഹിക്കുന്നവരെ കണ്ടെത്താൻ കഴിയും.
2 ഏപ്രിൽ, മേയ് മാസങ്ങളിൽ വിതരണം ചെയ്യുന്നതിനും വരിസംഖ്യകൾ വാഗ്ദാനം ചെയ്യുന്നതിനും നമുക്കു വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും കാലോചിത ലക്കങ്ങൾ ഉണ്ടായിരിക്കും. അതിനുപുറമേ, ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രിക നാം ആദ്യമായി വിശേഷവത്കരിക്കുന്നതാണ്. ഇതിലെ ആകർഷകമായ ചിത്രങ്ങളും ചിന്തോദ്ദീപകമായ ചോദ്യങ്ങളും ഈ ലഘുപത്രികയെ തികച്ചും ആകർഷകമാക്കുന്നു. നമ്മുടെ ഉത്തമ പ്രസിദ്ധീകരണങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ നമ്മെ സഹായിക്കുന്നതിനു പിൻവരുന്ന നിർദേശങ്ങൾ നൽകിയിരിക്കുന്നു.
3 ആളുകളെ അന്വേഷിക്കൽ: നാം വീടുതോറും സന്ദർശിക്കുമ്പോൾ ചില പ്രദേശങ്ങളിൽ ഒട്ടനവധിയാളുകളെ വീടുകളിൽ കണ്ടെത്താൻ കഴിയുന്നില്ല. അത്തരം പ്രദേശങ്ങളിൽ ആളുകൾ കാണപ്പെടുന്ന സ്ഥലങ്ങളിൽ അവരെ അന്വേഷിച്ച് അവരോടു സംസാരിക്കുന്നതു പ്രയോജനപ്രദമാണെന്നു തെളിയുന്നു. സുവാർത്ത എല്ലായിടത്തും—തെരുവിലും പൊതുവാഹനങ്ങളിലും പാർക്കുകളിലും പാർക്കിങ് സ്ഥലങ്ങളിലും വ്യാപാര സ്ഥലങ്ങളിലും—പ്രസംഗിക്കാൻ 1996 നവംബറിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധം നമ്മെ പ്രോത്സാഹിപ്പിച്ചു. അനൗപചാരികമായി പ്രസംഗിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും അതു നമ്മെ ബോധവാന്മാരാക്കി. അതിന്റെ ഒരു ദൃഷ്ടാന്തമെന്നനിലയിൽ, “വംശനാശത്തെ അഭിമുഖീകരിക്കുന്ന വർഗങ്ങൾ—ഉത്കണ്ഠപ്പെടേണ്ടത് എന്തുകൊണ്ട്?” എന്ന ലേഖനപരമ്പരയോടുകൂടിയ 1996 ആഗസ്റ്റ് 8-ലെ ഉണരുക!യുടെ ഒരു ശേഖരം കൈവശം കരുതിക്കൊണ്ട് ഒരു പയനിയർ സഹോദരി മൃഗശാലയിലേക്കു പോയി. വളരെ വിലമതിപ്പുള്ള ചില മൃഗസ്നേഹികൾക്ക് അവൾ ഒരു മണിക്കൂറിനുള്ളിൽ 40 പ്രതികൾ സമർപ്പിച്ചു! സുവാർത്ത എല്ലായിടത്തും പ്രസംഗിച്ചതിന്റെ എന്തു വിജയമാണ് ഇന്നോളം നിങ്ങൾ ആസ്വദിച്ചിരിക്കുന്നത്? വീക്ഷാഗോപുരവും ഉണരുക!യും ആവശ്യം ലഘുപത്രികയും എല്ലാത്തരത്തിലുള്ള സാക്ഷീകരണത്തിനും വിശേഷാൽ യോജിച്ചതാണ്. കാരണം, ആളുകളുടെ ജീവിതത്തെ സ്പർശിക്കുന്നതും ചിന്താപ്രാപ്തിയെ ഉത്തേജിപ്പിക്കുന്നതുമായ വിവരങ്ങൾ അവ വിശേഷവത്കരിക്കുന്നു.
