പുരോഗമനപരമായ ബൈബിളധ്യയനങ്ങൾ നടത്തൽ
1 ടാൻസാനിയയിലെ ഒരു നഴ്സിനും അർജൻറീനയിലെ ഒരു പെൺകുട്ടിക്കും ലട്വിയയിലെ ഒരു മാതാവിനും പൊതുവായുള്ളത് എന്താണ്? പരിജ്ഞാനം പുസ്തകത്തിൽനിന്ന് ഓരോ വാരത്തിലും ഒന്നിലധികം തവണ പഠിക്കാൻ മനസ്സൊരുക്കം കാട്ടിയതു നിമിത്തം മൂവരും തങ്ങളുടെ ഭവന ബൈബിളധ്യയനങ്ങളിൽ സത്വര പുരോഗതി കൈവരിച്ചുവെന്ന് 1997 വാർഷിക പുസ്തകം (പേജുകൾ 8, 46, 56) റിപ്പോർട്ടു ചെയ്യുന്നു. സാധ്യമാകുമ്പോഴെല്ലാം ഓരോ അധ്യയനത്തിനും പുസ്തകത്തിന്റെ ഒരു അധ്യായം വീതം ചർച്ചചെയ്യാൻ ശ്രമിക്കുന്നതിനു പ്രസാധകരോടു ശുപാർശ ചെയ്തിരിക്കുന്നു. എന്നാൽ അപ്രകാരം ചെയ്യുന്നത് ഒരു വെല്ലുവിളിയാണെന്നു ചിലർ കണ്ടെത്തുന്നു. ഓരോ വിദ്യാർഥിയുടെയും സാഹചര്യങ്ങളിലും പ്രാപ്തിയിലുമാണ് അധികവും ആശ്രയിച്ചിരിക്കുന്നതെങ്കിലും, പിൻവരുന്ന നിർദേശങ്ങൾ പ്രാവർത്തികമാക്കിക്കൊണ്ട് പരിചയസമ്പന്നരായ അധ്യാപകർ വിജയം കണ്ടെത്തിയിരിക്കുന്നു.
2 1996 ജൂണിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിൽ ചർച്ചചെയ്തിരുന്നതുപോലെ അധ്യയനത്തിനായി തയ്യാറാകാൻ നിങ്ങളുടെ വിദ്യാർഥികളെ പരിശീലിപ്പിക്കേണ്ടത് അനിവാര്യമാണ്. ഇത് എങ്ങനെ ചെയ്യാമെന്നു തുടക്കത്തിൽതന്നെ വിശദീകരിക്കുകയും പ്രകടിപ്പിച്ചു കാട്ടുകയും ചെയ്യുന്നതു നല്ലതായിരിക്കും. നിങ്ങളുടെ വ്യക്തിപരമായ പഠനത്തിനുള്ള പരിജ്ഞാനം പുസ്തകത്തിന്റെ പ്രതി അവരെ കാണിക്കുക. ആദ്യത്തെ പാഠം ഒരുമിച്ചു തയ്യാറാകുക. അച്ചടിച്ചിരിക്കുന്ന ചോദ്യത്തിനു നേരിട്ട് ഉത്തരം നൽകുന്ന പ്രധാന പദങ്ങളും പ്രയോഗങ്ങളും കണ്ടുപിടിച്ച് അടിവരയിടുകയോ നിറംകൊടുത്ത് എടുത്തുകാട്ടുകയോ ചെയ്യാൻ വിദ്യാർഥിയെ സഹായിക്കുക. അങ്ങനെ നിറംകൊടുക്കാൻ ചില പ്രസാധകർ തങ്ങളുടെ വിദ്യാർഥികൾക്കു വർണപ്പേന (marker) പോലും കൊടുത്തിട്ടുണ്ട്. അധ്യയനത്തിനായി തയ്യാറാകുമ്പോൾ എല്ലാ തിരുവെഴുത്തുകളും എടുത്തുനോക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക. ഇങ്ങനെ ചെയ്യവെ, സഭാ പുസ്തകാധ്യയനത്തിനും വീക്ഷാഗോപുര അധ്യയനത്തിനും വേണ്ടി തയ്യാറാകാനും നിങ്ങൾ അവരെ പരിശീലിപ്പിക്കുകയായിരിക്കും.—ലൂക്കൊ. 6:40.
3 ഒരു നല്ല അധ്യാപകൻ സ്വയം വളരെ കൂടുതൽ സംസാരിക്കാതെ വിദ്യാർഥിയെ തുറന്നു സംസാരിക്കാൻ പ്രേരിപ്പിക്കുന്നു. പ്രാധാന്യം കുറഞ്ഞ ആശയങ്ങളാൽ വ്യതിചലിപ്പിക്കപ്പെടുന്നത് അദ്ദേഹം ഒഴിവാക്കുന്നു. കൂടുതലായ വിഷയങ്ങൾ അപൂർവമായേ അദ്ദേഹം അവതരിപ്പിക്കുകയുള്ളൂ. പകരം, പാഠത്തിലെ പ്രധാന ആശയങ്ങൾക്ക് അദ്ദേഹം ഊന്നൽ നൽകുന്നു. ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്താൻ വിദ്യാർഥികളെ സഹായിക്കുന്നതിനു ചിലർ വിദ്യാർഥികൾക്കു മറ്റു സാഹിത്യങ്ങൾ കൊടുത്തിട്ടുണ്ട്. അതിനുപുറമേ, സഭായോഗങ്ങളിൽ സംബന്ധിക്കുന്നതിലൂടെ താത്പര്യക്കാർക്കു കൂടുതലായ വിശദ വിവരങ്ങൾ ലഭിക്കും.
4 പാഠത്തിൽ പരാമർശിച്ചിരിക്കുന്ന എല്ലാ തിരുവെഴുത്തുകളും എടുത്തുനോക്കേണ്ട ആവശ്യമില്ലായിരിക്കാം. ഖണ്ഡികയിൽ ഉദ്ധരിച്ചിരിക്കുന്ന വാക്യങ്ങളിൽനിന്നുള്ള ചില പ്രധാന ആശയങ്ങൾ വിശദീകരിക്കാവുന്നതാണ്. പുനരവലോകന സമയത്ത്, ചർച്ചചെയ്ത മുഖ്യ തിരുവെഴുത്തുകൾക്ക് ഊന്നൽ നൽകുകയും അവ ഓർമയിൽ വെക്കാൻ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
5 ഓരോ അധ്യയനവും എത്രനേരം ദീർഘിക്കണം?: അധ്യയനം ഒരുമണിക്കൂറായി പരിമിതപ്പെടുത്തേണ്ടതില്ല. ചില വീട്ടുകാർക്കു സമയമുണ്ടായിരിക്കുകയും കൂടുതൽ നേരം പഠിക്കാൻ ആഗ്രഹിക്കുകയും ചെയ്തേക്കാം. അല്ലെങ്കിൽ, ആഴ്ചയിൽ ഒന്നിലധികം പ്രാവശ്യം പഠിക്കാൻ വിദ്യാർഥി ആഗ്രഹിച്ചേക്കാം. അപ്രകാരം ചെയ്യാൻ കഴിയുന്നവർക്ക് അതു പ്രയോജനകരമായിരിക്കും.
6 യെശയ്യാവു 60:8 വർണിക്കുന്നതുപോലെ, ഇന്ന് യഹോവയുടെ ശതസഹസ്രക്കണക്കിനു നവ സ്തുതിപാഠകർ അവന്റെ ജനത്തിന്റെ സഭകളിലേക്കു “മേഘംപോലെയും തങ്ങളുടെ കിളിവാതിലുകളിലേക്കു [പോകുന്ന] പ്രാവുകളെപ്പോലെയും പറന്നുവരുന്നു.” ചെമ്മരിയാടു തുല്യരായവരുടെ കൂട്ടിച്ചേർപ്പ് യഹോവ ശീഘ്രഗതിയിലാക്കവെ അവനോട് അടുത്തുചേർന്നു പ്രവർത്തിക്കുന്നതിൽ നമുക്കു നമ്മുടെ ഭാഗം നിർവഹിക്കാം.—യെശ. 60:22.