4 സംഭാഷണങ്ങൾ ആരംഭിക്കൽ: 1996 ഒക്ടോബറിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ പിൻപേജ് വീക്ഷാഗോപുരം, ഉണരുക! മാസികകൾക്കുവേണ്ടി നിങ്ങളുടെ സ്വന്തം അവതരണം എങ്ങനെ തയ്യാറാകാനാകും എന്നതു സംബന്ധിച്ചുള്ള വിശദാംശങ്ങൾ നൽകുന്നു. ആവശ്യം ലഘുപത്രികയ്ക്കുവേണ്ടിയുള്ള നിങ്ങളുടെ അവതരണം തയ്യാറാകുമ്പോഴും അതേ നിർദേശങ്ങൾ ഫലപ്രദമായിരിക്കും. നാം പറയുന്നത് ഏതാനും വാചകങ്ങൾ മാത്രം ഉൾക്കൊള്ളുന്നത്ര ഹ്രസ്വമോ ഒരു തിരുവെഴുത്ത് ആശയം ഉൾപ്പെടുത്തത്തക്കവണ്ണം ദീർഘമോ ആയിരിക്കാവുന്നതാണ്. പ്രാരംഭ വാക്കുകൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുന്നതു പ്രധാനമാണ്, എന്തെന്നാൽ നിങ്ങൾ സമീപിക്കുന്ന വ്യക്തി തുടർന്നു ശ്രദ്ധിക്കുമോയെന്നത് അവയെ ആശ്രയിച്ചിരിക്കും. ഈ പ്രാരംഭ പരാമർശനംകൊണ്ടു ചിലർ വിജയിച്ചിട്ടുണ്ട്: “എനിക്കു പ്രോത്സാഹജനകമായിരുന്ന ഒരു ലേഖനം ഞാൻ വായിച്ചു, അതു നിങ്ങളോടൊപ്പം പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” അല്ലെങ്കിൽ, മറ്റേയാളിനെ സംഭാഷണത്തിൽ ഉൾപ്പെടുത്തുന്നതിന് ആകർഷകമായ ഒരു ചോദ്യം ഉന്നയിക്കാവുന്നതാണ്.
5 നിങ്ങളുടെ പ്രദേശത്ത് ഉചിതമെങ്കിൽ, ഈ മാസത്തെ അവതരണങ്ങളിൽ പിൻവരുന്ന തരത്തിലുള്ള ചോദ്യങ്ങൾ നിങ്ങൾക്കു ചോദിച്ചുനോക്കാവുന്നതാണ്:
◼“കുത്തിവരച്ചിട്ടിരിക്കുന്ന ചുവരുകളും ചപ്പുചവറുകളും മലിനീകരണവും നാമിന്നു വളരെയേറെ കാണുന്നു. ഭൂമിയെ വെടിപ്പാക്കി, ജീവിക്കാൻ പറ്റിയ ഒരു മെച്ചപ്പെട്ട സ്ഥലമാക്കുന്നതിന് എന്താണ് ആവശ്യമായിരിക്കുന്നത്?” പ്രതികരണത്തിന് അനുവദിച്ച ശേഷം എപ്പോൾ, എങ്ങനെ ഭൂമി ഒരു ആഗോള ഉദ്യാനമാകുമെന്നു നമുക്ക് ഉറപ്പേകുന്ന വിവരം നിങ്ങളുടെ പക്കലുണ്ടെന്നു വിശദീകരിക്കുക. ഒരു നിർദിഷ്ട അഭിപ്രായപ്രകടനവും ഹ്രസ്വമായൊരു തിരുവെഴുത്തും പുതിയ ഒരു മാസികയിൽനിന്നുള്ള ഒരു വർണചിത്രവും പങ്കുവെച്ചിട്ട് അയാൾക്കെങ്ങനെ മാസിക പതിവായി കൈപ്പറ്റാനാകുമെന്നു വിശദീകരിക്കുക. വരിസംഖ്യാ വാഗ്ദാനം നിരസിക്കുന്നെങ്കിൽ, മാസികയുടെ ഏതാനും ഒറ്റ പ്രതികൾ വാഗ്ദാനം ചെയ്യാൻ നിശ്ചയമുള്ളവരായിരിക്കുക. സംഭാഷണം അവസാനിപ്പിക്കുന്നതിനു മുമ്പു മടക്കസന്ദർശനത്തിനു ക്രമീകരിക്കുക.
◼“ഇന്ന് അഭിമുഖീകരിക്കുന്നതുപോലുള്ള പ്രശ്നങ്ങളാൽ ചുറ്റപ്പെട്ടു നാം ജീവിക്കാൻ ദൈവം ഉദ്ദേശിച്ചിരുന്നുവെന്നു നിങ്ങൾ വിചാരിക്കുന്നുവോ?” വ്യക്തി ഉത്തരം പറഞ്ഞശേഷം നിങ്ങൾക്കിങ്ങനെ പറയാവുന്നതാണ്: “യേശു തന്റെ ശിഷ്യൻമാരെ പഠിപ്പിച്ച, ദൈവരാജ്യം വരാൻ അപേക്ഷിച്ചുകൊണ്ടുള്ള പ്രാർഥന ഒരുപക്ഷേ നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കാം. ദൈവത്തിന്റെ ആ രാജ്യം എന്താണെന്നറിയാൻ നിങ്ങൾ തത്പരനാണോ?” ആവശ്യം ലഘുപത്രികയുടെ 6-ാം പാഠം തുറന്ന് അതിന്റെ തുടക്കത്തിൽ ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങൾ വായിക്കുക. എന്നിട്ട് നിങ്ങൾ 1-ാം ഖണ്ഡിക വായിക്കവെ, ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരം ചൂണ്ടിക്കാട്ടുക. ശേഷിക്കുന്ന ചോദ്യങ്ങൾക്കും അതുപോലെതന്നെ സംക്ഷിപ്തമായി ഉത്തരം നൽകിയിരിക്കുന്നുവെന്നു പറയുക. ലഘുപത്രിക നൽകിയിട്ട്, രാജ്യത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പങ്കുവെക്കാനായി വീണ്ടും സന്ദർശിക്കാമെന്നു വാഗ്ദാനം ചെയ്യുക.
◼“ചിന്തകരായ ഒട്ടനവധിയാളുകൾ ലോക മതങ്ങളെ മാനുഷ പ്രശ്നങ്ങൾക്കുള്ള പരിഹാരമായിട്ടല്ല മറിച്ച് കാരണമായിട്ടു വീക്ഷിക്കാൻ തുടങ്ങിയിരിക്കുന്നു. അതെക്കുറിച്ചു നിങ്ങൾ എന്താണു വിചാരിക്കുന്നത്?” വ്യക്തിയുടെ വീക്ഷണഗതി ശ്രദ്ധിച്ചശേഷം, വ്യാജമതത്തിന്റെ പരാജയത്തെയോ അതിന്റെ ആസന്നമായിക്കൊണ്ടിരിക്കുന്ന പതനത്തെയോ സംബന്ധിച്ച് അദ്ദേഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്ന എന്തെങ്കിലും പുതിയൊരു മാസികയിൽനിന്നു കാണിക്കുക. വരിസംഖ്യ വാഗ്ദാനം ചെയ്യുക. പേരുകൾ കൈമാറിയിട്ട്, മനുഷ്യവർഗത്തോടുള്ള ബന്ധത്തിൽ സത്യമതം പരാജയപ്പെട്ടിട്ടില്ലാത്തത് എങ്ങനെയെന്നു വിവരിക്കുന്നതിനു വീണ്ടും കണ്ടുമുട്ടാമെന്നു വാഗ്ദാനം ചെയ്യുക.
◼“ഇന്നു കുടുംബജീവിതത്തിൽ ധാരാളം പ്രശ്നങ്ങൾ ഉള്ളതുകൊണ്ട്, കുടുംബ സന്തുഷ്ടിയുടെ രഹസ്യമെന്താണെന്നു നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?” പ്രതികരണത്തിനായി കാത്തുനിൽക്കുക. എന്നിട്ട്, കുടുംബ സന്തുഷ്ടിക്കുള്ള യഥാർഥ രഹസ്യം ദൈവം ബൈബിളിൽ വെളിപ്പെടുത്തുന്നുവെന്നു വിശദീകരിക്കുക. ഒരുപക്ഷേ നിങ്ങൾക്ക് യെശയ്യാവു 48:17 വായിക്കാൻ കഴിയും. എന്നിട്ട് ആവശ്യം ലഘുപത്രികയുടെ 8-ാം പാഠത്തിലേക്കു തിരിഞ്ഞ്, കുടുംബത്തിലെ ഓരോ അംഗത്തിനും ആശ്രയയോഗ്യമായ മാർഗനിർദേശം നൽകുന്ന ചില പരാമർശിത വാക്യങ്ങൾ ചൂണ്ടിക്കാട്ടുക. പാഠത്തിന്റെ തുടക്കത്തിലുള്ള ചോദ്യങ്ങൾ വായിക്കുക. ഉത്തരങ്ങൾ വായിക്കാൻ വ്യക്തി ആഗ്രഹിക്കുന്നുവോയെന്നു ചോദിക്കുക. ലഘുപത്രിക കൊടുത്തിട്ട്, സന്തുഷ്ട കുടുംബജീവിതത്തിനുവേണ്ടി ബൈബിളിൽ അടങ്ങിയിരിക്കുന്ന പ്രായോഗിക മാർഗനിർദേശം കൂടുതലായി പങ്കുവെക്കാൻ മറ്റൊരു സമയത്തു മടങ്ങിച്ചെല്ലാമെന്നു പറയുക.
6 മടക്കസന്ദർശനങ്ങൾക്കായി ധൈര്യം സംഭരിക്കാൻ 1997 മാർച്ചിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധം നമ്മെ പ്രോത്സാഹിപ്പിച്ചു. പ്രാരംഭസന്ദർശനത്തിൽ സാധിക്കുന്നില്ലെങ്കിൽ മടക്കസന്ദർശനത്തിലെങ്കിലും ആവശ്യം ലഘുപത്രിക ഉപയോഗിച്ചു ബൈബിളധ്യയനങ്ങൾ ആരംഭിക്കാൻ അതു ശുപാർശചെയ്തു. ദൈവം ആവശ്യപ്പെടുന്നതു മനസ്സിലാക്കി അത് അനുഷ്ഠിക്കുകയാണു മനുഷ്യവർഗത്തിന്റെ ഏറ്റവും വലിയ ആവശ്യം. (കൊലൊ. 1:9, 10) ജീവനുവേണ്ടിയുള്ള യഹോവയുടെ നിബന്ധനകൾ സംബന്ധിച്ചു നമുക്കറിയാവുന്നതു പഠിപ്പിച്ചുതുടങ്ങാൻ ഏപ്രിലിലും മേയിലും നമുക്കു കഴിയുന്നെങ്കിൽ അങ്ങേയറ്റം പ്രയോജനം അനുഭവിക്കാൻ നാം മറ്റുള്ളവരെ സഹായിക്കുകയാകും ചെയ്യുന്നത്.—1 കൊരി. 9:23.